Latest News

കുല്‍ഭൂഷണ്‍ കേസ്: വിധിക്കപ്പുറമുളള യാഥാർത്ഥ്യങ്ങൾ

നിലവിലുള്ള ഈ 1-1 സ്കോര്‍ ഇന്ത്യയേയും പാകിസ്ഥാനേയും ഒരുപോലെ അനുകൂലിക്കുന്നതാണ്. ജാദവ് കേസ് ഇതുവരെ സംഗ്രഹിക്കുമ്പോള്‍ ഈ വിഷയം കുറച്ചുകൂടെ സൗഹാര്‍ദപരമായി തീര്‍പ്പാക്കാന്‍ പറ്റുമായിരുന്നില്ലേ എന്ന് ആരും ചിന്തിച്ചുപോകും. ജ്യോതി മല്‍ഹോത്ര എഴുതുന്നു.

khulbhushan jadhav, verdict

കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ സ്റ്റേ ചെയ്തുകൊണ്ട് രാജ്യാന്തര കോടതി(ഐസിജെ) വിധിച്ചിരിക്കുന്നു. ഇന്ത്യയ്ക്ക് വലിയൊരു നയതന്ത്ര വിജയം നല്‍കുന്ന വിധിയാണ് ഇത്. അതോടൊപ്പം തന്നെ കുല്‍ഭൂഷണ്‍ ജാദവിനു ഇസ്ലാമബാദിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള നിയമസഹായവും (കൗണ്‍സിലര്‍ ആക്സസ്) നിഷേധിച്ചുകൊണ്ട് പാകിസ്ഥാന്‍റെ മുഖം രക്ഷിക്കാനും ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്   എന്നറിയപ്പെടുന്ന രാജ്യാന്തര കോടതി ശ്രദ്ധിച്ചു.

കുല്‍ഭൂഷണ്‍ ജാദവിനെ രാത്രിയുടെ മറവില്‍ പാകിസ്ഥാന്‍ പട്ടാളകോടതി ഏതു നിമിഷവും കൊലപ്പെടുത്തിയേക്കും എന്നും അത്തരത്തിലുള്ള ക്രൂരകൃത്യം ഒഴിവാക്കാന്‍ ഐസിജെ എത്രയും പെട്ടെന്ന് ഇടപെടണം എന്നും ആവശ്യപ്പെട്ടത് ഹേഗിലുള്ള ഇന്ത്യന്‍ കൗണ്‍സല്‍ ആയിരുന്നു. ഹേഗിലെ ഇന്ത്യന്‍ കൗണ്‍സിലര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

“പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഏതറ്റം വരെ പോയികൊണ്ടും ഞങ്ങള്‍ കുല്‍ഭൂഷണ്‍ ജാദവിനെ രക്ഷപ്പെടുത്തും എന്ന് രാജ്യത്തിനു ഉറപ്പു നല്‍കുന്നു” എന്നായിരുന്നു സുഷമാസ്വരാജിന്‍റെ ട്വീറ്റ്.

അവസാനത്തെ ഒരു വിധികൂടി നിലനില്‍ക്കെ, കുല്‍ഭൂഷണ്‍ ജാദവിനെ നേരിട്ട് കാണുവാനോ ബന്ധപ്പെടുവാനോ ഇന്ത്യന്‍ കൗണ്‍സിലര്‍മാര്‍ക്ക് അനുവാദം ഇല്ല എന്ന് ഹേഗില്‍ വച്ചുകണ്ട മാധ്യമപ്രവര്‍ത്തകരോട് അറ്റോണി ജനറല്‍ മുകുല്‍ രോഹ്താഗി സ്ഥിരീകരിക്കുകയുണ്ടായി. ഏതാണ്ട് ഒരു വര്‍ഷം മുന്നെ ഇറാനില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുല്‍ഭൂഷണ്‍ ജാദവിന്‍റെ ഇപ്പോഴത്തെ ശാരീരികവും മാനസികവുമായ നില എന്താണെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് ഇപ്പോഴും അറിയാന്‍ സാധിക്കില്ല എന്നാണ് ഇതിന്‍റെ അര്‍ഥം.

കുല്‍ഭൂഷണ്‍ ജാദവിന്‍റെ വിഷയത്തില്‍ ഇടപെടാന്‍ ഐസിജെക്ക് അവകാശമില്ല എന്നായിരുന്നു പാകിസ്ഥാന്‍റെ പ്രധാന വാദം. ഐസിജിയുടെ നിയമങ്ങള്‍ പാക് നിയമങ്ങളുമായി ഒത്തുപോവുന്നില്ല. അതിനാല്‍ തന്നെ കുല്‍ഭൂഷണ്‍ ജാദവിന്‍റെ കേസ് ഐസിജെയുടെ അധികാരപരിധിയില്‍ വരുന്നതല്ല എന്ന വാദത്തെ കോടതി തള്ളി. ഇന്ത്യയും പാകിസ്ഥാനും വിയന്ന കണ്‍വെന്‍ഷനില്‍ ഒപ്പുവച്ചിട്ടുള്ള രാജ്യങ്ങളാണ്. വിയന്നയിലെ ഉടമ്പടിയുടെ അധികാരപരിധിയില്‍ നിന്നുകൊണ്ടാണ് ഐസിജെക്കു കേസില്‍ ഇടപെടാം എന്നും അതിനാല്‍ തന്നെ പാകിസ്ഥാന്‍റെ വാദം നിലനില്‍ക്കില്ലെന്നും രാജ്യാന്തര കോടതി  വ്യക്തമാക്കി.

2008ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉണ്ടാക്കിയ മറ്റൊരു ഉടമ്പടി വിയന്ന കണ്‍വെന്‍ഷന്‍റെ നിബന്ധനകളെ അസാധുവാക്കുന്നതാണ്. സുരക്ഷയും രാഷ്ട്രീയ തടവുകാരും അടങ്ങുന്ന കേസുകള്‍ അതിന്‍റെ മെറിറ്റ് അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടേണ്ടത് എന്നായിരുന്നു ഇരുരാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെട്ട ഉടമ്പടി. അതിന്‍റെ അടിസ്ഥാനത്തില്‍ ഈ കേസില്‍, ഒരു ചാരനും സുരക്ഷാ -രാഷ്ട്രീയ തടവുകാരനുമായ കുല്‍ഭൂഷണ്‍ ജാദവിനു ഇന്ത്യന്‍ എംബസിയുടെ നിയമസഹായം (കൗണ്‍സൽ ആക്സസ്) ലഭിക്കുകയില്ല എന്ന് പാകിസ്ഥാന്‍ അറിയിച്ചു.
പാകിസ്ഥാനെതിരായി യുദ്ധം നടത്തുന്നതിനിടയിലാണ് ജാദവ് പിടിക്കപ്പെട്ടത് എന്നും ബലൂചിസ്ഥാന്‍ അടക്കം രാജ്യത്തെ പലഭാഗത്തും നടന്ന അട്ടിമറിനീക്കങ്ങളില്‍ ജാദവിനു പങ്കുണ്ട് എന്നും പാകിസ്ഥാന്‍ വാദിച്ചു.

അതുകൊണ്ടാണ് രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ അനുശാസിക്കുന്ന പ്രകാരം ജാദവിനെ തൂക്കിലേറ്റാന്‍ തീരുമാനിച്ചത് എന്നായിരുന്നു പാകിസ്ഥാന്‍റെ വാദം. വിയന്നാ കണ്‍വെന്‍ഷനിലെ ഉടമ്പടികള്‍ മാത്രം മുന്‍നിരത്തിയായിരുന്നു ഇന്ത്യ വാദമുയര്‍ത്തിയത്. എല്ലാ പൗരനും നിയമസഹായം നല്‍കണം എന്നത് വിയന്നയിലെ ഉടമ്പടി അനുശാസിക്കുന്നുണ്ട്. ജാദവിന്‍റെ ജീവന്‍ അപകടത്തിലാണ് എന്ന് ഭയപ്പെടുന്നതായി ഇന്ത്യ ഐസിജെയെ അറിയിച്ചു. ഇത് ശ്രദ്ധയോടെകേട്ട കോടതി അവസാനവിധി വരുന്നത് വരെ ജാദവിനെ വധശിക്ഷ നടപ്പാക്കരുത് എന്ന് ഉത്തരവിട്ടു. ഇതിനാല്‍ തന്നെ ഇന്നു നിരത്തിയ വാദമുഖങ്ങള്‍ വിജയകരമായിരുന്നു എന്നും ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു എന്നും വേണം പറയാന്‍.

നിലവിലുള്ള ഈ 1-1 സ്കോര്‍ ഇന്ത്യയേയും പാകിസ്ഥാനേയും ഒരുപോലെ അനുകൂലിക്കുന്നതാണ്. ജാദവ് കേസ് ഇതുവരെ സംഗ്രഹിക്കുമ്പോള്‍ ഈ വിഷയം കുറച്ചുകൂടെ സൗഹാര്‍ദപരമായി തീര്‍പ്പാക്കാന്‍ പറ്റുമായിരുന്നില്ലേ എന്ന് ആരും ചിന്തിച്ചുപോകും.

കുല്‍ഭൂഷണ്‍ ജാദവ് ചാരനാണ് എന്ന് പാകിസ്ഥാന്‍ വാദിക്കുമ്പോള്‍ അദ്ദേഹം ഇറാനില്‍ കഴിയുകയായിരുന്ന വ്യവസായി ആണെന്നു പറഞ്ഞുകൊണ്ടാണ് ഇന്ത്യ, പാകിസ്ഥാന്‍റെ വാദത്തെ ഖണ്ഡിക്കുന്നത്. എന്തായിരുന്നാലും, ഏതാണ്ട് ഒരു വര്‍ഷം മുന്നേ ഇറാനില്‍ നിന്നും  പാകിസ്ഥാന്‍ സംഘം കുല്‍ഭൂഷണ്‍ ജാദവിനെ തട്ടികൊണ്ടുപോവുകയും രാജ്യത്തെ ഏതോ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയും ചെയ്തിരിക്കുന്നു എന്നത് വസ്തുതയാണ്.

ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒരു ഫോണ്‍ സംഭാഷണത്തില്‍ തീര്‍ക്കാനുള്ള വിഷയം മാത്രമായിരുന്നു കുല്‍ഭൂഷണ്‍ ജാദവിന്‍റെ കേസ്. അത് കുറച്ചുകൂടെ മനുഷ്യത്വപരമാവുമായിരുന്നു. രണ്ടുരാജ്യങ്ങളും ഇപ്പോള്‍ ചെയ്തിരിക്കുന്നത് പൊതുസ്ഥലത്തു വച്ചു തങ്ങളുടെ വിഴുപ്പലക്കുക എന്നതാണ്. അത് വൃത്തികേടാണ്, അപഹാസ്യവുമാണ്. രണ്ടു അയല്‍ രാഷ്ട്രങ്ങള്‍ക്ക് ഈ തരത്തില്‍ സങ്കുചിതരാവാന്‍ പറ്റുന്നു എന്നത് സ്വയം ഇല്ലാതാക്കലാണ്.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Kulbhushan jadav case at icj hague its actually a win each for india and pakistan

Next Story
ഇടിമുഴക്കത്തിന്റെ ബാക്കിപത്രം-അമ്പത് വർഷമാകുന്ന നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവർത്തമാനംnaxalbari
The moderation of comments is automated and not cleared manually by malayalam.indianexpress.com