Elections 2019: പൗരത്വം ഗൃഹാതുരത്വത്തിന്റെ കൊടുമുടി കയറുന്ന കാലമാണ് പ്രവാസിക്കു തിരഞ്ഞെടുപ്പ്. ആണ്ടുകൾ എത്ര കഴിഞ്ഞാലും മാഞ്ഞു പോകാത്ത ചൂണ്ടു വിരൽ സ്മരണ. ലോകത്തിന്റെ ഏതൊക്കെയോ കരകളിലിരുന്നു സ്വന്തം രാജ്യത്തെക്കുറിച്ചു ആലോചിക്കുകയും, ആഗ്രഹിക്കുകയും, ആധി കൊള്ളുകയും ചെയ്യുന്നവന്റെ വിദൂര വികാരവിചാരങ്ങൾ. ഇന്ത്യക്കാരനെന്ന അസ്തിത്വത്തിൽ ഊണിലും ഉറക്കത്തിലും അഭിരമിക്കുന്നവന്റെ ഭൂഖണ്ഡാന്തര വ്യഥകൾ, വ്യാമോഹങ്ങൾ, വ്യാകുലതകൾ.
ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന നെടുനീളൻ പോളിംഗ്, ഒരു പൗരനും രണ്ടു കിലോമീറ്ററിൽ കൂടുതൽ നടന്നു പോയി വോട്ടു ചെയ്യേണ്ടി വരരുത് എന്നു നിയമവും നിഷ്കർഷയും ഉള്ള നാട്ടിൽ, വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന പോളിംഗ് സ്റ്റേഷനുകൾ. പടിഞ്ഞാറൻ ഗുജറാത്തിലെ പുലിയിറങ്ങുന്ന കുഗ്രാമത്തിലെ ഒരേയൊരു സമ്മതിദായകനും, സമുദ്രനിരപ്പിൽ നിന്നും പതിനയ്യായിരം അടി ഉയരത്തിൽ പന്ത്രണ്ടു പേർ മാത്രം താമസിക്കുന്ന ഹിമാലയൻ മലയിലും വോട്ടിങ് മെഷീനെത്തുന്ന ജനാധിപത്യത്തിന്റെ ദേശീയോത്സവം. ബൃഹത്തായ ഈ സമ്മതിദാന പ്രക്രിയയുടെ ഭാഗമാവാതെ കരയ്ക്കിരിക്കുമ്പോഴും പ്രവാസി പങ്കെടുക്കുന്നുണ്ട്, കണ്ടുമുട്ടലിന്റെ ഓഫ്ലൈനും ഓൺലൈനുമായ എല്ലാ മുക്കിലും മൂലയിലും അവർ കൂട്ടംകൂടുന്നുണ്ട്, പ്രത്യാശകളും പ്രതീക്ഷകളും പങ്കു വയ്ക്കുന്നുണ്ട്. ബഹുസ്വരതയുടെ സംഘഗാനമായി ഈ രാജ്യം തുടരുമോ എന്നുള്ള ആശങ്ക, രാജ്യത്തിനകത്തു മാത്രമല്ല രാജ്യത്തിനു പുറത്തും മിടിക്കുന്നുണ്ട്.
Read More: Lok Sabha Election 2019: പ്രവാസി പ്രതീക്ഷിക്കുന്ന ലോക്സഭ

കഴിഞ്ഞ അഞ്ചു വർഷം നരേന്ദ്ര മോദി നമ്മുടെ പ്രധാനമന്ത്രി മാത്രമായിരുന്നില്ല, പ്രയാണമന്ത്രി കൂടിയായിരുന്നു. ലോകസഞ്ചാരം നടത്തിയത് രാഷ്ട്രനേതാക്കളെ കാണാനും, സെൽഫി എടുക്കാനും, ഹസ്തദാനം നടത്താനും മാത്രമായിരുന്നില്ല, വിദേശ ഇന്ത്യാക്കാരെ കാണാനും കൂടി ആയിരുന്നു. ഞാനും നിങ്ങളും മഹത്തായ ഇന്ത്യയുടെ മക്കളാണെന്നു അവരെ ഓർമ്മിപ്പിക്കാനും, ഹൈന്ദവവത്കൃതമായ ഒരു ദേശീയതയുടെ ശംഖൊലി മുഴക്കാനും കൂടി ആയിരുന്നു.
Read More: DYFI ഡയറീസ്: പൊന്നുരുക്കുന്നിടത്തെ പൂച്ച
ദേശീയതയും മതവുമെന്ന രണ്ടു മൂലകങ്ങളുടെ ഇന്നു വരെ കൈവരിച്ചിട്ടില്ലാത്ത സംയുക്ത വിജയത്തിന്റെ ആൾരൂപമായി മോദി എല്ലാ സദസ്സുകളിലും വേദികളിലും ആഘോഷിക്കപ്പെട്ടു. തന്റെ ഗൃഹാതുരതകളെ ഇത്രമേൽ ആദരിക്കുകയും അനുശീലിക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്യുന്ന രാജ്യനായകനോട് അവർക്കു അളവില്ലാത്ത അനുഭാവം അനുഭവപ്പെട്ടു. തന്നെ കാണാനെത്തിയെ രക്ഷാകർതൃത്വത്തോട് അവന്റെ അനാഥത്വം കൃതാർത്ഥനായി. കൂടിക്കുഴഞ്ഞ ദേശീയതകളുടെ അസ്തിത്വവ്യഥകളിൽ നിന്നും അവൻ ഘർവാപ്പസിയായി.
കഴിഞ്ഞ മുപ്പതു വർഷത്തിനിടയിൽ ആദ്യമായിട്ടായിരുന്നു 2015 സെപ്റ്റംബറിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി സിലിക്കൺ വാലി സന്ദർശിച്ചത്. സനോസെയിലെ എസ്എപി സെന്ററിൽ ഒത്തു കൂടിയ 18500 ഇന്തോ-അമേരിക്കൻ ജനസഞ്ചയത്തോട് പ്രധാനമന്ത്രി ഹിന്ദിയിൽ സംസാരിച്ചു. ലോകം ഇപ്പോൾ ഇന്ത്യയെ കൂടുതൽ പ്രതീക്ഷയോടും ആത്മവിശ്വാസത്തോടുമാണ് നോക്കിക്കാണുന്നതെന്നും, യുവത്വമാണ് ഇന്ത്യയുടെ ശക്തിയെന്നും, രാജ്യത്തെ 65% വരുന്ന 35 വയസ്സിൽ താഴെ പ്രായമുള്ള യുവത ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാക്കുമെന്നും പ്രഖ്യാപിച്ചു. എന്നിട്ട് അഞ്ചു വർഷം കൊണ്ട്, കഴിഞ്ഞ നാല്പത്തിയഞ്ചു വർഷത്തിനിടയിൽ ജനത കണ്ട ഏറ്റവും വലിയ തൊഴിലില്ലായ്മയിലേക്കു രാജ്യം കൂപ്പുകുത്തി.
ബീഫിന്റെ പേരിൽ നാല്പത്തി നാലു മനുഷ്യജീവനുകളെ ആൾക്കൂട്ടം അടിച്ചു കൊന്നു. അതിൽ 36 പേർ മുസ്ലീങ്ങളായിരുന്നു. അപരത്വത്തിലേക്കുള്ള അംഗത്വവിതരണത്തിൽ പൗരത്വം പലർക്കും അപര്യാപ്തമായൊരു രേഖയായി മാറി. വിയോജിപ്പിന്റെ ശബ്ദങ്ങൾക്കു നേരെ വെടിയുണ്ടകൾ പാഞ്ഞു. ചില മുഴക്കങ്ങൾ എന്നെന്നേക്കുമായി നിലച്ചു. മതത്തിന്റെ പേരിൽ മനുഷ്യൻ അന്യവത്കരിക്കപ്പെടാനും, പേരിന്റെ പേരിൽ മനുഷ്യൻ പ്രതിക്കൂട്ടിലാവാനും തുടങ്ങി. പ്രതിഷേധിക്കുന്നവർക്കു പാകിസ്താനിലേക്കുള്ള പാസ്പോർട്ട് റെഡിയാണെന്നു ഓർമപ്പെടുത്തി.
Read More: ആഗ്രഹിക്കാത്ത തോല്‍വി: ഇന്ത്യ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍
2018-ൽ സ്വാമി വിവേകാന്ദന്റെ വിശ്വപ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിയിരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചു നടന്ന രണ്ടാമത് ലോക ഹിന്ദു കോൺഗ്രസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് ആർഎസ്എസിന്റെ ഇന്ത്യയിലെ തലവൻ പറഞ്ഞത്- ഹിന്ദുക്കൾ കാടു ഭരിക്കുന്ന സിംഹങ്ങളാണെന്നും, എന്നാൽ ഒറ്റയ്ക്ക് നടന്നാൽ ഏത് സിംഹത്തെയും കാട്ടുനായ്ക്കൾ ആക്രമിച്ചു പരാജയപ്പെടുത്തുമെന്നുമാണ്. ആത്മീയാധിഷ്ഠിതമായൊരു ജീവിതചര്യയിൽ നിന്നും ഹൈന്ദവത രാഷ്ട്രീയാധികാരം കാംക്ഷിക്കുന്ന ഹൈന്ദവ ദേശീയതയായി പരിണമിക്കുമ്പോൾ സംഭവിക്കുന്നത് ഇതാണ്. ഇതേ തത്വസംഹിതയുടെ മൂല്യബോധ പരിലാളനകളിലാണ് നമ്മുടെ പ്രധാനമന്ത്രിയും വളർന്നു വലുതായത്. സ്വാതന്ത്ര്യാനന്തരം പൂർത്തീകരിക്കപ്പെടാനാവാതെ പോയ മതാധിഷ്ഠിത രാഷ്ട്രീയാധികാരമെന്ന മോഹത്തിലേക്കുള്ള വലിയൊരു ചവിട്ടു പടിയായിരുന്നു പതിനാറാം പാർലമെന്റ്.

രാജ്യത്തിന്റെ പരമാധികാരം മതമെന്ന മഹാഭൂരിപക്ഷത്തിന്റെ പേരിൽ തങ്ങൾക്കുള്ളതാണ്- അത്രയും ലളിതമാണ് ഹിന്ദുത്വത്തിന്റെ രാഷ്ട്രമീമാംസ. അതിന്റെ സംസ്ഥാപനം മറ്റു പല മാർഗങ്ങളിൽ നേടിയെടുക്കുന്നു എന്നു മാത്രം. അവർ മാനായും മാരീചനായും വരുന്നു. അവതാരം ഏതായാലും അതിന്റെയെല്ലാം അടിത്തട്ടിൽ കിടന്നു തിളയ്ക്കുന്ന രാഷ്ട്രബോധം ഇതാണ് – രാജ്യത്തിൻറെ പരമാധികാരം മതമെന്ന മഹാഭൂരിപക്ഷത്തിന്റെ പേരിൽ തങ്ങൾക്കുള്ളതാണ്. അങ്ങനെയെങ്കിൽ, ഇതു വരെ കണ്ടത് ഇനി വരാനിരിക്കുന്നതിന്റെ ട്രെയ്ലർ മാത്രമാണ്.
ഇപ്പോൾ കാണുന്ന കാവി പുതച്ച ഈ ആകാശം സന്ധ്യയോ, അതോ ഉഷസന്ധ്യയോ? നമ്മളെ കാത്തിരിക്കുന്നത് രാത്രിയോ, അതോ പ്രഭാതമോ?
കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയില്‍
ഐ ടി രംഗത്ത് പ്രവര്‍ത്തിക്കുകയാണ് ലേഖകന്‍