/indian-express-malayalam/media/media_files/uploads/2019/04/faizal-ri-1.jpg)
പതിനേഴാം ലോക്സഭയുടെ രൂപീകരണത്തിനായി നടക്കുന്ന തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമാകുന്നത് രാജ്യം ഒരു രാഷ്ട്രീയ ദുരന്തത്തിന്റെ വക്കിൽ നിൽക്കുന്നതു കൊണ്ടാണ്. നാളിതു വരെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകൾക്കും ഇന്നത്തെ ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ കാതലായ പങ്കുണ്ട് എന്നത് വാസ്തവം തന്നെ.
1989ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം ഉണ്ടായ വി പി സിങ് സർക്കാർ കേന്ദ്രാധികാരത്തിൽ വെറും മാസങ്ങളാണ് ഉണ്ടായിരുന്നതെങ്കിലും ഇന്ത്യയുടെ ചരിത്രത്തിൽ അത് ഭൂതകാലത്തിന്റെ ഈടുവയ്പുകളെ സുസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതോടൊപ്പം സാമൂഹ്യനീതിയുടെ ഭാവി എഴുതിച്ചേർക്കുകയും ചെയ്തു. ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യനീതി, മതനിരപേക്ഷത, പൈതൃകസംരക്ഷണം, പിന്നോക്ക-ന്യൂനപക്ഷ അവകാശസംരക്ഷണം എന്നീ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചതു കൊണ്ടാണ് ആ സർക്കാരിന് വിടവാങ്ങേണ്ടി വന്നത് എന്നത് മറക്കരുതാത്തതാണ്.
തിരഞ്ഞെടുപ്പുകൾ ചരിത്രഘട്ടങ്ങളാണ്. സമ്മതിദാനയന്ത്രത്തിലെ ഒറ്റ വിരൽസ്പർശം മതി അഞ്ചു വർഷത്തേക്ക് പ്രത്യക്ഷമായും ഭാവിയിലേക്ക് പരോക്ഷമായും ഓരോ സമ്മാതിദായകന്റെയും രാഷ്ട്രീയസമ്മതം എടുത്തു പ്രയോഗിക്കാൻ. എന്നാൽ 2019ലെ തിരഞ്ഞെടുപ്പ് പ്രസക്തമാകുന്നത് പ്രധാനമായും ചില ആകുലതകൾ മൂലമാണ്. ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങൾ തിരിച്ചു വരുമോ എന്നതാണ് അതിലെ പ്രഥമ ചോദ്യം. മതനിരപേക്ഷ ജനാധിപത്യത്തിന് ഒരു തിരിച്ചു വരവ് ഉണ്ടാകുന്നില്ലെങ്കിൽ പിന്നെന്ത് എന്നതാണ് രണ്ടാമത്തെ ചോദ്യം. ഭൂരിപക്ഷാധിപത്യത്തെ ജനാധിപത്യമായി തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയശക്തികളും അങ്ങനെ തെറ്റിദ്ധരിക്കുന്ന രാഷ്ട്രീയസാക്ഷരതയില്ലാത്ത ആൾക്കൂട്ടവും നിലനിൽക്കെ ഈ ഭയത്തിന്റെ ആഴവും പരപ്പും നിസ്സാരമല്ല.
കഴിഞ്ഞ അഞ്ചു വർഷം പ്രവാസികളായ ഇന്ത്യക്കാർക്ക് ഇന്ത്യൻ ഭരണകൂടത്തോടുള്ള സമീപനം എന്തായിരുന്നു എന്ന് പരിശോധിക്കുമ്പോൾ ചില മൂർത്തമായ സംശയങ്ങൾ സ്വാഭാവികമായും ഉയർന്നു വരും. അതിൽ പ്രധാനപ്പെട്ടത് ഒരു ട്രോൾ സ്വഭാവമുള്ളതാണ്. പ്രവാസികളുടെ വരുമാനം കൂട്ടിക്കൊണ്ടിരിക്കാൻ നരേന്ദ്ര മോദി അധികാരത്തിൽ തുടരണം എന്നതായിരുന്നു ആ ട്രോൾ.
അനുദിനം ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു കൊണ്ടിരിക്കെ പ്രവാസികളുടെ ഓരോ വിദേശ കറൻസിക്കും വർധിതമായ വിനിമയമൂല്യമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ തൊഴിലാളികളുടെ ശമ്പളത്തിൽ വാർഷിക വർധനവ് വരുത്തുന്നില്ലെങ്കിൽ പോലും കിട്ടിക്കൊണ്ടിരിക്കുന്ന വിദേശ കറൻസിക്ക് ഓരോ മാസവും കൂടുതൽ രൂപയാണ് മോദി സർക്കാർ നൽകുന്നതെന്ന സർക്കാസമായിരുന്നു സാമൂഹ്യ മാധ്യമങ്ങൾ നിറയെ. ഇന്ത്യൻ സാമ്പത്തിക രംഗത്തെ അപകടകരമായ പ്രവണതയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ അറിയുന്നവരും അറിയാത്തവരും ഒരു പോലെ ഈ മൂല്യത്തകർച്ചയെ ആഘോഷിച്ചു കൊണ്ടിരുന്നു. അതേ സമയം, നാട്ടിൽ അവധിക്കു പോയി വരുന്ന ഇന്ത്യക്കാർ ഓരോ അവധിക്കാലത്തും അനുഭവിക്കുന്ന വിലക്കയറ്റത്തിന്റെയും രൂപയുടെ മൂല്യത്തകർച്ചയുടെയും ഭയാനകരമായ വിവരണങ്ങളാണ് നടത്തുന്നത്. നാടിനേയും നാട്ടിലെ സാമ്പത്തിക രംഗത്തുണ്ടാകുന്ന അനഭിലഷണീയ മാറ്റങ്ങളെയും ശപിച്ചു കൊണ്ടാണ് ഓരോ ഇന്ത്യക്കാരനും തിരിച്ചെത്തുന്നത്.
കഴിഞ്ഞ അഞ്ചു വർഷത്തിൽ വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കായി മോദി സർക്കാർ എന്താണ് ചെയ്തതെന്ന നേർചോദ്യത്തിന് ഒന്നും ചെയ്തില്ല എന്ന ഉത്തരത്തിൽ കവിഞ്ഞ് ഒരു വിശദീകരണവും ആവശ്യമില്ല.
സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ സഞ്ചരിച്ച് നരേന്ദ്ര മോദി വലിയ രാഷ്ട്രതന്ത്രജ്ഞൻ എന്ന പ്രതീതിയാണ് ഈ രാജ്യങ്ങളിലെ ഭരണാധികാരികളിൽ ഉണ്ടാക്കിയെടുത്തത്. അങ്ങനെയുള്ള വ്യാജനിർമ്മിതികൾ നടത്താനും അത് പ്രചരിപ്പിക്കാനും അതു മൂലമുണ്ടാകുന്ന അംഗീകാരങ്ങൾ സംഘടിപ്പിച്ചെടുക്കാനും മോദിയുടെ പൊതുസമ്പർക്ക സംഘത്തിന് സാധിച്ചിട്ടുണ്ട്. ഭരണകൂടങ്ങളും അതിനെ നയിക്കുന്നവരും അവരവരുടെ നിലനിൽപ്പിനായി ലോകത്തെല്ലായിടത്തും അതിരുകൾ കടന്ന് പരസ്പരം സഹായിച്ചിട്ടുണ്ട്. രാഷ്ട്രാന്തരീയ അംഗീകാരങ്ങൾ പലപ്പോഴും അനർഹരായവരെ തേടി എത്തുന്നതും അങ്ങനെയാണ്.
പാശ്ചാത്യരാജ്യങ്ങളിൽ വിശ്വഹിന്ദു പരിഷത്ത് പോലെ അതിഹൈന്ദവമായ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതിഭൗതികതയിൽ അഭിരമിച്ച് സ്വാസ്ഥ്യം നഷ്ടപ്പെട്ടതായി തോന്നുന്ന പാശ്ചാത്യർക്ക് പൗരസ്ത്യ ആത്മീയതയുടെ വ്യാജങ്ങളെ പകർന്നു കൊടുത്തു കൊണ്ടു കൂടിയാണ് ഇത്തരം സംഘങ്ങൾ നിലനിൽക്കുന്നത്. വിഭവസമാഹരണത്തിനായി ഇന്ത്യയിലെ സംഘപരിവാർ ആശ്രയിക്കുന്നതും ഇത്തരം സംഘങ്ങളെയാണ്. പാശ്ചാത്യ ലോകത്ത് ഈ വഴിയിൽ വലിയ ഹിന്ദുത്വ പ്രചാരണവും നടക്കുന്നുണ്ട്.
