കേരളത്തിൽ വളരെ പെട്ടെന്ന് രൂപപ്പെട്ട നിലവിളിയാണ് കുട്ടനാട്ടിൽ വാർത്തയുടെ പ്രളയം സൃഷ്ടിച്ചിരിക്കുന്നത്. മാധ്യമങ്ങളെല്ലാം പലയിടത്തുനിന്നും ഒരു നിലവിളി കേട്ടുതുടങ്ങിയിരിക്കുന്നു. ” കുട്ടനാടിനെ രക്ഷിക്കൂ” #savekuttanad എന്ന കൂട്ടിക്കെട്ട് മുദ്രാവാക്യം പ്രചാരം നേടിക്കഴിഞ്ഞു. കുട്ടനാട് മുങ്ങിപ്പോകുന്നുവെന്നും കുട്ടനാട്ടുകാർ ഒന്നടങ്കം നാടും വീടുംവിട്ട് ഓടിപ്പോകുന്നുവെന്നും അച്ചടി, കാഴ്ച മാധ്യമങ്ങൾ ഒന്നിച്ച് പറയുന്നു. പരമ്പരകൾ തുടരെത്തുടരെ വരികയാണ്.
കുട്ടനാട്ടിൽ വെള്ളക്കുടുതലാണെന്ന്. ഏത് കുട്ടനാട്ടിൽ. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നുവെന്ന് നമ്മളെല്ലാം പഠിച്ച അതേ പ്രദേശത്ത്. ഈ പെരുവെള്ളമാണ് കുട്ടനാടിനെ കുട്ടനാടും കേരളത്തിന്റെ നെല്ലറയും ടൂറിസത്തിന്റെ പൊന്നറയും ഒക്കെയാക്കുന്നത്.
വെള്ളവും വെള്ളപ്പൊക്കവുമില്ലെങ്കിൽ കുട്ടനാടില്ല. വെള്ളം വരണം. പരന്നൊഴുകണം. ഒഴുകിപ്പോകണം. പ്രകൃതി അങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന് വന്ന തടസ്സമാണ് ഇന്നത്തെ പ്രശ്നങ്ങൾക്ക് കാരണം. കുട്ടനാടിനും കുട്ടനാട്ടുകാർക്കും പ്രശ്നങ്ങളുണ്ട്. പക്ഷെ പരിഹാരം അവരെ ആ നാട്ടിൽനിന്ന് ഓടിക്കലല്ല. മാധ്യമങ്ങളും മറ്റ് ചിലരും ചേർന്ന് കുട്ടനാട്ടിലെ പ്രശ്നങ്ങളുടെ പേരിൽ വാർത്തകളുടെ ഒഴുക്കാണ് കേരളത്തിൽ സംഭവിച്ചത്. പൊടുന്നനെ ഉണ്ടാകുന്ന വെള്ളപ്പൊക്കം പോലെ ഒരു വാർത്താപ്പൊക്കം. പെയ്തുവെള്ളവും കിഴക്കൻ വെള്ളവും എന്നപോലെ കുട്ടനാട്ടിൽ പുതിയൊരു ഒഴുക്ക്. കുട്ടനാടിനെ കുറിച്ച് അറിയണമെങ്കിൽ ആ ഒഴുക്കിനൊപ്പം ഒഴുകാതെ, മാറി നിന്ന് കുട്ടനാടിനെ കാണണം. പ്രശ്നങ്ങളുടെ അടിയൊഴുക്ക് എന്താണ് എന്ന് മനസിലാക്കണം. കുട്ടനാടുകാരൻ എന്ന നിലയിൽ കുട്ടനാടിനെ കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ പറയേണ്ടതുണ്ട് എന്ന് തോന്നുന്നു. അതുകൊണ്ട് മാധ്യമങ്ങളുടെ ഒഴുക്കിനൊപ്പം നീന്താതെ ചില കാര്യങ്ങൾ പരിശോധിക്കാം.

കുട്ടനാടെന്ന് പറയുമ്പോൾ
ഇനി ഞാൻ പറയുന്ന കുട്ടനാട് മൊത്തമായുള്ള കുട്ടനാടല്ല. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കുട്ടനാടൻ പ്രദേശങ്ങളെ പൂർണമായും ഒഴിവാക്കുന്നു. കുമരകം, തണ്ണീർമുക്കം അടക്കം. ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞൊഴുകുന്ന ആലപ്പുഴ ജില്ലയിലെ കുട്ടനാടിന്റെ ഹൃദയഭാഗത്തെക്കുറിച്ചും അവർ കാണാതെ വിടുന്ന നെഞ്ചിൻകൂടിനക്കറിച്ചുമാണ് ഈ എഴുത്ത്.
ആ ഇടങ്ങൾ പഞ്ചായത്ത് തലത്തിൽ തിരിച്ചാൽ ഇങ്ങനെയാണ്.

- നീലംപേരൂർ
- കാവാലം
- പുളിങ്കുന്ന് (മങ്കൊമ്പ് )
- വെളിയനാട് (കിടങ്ങറ)
- രാമങ്കരി
- ചമ്പക്കുളം
- .നെടുമുടി
- കൈനകരി
- മുട്ടാർ
- എടത്വ
- തലവടി
- തകഴി
- വീയപുരം
രാഷ്ട്രീയ ഭൂപടത്തിനെ അടിസ്ഥാനമാക്കി പറഞ്ഞാൽ കുട്ടനാട് നിയമസഭാ നിയോജക മണ്ഡലം. ഇതിൽ ലോവർ കുട്ടനാടിന്റെയും അപ്പർ കുട്ടനാടിന്റെയും ഭാഗങ്ങളുമുണ്ട്.
വിവിധ മാധ്യമങ്ങളുടെ
കണക്കനുസരിച്ച് 250 കുടുംബങ്ങളാണ് 2018ലെ പ്രളയത്തിനുശേഷം ഈ പ്രദേശങ്ങൾ ഉപേക്ഷിച്ചു പോയത് . ഇതിൽ നെടുമുടി പഞ്ചായത്തിൽ നിന്നു മാത്രം പോയത് 12 വീട്ടുകാർ ആണത്രെ. ഒരു പഞ്ചായത്തിൽ നിന്ന് മൂന്നുവർഷത്തിനിടെ 12 വീട്ടുകാർ മാറിത്താമസിച്ചാൽ അതിന് പലായനം എന്നാണോ പറയുന്നത് എന്നറിയില്ല.
2011 ലെ സെൻസസ് പ്രകാരം 1,93,007 ആണ് കുട്ടനാട്ടിലെ ജനസംഖ്യ. ഇപ്പോളത് 2,30,000ത്തിന് മുകളിൽ ആണെന്നാണ് കണക്കാക്കുന്നത്. മാധ്യമങ്ങളുടെ കണക്കനുസരിച്ച് ഇതിൽ ആയിരമോ അതിനൽപം മുകളിലോ ആളുകൾ മാത്രമാണ് കുട്ടനാട് വിട്ടുപോയത്. ഇതെന്ത് പലായനമാണ്.
ആളുകൾ കുട്ടനാട് വിടുന്നില്ലേ
ഉണ്ട്. പക്ഷെ അത് 2018ലെ പ്രളയശേഷം തുടങ്ങിയതല്ല. ചങ്ങനാശേരിയിൽ ഫ്രണ്ട്സ് ഓഫ് കുട്ടനാട് എന്നൊരു സംഘടനയുണ്ട്. അരനൂറ്റാണ്ടായി കുട്ടനാട് വിട്ട് ചങ്ങനാശേരിയിലേക്ക് ചേക്കേറിയവരുടെ കൂട്ടായ്മയാണ്. പലരും എസ്ബി കോളജിലും മറ്റും അധ്യാപകരായും മറ്റും വന്നവരാണ്. അവരാണ് ആദ്യം ജന്മനാട് വിട്ടത്. വെള്ളപ്പൊക്കം പേടിച്ചു പോന്നവരല്ല. അവരിൽ പലർക്കും ഇന്നും കുട്ടനാട്ടിൽ നെൽകൃഷിയുണ്ട്. നേരിട്ടും പാട്ടത്തിനും.
വിദേശ മലയാളികളാണ് രണ്ടാം തലമുറ നാടുവിടലുകാർ. യൂറോപ്പ്, അമേരിക്ക തുടങ്ങിയ നാടുകളിലേക്ക് കുടിയേറിയവരും അവരുടെ കുടുംബക്കാരും. അത് ചങ്ങനാശേരിയിലേക്ക് മാത്രമായിരുന്നില്ല. എറണാകുളത്ത ഫ്ലാറ്റുകളിലേക്കും കൂടിയായിരുന്നു.
ഐ ടി ജീവനക്കാരാണ് മൂന്നാം തലമുറ നാടുവിടലുകാർ. ബെംഗളുരു തുടങ്ങിയ മഹാനഗരങ്ങളിലേക്ക്.
പക്ഷെ ഈ മൂന്ന് കുടിയേറ്റങ്ങളും കേരളത്തിലെ ഏതൊരു ഗ്രാമത്തിലും നടക്കുന്നതിന് സമാനമായത് മാത്രമാണ് കുട്ടനാട്ടിലും ഉണ്ടായിട്ടുള്ളത്. പക്ഷേ, കുട്ടനാട് വിട്ടുപോയ പോകാനൊരുങ്ങുന്ന ഒരു വിഭാഗമുണ്ട്. അത് വസ്തുതയാണ്. അതിനുത്തരവാദി 2018ലെ പ്രളയമല്ലെന്ന് മാത്രം.

കുടിക്കാൻ തുള്ളിവെള്ളമില്ലാത്ത കുട്ടനാട്
വെള്ളക്കുഴിയായ കുട്ടനാടിന്റെ ഒന്നാമത്തെയും കുട്ടനാട്ടുകാർ ഓരോരുത്തരുടെയും ആദ്യത്തെയും പ്രശ്നം കുടിവെള്ളം ഇല്ലായ്മയാണ്. എല്ലാ കുട്ടനാട്ടുകാരും കുടിവെള്ളം കാശു കൊടുത്താണ് വാങ്ങുന്നത്. കുടിക്കാനും കഞ്ഞി വെക്കാനും കുളിക്കാനും വരെ വെളളം വിലക്കുവാങ്ങാൻ നിർബന്ധിതരാണ് കുട്ടനാട്ടുകാർ. വെള്ളം വെള്ളം സർവത്ര തുള്ളികുടിക്കാനില്ലത്രേ! എന്നത് അന്വർത്ഥമാക്കുന്നയിടം.
കുട്ടനാടിന്റെ ഭാഗമായിരിക്കുന്ന ഞാനടക്കം ഇവിടൊക്കെ കല്യാണത്തിന് പോയാൽ സദ്യ കഴിഞ്ഞാൽ കൈ മാത്രം കഴുകി വാ കഴുകാതെ പോരുകയാണ് പതിവ്. വെള്ളം വായിലൊഴിച്ചാൽ തുരുമ്പോ ചേറോ ചുവയ്ക്കും.
ആറിനും തോടിനും അരികിൽ താമസിക്കുന്നവർ അതിൽനിന്ന് നേരിട്ട് വെള്ളം കോരി ഉപയോഗിക്കും. ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന തോട്ടിലെ വെള്ളത്തിൽ മീൻ വെട്ടിക്കഴുകി അതേ കടവിൽ മുങ്ങിക്കുളിക്കേണ്ട ഗതികേടുള്ള വീട്ടുകാരുണ്ട്.
