നരേന്ദ്ര മോദി ലോകത്തെ പ്രധാന നഗരങ്ങളൊക്കെ സന്ദര്‍ശിച്ചപ്പോള്‍ അവിടെയെല്ലാം വിദേശ ഇന്ത്യക്കാരെയും തന്റെ സദസ്സാക്കാന്‍ ശ്രദ്ധിച്ചിരുന്നു, അതിന്‍റെ ‘ലൈവ്’ ഇന്ത്യയിലേക്കും തല്‍സമയം പകര്‍ത്തിയിരുന്നു. തന്റെ പ്രഖ്യാപിതമായ രാജ്യസ്നേഹം അലയടിക്കുന്നത് കാണാനുള്ള ആവേശം മോദി ഒരിക്കലും പാഴാക്കിയിരുന്നില്ല. അല്ലെങ്കില്‍, ഭൂരിഭാഗം പൗരന്മാര്‍ക്കും (വിദേശ ഇന്ത്യക്കാര്‍ക്കും) രാജ്യസ്നേഹം എന്നാല്‍ രഹസ്യമായും പവിത്രമായും തങ്ങള്‍ സൂക്ഷിക്കുന്ന സ്വത്വത്തിന്റെ മറ്റൊരു ഓര്‍മ്മയുമാണ്: ജാതി, വര്‍ണ്ണം, മതം, രാഷ്ട്രീയം അങ്ങനെ തങ്ങളെ കരുതലില്‍ എടുക്കുന്ന എന്തും ആ ഓര്‍മ്മ ഒരു ശരീരത്തില്‍ എന്ന പോലെ വഹിക്കുന്നു. നാട് വിടുമ്പോള്‍ ഇത് തീവ്രമായ അനുഭവം പോലെയുമാകുന്നു, തങ്ങളുടെ പൗരത്വത്തിന്റെ ശൈഥില്യം അങ്ങനെയാണ് കുടിയേറ്റക്കാരും പ്രവാസികളും കടന്നു പോകുന്നത്. ഹിന്ദു വര്‍ഗ്ഗീയതയുടെ ഒരു പ്രധാന പ്രസരണകേന്ദ്രം അതു കൊണ്ടു തന്നെ ‘വിദേശ ഇന്ത്യ’ക്കാരില്‍ നിന്നുമായത് വെറുതെയല്ല. തങ്ങളുടെ പൗരത്വത്തിന്റെ ശൈഥില്യത്തെ അവര്‍ മിഥ്യയായൊരു രാജ്യാഭിമാനം കൊണ്ട് പരിഹരിക്കാന്‍ ശ്രമിക്കുന്നു. അത് ഹിന്ദുവിന്റെ ‘തിളങ്ങുന്ന ഇന്ത്യ’യാണ്. ആ അര്‍ത്ഥത്തില്‍, അവര്‍ ‘ഇന്ത്യയുടെ പുറത്ത് ജീവിക്കുന്നു’.

എന്നാല്‍, ഇന്ത്യയെ ഒരു ജനാധിപത്യ രാജ്യമായി കാണാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക്‌ കഴിഞ്ഞ വര്‍ഷങ്ങള്‍ എന്തായാലും സന്തോഷം തരുന്ന ഒന്നായിരുന്നില്ല. അയാള്‍ ഇന്ത്യക്ക്‌ അകത്തായിരിക്കുമ്പോഴും പുറത്തായിരിക്കുമ്പോഴും. ഞാന്‍ അങ്ങനെ ഒരാളാണ്. അത് എന്തു കൊണ്ട് എന്ന് പറയുകയാണ് ഇനി.

മഹരാഷ്ട്ര-ഹരിയാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പു ഫലമറിഞ്ഞതിനു ശേഷം ബി ജെ പി അധ്യക്ഷന്‍, അമിത് ഷാ പറഞ്ഞ രണ്ടു കാര്യങ്ങളില്‍ ഒന്ന്, ഇന്ത്യ ‘കോണ്‍ഗ്രസ് വിമുക്ത ഭാരത’ത്തിന്‍റെ അടുത്തെത്തി എന്നായിരുന്നു. മറ്റൊന്ന്, ബി ജെ പി യിലെ അനിഷേധ്യനായ നേതാവായി ഒരാള്‍ മാത്രമേ ഉള്ളൂ, അത് നരേന്ദ്ര മോദിയാണ് എന്നായിരുന്നു. രണ്ടും ഷായുടെയോ ഷായുടെ പാര്‍ട്ടിയുടെയോ ആഗ്രഹമോ പ്രഖ്യാപനമോ ആയിരുന്നു. ജനാധിപത്യ പാരമ്പര്യമുള്ള ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ (ഇതില്‍ പാര്‍ലമെന്റ്, അസംബ്ലി, രാഷ്ട്രീയ പാര്‍ട്ടികള്‍ ഒക്കെ പെടും) ഈ പ്രസ്താവത്തിനകത്ത്‌ ഇനി എങ്ങനെ ജീവിക്കുമെന്ന് കൂടി പറയാതെ പറയുന്നുണ്ടായിരുന്നു. ജനാധിപത്യ പ്രക്രിയയെ, പ്രച്ഛന്നമായ ജനാധിപത്യ മുറകളിലൂടെത്തന്നെ തങ്ങളുടെ സ്വേച്ഛാധിപത്യത്തിന്റെ വരുതിയില്‍ വരുത്തുന്നതായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ തങ്ങളുടെ നേതാക്കളിലൂടെ ആര്‍ എസ് എസ് ശ്രമിച്ചത്. ഒരിക്കല്‍, സോവിയറ്റ് റഷ്യയിലും കിഴക്കന്‍ യൂറോപ്പിലും മറ്റും കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേതൃത്വങ്ങള്‍ ചെയ്തതിനു സമാനമായ ഒന്നായിരുന്നു അത് – ഒരൊറ്റ ‘രാഷ്ടീയ ഏകക’ത്തിലേക്ക്‌ രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന ജീവിതത്തെ സമാഹരിക്കല്‍. ബി ജെ പിയ്ക്ക് അത് ‘ഒരു രാജ്യം, ഒരു രാഷ്ട്ര ഭാഷ,’ ഭൂരിപക്ഷ മതത്തിന്റെ രാഷ്ട്രീയ മേധാവിത്വം എന്നുമായിരുന്നു. ആര്‍ എസ് എസിന്റെ ഈ സ്വപ്നത്തെ സാക്ഷാത്ക്കരിക്കുവാന്‍ ആദ്യം ചെയ്യേണ്ടത് ജനാധിപത്യ സ്ഥാപനങ്ങളുടെ തന്നെ ‘സിവില്‍ സ്വഭാവ’ത്തെ, അതിലടങ്ങിയിരിക്കുന്ന ജനാധിപത്യ ഇച്ഛയെ കീഴ്‌പ്പെടുത്തുക എന്നായിരുന്നു. ഒപ്പം, ഇന്ത്യയുടെ സാമൂഹ്യ ജീവിതത്തിലെ മതേതര രാഷ്ട്രീയത്തെ അവസരോചിതമായി ഇകഴ്ത്തുവാനും ഈ സന്ദര്‍ഭത്തെ ആര്‍ എസ് എസ്/ സംഘപരിവാര്‍ ശക്തികള്‍ ഉപയോഗിച്ചു. ചുരുക്കത്തില്‍, ജനാധിപത്യ സ്ഥാപനങ്ങളെ തങ്ങളുടെ രാഷ്ട്രീയ സ്വേച്ഛാധിപത്യത്തിന്റെ വരുതിയില്‍ നിര്‍ത്തുക, അതിനായിരുന്നു ഈ വര്‍ഷങ്ങളില്‍ ബി ജെ പിയും ആര്‍ എസ് എസും ശ്രമിച്ചു കൊണ്ടിരുന്നത്.

