‘ഇൻറൻസീവ് കെയർ യൂണിറ്റിൽ, അത്യാഹിത വാർഡിൽ കിടക്കുകയാണ് രാഷ്ട്രം. രാത്രി ഉറക്കമൊഴിച്ച് ഞാനതിന് കാവലിരിക്കുകയും…’ എന്ന് ദേശീയ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കാത്തിരിക്കുന്ന രാത്രിയിൽ ഒരു യുവ കവി എഴുതിയത് ഓർമിക്കുന്നു. ഈ വികാരം പങ്കിടാത്ത ഒരാളാണ് ഞാൻ. ഈ തെരഞ്ഞെടുപ്പ് നിർണായകമെന്നത് ശരി. എന്നാൽ ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ മുന്നണി തോറ്റാൽ ‘ഹാവു, ഇന്ത്യ രക്ഷപ്പെട്ടെ’ന്നും ജയിച്ചാൽ അതോടെ ഇന്ത്യയുടെ കഥ കഴിഞ്ഞെന്നും വിചാരിക്കാൻ മാത്രം ദുർബ്ബലമല്ല, ദുർബ്ബലമാവരുത് ജനാധിപത്യവിശ്വാസികളുടെ ഇന്ത്യാബോധം.

സഹസ്രാബ്ദങ്ങൾ അതിജീവിച്ച ഒരു ജനതയും സമൂഹവും സംസ്കാരവുമാണ് നമ്മുടേത്. മുഗളർക്കും വെള്ളക്കാർക്കും ഇന്ത്യയെ സമ്പൂർണമായി കീഴ്‌പ്പെടുത്താനായില്ല. അടിയന്തിരാവസ്ഥക്കും കീഴ്‌പ്പെടുത്താനായില്ലല്ലോ. ഈ ഘട്ടങ്ങളിലെല്ലാം അതിജീവിച്ച ജനതയുടെ ആന്തരിക ശക്തിയിൽ തന്നെയാണ് ജനാധിപത്യ വിശ്വാസികൾ വിശ്വാസമർപ്പിക്കേണ്ടത്. എൻ ഡി എ തിരിച്ചു വരുന്നു എന്നത്, ബി ജെ പി സ്വന്തം നിലയിൽ തന്നെ ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയിരിക്കുന്നു എന്നത്, കോൺഗ്രസ്മുക്ത ഭാരതം അക്ഷരാർഥത്തിൽ ഇനിയും സാധ്യമായിട്ടില്ലെങ്കിലും പ്രതിപക്ഷം അത്യന്തം ദുർബലമായിരിക്കന്നു എന്നതൊന്നും ഇന്ത്യയുടെ ആന്തരിക ശക്തിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തേണ്ടതില്ല.

പാർലമെന്റിന് അകത്തും പുറത്തുമുള്ള ഇന്ത്യൻ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം വർധിച്ചിരിക്കുന്നു എന്നു മാത്രമാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ നല്കുന്ന ജാഗ്രതാ നിർദ്ദേശം. ഫാസിസത്തിന്നെതിരെ അടിത്തട്ടിൽ നിന്നുമുള്ള ജനകീയേച്ഛ രൂപപ്പെടുത്താനും അതിന്റെ ബലത്തിൽ ഭരണകൂടത്തോട് നേർക്കുനേർ നിന്ന് സംസാരിക്കാനും ഇന്ത്യൻ പ്രതിപക്ഷം കൂടുതൽ കൂടുതൽ സൂക്ഷമവും സമഗ്രവുo സ്ഥലവുമാവേണ്ടതുണ്ട്.

പതിമൂന്ന് ദിവസത്തിൽ നിന്ന് പതിമൂന്ന് മാസത്തേക്ക്, പതിമൂന്ന് മാസത്തിൽ നിന്ന് പതിമൂന്ന് വർഷത്തേക്ക് ഇന്ത്യ ഭരിക്കാനുള്ള സമ്മതപത്രമാണ് ഇത്തവണ സംഘപരിവാർ ആവശ്യപ്പെട്ടത്. പാർലമെന്റിൽ ലഭിക്കുന്ന രണ്ടാമത്തെ മുഴു ഊഴം ആർഎസ്എസിന്റെ ബലിക്കല്ലിൽ ഇന്ത്യയെ മലർത്തിക്കിടത്തുമോ? കാവി രാഷ്ട്രീയം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റേയും ബഹുസ്വര ഇന്ത്യയുടെയും മരണമണി മുഴക്കാൻ ഈ ഊഴം ഉപയോഗപ്പെടുത്തുമോ?

