കഴിഞ്ഞ ഫെബ്രുവരിയിൽ യുവനടി ആക്രമിക്കപ്പെട്ടതിനു ശേഷം വര്‍ഷമൊന്നു പിന്നിട്ടിരിക്കുന്നു. ആ നടി നടത്തിയ ധീരമായ ചെറുത്തുനില്‍പ്പിന് തുറന്ന പിന്തുണ നല്‍കിക്കൊണ്ട് മലയാള സിനിമാരംഗത്ത്‌ ഒരു സ്ത്രീ കൂട്ടായ്മ ഉയര്‍ന്നു വന്നപ്പോള്‍ സ്ത്രീകളുടെ ഭാഗത്തു നിന്നുള്ള പുതിയൊരു ചെറുത്തുനില്‍പ്പിന്‍റെ ഘട്ടം ഉടലെടുക്കുകയാണെന്ന് അൽപ്പം പ്രതീക്ഷയോടെ പലരും ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. പക്ഷേ, തുടര്‍ന്നുള്ള ഒരു വര്‍ഷം ചെറിയൊരു കാലഘട്ടമല്ല. ആ കാലഘട്ടത്തിനിടയിൽ​ അവർ നേരിട്ട പ്രധാന വിഷയങ്ങളിലൊന്നാണ്  പാര്‍വ്വതിയും കൂട്ടരും ഒരു സൂപ്പര്‍സ്റ്റാര്‍ കഥാപാത്രത്തിന്‍റെ സ്ത്രീവിരുദ്ധ ഭാഷണത്തെകുറിച്ച് ചെറിയൊരു വിമര്‍ശനം ഉന്നയിച്ചപ്പോഴുണ്ടായ സംഭവവികാസം. ആ വിമർശനത്തിനെതിരെ  മലയാളി മനസ്സിന്‍റെ പുരുഷാധിപത്യ ഗര്‍വ്വ് സട കുടയുന്നതാണ് കണ്ടത്.  മലയാളി സമൂഹത്തിന്‍റെ പ്രാകൃതാവസ്ഥ പ്രകടമാവുന്ന പല മേഖലകളില്‍ പ്രധാനപ്പെട്ട ഒന്നാണിത്.

അടുത്ത കാലത്ത് സജീവമായ സദാചാര ഗുണ്ടായിസത്തിലൂടെ വളര്‍ന്നു വന്ന ആള്‍കൂട്ട ഫാസിസത്തിന്‍റെ ഭീകരരൂപമാണ് ഇപ്പോള്‍ മധു എന്ന ആദിവാസി യുവാവിനെ നിഷ്ഠൂരമായി വധിക്കുന്നതില്‍ പ്രകടമായത്. മലയാളിസമൂഹത്തിന്‍റെ ജനാധിപത്യവിരുദ്ധസ്വഭാവം എത്രമാത്രം പ്രാകൃതാവസ്ഥയിലാണെന്ന് ഈ സംഭവം തെളിയിക്കുന്നു. ജനകീയപൊലീസിനെ കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ നമ്മുടെ ഭരണഘടനക്ക് അനുസൃതമായി ഭരണസംവിധാനം ഒട്ടും തന്നെ ജനാധിപത്യവത്ക്കരിക്കപ്പെട്ടിട്ടില്ലെന്ന് കാണുകയുണ്ടായി. ജനാധിപത്യ സമൂഹത്തിന്‍റെ അടിത്തറ ആയിരിക്കേണ്ട പൗരബോധത്തിന്‍റെ കാര്യത്തിലും ഇന്ത്യന്‍, മലയാളി സമൂഹങ്ങള്‍ പാശ്ചാത്യസമൂഹങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണെന്ന വസ്തുതയും നമ്മുടെ മുന്നിലുണ്ട്. പൗരബോധം പോലും വേരുറയ്ക്കാത്ത ഒരു സമൂഹത്തില്‍ സ്ത്രീപുരുഷ സമത്വത്തിന്‍റെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പോലും കഴിയാതെ വരുന്നത് സ്വാഭാവികമല്ലേ എന്ന ചോദ്യം പ്രസക്തം തന്നെയാണ്.

ഇത്തരം അവസ്ഥയില്‍ പൗരസമൂഹത്തിന്‍റെ ജനാധിപത്യവല്‍ക്കരണവും സ്ത്രീപുരുഷബന്ധത്തിലെ ജനാധിപത്യവല്‍ക്കരണവും ഒരുമിച്ചുതന്നെ മുന്നോട്ടു പോകേണ്ടിവരും. ഏറെക്കുറെ ജനാധിപത്യവല്‍കൃത പൗരസമൂഹങ്ങള്‍ രൂപം കൊണ്ട് കഴിഞ്ഞിട്ടുള്ള പല വികസിതസമൂഹങ്ങളിലും സ്ത്രീ ശരീരങ്ങളുടെ സ്വാശ്രിതത്വം സ്ഥാപിച്ചെടുക്കാനുള്ള ശരീര രാഷ്ട്രീയം ഉന്നയിച്ചുകൊണ്ടുള്ള രണ്ടും മൂന്നും തരംഗങ്ങള്‍ വരെ പിന്നിട്ടുകഴിഞ്ഞുവെങ്കിലും പൊതുസമൂഹത്തിലെ പുരുഷാധിപത്യ അന്തരീക്ഷം തുടരുക തന്നെയാണ്. ഹോളിവുഡ് സിനിമാരംഗത്ത് സിനിമാ രാജാക്കന്മാരും താരപ്രമുഖരും നട ത്തിക്കൊണ്ടിരുന്ന ലൈംഗികാതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കഥകള്‍ പ്രമുഖ നടികള്‍ തന്നെ വെളിപ്പെടുത്തുകയും ലോകമെമ്പാടും എല്ലാ മേഖലകളിലുമുള്ള, മുഖ്യമായും വികസിതരാജ്യങ്ങളിലെ, സ്ത്രീകള്‍ അത് പിന്തുടരുകയും ചെയ്തത് ആഗോളപുരുഷാധിപത്യത്തിനെതിരായ സ്ത്രീകളുടെ ശക്തമായ ഒരു മുന്നേറ്റം തന്നെ ആയിരുന്നു.

k.venu,womens day

അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയ പുരുഷാധിപത്യശക്തികള്‍ തങ്ങളുടെ കോട്ടകള്‍ സംരക്ഷിക്കാനുള്ള പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തി ക്കഴിഞ്ഞു. വെളിപ്പെടുത്തലുകള്‍ക്ക് ധൈര്യം കാണിച്ച സ്ത്രീകള്‍ മാതൃകകള്‍ ആവുന്നത് അപകടമാണെന്ന് കണ്ട് അത്തരക്കാരില്‍ പലരെയും തിരഞ്ഞുപിടിച്ച് സാമൂഹ്യമായും സാമ്പത്തികമായും പീഡിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികളാണ് പലയിടങ്ങളിലും നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. അധികം സ്ത്രീകള്‍ പുരുഷന്മാര്‍ക്കെതിരായ വെളിപ്പെടുത്തലുകളുമായി മുന്നോട്ടുവരാതിരിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. തല്‍ക്കാലത്തേക്ക് അവരതില്‍ വിജയിക്കുന്നു എന്നു തന്നെയാണ് കാണാവുന്നത്. പക്ഷെ, ഈ വിജയം താല്‍ക്കാലികം മാത്രമായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

നമ്മുടെ നാട്ടിലെ അവസ്ഥ പരിശോധിക്കുമ്പോള്‍ സ്ഥിതി ഏറെ മോശമാണെന്ന് കാണാം. സ്ത്രീകളെ അടിമസമാനരായി നിര്‍ത്തുന്നതിന് പുരുഷസമൂഹം ഫലപ്രദമായി ഉപയോഗിച്ച ചാരിത്ര്യസങ്കൽപ്പം എന്ന ആയുധത്തിന്‍റെ മുനയൊടിക്കാന്‍ ശരീരരാഷ്ട്രീയത്തിലൂടെയും മറ്റും വികസിതരാജ്യങ്ങളിലെ സ്ത്രീകള്‍ക്ക് വലിയൊരു പരിധി വരെ കഴിയുകയുണ്ടായി. പക്ഷെ, ഇന്ത്യയിലെ, കേരളത്തിലെയും മുന്‍നിരയിലുള്ള സ്ത്രീകള്‍ക്ക് പോലും ഈ ദിശയില്‍ കാര്യമായിട്ടൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ചാരിത്ര്യസങ്കല്പം, സ്ത്രീകളെ വരിഞ്ഞു മുറുക്കിക്കൊണ്ട് ഇവിടെ കൊടികുത്തി വാഴുകയാണ്. പൊതുസമൂഹത്തെ ആധുനിക പൗരസമൂഹമായി വളരാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തുന്ന അതേ ഫ്യൂഡല്‍ ധാര്‍മികസങ്കല്പങ്ങള്‍ തന്നെയാണ് സ്ത്രീപുരുഷബന്ധങ്ങളെയും യാഥാസ്ഥിക തലത്തില്‍ പിടിച്ചുനിര്‍ത്തുന്നത്. ഈ അവസ്ഥയെ ഭേദിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഇടപെടലുകള്‍ ഇന്ത്യയിലെ വന്‍ നഗരങ്ങളിലെങ്കിലും അങ്ങിങ്ങ് കാണാവുന്ന ചെറു ഫെമിനിസ്റ്റു സംഘങ്ങളുടെ ഭാഗത്തു നിന്നു പോലും ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം.

സാമൂഹികം, സാമ്പത്തികം, ബുദ്ധിപരം, സര്‍ഗാത്മകം തുടങ്ങി അനവധി മാനങ്ങളുള്ള മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളെ കുറിച്ചൊ ന്നും മനസ്സിലാക്കാനാകാതെ ആണ്‍-പെണ്‍ബന്ധങ്ങളെല്ലാം ലൈംഗികം മാത്രമാണെന്നു കണക്കാക്കുന്ന സദാചാര ഗുണ്ടകളായ സാമൂഹ്യ ദ്രോഹികളെ കയറൂരി വിട്ടിരിക്കുന്ന സമൂഹമായി കേരളം മാറിയിരിക്കുന്നു. പുരോഗമനരാഷ്ട്രീയത്തിന്‍റെ പുറംചട്ടകള്‍ക്ക് പിന്നില്‍ തികച്ചും യാഥാസ്ഥിതികമായ സ്ത്രീപുരുഷബന്ധങ്ങള്‍ ഇവിടെ വേരുറയ്ക്കാനിടയായത് ചരിത്രത്തിലെ വിരോധാഭാസമായി തോന്നാം. പക്ഷെ, യാഥാര്‍ത്ഥ്യമാണ്.

ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിലും കാണാത്ത വിധം ജനസംഖ്യയില്‍ പകുതിയോളവും തികച്ചും യാഥാസ്ഥിക സാമൂഹ്യഘടന നിലനിര്‍ത്തുന്നതില്‍ ജാഗ്രത പുലര്‍ത്തുന്ന ക്രിസ്ത്യന്‍, മുസ്‌ലിം മതങ്ങളുടെ മേധാവിത്തത്തില്‍ കഴിയുന്നവരാണ്. കേരളത്തിലെ സ്ത്രീപുരുഷ ബന്ധങ്ങള്‍ ഫ്യൂഡല്‍ വ്യവസ്ഥയിൽ​ നിലനിര്‍ത്തുന്നതില്‍ ഈ മത വിഭാഗങ്ങളുടെ പങ്ക് നിര്‍ണായകം തന്നെയാണ്. അവശേഷിക്കുന്ന ഹിന്ദു സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന പിന്നോക്ക, ദലിത് വിഭാഗങ്ങളില്‍ ആധിപത്യം നേടിയ കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ പ്രത്യയ ശാസ്ത്ര നിലപാടിനനുസരിച്ചു സ്ത്രീപുരുഷബന്ധങ്ങളില്‍ പരിഷ്കരണങ്ങള്‍ വരുത്തുന്നതിന് പകരം പ്രസ്തുത സമുദായങ്ങളില്‍ നില നിന്നിരുന്ന അയവേറിയ സ്ത്രീപുരുഷബന്ധങ്ങളെപോലും ഫ്യൂഡല്‍ ഘടനയില്‍ ഉറപ്പിക്കുകയാണ് ചെയ്തത്. ഫലത്തില്‍ ക്രിസ്ത്യന്‍, മുസ്ലിം, കമ്മ്യൂണിസ്റ്റു മതങ്ങളാണ് കേരളത്തിലെ യാഥാസ്ഥിക സ്ത്രീ പുരുഷ ബന്ധങ്ങളെ സംരക്ഷിച്ചു പോന്നിട്ടുള്ളത്. ഈ ഘടനയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള ഒരു സാമൂഹ്യ ഇടപെടല്‍ ഉണ്ടായത് ചുംബന സമരക്കാരിലൂടെയാണ്. പക്ഷെ, അവരുടെ ആന്തരിക ദൗർബല്യങ്ങള്‍ നിമിത്തം അവര്‍ക്ക് മുന്നോട്ടു പോകാനാകാതെ വന്നതോടെ ആ സാധ്യതയും അസ്തമിച്ചു. യുവനടിയും സിനിമയിലെ വനിതാ കൂട്ടായ്മയും സൃഷ്ടിച്ച ചലനങ്ങളും ഊര്‍ജം നഷ്ടപ്പെട്ട അവസ്ഥയിലാണ്.