എന്നാല്‍, അതിന്‌ ഇന്ത്യ അത്ര വേഗം വഴങ്ങുന്നില്ല എന്നായിരുന്നു, പിന്നിട് നടന്ന നിയമസഭാ തിരഞ്ഞടുപ്പുകളും ഫലങ്ങളും കാണിച്ചത്.

അര്‍ത്ഥവത്തായ ഒരു പ്രതിഷേധമോ അര്‍ത്ഥവത്തായ ഒരു സമരമോ ഉണ്ടാവുന്നത് ഏതെങ്കിലും ഒരാവശ്യത്തെ പ്രതി മാത്രമല്ല, അതുണ്ടായ ഒരു സാഹചര്യത്തെ മാറ്റിപ്പണിയാന്‍ ഒരു സമൂഹം കണ്ടെത്തുന്ന രീതികളില്‍ ഒന്നാണത്‌. അങ്ങനെ ഒരു ശ്രമം ഈ വര്‍ഷങ്ങളില്‍ നടന്ന എല്ലാ സമരങ്ങളുടെയും കാതലായി ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികളുടെയോ യുവജങ്ങളുടെയോ കര്‍ഷകരുടെയോ ബുദ്ധിജീവികളുടെയോ സമരങ്ങളില്‍ ഒക്കെ. ഈ സമരങ്ങള്‍ ഒക്കെയും ഇന്ത്യന്‍ പൗരജീവിതത്തെ അടിസ്ഥാനപരമായിത്തന്നെ ഒരു ജനാധിപത്യ സമൂഹത്തിന്റെ ആവിഷ്കാരമായാണ് കണ്ടത്. അതു തന്നെയായിരുന്നു ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും രാഷ്ട്രീയത്തിനു ബദലായി ഉയര്‍ന്ന പ്രതിരോധത്തിന്റെ രാഷ്ട്രീയവും. അതാകട്ടെ, ഒന്നോ രണ്ടോ മൂന്നോ തിരഞ്ഞെടുപ്പുകളില്‍ അട്ടിമറിക്കാന്‍ സാധിക്കാത്തതും. അല്ലെങ്കില്‍ നോക്കൂ, ഗാന്ധിയും നെഹ്രുവും അംബേദ്ക്കറും, സ്വാതന്ത്ര്യ ലബ്ധിയ്ക്ക് ശേഷം, ഒരുപക്ഷേ, ഇത്രയും കണിശമായി രാഷ്ട്രീയ ചര്‍ച്ചയായത് ഈ വര്‍ഷങ്ങളിലാണ്. ജനാധിപത്യത്തില്‍ മതം ചേരുന്നതിനെപ്പറ്റിയുണ്ടായ ദേശീയപ്രസ്ഥാനകാലത്തെ രാഷ്ട്രീയ സംവാദങ്ങള്‍ നമ്മള്‍ വീണ്ടും സന്ദര്‍ശിക്കുന്നത് മോദിയുടെ ഈ കാലത്തായിരുന്നു. ഒപ്പം, ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാവാന്‍ ആര്‍ എസ് എസ് ആഗ്രഹിക്കുന്ന ‘സാംസ്കാരിക ഇട’ങ്ങളിലൊക്കെ ഇന്ത്യയുടെ സ്വന്തം രാഷ്ട്രീയ ബഹുസ്വരതകൊണ്ട് പ്രതിരോധിക്കുന്നതും നാം കണ്ടു.

നരേന്ദ്ര മോദിയുടെ ‘നാഷണലിസം’, ‘ഹിന്ദു നാഷണലിസ്റ്റ് ‘ എന്നാണ്‌ മോദിയെ പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുക, ഹിന്ദു ആധിപത്യമാണെന്ന് മോദിക്കറിയാം. നമുക്കുമറിയാം. അതു കൊണ്ടു തന്നെ, ‘ഹിന്ദു നാഷണലിസ’ത്തെ തോല്‍പ്പിക്കാന്‍ പോകുന്നത് ഇന്ത്യയുടെ സവിശേഷതയായ മറ്റൊരു നാഷണലിസമാണ്.  ‘A Nation in Making’ എന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യ സമ്പാദനത്തിന്റെ കഥയല്ല, അതിനെ ഒരു ‘post–colonial experience’ എന്ന് സമാഹരിക്കാനും പറ്റില്ല. ഭാഷാ ദേശീയതകള്‍ സാമ്പത്തികവും രാഷ്ട്രീയപരവുമായ ‘കൂടുതല്‍ അധികാര’ത്തിലേക്ക് നീങ്ങുന്നതും, വികസനത്തെ ഭാഷാദേശീയതകളുടെ ഭൂമിശാസ്ത്രപരമായ കാരണങ്ങളില്‍ത്തന്നെ കണ്ടെത്തുന്നത്തിനും ആവശ്യമായ ഒരു ഫെഡറല്‍ ഘടനയുടെ നാഷണലിസമാണ് അത്. ആര്‍ എസ് എസിന്റെ രാഷ്ട്രീയത്തെ അത് ആ സങ്കല്‍പ്പം കൊണ്ടു തന്നെ പ്രതിരോധിക്കുന്നു. ഈ പൊതു തിരഞ്ഞെടുപ്പിന് ശേഷവും ബാക്കിയാവുന്ന ഒരു രാഷ്ട്രീയ പ്രക്രിയയാണ് അത്.karunakaran, election 2019

എന്നാല്‍ എങ്ങനെയാണ് നമ്മള്‍ അതിനു പ്രാപ്തരാവുക? മോദിയുടെ ഹിന്ദു നാഷണലിസത്തെ നമ്മള്‍ മലയാളികള്‍ എങ്ങനെയാണ് നേരിടുന്നത്?

നമ്മുടെ അച്ചടി മാധ്യമങ്ങളില്‍ വരുന്ന ‘മോദി വിരുദ്ധ’ പ്രബന്ധങ്ങളുടെ സദുദ്ദേശം കിഴിച്ചാല്‍ നമുക്ക് കിട്ടുക നമ്മുടെ തന്നെ പ്രച്ഛന്നമായ വര്‍ഗ്ഗീയതയുടെ രാഷ്ട്രീയമാണ്. മോദിയുടെ ഹിന്ദു നാഷണലിസത്തെ നേരിടാന്‍ അപ്രാപ്തതമാണ് അത്. കേരളീയ രാഷ്ട്രീയ സമൂഹം കഴിഞ്ഞ അഞ്ചോ ആറോ ദശകങ്ങളായി ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഇടപെട്ടു കൊണ്ടിരിക്കുന്നത് ജനാധിപത്യത്തിന്റെ വിമോചന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടല്ല, മറിച്ച് സാമുദായികമായ സംഘാടനങ്ങള്‍കൊണ്ടാണ്. ആ സാമുദായികത, അതിന്റെ മൃദുകല്‍പ്പനകളില്‍, വര്‍ഗീയതയെ പരിപാലിക്കുന്നതാണ്. അഥവാ, ജനാധിപത്യത്തെ കുറിച്ചുള്ള ശരാശരി മലയാളിയുടെ പ്രാഥമികമായ അനുഭവം സമുദായാടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ട വിവിധ വര്‍ഗ്ഗീയതകളുടെ ഇടപെടലുകളാണ്. ഒരര്‍ത്ഥത്തില്‍. ഇത് ഇന്ത്യയുടെ തന്നെ പ്രത്യേക രാഷ്ട്രീയ പരിതസ്ഥിതി എന്ന് തോന്നും. കുറെ ശരിയുമാണ്. എന്നാല്‍, കേരളത്തിന്റെ സാമൂഹിക പരിസരം, വിവിധ ലോക സമൂഹങ്ങളിലേക്ക് പലവിധത്തില്‍ തുറക്കുമ്പോഴും, ജനാധിപത്യത്തെ ‘പുരോഗമനപരമായ അധികാര നിര്‍വ്വഹണം’ എന്ന അര്‍ത്ഥത്തില്‍ ഈ സമയത്തും കണ്ടെത്തിയില്ല എന്നത് നമ്മെ ഭയപ്പെടുത്തണം. ഹിന്ദു-മുസ്ലീം-കൃസ്ത്യന്‍ സമുദായത്തിലെ മേധാവിത്വ വര്‍ഗ്ഗം, (പൗരോഹിത്യവും രാഷ്ട്രീയ പ്രഭുത്വവും സമുദായ നേതൃത്വങ്ങളും ആണ് അത്) പ്രതിനിധീകരിക്കുന്ന ബലതന്ത്രത്തിലൂടെയാണ് കേരളത്തിലെ ഭരണ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത്. പൊതു സമൂഹമാകട്ടെ ഇതി ല്‍നിന്നും ഉദാസീനമായ ഒരകലം സൂക്ഷിക്കുന്നു, അല്ലെങ്കില്‍ അത് കക്ഷിരാഷ്ട്രീയ താല്‍പ്പര്യത്താല്‍ കലുഷമാണ്. മാത്രമല്ല, ജനാധിപത്യത്തെ സംശയിക്കുന്ന, ഇപ്പോഴും ‘അടവുനയ’മായി കാണുന്ന കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം നമ്മുടെ ബൗദ്ധിക മേഖലയില്‍ അത്രയും ഉള്ളതു കൊണ്ടാകും ആശയതലത്തില്‍ പോലും ജനാധിപത്യാന്വേഷണങ്ങള്‍ നടക്കാതെയും പോകുന്നു. അതു കൊണ്ടു തന്നെ, നരേന്ദ്ര മോദിയുടെ ഹിന്ദു ആധിപത്യ രാഷ്ട്രീയത്തിനെതിരെ ഫലപ്രദമായ ചെറുത്തു നില്‍പ്പുകള്‍ ഇവിടെ ഇല്ലാതെ പോകുന്നു. ഒരുപക്ഷേ, മോദിയുടെ രാഷ്ട്രീയത്തിന് അനുകൂലമായ ചില നീക്കങ്ങള്‍, സുപ്രീം കോടതിയുടെ ശബരിമലയിലെ സ്ത്രീ പ്രവേശ വിധിയെ തുടര്‍ന്ന്, നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളില്‍ ഉണ്ടായതും ഇങ്ങനെയൊരു പരിസരത്താണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ‘സ്വാമിയെ അയ്യപ്പാ!’ എന്ന ശബ്ദം ഉയരണം എന്ന് ‘പന്തളം കൊട്ടാരത്തിന്‍റെ വക്താവി’നെപ്പോലെ അവരും ആഗ്രഹിക്കുന്നു എന്ന് തോന്നുന്ന വിധത്തില്‍.karunakaran, election 2019

ജനാധിപത്യ ജീവിതത്തിന്റെ കാതലായ അംശം പൗരസമൂഹം സ്വാതന്ത്ര്യത്തോടു പുലര്‍ത്തുന്ന ഭയരഹിതമായ ആഭിമുഖ്യമത്രെ. മതവര്‍ഗ്ഗീയത പക്ഷേ ഇതിനെ പുറം തള്ളുന്നു. ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ടും മതസഹവര്‍ത്തിത്വത്തെ തകര്‍ത്തു കൊണ്ടും ‘ജനാധിപത്യത്തിന്‍റെ ഒത്താശ’യോടെ ബി ജെ പി നടത്തുന്ന ശ്രമങ്ങള്‍ ഇന്ത്യ എന്ന രാഷ്ട്രസങ്കല്‍പ്പത്തെത്തന്നെ വെല്ലുവിളിക്കുന്ന ഒരു ഘട്ടത്തിലൂടെ കടന്നു പോവുന്നു. ഒപ്പം, ഇന്ത്യയില്‍ പ്രബലമാവുന്ന മത സഹവര്‍ത്തിത്വത്തിന്‍റെ രാഷ്ട്രീയം, പാര്‍ട്ടികളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കും പുറത്ത്, വിശേഷിച്ചും ആര്‍ എസ് എസ് ഉയര്‍ത്തുന്ന രാഷ്ട്രീയാധിപത്യത്തിനെതിരെ, ജാഗരൂകമാവുന്ന ഒരു സന്ദര്‍ഭം ഇന്ന് ഇന്ത്യ മുഴുവന്‍ ഉണ്ട്. ദേശീയതകളുടെയും ദളിത്, മത ന്യൂനപക്ഷ വിഭാഗങ്ങളുടെ ചെറുത്തു നില്‍പ്പും ഇതിനൊപ്പം തന്നെയുണ്ട്. കേരളവും വേണ്ടത് ആ വഴി തിരഞ്ഞെടുക്കുകയാണ്. നാം വാക്ക് പറയുന്ന സ്യൂഡോ സെക്കുലറിസത്തിനും പുറത്താണ് അത്. ശബരിമല വിഷയത്തില്‍, ദളിത് സംഘടനകളുടെയും സ്ത്രീ സംഘടനകളുടെയും ഇടപെടലിനെ/രാഷ്ട്രീയത്തെ ഭരണം ഉപയോഗിച്ച് അകറ്റി നിര്‍ത്താന്‍ പാര്‍ട്ടിയും സര്‍ക്കാരും ശ്രദ്ധ പുലര്‍ത്തിയിരുന്നു എന്നും നമ്മള്‍ കണ്ടിരുന്നു. അപ്പോള്‍ പോലും, ഇന്ന് നമ്മുടെ മുമ്പിലുള്ള സുപ്രധാന കടമ, ആര്‍ എസ് എസിനെ സകലവിധ രാഷ്ട്രീയാധികാരത്തില്‍ നിന്നും അകറ്റുക എന്നു തന്നെയാണ്. അതിനുള്ള വഴികള്‍ കണ്ടെത്തുക എന്നു തന്നെയാണ്. ഒരാളെ ഒരു ‘രാഷ്രീയജീവി’യാക്കുന്നത് അയാളിലെ പ്രവര്‍ത്തിക്കാനുള്ള പ്രാപ്തിയെ പ്രതിയത്രേ, ‘faculty to act’ ആണത്. പൗരന്, തിരഞ്ഞെടുപ്പിന്റെ സമയത്ത് അത് വോട്ടാവകാശവുമാണ്.

കഴിഞ്ഞ ദിവസം എന്റെയൊരു ചങ്ങാതി അടുത്ത പൊതു തിരഞ്ഞെടുപ്പിലും നരേന്ദ്ര മോദിയാവുമോ വരുക എന്ന് ചോദിച്ചപ്പോള്‍, എന്‍റെ ഉള്ളിലും, നിരാശയുടെ ഒരു നിമിഷം മുങ്ങി താണു, ആഗ്രഹിക്കാത്ത ഒരു തോല്‍വി വീണ്ടും കണ്ടുമുട്ടിയ പോലെ.

ഞാന്‍ പറഞ്ഞു, അതൊരു സാധ്യത തന്നെയാണ്, നമ്മള്‍ ആഗ്രഹിക്കാതിരിയ്ക്കുമ്പോഴും.

അപ്പോഴും കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മള്‍ കണ്ട പ്രതിരോധം ഇനിയും ശക്തമാകാനേ തരമുള്ളൂ. ഇന്ത്യയും ലോകരാജ്യങ്ങളും, മനുഷ്യസമൂഹം തന്നെ, ജനാധിപത്യത്തെത്തന്നെയാണ് ഒടുവില്‍ തിരഞ്ഞെടുക്കുക എന്നും തീര്‍ച്ചയാണ്. അതൊരു വിശ്വാസമല്ല, മറിച്ച് ആവശ്യമാണ്. അധികാരവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രപരമായ പരിഹാരം എന്ന നിലയ്ക്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook