ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യയുടെ വിദേശ പൗരന്മാര്ക്ക് (അതായത് Overseas Citizens of India അഥവാ OCI എന്നറിയപ്പെടുന്ന ഞാനുള്‍പ്പെടെയുള്ള പലര്‍ക്കും) എന്ത് കാര്യം? നാട്ടില്‍ വന്നു പോകാന്‍ വിലക്കൊന്നും ഇല്ലെങ്കിലും ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം ഇല്ലാത്തവര്‍. പൊന്നുരുക്കുന്നിടത്തെ പൂച്ചകള്‍.
പക്ഷെ ആലയ്ക്കുള്ളില്‍ കാര്യം ഇല്ലെങ്കിലും ഞങ്ങള്‍ക്കു പുറത്തു ചുറ്റി നടക്കാം. അകത്തെ ഗോള്‍ഡ് 916 തന്നെ ആണോ എന്ന് വേവലാതിപ്പെടാം. എന്നാലും തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ മുറുകുമ്പോള്‍ ഞാന്‍ എന്റെ മാര്‍ജ്ജാര സ്വത്വം അറിഞ്ഞ് മൗനിയായിരുന്നു. ‘സ്ക്വീമിഷ്ലി’ സൈലന്റ്! പക്ഷെ ഫിഷ് എന്ന് കേള്‍ക്കുമ്പോള്‍ ഏതു ക്യാറ്റാണ് മ്യാവൂ എന്നൊന്ന് കമന്റ് ചെയ്യാത്തത് – ട്വീറ്റിയതു എത്ര സത്യസന്ധനായ സസ്യഭുക്കാണെങ്കിലും.
ഒട്ടും സത്യസന്ധത ഇല്ലാത്ത മാംസഭുക്കാണ് ഞാന്‍. ഒരു സ്ക്വീമിഷ്നെസ്സും ഇല്ലാതെ ഇടക്കൊക്കെ മസാലദോശയും മറ്റും കഴിക്കാറുണ്ട്. എങ്കിലും ‘മീന്‍കറി ഉള്ളപ്പോള്‍ എന്ത് സാമ്പാറ്’ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തുറന്നു പറഞ്ഞിട്ടുമുണ്ട്. അത് കേട്ട് ഏതെങ്കിലും പച്ചക്കറി കച്ചവടക്കാരന്റെ വികാരം വ്രണപ്പെട്ടാല്‍ ‘അതെന്റെ വ്യക്തിപരമായ അഭിപ്രായം ആണ് മാഷേ, നിങ്ങളുടെ ഉപജീവനത്തെ മോശമായി കണ്ടതല്ല’ എന്നു പറയാനുള്ള സത്യസന്ധത എനിക്കുണ്ടാവണം. അല്ലാതെ മീന്‍കറിയുടെ കൂടെ എന്ത് തരം സാമ്പാറാണ് നല്ല കോമ്പിനേഷന്‍ എന്ന് ചോദിക്കുകയായിരുന്നു എന്ന് വാദിക്കുക അല്ല വേണ്ടത് (ശബ്ദതാരാവലിയില്‍ ഉള്ള ‘എന്ത്’ എന്ന വാക്കിന്റെ അര്‍ത്ഥങ്ങള്‍ സഹിതം ആണ് വാദം എങ്കിലും). അങ്ങനെ വാദിക്കുന്ന ഞാനും പച്ചക്കറിക്കാരന്റെ അഭ്യുദയകാംക്ഷികളായി നടിച്ചു കൊണ്ട് സ്വന്തം നേട്ടത്തിനായി എന്റെ പദപ്രയോഗത്തെ കീറിമുറിച്ചു വിശകലനം ചെയ്യുന്നവരും തമ്മില്‍ എന്ത് വ്യത്യാസം?
ഈ വ്യത്യാസമില്ലായ്മ തന്നെയാണ് എന്നെ സംബന്ധിച്ചിടത്തോളം എല്ലാ തിരഞ്ഞെടുപ്പുകളെയും പോലെ ഈ തിരഞ്ഞെടുപ്പിന്റെയും മുഖമുദ്ര. അങ്ങോട്ടും ഇങ്ങോട്ടും വാരി എറിയുന്ന ചെളിയുടെ ചേരുവയില്‍ ഇപ്രാവശ്യം പൊളിറ്റിക്കല്‍ കറക്ട്നെസ് കൂടി ഉള്‍പ്പെട്ടിട്ടുണ്ട് എന്നേയുള്ളൂ. ആലയ്ക്കു പുറത്തു നിന്ന് ഞാന്‍ കാണുന്ന തിളക്കം ഇപ്രാവശ്യവും ചെമ്പിന്റേതു തന്നെ.
