Latest News
വരും ദിവസങ്ങളില്‍ മഴ ശമിക്കും; ഇന്ന് നാല് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
Tokyo Olympics: ടേബിള്‍ ടെന്നിസ്: ശരത് കമാല്‍ പുറത്ത്; ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ജയം
29,689 പേര്‍ക്ക് കോവിഡ്; 132 ദിവസത്തിലെ കുറഞ്ഞ നിരക്ക്; 415 മരണം
ഐ.എസ്.ആര്‍.ഒ. ചാരക്കേസ്: നമ്പി നാരായണന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണസംഖ്യ 200 കടന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കൊച്ചി മെട്രോ-ലിംഗ സമത്വത്തിന്റെ പുതുവഴികളിലേയ്ക്കുളള യാത്ര

മെട്രോ കൊച്ചിയുടെ മുഖച്ഛായ മാറ്റുന്നത് അടിസ്ഥാന സൗകര്യ വികസനത്തിൽ മാത്രമായിരിക്കില്ല, ജീവിത കാഴ്ചപ്പാടുകളെ തന്നെയായിരിക്കും. സ്ത്രീ ഡ്രൈവർമാരും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുളളവർക്ക് ജോലിയും നൽകി അവരതിന് പച്ചക്കൊടി വീശിയിരിക്കുന്നു.

kochi metro, gender equality, freedom

നഗരവൽകരണം സ്ത്രീ ശാക്തീകരണത്തെ എങ്ങനെ സഹായിക്കുമെന്നും, അതിനെ സഹായിക്കാൻ എന്തെല്ലാം അടിസ്ഥാന സൗകര്യം വേണമെന്നതു യുഎൻ  ഹാബിറ്റാറ്റ് അടക്കം പല ഏജൻസികൾ ദീർഘമായി ചർച്ചചെയ്യുകയും പഠിക്കുകയും ചെയ്തിട്ടുള്ളതാണ്. നഗരവത്കരണം കുടുംബത്തിന്റെ നിയത രീതികളെ മാറ്റിയെഴുതും, ഒപ്പം തൊഴിലിന്റെ രീതികളെയും.

സ്ത്രീകളുടെ തൊഴിൽ സാധ്യത കൂടുമെന്നു പറയുമ്പോൾ മനസിലാക്കേണ്ടത്, നവലിബറലിസത്തിലൂന്നിയ നഗരവത്കരണം സ്ത്രീകളെ പൊതുവെ ഉൾകൊള്ളിക്കുന്നതു അസംഘടിത മേഖലയിലാണ്. അവർ അസംഘടിതർ മാത്രമല്ല അനൗപചാരിക തൊഴിൽ കരാറുകളിൽ ഏർപ്പെട്ടു പണിചെയ്യുന്നവരാണ്. അസംഘടിത മേഖലയിലെ തൊഴിലാളിക്ക് സമയബന്ധിതമായി പ്രവർത്തിക്കാൻ പലപ്പോഴും പറ്റില്ല. ഈ മേഖലയിലെ സ്ത്രീ തൊഴിലാളികൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്, വൈകിയാൽ എങ്ങനെ സുരക്ഷിതമായി വീട്ടിലെത്തുമെന്നത്, ഒപ്പം എങ്ങനെ നേരത്തെ തൊഴിലിടത്തെത്തുമെന്നതും.

Read More: കൊച്ചി മെട്രോയുടെ ശബ്ദം ഇവരാണ്..

പലപ്പോഴും സ്ത്രീകളുടെ തൊഴിൽ കരാറിലെ വിലപേശലിനെ ദുർബലമാക്കുന്ന ഒന്ന് സമയ ക്ളിപ്തതയില്ലാതെ പണിയെടുക്കാൻ സ്ത്രീക്ക് സാധ്യമാവുന്ന രീതിയിൽ അടിസ്ഥാന സൗകര്യം ഇല്ലായെന്നതാണ്. അതിൽ ഏറ്റവും പ്രധാനമാണ് സുരക്ഷിതത്വവും ക്ലിപ്തതയുള്ളതുമായ യാത്ര സൗകര്യം.

തൊണ്ണൂറുകളുടെ അവസാനത്തിൽ മുംബൈ നഗരത്തിൽ തൊഴിൽ സംബന്ധമായി പോവേണ്ടി വന്നപ്പോളുള്ള ഒരു സംഭവം ഓർക്കുന്നു. അന്ന് മീറ്റിങ്ങും അതിനെ തുടർന്ന പണികളും ഒക്കെ കഴിഞ്ഞപ്പോൾ രാത്രി പതിനൊന്നു മണി കഴിഞ്ഞു. കൂടെയുണ്ടായിരുന്നത് ഒരു സ്ത്രീമാത്രമാണ്, അവർ ഓഫീസ് സ്റ്റാഫും. ചർച്ച ഗേറ്റ്  പരിസരത്തുള്ള ഓഫീസിൽ നിന്നും ലോവർ പരേലിലെ ഗസ്റ്റ് ഹൗസിൽ എത്തണം. ആ നഗരത്തെ കുറിച്ച് യാതൊരു പിടിപാടും ഇല്ല. തനിയെ ട്രെയിനിൽ പോകാൻ മടി കാണിച്ചപ്പോൾ ഒരു ടാക്സി പിടിച്ചുപൊയ്കൊള്ളാൻ പറഞ്ഞു എല്ലാവരും സ്ഥലം കാലിയാക്കി. ഒറ്റയ്ക്ക് മഹാനഗരത്തിലൂടെ രാത്രി വൈകി ടാക്സി പിടിച്ചുപോകാൻ പേടിയുണ്ടെന്നു പറയാൻ ഈഗോ സമ്മതിച്ചുമില്ല. ഗസ്റ്റ് ഹൌസ് എത്തുന്നത് വരെയുള്ള യാത്ര പേടിച്ചരണ്ടത് തന്നെയായിരുന്നു. പിറ്റേ ദിവസം ധൈര്യം സംഭരിച്ചു ട്രെയിനിൽ യാത്ര ചെയ്തു. അപ്പോൾ ഒരു കാര്യം മനസിലായി ഒരുപാട് സ്ത്രീകൾ ഒരു കൂസലുമില്ലാതെ ട്രെയിനിലും റോഡിലും ആ രാത്രി വേളയിൽ ഉണ്ടായിരുന്നു. സ്ത്രീകൾ പൊതു സ്ഥലങ്ങളിലൂടെ അങ്ങനെ പോകാൻ ഉള്ള അടിസ്ഥാന സൗകര്യം ആ മഹാനഗരത്തിനുണ്ടായിരുന്നു. ആ യാത്ര കഴിഞ്ഞപ്പോഴേക്കും രാത്രി ഒറ്റയ്ക്ക് മുംബൈ നഗരത്തിലൂടെ യാത്ര ചെയ്യാനുള്ള പേടി മാറി.

kochi metro,nirmal harindran,resmi bhaskaran,

പക്ഷെ ഡൽഹിയിൽ 2000 വന്നപ്പോൾ ഈ സൗകര്യം ഉണ്ടായിരുന്നില്ല. ഡി ടി സി ബസുകൾ ഒൻപതു മണിയോടെ പതുക്കെ കുറയും. പത്തു-പത്തരയോടെ സർവീസ് നിറുത്തുകയും ചെയ്യും. ലക്ഷ്യത്തിനടുത്തു വരെ ബസില്ലെങ്കിൽ ഓട്ടോറിക്ഷ കിട്ടുകയെന്നത് അത്ര എളുപ്പമല്ലായിരുന്നു. അതിലും പ്രധാനം ഡി ടി സി ബസിനു യാതൊരു സമയക്ലിപ്തത ഇല്ലായെന്ന് മാത്രമല്ല, ഏറെനേരത്തെ കാത്തിരിപ്പിന് ശേഷം എത്തിയില്ല എന്നും വരും. രാത്രിയായാലും പകലായാലും സമയനിഷ്ട പാലിക്കുക എന്നത് ഒരു പാതകമായി കാണുന്ന പബ്ലിക് സർവീസ് ദാതാവാണ്‌ ഡി ടി സി . അതിനാൽ ഒരിക്കലും ഡി ടി സി യെയോ ഡൽഹിയിലെ പ്രൈവറ്റ് ബസ് സർവീസ് ആയ ബ്ലൂ ലൈനിനെയോ  ആശ്രയിച്ചു ജീവിക്കേണ്ടി വരുക എന്നത് ബസ് സ്റ്റോപ്പിൽ കാത്തിരുന്നു സമയം കളയുക എന്നത് മാത്രമല്ല ഒരു തരം അനിശ്ചിതത്വത്തിൽ ദിവസം മുഴുവൻ കഴിയുകയെന്നതാണ്.

Read More : കേരളത്തിന്റെ സ്വപ്ന കുതിപ്പിന് ഇനി ദിവസങ്ങൾ മാത്രം

ഇങ്ങനെ ജീവിച്ചു പോന്ന ഒരു സാധാരണ ഡൽഹിവാസിയുടെ ജീവിതമാണ് ഡൽഹി മെട്രോ റെവല്യൂഷനൈസ് ചെയ്തത്. സമയ ക്ലിപ്തത, ഓരോ 5 -10 മിനിറ്റുനുള്ളിലെ തുടർച്ചയായ സർവീസ്. വെളുപ്പിന് 4 .45 മുതൽ രാത്രി 11. 30 വരെ കൃത്യമായ സർവീസ്. സമയം കൈയിലെടുത്തു സുരക്ഷിതമായി അസമയങ്ങളിൽ യാത്ര ചെയ്യാം. മെട്രോ സ്റ്റേഷനിൽ നിന്നും ഫീഡർ സർവീസുള്ളതിനാൽ ചുറ്റുവട്ടങ്ങളിലെത്താൻ അത്ര ബുദ്ധിമുട്ടുമില്ല.

ഡൽഹി മെട്രോ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചപ്പോൾ അത് സ്ത്രീ യാത്രക്കാരെ ഏറെ സഹായിച്ചിട്ടുണ്ട്, സമയ ലാഭമെന്നതുമാത്രമല്ല, പലപ്പോഴും വേണ്ടായെന്നു വയ്ക്കുന്ന പല പരിപാടികളുടെ ഭാഗമാകാനും അവർക്കായി.

ഡൽഹി രാജ്യതലസ്ഥാനത്തിനപ്പുറം ഇന്ത്യയുടെ കലാസാംസ്കാരിക തലസ്ഥാനം കൂടിയാണ്. ഒക്ടോബർ മുതൽ തുടങ്ങുന്ന പരിപാടികൾ മെയ് വരെ നീളും. പലപ്പോഴും അത്  ആർട് ഡിസ്ട്രിക്റ്റായ മണ്ഡി ഹൗസ്  മേഖലയിൽ ആയിരിക്കും – കാമാനി, ശ്രീറാം സെന്റർ, എൻ എസ് ഡി, ലളിത കല- സംഗീത നാടക അക്കാദമി, സെൻട്രൽ പാർക്ക്, ടാഗോർ തീയേറ്റർ. ഇവ കൂടാതെ, ഓൾഡ് ഫോർട്ട്, റെഡ് ഫോർട്ട്, പ്രഗതി മൈതാനം, എന്ന് വേണ്ട ഡൽഹിയിലെ ഒട്ടുമിക്ക ഓഡിറ്റോറിയങ്ങളിലെ വൈകുന്നേര-രാത്രി പരിപാടികൾ അതിൽ താൽപര്യമുളള സ്ത്രീകൾക്കും ഡൽഹിയുടെ പലകോണുകളിൽ താമസിക്കുന്ന ആളുകളും പ്രാപ്യമാക്കുന്നതിൽ ഡൽഹി മെട്രോയക്ക് ചെറുതല്ലാത്ത റോളുണ്ട്.

മെട്രോ കൊച്ചിയിലെത്തുമ്പോൾ ഘട്ടം ഘട്ടമായി അത് ഇവിടെ നിലനിൽക്കുന്ന ചില ധാരണകൾ മാറ്റിയെഴുതും എന്നുതന്നെയാണ് കരുതേണ്ടത്. ആരംഭം തന്നെ പൊതു സമൂഹത്തിലെ ചില ഭ്രഷ്ട് ചിന്തകളെ വെല്ലുവിളിച്ചു കൊണ്ട് തന്നെയാണ്. ഡ്രൈവർമാർ മുതൽ, ഹൗസ്‌കീപ്പർ വരെ സ്ത്രീകളും ഭിന്നലിംഗക്കാരും ജോലി ചെയ്യുന്ന ലോകത്തിലെ ആദ്യ സ്ത്രീപക്ഷ മെട്രോ സർവീസ് ആയി യാത്ര തുടങ്ങാൻ പോകുന്നത്. അതൊരു ചരിത്ര മുഹൂർത്തം തന്നെ ആണ്.

സ്ത്രീകൾ ഇരുട്ടു വീണു കഴിഞ്ഞാൽ പൊതു ഇടങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുന്നതിനു ഒരു പ്രധാന കാരണം, സുരക്ഷിതമായി അവർക്കു യാത്ര ചെയ്യാനുള്ള സൗകര്യം ഇല്ല എന്നതാണ്. സ്ത്രീ മേൽകൈ ഉള്ള മെട്രോ ആ സുരക്തിതത്വം നൽകുന്നുവെന്ന് പറയാതെ വയ്യ. കൊച്ചിയുടെ തലങ്ങും വിലങ്ങും മെട്രോ പോയാൽ മാത്രമേ ഡൽഹി നഗരത്തിലെ സ്ത്രീകൾ അനുഭവിച്ചറിഞ്ഞ യാത്ര സൗകര്യം കൊച്ചിക്കാർക്കും കിട്ടുകയുള്ളു. ഒപ്പം ഫീഡർ സർവീസുകളും സജീകരിക്കണം. എന്നാലേ, ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി പൂർത്തിയാവു.

പക്ഷെ ഇവിടെ ഉയർന്നു വരുന്ന ഒരു ചോദ്യം, കൊച്ചി ഡൽഹിയെ പോലെ അല്ല. പൊതു ഗതാഗത സൗകര്യം കരയിലായാലും കായലിലായാലും കൃത്യതയോടെ നടന്നിരുന്ന ഒരു നഗരമായിരുന്നു. തൊണ്ണൂറുകളുടെ ആദ്യത്തിൽ കാലടിയിൽ നിന്നും എറണാകുളത്തു മഹാരാജാസിലേക്കു എത്താൻ ഒന്നര മണിക്കൂർ പോലും വേണ്ടായിരുന്നു. ഉൾഗ്രാമങ്ങളിലേക്കു പോലും നല്ല പൊതു ഗതാഗത സൗകര്യം, നല്ല കണക്റ്റിവിറ്റി. തിരക്കില്ലാത്ത ബസ് കാത്തു നിന്ന് പോലും സമയ നഷ്ടമില്ലാതെ യാത്ര ചെയ്യാം. ഇന്ന് നഗരത്തിലെ തിരക്ക് മൂലമാണ് സമയ നഷ്ടം ഉണ്ടാവുന്നത് അല്ലാതെ സൗകര്യമില്ലാത്തതിനാലല്ല. പക്ഷെ രാത്രി യാത്രയുടെ കാര്യത്തലാണെങ്കിൽ കൊച്ചി പോലും സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതത്വവും നൽകുന്നില്ല. രാത്രി ഏഴര മണിയോടെ സർവിസുകൾ കുറയുന്നത് മാത്രമല്ല, സ്ത്രീകൾ ആറു മണിയോടെ നിരത്തുകളിൽ നിന്നും ബസുകളിൽ നിന്നും അപ്രത്യക്ഷമാവുന്നതു ഇപ്പോഴും തുടരുന്നതിനു കാരണം അവർക്കു തലയുർയത്തി, ടെൻഷനില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യമില്ല എന്നത് തന്നെയാണ്.

Read More : ഇവർ മെട്രോയുടെ സാരഥികൾ: മെട്രോയുടെ ഏഴ് വനിതാ ഡ്രൈവർമാരെയും അറിയാം

കൊച്ചി മെട്രോ മാറ്റിയെഴുതുന്ന പൊതു ഗതാഗതത്തിന്റെ പുതിയ അദ്ധ്യായം അത് മെട്രോയിൽ മാത്രം ഒതുങ്ങാതെ സർക്കാർ- പ്രൈവറ്റ് ബസുകളിൽ, കൊച്ചിയിലെ ബോട്ടുകളിൽ ഒക്കെ വ്യാപിക്കട്ടെ, എന്നാൽ വല്ലാർപാടം കണ്ടൈനർ ടെർമിനലിലെ ജോലി കഴിഞ്ഞു രാത്രി പത്തുമണിക്ക് സ്ത്രീകൾക്ക് ധൈര്യപൂർവം, ആലുവയിലെ വീട്ടിലേക്കു പോകാം, അതുപോലെ, കൊച്ചി ബിനാലെയിൽ ടി. ​എം. കൃഷ്ണ പാടുന്നത് കേൾക്കാൻ കാക്കനാട്ട് നിന്നും പരസഹായമില്ലാതെ ഒരു സംഗീത ആരാധികയ്ക്കു ഫോർട്ട് കൊച്ചിയിലേക്ക് പുറപ്പെടാം.

ഒരു പുരുഷന്റെ അകമ്പടിയില്ലാതെ ഒരുപാടു പുരുഷന്മാരുടെ നിയന്ത്രണങ്ങളില്ലാതെ സ്ത്രീക്ക് യാത്ര ചെയ്യാനുള്ള ആദ്യ പടിയാവട്ടെ, കൊച്ചി മെട്രോ. ആ യാത്ര ഇനി അത്ര ബുദ്ധിമുട്ടുള്ളതല്ല. നല്ല ധിഷണ ശക്തിയുള്ള ഭരണ നേതൃത്വത്തിന് എളുപ്പത്തിൽ നടത്താവുന്നതേയുള്ളു. ഷീ ടാക്സിയും, പിങ്ക് പോലീസും, പിങ്ക് ബസിനും പകരം ഒപ്പത്തിനൊപ്പം സ്ത്രീകളെ ഈ സർവീസുകളുടെ നടത്തിപ്പിൽ പങ്കാളിയാക്കുക, അങ്ങനെ അവരുടെ സാന്നിധ്യം നിരത്തുകളിൽ രാത്രി പകലെന്നില്ലാതെ നിറയട്ടെ. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് ഒരുപാടാണ്, ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നവരുടേതും. ഒപ്പം തൊഴിലിനായി രാത്രി-പകലെന്നില്ലാതെ യാത്ര ചെയ്യുന്നവരും ഒരുപാടാണ്.

metro, kochi, nirmal harindran
അനുഭവത്തിൽ നിന്ന് മനസിലായ ഒന്ന് ജോലികളിലെ ലിംഗ വേർതിരിവ് പലപ്പോഴും പുരുഷമനസിന്റെ അരക്ഷിതത്വത്തിൽ നിന്നാണ് ഉണ്ടാവുന്നതെന്നും, പിതൃദായക്രമത്തിൽ ചലിക്കുന്ന ഒരു സമൂഹത്തിൽ മറ്റു സ്ത്രീകൾ എന്തിനെ വലുതാക്കാൻ ശ്രമിക്കുന്നുവെന്നു ആണ്. കാരണം, പാരമ്പര്യങ്ങളെ മറികടന്നു മുന്നോട്ടു പോയിട്ടുള്ള പല സ്ത്രീകളും ആ മാറ്റത്തിനു സഹായി ആയി കണ്ടത് സ്വന്തം വീട്ടിലെ സ്ത്രീകളെ തന്നെയാണ്. പുത്തൻ തലമുറ മാറ്റങ്ങളെ ഉൾകൊള്ളാനും തങ്ങളിലൂടെ സമൂഹത്തിനെ മുന്നോട്ടു നയിക്കാനും പാകത്തിൽ കെല്പുള്ളവരാണ്.

Read More : കൊച്ചി മെട്രോയില്‍ ജോലി ലഭിച്ച ഭിന്നലിംഗക്കാര്‍ക്കുളള പരിശീലനത്തിന്റെ രണ്ടാംഘട്ടം- ചിത്രങ്ങള്‍ കാണാം

ഇന്ന് ബസിലെ ഡ്രൈവർ ആകാനും, കണ്ടക്ടർ ആകാനും, ബോട്ടിലെ സ്രാങ്ക് ആവാനും ധാരാളം സ്ത്രീകൾ തയാറാണ്, അവസരം കൊടുത്താൽ മാത്രം മതി. തലയുയർത്തി ജീവിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ തയ്യാറുള്ള നല്ല ചങ്കുറപ്പും കഴിവും ഉള്ള ഒരുപാടു സ്ത്രീകൾ ഉണ്ട്. ആര് ആദ്യം മണികെട്ടുമെന്നതായിരുന്നു ചോദ്യം. കൊച്ചി മെട്രോ അതിനുള്ള മറുപടി കൊടുത്തു. ഏറ്റുപിടിക്കുക എന്നത്, ഇനി ബാക്കിയുള്ളവരുടെ ഉത്തരവാദിത്തം ആണ്. വെളിച്ചത്തിലേക്കുള്ള ഈ പുതിയ ആകാശത്തിന്റെ തുറന്നിട്ട ജാലകത്തിലൂടെ ഒരുപാടു ആകാശങ്ങൾ പുത്തൻ തലമുറ കണ്ടെത്തുമെന്നും, ഏല്ലാ ജാലകങ്ങളും വാതിലുകളും മലർക്കെ തുറന്നു സ്വാതന്ത്യ്രത്തിന്റെ പുതിയ ഗന്ധങ്ങൾ, സ്വരങ്ങൾ അവർ തേടുമെന്നും തീർച്ചയാണ്.

തൊണ്ണൂറുകളുടെ അവസാനത്തിൽ ഞാൻ കണ്ട മുംബൈയിൽ നിന്നും വ്യത്യസ്തമായി റോഡിൽ മാത്രമല്ല, രാത്രിയിലെ ടാക്സി ഡ്രൈവറും മറ്റെല്ലാ സർവീസുകളുടെ മാനേജർമാരായും സ്ത്രീകൾ നിറഞ്ഞ നഗരമാവട്ടെ കൊച്ചി രണ്ടായിരത്തി ഇരുപതിൽ. പിന്തിരിപ്പൻ അഭിപ്രായങ്ങളെ പിന്തള്ളാൻ കെല്പുള്ള ഒരു തലമുറയാണ് വളർന്നു വരുന്നത്, അവരെ തളർത്താതെ മുന്നോട്ടു നയിച്ചാൽ, ഇതൊന്നും അപ്രാപ്യമല്ല. ധിഷണാശാലിയായ ഭരണകൂടത്തിന് നടപ്പിലാക്കാവുന്നതേയുള്ളു ഇത്. അങ്ങനെ കൊച്ചി ലോകത്തിനു ലിംഗ സമത്വത്തിന്റെ പുതിയ മാതൃകയാകട്ടെ.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Kochi metro safe mobility will further gender equity resmi bhaskaran

Next Story
ഫാസിസത്തിന്റെ ആവര്‍ത്തനവും സ്വാഭാവികവല്‍കരണവും: പൊതു സംവാദങ്ങളിൽ കാണാനാകാത്തത്k. asharaf, beef, love jihad,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express