ഗൾഫ് മേഖലയിലെ ചിത്രം വ്യത്യസ്തമാണ്. ഹിന്ദുത്വസംഘങ്ങൾ ജിസിസി രാജ്യങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നുണ്ടെങ്കിലും മറ്റ് പ്രവാസി സംഘടനകളെ പോലെ അത്ര മാത്രം പൊതുസമ്മതി നേടിയിട്ടില്ല. എന്നാൽ കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടയിൽ അവരുടെ പ്രവർത്തനം ഈ രാജ്യങ്ങളിൽ ആഴത്തിൽ വേരോടിയിട്ടുണ്ട് എന്നു കാണാം.
നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ ഈ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്രസ്ഥാപനങ്ങൾ ഹിന്ദുത്വപ്രവർത്തകർക്ക് അനുകൂല ഇടങ്ങളായി മാറിയതു കൊണ്ടാണ് ഇത് സംഭവിച്ചത്. അതോടെ അരാഷ്ട്രീയ നിലപാടുള്ളവരേയും മധ്യവർഗപ്രവാസികളേയും ചില സംരംഭകരേയും സംഘ പരിവാർ പക്ഷത്തേക്ക് മാറ്റിയെടുക്കാൻ സാധിച്ചിട്ടുണ്ട്.
അനുകൂലമായ സാഹചര്യത്തിൽ പ്രവാസലോകത്ത് സംഘപരിവാർ സ്ത്രീകളിലൂടെയും കുട്ടികളിലൂടെയുമാണ് അവരുടെ പ്രവർത്തനം സജീവമാക്കുന്നത്. മതം, വിശ്വാസം, ആചാരം, പൈതൃകം എന്നിവ പറഞ്ഞാൽ ഈ വിഭാഗത്തെ കുറേയൊക്കെ വരുതിയിലാക്കാം. അവർ വരുതിയിലായാൽ പുരുഷന്മാരും പതുക്കെ അതിന്റെ ഭാഗമാകും. ഗീതാ പഠന ക്ലാസുകൾ സംഘടിപ്പിച്ചും കുടുംബ-പ്രാദേശിക കൂട്ടായ്മകൾ രൂപീകരിച്ചും ഇതര സാംസ്കാരിക സംഘടനകളിൽ നുഴഞ്ഞു കയറിയുമാണ് ഇവർ കുടുംബങ്ങളിലേക്കും ബഹുജനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നത്. കാലങ്ങളായി പ്രവർത്തിച്ചു വരുന്ന പരമ്പരാഗത സംഘടനകളിലെ തൊഴുത്തിൽകുത്തുകളുടെ പശ്ചാത്തലത്തിൽ ഇത്തരം സംഘപരിവാർ സംഘങ്ങൾക്ക് വേദികളിലെത്താനുള്ള അന്തരീക്ഷവും ഉണ്ടാകുന്നു. ഗൾഫ് മേഖലയിൽ രൂപപ്പെട്ട ഇത്തരമൊരു രാഷ്ട്രീയ കാലാവസ്ഥയിലാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രവാസികൾക്ക് ഈ കാലയളവിൽ എന്ത് നേട്ടമാണ് കേന്ദ്രസർക്കാരിൽ നിന്നുണ്ടായതെന്ന ലളിതമായ ചോദ്യം ചോദിക്കാതെ ഒരു ചർച്ചയും പൂർണമാകില്ല. ഗൾഫ് സെക്റ്ററിലേക്കുള്ള വിമാന യാത്രാ ടിക്കറ്റിന്റെ വിലയിൽ ഒരു കുറവുമില്ല. അവധിക്കാലമാകുമ്പോൾ ടിക്കറ്റ് വില താങ്ങാനാകാത്ത വിധം കുതിച്ചുയരുന്നു. അക്കാരണം കൊണ്ടു തന്നെ അവധിക്കാലം മരുഭൂമിയിൽ ചിലവഴിക്കുന്ന നിരവധി ഇന്ത്യൻ കുടുംബങ്ങളുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ വച്ച് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള തീരുമാനം ഇന്നും കേന്ദ്രസർക്കാർ കൈക്കൊള്ളുന്നില്ല. ഈ അടുത്ത കാലത്ത് കേരള സർക്കാരാണ് മലയാളിയുടെ കാര്യത്തിൽ വളരെ അനുകൂല തീരുമാനമെടുത്തത്. വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം കേരള സർക്കാർ സ്ഥാപനമായ നോർക്ക സൗജന്യമായി നാട്ടിലെത്തിക്കും.
ഉപരിവർഗ-മധ്യവർഗ-ദല്ലാൾ പ്രവാസികൾക്കൊഴികെ സാധാരണക്കാരായ ഒരാൾക്കും ഗുണകരമല്ലാത്ത ഭാരതീയ പ്രവാസി ദിവസ് വാർഷികാഘോഷം ഇപ്പോൾ രണ്ടു വർഷത്തിൽ ഒരിക്കലാക്കിയിരിക്കുന്നത് അത്രയും ധൂർത്ത് കുറച്ചിട്ടുണ്ടെങ്കിലും എന്തിനാണ് ഈ സമ്മേളനം എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. കുറേ അഴകിയ രാവണന്മാർക്ക് മേയാനും പുരസ്കാരങ്ങൾ സംഘടിപ്പിക്കാനുമുള്ള വേദിയാണ് ഇത്. അതിനിടയിൽ അപൂർവം ചില സാമൂഹ്യപ്രവർത്തകരേയും അംഗീകരിക്കുന്നുണ്ട്. അതാണെങ്കിലോ ഇത്തരം പ്രഹസനങ്ങൾക്ക് സാധുത നൽകാനും പൊതുസ്വീകാര്യത സമാഹരിക്കാനുമാണ്.
ഈ വർഷം ജനുവരി 24 മുതൽ 26 വരെ വാരാണസിയിലാണ് ഭാരതീയ പ്രവാസ് ദിവസ് നടന്നത്. പൂർണമായും ഹിന്ദുത്വ അജണ്ടയുടെ കൂടെ ഭാഗമായിരുന്നു അത്. ഒന്നാമതായി നരേന്ദ്ര മോദിയുടെ ലോക് സഭാ മണ്ഡലം. അവിടെ അദ്ദേഹത്തിന് ഒരു ആഗോള പ്രതിബിംബം ഉണ്ടാക്കണം. മറ്റൊന്ന് യോഗി ആദിത്യനാഥിന് സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിക്കുന്ന ഒരു വ്യക്തിത്വം നിർമ്മിച്ചു കൊടുക്കണം. വാരാണസി എന്ന ഹിന്ദുസംസ്കാര-തീർത്ഥാടന കേന്ദ്രത്തെയും കുംഭമേളയേയും മുൻ നിർത്തി രാഷ്ട്രീയ ലാഭം ഉണ്ടാക്കണം. സമ്മേളനത്തിൽ ഇതെല്ലാം പ്രകടമായിരുന്നു. സാധാരണ പ്രവാസിക്ക് എന്താണ് ഇതിൽ നിന്ന് ലഭിച്ചത്? വട്ടപ്പൂജ്യം!
കേന്ദ്രസർക്കാരിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിരവധി ക്ഷേമപദ്ധതികളുടെ വിവരങ്ങളുണ്ട്. അവയിൽ പലതും കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ചവയാണ്. എന്നിട്ടും അവയൊന്നും പൊതുവേ സാധാരണ പ്രവാസികൾക്കിടയിലേക്ക് എത്തിയിട്ടില്ല.
2012ൽ കൊണ്ടുവന്ന മഹാത്മ ഗാന്ധി പ്രവാസി സുരക്ഷാ യോജന മുതൽ 2017ലെ പ്രവാസി ഭാരതീയ ബീമ യോജന വരെയുള്ള പദ്ധതികൾ സാധാരണക്കാരിലേക്കെത്താതെ കിടക്കുന്നു എന്നത് സർക്കാരിന്റെ പിടിപ്പുകേടാണ്.
