scorecardresearch

ഉത്തമസ്ത്രീകള്‍ ‘കുല-പാതകി’കളാകുമ്പോള്‍

നല്ല വിശ്വാസിയും പള്ളിയില്‍ നിത്യവും പോകുന്നവളുമായ സ്ത്രീ ഇതു ചെയ്തതെങ്ങനെ എന്നു ചോദിക്കുന്നവരെ ഓര്‍ത്തു സഹതപിച്ചു പോകുന്നു. ഏതു ലോകത്തിലാണ് അവര്‍ ജീവിക്കുന്നത്?

j devika, opinion, iemalayalam

ഉത്തമ കുലസ്ത്രീയുടെ സകല ലക്ഷണങ്ങളും തികഞ്ഞവളായ ഒരു മദ്ധ്യവയസ്‌ക നടത്തി എന്നു പറയപ്പെടുന്ന കുല-പാതക പരമ്പരയുടെ കഥ, അതിന്റെ ഭയാനകത, മലയാളികളുടെ ശ്രദ്ധയെ ആകെ പിടിച്ചടക്കിക്കളഞ്ഞിരിക്കുന്നു. പതിനാലു വര്‍ഷത്തോളം നീണ്ട ഈ വേട്ടയ്ക്കു പിന്നില്‍ കൃത്യമായ പദ്ധതിയുണ്ടായിരുന്നുവെന്ന് പോലീസ് അവകാശപ്പെടുന്നു. മലയാളി മുഖ്യധാരയുടെ ഭാഗമായ ഒരു ശരാശരി യുവതി കാണാനിടയുള്ള, എന്നാല്‍ മിക്കവാറും അസാദ്ധ്യമായ, ഒരു സ്വപ്‌നമായിരുന്നു അവരുടേത് – ആലോചിച്ചുറപ്പിച്ച (സുരക്ഷിതമെങ്കിലും ഒരുപക്ഷേ തന്റെ അഭിരുചിയ്ക്കിണങ്ങാത്ത) വിവാഹത്തില്‍ നിന്ന് സാമൂഹ്യപരുക്കുകളൊന്നും കൂടാതെ പുറത്തിറങ്ങുക, തുടര്‍ന്ന് സ്വയം തെരെഞ്ഞടുത്ത പുരുഷനെ സമൂഹത്തിന്റെ സമ്മതത്തോടെ വിവാഹം കഴിക്കുക, കൂടാതെ മുന്‍ബന്ധത്തില്‍ അനുഭവിച്ച സാമ്പത്തികസുരക്ഷ ഈ ബന്ധത്തിലും ഉണ്ടായിരിക്കുക. ഇന്നത്തെ നിലയ്ക്ക് അസാദ്ധ്യം തന്നെയായ ഈ ബന്ധത്തെ അവര്‍ തികച്ചും പൈശാചികമാര്‍ഗങ്ങളിലൂടെ സാക്ഷാത്ക്കരിക്കാന്‍ ശ്രമിച്ചു. അതില്‍ ഒരുപക്ഷേ അവര്‍ വിജയിച്ചേനെ.

കുലസ്ത്രീയുടെ മൂടുപടം പോലെ കേരളത്തില്‍ ചെലവാകുന്ന മറ്റൊന്നില്ലെന്ന് സരിതാ നായരുടെ ആദ്യകാല ദിഗ്വിജയങ്ങള്‍ നമ്മെ കാണിച്ചു തന്നതാണ്. സ്ത്രീകള്‍ക്കെതിരെ മലയാളി സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന അതിക്രമത്തെപ്പറ്റി കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ നടത്തിയ ഗവേഷണത്തില്‍ ഉയര്‍ന്നു വന്ന ശ്രദ്ധേയമായ ഒരു കാര്യം, കുലസ്ത്രീകള്‍- വരേണ്യമായ അടക്കമൊതുക്കപരിധികളെ മാനിക്കുന്നതു പോലെ ജീവിക്കുന്നവരായ സ്ത്രീകള്‍ – സൈബര്‍ ഇടങ്ങളില്‍ അങ്ങനെയല്ലാതെ പെരുമാറുമ്പോള്‍ അവരെ കുഴപ്പങ്ങളില്‍ നിന്നു കരകയറ്റാന്‍ നമ്മുടെ നിയമപാലകര്‍ക്ക് മടിയില്ല. എന്നാല്‍ പൊതുചര്‍ച്ചകളില്‍ പങ്കാളികളായ സ്ത്രീകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങളുണ്ടായാല്‍ ഇതേ ഉത്സാഹം നിയമപാലകരില്‍ കാണുന്നില്ല. കാരണം, ഇവരൊന്നും കുലസ്ത്രീകളല്ല, ഒരുമ്പെട്ടവളുമാരാണ്.

സൈബറിടങ്ങളില്‍ രഹസ്യമായി കോള്‍ഗേള്‍ ജോലി ചെയ്തു പണമുണ്ടാക്കുന്നതിനിടയില്‍ കുലസ്ത്രീയെ ആരെങ്കിലും ബ്‌ളാക്ക്‌മെയില്‍ ചെയ്താല്‍ അവരെ രക്ഷിക്കാന്‍ നമ്മുടെ നിയമപാലകര്‍ക്ക് മടിയില്ല, കാരണം അതു കുടുംബത്തിന്റെ മൊത്തം മാനത്തിന്റെ പ്രശ്‌നമാണ്. ലൈംഗികത്തൊഴിലാളികള്‍ക്ക് ഈ പരിഗണന കിട്ടില്ല എന്നുറപ്പുണ്ടല്ലോ. ഇങ്ങനെ സര്‍വനാശം വരുത്താതെ സ്വത്തുതട്ടിയെടുക്കാന്‍ മാത്രമായിരുന്നു ജോളിയുടെ ശ്രമമെങ്കില്‍ അവരെപ്പറ്റി നാം അറിയുക പോലുമില്ലായിരുന്നു.  ഇത്ര ഭീമമായ പാതകത്തെ മറയ്ക്കാന്‍ കുലസ്ത്രീത്വമെന്ന ആവരണത്തിനു പോലും കഴിയുന്നില്ല.j devika , opinion , iemalayalam,

മറുവശത്ത്, ജോളിയുടെ പ്രവൃത്തിയെ ഏതെങ്കിലും വിധത്തിലുള്ള പകവീട്ടലായി കാണാന്‍ നമ്മെ അനുവദിക്കുമായിരുന്ന വിവരങ്ങളൊന്നും ആ കേസ് സംബന്ധിച്ചു പ്രസിദ്ധീകരിക്കപ്പെടുന്ന വാര്‍ത്തകളിൽ ഇല്ല.  ഏതെങ്കിലും വിധത്തിലുള്ള ക്രോധമാണ് അതിന്റെ ഉറവിടമെന്ന് കരുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ചിലരെങ്കിലും ആ പ്രവൃത്തിയെ ന്യായീകരിച്ചില്ലെങ്കിലും അതിനെ അല്പം കൂടി സൗമ്യമായ വെളിച്ചത്തില്‍ കാണാന്‍ ശ്രമിച്ചേനെ.  അതായത്,  ഈ സ്ത്രീയ്ക്ക് എന്തെങ്കിലും കാര്യമായ ദുരനുഭവം ഭര്‍തൃവീട്ടുകാരില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്നോ അവര്‍ അസഹനീയമായ അപമാനം വല്ലതും അവരില്‍നിന്ന് സഹിച്ചിട്ടുണ്ടെന്നോ വന്നിരുന്നെങ്കില്‍ ഈ പാതകത്തെ അടക്കിവച്ച ക്രോധത്തിന്റെ, പകയുടെ ഫലമായി നാം എണ്ണിയേനെ. അത്തരം സ്ത്രീകള്‍ നമുക്കു പരിചിതരാണ്, വിശ്വസാഹിത്യത്തിലും ഇതിഹാസങ്ങളിലും.

നമ്മുടെ ജനപ്രിയ വ്യവഹാരങ്ങളില്‍ മുറിവേറ്റവരുടെ പക സര്‍വസാധാരണമായി ന്യായീകരിക്കപ്പെടുന്നുമുണ്ട്. പക്ഷേ ഈ പാതകത്തില്‍ അങ്ങനെയുള്ള സാദ്ധ്യത ഇല്ല ഇതു വരെ. സുഖഭോഗാസക്തിയും ആര്‍ത്തിയും കൂടിച്ചേര്‍ന്ന് മനുഷ്യത്വബോധത്തെ ആകെ മൂടിക്കളഞ്ഞ അവസ്ഥയിലാണ് ജോളിയെന്നാണ് മാദ്ധ്യമങ്ങള്‍ തരുന്ന സൂചന. അതു കൊണ്ടു തന്നെ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പൈശാചികത അവരില്‍ ആരോപിക്കപ്പെടുന്നു.

ഒരു ഞായറാഴ്ച പോലും പള്ളിയില്‍ പോകാതിരിക്കാത്തവളും തികഞ്ഞ വിശ്വാസിയുമായ ഒരു മാന്യവനിത എങ്ങനെ ഈ പാതകത്തിനു തുനിഞ്ഞു, അതും ഇത്ര സൂക്ഷ്മമായി പദ്ധതിയിട്ടുവെന്നാണ് പലരും വിലപിക്കുന്നത്. സത്യം പറയെട്ടെ, എനിക്ക് ഒരതിശയവും തോന്നുന്നില്ല.

സ്വത്തുള്ള കൂട്ടുകുടുംബങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ പത്തൊന്‍പതാം നൂറ്റാണ്ടിലും അതിനു ശേഷവുമെങ്കിലും അത്ര അസാധാരണമൊന്നുമായിരുന്നില്ലെന്ന് ചരിത്രകാരിയെന്ന നിലയില്‍ എനിക്കു പറയാനാകും. 1905ല്‍ തന്റെ ഭര്‍ത്താവായ നമ്പൂതിരിയ്ക്കു വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ച ഒരു അന്തര്‍ജനം വാര്‍ത്തയായതാണ്. അതിനു പുറമേ കൂട്ടുകുടുംബങ്ങളില്‍ നടന്ന സ്വത്തുതര്‍ക്കങ്ങളില്‍ കാരണവന്മാരെയോ മറ്റു അവകാശികളെയോ വിഷം കൊടുത്തു കൊല്ലാനുള്ള ശ്രമങ്ങള്‍ പോലീസ് രേഖകളിലും കുടുംബതര്‍ക്കങ്ങളെപ്പറ്റി തലമുറ തലമുറയായി കൈമാറിവന്ന കഥകളിലും ധാരാളമുണ്ട്.

സ്വത്തുള്ളതും അതിന് അനേകം അവകാശികളുള്ളതുമായ സാഹചര്യങ്ങളില്‍ ചിലരെങ്കിലും സ്വീകരിച്ച ദുര്‍മാര്‍ഗമാണിത്, ആണും പെണ്ണും പ്രയോഗിച്ചു നോക്കിയിട്ടുള്ള ഒന്ന്. കേരളത്തിലാണെങ്കില്‍ കൂട്ടു കുടുംബങ്ങളുടെ വേര്‍പിരിയലിനു ശേഷമുണ്ടായ ചെറു കുടുംബങ്ങളില്‍ സ്വത്തു വീണ്ടും കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഗള്‍ഫ് കുടിയേറ്റം ധനികകുടുംബങ്ങളെ സൃഷ്ടിക്കുകയും ഒരു കാലത്ത് വിലയില്ലായിരുന്ന ഭൂമി പൂര്‍ണമായും റിയല്‍ എസ്റ്റേറ്റ് ആയി മാറുകയും ചെയ്ത സാഹചര്യത്തില്‍.

സ്ത്രീകളുടെ ഗൂഢാലോചനാ സാമര്‍ത്ഥ്യം വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ അതിലെന്താണ് അതിശയിക്കാനുള്ളത്? സമീപകാലത്തുണ്ടായ വിവരസാങ്കേതിക വിപ്ളവവും ഡിജിറ്റല്‍ ഇടത്തിന്റെ വ്യാപനവും സ്ത്രീകളെയും ബാധിച്ചിരിക്കുമെന്ന സാദ്ധ്യതയെ എന്തു കൊണ്ട് നാം കാണാന്‍ മടിക്കുന്നു? അകം-പുറം എന്ന വേര്‍തിരിവു തന്നെ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുരുഷന്മാര്‍ക്കു ലഭ്യമായ നല്ലതും ചീത്തയുമായ എല്ലാ അറിവുകളും സ്ത്രീകളില്‍ എത്തും.  അതില്‍ നിന്ന് ബലമായി അവരെ അകറ്റി നിര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ ദീര്‍ഘകാലത്തില്‍ നിലംപൊത്തുകയെ ഉള്ളൂ.  പക്ഷേ നല്ല വിശ്വാസിയും പള്ളിയില്‍ നിത്യവും പോകുന്നവളുമായ സ്ത്രീ ഇതു ചെയ്തതെങ്ങനെ എന്നു ചോദിക്കുന്നവരെ ഓര്‍ത്തു സഹതപിച്ചു പോകുന്നു. ഏതു ലോകത്തിലാണ് അവര്‍ ജീവിക്കുന്നത്?

j devika , opinion , iemalayalam,

പോലീസ് വൃത്തങ്ങളെ വിശ്വസിക്കാമെങ്കില്‍ മഹാകുല-പാതകിയായ ഈ സ്ത്രീ വിശ്വാസമര്‍പ്പിച്ചു വന്ന ആ മതസ്ഥാപനത്തിനെതിരെ അതിഭയങ്കരമായ ധാര്‍മികവീഴ്ചയിലേക്കു വിരല്‍ ചൂണ്ടുന്ന വിശ്വാസ്യമായ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വന്ന കാര്യം ഞാനെന്തായാലും മറന്നിട്ടില്ല. ആ വിശ്വാസഗോപുരത്തിന്റെ പാലകരും അത്യുന്നതാധികാരികളുമായിരിക്കുന്നവര്‍ വഞ്ചകരും ചൂഷകരും അഴിമതിയില്‍ ആണ്ടുമുങ്ങിയവരും കൊലപാതങ്ങള്‍ നടത്തിയെടുക്കുന്നവരും ബലാത്സംഗികളും (സന്യാസിനികളെപ്പോലും വെറുതേ വിടാത്ത ബലാത്സംഗികള്‍) ആണെന്ന് സംശയിക്കാന്‍ ന്യായമായ കാരണമുണ്ടെന്ന് പൊതുചര്‍ച്ചകളില്‍ തെളിഞ്ഞെങ്കിലും കാര്യമായ ഒരു ഇളക്കവും തട്ടാത്ത മുഖ്യധാരാ വിശ്വാസി സംഘത്തെയല്ലേ നമ്മള്‍ ഇവിടെ കണ്ടു കൊണ്ടിരിക്കുന്നത്? ഇതൊന്നും ഒരു കാര്യമായ പ്രശ്‌നമേ അല്ലെന്നു ധരിക്കുന്നവര്‍? മുറിവേറ്റവരുടെ നിലവിളികളെ ശിക്ഷണനടപടികള്‍ കൊണ്ട് അമര്‍ത്തിക്കളയുന്നവര്‍? ഇക്കൂട്ടരുടെ ആധിപത്യം നിലനിൽക്കുന്നിടത്തോളം ഇത്തരം അനുഭവങ്ങൾ ഇനിയുമിനിയും കൂടുതല്‍ ഉയര്‍ന്നുവരാനല്ലേ സാദ്ധ്യത?

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Koodathai murders jolly joseph