പഴയ ജവഹർ കുപ്പായത്തിന്റെ ഓർമ ഉണർത്തിയ വാജ്പേയിൽ നിന്ന് വലതുപക്ഷ ദുർദേവതയുടെ ഭീതി ഉണർത്തുന്ന പ്രഗ്യാ സിങ് ഠാക്കൂറിലേക്കുള്ള ഒരു റോഡ് മാപ്പ് കാവി രാഷ്ട്രീയത്തിനുണ്ടെന്ന ഭീതി ഇന്ത്യക്കുണ്ട്. എന്നാൽ നാളെത്തന്നെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനോ ‘പതിനായിരക്കണക്കിന് മുസ്ലീങ്ങളെ പൗരത്വത്തിന്റെ പേരിൽ പുറത്താക്കാനോ തങ്ങളുടെ സദാചാര നീതിശാസ്ത്രങ്ങൾ മൊത്തം ജനതയുടെ മേൽ അടിച്ചേല്ലിക്കാനോ ലഭിച്ച ബ്ലാങ്ക് ചെക്കായി ഈ ജനവിധിയെ അവരെടുക്കുമെന്ന് ഭയപ്പെടേണ്ടതില്ല. ഫാസിസം അതിന്റെ മുഖംമൂടി അഴിച്ചു വെച്ച് സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും ബുദ്ധിജീവി ലിബറലുകൾക്കുമെതിരെ അശ്വമേധയാഗമാരംഭിക്കുമെന്ന ഭീതിക്കും അടിസ്ഥാനമൊന്നുമില്ല. ഇങ്ങനെ സംഭവിക്കാവുന്നതിനെ ചെറുക്കലല്ലാതെ മറ്റെന്താണ് പാർലമെന്റിന് അകത്തും പുറത്തുമുള്ള പ്രതിപക്ഷത്തിന്റെ ചരിത്രദൗത്യം ?civic chandran ,election 2019

അംഗീകൃത പ്രതിപക്ഷ നേതാവ് പോലുമില്ലാത്ത വിധം ദുർബ്ബലമാണ് പാർലമെന്ററി പ്രതിപക്ഷമെന്നത് ശരി തന്നെ. എത്ര ദുർബ്ബലമെങ്കിലും അവർ ഒരുമിച്ചു നിൽക്കുമെന്നും കീഴടങ്ങുകയില്ല എന്നും തന്നെ വിശ്വസിക്കുക. എന്നാൽ യഥാർഥ പ്രതിപക്ഷം പാർലമെൻറിനു പുറത്താണ്. കർഷകരുടേയും ദലിതരുടേയും ആദിവാസികളുടെയും വിദ്യാർഥി-യുവജനങ്ങളുടെയും ബുദ്ധിജീവികളുടെയും ഗ്രാമീണരുടെയും സ്ത്രീകളുടെയും മുസ്ലീങ്ങളുടെയും വലിയ വലിയ പ്രതിപക്ഷ നിരകൾ കഴിഞ്ഞ അഞ്ച് വർഷത്തേക്കാൾ സജീവമായി തുടർന്നും പ്രവർത്തന നിരതരാവുക തന്നെ ചെയ്യും. ദുരധികാരത്തെ ചെറുക്കുക പ്രാഥമികമായും ദുരധികാരത്തിന്റെ ഇരകൾ തന്നെയാണ്.

2014 ലെ ജനവിധി നാഗരിക ഇന്ത്യയുടെതായിരുന്നെന്നും 2019ൽ ഗ്രാമീണ ഇന്ത്യ ആ വിധി തിരുത്തുമെന്നും ജനാധിപത്യവാദികൾ വിശ്വാസിച്ചിരുന്നു. എന്നാൽ അടിയന്തിരാവസ്ഥക്കാലത്തെന്ന പോലെ ഏകോപിതമായൊരു പ്രതിപക്ഷമോ പ്രതിപക്ഷത്തിന്റെ ഉശിരൻ കാമ്പയിനുകളോ ഈ തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായതേയില്ല. കാവി രാഷട്രീയത്തെ പൊതു ശത്രുവായി ടാർഗറ്റ് ചെയ്യാനും സംയുക്ത പ്രതിപക്ഷ ഐക്യനിര ഉയർത്തി ജനതക്ക് ആത്മവിശ്വാസം നല്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞതേയില്ല.

