scorecardresearch
Latest News

വീണ്ടും ‘നിവാരണം’ ചെയ്യപ്പെടുന്ന കുഷ്ഠരോഗം: ഇന്ത്യനവസ്ഥയുടെ യാഥാർത്ഥ്യങ്ങൾ

“കുഷ്ഠരോഗം സംബന്ധിച്ച ഗവൺമെന്റ് വക വിവരങ്ങളുടെ വിശകലനം രാജ്യത്തെ എല്ലാ ആരോഗ്യവിദഗ്ധർക്കും ആശങ്കയുളവാക്കേണ്ട ഒരു പ്രത്യേക പ്രവണത വെളിപ്പെടുത്തിയിട്ടുണ്ട്” ആരോഗ്യ ഗവേഷകനായ ലേഖകന്റെ നിരീക്ഷണം

oommen c kurian

കുഷ്ഠരോഗം നിവാരണം ചെയ്യുന്നതിൽ ഇന്ത്യ 2005-ൽ ഔദ്യോഗികമായി വിജയിച്ചു- അതായത്, രോഗത്തിന്റെ നിരക്ക് (പ്രിവലെൻസ് റേറ്റ്) രാജ്യത്ത് 1/10000 -ൽ താഴെയാക്കി. എന്നിരുന്നാലും, കഴിഞ്ഞവർഷം പുറത്തിറങ്ങിയ ‘ദേശീയ ആരോഗ്യ നയം 2017-ൽ’ പത്തുവർഷം മുൻപേതന്നെ രാജ്യം കൈവരിച്ച കുഷ്ഠരോഗനിവാരണം വീണ്ടും ഒരു ദേശീയതല ലക്ഷ്യമാണ്.

ദേശീയനേതാക്കൾക്ക് ഇടയ്ക്കിടെയുള്ള ഈ കുഷ്ഠരോഗനിവാരണം ഒരു ഇഷ്ടവിഷയമാണ് – പ്രധാനമന്ത്രിയുൾപ്പെടെ അനേകം മന്ത്രിമാർ അതിനായി രാജ്യത്തോട് ആഹ്വാനം ചെയ്യുകതന്നെ പതിവുണ്ട്. ഇക്കഴിഞ്ഞമാസം,കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ 2018 ൽ രാജ്യം കുഷ്ഠത്തിൽ നിന്ന് രക്ഷനേടും എന്ന് പറഞ്ഞതായും വാർത്തയുണ്ട്. സംസ്ഥാനതലങ്ങളിലും ജില്ലാതലങ്ങളിലും ഉടനെയൊന്നും കുഷ്ഠരോഗനിവാരണം സാധ്യമല്ല എന്നിരിക്കെ, പിന്നെയും ദേശീയതലത്തിൽ “നിവാരണം” എന്ന നാടകം അരങ്ങേറുന്നു.

2016-17 കാലത്ത് പുതിയ 135485 കുഷ്ഠ രോഗികളെ കണ്ടെത്തിയതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. ഇതുപ്രകാരം രോഗനിരക്ക് ഇപ്പോൾ രാജ്യത്ത് 0.66/ 10000 എന്ന നിലയിലാണെങ്കിലും, ഇത് ദേശീയതലത്തിലെ യഥാർത്ഥ കുഷ്ഠരോഗബാധയെ വളരെക്കുറച്ചു കാണിക്കുന്നു എന്നകാര്യം ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

2008-2011ൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ സാമ്പിൾ സർവ്വേ അടിസ്ഥാനപ്പെടുത്തി ഓരോ വർഷവും ഇന്ത്യയിൽ 2,50,000 പുതിയ കുഷ്ഠരോഗ കേസുകൾ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അതിശയമെന്നു പറയട്ടെ ഈ ദേശീയതല സർവ്വേയുടെ ഫലങ്ങൾ ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല.

കുഷ്ഠരോഗം ബാധിച്ച വ്യക്തികൾക്കെതിരെ വിവേചനം ചെയ്യുന്ന അനവധി പ്രാകൃത നിയമങ്ങൾ ഇന്ത്യയിൽ ഇന്നുമുണ്ട് – ചില നിയമങ്ങൾ 2016 ൽ റദ്ദുചെയ്യപ്പെട്ടുവെങ്കിൽക്കൂടി.

