ആയിടെ ഒരു പുരോഹിതന്‍ പറഞ്ഞത് നിരീശ്വരവാദത്തെ പോലെയാണ് കോവിഡ് – 19 എന്നാണ്, അപ്രതീക്ഷിതമായും പെട്ടെന്നും അത് പടർന്നുകൊണ്ടിരിക്കുന്നു. ലോകത്തെ നീണ്ടുനില്‍ക്കുന്ന ഒരു ഞെട്ടലിനൊപ്പം നിര്‍ത്തിക്കൊണ്ട്.
ഇതിന്‍റെ ഏറ്റവും കഠിനമായ പ്രഹരം വന്നത് ലോകമെങ്ങുമുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കായിരുന്നു. തൊഴിലിടങ്ങൾ മാത്രമല്ല, മഹാമാരിയും അവരെ അനാഥരാക്കി. രാജ്യങ്ങളില്‍ നിന്നും തങ്ങളുടെ രാജ്യങ്ങളിലേക്കും, രാജ്യങ്ങള്‍ക്കകത്തും, അവര്‍ പെട്ടെന്ന് തെരുവുകളിലെക്ക് ഇറക്കപ്പെട്ടു.
മുന്നറിയിപ്പൊന്നുമില്ലാതെ, ഒരു രാത്രി, ഇന്ത്യയില്‍ പ്രഖ്യാപിച്ച ലോക്ഡൗൺ നാളുകളിൽ നമ്മുടെ വലിയ നഗരങ്ങളിൽ നിന്ന് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് പുറപ്പെട്ട ആയിരക്കണക്കിന് മനുഷ്യർ ആയിരിക്കും ഇതിന്‍റെ ലോകം കണ്ട ഏറ്റവും ഹൃദയഭേദകമായ ഒരു ചിത്രം. എന്നാല്‍, ലോകത്തെ പല രാജ്യങ്ങളിൽ നിന്നും ഇതേ പോലെ തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്ന അസംഖ്യം “വിദേശ തൊഴിലാളികള്‍” കൂടി ഇന്ന് ഈ ഗണത്തില്‍ പെടുന്നു. വളരെ നിശബ്ദമായി അങ്ങനെയൊരു കൊഴിഞ്ഞുപോക്ക് ലോകമെങ്ങും നടക്കുകയാണ്.
ഒരുപക്ഷേ, മറ്റ് ഏതൊരു ദേശത്തെക്കാളും കേരളം ആയിരിക്കും അങ്ങനെയൊരു മുനമ്പിൽ നിന്ന് ഇന്ന് ഈ കാഴ്ച കാണുന്ന ഒരു സ്ഥലം. കേരളത്തില്‍ നിന്ന് ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും മലയാളികള്‍ തൊഴിലും ജീവിതവും തേടി പോയിരുന്നു, നല്ലൊരുവിഭാഗം ആളുകള്‍ക്കും മഹാമാരിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടിരുന്നു, പലരും രോഗം പിടിച്ചോ രോഗം ഭയന്നോ മടങ്ങുകയായിരുന്നു. ഈ വിശേഷങ്ങൾക്കിടയിലാണ് കുവൈറ്റിൽ നിന്ന് എട്ട് ലക്ഷത്തോളം ഇന്ത്യക്കാർ മടങ്ങാനിരിക്കുന്നു എന്ന വാർത്തയും കേട്ടത്.
ഇതിനകം ലോകത്തെ പല പ്രമുഖ മാധ്യമങ്ങളും സാമ്പത്തിക വേദികളിലും ചർച്ച ചെയ്യുന്ന ഒന്നാണ് തത്വത്തില്‍ കുവൈത്ത് അംഗീകരിച്ച Expatriates Quota Bill, വിശേഷിച്ചും എണ്ണയുല്‍പ്പാദനത്തില്‍ വന്ന മാറ്റങ്ങള്‍ ലോകത്തെ സാമ്പത്തികരംഗത്ത് ഉണ്ടാക്കിയ ചലനത്തെ തുടര്‍ന്നു വന്ന ചര്‍ച്ചകള്‍ക്ക് ഒപ്പം.
എന്നാല്‍, കുവൈറ്റില്‍ താമസിക്കുന്നവര്‍ക്ക് അറിയാം, ഈ “ബില്‍” അപ്രതീക്ഷിതമല്ല എന്ന്. കഴിഞ്ഞ കുറേ വർഷങ്ങളായി കുവൈറ്റിലെ രാഷ്ട്രീയ പ്രതിനിധികളും സാമ്പത്തിക വിദഗ്ധരും സർക്കാർ തന്നെയും ചർച്ച ചെയ്യുന്ന ഒന്നായിരുന്നു തങ്ങളുടെ രാജ്യത്തെ അസന്തുലിതമായ ജനസംഖ്യയെ നിയന്ത്രിക്കുക എന്നത്. കുവൈറ്റിലെ 4.3 മില്യൺ ജനങ്ങളിൽ 1.3 മില്യണ്‍ മാത്രമാണ് കുവൈത്തികള്‍, ബാക്കിയുള്ളവര്‍ വിദേശികളാണ്. ഇത് ഏതു രാജ്യത്തെയും ആശങ്കപ്പെടുത്തുന്ന കാര്യം തന്നെന്നയാണ്.
ഇപ്പോഴും തുറന്നുകിടക്കുന്ന തൊഴിൽ മുഖങ്ങളും വികസന സാധ്യതകളും സൗഹാർദ്ദപരമായ രാഷ്ട്രീയ അന്തരീക്ഷവും വിദേശികളെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ഫെബ്രുവരിയോടെ കോവിഡ്-19 കുവൈറ്റിലും പ്രത്യക്ഷപ്പെട്ടതോടെ, വിദേശീയരായവര്‍ക്കിടയില്‍ രോഗം അതിവേഗം പടർന്നതോടെ, രാജ്യത്തെ ജനസംഖ്യയിലുള്ള ഈ അസന്തുലിതാവസ്ഥ വീണ്ടും ചര്‍ച്ചയ്ക്ക് വരുകയായിരുന്നു-തൊഴില്‍നഷ്ടത്തിനും മഹാമാരിക്കും ഒപ്പം. അതും സ്വാഭാവികമായിരുന്നു.
രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനത്തോളം വരുന്ന വിദേശികളുടെ കോട്ട 30 ശതമാനമായി കുറയ്ക്കാനുള്ള തീരുമാനം, വിദേശികളിൽ ഏറ്റവും വലിയ അംഗസംഖ്യയുള്ള ഇന്ത്യക്കാർ ആവുന്നതും സ്വാഭാവികമായിരുന്നു. ഇന്നുള്ള ഇന്ത്യക്കാരുടെ അംഗബലം 15 ശതമാനത്തിലേക്ക് വെട്ടിചുരുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കില്‍, എട്ട് ലക്ഷത്തോളം ഇന്ത്യക്കാരാണ് കുവൈറ്റില്‍ നിന്നും മടങ്ങി പോകേണ്ടി വരിക. പല ഘട്ടങ്ങളിലായിരിക്കും ഇത് നടപ്പാക്കുക, പക്ഷെ അനിവാര്യമായ ഒരു ലക്ഷ്യം ഇതിലൂടെ കുവൈത്ത് സർക്കാർ കാണുന്നു എന്നത് തീര്‍ച്ചയാണ്.
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഒരു കണക്ക് പ്രകാരം 28,000 ഇന്ത്യക്കാർ കുവൈറ്റിലെ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്, ആരോഗ്യരംഗത്തും രാജ്യത്തെ എണ്ണക്കമ്പനികളിലും കുറച്ചുപേർ ശാസ്ത്രരംഗത്തും. എന്നാൽ ഭൂരി ഭാഗം ഇന്ത്യക്കാരും (5.23 ലക്ഷം) സ്വകാര്യ മേഖലയിലാണ് ജോലി ചെയ്യുന്നത്, പിന്നെ കുടുംബ വീസയില്‍ (1.36 ലക്ഷം) ഉള്ളവരും അറുപതിനായിരത്തോളം വിദ്യാർത്ഥികളും പെടും. ഇവരെയാണ് ഈ തീരുമാനം നേരിട്ട് ബാധിക്കുക എന്ന് തീര്‍ച്ചയാണ്.
വാസ്തവത്തിൽ, തൊഴിൽ നഷ്ടം അതിൻറെ സൂക്ഷ്മാർത്ഥത്തിൽ ഒരു വ്യക്തിയെ, അയാളെ ആശ്രയിക്കുന്ന കുടുംബത്തെയോ അവരുടെ സാമ്പത്തിക ഭദ്രതയെയൊ വേട്ടയാടുന്ന ഒന്നാണ്. അവര്‍ വന്ന രാജ്യം ആ സമയം അപ്രത്യക്ഷവുമാണ്. അല്ലെങ്കില്‍ അങ്ങനെയൊരു ‘അകലം’ രാജ്യവും (അവിടത്തെ സര്‍ക്കാര്‍, തീര്‍ച്ചയായും) കുടിയേറ്റ തൊഴിലാളിയും തമ്മില്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അഥവാ, ഈ കാര്യത്തില്‍, നരകം വ്യക്തിക്ക് ഉള്ളതാണ്, സര്‍ക്കാരുകള്‍ സ്വർഗത്തിലെ നിരീക്ഷകരെപ്പോലെയുമാണ്.
ഇന്ന് ലോകത്തെ പല മാധ്യമങ്ങളും വേദികളും ചർച്ച ചെയ്യുന്ന ഈ പുതിയ രാഷ്ട്രീയ വികാസം ഇന്ത്യയൊ കേരളമൊ ഇതുവരെ ഗൗരവമായി ചര്‍ച്ചയ്ക്ക് എടുത്തിട്ടില്ല എന്നാണ് വാസ്തവം: കുവൈറ്റിനും ഇന്ത്യയ്ക്കും ഇടയിലുള്ളത് നീണ്ടകാലത്തെ സൗഹൃദമാണ് എന്ന ഒരു പ്രസ്താവം ഒഴിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ അധികമൊന്നും ഇതിനെപ്പറ്റി മിണ്ടിയിട്ടില്ല. ഒരുപക്ഷെ മഹാമാരി ഇതിനകം കൊണ്ടുവന്ന ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ചയില്‍ ഒരു ഇരുണ്ട ഗര്‍ത്തംപോലെ ഈ എട്ടു ലക്ഷം പേരുടെ മടക്കവും അപ്രത്യക്ഷമാകും എന്ന് കരുതുകയാണോ എന്നും തോന്നും.
അല്ലെങ്കില്‍ അത് സത്യംതന്നെയാണ്, കുവൈത്തും ഇന്ത്യയും തമ്മിലുള്ള ബന്ധം ഊഷ്മളമായ ഒന്നുതന്നെയാണ്. അങ്ങനെയൊരു പരിഗണനകൂടിയാകും ഒരുപക്ഷെ ഇത്രയും ഇന്ത്യക്കാരെ കുവൈത്ത് അതിഥികളായി സ്വീകരിക്കാന്‍ കാരണമായതും. എന്നാല്‍, ഈ തീരുമാനത്തിലെ രാഷ്ട്രീയം രണ്ടു രാജ്യങ്ങളിലും രണ്ടുവിധത്തിലാണ് മനസ്സിലാക്കേണ്ടത്. എല്ലാ മേഖലയിലും സ്വാശ്രയരാകാന്‍ പ്രാപ്തി നേടുന്ന ഒരു ജനതയാണ് ഇന്ന് കുവൈറ്റികള്‍, വിശേഷിച്ചും രണ്ടു ഗള്‍ഫ് യുദ്ധങ്ങള്‍ക്കു ശേഷമുള്ള കുവൈത്ത് തിരഞ്ഞെടുത്ത സാമ്പത്തികവും രാഷ്ട്രീയവുമായ തീരുമാനങ്ങൾ അതിനു സഹായകമായി ഇപ്പോഴും തുടരുന്നു. അതുകൊണ്ട്തന്നെ, തങ്ങളുടെ പൗരന്മാരുടെ ക്ഷേമത്തിന് അടിയന്തര ശ്രദ്ധ രാജ്യം നൽകുന്നു.
പക്ഷെ, ഇന്ത്യ അങ്ങയൊരു അവസ്ഥയിലല്ല. ഇപ്പോഴും മനുഷ്യാധ്വാനത്തിന്‍റെ കയറ്റുമതിയിലൂടെ സമ്പത്ത് സമാഹരിക്കാന്‍ ശ്രമിക്കുന്ന ഒരു ദരിദ്രരാജ്യം തന്നെയാണ് ഇന്ത്യ- നമ്മുടെ ഭരണ-രാഷ്ട്രീയത്തിന്‍റെ അര്‍ബന്‍ മധ്യവര്‍ഗ്ഗ മോഹങ്ങള്‍ക്ക് പുറത്ത് ഇത് ദിനേന സംഭവിക്കുന്നു. എങ്കില്‍, ഈ ഏട്ടു ലക്ഷം ഇന്ത്യക്കാരുടെ തിരിച്ചുവരവ് ഇപ്പൊഴത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ എങ്ങനെ നേരിടുമെന്ന് കണ്ടുതന്നെ അറിയണം.
ഇടുങ്ങിയതും വംശീയവുമായ രാഷ്ട്രീയ നീക്കങ്ങള്‍കൊണ്ട് എന്തായാലും പരിഹരിക്കാവുന്ന ഒരു പ്രശ്നവുമല്ല ഇത്. കപടമായ ദേശാഭിമാന/വികസന മുദ്രാവാക്യങ്ങളുടെ ചെലവിൽ ഇതും മുങ്ങിപ്പോവാനും മതി. പക്ഷെ, 2018 ലെ ഒരു കണക്ക് പ്രകാരം 4.8 ബില്ല്യൻ ഡോളറാണ് കുവൈറ്റിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളികൾ ഇന്ത്യയിലേക്ക് അയച്ച ധനം എന്ന് വരികിലോ? അത് ഇന്ത്യയുടെ സാമ്പത്തിക ജീവിതത്തിന് എത്രമാത്രം പ്രധാനമായിരുന്നു എന്ന് വരികിലോ? എങ്കില്‍, ഈ എട്ടു ലക്ഷം ഇന്ത്യക്കാരുടെ തിരിച്ചുവരവ് ഒരു കറുത്ത ഗര്‍ത്തത്തിലേക്ക് വീഴേണ്ടതല്ലതന്നെ.
കേരളവും, നേരത്തെ പറഞ്ഞപോലെ, ഈ വാര്‍ത്തയിലും അലംഭാവം പുലര്‍ത്തുന്നു. അല്ലെങ്കില്‍, കേരള സര്‍ക്കാര്‍ ഇപ്പോഴും ഈ ചിത്രത്തിലില്ല.
മഹാമാരി പ്രവാസികള്‍ കൊണ്ടുവരുന്നു എന്ന പച്ചനുണ ഭൂമുഖത്തെ ഒരു മനുഷ്യനും ഇന്ന് വിചാരിക്കുന്നില്ല; കാരണം, കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൊണ്ട് ലോകം ഒഴുകുന്ന ഒരു സമൂഹമാണ്, a floating society. തൊഴിലും സമ്പത്തും അങ്ങനെയാണ് ലോക ജനതയുടെ ജീവിതം ഉറപ്പു വരുത്തുന്നത്. എങ്കില്‍ അങ്ങനെയൊരു സമൂഹം കോവിഡ്-19 പോലുള്ള മഹാമാരിയും ഒഴുകാന്‍ വിടുന്നു – മനുഷ്യജീവിതത്തിലെ ഒരു സവിശേഷമായ ഘട്ടംകൂടിയാണത്. എന്നാല്‍, എന്തുകൊണ്ടും ചിരപരിചിതമായ ആശ്രിത സമ്പദ്‌വ്യവസ്ഥയില്‍ അന്നവും രാഷ്ട്രീയവും തേടുന്ന നമ്മുടെ ഒരു ഭരണകൂടവും ഭരണരാഷ്ട്രീയവും രാഷ്ട്രീയ നേതൃത്വങ്ങളും ആ ദിശയിലൊന്നും ആലോചിയ്ക്കുകയേ ഇല്ല.
കോവിഡ്-19 ലോക സമ്പദ് വ്യവസ്ഥയെ ഇതിനകം തന്നെ തകർത്തു കളഞ്ഞു എന്നത് സത്യമാണ്. അത് ഭയപ്പെടുത്തുന്നതുമാണ്. ഇതില്‍നിന്നും ഒരു പുറത്തുകടക്കാനുള്ള വഴികള്‍ ശ്രമകരമായിരിക്കും എന്ന് പല സംഘടനകളും മുന്നറിയിപ്പും നൽകുന്നുണ്ട്. അല്ലെങ്കില്‍, ഇപ്പോൾതന്നെ ഈ മഹാമാരി നമ്മെ നരകം കാണിക്കുന്നു. കേരളവും അങ്ങനെയൊരു നരക ദൃശ്യത്തിന് നടുവിലാണ്. എന്നാൽ, ഇങ്ങനെയൊരു “സാമൂഹ്യ യാഥാർഥ്യ”ത്തെ “വരാനിരിക്കുന്ന വിപത്ത്” മാത്രമായി കാണുക മാത്രമാണ് ചെയ്യുന്നതെങ്കില്‍ ഇത് വീണ്ടും നമ്മെ ദുരിതത്തിലേക്ക് കൊണ്ടുപോവുകയേ ഉള്ളൂ.