ജയപ്രകാശ് നാരായണൻ നേതൃത്വം നല്കിയിരുന്ന സമ്പൂർണ വിപ്ലവ പ്രസ്ഥാനം പോലൊരു ജനകീയ പ്രതിപക്ഷോർജം ആവർത്തിക്കപ്പെട്ടില്ല. മറിച്ച് എണ്ണയിട്ട യന്ത്രം പോലെ രാഷ്ടീയ സ്വയംസേവക് കാഡർമാരും വളണ്ടിയർമാരും വിധി തങ്ങൾക്കനുകൂലമാക്കിയെടുക്കാൻ അനവരതം അടിത്തട്ടുകളിൽ പ്രവർത്തനനിരതരാവുകയും ചെയ്തു. ഫലം, അടിയന്തിരാവസ്ഥയെ എന്ന പോലെ കാവി വർഗീയതയെ അറബിക്കടലിലേക്ക് തള്ളി മറിച്ചിടാൻ നമുക്ക് കഴിയാതെ പോയി.

ഈ തെരഞ്ഞെടുപ്പ് ഫലം മറിച്ചായിരുന്നെങ്കിലൊ? എൻ ഡി എക്ക് കേവല ഭൂരിപക്ഷത്തിന് താഴെയെ സീറ്റുകൾ കിട്ടിയിരുന്നുള്ളു എങ്കിലോ? കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു ജനാധിപത്യ – മതേതര മന്ത്രിസഭ അധികാരത്തിലെത്തിയിരുന്നെങ്കിലോ? മോദി സർക്കാർ അഞ്ചു വർഷം കൊണ്ട് ജനാധിപത്യ ഇന്ത്യയുടെ ആത്മാവിലേൽപ്പിച്ച മുറിവുകൾ ശുശ്രൂഷിച്ചുണക്കാൻ ആ മന്ത്രിസഭക്ക് കഴിയുമായിരുന്നോ?

അടിയന്തിരാവസ്ഥക്കാലം കൊണ്ട് കനത്ത മുറിവുകൾ ഇന്ത്യയുടെ ആത്മാവിലേൽപ്പിക്കാൻ ഇന്ദിരാഗാന്ധിക്ക് കഴിഞ്ഞിരുന്നില്ല. അക്കാലത്ത് കോൺഗ്രസിനകത്ത് തന്നെയുണ്ടായിരുന്നല്ലോ പ്രതിപക്ഷം. എന്നിട്ടും തെരഞ്ഞെടുപ്പാനന്തരമുണ്ടായ മൊറാർജി ദേശായി പ്രധാനമന്ത്രിയായുള്ള ജനതാ പരീക്ഷണത്തിന് ഏറെ ആയുസുണ്ടായില്ലല്ലോ.

ജയപ്രകാശടക്കമുള്ള ദേശീയ നേതാക്കൾക്ക് കഴിയാതിരുന്നത് താരതമ്യേന വാമനന്മാരായ ഇപ്പോഴത്തെ നേതാക്കൾക്ക് കഴിയണമെന്നില്ലല്ലോ. രാഹുൽ ഗാന്ധിക്കോ മായാവതിക്കോ മമതാ ബാനർജിക്കോ സീതാറാം യെച്ചൂരിക്കോ ദേശീയ നേതാക്കളായുയരാൻ കഴിയുമെന്നു വിശ്വസിക്കാൻ യാതൊരു കാരണവുമില്ല.civic chandran ,election 2019

പ്രതീക്ഷിച്ചതിനേക്കാൾ ഏറെ വലിയ തെരഞ്ഞെടുപ്പ് വിജയം എങ്ങനെയാണ് ഹിന്ദു സംഘപരിവാർ ഉപയോഗിക്കാൻ പോകുന്നത്? ഒരു ജനാധിപത്യ കക്ഷിയും മുന്നണിയും ആയിരുന്നു കൊണ്ടു തന്നെ, ഹിന്ദു രാഷ്ട്രത്തിനു വേണ്ടിയുള്ള തങ്ങളുടെ അജണ്ട ഒളിച്ചു കടത്താനാണവർ ശ്രമിക്കുന്നുണ്ടാവുക. ഈ യമണ്ടൻ തെരഞ്ഞെടുപ്പ് വിജയത്തിലവർ മതിമറന്ന് നില തെറ്റി അഴിഞ്ഞാടാൻ തുടങ്ങുമെന്ന് വിശ്വസിക്കാൻ കാരണമൊന്നുമില്ല.

ഫാസിസ്റ്റ് വിരുദ്ധർ ചരിത്രത്തിൽ നിന്നൊന്നും പഠിക്കുന്നില്ലെങ്കിലും ഫാസിസ്റ്റുകൾ സ്വയം അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ഒരു തെരഞ്ഞെടുപ്പ് വിജയത്തിലൂടെ തങ്ങൾ ഇന്ത്യയുടെ ആത്മാവിനെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞു എന്ന് വിശ്വസിക്കുന്നുവെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിൽ തന്നെ. നൂറ്റിപ്പത്ത് കൊല്ലം മുമ്പ് ‘ഹിന്ദ് സ്വരാജി’ലൂടെ ഗാന്ധിജി തുടങ്ങി വെച്ച ഹിന്ദുത്വത്തിനെതിരായ ചെറുത്തു നിൽപ്പിന്റെ പാരമ്പര്യം കൂടെ ഇന്ത്യക്കുണ്ട്. ഗാന്ധിജി തന്റെ മുഴു രാഷ്ട്രീയ ജീവിതം കൊണ്ടും പിന്നീട് മരണം കൊണ്ടും ചെറുത്ത ഹിന്ദുത്വത്തിനെതിരായ ഹിന്ദുയിസത്തിന്റെ സത്ത ഏറ്റവും ഒടുവിൽ പ്രകാശിപ്പിച്ചത് യു ആർ അനന്തമൂർത്തിയാണ്. അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട അവസാന പുസ്തകത്തിന്റെ പേര് തന്നെ ‘ഹിന്ദുത്വ v/s ഹിന്ദ് സ്വരാജ്’ എന്നാണല്ലോ.

ഗാന്ധിജി മുതൽ അനന്തമൂർത്തി വരെ ഇറങ്ങിക്കളിച്ച ഈ എതിർ ഇന്ത്യൻ കളത്തിലിറങ്ങിക്കളിക്കുന്നവർ രാമനും കൃഷ്ണനും നബിയും ക്രിസ്തുവും ജീവിച്ചിരുന്നില്ല എന്ന് വൃഥാ തർക്കിച്ച് ജയിക്കാൻ ജീവിതം തുലച്ചു കളയുകയല്ല ചെയ്യുക: വണ്ടേ നീ തുലയുന്നു, വിളക്കും നീ കെടുത്തുന്നു. വലതുപക്ഷ ഹിന്ദുത്വത്തെ നേരിടാൻ ഒരിടതുപക്ഷ ഹിന്ദുയിസം രൂപപ്പെടുത്താൻ ശ്രമിക്കുകയാവും പുതിയ പ്രതിപക്ഷം ചെയ്യുക. ഭോപ്പാലിൽ പ്രഗ്യാ സിങ് ഠാക്കൂറും ദിഗ് വിജയ് സിങ്ങും തമ്മിൽ, തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും ശശി തരൂരും തമ്മിലും നടന്നത് തീവ്രഹിന്ദുത്വവും മൃദു ഹിന്ദുത്വവും തമ്മിലുള്ള മത്സരമായി എഴുതിത്തള്ളുന്നവർക്ക് ഹാ, കഷ്ടം… അമ്പും വില്ലുമേന്തിയ രാമനെ മര്യാദാ പുരുഷോത്തമനായ രാമനെക്കൊണ്ട് നേരിടുന്ന പുതിയ രാഷ്ട്രീയം രാഷ്ടീയമെന്നതു പോലെ സാംസ്കാരികവുമാണ്.