വിദേശങ്ങളിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പ്രോക്സി വോട്ട് ചെയ്യാനുള്ള അവസരം പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകും എന്ന ബിജെപി സർക്കാർ വാഗ്‌ദാനവും ജലരേഖയായി മാറി. പ്രവാസി വോട്ട് വലിയ തോതിൽ ബിജെപി വിരുദ്ധമാണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ടും കൂടിയാകാം ആ വാഗ്‌ദാനം അവർ പെട്ടെന്ന് മറന്നത്. പ്രവാസികളെ സംബന്ധിച്ച ഇത്രയും കാരണങ്ങൾ തന്നെ മോദി സർക്കാരിനെ നിഷേധിക്കാൻ പര്യാപ്തമാണ്.
നമ്മുടെ രാജ്യം എൻ ഡിഎ ഭരണക്കാലത്ത് രാജ്യാന്തര തലത്തിൽ എങ്ങനെയാണ് മുദ്രചാർത്തപ്പെട്ടതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ഹിന്ദുത്വവൽക്കരിക്കപ്പെടുന്ന ഇന്ത്യ. കോർപറേറ്റ്-ക്രോണി ക്യാപിറ്റലിസ്റ്റ് താല്പര്യസംരക്ഷണങ്ങൾ വരെ മറ്റെല്ലാം അതിനകത്ത് വരുന്ന ഘടകങ്ങൾ മാത്രമാണ്. ആഹാരത്തിന്റെയും വസ്ത്രധാരണത്തിന്റെയും വിശ്വാസത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ഫെഡറൽ സംവിധാനത്തിന്റെയും ഭരണഘടനാപരമായ സ്വാഭാവികതയെ കടന്നാക്രമിച്ച ഒരു കാലഘട്ടമാണിത്. അതിനെല്ലാം കേന്ദ്രസർക്കാരിന്റെ മൗനാനുവാദം ഉണ്ടായിരുന്നു.
അവിടെയും ഇവിടെയും തൊടാതെ ചില നർമ്മ പ്രസ്താവനകൾ നടത്തിയെന്നല്ലാതെ മുസ്‌ലിങ്ങൾക്കും ദലിതുകൾക്കും ഇതര ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള ഒരാക്രമണത്തേയും മോദി അപലപിക്കുകയുണ്ടായില്ല. ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ അവിടെ നടന്ന മുസ്‌ലിം കൂട്ടക്കുരുതിയോട് പ്രതികരിച്ച രീതി ഇതിനോട് ചേർത്തു വച്ചു നോക്കുമ്പോൾ മോദിയുടെ തനിരൂപം വ്യക്തമാകും.
ഇന്ത്യക്കകത്ത് നമ്മുടെ രാഷ്ട്രീയസമൂഹം ചർച്ച ചെയ്യുന്ന എല്ലാ വിഷയങ്ങളും അതിലേറെ ആവേശത്തോടെയാണ് പ്രവാസികൾ ചർച്ച ചെയ്യുന്നത്. അതിന്റെ പ്രധാന കാരണം പ്രവാസലോകത്ത് കഴിയുന്നവരിൽ നല്ലൊരു വിഭാഗം ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളുടെ ഏറ്റവും സമീപസാന്നിധ്യത്തിൽ ഉള്ളവരാണ് എന്നതാണ്. നാട്ടിലെ സംഭവവികാസങ്ങളോടും നേതാക്കളുടെ പ്രസ്താവനകളോടും പ്രതികരിക്കുന്ന കണിശമായ ട്രോളുകൾ വരുന്നതും പ്രധാനമായി ഗൾഫ് മേഖലയിൽ നിന്നാണ്.
ഗൾഫ് മേഖലയിലെ പ്രധാന രാഷ്ട്രീയ സംഘടനകളുടെ ഇടപെടലുകൾ കൂടി ഇവിടെ പരാമർശിക്കേണ്ടതുണ്ട്. സംഘ പരിവാർ സംഘങ്ങളുടെ നുഴഞ്ഞു കയറ്റത്തെ പറ്റി നേരത്തെ വിശദീകരിച്ചതു കൊണ്ട് ഇതര സംഘടനകളുടെ നിലപാടുകളെ സൂചിപ്പിക്കുന്നതാകും നല്ലത്.
കോൺഗ്രസിന്റെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പ്രമുഖ സംഘടനയാണ്. സംഘടനാപരമായി ഗൾഫ് രാജ്യങ്ങളിലെല്ലാം അത് വ്യാപിച്ചു കിടക്കുന്നുണ്ട്. നേതാക്കൾക്ക് സ്വീകരണം നൽകുകയും ചില ഓർമ്മപ്പെരുന്നാളുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിനപ്പുറം കാതലായ രാഷ്ട്രീയപ്രവർത്തനം കാഴ്ചവയ്ക്കാൻ അതിനാകുന്നില്ല. വിശേഷിച്ച് കേന്ദ്രസർക്കാർ ഭരണം നഷ്ടമായതോടെ നയതന്ത്രസ്ഥാപനങ്ങളിൽ നിന്നുള്ള അനുകൂല നിലപാടും ഇല്ലാതായി.
കൂടാതെ പൊതുവെ കോൺഗ്രസിനകത്തെ ചിലർക്ക് സംഭവിച്ച മോദി ഭക്തി പ്രവാസി കോൺഗ്രസുകാരിലും പ്രതിഫലിച്ചിട്ടുണ്ട്. ഒഐസിസിയെ കൂടാതെ നിരവധി സാംസ്കാരിക കൂട്ടായ്മകൾ കോൺഗ്രസിന് സ്വന്തമായുണ്ട്. ഗ്രൂപ്പ് വടംവലികൾ ഈ പ്രവർത്തനങ്ങളെയെല്ലാം തകിടം മറിക്കുന്നുമുണ്ട്. അധികാരവും പദവികളുമായി ബന്ധപ്പെട്ടതാണ് ഇവരുടെ രാഷ്ട്രീയം.
രാഹുൽ ഗാന്ധിയുടെ പുതിയ ഇടപെടലുകൾ പ്രവാസി കോൺഗ്രസുകാർക്കിടയിൽ ചില ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിൽ വരണമെന്നാഗ്രഹിക്കുന്ന ഒഐസിസി അതിനുതകുന്ന പ്രചാരവേലയൊന്നും കാര്യമായി സൗദി അറേബ്യ പോലുള്ള സ്ഥലങ്ങളിൽ ആസൂത്രണം ചെയ്യുന്നില്ല. ഗൾഫിലെ വിശാലമായ ഭൂമികയിൽ സാം പിട്രോട കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിയമിച്ചത് സൗദി അറേബ്യ ഒഴികെയുള്ള ഇടങ്ങളിൽ ഫലപ്രദമായേക്കാം.
മുസ്‌ലിം ലീഗിന്റെ പ്രവാസി സംഘടനയായ കേരള മുസ്‌ലിം കൾച്ചറൽ സെന്റർ ഏറെ പ്രബലമായ ഗൾഫ് പ്രവാസി സംഘടനയാണ്. കുറേക്കൂടി സംഘടിതമായ പ്രവർത്തനം ഇവർക്കുണ്ട്. പൊതുവെ അറബ് രാജ്യങ്ങളിലെ അന്തരീക്ഷത്തെ കുറിച്ച് ധാരണയുള്ളതിനാൽ ഇവർക്ക് കൂടുതൽ വ്യാപ്തിയോടെ പ്രവർത്തിക്കാൻ സാധിക്കുന്നുണ്ട്.
ഗ്രൂപ്പു വഴക്കുകളോ, തൊഴുത്തിൽ കുത്തോ കാര്യമായി നിഴലിക്കാത്ത കെഎംസിസി മതാധിഷ്ഠിതമായ രാഷ്ട്രീയം താത്വികമായി സ്വീകരിക്കുമ്പോഴും അവരുടെ സാമൂഹ്യസേവന പരിധിയിൽ എല്ലാ തരം ജനങ്ങളേയും ഉൾപ്പെടുത്തുണ്ട്. സാംസ്കാരിക ഇടപെടലുകൾ പരിമിതമാണെങ്കിലും ജീവകാരുണ്യപ്രവർത്തനമേഖലയിൽ സജീവമായ സംഭാവനകൾ നടത്തുന്ന കെഎംസിസി ലീഗ് നേതാക്കളുടെ വാണിജ്യ നിക്ഷേപങ്ങൾക്ക് ഒരു മാധ്യമമായി നിൽക്കുന്നു എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
കോൺഗ്രസ് മുന്നണിയുടെ ഭാഗമായ ലീഗിന്റെ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്ന കെഎംസിസി കുറേക്കൂടി സംഘടിതമായ തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നുണ്ട്. എന്നാൽ ആ പ്രവർത്തനത്തിന്റെ കേന്ദ്രസ്ഥാനം മലപ്പുറം ജില്ലയിൽ ലീഗ് മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളാണ്.
സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയുമാണ് ഇടതുപക്ഷ സംഘടനകൾ പ്രവർത്തിക്കുന്നത്. പലയിടങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്ന ഇത്തരം സംഘടനകൾക്ക് ഗൾഫ് മേഖലയിൽ പ്രത്യക്ഷമായ ഒരു കേന്ദ്രസംഘടനാസംവിധാനമില്ല. എങ്കിലും പൊതുവായ ചില അജണ്ടകളിൽ ആശയവിനിമയം നടത്തുന്നുണ്ട്.
സിപിഐഎമ്മിന് ജിദ്ദയിലും ദമാമിലും 'നവോദയ' എന്ന പേരിലാണ് സംഘടന ഉള്ളതെങ്കിൽ റിയാദിൽ അതിന്റെ പേര് 'കേളി' എന്നാണ്. ഇതു കൂടാതെ വിഎസിന്റെ നിലപാടുകളോട് ആഭിമുഖ്യം പുലർത്തിക്കൊണ്ട് വേർപെട്ടുപോയവരുടെ സമാന്തരസംഘടനകളും ഇപ്പോൾ മുഖ്യധാരാസംഘടനകളെ പോലെ തന്നെ ഇടതുപക്ഷമുന്നണിരാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാണ്.
സിപിഐയുടെ പ്രവാസി സംഘടനകൾ 'ന്യൂ ഏജ്', 'നവയുഗം' എന്നീ പേരുകളിലാണ് വിവിധ നഗരങ്ങളിൽ അറിയപ്പെടുന്നത്. സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തനങ്ങളോടൊപ്പം സാംസ്കാരിക-സാഹിത്യ സംവാദങ്ങളും ഇടതുപക്ഷ പ്രവാസസംഘടനകളുടെ ഊർജസ്രോതസ്സുകളാണ്. പൊതുവെ ഇവരെല്ലാം മതനിരപേക്ഷമായ ഒരു കേന്ദ്രസർക്കാർ ഉണ്ടായിക്കാണാനാണ് ആഗ്രഹിക്കുന്നത്.
കേരളത്തിൽ ഇടതുപക്ഷ എംപിമാർക്ക് മേൽക്കൈ ഉണ്ടാകുകയും കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആയാൽ പോലും ഒരു മതേതരസർക്കാർ അധികാരത്തിൽ വരികയും വേണം എന്നതാണ് ഇടതുസംഘടനകളുടെ പൊതുതാല്പര്യം. എന്നാൽ അത്തരമൊരു സഹകരണപ്രതീക്ഷയെ അനാദരിച്ചു കൊണ്ടാണ് രാഹുൽ വയനാട്ടിൽ മത്സരിക്കാൻ വന്നതെന്ന അഭിപ്രായമാണ് ഏതാണ്ട് എല്ലാവർക്കും ഉള്ളത്.
ചർച്ചകളും കണക്കുകൂട്ടലുകളും സജീവമാണ്. കോൺഗ്രസിന്റെയും ഇടതുപാർട്ടികളുടെയും ബിജെപിയുടെയും പ്രകടനപത്രികകൾ ചർച്ചയാകുന്നുണ്ട്. അതോടൊപ്പം തന്നെ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തുന്ന വാഗ്‌ദാനങ്ങൾ നടപ്പിലാക്കാനുള്ളതല്ല എന്ന ബിജെപി നേതാക്കളുടെ പ്രസ്താവന മൂലം അവരുടെ പ്രകടനപത്രിക അവഗണിക്കപ്പെട്ട നിലയിലാണ്.