k.venu ,womens day

തുറിച്ചുനോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം എന്ന ശീര്‍ഷകത്തില്‍ കുഞ്ഞിനെ മുലയൂട്ടുന്ന സ്വന്തം ഫോട്ടോ സഹിതം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ്‌ ചെയ്ത അമൃത എന്ന യുവതി തുടങ്ങിവെച്ച ചര്‍ച്ച ഒരു ആനുകാലികം വനിതാദിനവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നത്‌ ഒരു സാമൂഹ്യ ഇടപെടലിന്‍റെ സ്വഭാവം കൈവരിക്കാനിടയില്ലെങ്കിലും ഇവിടത്തെ യാഥാസ്ഥിതികാന്തരീക്ഷത്തില്‍ പുതുമയുള്ള ചോദ്യങ്ങള്‍ ഉയര്‍ത്താനെങ്കിലും അത് സഹായകമാവുകയാണെങ്കില്‍ അത്രത്തോളം നല്ലത്.

അമൃതയുടെ പങ്കാളി എ ബി ബിജുവിന്‍റെ മുലയൂട്ടൽ സംബന്ധിച്ച  ഫെയ്‌സ് ബുക്ക് പോസ്റ്റ് 

ഇന്ത്യയുടെയും കേരളത്തിന്‍റെയും സാഹചര്യത്തില്‍ ചുംബനസമരം പുതുമയുള്ള ഇടപെടലായിരുന്നത് പോലെ ഇതിലും പുതുമയുടെ ഘടകം പ്രധാനമാണ്. വികസിതരാജ്യങ്ങളിലെ മുന്‍നിര സ്ത്രീകള്‍ ഉയര്‍ത്തിയ ശരീരത്തിന്‍റെ രാഷ്ട്രീയം തന്നെയാണ് ഇവിടെയും ഉന്നയിക്കപ്പെടുന്നത്. വംശീയം, മതപരം, ലിംഗപരം എന്നിങ്ങനെ അനവധി സാമൂഹ്യ വേര്‍തിരുവുകളിലെല്ലാം വ്യക്തിശരീരങ്ങള്‍ക്ക് മേല്‍ അനവധി നിയന്ത്രണങ്ങളും വിലക്കുകളും നിലനില്‍ക്കുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ട് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് സ്ത്രീശരീരങ്ങളാണ്. പുരുഷന്‍റെ ഒരു ഉപഭോഗ വസ്തു മാത്രമായി സ്ത്രീശരീരത്തെ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ളതാണ് ഇത്തരം നിയന്ത്രണങ്ങള്‍ അധികവും. ലൈംഗികാതിക്രമങ്ങളെ ചെറുക്കുന്നതിന്‍റെ ഭാഗമായിട്ടാണ് സ്വന്തം ശരീരം കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണമായ അവകാശം ഓരോ സ്ത്രീക്കും തന്നെയാണെന്ന് പ്രഖ്യാപിക്കപ്പെട്ടത്. വികസിതരാജ്യങ്ങളില്‍ പോലും പൊതുസമൂഹം ഈ അവകാശം അംഗീകരിച്ചിട്ടൊന്നുമില്ല. എങ്കിലും പുരുഷാധിപത്യത്തിന് എതിരായ സ്ത്രീകളുടെ സമരത്തിലെ നിര്‍ണായകമായ ഒരു ചുവടുവെയ്പ്പ് തന്നെയാണിത്.

മുലയൂട്ടല്‍ അവകാശം ഈ ശരീരരാഷ്ട്രീയത്തിന്‍റെ ഭാഗം തന്നെയാണ്. മുലയൂട്ടല്‍ പോലെ തികച്ചും നൈസര്‍ഗികവും പരിശുദ്ധവുമായ ഒരു കൃത്യത്തെ അശ്ലീലമാക്കി അവതരിപ്പിച്ചാണ് സമൂഹം അതിനെ ഗോപ്യമാക്കാന്‍ ആവശ്യപ്പെടുന്നത്. മുലയൂട്ടുന്ന അമ്മയുടെ മാറിടത്തിലേക്ക്‌ ലൈംഗികമായി നോട്ടമിടുന്ന പുരുഷ മനസ്സിന്‍റെ വൈകൃതമാണ് ഇവിടെ പ്രതികൂട്ടിലുള്ളത്. പുരുഷന്‍റെ പൊള്ളയായ ഗര്‍വിനെതിരായ സ്ത്രീകളുടെ വെല്ലുവിളി തന്നെയാണിത്‌. വനിതാദിനത്തിനപ്പുറം കേരളത്തിലെ സ്ത്രീസമൂഹം ഈ വെല്ലുവിളി എത്രത്തോളം ഏറ്റെടുക്കുമെന്ന് നോക്കാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