വലതുപക്ഷ സാംസ്കാരിക രാഷ്ടീയത്തെ നേരിടാൻ പഴയ കേവല രാഷ്ട്രീയം മതിയാവുകയില്ല. ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും ദേശീയതയുടെയും വികസനത്തിന്റേയും പഴുതുകളിലും പരിമിതികളിലും കൂടിത്തന്നെയാണ് വലതുപക്ഷ രാഷ്ട്രീയം ഇരച്ചു കയറി വന്നത്. ‘വർഗീയത വീഴും ,വികസനം വാഴും’ എന്ന് മുദ്രാവാക്യം വിളിച്ച് ഫാസിസത്തെ നേരിടുന്നവർ വർഗീയതയുടെയും വികസനത്തിന്റേയും മാറുന്ന അർഥങ്ങൾ തിരിച്ചറിയാത്തവരാണ്. വർഗീയ കലാപങ്ങൾ നടന്നിട്ടുള്ളതെല്ലാം മിക്കവാറും പഴയ കുടിൽ -കുടുoബ-പരമ്പരാഗത കൈത്തൊഴിൽ പ്രദേശങ്ങളിലാണെന്നവർ സൗകര്യപൂർവം മറന്നു കളയുന്നു. വർഗീയതയെ വീഴ്ത്താൻ വികസനത്തെ പൊതു മതമാക്കുകയല്ല, മറിച്ച് മതേതരത്വത്തെ തുറന്നതും സമഗ്രവും സമ്പൂർണവുo ഇന്ത്യനുമാക്കുകയാണ് വേണ്ടത് ഇരുപത്തൊന്നും നൂറ്റാണ്ടിലെ വെല്ലുവിളികളെ പഴയ സോവിയറ്റ് യൂണിയൻ കാലത്തെ മുദ്രാവാക്യങ്ങൾ കൊണ്ട് നേരിടാമെന്ന് കരുതുന്നത് എത്ര പരിതാപകരം….

ഫല പ്രഖ്യാപനത്തിന്റെ തലേ രാത്രി മോദിക്ക് ഗുഡ്ബൈ പറഞ്ഞു കൊണ്ട് ഞാനൊരു കുറിപ്പിട്ടിരുന്നു സോഷ്യൽ മീഡിയയിൽ. എൻ ഡി എ കേവല ഭൂരിപക്ഷത്തിനടുത്തെത്തുന്നില്ലെങ്കിൽ കൂടെ കൂട്ടേണ്ടി വരുന്ന കക്ഷികൾ ആദ്യമാവശ്യപ്പെടുക മോദിയല്ലാതെ മറ്റൊരു പ്രധാനമന്ത്രി എന്നതായിരിക്കും. അതിന്നർഥം മോദിയുടെ നില അനിശ്ചിതത്വത്തിലാണെന്നാണ്. പ്രധാനമന്ത്രി എന്ന നിലയിൽ നാമിനി കാണാൻ പോകുന്നില്ല,വിട – ഇതായിരുന്നു ആ കുറിപ്പ്.

കേവല ഭൂരിപക്ഷത്തിനപ്പുറത്തേക്ക് ബി ജെ പി സ്വന്തം നിലയിൽ തന്നെ എത്തിയ നിലക്ക്, വാജ്പേയ്ക്കാലത്തു തന്നെ അര പതിറ്റാണ്ട് കൂടെ ജീവിക്കാൻ ഇന്ത്യ തീരുമാനിച്ച നിലക്ക് ആ വിട പറച്ചിലിന് വേറൊരു അർഥം കൂടെയുണ്ട്. എന്തിന് രണ്ടാമതൊരൂഴം മോദിക്ക് നൽകണം ? കുറച്ചൂടി മികച്ചവർ, സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ കൂടുതൽ സമർഥരായവർ ഉണ്ടല്ലോ. പുതിയ ഊഴത്തിൽ പുതിയൊരാൾ നേതൃത്വത്തിൽ എന്നൊരാലോചന ബിജെപിയും എൻ ഡി എ യും നടത്തിക്കൂടെന്നില്ല. ആർഎസ്എസിന്റെ റോഡ് മാപ്പിൽ ആരെല്ലാം, എന്തെല്ലാം എന്നാർക്കറിയാം?

‘ചൗക്കീദാർ ചോർ ഹേ’ എന്ന പ്രതിപക്ഷ കാമ്പയിനെ, ‘ചൗക്കീദാർ ജോർ ഹേ’ എന്നാർത്തു വിളിച്ച് ഒരു ജനത നിർവീര്യമാക്കിയതാണ് ഈ തെരഞ്ഞെടുപ്പിലെ അത്ഭുതം. ആ അത്ഭുതത്തെ മുന്നോട്ട് കൊണ്ടുപോകാൻ ഏതെല്ലാം മുയൽക്കുഞ്ഞുങ്ങൾ ഈ മാന്ത്രികന്റെ തൊപ്പിയിലുണ്ടെന്ന് ആർക്കറിയാം?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook