scorecardresearch
Latest News

ശൈഥില്യവും, ഏകോപനവും ഒരേസമയം സാധ്യമാവുന്ന സംഘപരിവാര്‍ രാഷ്ട്രീയം

മോദിയുടെ വിജയം എന്നു പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം അദ്ദേഹത്തിന്റെ പ്രതിയോഗികളുടെ പരാജയമെന്നു കൂടിയാണ്. മോദി വിജയിച്ചതുപോലെ പ്രധാനമാണ് എന്തുകൊണ്ടു അദ്ദേഹത്തിന്റെ പ്രതിയോഗികള്‍ പരാജയമടഞ്ഞുവെന്ന ചോദ്യവും

ശൈഥില്യവും, ഏകോപനവും ഒരേസമയം സാധ്യമാവുന്ന സംഘപരിവാര്‍ രാഷ്ട്രീയം

ജനാധിപത്യത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌ക്കാരമായി തെരഞ്ഞെടുപ്പുകളെ പ്രകീര്‍ത്തിക്കുന്നവയാണ് മുഖ്യധാരയിലെ രാഷ്ട്രീയവിശകലനങ്ങളില്‍ ഭൂരിഭാഗവും. ജനാധിപത്യത്തിന്റെ തുടക്കവും, ഒടുക്കവും തെരഞ്ഞെടുപ്പുകളില്‍ മാത്രമായി പരിമിതപ്പെടുത്തുന്ന ഈ സമീപനം ജനാധിപത്യഭാവനകളുടെ സമ്പുഷ്ടമായ വൈവിധ്യങ്ങളുമായി ഒട്ടും യോജിക്കുന്നതല്ല. തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങളുടെ ശബ്ദകോലാഹലങ്ങള്‍ മാത്രമായി ജനാധിപത്യത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ ലഘൂകരിക്കുന്നതാണ് ഇന്ത്യയിലെ ജനാധിപത്യഭാവനകള്‍ നേരിടുന്ന സുപ്രധാന ദുര്യോഗം.

ജയ പരാജയങ്ങളെപ്പറ്റിയുള്ള അവകാശവാദങ്ങളുടെ പരിമിതവൃത്തത്തിനുള്ളില്‍ നിന്നും പുറത്തകടക്കുകയാണ് ഈ സ്ഥിതിവിശേഷത്തെ തരണം ചെയ്യാനുള്ള മാര്‍ഗം. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങളെ ഈയൊരു കാഴ്ചപ്പാടില്‍ വിലയിരുത്തുമ്പോള്‍ പ്രധാനമായും വെളിവാകുന്നത് സാമൂഹികജീവിതത്തിന്റെ വിവിധമേഖലകളെപ്പറ്റിയുള്ള ക്രിയാത്മകവും, സര്‍ഗാത്മകവുമായ സംവാദസാധ്യതകളൊന്നുമില്ലാത്ത അടഞ്ഞ ഒരിടമാണ് തെരഞ്ഞെടുപ്പിന്റെ വേദിയെന്ന യാഥാര്‍ത്ഥ്യമാണ്.

മനുഷ്യരുടെ മാത്രമല്ല മറ്റു സസ്യ-ജീവജാലങ്ങളുടെയും നിലനില്‍പ്പിനുള്ള ആധാരമായ പ്രകൃതിയുടെ അതിജീവനമടക്കം വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടം അനിവാര്യമായും ആവശ്യപ്പെടുന്ന അടിയന്തരസ്വഭാവമുള്ള ഒരു വിഷയവും തെരഞ്ഞെടുപ്പുകളിലെ പ്രധാനസംവാദമാകാറില്ല. അടുത്ത അഞ്ചുകൊല്ലം അധികാരം കൈയ്യാളുന്നതിനുളള വമ്പിച്ച മുതല്‍മുടക്കു വേണ്ടിവരുന്ന വലിയ മാര്‍ക്കറ്റിംഗ് വ്യവഹാരമാണ് തെരഞ്ഞെടുപ്പുകളുടെ മുഖമുദ്ര. ഇന്ത്യയില്‍ മാത്രമല്ല ലോകമാകെയുള്ള തെരഞ്ഞെടുപ്പുകളുടെ സ്ഥിതിയും സമാനമാണ്.k p sethunath, election 2019, iemalayalam

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉള്ളടക്കവും, ആഖ്യാനവും നിര്‍ണ്ണയിക്കുന്നതും, സിനിമ-ടെലിവിഷന്‍ സീരിയലുകള്‍ പോലുള്ള ജനപ്രിയവിനോദകലകളുടെ ഉള്ളടക്കവും, ആഖ്യാനവും ഒരേ അച്ചില്‍ വാര്‍ത്തെടുത്ത ഉല്‍പ്പന്നങ്ങളാവുന്നതിന്റെ പശ്ചാത്തലമിതാണ്. ഇവ രണ്ടും തമ്മിലുള്ള സമാനത തിരിച്ചറിയുന്നതിനുള്ള രാഷ്ട്രീയ ജാഗ്രത പോലും നഷ്ടമാവുന്ന സാഹചര്യത്തിലാണ് നൂറു കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിന്റെ ദൈന്യത ജനമനസ്സുകളില്‍ നിന്നും പൂര്‍ണ്ണമായും തുടച്ചുനീക്കാനും, ഇരുളിന്റെ മറവില്‍ അയല്‍രാജ്യത്തേക്കു നടത്തിയെന്നു പറയുന്ന സൈനികകടന്നുകയറ്റം ജനങ്ങളുടെ അഭിമാനചിഹ്നമെന്ന രാഷ്ട്രീയ ആഖ്യാനമായി നിര്‍മിക്കപ്പെടാനു കഴിയുന്നത്.

ഉള്ളടക്കവും, ആഖ്യാനവും പൂര്‍ണ്ണമായും ഒരു മുഴുനീള രാഷ്ട്രീയവിനോദം (മാസ് പൊളിറ്റിക്കല്‍ എന്റര്‍ടൈന്‍മെന്റ്) മാത്രമായി പരിവര്‍ത്തനപ്പെടുന്നതിന്റെ ഉദാഹരണങ്ങളാണ് തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍. ജനപ്രിയ കലയുടെ ധര്‍മം രാഷ്ട്രീയത്തെ ലാവണ്യവല്‍ക്കരിക്കലാണെന്ന (ഏസ്‌തെറ്റിസൈസേഷന്‍ ഓഫ് പൊളിറ്റിക്‌സ്) വാള്‍ട്ടര്‍ ബഞ്ചമിന്റെ നിരീക്ഷണത്തെ ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പുകള്‍. പ്രചരണകലയാണ് അതിന്റെ ജീവനാഡി. നമ്മുടെ ദുരിതത്തെ നമുക്കുതന്നെ ആസ്വദിക്കുവാനാവുന്ന സൗന്ദര്യാനുഭൂതിയാക്കി മാറ്റുന്ന ജനപ്രിയകലയുടെ ഈ ആഖ്യാനതന്ത്രം ബി.ജെ.പി-യുടെയും, നരേന്ദ്ര മോദിയുടെയും വിജയത്തിന്റെ നിര്‍ണ്ണായകഘടകങ്ങളാണ്.

2019-ലെ തെരഞ്ഞെടുപ്പും അതിന്റെ നല്ല ഉദാഹരണമാണ്. ഏതൊരു സര്‍ക്കാരിന്റെയും കാര്യക്ഷമമായ പ്രവര്‍ത്തനത്തെ വിലയിരുത്തുന്നതിനുള്ള സാമ്പ്രദായികമായ അളവുകോലുകളനുസരിച്ച് കഴിഞ്ഞ 5-വര്‍ഷത്തെ മോദി ഭരണത്തിന് പാസ്സ് മാര്‍ക്ക് പോലും ലഭിക്കുമെന്നു തോന്നുന്നില്ല. പരിതാപകരമായ ഈ സ്ഥിതി രാഷ്ട്രീയ സംവാദമായി മാറാതിരിക്കുന്നതില്‍ മോദി നേടിയ അഭൂതപൂര്‍വമായ വിജയം പ്രചരണകലയുടെ ശക്തിയും, സ്വാധീനവും വെളിപ്പെടുത്തുന്നു. മോദിയുടെ വിജയം എന്നു പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം അദ്ദേഹത്തിന്റെ പ്രതിയോഗികളുടെ പരാജയമെന്നു കൂടിയാണ്. മോദി വിജയിച്ചതുപോലെ പ്രധാനമാണ് എന്തുകൊണ്ടു അദ്ദേഹത്തിന്റെ പ്രതിയോഗികള്‍ പരാജയമടഞ്ഞുവെന്ന ചോദ്യവും. പ്രചരണകലയുടെ വശ്യമായ പ്രലോഭനങ്ങള്‍ക്കപ്പുറം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന ചില ദീര്‍ഘകാലപ്രവണതകളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം വിശദീകരിക്കേണ്ടി വരും.election 2019,k p sethunath, iemalayalam
.
1947-മുതല്‍ 77-വരെയുള്ള മൂന്നു ദശകക്കാലം ഇന്ത്യയിലെ അധികാര രാഷ്ട്രീയത്തിന്റെ അധീശത്വം കോണ്‍ഗ്രസ്സിനായിരുന്നു. എല്ലാവര്‍ക്കും സുപരിചിതമാണ് ഈ വസ്തുത. പോസ്റ്റു-കൊളോണിയല്‍ കാലഘട്ടത്തിലെ കോണ്‍ഗ്രസ്സിന്റെ ഈ അധീശത്വം വലിയ തോതിലുള്ള വെല്ലുവിളികളൊന്നുമില്ലാതെ 77-വരെ തുടര്‍ന്നു. ദീര്‍ഘകാലത്തെ കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ വിവിധതലങ്ങളിലുള്ള സാമൂഹികശക്തികളുടെ സ്വാധീനം ഏറിയും, കുറഞ്ഞും പ്രകടമായിരുന്ന ഈ കാലഘട്ടത്തില്‍ നിര്‍ണ്ണായക സ്വാധീനം സാമ്പത്തിക ദേശീയതയുമായി (എക്കണോമിക് നാഷണലിസം) ബന്ധപ്പെട്ട സങ്കല്‍പ്പനങ്ങള്‍ക്കായിരുന്നു.

സ്വയം പര്യാപ്തതയും, ആസൂത്രണവും പോസ്റ്റ്-കൊളോണിയല്‍ ദേശരാഷ്ട്ര രൂപകല്‍പനയുടെ ആണിക്കല്ലുകളായിരുന്നു. അണക്കെട്ടുകളും, ഉരുക്കുനിര്‍മാണ ശാലകളും പുതിയ ഇന്ത്യയുടെ ക്ഷേത്രങ്ങളെന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ആത്മവിശ്വാസം സാമ്പത്തികദേശീയതയുടെ പിന്‍ബലത്തിലായിരുന്നു. ഇന്ത്യയിലെ പരമ്പരാതമായ സമൂഹിക അസമത്വങ്ങളും, ഉച്ചനീചത്വങ്ങളും പരിഹരിക്കുന്നതിനു മാത്രമല്ല ആഗോളമുതലാളിത്തത്തിന്റെ ചൂഷണപരമായ കെട്ടുപാടുകളില്‍ നിന്നും മുക്തമാവുന്നതിനും സാമ്പത്തികദേശീയത വഴിയൊരുക്കുമെന്ന വ്യാമോഹം നെഹ്രൂവീയെന്‍ സമന്വയത്തിന്റെ പിന്‍ബലത്തില്‍ അധികാരകുത്തക നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സിനെ പിന്തുണച്ചു. മുന്‍നിരമുതലാളിത്ത രാജ്യങ്ങളിലടക്കം നിലനിന്ന ക്ഷേമരാഷ്ട്ര സങ്കല്‍പ്പനങ്ങളും നയങ്ങളും അങ്ങനെയൊരു പ്രതീതി സൃഷ്ടിക്കുന്നതിന് സഹായകവുമായിരുന്നു. മുതലാളിത്തത്തില്‍ അന്തസ്ഥിതമായ സാമ്പത്തികയുക്തിയുടെ ഉരുക്കുനിയമങ്ങളില്‍ പെട്ടതോടെ സാമ്പത്തികദേശീയത മുന്നോട്ടുവയ്ച്ച വാഗ്ദാനങ്ങള്‍ 1960-കളില്‍ തന്നെ ജലരേഖകളായി.

1960-കളുടെ രണ്ടാം പകുതിയിലും, 70-കളിലും ഇന്ത്യ മുഴുവന്‍ അലയടിച്ച വൈവിധ്യങ്ങളായ പ്രക്ഷോഭണങ്ങളും, സമരങ്ങളും സാമ്പത്തിക ദേശീയത മുന്നോട്ടുവയ്ച വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിലെ പരാജയങ്ങളുടെ ഫലമായിരുന്നു. പോസ്റ്റ്-കൊളോണിയല്‍ ഇന്ത്യയിലെ ജനാധിപത്യഭാവനകളുടെ ചൈതന്യവത്തായ ആവിഷ്‌ക്കാരങ്ങളുടെ യഥാര്‍ത്ഥ പ്രതിഫലനങ്ങള്‍ ഈ സമരങ്ങളും, പ്രക്ഷോഭണങ്ങളുമായിരുന്നു. ജനാധിപത്യത്തിന്റെ ഈ ആവിഷ്‌ക്കാരങ്ങളെ ഭരണകൂടതലത്തില്‍ നിഷ്ഠൂരമായി നേരിടുന്നതിനാണ് കോണ്‍ഗ്രസ്സിന്റെ നേതൃത്വം തുനിഞ്ഞത്. ഭരണകൂടത്തിന്റെ ഈ സേച്ഛാധികാര പ്രവണതകള്‍ അടിയന്തരാവസ്ഥയോടെ അതിന്റെ പാരമ്യത്തിലെത്തി. 1960-70-കളിലെ രൂക്ഷമായ സമരങ്ങളും, പ്രക്ഷോഭണങ്ങളും ഉയര്‍ത്തിയ ജനാധിപത്യഭാവനകളുടെ വികാസത്തിന്റെ ഫലമായിരുന്നു കോണ്‍ഗ്രസ്സിന്റെ കുത്തകാധികാരത്തിന് അറുതിവരുത്തിയ 1977-ലെ തെരഞ്ഞെടുപ്പു ഫലം.election 2019, k p sethunath, iemalayalam,
.
പോസ്റ്റു-കൊളോണിയല്‍ ദേശരാഷ്ട്ര ഭരണകൂടത്തിന്റെ വാസ്തുഘടന സാമ്പത്തിക ദേശീയതയില്‍ നിന്നും സാംസ്‌ക്കാരിക ദേശീയതയുടെ (കള്‍ച്ചറല്‍ നാഷണലിസം) സങ്കല്‍പ്പനങ്ങളിലേക്കു വഴിമാറുന്നതാണ് 80-കള്‍ക്കു ശേഷമുള്ള രാഷ്ട്രീയത്തെ വ്യതിരിക്തമാക്കുന്നത്. സംഘപരിവാറിന്റെ എക്കാലത്തെയും തട്ടകമായിരുന്നു സാംസ്‌ക്കാരിക-ദേശീയത. സംഘപരിവാര്‍ കാലങ്ങളായി ഉന്നയിക്കുന്ന സാംസ്‌ക്കാരിക ദേശീയതയും, ദേശരാഷ്ട്ര ഭരണകൂടവും (പൊളിറ്റിക്കല്‍ സ്റ്റേറ്റ്) ഒരേ ബിന്ദുവില്‍ സംഗമിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിന്റെ ഉത്പന്നമാണ് മോദി പ്രതിഭാസം.  ഉത്തേജിപ്പിക്കുന്ന വ്യവഹാരം മാത്രമായി അനുഭവപ്പെടുന്ന തെരഞ്ഞെടുപ്പുകളെ ജനാധിപത്യത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌ക്കാരമായി പവിത്രവല്‍ക്കരിക്കേണ്ടതില്ല.

‘ലോഗ് മാര്‍ച്ചിലെ കര്‍ഷകന്റെ വിണ്ടുകീറിയ പാദങ്ങള്‍, രാഷ്ട്രീയതടവുകാരെ മുഴുവന്‍ വിട്ടയക്കാന്‍ പൊരുതുന്ന ഇനിയും ജീവിച്ചിരിക്കുന്ന പൗരാവകാശ പ്രവര്‍ത്തകര്‍, വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നവരുടെ സമരങ്ങള്‍, പുരുഷാധിപത്യനെതിരായ സ്ത്രീകളുടെ സമരങ്ങള്‍, പരിസ്ഥി സംരക്ഷണത്തിനു വേണ്ടിയുളള കൂട്ടായ്മകള്‍, സ്വന്തം ആവാസവ്യവസ്ഥ സംരക്ഷിക്കാന്‍ ജീവന്മരണ പോരാട്ടം നടത്തുന്ന ആദിമനിവാസികള്‍ തുടങ്ങിയ വൈവിധ്യങ്ങളായ പ്രക്ഷോഭണങ്ങള്‍ സാധ്യമാക്കുന്ന ജനാധിപത്യഭാവനകളായിരിക്കും സാംസ്‌ക്കാരിക ദേശീയതയുടെ മിഥ്യാടനകളില്‍ നിന്നും ജനമനസ്സുകളെ മോചിപ്പിക്കാന്‍ സഹായിക്കുക. തെരഞ്ഞടുപ്പു മാത്രമാണ് ഉദാത്തമായ ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഏകസാക്ഷ്യമെന്ന ധാരണ തിരുത്തന്നതിനും, നിരാശജനകമായ ഇപ്പോഴത്തെ സ്ഥിതി മറികടക്കുന്നതിനും വേണ്ടത് അത്തരമൊരു വീക്ഷണമാണ്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Lok sabha election 2019 narendra modi modi victory bjp congress