കഴിഞ്ഞ കാലങ്ങളിൽ കുഷ്ഠരോഗത്തിനെതിരെ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. ആഗോളതലത്തിൽ 2000 ൽ തന്നെ കുഷ്ഠരോഗനിവാരണ ലക്ഷ്യം നേടിയതോടെ, 2005 ലെങ്കിലും ദേശീയതലത്തിൽ അതേ ലക്ഷ്യം നേടാൻ ഇന്ത്യയെപ്പോലെ ഉയർന്ന കുഷ്ഠരോഗനിരക്കുകളുള്ള മിക്ക രാജ്യങ്ങളിലും സമ്മർദ്ദം ഉണ്ടായിരുന്നു. ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കനുസരിച്ച് 10000 ജനസംഖ്യയിൽ 0.23 എന്നതാണ് ആഗോള കുഷ്ഠരോഗനിരക്ക്. 2017 ലെ നിലയ്ക്ക്, ഇന്ത്യ, ബ്രസീൽ, ഇന്തോനേഷ്യ എന്നിവ മാത്രമാണ് പ്രതിവർഷം 10,000 ഇൽ കൂടുതൽ പുതിയ കുഷ്ഠരോഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ലോകരാജ്യങ്ങൾ. 2017 ൽ ആഗോള തലത്തിൽ കണ്ടെത്തിയ 204686 പുതിയ രോഗികളിൽ 135485 പേരും ഇന്ത്യക്കാരായിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, മൂന്ന് പുതിയ ആഗോള കുഷ്ഠരോഗ കേസുകളിൽ രണ്ടെണ്ണം ഇന്ത്യയിലാണ് എന്നാണ് ഇന്നും ഔദ്യോഗിക കണക്കുകൾ പറയുന്നത്.

ഒരുപക്ഷേ, ബാഹ്യസമ്മർദ്ദങ്ങളുടെ ഭാഗമായി നടത്തിയ 2005 നിവാരണപ്രഖ്യാപനം, കുഷ്ഠരോഗത്തിനെതിരെ സർക്കാരിന്റെ ആരോഗ്യ പരിപാടി നടത്തിക്കൊണ്ടിരുന്ന “യുദ്ധത്തെ ‘’ സാരമായി ബാധിച്ചു എന്നാണ് പഠനങ്ങൾ പറയുന്നത്. കുഷ്ഠരോഗ നിർമാർജ്ജനത്തിന് ലഭ്യമായിരുന്ന പണത്തിന്റെ അളവ് കുറഞ്ഞു. രാജ്യത്തിന്റെ കുഷ്ഠരോഗനിവാരണ “പദവി’’ നിലനിർത്താനായി, രോഗികൾ രജിസ്റ്റർ ചെയ്യുന്നില്ല എന്നുറപ്പുവരുത്താൻ സർക്കാർ സംവിധാനം തന്നെ ശ്രമിച്ചു തുടങ്ങി.

കുഷ്ഠരോഗത്തിൽ നിന്നും സർക്കാർ സംവിധാനങ്ങളുടെ ശ്രദ്ധയും വിഭവങ്ങളും മറ്റു രോഗങ്ങളിലേക്കു മാറ്റപ്പെടുകയും ചെയ്തു. ആശ്ചര്യകരമെന്നോണം, 2005-നു ശേഷം വർഷാവർഷം ഇന്ത്യയിൽ കണ്ടെത്തപ്പെടുന്ന പുതിയ കുഷ്ഠരോഗികളുടെ എണ്ണം, ദേശീയ രോഗനിരക്കിനെ നിവാരണത്തിന് വേണ്ട പരിധിക്കുതാഴെ സുരക്ഷിതമായി നിലനിർത്തിക്കൊണ്ട്. 1.3 ലക്ഷത്തിനോടടുത്ത് മാത്രം കാണപ്പെട്ടു-

എന്നിരുന്നാലും, ഒബ്സർവർ റിസേർച് ഫൗണ്ടേഷൻ നടത്തിയ, കുഷ്ഠരോഗം സംബന്ധിച്ച ഗവൺമെന്റ് വക വിവരങ്ങളുടെ വിശകലനം രാജ്യത്തെ എല്ലാ ആരോഗ്യവിദഗ്ധർക്കും ആശങ്കയുളവാക്കേണ്ട ഒരു പ്രത്യേക പ്രവണത വെളിപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യസേവനങ്ങളിൽ നിന്നും ദൂരെമാറിയുള്ള അവികസിത പ്രദേശങ്ങളിൽ ഏറ്റവും പാർശ്വവത്കരിക്കപ്പെട്ടിരിക്കുന്ന, ദരിദ്രരായ ജനങ്ങളുടെ രോഗമായി മെല്ലെ മാറുകയാണ് കുഷ്ഠരോഗം .

