Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

ചിപ്പിലൊതുക്കപ്പെട്ട ജീവിതങ്ങളുടെ ചെപ്പിലൊതുക്കിയ ആവിഷ്‌കാരം

പുതു പ്രവാസത്തിന്റെ പശ്ചാത്തലത്തിൽ​ ഉത്തരാധുനികലോകത്തിലെ അനുഭവപ്രകൃതിയാണ് കെ വി പ്രവീണിന്റെ കഥകൾ അടയാളപ്പെടുത്തുന്നത്

pk rajasekharan, kv praveen, short sotry,

ഉത്തരാധുനിക മലയാളചെറുകഥ അപരിചിതമായ ഭൂപ്രകൃതികളും സ്വത്വങ്ങളും വാഗ്ദാനം ചെയ്യുന്നു, പരിചിതങ്ങൾക്കൊപ്പം. സ്ഥലം, പശ്ചാത്തലം തുടങ്ങിയവ വ്യക്തമാക്കുന്ന ഭൂപ്രകൃതിയെന്ന ആലങ്കാരികസംജ്ഞയെത്തന്നെ പ്രശ്‌നഭരിതമാക്കുന്ന തരത്തിലുള്ള ആ വ്യത്യസ്തതയാണ് അതിന്റെ അടയാളങ്ങളിലൊന്ന്. നിലവിലുള്ള സ്ഥലകാലങ്ങളെയും അവയെ ആശ്രയിച്ചുനിൽക്കുന്ന സ്വത്വഭാവനയെയും പുനർരൂപവത്കരിക്കുകയും പുനരെഴുതുകയുംചെയ്യുന്ന ബഹുലസ്വഭാവമുള്ള എഴുത്താണത്. ഉത്തരാധുനിക മലയാള സമൂഹത്തിന്റെയും മലയാളസാഹിത്യത്തിന്റെയും സ്വഭാവമായ ആ അപരിചിതഭൂപ്രകൃതിയെ, അല്ലെങ്കിൽ സ്ഥലകാലസമ്മിളിതത്തെ ആഖ്യാനപ്പെടുത്തുന്നവയാണ് കെ.വി. പ്രവീണിന്റെ ചെറുകഥകൾ, നോവലുകളെപ്പോലെ. കേരളത്തിൽ ജീവിക്കുന്ന മലയാളിക്കു മാത്രമല്ല, മലയാളം വായിക്കുന്ന എവിടെയുമുള്ള മലയാളിക്കു മുന്നിലും കേരളത്തിനും ഇന്ത്യക്കും പുറത്തുജീവിക്കുമ്പോഴും മലയാളിയായിരിക്കുന്ന കേരളീയർ സമകാലികാവസ്ഥയിൽ അനുഭവിക്കുന്ന പുതിയ ഭൂപ്രകൃതിയുടെയും സ്വത്വത്തിന്റെയും ഉത്തരാധുനികാനുഭവം നിവേദിക്കുന്നവയാണ്. അതത്രയുമുൾക്കൊണ്ട് ‘ഓർമച്ചിപ്പി’ലെ ചെറുകഥകൾ നിവേദിക്കുന്നു. മലയാളസാഹിത്യത്തിന്റെ പുതിയ അനുഭവപ്രകൃതിയാണിത്.

p k rajasekharan, kv praveen, malayalam story

വാക്കുകളുടെ വാച്യാർഥത്തെയും രൂഢിയും യോഗവും യോഗരൂഢിയുമായ അർഥവ്യാപാരങ്ങൾ സൃഷ്ടിക്കുന്ന വിവക്ഷിതത്തെയും സന്ദിഗ്ധമാക്കുന്നവയാണ് പുതിയ കാലവും സാങ്കേതികവിദ്യയും ലിംഗഭാവനയും തൊഴിൽജീവിതവും മനുഷ്യസഞ്ചാരരീതികളും. ഈ വാച്യാർഥസന്ദിഗ്ധത ഉത്തരാധുനിക മലയാളചെറുകഥയെയും നോവലിനെയും വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ പലതരം പരിമിതികൾ സൃഷ്ടിക്കുന്നുവെന്ന് ഏറ്റുപറയാതിരിക്കാൻ നിവൃത്തിയില്ല. ഉത്തരാധുനിക ചെറുകഥയെയോ നോവലിനെയോ മുൻനിർത്തി പ്രകൃതി, ഭൂപ്രകൃതി എന്നീ സംജ്ഞകൾ പ്രയോഗിക്കുമ്പോൾ ആ പ്രതിസന്ധിയുണ്ട്. ശബ്ദവ്യാപാരങ്ങളായ രൂഢിയോ യോഗമോ കൊണ്ടുറച്ച അർഥങ്ങളല്ല അവയ്ക്ക് ഉത്തരാധുനികരചനയിൽ വന്നുപെട്ടിരിക്കുന്നത്. ഓർമ എന്ന ശാരീരികക്രിയയെയും (മൈക്രോ) ചിപ്പ് എന്ന മനുഷ്യശരീരേതരമായ വസ്തുവിനെയും കൂട്ടിയിണക്കി സൃഷ്ടിക്കുന്നതിനാൽ, ഭാഷയിലെ പരമ്പരാഗത ശബ്ദാർഥവ്യാപാരസങ്കല്പപ്രകാരം പൊരുത്തക്കുറവ് ആരോപിക്കാവുന്ന ‘ഓർമച്ചിപ്പ്’ എന്ന പദസംയുക്തം ശീർഷകമായി സ്വീകരിച്ചിട്ടുള്ള ഈ ചെറുകഥാസമാഹാരത്തിലെ രചനകളുടെ സ്ഥല/പശ്ചാത്തലവും സ്വത്വാനുഭവാവിഷ്‌കാരവും മനുഷ്യഭൂമിശാസ്ത്രവും സൂചിപ്പിക്കാൻ സൗകര്യപ്രദമായി ഉപയോഗിക്കുന്ന സംജ്ഞകളാണ് പ്രകൃതിയും ഭൂപ്രകൃതിയും. ഭൂമിശാസ്ത്രപരമായ കേവലാർഥത്തിൽ മാത്രമല്ല അവ മനസ്സിലാക്കേണ്ടത്. ഭൂമിശാസ്ത്രപ്രരമായി കേരളീയമായ സ്ഥലങ്ങളോ ഭൂപ്രകൃതിയോ അല്ല ‘ഓർമച്ചെപ്പി’ലെ കഥകളിലുള്ളത്. എന്നാൽ, അകേരളീയമായ ആ ഭൂപ്രകൃതിയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളോ, വ്യത്യസ്തതകളോ ചരിത്രമോ ‘ഓർമച്ചിപ്പി’ലെ കഥകളിലെ കഥാപാത്രങ്ങളിൽ ഗൃഹാതുരത്വമോ അന്യത്വബോധമോ സൃഷ്ടിച്ച് അവരുടെ ജീവിതത്തെയും സ്വത്വാനുഭവത്തെയും വികാരനിർഭരമാക്കുന്നില്ല.

ഇന്ത്യയിലെ മറുനാടൻപട്ടണങ്ങളിലെയും പട്ടാളത്താവളങ്ങളിലെയും തൊഴിലിടങ്ങളിലെയും മലയാളിജീവിതം പശ്ചാത്തലമാക്കിയ ചെറുകഥകളിൽ മുൻതലമുറകളിലെ എഴുത്തുകാർ ആ ഭൂപ്രകൃതികളിലെ അപരിചിതാനുഭവലോകത്തിനും അവിടത്തെ അന്യത്വംനിറഞ്ഞ ജീവിതത്തിനും സ്വദേശത്തോടുള്ള ഗൃഹാതുരത്വത്തിനും നൽകിയ ഇതിവൃത്തപരവും വൈകാരികവുമായ വിശേഷപ്രാധാന്യം ഈ കഥകളിൽ കാണാനാവില്ല. ഗ്രാമം/നഗരം, നാട്/മറുനാട്, ദേശം/രാഷ്ട്രം, സ്വദേശവാസം/പ്രവാസം തുടങ്ങിയ വിരുദ്ധദ്വന്ദ്വങ്ങളിലൂടെ മലയാളിയുടെ സ്വത്വാനുഭവസംഘർഷങ്ങൾ ആവിഷ്‌കരിച്ച ആ രചനാപാരമ്പര്യങ്ങളിൽ ജീവിക്കുന്ന ഭൂപ്രകൃതിയും ജീവിതാഖ്യാനവും തമ്മിലുണ്ടായിരുന്ന വൈകാരികമായ ബന്ധവും ‘ഓർമച്ചിപ്പി’ലെ കഥകളിലില്ല. മറിച്ച്, ആ പരമ്പരാഗതരീതികളുമായൊന്നും ബന്ധപ്പെടാത്ത, അല്ലെങ്കിൽ, അത്തരം ആഖ്യാനകങ്ങളിലെ വൈകാരികതകളൊന്നും പിന്തുടരാത്ത/അനുഭവിക്കാത്ത മറ്റൊരുതരം ഭൂപ്രകൃതി അല്ലെങ്കിൽ, അനുഭവപ്രകൃതി സ്വാഭാവികപശ്ചാത്തലമായി സ്വീകരിച്ചുകൊണ്ടാണ് പ്രവീണിന്റെ കഥകൾ എഴുതപ്പെട്ടിരിക്കുന്നത്. സ്വ(ത്വ)പ്രകൃതിയും അന്യപ്രകൃതിയും തമ്മിലുള്ള, അല്ലെങ്കിൽ, സ്വദേശവാസവും പരദേശവാസവും തമ്മിലുള്ള വ്യത്യസ്തതയിൽ ഭൂപ്രകൃതിപരമോ ദേശപരമോ ആയ ഭിന്നത/അകൽച്ച/പ്രവാസിതകൾ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ ആഖ്യാനത്തിലും കഥാപാത്രങ്ങളിലും തീവ്രമായിത്തീർന്ന് കേരളീയ/മലയാളി വായനക്കാരെ സ്വത്വവ്യസനങ്ങളും പരദേശ/പ്രവാസിത്വവേദനകളുംവഴി കാല്പനികത്വത്തോളമെത്തുന്ന തന്നാട്ടുബോധത്തിലെത്തിച്ചിരുന്ന മുൻതലമുറകളുടെ കഥാഖ്യാനരീതിയിൽനിന്നു വിടപറഞ്ഞ, അല്ലെങ്കിൽ, വേർപെട്ടുപോയ പരദേശവാസിയായ എഴുത്തുകാരന്റെ അതുമല്ലെങ്കിൽ, ആ ദേശ/സ്വത്വാനുഭവത്തിൽനിന്നു വേർപെടുത്തപ്പെട്ട കേരളീയ/മലയാളിയുടെ പുതിയദേശ/ലോക/സ്വത്വ/പ്രവാസാനുഭവങ്ങളും ബോധവുമാണ് ഈ കഥകൾ ആഖ്യാനംചെയ്യുന്നത്. ഇതിനെ വിശ്ലഥമലയാളിയുടെ കഥാഖ്യാനമെന്നുവിളിക്കാനാണ് എനിക്കു താത്പര്യം. ഉത്തരാധുനിക കല്പിതകഥാസാഹിത്യത്തിന്റെ സ്വഭാവങ്ങളിലൊന്നാണിത്.

Read More : സാങ്കേതികതയുടെ നവലോകക്രമം

ഉത്തരാധുനികകാലത്തിന്റെ കർത്തൃത്വങ്ങളിലൊന്നാണ് ഈ വിശ്ലഥമലയാളി. ‘ഓർമച്ചിപ്പ്’ പ്രതിനിധാനംചെയ്യുന്ന അനുഭവലോകം മനസ്സിലാകണമെങ്കിൽ ആ കർത്തൃത്വത്തെ വിശദീകരിച്ചേ പറ്റൂ. പാരമ്പര്യത്തിലും പരിചിതത്തിലുംനിന്നു വ്യത്യസ്തനായ, ആ മലയാളിയെ (ഇന്ത്യക്കാരനെയും) സൃഷ്ടിച്ചത് സമീപഭൂതകാലത്തിലാരംഭിച്ച് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ലോകസാഹചര്യമാണ്. പുത്തൻസാമ്പത്തികക്രമം, രാജ്യാതിർത്തികൾ ബാധകമല്ലാത്ത മൂലധനപ്രവാഹം, വിവരസാങ്കേതികവിദ്യ, പുത്തൻഭൗമരാഷ്ട്രീയം തുടങ്ങിയവയും അവയിലെ മേൽക്കോയ്മകളുംചേർന്നു സൃഷ്ടിച്ച ആ ലോകസാഹചര്യത്തിന്റെ ഉത്പന്നമാണ് ഭിന്നിതനെന്നും ഭിന്നദേശവാസിയെന്നും നാട്ടിൽപാർക്കാത്ത ഇന്ത്യക്കാരനെന്നുമൊക്കെ വിളിക്കാവുന്ന വിശ്ലഥമലയാളി. പഴയ മറുനാടൻമലയാളിയിൽനിന്നും അക്കരെയക്കരെപ്പോയ വെറും തൊഴിലാളിയിൽനിന്നും വ്യത്യസ്തനായ ഒരു തൊഴിൽപ്രവാസി; വിദഗ്ധത്തൊഴിലാളി. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുണ്ടായ ആ വിദഗ്ധത്തൊഴിലാളി/പുതുപ്രവാസിമലയാളിയുടെ അനുഭവലോകമാണ് ‘ഓർമച്ചിപ്പി’ൽ പ്രവീൺ ആവിഷ്‌കരിക്കുന്നത്.

k.v. praveen, p.k. rajasekharan, short story,

മലയാളിയുടെ പ്രവാസിജീവിതം മലയാളസാഹിത്യത്തിൽ പ്രകാശിതമാകാൻ തുടങ്ങിയിട്ട് മഷിപ്പതിറ്റാണ്ടുകൾ പലതായി. തൊഴിലുമായിബന്ധപ്പെട്ട ഭാഗ്യാന്വേഷണത്തിന്റെ ഹ്രസ്വമോ ദീർഘമോ ആയ ഒരു കാലയളവ് പരദേശത്തുവസിച്ച് പിന്നീട് നാടും കുടുംബബന്ധങ്ങളുമുണ്ടാക്കുന്ന ഗൃഹാതുരത്വത്തിന്റെ തീവ്രതയാൽ മടങ്ങിയെത്തുന്ന തൊഴിൽപ്രവാസിയുടെ കഥയാണ് മലയാളിയുടെ പ്രവാസചരിത്രത്തിന്റെ മുഖ്യഭാഗവും. വളരെക്കുറച്ചേയുള്ളൂ ഇന്ത്യക്കുപുറത്തു കുടിയേറിവേരുറപ്പിച്ചവർ. നാട്ടിൽ തിരിച്ചെത്തുന്ന തൊഴിൽപ്രവാസിയുടെ ആ ചരിത്രത്തിന്റെ ഭൂപ്രകൃതിയിൽ ഇന്ത്യയിലെ മറുനാടൻനഗരങ്ങളും മലയാനാടുകളും യൂറോപ്പും അമേരിക്കയും പശ്ചിമേഷ്യൻനാടുകളു (നമ്മുടെ ഗൾഫ്!) മൊക്കെയുണ്ട്. ആ തൊഴിൽപ്രവാസിയുടെ നൊമാഡിസത്തിന്റെ ചിത്രം മലയാളനോവലിന്റെയും ചെറുകഥയുടെയും ആരംഭംതൊട്ടുതന്നെ കാണാം. തൊഴിൽതേടി മറുനാടൻനഗരം പൂകുന്ന ‘ഇന്ദുലേഖ’യിലെ മാധവനിൽനിന്നുതുടങ്ങുന്നു അവരുടെ വംശാവലി.

അതിൽനിന്നു വ്യത്യസ്തമായ, ഭിന്നമെന്നുതന്നെ പറയാവുന്ന (‘ഭിന്നഃ = പിളർന്ന; മുറിഞ്ഞ; കൂടിക്കലർന്ന; തമ്മിൽച്ചേർന്ന; അന്യൻ’ എന്ന് സംസ്‌കൃതനിഘണ്ടുക്കൾ) സമകാലികരൂപമാണ്, അല്ലെങ്കിൽ, സമീപഭൂതകാലംതൊട്ടുള്ള രൂപമാണെന്നുപറയാവുന്നതാണ് വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുള്ള പ്രവാസജീവിതം. കമ്പ്യൂട്ടർഅധിഷ്ഠിത വിവരസാങ്കേതികവിദ്യയിൽ വിദഗ്ധരായ അനേകംപേർ പുത്തൻ സാമ്പത്തികക്രമത്തിന്റെയും വ്യാപാര-വാണിജ്യ-തൊഴിൽക്രമത്തിന്റെയും ഭാഗമായി സമീപഭൂതകാലദശകങ്ങൾതൊട്ട് കേരളത്തിൽനിന്ന് പാശ്ചാത്യ (മുഖ്യമായും ഇംഗ്ലിഷധിഷ്ഠിത ഭാഷാവിനിമയത്തിന്റെ) ലോകത്തേക്കു കടന്നുപോയിട്ടുണ്ട്. പഴയ തൊഴിൽപ്രവാസത്തിൽനിന്നു വ്യത്യസ്ത/ഭിന്നമായ പ്രവാസപ്രകൃതിയാണ് ആ വിദഗ്ധത്തൊഴിലാളിവിഭാഗത്തിന്റേത്. പഴയ വർഗസങ്കല്പങ്ങളിലും സാഹിത്യാവിഷ്‌കാരങ്ങളിലും പ്രത്യക്ഷപ്പെട്ട തൊഴിലാളിയെയും പ്രവാസനുഭവത്തെയും മുൻനിർത്തി സാമാന്യവത്കരിക്കാനാവാത്ത വിശ്ലഥമലയാളിയാണ് ഈ നവപ്രവാസി.
അവരുടെ വിശ്ലഥലോകത്തിലാണ് പ്രവീണിന്റെ കഥകളിൽ നാം. വിവരസാങ്കേതികവിദ്യയുടെ സങ്കീർണപ്രക്രിയകളെപ്പറ്റിയോ യാഥാർഥ്യത്തിനു സമാന്തരമായ പ്രതീതിയാഥാർഥ്യത്തെപ്പറ്റിയോ നെറ്റ്‌വർക്കുകളുടെ വിഭ്രമലോകത്തെപ്പറ്റിയോ അല്ല ‘ഓർമച്ചിപ്പി’ലെ കഥകൾ സംസാരിക്കുന്നത്. പാശ്ചാത്യലോകത്തെ ആ പ്രവാസജീവിതവും തൊഴിൽ ജീവിതവും കർത്തൃത്വങ്ങളിലും വ്യക്തിത്വങ്ങളിലും സ്വത്വങ്ങളിലും കുടുംബബന്ധങ്ങളിലും സൃഷ്ടിക്കുന്ന പിളർപ്പുകളും വ്യതിരേകങ്ങളും അവയുടെ ഫലമായ വൈകാരികസംഘർഷങ്ങളും സ്വീകരിക്കാതിരിക്കാൻ നിവൃത്തിയില്ലാത്ത മാതൃകാവ്യതിയാനങ്ങളുമാണ് പ്രവീണിന്റെ ആഖ്യാനമേഖല. മാളുകൾ, എക്‌സ്പ്രസ് വേ, പുതുമതവിശ്വാസവേദികൾ, തലച്ചോറിൽ മെമ്മറിചിപ്പുകൾ വച്ചുപിടിപ്പിക്കുന്ന ആശുപത്രികൾ, രാപകൽഭേദമില്ലാതെ യന്ത്രസമാനം പ്രവർത്തിക്കുന്ന കമ്പ്യൂട്ടർസാങ്കേതികവിദ്യാസ്ഥാപനങ്ങൾ, കോമിക്കുകൾ, കമ്പ്യൂട്ടർ ഗെയിമുകൾ, ഹാക്കിങ്, ഇൻഷുറൻസില്ലെങ്കിൽ നരകം മാത്രമായിത്തീരുന്ന നിത്യജീവിതം, എളുപ്പംമുറിയുന്ന ദാമ്പത്യബന്ധങ്ങൾ തുടങ്ങിയവയുടെ ഭൂപ്രകൃതിയിൽ അടയാളപ്പെട്ടുകഴിഞ്ഞ അവിടത്തെ വിശ്ലഥസ്വത്വങ്ങളെ പ്രവീൺ ആഖ്യാനവും അനുഭവപരിചയവുംകൊണ്ടു പിന്തുടരുന്നു. അപരിചിതത്വസ്വത്വങ്ങളുടെയും ഭൂപ്രകൃതികളുടെയും ആ ലോകമാണ് ‘ഓർമച്ചിപ്പി’ലെ കഥകൾ; ചിപ്പിലൊതുക്കപ്പെട്ട ജീവിതങ്ങളുടെ ചെപ്പിലൊതുക്കിയ ആവിഷ്‌കാരങ്ങൾ.

അപരിചിതപ്രകൃതികളും സ്വത്വങ്ങളും വാഗ്ദാനംചെയ്യുന്ന ഈ കഥകൾ വായിക്കാനിരിക്കുന്നവരോട് അവയുടെ കഥാസാരം വിവരിച്ചു വിശദീകരിക്കുകയെന്ന അരസികത്വത്തലേക്കു ഞാൻ കടക്കുന്നില്ല. എന്നാൽ, മലയാളത്തിലെ സമകാലികചെറുകഥ ഇതുവരെയും തേടിയിട്ടില്ലാത്ത അനുഭവ(ഭൂ)പ്രകൃതി ആവിഷ്‌കരിച്ചുകൊണ്ട് ഉത്തരാധുനികകഥാഖ്യാനത്തിൽ ഒരു ഭിന്നത സൃഷ്ടിക്കാൻ ‘ഓർമച്ചിപ്പി’ൽ പ്രവീൺ നടത്തുന്ന ശ്രമത്തോട് ആഭിമുഖ്യമുള്ളതുകൊണ്ട് അതിനെ വിശദീകരിക്കാതെ വയ്യെന്ന് ഈ ഭാവുകത്വവിച്ഛേദത്തെ തുടക്കംതൊട്ടുതന്നെ പിൻതുടരുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന സാഹിത്യവിമർശകനെന്ന നിലയിലുള്ള ഉത്തരവാദിത്വബോധം എന്നെ നിർബന്ധിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യവർഷങ്ങളിലും ഈ നൂറ്റാണ്ടിന്റെ ആരംഭവർഷങ്ങളിലുമായി സൈബർലോകത്തെയും വിവരസാങ്കേതികവിദ്യയുടെ സാധ്യതകളെയും ആദ്യമായി അഭിമുഖീകരിക്കുമ്പോൾ മലയാളചെറുകഥയും നോവലും ആവിഷ്‌കരിച്ച അനുഭവപ്രപഞ്ചമല്ല ഒന്നരപ്പതിറ്റാണ്ടിനുശേഷം, നാം വലയ്ക്കുള്ളിലും ആപ്പുകളിലും ജീവിതം ശീലിച്ചുകഴിഞ്ഞിരിക്കുന്ന ഇക്കാലത്ത് ഉത്തരാധുനികതലമുറയിലെതന്നെ ഇളമുറക്കാരനായ പ്രവീൺ എഴുതുന്നത്. സാങ്കേതികവിദ്യ നൽകുന്ന അതിപൂരിത യാഥാർഥ്യവും പ്രതീതിലോകവുമല്ല അതിന്റെ സ്രഷ്ടാക്കളും സൃഷ്ടികളും ഉപഭോക്താക്കളുമായവരുടെ ജീവിതവും അതിൽ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട തൊഴിൽമണ്ഡലം സൃഷ്ടിച്ചിരിക്കുന്ന പ്രകമ്പനങ്ങളുമാണ് പ്രവീണിന്റെ എഴുത്തുവിഷയം. സൈബർസാങ്കേതികവിദ്യ സൃഷ്ടിച്ച സമൂഹത്തിന്റെയും കർത്തൃത്വങ്ങളുടെയും സവിശേഷക്രമത്തിലെ ക്രമഭംഗങ്ങളിലേക്കും പിളർപ്പുകളിലേക്കും ആ ഭൂപ്രകൃതിയിലെ വൈകാരികശിഥിലനങ്ങളിലേക്കും സ്വത്വപ്രതിസന്ധികളിലേക്കും ഒരു നവയാഥാതഥ്യവാദിയെപ്പോലെ ഈ കഥാകൃത്ത് കടന്നുപോകുന്നു; സൈബർ അനുഭവത്തിന്റെ പുതിയ ആഖ്യാനപ്രകാരം.

മലയാളിയുടെ തൊഴിൽപ്രവാസചരിത്രത്തിലെ പുതിയ അധ്യായമായ, വിവരസാങ്കേതികവിദ്യയുടെ ഫലമായ നവപ്രവാസിത്വത്തിന്റെ ഭൂപ്രകൃതിയിലെ കർത്തൃത്വങ്ങളെന്നോ സ്വത്വങ്ങളെന്നോ വിഷയികളെന്നോ വിളിക്കാവുന്ന ചെറുപ്പക്കാരെയും അവരുടെ സംഘർഷനിർഭരമായ ജീവിതങ്ങളെയും ‘ഓർമച്ചിപ്പി’ലെ കഥകളിൽ നാം കാണുന്നു. ജീവിതപങ്കാളിയുടെ പൊടുന്നനെയുള്ള വിട്ടുപോക്കിൽ ഒരു കൗൺസിലർക്കും ശമിപ്പിക്കാനാവാത്ത വൈകാരികത്തകർച്ചയിൽ ഒരു പാശ്ചാത്യമാളിലെ എസ്‌കലേറ്ററിൽ മോഹാലസ്യപ്പെട്ടുവീഴുന്ന അമ്മയായ ഒരു ‘ടെക്കി’യും (‘ചിത്രദുർഗം’) അടിയന്തരാവസ്ഥക്കാലത്ത് വേട്ടകൾ നടത്തിയ പോലീസ് മേധാവിയായിരുന്ന അമ്മയെ തലച്ചോറിൽ ഓർമച്ചിപ്പു ഘടിപ്പിച്ച് സ്മൃതിനാശരോഗത്തിൽനിന്നു വീണ്ടെടുക്കാൻ ശ്രമിക്കുന്ന മകനും (‘ഓർമച്ചിപ്പ്’) ഭാര്യയുടെ രോഗംമാറ്റുന്ന പ്രകൃതിചികിത്സയുടെ വിജയത്തിൽ ശാസ്ത്രത്തിന്റെ യുക്തികൾ വെടിഞ്ഞ്, അല്ലെങ്കിൽ ‘രണ്ടു സംസ്‌കാരങ്ങൾ’ എന്ന വേർതിരിവുവേണ്ടെന്ന മറ്റൊരു യുക്തിയിൽ ചാൾസ് ഡാർവിനും ദൈവവും കണ്ടുമുട്ടുന്നതിന്റെ ചിത്രം വരയ്ക്കുന്ന പ്രൊഫസറു (‘ഡാർവിന്റെ ദൈവം’) മൊക്കെ ഈ ഭൂപ്രകൃതിയിലെ കഥാപാത്രങ്ങളാണ്. ‘ദൈവത്തിന്റെ കോടിനാമങ്ങൾ നിമിഷങ്ങൾകൊണ്ട് എണ്ണിത്തീർക്കുന്ന ടെക്‌നോളജി എല്ലാം കീഴടക്കുകയും അനിശ്ചിതത്വങ്ങൾ അവസാനിക്കുന്നതോടെ ജീവിതം ജീവിതമല്ലാതെയാകുന്നു’ (‘ജാക്ക്‌പോട്ട്’) മെന്ന ഭയം വിമർശയുക്തിയായി സ്വീകരിച്ചുകൊണ്ടാണ് ഉത്തരാധുനികലോകത്തിലെ അനുഭവപ്രകൃതിയെ ഈ കഥകൾ അടയാളപ്പെടുത്തുന്നത്.

 ഡി സി ബുക്സ് പുറത്തിറക്കുന്ന കെ വി പ്രവീണിന്റെ കഥാസമാഹാരമായ ഓർമ്മചിപ്പിനെ കുറിച്ചുളള ലേഖനം

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Kv praveen orma chippu anthology pk rajasekharan

Next Story
ഹൃദയത്തിൽ കണ്ണുനീർ തളിച്ച ഒരാൾbalachandran chullikkad, vg thmapy, malayalam writers
The moderation of comments is automated and not cleared manually by malayalam.indianexpress.com