scorecardresearch

പുറത്തെ മതവും ഉളളിലെ ജാതിയും

വിവിധ മതങ്ങൾക്കുളളിൽ ജാതി എന്ന സ്വത്വം എങ്ങനെയാണ് അതിർവരമ്പുകൾ സൃഷ്ടിക്കുന്നത് എന്ന് ആതിര, കെവിൻ എന്നിങ്ങനെ ജാതിയുടെ പേരില്‍ കേരളത്തില്‍ നടന്ന ദുരഭിമാന കൊലകളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുകയാണ് ലേഖകന്‍

വിവിധ മതങ്ങൾക്കുളളിൽ ജാതി എന്ന സ്വത്വം എങ്ങനെയാണ് അതിർവരമ്പുകൾ സൃഷ്ടിക്കുന്നത് എന്ന് ആതിര, കെവിൻ എന്നിങ്ങനെ ജാതിയുടെ പേരില്‍ കേരളത്തില്‍ നടന്ന ദുരഭിമാന കൊലകളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുകയാണ് ലേഖകന്‍

author-image
Nandagopal R
അപ്‌ഡേറ്റ് ചെയ്‌തു
New Update
nanda gopal 1

കെവിൻ വധത്തെ കുറിച്ചു വന്ന (മാധ്യമ) ചർച്ചകൾ ശ്രദ്ധേയമാണ് - അവ പറഞ്ഞതിനും, പറയാത്തതിനും. ദുരഭിമാനക്കൊല, പിണറായിയുടെ പൊലീസ്, പ്രതികളുടെ രാഷ്ട്രീയം ഇവയൊക്കെ പല കോണിൽ നിന്നും പല വിധത്തിലും തലനാരിഴ കീറി പരിശോധിച്ചു. ഇവയെല്ലാം പ്രസക്തം തന്നെ, വിശേഷിച്ചും പോലീസിന്‍റെ നിഷ്‌ക്രിയത്വം, അഴിമതി, പരാജയം.

Advertisment

ഇതിനിടയിൽ, എന്ത് കൊണ്ട് കെവിൻ കൊല്ലപ്പെട്ടു? പ്രതികളെ ആ കൃത്യത്തിനു പ്രേരിപ്പിച്ച ഘടകമെന്ത്? ഈ ചോദ്യങ്ങൾ, ഒരു പക്ഷേ ആസൂത്രിതമായി തന്നെ, തമസ്കരിക്കപ്പെട്ടു. അതായത്, കെവിന്‍റെ ജാതി - ദളിത് സ്വത്വം - ആണ് പ്രതികളെ ചൊടിപ്പിച്ചതെന്നും, കൊലയിലേക്ക് നയിച്ചതെന്നും വ്യക്തമാണ്. എന്നാൽ എവിടെ, ഏതു മുഖ്യധാരാ മാധ്യമത്തിലാണ്, ഈ വിഷയം അത് അർഹിക്കുന്ന പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെട്ടത്?

കൂട്ടത്തിൽ ജാതിയല്ല, വർഗ്ഗമാണ് (കെവിന്‍റെ കുടുംബവും നീനുവിന്‍റെ കുടുംബവും തമ്മിലുള്ള സാമ്പത്തിക അന്തരം) പ്രശ്നമെന്ന ചില 'താത്വിക അവലോകനങ്ങളും' അരങ്ങ് കൊഴുപ്പിക്കുന്നുണ്ട്. ചുരുക്കത്തിൽ ഈ കൊലയിലെ ഏറ്റം മർമ്മപ്രധാനമായ വിഷയത്തെ കുറിച്ച് സവർണ്ണരുടെ നിയന്ത്രണത്തിലുള്ള, സവർണ്ണർ ഭൂരിപക്ഷവും പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്ക് മിണ്ടാട്ടമില്ല.

ഉള്ളത് പറഞ്ഞാൽ, പല മാധ്യമപ്രവർത്തകരും വ്യക്തിപരമായി സോഷ്യൽ മീഡിയയിൽ ജാതിയെ പറ്റി പോസ്റ്റ് ചെയ്ത വിഷയത്തിന്‍റെ ഗൗരവം ഉൾക്കൊളളുന്നുണ്ട് എന്ന് വ്യക്തമാക്കുന്നു. എന്നാൽ അവർ ജോലി ചെയ്യുന്ന മാധ്യമങ്ങളിൽ​ കൂടി ആ ഗൗരവം ജനങ്ങളിലെത്തിക്കാൻ അവർക്ക് സാധിക്കാതെ പോകുന്നു.

Advertisment

ഇതേ പ്രശ്നം തന്നെയാണ് മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ കാര്യത്തിലും സാമുദായിക, സാംസ്കാരിക നേതൃത്വങ്ങളുടെ കാര്യത്തിലും കാണുന്നത്. ഈ വിഷയത്തിനെ അതിന്റേതായ ആഴത്തിൽ കാണുകയും അതിനെ അഭിസംബോധന ചെയ്യുന്നതിലും അവർ പരാജയപ്പെടുന്നതിന്‍റെ അടയാളമാണിത്. കക്ഷിരാഷ്ട്രീയത്തിന്‍റെ കേവല പരിഗണനകൾക്കപ്പുറം ഈ വിഷയത്തിന്‍റെ ഉളളറകളിലേയ്ക്ക് കടന്ന് വിശകലനം ചെയ്ത് സാമൂഹികമായ ഇടപെടലിന് മാധ്യമങ്ങളേക്കാൾ പരാജയപ്പെടുന്നത് ഈ മുഖ്യധാര കേരളീയ സമൂഹമാണ്. മുഖ്യധാരയുടെ പുറത്തുളള ഇടപെടലുകളെല്ലാം ഈ മുഖ്യാധാരയുടെ നിശബ്ദതയിൽ തട്ടിത്തകരുകയാണ്.

ഇത് കെവിന്‍റെ പ്രശ്നത്തിൽ മാത്രമല്ല, ഏതാനും മാസം മുമ്പ് ദലിതനായ സൈനികനെ പ്രണയിച്ച് വിവാഹം കഴിക്കാൻ​ തീരുമാനിച്ച മകളെ കൊലപ്പെടുത്തിയത് അച്ഛനാണ്. കേരളത്തിലെ അരീക്കോടാണ് ആ കൊലപാതകം നടന്നത്. തിയ്യ സമുദായത്തിൽ പെട്ട പെൺകുട്ടിയുടെ അച്ഛൻ മകളെ കൊലപ്പെടുത്തിയത് മകൾ പ്രണയിച്ചയാളുടെ ജാതിയുടെ പേരിലാണ്.

അന്നും ഈ മുഖ്യധാര പതിവ് പോലെ ദുരഭിമാനക്കൊലയുടെ ഗൗരവത്തെ കുറിച്ച് ആലോചിക്കാതെ, കേരളത്തിൽ​ സാമൂഹികാവസ്ഥയുടെ സങ്കീർണതകളെ അഭിസംബോധന ചെയ്യാതെ ഒഴിഞ്ഞു മാറി. അരീക്കോട് മകളെ അച്ഛൻ കൊലപ്പെടുത്തിയത് മദ്യലഹരിയിൽ എന്നതായിരുന്നു വാർത്താകളിൽ​ ഊന്നാൻ ശ്രമിച്ചത്. എന്നാൽ അതിലെ ജാതി വിഷയത്ത് തമസ്ക്കരിസ്കാനായിരുന്നു ശ്രമം.   അതു തന്നെയാണ് കെവിന്‍റെ കൊലപാതക വിഷയത്തിലും പ്രകടമാകുന്നത്. ഇവിടെ മദ്യത്തിന് പകരം വർഗം എന്ന കാഴ്ചപ്പാടിലേയ്ക്ക് അതിനെ മാറ്റുന്നുവെന്ന് മാത്രം. വർഗപരമായ അന്തരം മാത്രമായിരുന്നു പ്രശ്നം എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതിലൂടെ ഇവിടെയും യഥാർത്ഥ പ്രശ്നമായ ജാതി വിഷയം മറച്ചുപിടിക്കാനാണ് പൊതുസമൂഹം ശ്രദ്ധയൂന്നത്.

ഇത് രണ്ടും കേവലം ക്രൈം എന്ന നിലയിലേക്ക് ചുരുക്കി കാണേണ്ടതല്ല.   അതിനപ്പുറം മലയാളി സമൂഹത്തിലെ ചില സങ്കീർണതകളിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.

ആ പശ്ചാത്തലത്തിലാണ് ഈ മൗനങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കേണ്ടത്. അവിടെയാണ് ജാതിയെങ്ങനെ പൊതു മണ്ഡലത്തിൽ പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാവുന്നത് - ചില ഒഴിവാക്കലുകളിലൂടെ, ചില അരികുവൽക്കരണങ്ങളിലൂടെ.

കെവിൻ ദലിത് ക്രൈസ്തവനാണെന്ന വെളിപ്പെടുത്തൽ കേരളത്തിലെ ക്രിസ്തീയ സഭകളിലെ ജാതി ചിന്തയിലേയ്ക്ക് ശ്രദ്ധ ക്ഷണിച്ചു. ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥയുടെ കൊടിയ പീഡനങ്ങൾ സഹിക്കവയ്യാതെ ക്രിസ്തുമതം സ്വീകരിച്ചവർ സവർണ്ണ സുറിയാനി ക്രൈസ്തവരിൽ നിന്ന് നേരിടുന്ന അയിത്തം, മറ്റു വിവേചനങ്ങൾ എന്നിവയെ കുറിച്ച് പല മികച്ച അക്കാദമിക് പഠനങ്ങളും നിലവിലുണ്ട്; അതിനെതിരിയുള്ള പോരാട്ടങ്ങളും സജീവമാണ്. ദുരഭിമാനക്കൊല, കേരളം ഏതൊരു വടക്കേ ഇന്ത്യൻ സംസ്ഥാനം പോലെയാണ് എന്നൊക്കെ പരത്തി പറഞ്ഞു പോവുമ്പോൾ കിട്ടാത്ത ഒരു കൃത്യത, ഒരു രാഷ്ട്രീയം, ക്രിസ്തുമതത്തിലെ ജാതി പ്രശ്‌നത്തെ കുറിച്ച് പറയുമ്പോൾ പ്രകടമാവുന്നുണ്ട്.

എന്നാൽ കൂട്ടത്തിൽ മിണ്ടാതെ - മനപൂർവ്വമോ, അല്ലാതെയോ - പോവുന്ന ഒന്ന് കൂടിയുണ്ട് കെവിന്‍റെ വധത്തിൽ. മാതാപിതാക്കൾ അറിഞ്ഞു കൊണ്ടാണ് കെവിൻ കൊല്ലപ്പെട്ടത് എന്ന് നീനു പറയുമ്പോൾ പിതാവിന്‍റെ മതത്തിലെ ജാതി പ്രശ്നത്തെ പറ്റി മാത്രം ആലോചിച്ചാൽ മതിയോ? അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളും, കുറ്റം ആരോപിക്കപെട്ട അമ്മയും ഇസ്‌ലാം മത വിശ്വാസികളാണ്. അതായത് ക്രൈസ്തവവിശ്വാസികൾ മാത്രമല്ല, ഈ​ കൊലയ്ക്ക് പിന്നിലുളളത് എന്നതാണ് അത് വിരൽ ചൂണ്ടുന്നത്. അതായത്, ഇരുവീട്ടുകാർക്കും കെവിന്‍റെ ദലിത് സ്വത്വം വിഷയം തന്നെയായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

എവിടെ ഇസ്‌ലാമിലെയും, മുസ്‌ലിങ്ങളുടെയും ഇടയിലെ ജാതിയെ കുറിച്ച് വാചാലരാവുന്നവർ? എല്ലാ ദലിത് സമരങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാൻ സദാ സന്നദ്ധരായ മുസ്‌ലിം രാഷ്ട്രീയ സംഘാടനകൾ എവിടെ?

വടക്കൻ കേരളത്തിലെ മുസ്‌ലിങ്ങളായ ഒസ്സാൻ, പൂസ്സലാൻ - ബാർബറായും, മുക്കുവരായും തൊഴിലെടുത്തു ജീവിക്കുന്ന വിഭാഗങ്ങൾ - നേരിടുന്ന വിവേചനത്തെ കുറിച്ചും കൂടി ഈ ഘട്ടത്തിൽ ചിന്തിക്കേണ്ടതാണ്.

സവർണ്ണ മുസ്‌ലിങ്ങളും, അറബ് പാരമ്പര്യം അവകാശപെടുന്നവരും വിവാഹ ബന്ധത്തിൽ ഏർപ്പെടാത്ത വിഭാഗങ്ങളാണിവർ. അത്ര പ്രത്യക്ഷമായ കാഴ്ചകളിൽ പെടുന്നില്ലെങ്കിലും ലത്തീൻ എന്ന പേര് വിളിച്ചു ചില ക്രിസ്ത്യാനികളെ സവർണ്ണ, സുറിയാനി ക്രിസ്ത്യാനികൾ തങ്ങളിൽ നിന്ന് വേർതിരിക്കുമ്പോൾ സംഭവിക്കുന്ന, ആ വിളിയിൽ ഉൾച്ചേർന്നിട്ടുള്ള ജാതിബോധത്തിന്‍റെ ഒരു വകഭേദം തന്നെയാണ് ഒസ്സാൻ, പുസ്സലാൻ പ്രയോഗങ്ങളിലുമുള്ളത്. ഇസ്‌ലാം സ്വീകരിക്കുന്നതിന് മുൻപുള്ള അവരുടെ ഹൈന്ദവ ജാതി സ്വത്വം അവരെ വിട്ടു പോവുന്നില്ല, ലത്തീൻ, ദലിത് ക്രിസ്ത്യാനികളെ വിട്ടുപോവാത്തതു പോലെ.

ചുരുക്കി പറഞ്ഞാൽ, മുൻപെങ്ങും ഇല്ലാത്ത വിധം, ഹിന്ദു സമുദായത്തിലെന്ന പോലെ തന്നെ, കേരളത്തിലെ രണ്ടു പ്രബല മത സമുദായങ്ങളിലെ ജാതിയെ കുറിച്ചുള്ള ധാരണകളാണ്, അത് അടിസ്ഥാനപെടുത്തിയുള്ള വിഷയങ്ങളെയാണ് സംവാദാത്മകമാക്കേണ്ടത്. ജാതി എന്നത് മതം, രാഷ്ട്രീയം എന്നിങ്ങനെയുളള എല്ലാ ഘടകങ്ങളിലും അതിരുകളില്ലാതെ വിഷയം തന്നെയാണ് എന്ന തിരിച്ചറിവ് കൂടെ ഉണ്ടാകേണ്ടതുണ്ട്.

കേരളത്തിലെ ഇസ്‌ലാമിക സംവാദങ്ങളെ കുറിച്ച്

ഗവേഷണം നടത്തിയിട്ടുളള ലേഖകൻ

ജർമ്മനിയിലെ ഗോട്ടിങ്ഗൻ സർവകലാശാലയിലെ

മോഡേൺ ഇന്ത്യൻ സ്റ്റഡീസിലെ

(Centre for Modern Indian Studies,

University of Göttingen) ഗവേഷകനാണ്

Dalit Caste Kevin Murder Case Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: