എന്‍റെ കണ്ണുകള്‍ ആദ്യമായി കൊച്ചിയില്‍ പതിഞ്ഞിട്ട് പത്തു വര്‍ഷത്തിനു മുകളില്‍ ആയിരിക്കുന്നു. പൂണെ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയായിരിക്കെയാണ് ആദ്യമായി കൊച്ചിയില്‍ എത്തുന്നത്. കൊച്ചിയെക്കുറിച്ച് എനിക്ക് ആദ്യം ഓര്‍മ വരുന്നത് അനായാസേന ഇടപെടുന്ന മനുഷ്യരും, മികച്ച സാക്ഷരതാ നിലവാരവും, (ദിവസേന മൂന്ന് പത്രം വായിക്കുക എന്നത് സാധാരണമാണ്), പിന്നെ തീര്‍ച്ചയായും, സമൃദ്ധമായ പ്രകൃതിയുമാണ്‌. ഇതെല്ലാം ചേരുന്നതാണ് ആ മനോഹരമായ നാഗരികാനുഭവം.

ഗോത്തിയ കൊഹ്ലര്‍

ഏറണാകുളത്തേയും ഫോര്‍ട്ട്‌ കൊച്ചിയിലേയും തെരുവുകളിലൂടെ നടക്കുമ്പോഴാണ് ഈ തുറമുഖനഗരം എങ്ങനെയാണ് പ്രദേശത്തെ ഗ്രാമങ്ങളെ കനാലുകളുടെ ശൃംഖല വഴി പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാനകവാടമാകുന്നത് എന്ന് നിങ്ങള്‍ തിരിച്ചറിയുക. പക്ഷെ വര്‍ദ്ധിച്ചുവരുന്ന നഗരവത്കരണവും വാഹനപെരുപ്പവും നഗരത്തെ മുന്നോട്ടുക്കൊണ്ടുപോകുന്ന സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയെ എങ്ങനെയാണ് കാര്‍ന്നുകൊണ്ടിരിക്കുന്നത് എന്ന്‍ ആര്‍ക്കും എളുപ്പം കാണാവുന്നതാണ്.

പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഫ്രഞ്ച് വികസന ഏജന്‍സിയിലെ (എ എഫ് ഡി) ഫ്രഞ്ച്‌ വികനസ ഏജൻസിയിലെ ഒരു യുവ പ്രൊഫഷണലായി ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ ഒരു മെട്രോ പ്രോജക്റ്റില്‍ ഏര്‍പ്പെടാന്‍ സാധിച്ചു എന്നത് എന്നെ സംബന്ധിച്ച് ഏറെ സന്തോഷകരമാണ്. ചരിത്രത്തില്‍ കാലൂന്നി നില്‍കുന്ന ഒരു നഗരത്തിനു സമഗ്രമായൊരു ഗതാഗതത്തിന്‍റെ സംവിധാനത്തിനുള്ള വഴിയൊരുക്കുന്ന ഒന്നാവും കൊച്ചി മെട്രോ.

കൊച്ചി നാഗരവാസികളുടെ സ്വപ്നത്തിനനുസരിച്ച് എങ്ങനെ ഒരു മെട്രോ നിര്‍മിക്കാം എന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ (കെഎംആര്‍എല്‍) നിര്‍ബന്ധബുദ്ധിയാണ് എന്നെ തുടക്കം മുതല്‍ അത്ഭുതപ്പെടുത്തിയൊരു കാര്യം. മാധ്യമങ്ങളോടുള്ള സുതാര്യത, പൊതുജനങ്ങളുമായുള്ള എണ്ണമറ്റ ഇടപെടലുകളും കൂടിയാലോചനകളും, പ്രദേശത്തെ വാസ്തുവിദ്യാവിദഗ്ദ്ധരുമായി ചേര്‍ന്നുകൊണ്ട് ഓരോ മെട്രോ സ്റ്റേഷനുകളും ഡിസൈന്‍ ചെയ്യാനുള്ള പ്രോജക്റ്റ് ആരംഭിച്ചതും കെട്ടിടങ്ങള്‍ കൂടുതല്‍ ഹരിതവത്കരിക്കാനുള്ള തീരുമാനവുമൊക്കെ നഗര ഹൃദയത്തിലെ ഈ  പൊതുനിക്ഷേപത്തില്‍ ജനങ്ങളുടെ പങ്കു വര്‍ദ്ധിപ്പിക്കുക എന്ന ദര്‍ശനത്തോടെയായിരുന്നു. ഇത്രയും വിജയകരമായ പദ്ധതിയായി അതിനെ വളര്‍ത്തുന്നത് നിരവധി വിവേകപൂര്‍ണവുമായ തീരുമാനങ്ങളുടെ ഫലമാണ്. എന്നിരുന്നാലും കൊച്ചി മെട്രോ എന്നത് ഉറച്ച തീരുമാനങ്ങളിലൂടെ മുന്നോട്ടു പോകുന്ന ഒരു എഞ്ചിനിയറിംഗ് പ്രോജക്റ്റ് മാത്രമല്ല എന്ന തിരിച്ചറിവു നേരത്തേതന്നെയുണ്ടായിരുന്നു. ട്രെയിനും മെട്രോ സ്റ്റേഷനും പ്രവർത്തിപ്പിക്കുവാനായി സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളേയും ഭിന്നലിംഗക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോയി എന്നിടത്ത്, ഒരു പൊതുമേഖലാസ്ഥാപനം ഇന്നേവരെ നടത്തിയതില്‍ ഏറ്റവും പുരോഗമനപരമായ കാല്‍വെപ്പാവുന്നുണ്ട് ഇത്. ഈ ഉറച്ച തീരുമാനം നഗരഗതാഗതത്തില്‍ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള കാല്‍വെയ്പ്പാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിലും പ്രധാനമായി തഴയപ്പെടുന്ന ജനവിഭാഗങ്ങളെ മുന്നോട്ടുവരാനും പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറ്റാനുമുള്ള ഒരു അവസരവുമാകുന്നുണ്ടത്.

കെഎംആര്‍എല്ലിന്‍റെ പങ്കാളിത്ത സ്ഥാപനമായ എ എഫ് ഡിയുടെ ഭാഗമായ എനിക്ക്  പങ്കാളിത്ത സ്ഥാപനങ്ങളുമായും ടീം അംഗങ്ങളുമായും സമന്വയങ്ങളില്‍ എത്തിച്ചേരാനുള്ള കെഎംആര്‍എലിന്‍റെ പ്രാപ്തി നേരിട്ടറിയുവാന്‍ സാധിച്ചു. എല്ലാവരുമായി സമന്വയങ്ങളില്‍ എത്തിപ്പെടുക, സ്ഥലം ഏറ്റെടുക്കുക തുടങ്ങി ഏതൊരു കമ്പനിക്കും കീറാമുട്ടിയാവാറുള്ള പലകാര്യങ്ങളിലും കെഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍  അനായാസേന വിജയിച്ചു എന്നതും അത്തരംകാര്യങ്ങളില്‍ സുതാര്യത കാത്തുസൂക്ഷിച്ചു എന്നതും ശ്രദ്ധേയമാണ്. ഉന്നതമായ പൊതുതാത്പര്യബോധത്തോടെ നിര്‍വഹണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു എന്നത് ലോകമൊട്ടാകെ വളരെ വേഗത്തില്‍ വളരുന്ന മെട്രോ മാര്‍ക്കറ്റിലെ നിലവാരമുള്ള ഉപകരണങ്ങള്‍ ന്യായമായ വിലയ്ക്ക് വാങ്ങുന്നതിനു സഹായകമായി. എടുത്തുപറയേണ്ട മറ്റൊരു കാര്യം നഗരത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ പോലും നിര്‍മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ  പ്രദേശവാസികളോ ആയി ചെറിയൊരു പ്രശ്നമോ പ്രതിഷേധമോ പോലും ഉണ്ടായിട്ടില്ല എന്നതാണ്. ഈ പ്രൊജക്റ്റ് പൂര്‍ത്തീകരിക്കുക എന്നതില്‍ എല്ലാവരും ഒരുപോലെ പ്രതിജ്ഞാബദ്ധരാണ് എന്നതിന്‍റെ തെളിവാണത്.

അവസാനമായി, കെഎംആര്‍എല്‍, എ എഫ് ഡി എന്നീ സ്ഥാപനങ്ങളുടെ പരസ്പരവിശ്വാസമാണ് എടുത്തുപറയേണ്ടത്. ഫ്രഞ്ച് നഗരാസൂത്രകരും ഗതാഗത വിദഗ്ദ്ധരും കെഎംആര്‍എല്ലും വെച്ചുപുലര്‍ത്തിയ പരസ്പരവിശ്വാസമാണ് ഈ സാങ്കേതികസഹകരണത്തെ വിജയകരമാക്കിയത്. ഈ ഫലവാത്തായ കൈമാറ്റത്തിലാണ് നഗരത്തിന്‍റെ അനുഭവങ്ങളെ മാറ്റിമറിക്കാന്‍ പര്യാപ്തമായ ഒന്നായി കൊച്ചി മെട്രോ മാറുന്നത്. അതുപോലെ തന്നെ ആണ് വരും വര്‍ഷങ്ങളില്‍ എംജി റോഡിലെ കാല്‍നടക്കാര്‍ക്കായുള്ള നടപാതകള്‍ സുഗമമാക്കുവാനുള്ള തീരുമാനവും. ക്ലേശവും ബഹളംനിറഞ്ഞതുമായ വാഹനപ്പെരുപ്പത്തില്‍ നിന്നും കൊച്ചിയുടെ ചരിത്രപരമായ ഭൂതകാലത്തേയും പൊതുവിടങ്ങളേയും തിരിച്ചുപിടിക്കുവാനുള്ള കാല്‍വെയ്പ്പാവും ഇത്. കൊച്ചി നിവാസികള്‍ക്കും സഞ്ചാരികള്‍ക്കും സഹായകമാകുന്ന മറ്റൊരു പദ്ധതി  ജലഗതാഗതവും സൈക്കിളിങ്ങും പോലുള്ള നാഗരികമായ ഗതാഗത മാര്‍ഗ്ഗങ്ങളെ സംയോജിപ്പിക്കുന്നത് വഴി നഗര ഗതാഗതവും സുഗമാമാവും.

ആദ്യ മെട്രോ ലൈനിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ഈ വേളയില്‍ കെഎംആര്‍എല്ലുമായി ചേര്‍ന്നുള്ള ജോലി എങ്ങനെയാണ് നഗരവികസനത്തെക്കുറിച്ചുള്ള എന്‍റെ കാഴ്ച്ചപ്പാടുകളെ വളര്‍ത്തിയത് എന്നും ഓര്‍ക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. നൂതനമായ സാങ്കേതികതകളല്ല സഹകരണത്തോടെയുള്ള മാനേജ്മെന്‍റ് ആണ് സ്മാര്‍ട്ട് സിറ്റികളെ നിര്‍മിക്കുന്നത് എന്നാണ് ഈ ബൃഹത്തായ അടിസ്ഥാനസൗകര്യ വികസന പദ്ധതി എനിക്ക് കാണിച്ചുതന്നത്. കെഎംആര്‍എല്‍ മാനെജ്മെന്റ് മുന്നോട്ടു വച്ച ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ സംരംഭം നേതൃപാടവത്തിന്‍റെയും പ്രൊഫഷണലിസത്തിന്‍റെയും ഫലമാണ്. പൊതുതാത്പര്യത്തിനു മുന്‍ഗണന നല്‍കികൊണ്ടുതന്നെ ഓരോ പങ്കാളിത്തസ്ഥാപനങ്ങളുടെയും പ്രാധാന്യത്തോടെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ വമ്പന്‍ അടിസ്ഥാനസൗകര്യ വികസനപദ്ധതിയുടെ നാഗരികവും സാമൂഹികവുമായ പ്രാധാന്യത്തിനു അവര്‍ ഉയര്‍ന്ന വില തന്നെ കല്‍പ്പിച്ചു. അതിനായി പണിയെടുക്കുന്ന ചെറുപ്പക്കാര്‍ അടക്കം എല്ലാവരും അത് ഒരുപോലെ അനുഭവിക്കുകയും ചെയ്യുന്നു.

പ്രൊജക്റ്റിലെ ഒരു പങ്കാളിയെന്ന നിലയിലും ഒരു വ്യക്തി എന്ന് നിലയിലും നഗരത്തിലൂടെ മെട്രോ നീങ്ങുന്നത് കാണുക എന്നത് എന്നെ സംബന്ധിച്ച് ഏറെ അഭിമാനമുള്ള ദിവസമാണ്.

 

                                                                ഫ്രഞ്ച് വികസന ഏജന്‍സിയിലെ  ടാസ്ക് മാനേജര്‍ ആണ് ലേഖകന്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