ആറ്റിൽ നിന്ന് അകലെ താമസിക്കുന്നവർ ആറ്റു കണക്ഷൻ എടുക്കും. അതായത് ആറ്റിന്റെ കരയിൽ മോട്ടറുവെച്ച് തോട്ടിൽകൂടി പൈപ്പിട്ട് ആറ്റിൽനിന്ന് നേരിട്ട് വെള്ളമെടുക്കും. കാശുള്ളവർ ഒറ്റയ്ക്കും അല്ലാത്തവർ കൂട്ടായും എടുക്കും. ഏത് ആറ്റിൻനിന്നാണ് ഈ വെള്ളമെടുക്കുന്നത് എന്നോർക്കണം. ചത്ത മൃഗങ്ങളടക്കം ഒഴുകി വരുന്ന, ശബരിമലയിലെ കക്കൂസ് മാലിന്യം ഉൾപ്പടെ കലങ്ങിവരുന്ന പമ്പ, റബർ ഫാക്ടറികളിലെ അടക്കം വിഷവെള്ളം ഒഴുകുന്ന മണിമല, ഒരുപാട് ചെറുപട്ടണങ്ങളുടെയും ജനവാസകേന്ദ്രങ്ങളുടെയും സകല മാലിന്യവും പേറുന്ന അച്ചൻകോവിൽ എന്നീ എണ്ണം പറഞ്ഞ നദികൾ. ഇവ മൂന്നും കുട്ടനാട്ടിലാണല്ലോ അവസാനിക്കുന്നത്.
കുട്ടനാട്ടിൽ എത് കരഭാഗത്ത് കുഴിച്ചാലും രസ്ന കലക്കിയ നിറത്തിലുള്ള വെള്ളമാണ് കിട്ടുക. കുട്ടനാട്ടിൽ പാറ അങ്ങങ്ങ് അഗാധതയിൽ ആയതിനാൽ കുഴൽകിണർ അടിക്കാനും പറ്റില്ല.

പൈപ്പുണ്ട് വെള്ളമില്ല
കുട്ടനാടിനുവേണ്ടി കുടിവെള്ള പദ്ധതി നടപ്പിലാക്കാത്ത ഒറ്റ സർക്കാരുമില്ല. എം.പി ഗംഗാധരന്റെ കാലം മുതൽ കുട്ടനാട്ടിൽ പറ്റാവുന്നിടത്തെല്ലാം വമ്പൻ പൈപ്പുകൾ കുഴിച്ചിട്ടുണ്ട്. പക്ഷെ ഒന്നിലും വെള്ളമില്ല.
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ കുട്ടനാട്ടിൽ കൂടി കടന്നു പോകുന്നുണ്ട്. വെളളം പക്ഷെ ആലപ്പുഴ പട്ടണത്തിനാണെന്ന് മാത്രം.
പമ്പയിലെ കല്ലിശേരി പദ്ധതിയിൽനിന്ന് വെള്ളം കൊണ്ടുവരുമെന്ന് പറയും. പക്ഷെ ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി പട്ടണങ്ങൾക്ക് വെള്ളം കൊടുക്കുന്ന കല്ലിശേരി പദ്ധതിയിൽ നിലവിൽത്തന്നെ ആവശ്യത്തിന് വെള്ളമില്ല.
എം എൽ എയും മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി പറഞ്ഞിരുന്നത് നീലംപേരൂരിൽ നിന്ന് വെളളം കൊണ്ടുവരും എന്നായിരുന്നു. അവിടെ ആ പഞ്ചായത്തിലേക്ക് വേണ്ട വെളളം പോലുമില്ല എന്ന വസ്തുത നിലനിൽക്കുമ്പോഴായിരുന്നു ഈ പ്രഖ്യാപനം.

വീയപുരത്തുനിന്ന് എടത്വ , മുട്ടാർ പ്രദേശങ്ങളിൽ വലിയ പൈപ്പുകൾ കുഴിച്ചിട്ടുണ്ട്. പക്ഷേ, എവിടെയും കുടിവെള്ളം എത്തിയിട്ടില്ല.
പ്രാദേശിക പഞ്ചായത്തുകളുടെ പദ്ധതികൾ ആകട്ടെ മേൽപറഞ്ഞതു പോലെ ആറ്റുവെള്ള പദ്ധതികളാണ്. ശുദ്ധീകരണ പ്ലാന്റ് ഒന്നുമില്ല, ആറ്റിൽ ഒഴുകിവരുന്ന വെള്ളം അതുപടി പമ്പ് ചെയ്ത് നാട്ടുകാർക്ക് കൊടുക്കും.
കുട്ടനാടിനെ ‘താമസിക്കാൻ കൊള്ളാതാക്കുന്ന നാട്ടുകാരെ ഓടിപ്പോകാൻ നിർബന്ധിക്കുന്നതിൽ ഒന്നാമത്തെ പ്രതി കുടിവെളളം ഇല്ലായ്മയാണ്. ക്ഷാമമൊന്നുമല്ല, ഇല്ലായ്മതന്നെ. അത് പരിഹരിക്കാൻ ആകാത്തതുമല്ല.
കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തുകൾക്കുമായി കൃത്യവും ശാസ്ത്രീയവുമായ കുടിവെള്ള പദ്ധതി തയാറാക്കുക. അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കുക. അതു വരെ പ്രദേശത്ത് കുടിവെളളം സൗജന്യമായി വിതരണം ചെയ്യുക. ഓരോ വീട്ടുകാര്യം കുടിവെള്ളം വാങ്ങുന്നുണ്ട്. സർക്കാർ അതേറ്റെടുക്കുകയും ക്രമപ്പെടുത്തുകയും അടിയന്തിരമായി ചെയ്യണം.

വെള്ളപ്പൊക്കത്തിന്റെ കഥ
ആണ്ടോടാണ്ടുള്ള വെള്ളപ്പൊക്കമാണ് കുട്ടനാടിനെ കുട്ടനാടാക്കുന്നത്. ഒരുകൊല്ലത്തെ മുഴുവൻ അഴുക്കുകളും ഒഴുക്കിക്കളയുകയും അടുത്ത കൃഷിക്കുള്ള എക്കൽ പാടശേഖരങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുന്നത് വെള്ളപ്പൊക്കമാണ്. ആണ്ടിലൊരിക്കൽ വെളളപ്പൊക്കം വന്ന് നീന്തിക്കുളിച്ചില്ലെങ്കിൽ ഒരു സുഖമില്ല എന്ന പഴയ ആളുകൾ പറയും.
പണ്ട്, എന്നു വെച്ചാൽ തണ്ണീർമുക്കം ബണ്ടിനും തോട്ടപ്പള്ളി സ്പിൽവേക്കും മുമ്പ് വർഷകാലത്ത് കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പതിനേഴ് സ്വാഭാവിക പൊഴികളിലൂടെ കടലിലേക്ക് ഒഴുകിപ്പോകുമായിരുന്നു.
എന്നാൽ ഓരുവെളളം കയറുന്നത് തടയാൻ നിർമിച്ച തണ്ണീർമുക്കം ബണ്ട് കുട്ടനാട്ടിലെ കൃഷിക്ക് വലിയ ദ്രോഹം ചെയ്തെന്ന് കരുതുന്നവരുണ്ട്. എന്നാൽ നിലവിൽ അത് കൃഷിയുടെ രക്ഷകനാണ്. മുമ്പ് പ്രദേശത്തെ ഇടത്തോടുകളിൽ വരെ വേലിയേറ്റവും ഇറക്കവും നന്നായി അനുഭവപ്പെടുമായിരുന്നു. അത്രമാത്രം തടസ്സമില്ലാതെ ഒന്നിനൊന്നോട് കൊരുത്തു കിടന്നിരുന്നു ആ നീർച്ചാലുകളെല്ലാം അതു കൊണ്ട് ഉപ്പുവെള്ളം കൃത്യമായി ഒഴുകി കടലിലേക്ക് പോയിരുന്നു. എന്നാൽ ഇന്നാ ഇടത്തോടുകളിൽ മഹാഭൂരിപക്ഷവും നികത്തപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ വെളളം കെട്ടിക്കിടക്കുന്ന ഒറ്റപ്പെട്ട ചാലുകൾ ആയി മാറിക്കഴിഞ്ഞു. അതു കൊണ്ട് ഓരുവെളളം കയറിയാൽ നെല്ലെല്ലാം കരിഞ്ഞു പോകുകയേ യുള്ളു. പ്രകൃതിയുടെ സ്വാഭാവിക കീടനശീകരണ മാർഗമായിരുന്നു അതെന്ന് അംഗീകരിച്ചാലും നിലവിൽ കൃഷി നശീകരണത്തിനേ വഴിവെ ക്കൂ . തണ്ണീർമുക്കം ബണ്ട് വർഷം മുഴുവൻ തുറന്നിടണം എന്ന വാദം. അംഗീകരിക്കാൻ ആകില്ല.

തോട്ടപ്പള്ളി സ്പിൽവേ ഒരു ഗംഭീര സംഗതിയാണ്. കുട്ടനാട്ടിൽനിന്ന് വെളളം പ്രധാനമായും കടലിലേക്ക് പോകുന്നത് തോട്ടപ്പള്ളി പൊഴി വഴിയാണ്. പ്രളയജലം വരുമ്പോൾ പൊഴി താനേ മുറിയുകയോ അല്ലെങ്കിൽ മുറിക്കുകയോ ആയിരുന്നു പതിവ്. അതിനോട് ചേർന്നാണ് സ്പിൽവേ നിർമിച്ചത്. എന്നാൽ കടൽവെള്ളത്തിന്റെ നിരപ്പ് കുട്ടനാട്ടിലെ വെള്ളത്തിന്റെ നിരപ്പിനേക്കാൾ ഉയർന്നതായിരിക്കും വർഷത്തിലെ മിക്കവാറും ദിവസങ്ങളിൽ. അതുകൊണ്ട് സ്പിൽവേ ഷട്ടറുകൾ ഉയർത്തിയാൽ ഉപ്പുവെള്ളം ഇങ്ങോട്ടു കയറും. പ്രളയജലം കടലിലേക്ക് ഒഴുക്കിക്കളയുന്നതിലും സ്പിൽവേക്ക് കാര്യമായ പങ്കില്ല . അതിന് ഇപ്പോഴും പൊഴി മുറിക്കുകതന്നെ ചെയ്യണം.
പെയ്ത്തുവെള്ളവും കിഴക്കൻ വെള്ളവും
കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഉണ്ടാക്കുന്നത് രണ്ടു കൂട്ടരാണ്. പെയ്ത്തു വെള്ളവും കിഴക്കൻ വെള്ളവും.
നാട്ടിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് വെള്ളം പൊങ്ങുന്നതാണ് പെയ്ത്തുവെള്ളം. മഴ തുടർച്ചയായി നിന്നു പെയ്താൽ ആറ്റിലെയും കൈത്തോടുകളിലെയും വെള്ളം ഉയരും. താഴ്ന്ന ഇടങ്ങളിലും വീട്ടുമുറ്റങ്ങളിലും വെള്ളം കയറും. എന്നാൽ രണ്ടു മൂന്നു ദിവസത്തെ നല്ല വെയിലു കണ്ടാൽ ഈ വെളളം വലിയും.

എന്നാൽ കുട്ടനാട്ടിൽ മഴ ഇല്ലാതിരിക്കുകയോ മഴ നിൽക്കുകയോ ചെയ്ത ശേഷമാണ് കിഴക്കൻ വെളളം പാഞ്ഞു വരുക. കോട്ടയം ജില്ലയിലെ മഴ മണിമലയാറ്റിലും പത്തനംതിട്ടയിലെ മഴ പമ്പയാറ്റിലും കൊല്ലം ജില്ലയിലെ മഴ അച്ചൻകോവിലാറ്റിലും വലിയ വെള്ളമൊഴുക്ക് ഉണ്ടാക്കും. ഏതെങ്കിലും ഒരു നദിയിൽ മാത്രമാണെങ്കിൽ കുട്ടനാട് വലിയ തട്ടുകേടില്ലാതെ പിടിച്ചുനിൽക്കും. എന്നാൽ മൂന്ന് ആറുകളും ഒന്നിച്ച് കരകവിഞ്ഞാൽ വലിയ വെള്ളപ്പൊക്കം വരും. വീടിനകത്ത് വെള്ളം കയറും. പാടശേഖരങ്ങളുടെ പുറംബണ്ട് പൊട്ടി മടവീണ് കൃഷി നശിക്കും. റോഡുകൾ മുങ്ങും. ആളുകൾ വീടിനകത്ത് തട്ടടിച്ച് സാധനങ്ങൾ ഉയർത്തിവെക്കും. ക്യാമ്പുകൾ തുറക്കും. വയസ്സായവരും കുട്ടികളും രോഗികളും ക്യാമ്പിൽ താമസമാകും. പശുവിനെയും ആടിനെയും നോക്കാനും ഒക്കെയായി ആരോഗ്യമുളളവർ വീട്ടിൽ തുടരും. വലിയ നാശനഷ്ടങ്ങൾ ഇല്ലെങ്കിൽ ഒന്നിച്ചുള്ള കറിക്കരിയിലും കഞ്ഞിവെപ്പും ആഘോഷമാക്കിക്കളയും കുട്ടനാട്ടുകാർ.

നാട്ടിലും മഴയുണ്ടെങ്കിൽ ദുരിതമാണ്. മരിച്ചവരെ തട്ടടിച്ച് അതിനുമുകളിൽ ചെളി വിരിച്ച് അതിനും മുകളിൽ വിറകടുക്കി ദഹിപ്പിക്കുന്നത് മഴക്കാലത്ത് കുട്ടനാട്ടിലെ അത്ര അപൂർവമല്ലാത്ത കാഴ്ചയായിരുന്നു. ഇപ്പോഴാണ് ഇരുമ്പിന്റെയും ഗ്യാസിന്റെയുമൊക്കെ മൊബൈൽ സംസ്കാരസംവിധാനങ്ങൾ വന്നത്.
കടലിന്റെ കലിയും വിദഗ്ധരുടെ കളിയും
കടൽ വലിച്ചെടുത്തെങ്കിൽ മാത്രമേ ഈ വെള്ളം വലിയൂ. കടൽ ക്ഷോഭിച്ചിരിക്കുകയാണെങ്കിൽ വെള്ളം ഒഴുകിപ്പോകില്ല. സമീപവർഷങ്ങളിൽ കേരള തീരത്ത് നിരന്തര കടൽക്ഷോഭമാണ്. കാലാവസ്ഥാ വ്യതിയാനം അടക്കം കാരണങ്ങൾ പറയുന്നു. ഈ താമസമാണ് കുട്ടനാട്ടുകാരുടെ ദുരിതം കൂട്ടിയത്. വലിയ പമ്പുകൾ ഉപയോഗിച്ച് വെള്ളം കടലിലേക്ക് പമ്പ് ചെയ്ത് കളയണം എന്നു പറയുന്ന വിദഗ്ധരുണ്ട്. അതിനും മാത്രം വലിയ പമ്പുക ൾ എവിടെ എന്നു ചോദിക്കരുത്. അതിനുള്ള വൈദ്യുതി ചെലവടക്കം ആകെ എന്തു മുടക്കണം എന്നും ചോദിക്കരുത്. അഥവാ നടന്നാലും വെള്ളം മുഴുവൻ വറ്റിയ കുട്ടനാട് എന്തൊരു നാടായിരിക്കും എന്ന് ഈ “പഠിച്ച” വിദഗ്ധർ ഓർക്കാത്തതാണ് അദ്ഭുതം.
ആറ്റിൽ ഇല്ലാത്ത വെള്ളം കരയിൽ
കഷ്ടപ്പാടുകൾ ഉണ്ടെങ്കിലും വെള്ളപ്പൊക്കത്തെ പതിറ്റാണ്ടു മുമ്പുവരെ കുട്ടനാട്ടുകാർ അത്രയ്ക്കങ്ങ് വെറുത്തിട്ടില്ല. പക്ഷേ, മാറ്റങ്ങൾ വരുന്നുണ്ടായിരുന്നു. രണ്ട് ദിവസത്തെ മഴയിൽ പോലും ദിവസങ്ങളോളം വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങളുടെ എണ്ണവും വലിപ്പവും കൂടിക്കൊണ്ടേയിരുന്നു.
പക്ഷേ, ആ സമയത്തും നദികളിൽ വെള്ളം കുറവായിരുന്നു. പെയ്‌ത്തുവെള്ളം ആറുകളിലേക്ക് ഒഴുകിയെത്തിയില്ലെന്ന് ചുരുക്കം. മുമ്പ് കുട്ടനാട്ടിൽ മതിലുകൾ ഇല്ലായിരുന്നു. ഒരുപാട് നെൽപാടങ്ങൾ മണ്ണിട്ടു പൊക്കി വലിയ വീടുകൾ വെച്ച് മതിലും ഗേറ്റുമൊക്കെ പണിതുകഴിഞ്ഞു. ഒരുപാട് ഇടത്തോടുകളും ഇതിനൊപ്പം വെള്ളം കിട്ടാതെ മരിച്ചു. വലിയതോടുകൾ റോഡുകളായി മാറി. ഒഴുക്കു വെള്ളത്തെ തടഞ്ഞ് നീർച്ചാലുകൾക്ക് കുറുകെ റോഡുകൾ വന്നു. തീരെ നിവർത്തിയില്ലാത്ത ഇടങ്ങളിൽ തോടിന്റെ വീതി നന്നെ കുറച്ച് കലുങ്കുകൾ പണിതു.

അപ്പോഴും ഉയർത്തി നിർമിക്കുന്ന പാലങ്ങൾക്ക് പകരം പെട്ടിക്കൂട് നിർമാണങ്ങളാണ് -ബോക്സ് ടൈപ്പ് കൾവർട്ട്- വന്നത്. പൈലിങ് വേണ്ടാത്ത പണി ആയതിനാൽ ഇത് വ്യാപകമായി. ഫലമോ, ബോട്ട് ഗതാഗതം ഇല്ലാതായി. കെ.സി പാലം – കിടങ്ങറ – ചങ്ങനാശേരിഏറ്റവും വലി ഉദാഹരണമാണ്. ഈ പെട്ടിക്കൂട് ചാലിലൂടെ മഴക്കാലത്ത് ബോട്ട് പോകില്ല. കുട്ടനാട്ടിൽ നിന്ന് ചങ്ങനാശേരിക്കുള്ള പ്രധാന ജലപാതയാണിതെന്ന് ഓർക്കണം. വെള്ളപ്പൊക്ക കാലത്ത് ലക്ഷക്കണക്കിന് ആളുകളെ അതിവേഗം രക്ഷപെടുത്താനുള്ള വഴി. വെളളം പൊങ്ങിയാൽ ഒരു വള്ളം പോലും ഇതുവഴി കടക്കില്ല. 2018ലെ മഹാപ്രളയകാലത്ത് ചങ്ങനാശേരിയിലേക്ക് ബോട്ടും കാത്ത് കെ.സി പാലത്തിന് മുകളിൽ തിങ്ങിക്കൂടിയ ആയിരങ്ങൾ ദയനീയ കാഴ്ചയായി രുന്നു. കെ.സി പാലം പൊളിച്ചുപണിയും എന്നത് കാലങ്ങളായി എല്ലാ കക്ഷികളുടെയും തിരഞ്ഞെടുപ്പ് വാഗ്ദാനവുമാണ്.

കുട്ടനാട്ടുകാർ ചോദിക്കും ഞങ്ങൾക്ക് വഴീം വണ്ടീമൊന്നും വേണ്ടേന്ന്. ഒരു ജനതക്ക് അതിവേഗ യാത്രാമാർഗങ്ങൾ വേണ്ടെന്ന് ആർക്ക് പറയാനാകും. മാത്രമല്ല ഒരുപാട് റോഡുകൾ വരുകയും ചെയ്തു. ഒരുപാട് വലിയ, ചെറിയ തോടുകളെ ഇല്ലാതാക്കിക്കൊണ്ട്. റോഡ് തോടാവുന്ന നാട്ടിൽ തോട് റോഡാകുകയായിരുന്നു എന്ന് പറയുന്നത് പോലും അതിശോക്തിയല്ലാതാകുന്ന സാഹചര്യം.
പക്ഷേ, അതിന്റെ ഫലമാണ് കുട്ടനാട് പ്രധാനമായും അനുഭവിക്കുന്നത്. ചെയ്ത്തു വെള്ളത്തിനും കിഴക്കൻ വെള്ളത്തിനും പരന്നൊഴുകാനും ഒഴുകിപ്പോകാനും വഴികളില്ല. പിന്നെ ഈ നിരന്തര വെള്ളക്കെട്ട് അനുഭവിക്കുകയേ മാർഗമുള്ളു. ഇതിനെയാണ് വെള്ളപ്പൊക്കമായി ചില മാധ്യമങ്ങൾ ചിത്രീകരിക്കുന്നത്.
സംശയമുളളവർ ഇന്ന് പമ്പ, മണിമല, അച്ചൻകോവിൽ ആറുകൾ പോയി നോക്കുക. ഒന്നും കരകവിഞ്ഞിട്ടില്ലെന്ന് മാത്രമല്ല നിരപ്പ് രണ്ടു മൂന്നടി താഴെയാണു താനും. പക്ഷെ മുറ്റത്തും വീടിനകത്തും വെള്ളമുള്ള പ്രദേശ ങ്ങൾ നിരവധിയും. ഇത് വെളളം ഒഴുകി ആറ്റിൽ എത്താത്തതു കൊണ്ടാണെന്ന് ആർക്കും മനസ്സിലാകും. മണ്ണിട്ടു പൊക്കിയ പാടങ്ങളും തോടു നികത്തി ഉണ്ടാക്കിയ റോഡുകളും പൂർവസ്ഥിതിയിലാക്കുന്നത് നടപ്പുള്ള കാര്യമല്ല.
കൈകോർത്താൽ കരകയറാം
ചെയ്യാവുന്നതും ചെയ്യാനുള്ളതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും റവന്യു വകുപ്പിനുമാണ്. അതത് പഞ്ചായത്തുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തികൾ ചെയ്യുക. വെള്ളമൊഴുകുന്ന തോടുകൾ കൈയേറിയത് ഒഴിപ്പിക്കണം. പ്രബലരായാലും അബലരായാലും. വെള്ളം തടഞ്ഞുള്ള നിർമാണങ്ങൾ നീക്കണം. രാഷ്ട്രീയത്തിന് അപ്പുറമുള്ള ഇച്ഛാശക്തി പഞ്ചായത്തുകൾ കാണിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ കുട്ടനാട്ടിൽ. സഹകരിച്ചാൽ നാട്ടുകാർക്കും സ്വന്തം വീടു വിട്ടും വിറ്റും പോകേണ്ടി വരില്ല.
സർക്കാർ മുൻകൈയിലും മേൽനോട്ടത്തിലും വാർഡുതല കൂട്ടായ്മകൾ രൂപപ്പെടുത്തുകയാണ് ഉടൻ ചെയ്യേണ്ടത്. പക്ഷപാതവും തർക്കങ്ങളും ഇല്ലാതെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഒന്നിച്ചു തീരുമാനിക്കണം. പണികൾക്ക് സർക്കാർ ധനസഹായം നൽകണം. വെളളം എവിടെ ഇടിച്ചു നിൽക്കുന്നോ അവിടെ തുറക്കണം.
ഒരു വലിയ തടസ്സം സർക്കാരിനും ഒഴിവാക്കാനുണ്ട്. എ സി റോഡിന് – ആലപ്പുഴ-ചങ്ങനാശേരി റോസിന് സമാന്തരമായ എ സി കനാൽ പള്ളാത്തുരുത്തി ആറു വരെ തുറക്കണം. കൈയേറ്റങ്ങൾ ഉടൻ ഒഴിപ്പിക്കണം. എ സി റോഡ് നവീകരണത്തിനൊപ്പം എ സി കനാലും പൂർണമാക്കണം.

കനകാശേരി ചിത്രങ്ങൾ
മാധ്യമങ്ങൾ ആവർത്തിച്ചു നൽകുന്ന വാർത്തകളും ചിത്രങ്ങളും കനകാശേരി പാടശേഖരത്തിലെ മടവീഴ്ചയെ തുടർന്ന് ദുരിതം അനുഭവിക്കുന്നവരുടേതാണ്. കനകാശേരിയിലെ മടവീഴ്ച ഒഴിവാക്കാൻ മുൻ മന്ത്രി തോമസ് ഐസക് ഒരുപാട് പണിയെടുത്തതാണ്. അത് ചിലർ എങ്ങനെ അട്ടിമറിച്ചുവെന്ന് അദ്ദേഹം വിശദമായി എഴുതിയിട്ടുണ്ട്. സർക്കാരും പാടശേഖര സമിതിയും നാട്ടുകാരും ഒന്നിച്ചാലേ കനകാശേരിയിലെ പ്രശനങ്ങൾ അവസാനിക്കു. ഇല്ലെങ്കിൽ മാധ്യമങ്ങൾക്ക് വേഗം ചെയ്യുന്ന ദുരിതവാർത്തയായി അത് തുടരും. കുട്ടനാട് ആകെ ഇങ്ങനെയാണ്, ഇങ്ങനെയാകും എന്ന പൊതുബോധം പടരുകയും ചെയ്യും.
വിശാല പാടശേഖരങ്ങളുടെ പുറംബണ്ടുകളിലെയും നടുവിലെ തുരുത്തുകളിലെയും വീടുകൾ പണ്ടേയുള്ളതാണ്. മനക്കച്ചിറ മുതൽ നെടുമുടി വരെ പാടങ്ങളുടെ പുറംബണ്ടിൽ 2018ലെ പ്രളയത്തിന് മുമ്പും ശേഷവും ഇവിടെ വലിയ ഇരുനില വീടുകൾ വന്നിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ 2018 ലെ പ്രളയത്തിന് മുമ്പും എല്ലാക്കൊല്ലവും വെള്ളപ്പൊക്കം നേരിടുന്നവരുമാണ്. അപ്പോഴൊന്നും ഇല്ലാത്ത പ്രശ്നം പെട്ടെന്നെങ്ങനെ ഉണ്ടായി എന്ന് പഠിക്കേണ്ടതാണ്.
കുട്ടനാട്ടിൽ കാലങ്ങളായിട്ട് രണ്ടാം കൃഷി നടത്തുന്ന പാടശേഖരങ്ങൾ കുറവാണ്. അതും ഒരു കാരണമായി പറയുന്നുണ്ട്. പക്ഷേ, വെള്ളപ്പൊക്ക ഭീഷണി നിരന്തരം നേരിടുന്ന കാലത്ത് കൃഷിക്കാർ അതിന് തയാറാകു മെന്ന് തോന്നുന്നില്ല.
മണ്ണിട്ട് പൊക്കിയാൽ എത്ര പൊങ്ങും
പ്രളയത്തിന് ശേഷം കുട്ടനാട്ടിലെ വീടുപണി രീതി സ്ഥലം നന്നായി മണ്ണടിച്ചു പൊക്കി, റാഫ്റ്റ് ചെയ്ത്, അതിനും മുകളിൽ ആറു മുതൽ എട്ടും പത്തും അടിവരെ പൊക്കത്തിൽ അടിത്തറ കെട്ടി ഉയർത്തി അതിനു മുകളിൽ വീടുപണിയുക എന്നതാണ്. പ്രളയ നിരപ്പിനേക്കാൾ ഉയരത്തിൽ അടിത്തറ എന്ന ലളിത യുക്തി. പക്ഷെ അപ്പോഴും പാടം നികത്തിയും നീരൊഴുക്ക് തടഞ്ഞും തന്നെയാണ് നിർമാണം. വീടുകൾ മാത്രമല്ല ആരാധനാലയങ്ങളും കുട്ടനാടിന്റെ ഭൂമിശാസ്ത്രത്തെ ദണ്ണിപ്പിച്ചും വക്രീകരിച്ചും ഉയരുന്നുണ്ട്.
കുട്ടനാടിന്റെ ഒരു പ്രശ്നം വർഷാ വർഷം ഭൂമി ഇരുത്തും അഥവാ താഴും എന്നതാണ്. എല്ലാക്കൊല്ലവും ആറ്റിൽനിന്നും തോട്ടിൽ നിന്നും കട്ട അഥവാ ചെളി കയറ്റി സ്ഥലം പൊക്കുകയായിരുന്നു പഴയ പതിവ്. നിലവിൽ അത് ചെയ്യാത്തതാണ് പ്രശ്നം എന്ന് അഭിപ്രായമുള്ളവരുണ്ട്. ഇപ്പോൾ തോടിന് ആഴം കൂട്ടാം എന്നല്ലാതെ ചേറുപയോഗിച്ച് സ്ഥലം ഉയർത്താൻ എത്രയാൾ തയാറാകും എന്നത് കണ്ടറിയണം.
പക്ഷെ ജലനിരപ്പ് ഉയരുന്നതല്ല ഭൂമി താഴുന്നതാണ് പ്രശ്നം എന്ന തിരിച്ചറിവ് പ്രധാനമാണ്. സമുദ്രജലനിരപ്പ് നൂറ്റാണ്ടുകൾ കൊണ്ടാണ് മില്ലിമീറ്റർ കണക്കിൽ ഉയരുക. അല്ലെങ്കിൽ ഭൂകമ്പം പോലെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്ന സംഭവങ്ങൾ ഉണ്ടാകണം. ഇവിടെ അങ്ങനെയൊന്ന് ഇല്ലാതിരിക്കെ കുട്ടനാടിന്റെ ദുരവസ്ഥയ്ക്ക് ഞങ്ങൾ കുട്ടനാട്ടുകാരുടെ ഉത്തരവാദി ത്തം കുറച്ചു കാണാനാകില്ല.

എ സി റോഡ് പൊക്കിയാൽ കുട്ടനാട് പൊങ്ങുമോ
കുട്ടനാടിനെ രക്ഷിക്കാൻ ഇപ്പോൾ സർക്കാർ നടപ്പാക്കുന്നത് ആലപ്പുഴ-ചങ്ങനാശേരി റോഡ് ഉയർത്തലാണ്. ഇത് അശാസ്ത്രീയമാണെന്ന് ശക്തമായ പരാതിയുണ്ട്. മഹാപ്രളയകാലത്ത് എ.സി റോഡിൽ എത്തിയവരെല്ലാം കരപറ്റി. പക്ഷെ ഉൾപ്രദേശങ്ങളിൽനിന്ന് പതിനായിരങ്ങൾക്ക് എ സി റോഡിൽ എത്താനായില്ല എന്നതായിരുന്നു പ്രധാന പ്രശ്നം. ഇപ്പോഴും അതിന് യാതൊരു പരിഹാരവുമില്ല.
ജലനിരപ്പിന് താഴെ ഓട നിർമിക്കുക, വലിയകലുങ്കുകൾ നിലവിലുള്ളിടത്ത് പൈപ്പിടുക, ബോക്സ് ടൈപ്പ് കലുങ്കുകൾ നിർമിക്കുക തുടങ്ങി നിരവധി പാകപ്പിഴകൾ എ.സി റോഡ് പുനർനിർമാണത്തിൽ ഉള്ളതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കുട്ടനാടിനെ ഒരു വന്മതിൽ പോലെ ഈ ഉയരപ്പാത പിളർക്കുമെന്ന ആശങ്കയും പങ്കുവെക്കപ്പെടുന്നുണ്ട്. ഏതായാലും 758 മരങ്ങളുടെ തലപോകുമെന്ന് ഉറപ്പായിട്ടുണ്ട്. ശ്രമിച്ചാൽ തീരാത്ത പ്രശ്നങ്ങളില്ല. സർക്കാരും ജനങ്ങളും വിചാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ നിലവിൽ കുട്ടനാടിനുള്ളു.
- കുടിവെള്ളം ഉറപ്പാക്കുക.കുട്ടനാടിന് മാത്രമായി ശുദ്ധജല പദ്ധതി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കുക
- വെളളക്കെട്ട് ഒഴിവാക്കുക
- വെള്ളം ഒഴുകുന്നതിനുള്ള തടസ്സങ്ങൾ നീക്കുക
- കൈയേറിയ തോടുകൾ ഒഴിപ്പിക്കുക
- ആവശ്യമുള്ളിടത്ത് കലുങ്കുകൾ നിർമിക്കുക
- ചെറിയ പാലങ്ങൾ ഉയർത്തി നിർമിക്കുക
- അശാസ്ത്രീയ കെട്ടിട നിർമാണം തടയുക
- പാടവും തോടുകളും നികത്തുന്നത് നിരോധിക്കുക
- പ്രളയത്തെ നേരിടാൻ ശാസ്ത്രീയ പദ്ധതി തയാറാക്കുക
- അടഞ്ഞു പോയ പൊഴികൾ തുറക്കുക
- ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസം എത്തിക്കുക.
മേൽപറഞ്ഞ കാര്യങ്ങൾ നന്നായി ചെയ്താൽ കുട്ടനാട്ടിൽ നിന്നും ആർക്കും നാടുവിടേണ്ട അവസ്ഥ വരില്ല.
ഈ നാട് കൊള്ളില്ലെന്നത് ആരുടെ തോന്നലാണ്
പെണ്ണു കിട്ടില്ല, സ്ഥലത്തിന് വിലയില്ല തുടങ്ങിയ ഇല്ലാക്കാര്യങ്ങൾ പറഞ്ഞ് ഭീതി പടർത്തുന്നതിന് പിന്നിൽ ഏതെങ്കിലും മാഫിയ ഉണ്ടോ എന്ന് കാര്യമായി സംശയിക്കണം. ഈ പുകിലുകൾ കാണുമ്പോൾ, ലക്ഷദ്വീപിൽ സംശയിക്കുന്നത് പോലെ കുട്ടനാട്ടിലും വൻ ലോബികൾ കണ്ണുവെച്ചിരിക്കുന്നു എന്ന് ആശങ്കപ്പെടുന്നവരെ കുറ്റം പറയാനാകില്ല. സ്ഥലത്തിന് വിലയില്ല വിലയില്ല എന്ന് പറഞ്ഞുറപ്പിക്കുന്നതും നിങ്ങൾ പിറന്ന വീടും വളർന്ന മണ്ണും കൊളളില്ല കൊള്ളില്ല എന്ന് പറഞ്ഞ് മനസ്സ് മടുപ്പിക്കുന്നതും നിഷ്കളങ്കമായാണെന്ന് വിശ്വസിക്കുക ഒരു കുട്ടനാടുകാരനെ സംബന്ധിച്ച് പ്രയാസമാണ്. കുട്ടനാടിന്റെ ഈ അവസ്ഥ ഇന്ന് സൂര്യനുദിച്ചപ്പോൾ ഉണ്ടായതല്ലല്ലോ. സ്ഥിരതാമസക്കാർക്കാണല്ലോ പ്രശ്നങ്ങൾ. രണ്ടോ മൂന്നോ ദിവസം താമസിക്കാൻ വരുന്ന വിനോദ സഞ്ചാരികൾക്ക് അതില്ലല്ലോ. അപ്പോൾ ഇത്രകാലം ഇല്ലാതിരുന്ന കൊള്ളില്ലായ്മ ഇപ്പോൾ ഈ നാടിനെങ്ങനെ വന്നു.