ഇന്നും പൗരന്മാരെ ബാധിക്കുന്ന കാതലായ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ, ഭൂരിപക്ഷ മതവിഭാഗത്തിന്റെ വർഗീയ വൈകാരികതയ്ക്ക് തീ പകരുന്ന വാഗ്‌ദാനങ്ങളാണ് ബിജെപി ഇത്തവണയും മുന്നോട്ടു വയ്ക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രനിർമ്മാണം പൂർത്തിയാക്കുമെന്നും ശബരിമലയിലെ യുവതീപ്രവേശനം തടയുമെന്നുമൊക്കെയാണ് പൗരന്മാരുടെ ജീവൽപ്രശ്നങ്ങളെ പരിഹരിക്കാനായി അവർ പറയുന്നത്.
കോൺഗ്രസ് ഇത്തവണ കുറേകൂടി പ്രായോഗികമായ ചില വാഗ്‌ദാനങ്ങളാണ് നടത്തുന്നത്. ദരിദ്രകുടുംബങ്ങൾക്ക് പ്രതിവർഷം 72000 രൂപ മിനിമം വരുമാനം ഉറപ്പുവരുത്തുമെന്ന കോൺഗ്രസ് വാഗ്‌ദാനം കൂടുതൽ പേരെ സ്വാധീനിച്ചിട്ടുണ്ട്. രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെങ്കിൽ മാത്രം നടപ്പിലാക്കാൻ കഴിയുന്ന ഒന്നാണത്.
തൊഴിലാളികൾക്ക് 18000 രൂപ വേതനം ഉറപ്പാക്കുന്ന സിപിഐഎം പ്രകടനപത്രിക തൊഴിൽ മൗലികാവകാശമാക്കുമെന്നും ചികിത്സ സൗജന്യമാക്കുമെന്നും വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഭരണത്തിൽ വരാൻ സാധ്യതയില്ലാത്ത സിപിഐഎം നടത്തുന്ന വാഗ്‌ദാനം അർത്ഥശൂന്യമാണ് എന്നാണ് വിരുദ്ധപക്ഷങ്ങളുടെ പ്രതികരണം. അതേ സമയം ഇടതുപക്ഷത്തിന് സ്വാധീനമുള്ള ഒരു കേന്ദ്രസർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ സിപിഐഎമ്മിന്റെ പ്രകടനപത്രികയ്ക്ക് പ്രസക്തിയുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷണവൃത്തങ്ങളിലെ വിലയിരുത്തൽ.
ഇന്ത്യൻ ജനമനസ്സ് ഇന്ന് പ്രതിപക്ഷത്താണെന്നും അതിനാൽ ഒരു വിധത്തിലും ബിജെപി അധികാരത്തിൽ തുടരില്ലെന്നും വിശ്വസിക്കുന്നവരാണ് അധികവും. അതേ സമയം പ്രതിപക്ഷം എന്നത് ഇപ്പോഴും ഒറ്റ ബ്ലോക് ആയിട്ടില്ലെന്നും അവരുടെ വോട്ടുകൾ ഇത്തവണയും ശിഥിലമായി പോകുമെന്നും ബിജെപി വോട്ടുകളെല്ലാം കേന്ദ്രീകരിക്കപ്പെടുമെന്നും അങ്ങനെ ബിജെപി ഭരണത്തിന് തുടർച്ചയുണ്ടാകുമെന്നും കരുതുന്നവരുണ്ട്.
2014ൽ 31 ശതമാനം വോട്ടിന്റെ മാത്രം പിൻബലത്തിൽ അധികാരത്തിലെത്തിയ ബിജെപിയുടെ ജനപിന്തുണ ഇപ്പോൾ ഗണ്യമായ തോതിൽ കുറഞ്ഞെന്നും സഖ്യം അത്ര വ്യാപകമല്ലെങ്കിലും പ്രതിപക്ഷപാർട്ടികൾ മുമ്പത്തേക്കാൾ ധാരണയോടെയാണ് പ്രവർത്തിക്കുന്നതെന്നുമുള്ള ന്യായമാണ് ബിജെപി വിരുദ്ധപക്ഷം നിരത്തുന്നത്.
പ്രവാസം ഒരു താൽക്കാലിക തൊഴിലിടമാണെന്നും തിരിച്ചു പോകേണ്ടത് ഇന്ത്യയിലേക്കാണെന്നും ഓരോ നിമിഷവും ചിന്തിക്കുന്ന ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ച് ജനാധിപത്യപരമായ മതനിരപേക്ഷ സർക്കാർ ഉണ്ടാകണമെന്നതാണ് ആഗ്രഹം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.