കുഷ്ഠരോഗത്തിന്റെ വ്യാപനത്തെപ്പറ്റി വിശദവിവരങ്ങൾ ലഭ്യമല്ലെന്നിരിക്കിൽ ക്കൂടി, സന്ദർഭവശാൽ ആദിവാസികളെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2011 സെൻസസ് അനുസരിച്ച് ഇന്ത്യയിൽ 8.6% ആദിവാസികളാണുള്ളതെന്നിരിക്കെ, ഇന്ത്യയിലെ പുതിയ കുഷ്ഠരോഗബാധിതരിൽ 18.8% ആദിവാസികളാണ്. (ഗ്രാഫ് നോക്കുക) ഈ ശതമാനം അതിവേഗം വർധിക്കുകയുമാണ്- 2009 ൽ 13.9% ആയിരുന്നിടത്തുനിന്നാണ് 2017 ൽ 18.8% എന്ന ഭയാവഹമായ നിലയിലേക്കുള്ള മാറ്റം. മുൻപ് പറഞ്ഞപോലെ, ആകെ കേസുകളുടെ എണ്ണം ഈ കാലഘട്ടത്തിൽ ഏകദേശം ഒരേപോലെ തന്നെ തുടർന്നു.

leprosy graph in sc in india

ഗ്രാഫ്: ഇന്ത്യയിലെ പുതിയ കുഷ്ഠരോഗികളിൽ ആദിവാസികളുടെ (എസ്.ടി.) അനുപാതം Source: http://www.nlep.nic.in/data.html

സംസ്ഥാന തല ഡേറ്റ കൂടുതൽ ഭയാവഹമായ ഒരു ചിത്രത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഗുജറാത്ത് പോലെയുള്ള ചില സംസ്ഥാനങ്ങളിൽ ഒരു “ആദിവാസികളുടെ രോഗ” മായി കുഷ്ഠരോഗം മാറാനുള്ള സാധ്യതയേറെയാണ്. ഗുജറാത്തിൽ, സംസ്ഥാന ജനസംഖ്യയുടെ 14.8 % മാത്രം വരുന്ന ആദിവാസികൾ പുതിയ കുഷ്ഠരോഗികളിൽ 64.9 % വരുന്നു . മധ്യപ്രദേശിലെ ആദിവാസികൾ (21 %) സംസ്ഥാനത്ത് പുതിയ കുഷ്ഠരോഗ കേസുകളിലെ 39.4 % ത്തോളമാണുള്ളത് . 10% ആദിവാസികളുള്ള മഹാരാഷ്ട്രയിൽ 23.7% പുതിയ കുഷ്ഠരോഗികളും ആദിവാസികളാണ്. . സംസ്ഥാനത്തെ ജനസംഖ്യയിൽ 5.8 ശതമാനം മാത്രമുള്ള ആദിവാസികൾ പശ്ചിമബംഗാളിൽനിന്നുള്ള റിപ്പോർട്ട് പ്രകാരം ആകെ പുതിയ കുഷ്ഠരോഗ കേസുകളിലെ 20.3 % വരുന്നു. 31.8 % ആദിവാസികളുള്ള ത്രിപുരയിലും, 52 % ആദിവാസികളുള്ള ദാദ്ര, നാഗർഹവേലി യിലും യഥാക്രമം 64.%, 98.2% പുതിയ കുഷ്ഠരോഗികൾ ആദിവാസി സമൂഹത്തിൽപ്പെടുന്നു.

കേരളത്തിൽ​കുഷ്ഠരോഗനിരക്ക് ദേശീയശരാശരിയായ 0.66/ 10000 -ഇനെക്കാളും വളരെത്താഴെ 0.17 / 10000 ആണ്, എന്നാൽ, വെറും 1.45% മാത്രം ആദിവാസികളുള്ള കേരളത്തിൽ കുഷ്ഠരോഗം ബാധിച്ചവരിൽ​ 6.45% ആദിവാസികളാണ്. കുഷ്ഠരോഗത്തെ സൗഖ്യമാക്കാനുള്ള വഴികൾ ലളിതവും മരുന്നുകൾ പൊതുമേഖലയിൽ ലഭ്യവും ആണെന്നിരിക്കെ, ഈ രോഗം ഇന്നും ഒരു പ്രധാന പൊതുജനാരോഗ്യപ്രശ്നമായി തുടരുന്നു എന്നത് നമ്മുടെ ദേശീയ-സംസ്ഥാന ആരോഗ്യ നയങ്ങളിലും അവയുടെ നടപ്പാക്കലിലുമുള്ള നൈതിക മൂല്യങ്ങളുടെ അപര്യാപ്തതയെ കാണിക്കുന്നു.

ഇത് നമ്മുടെ ദേശീയ-സംസ്ഥാന ആരോഗ്യ നയങ്ങളിലും അവയുടെ നടപ്പാക്കലിലുമുള്ള നൈതിക മൂല്യങ്ങളുടെ അപര്യാപ്തതയെ കാണിക്കുന്നു. 80 ശതമാനത്തിലധികം ആദിവാസികളുള്ള ഗുജറാത്തിലെ താപി (Tapi ) ജില്ലയിൽ നിന്നുള്ള സർക്കാർ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കുഷ്ഠരോഗനിരക്ക് 2010 ൽ 9.37/ 10000 ആയിരുന്നത് 2014 ൽ 17.16/ 10000 ആയി വർധിച്ചതായി വ്യക്തമാണ്. പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും കണ്ണുകളിൽ നിന്നും അകന്നു കിടക്കുന്ന ഒരു ജനസമൂഹം നേരിടുന്ന ഈ അടിയന്തര സാഹചര്യത്തിന് മതിയായ ശ്രദ്ധ കൊടുക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നതും ഇതിൽനിന്ന് വ്യക്തമാണ്.

2010-ൽ 5/10000 ത്തിൽ കൂടുതൽ കുഷ്ഠരോഗനിരക്കുള്ള ഒരൊറ്റ ജില്ലപോലും ഇല്ലായിരുന്ന ഇന്ത്യയിൽ 2017 ആയപ്പോഴേക്കും അങ്ങനെ നാലുജില്ലകളാണുള്ളത്. ഒരുകാലത്തു രാജ്യം കുഷ്ഠരോഗത്തിനെതിരെ കൈവരിച്ച മുന്നേറ്റങ്ങൾ നഷ്ടമാകുന്ന അവസ്ഥയാണ് രാജ്യത്തിന്റെ പലഭാഗങ്ങളിലുമുള്ളത്. 2017 ലെ സർക്കാർ ഡേറ്റ അനുസരിച്ച് 128 ജില്ലകൾ 1/10000 ത്തിൽ കൂടുതൽ രോഗനിരക്ക് റിപ്പോർട് ചെയ്യുന്നു. (പതിനായിരം പേരിൽ ഒരാൾ എന്ന നിരക്കിൽ) അവയിലെ 53 ജില്ലകളാവട്ടെ 2 /10000 ത്തിൽ കൂടുതൽ രോഗനിരക്കാണ് റിപ്പോർട് ചെയ്യുന്നത്. 2010 ൽ 2 /10000 ത്തിൽ കൂടുതൽ രോഗനിരക്ക് റിപ്പോർട് ചെയ്തത് വെറും 20 ജില്ലകളായിരുന്നു എന്ന് ഓർക്കേണ്ടതുണ്ട്.

Read In English: A silent emergency

ഗുജറാത്ത് ( അഞ്ച് ജില്ലകൾ), ജാർഖണ്ഡ് (മൂന്ന് ജില്ലകൾ), മധ്യപ്രദേശ് (രണ്ട് ജില്ലകൾ), മഹാരാഷ്ട്ര (ആറ് ജില്ലകൾ), പശ്ചിമബംഗാൾ (ആറ് ജില്ലകൾ), ബിഹാർ (നാല് ജില്ലകൾ), ഒഡീഷ (എട്ട് ജില്ലകൾ), ഛത്തീസ്ഗഡ് (15 ജില്ലകൾ) ദാദ്ര നാഗർ ഹവേലി (ഒരു ജില്ല), ലക്ഷദ്വീപ് (ഒരു ജില്ല), ഡൽഹി (രണ്ട് ജില്ലകൾ) എന്നിവയാണ് 2017 ൽ 2 /10000 ത്തിൽ കൂടുതൽ രോഗനിരക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിശദമായ ഡേറ്റ ലഭ്യമല്ല എന്നിരിക്കെത്തന്നെ ഈ ലിസ്റ്റിലെ മിക്ക ജില്ലകളിലും ഗണ്യമായ ആദിവാസി ജനസംഖ്യ ഉണ്ടായേക്കാം എന്ന് കരുതുന്നതിൽ തെറ്റില്ല.

ന്യൂഡൽഹിയിൽ  ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷനിലെ ആരോഗ്യനയ ഗവേഷകനാണ് ലേഖകൻ

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Leprosy cases in india in adivasis