നമ്മള് അര്‍ഹിക്കുന്ന ഭരണാധികാരികളെ നമുക്ക് കിട്ടും എന്ന ചൊല്ല് ശരിയാണെങ്കില്‍ നമ്മളാരാണെന്ന ചോദ്യം പ്രസക്തമാണ്. നാട്ടില്‍ വിപ്ലവവും പറഞ്ഞു ചെങ്കൊടിയും പൊക്കി സമരവും ചെയ്തു ഒടുവില്‍ ഗള്‍ഫില്‍ ചെന്ന് കമാന്നൊരക്ഷരം മിണ്ടാതെ മുതലാളിത്ത വ്യവസ്ഥിതിയെ എല്ലു മുറിയെ പണിയെടുത്തു താങ്ങി നിര്‍ത്തുന്നവരാണോ നമ്മള്? അതോ നാട്ടില്‍ വീടും പുരയിടവും റബ്ബറും കുരുമുളകും ഇടതുപക്ഷത്തോടുള്ള പരിഹാസവും ഒക്കെയുള്ള പരിതസ്ഥിതിയില്‍ നിന്ന് യുകെയിലും യുഎസിലും വന്നു ഫാക്ടറികളില്‍ പണിയെടുക്കേണ്ടി വരുമ്പോള്‍ അനായാസം ഇടത്ത് മാറി ഞെരിഞ്ഞമര്‍ന്നു തൊഴുതു ലേബര്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റുകള്‍ക്കും വോട്ടു ചെയ്തു തൊഴിലാളികളുടെ അവകാശങ്ങള്‍ ചോര്‍ന്നു പോകാതെ നോക്കുന്നവരോ? അതുമല്ല ഗൃഹാതുരത്വം മൂത്തു മറ്റു സംസ്കാരങ്ങളെയൊക്കെ പുച്ഛിക്കുന്ന ഭാരതീയ സംസ്കാരഭ്രമമായി അതും മൂത്തു മറ്റു മതവിഭാഗങ്ങളെയെല്ലാം വെറുക്കുന്ന ഹിന്ദുത്വമായി ഒടുവില്‍ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരൊക്കെ അതിര്‍ത്തിയിലെ ഇന്ത്യന്‍ ജവാന്മാര്ക്ക് കൈവിഷം കൊടുക്കുന്നവരാണെന്നു വിശ്വസിക്കുന്ന, പുഷ്പകവിമാനത്തിന്റെ സാങ്കേതികവിദ്യ വെളിപ്പെടുത്തുന്ന ആള് ദൈവത്തിന്റെ വിഡിയോകള്‍ കണ്ടു പുളകിതരാകുന്ന, ഏറോനോട്ടിക് എൻജിനീയറിങ്ങില്‍ ബിരുദം ഉള്ള, വിദേശ പൗരത്വം സ്വീകരിച്ച ഭാരതാംബയുടെ മക്കളോ?
മേല്പറഞ്ഞ എല്ലാവരും നമ്മള് തന്നെയല്ലേ? പ്രവാസികളായ നമ്മളും നാട്ടിലുണ്ടായിരുന്ന നമ്മളായിരുന്നില്ലേ? ഇപ്പോള്‍ നാട്ടിലുള്ള, വോട്ടവകാശം ഉള്ള നമ്മളും ഈ ജനുസ്സില്‍ പെട്ടതല്ലേ? നമ്മുടെ ഇടയിലെ ഓരോ വിഭാഗങ്ങളും ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോഴും, നമ്മള് തമ്മിലുള്ള രാഷ്ട്രീയ സാമൂഹിക സാമ്പത്തിക അന്തരങ്ങള്‍ കൂടിക്കൂടി വരുമ്പോഴും നാമെല്ലാവരും തമ്മിലുള്ള ഒരു സാമ്യം ശക്തിപ്പെട്ടു വരികയല്ലേ? നമുക്കെല്ലാവര്‍ക്കും അറിയാം നമ്മുടേതാണ് ശരിയെന്നും, മറ്റുള്ളവരുടേതൊക്കെ തെറ്റെന്നും. നമ്മുടെ ശരികളില്‍ തെറ്റിന്റെ അംശമില്ല. മറ്റുള്ളവരുടെ തെറ്റുകളില്‍ ശരിയുടെ അംശവും. നമ്മള് ഈ നിമിഷം പിന്തുണയ്ക്കുന്ന രാഷ്ട്രീയക്കാരും അവരുടെ നയങ്ങളും 916; ബാക്കിയെല്ലാം വട്ടപ്പൂജ്യം. നമ്മുടെ ശരികള്‍ക്കിടയില്‍ ഒരു തെറ്റ് പോലുമുണ്ടെന്നു സമ്മതിച്ചു കൊടുക്കരുത്: അത് ശത്രുക്കളുടെ വിജയമാകും. അവരുടെ തെറ്റുകള്‍ക്കിടയില്‍ ഒരു ശരി പോലും നമ്മള് കണ്ടു പോകരുത്: അത് നമ്മുടെ പരാജയമാകും. തിരഞ്ഞെടുപ്പെന്നാല്‍ ജയവും പരാജയവും അല്ലേ? ജയത്തിലേക്ക് കുതിക്കുകയല്ലേ വേണ്ടത്? വിവാദങ്ങള്‍ക്കിടയില്‍ എല്ലാ പക്ഷത്തുമുള്ള ശരിയും തെറ്റും കണ്ടു നടന്നാല്‍, മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുത്താല്‍, നമ്മള് എവിടെ എത്താനാണ്?
അതുകൊണ്ട് ബുദ്ധിയുള്ളവര്‍ ഏതെങ്കിലും ഒരു പക്ഷത്തു ചേരും. അസഹിഷ്ണുതയുടെ വാള് കൊണ്ട് മറ്റെല്ലാവരെയും അരിഞ്ഞു വീഴ്ത്തും. സ്വന്തം ആളുകളുടെ ഇടയില്‍ അതേ വാള് അരയിലെ ഉറയില്‍ സ്വപക്ഷസ്വത്വത്തിന്റെ ചിഹ്നമായി അഭിമാനപൂര്‍വം പ്രദര്‍ശിപ്പിക്കും. അസഹിഷ്ണുതയെ ആഭരണവും ആയുധവും ആക്കും.
സമ്മതിദായകര്‍ക്കു തിരഞ്ഞെടുക്കാന്‍ പരസ്യങ്ങളില്‍ പറയുന്നത് പോലെ ‘വൈവിധ്യമാര്‍ന്ന സെലെക്ഷന്‍’: വസുധൈവ കുടുംബകം, ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്നൊക്കെയൂള്ള എത്ര മഹത്തരമായ ആശയങ്ങളാണ് നമ്മുടെ സംസ്കാരത്തില്‍ ഉള്ളതെന്നും, എല്ലാറ്റിനെയും ഉള്‍കൊള്ളാന്‍ കഴിയുന്ന സഹിഷ്ണുതയുള്ളവരാണ് നമ്മളെന്നും, നമ്മള് ഒന്നുണര്‍ന്നാല്‍ മതി നമ്മളല്ലാത്തവരെ ഒക്കെ ഭസ്മം ആക്കാന്‍ എന്നും ഒരേ ശ്വാസത്തില്‍ പ്രസംഗിക്കുന്നവര്‍. ഒരേ വിഷയത്തില്‍ തന്നെ അഖിലേന്ത്യാ തലത്തില്‍ നമുക്ക് ഒരു നിലപാടും, സംസ്ഥാനത്തിനുള്ളില്‍ നേര് വിപരീതമായ മറ്റൊരു നിലപാടും ആണെന്ന് പരസ്യമായി പ്രഖ്യാപിക്കുക മാത്രമല്ല, സംസ്ഥാനത്തെ പാര്‍ട്ടിയുടെ നിലപാടിന് വിപരീതമായ നിലപാട് വ്യക്തമാക്കിയ അഖിലേന്ത്യാ തലത്തിലെ നേതാവിനെ സംസ്ഥാനത്തിലെ ഒരു നിയോജകമണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതില്‍ ഒരപാകതയും കാണാത്ത മറ്റു ചിലര്‍. മതാധിഷ്ഠിതമായ ഒരു പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഖ്യത്തിന്റെ ചരിത്രം അറിയുമ്പോഴും എന്നും മതേതരത്വത്തിന് വേണ്ടിയാണ് നാം നിലകൊണ്ടിട്ടുള്ളത് എന്ന് ഊറ്റം കൊള്ളുന്ന വേറെ ഒരു കൂട്ടം. ഓരോ കൂട്ടത്തിനും വേണ്ടി പൊരുതാന്‍ അവരവരുടെ ബുദ്ധിജീവികള്‍, രാഷ്ട്രീയ നിരീക്ഷകര്‍, എഴുത്തുകാര്‍, സിനിമാക്കാര്. ഫെയ്സ്ബുക്കും ട്വിറ്ററും വാട്സ്ആപ്പ് ഗ്രൂപ്പുകളും ഒക്കെ ഈ ചേകവന്മാരുടെ രണാങ്കണങ്ങള്‍. ഇവരുടെ വീരസാഹസിക കമന്റുകളെ വാഴ്ത്താന്‍ വടക്കന്‍ പാട്ടിനെ വെല്ലുന്ന ലൈക്കുകളും ഉമ്മകളും ചുവന്ന ഹൃദയങ്ങളും മീമുകളും ഒക്കെയായി സ്വന്തം ശിങ്കിടികള്‍. ഇതിനിടയില്‍ പ്രതിപക്ഷ ബഹുമാനത്തോടെ ‘നിങ്ങള്‍ പറയുന്നതില്‍ ഈ ശരി ഉണ്ടെങ്കിലും ഈ വൈരുധ്യം ഇല്ലേ?’ എന്ന് പോലും ആരും ചോദിച്ചു പോകരുത്. അങ്ങനെയുള്ള ധിക്കാരികള്‍ക്ക് വളരെ മാന്യമായ അണ്‍ഫ്രണ്ട് ചെയ്യല്‍ തുടങ്ങി തെറിയഭിഷേകവും തന്തക്കു വിളിയും വരെ ശിക്ഷ.
നമ്മുടെ കൂട്ടത്തില്‍ ഉള്ള ആര്‍ക്കെങ്കിലും എതിരെ ആരോപണമുണ്ടായാല്‍ അത് തല്പരകക്ഷികളുടെ കുപ്രചരണം. ആരോപണത്തിന് അനുകൂലമായി പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ ഫേക്ക് ന്യൂസ്. സ്ഥിതിഗതികള്‍ അല്പം കൂടി വഷളായാല്‍ കോടതി തീരുമാനിക്കും വരെ നിയമത്തിനു മുന്നില്‍ എല്ലാവരും നിരപരാധികള്‍ എന്ന് വാദിക്കുക. ശത്രുപക്ഷത്തുള്ളവര്ക്കെതിരെ ആണ് ആരോപണം എങ്കില്‍ കോടതി വെറുതെ വിട്ടാലും പണ്ടൊരിക്കല്‍ കുറ്റാരോപിതരായവരുടെ പേരിനു മുന്പില് എന്നെന്നേക്കുമായി ഏതു കേസില്‍ പ്രതിയായിരുന്നു എന്നതിന്റെ വിശദ വിവരങ്ങള്‍ ചേര്‍ക്കാന്‍ മറക്കരുത്.
മറുപക്ഷത്തിന്റെ ഓരോ വാക്കും വിശകലനം ചെയ്യപ്പെടണം. നമ്മള് ജാഗരൂകരായി ഇരുന്നില്ലെങ്കില്‍ അവരെവിടെയെങ്കിലും ഒരു പൊളിറ്റിക്കല്‍ പോയിന്റ് സ്കോര്‍ ചെയ്താലോ? വേറെ വഴിയൊന്നും ഇല്ലെങ്കില്‍ അവരുടെ ഏതെങ്കിലും വാക്കു കൊണ്ട് വ്രണപ്പെടാന്‍ ഇടയുള്ള എന്തെങ്കിലും ഒരു വികാരം കണ്ടെത്തണം. ആ വികാരമുണ്ടാകാന്‍ ഇടയുള്ള വിഭാഗത്തെ നമ്മുടെ പക്ഷത്താക്കണം. അത് വഴി ആ പോയിന്റ് നമ്മള് സ്കോര്‍ ചെയ്യണം. പക്ഷെ നമ്മുടെ പക്ഷത്തുള്ളവര്‍ പറയുന്നതില്‍ അല്പസ്വല്പം വിവേചനമോ അസത്യമോ ഒക്കെ ഉണ്ടെങ്കിലും അവരുടെ ഉദ്ദേശശുദ്ധി മാനിച്ച് നമ്മള് ചുമ്മാ തലനാരിഴ കീറാന്‍ പോകരുത്. അങ്ങനെ കീറാന്‍ തുനിയുന്നവരെ ഒതുക്കുകയല്ലേ വേണ്ടത്? മറുപക്ഷത്തിന്റെ വിഡ്ഡിത്തങ്ങളും ഭാഷാശുദ്ധിയില്ലായ്മയും ചരിത്രത്തിലുള്ള അജ്ഞാനവും ഒക്കെ നമുക്ക് ആയുധമാക്കാം.
നമ്മുടെ ഇടയില്‍ അത്തരത്തിലുള്ള അജ്ഞര്‍ ഇല്ലല്ലോ. എല്ലാവരും വായനയും വിവരവും ഉള്ളവര്‍. അവരില്‍ ചിലര്‍ നല്ല നല്ല സാഹിത്യ സൃഷ്ടികള്‍ കണ്ടെത്തി അവയെ നെഞ്ചിലേറ്റി സ്വന്തം റിസ്കില്‍ സ്വന്തം പേര് കൊടുത്ത് വെളിച്ചം കാണിക്കുന്ന നിസ്വാര്‍ത്ഥര്‍. അതല്ല, നമ്മുടെ കൂട്ടത്തില്‍ ഉള്ള പണ്ഡിതരില്‍ മിക്കവരും ചാനല്‍ ചര്‍ച്ചകളില്‍ പ്രാതിനിധ്യം കിട്ടാത്ത, കിട്ടിയാലും മതഗ്രന്ഥങ്ങളില്‍ നിന്നല്ലാത്തതൊന്നും ഉദ്ധരിക്കാന്‍ പ്രാപ്തിയില്ലാതെ ആങ്കര്‍മാരുടെയും ശത്രുപക്ഷത്തുള്ള രാഷ്ട്രീയ നിരീക്ഷകരുടെയും പരിഹാസത്തിനു പാത്രമാവുന്നവര്‍ ആണെങ്കിലും പ്രശ്നം ഇല്ല. നമ്മുടെ പക്ഷത്തുള്ള തടിമിടുക്കുള്ള യുവാക്കളെ ആയുധപരിശീലനം കൊടുത്ത് അവര്‍ക്കു വാഗ്ദത്തമായ സ്വർഗഭോഗങ്ങള് വര്‍ണ്ണിച്ചു കലാലയങ്ങളിലേക്കയക്കാം. അവര്‍ അവിടെ നാളെ നമുക്കെതിരെ ഉയരാന്‍ സാധ്യതയുള്ള ബൗദ്ധിക വെല്ലുവിളികളുടെ നെഞ്ച് പിളര്‍ന്നിട്ട് അടുത്തുള്ള തട്ടുകടയില്‍ നിന്ന് കട്ടന്‍ ചായയും കുടിച്ച് ഓട്ടോ പിടിച്ചു മടങ്ങി വന്നോളും.
ഇതിനിടയില്‍ നാട്ടിലെ തിരഞ്ഞെടുപ്പില്‍ ആരു ജയിക്കണം എന്നാണ് ആഗ്രഹം എന്ന ചോദ്യത്തിന് എന്തുത്തരം കൊടുക്കും? പൊന്നുരുക്കുന്നിടത്തു നുഴഞ്ഞു കയറിയ പൂച്ചയ്ക് ഉത്തരങ്ങളേക്കാളേറെ ചോദ്യങ്ങള്‍ ബാക്കി.
- യു കെയിലെ വെയില്സിലുള്ള ഡവി (Dyfi) പ്രദേശത്താണ് എഴുത്തുകാരന് കൂടിയായ ലേഖകന്റെ സ്ഥിരതാമസം