Khader Committee Report: ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്: പതിറ്റാണ്ടുകളായി കേരളത്തില്‍ നിലനിന്ന പ്ലസ്ടു ഘട്ട വിദ്യാഭ്യാസം അവസാനിക്കാന്‍ പോകുന്നു. ജൂണ്‍ ഒന്നിന് (1-6-2019) സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 11, 12 ക്ലാസുകള്‍ കൂടി സെക്കണ്ടറി വിദ്യാഭ്യാസത്തിന്‍റെ ഭാഗമാവുകയാണ്. അഥവാ ഇനി മുതല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളോ വിദ്യാഭ്യാസമോ നിലവിലുണ്ടായിരിക്കുന്നതല്ല. സെക്കണ്ടറിതലഘടന മാത്രമാവും ഇനിയങ്ങോട്ട്. പ്രൈമറിയും സെക്കണ്ടറിയും കൂടിച്ചേരുന്ന സ്കൂള്‍ വിദ്യാലയം മൈനസ് ടു മുതല്‍ പ്ലസ് ടു വരെ ഒരു കുടക്കീഴില്‍ ലയിച്ച് ഒന്നായി മാറുന്ന ആദ്യ കാഴ്ചയെ വിദ്യാഭ്യാസ പുരോഗതിയുടെ ലക്ഷണമായി ഭരിക്കുന്നവര്‍ വാഴ്ത്തുന്നു.

പരിഷ്ക്കാരത്തിന് കാരണമായ റിപ്പോര്‍ട്ട് ഡോ. എം.എ. ഖാദര്‍ അധ്യക്ഷനായ കമ്മിഷന്‍റേതാണ്. 2009-ലെ വിദ്യാഭ്യാസവകാശ നിയമം കേരളത്തില്‍ നടപ്പാക്കുന്നതിനെ സംബന്ധിച്ച് പഠിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് 2017-ല്‍ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാല്‍, വിദ്യാഭ്യാസ അവകാശ നിയമം 8-ാം ക്ലാസു വരെയേയുള്ളു. സെക്കണ്ടറിതല പരിഷ്ക്കാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കമ്മിറ്റിക്ക് വകുപ്പുണ്ടായിരുന്നില്ല. അതു മനസ്സിലാക്കിയ പരിഷ്ക്കാര സംഘം വിഷയ മേഖലകള്‍ പരിഷ്ക്കരിച്ചു കൊണ്ട് ഒക്ടോബര്‍ 3, 2018ല്‍ പുതിയ ഉത്തരവിറക്കി. അതിനു ശേഷമാണ് ഹയര്‍ സെക്കണ്ടറിയെ സെക്കണ്ടറിയില്‍ ലയിപ്പിക്കണമെന്ന നിര്‍ദ്ദേശങ്ങളുമായി കമ്മിഷന്‍ രംഗത്തു വന്നത്. ഒപ്പം, ഘടനാപരമായി വികേന്ദ്രീകൃത നടത്തിപ്പു സമിതികള്‍ ത്രിതല പഞ്ചായത്തുകളിലൂടെ നടപ്പാക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടു വയ്ക്കപ്പെട്ടു.

Read Also: <a href=”https://malayalam.indianexpress.com/kerala-news/government-schools-kerala-growth-new-joins-kerala-leads/”>പൊതുവിദ്യാലയങ്ങളിലേക്ക് പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധന

എന്തിനീ വ്യഗ്രത?

ഏറ്റവും ശ്രദ്ധേയമായ കാര്യം ജനുവരി 24, 2018ന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്  ഫെബ്രുവരി 28, 2019-ന് തന്നെ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ച് ഉത്തരവിറക്കിയെന്നുള്ളതാണ്. അധ്യാപക – വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തുന്നത് മെയ് മാസമാണ്. മെയ് 27-ന് ചര്‍ച്ച നടത്തിയ സര്‍ക്കാര്‍ തൊട്ടടുത്ത ദിവസം തന്നെ ഖാദര്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ പൂര്‍ണ്ണമായി നടപ്പാക്കാന്‍ ആരംഭിച്ചു. എന്തിനിത്ര വ്യഗ്രത? ഹയര്‍ സെക്കണ്ടറിയിലെ ഭൂരിപക്ഷം അധ്യാപകരും മാനേജര്‍മാരും റിപ്പോര്‍ട്ടിനെതിരെ പരസ്യമായി പ്രക്ഷോഭത്തിനുവന്നിട്ടും തികച്ചും ജനാധിപത്യ വിരുദ്ധമായി പരിഷ്ക്കാരം അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ നീക്കങ്ങള്‍ക്ക് പിന്നിലെ അജണ്ടയാണ് ഇതിലൂടെ മറ നീങ്ങുന്നത്.

യഥാര്‍ത്ഥ അജണ്ട ചര്‍ച്ച ചെയ്യുന്നതിന് മുമ്പ്, ഏകീകരണം പൊതുവിദ്യാഭ്യാസത്തെ ഏതെല്ലാം വിധത്തില്‍ പ്രതികൂലമായി ബാധിക്കുമെന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍, താരതമ്യേന മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കണ്ടറിയെക്കൂടി പത്താം ക്ലാസ് വരെയുള്ള പൊതുവിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കുമ്പോള്‍, തകരുന്നത് ഹയര്‍ സെക്കണ്ടി മാത്രമല്ല, ആകമാന വിദ്യാഭ്യാസ ഘടനയാണ്. 10+2+3 എന്ന പാറ്റേണ്‍ 1966-ല്‍ കോത്താരി കമ്മിഷന്‍ അവതരിപ്പിച്ചത് പ്ലസ്ടു ഘട്ടം സവിശേഷമാണെന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ്. കൗമാരഘട്ടത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്കൂളിലെ ചെറിയ ക്ലാസുകളിലെ കുട്ടികളില്‍ നിന്ന് ഭിന്നമായ മാനസിക നിലയിലൂടെ കടന്നു പോകുന്നവരാണെന്ന കാര്യമാണ് കോത്താരി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞത്. അത് ലംഘിക്കപ്പെടുന്നതോടെ, ഭരണപരവും അക്കാദമികവും നടത്തിപ്പുപരവുമായ സകലാംശത്തിലും ലയനം പ്രശ്നങ്ങള്‍ സൃഷ്ടിക്കും.Khader Committee Report , iemalayalam

പാതിവെന്ത റിപ്പോര്‍ട്ട്

രണ്ടാമത്തേത്, ഹയര്‍ സെക്കണ്ടറി കൂടി ഉള്‍പ്പെടുമ്പോള്‍ 50 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഒരു ഭരണപരമായ സംവിധാനത്തിന് കീഴിലേക്ക് വരികയാണ്. അതോടെ ഭരണപ്രതിസന്ധികള്‍ ഉടലെടുക്കും. ഇപ്പോള്‍ തന്നെ ഡി.പി.ഐയ്ക്ക് കേരളത്തിലെ 36 ലക്ഷം കുട്ടികളുടെ കാര്യം പോലും നോക്കാന്‍ കഴിയുന്നില്ല. അപ്പോള്‍, വികേന്ദ്രീകരണം അനിവാര്യമാകും. പിന്നെന്തിന് കേന്ദ്രീകരണം? ഭരണപരമായ നടത്തിപ്പു സുഗമമാക്കുവാന്‍ പ്രത്യേക ഡയറക്ട്രേറ്റുകള്‍ ക്രമീകരിക്കുന്നതല്ലേ നല്ലത്? പക്ഷേ, സര്‍ക്കാര്‍ പ്രത്യേക ഡയറക്ട്രേറ്റ് രൂപീകരിക്കുന്നതിന് പകരം വിദ്യാഭ്യാസ നടത്തിപ്പു ചുമതലകള്‍ പഞ്ചായത്തുകള്‍ക്കു കൈമാറാനുള്ള നടപടികള്‍ കൈക്കൊണ്ടിരിക്കുകയാണ്.
ഉത്തരവുകളിലൂടെ സ്കൂള്‍ ചുമതല ഇപ്പോള്‍ തന്നെ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ജില്ലാപഞ്ചായത്തുകള്‍ക്കുമാണ്. അക്കാദമികമായ കാര്യങ്ങള്‍ കൂടി വികേന്ദ്രീകൃതമായ സംവിധാനത്തിലൂടെ നടത്താനാണ് ഖാദര്‍ കമ്മിറ്റി ലക്ഷ്യം വയ്ക്കുന്നത്. ആ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിന്‍റെ രണ്ടാം ഭാഗത്തിലാണ്. അത് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. അപ്പോള്‍ പാതിവെന്ത റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കാനൊരുങ്ങുന്നത്.

ആദ്യ ഭാഗത്ത് ഘടനാപരമായ പരിഷ്കാരങ്ങള്‍ എവ്വിധവും നടത്തുക എന്ന ലക്ഷ്യം മുന്നില്‍ നില്‍ക്കുന്നു. ഡി.പി.ഇ.പി- എസ്.എസ്.എ തുടങ്ങിയ ലോകബാങ്ക് പദ്ധതികള്‍ മുന്നോട്ടു വച്ച വ്യക്തമായ കര്‍മ്മപരിപാടിയ്ക്കനുസരിച്ചാണ് ഖാദര്‍ കമ്മിഷന്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി വന്നിട്ടുള്ളത്. ഏകീകരണത്തിലൂടെ പ്ലസ്ടു കൂടി പൊതുവിദ്യാലയത്തിന്‍റെ ഭാഗമാകുമ്പോള്‍ വികേന്ദ്രീകരണം എളുപ്പമാകും. അതായത്, റവന്യു ജില്ലാതലത്തില്‍ ജോയിന്‍റ് ഡയറക്ടര്‍ ഒഫ് സ്കൂള്‍ എജ്യൂക്കേഷന്‍ നിലവില്‍ വരുന്നതോടെ, നിലവിലുള്ള ഭരണസംവിധാനങ്ങള്‍ ഡി.സി.ഇ, ഏ.ഇ.ഒ തുടങ്ങിയവ നിര്‍ത്തലാക്കണമെന്ന പൂര്‍ണ നിര്‍ദ്ദേശമുണ്ട്. “പൊതുവേ ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ എന്നിവയുടെ ഭൂപരിധിയോട് ഏകോപിതമായ ഒരു സ്കൂള്‍ വിദ്യാഭ്യാസ ഓഫീസ് എന്നതാണ് ശുപാര്‍ശ.” (പേജ് 74, ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്)
അതിനര്‍ത്ഥം, എല്ലാ ചുമതലകളും വികേന്ദ്രീകരിക്കണമെന്നും സര്‍ക്കാര്‍ പിന്മാറണമെന്നും മുമ്പ് ഡി.പി.ഇ.പി കരാറില്‍ ആവശ്യപ്പെട്ട കാര്യങ്ങളുടെ നടത്തിപ്പാണിത്. എസ്.എസ്.എ യാണ് കമ്മ്യൂണിറ്റി വിദ്യാലയങ്ങള്‍ അഥവാ നാട്ടുകാര്‍ പണം പിരിച്ച് നടത്തുന്ന വിദ്യാലയം എന്ന സങ്കല്‍പ്പം കൃത്യമായി അവതരിപ്പിച്ചത്. അതാണ് ഖാദര്‍ കമ്മിഷന്‍ ശിപാര്‍ശകളുടെ കാതല്‍.khader committee report, iemalayalam

ആര്‍.എം.എസ്.എ അഥവാ സെക്കണ്ടറിതല പദ്ധതി

ലോകബാങ്ക് ഇപ്പോള്‍, സെക്കണ്ടറി തല പരിഷ്ക്കാരങ്ങളിലാണ് ഊന്നുന്നത്. പ്രൈമറി വിദ്യാഭ്യാസം അവര്‍ ശരിയാക്കിത്തന്നല്ലോ. അക്ഷരം അറിയാത്ത, യുക്തിബോധം നഷ്ടപ്പെട്ട തലമുറകളെ സൃഷ്ടിക്കുന്ന പാഠ്യപദ്ധതി പരിഷ്കാരം കഴിഞ്ഞു. ഇനി, ഹയര്‍ സെക്കന്‍ററി വരെയുള്ള വിദ്യാഭ്യാസരംഗത്ത് പൊളിച്ചെഴുത്താണ് ലോകബാങ്കിന്‍റെ ആര്‍.എം.എസ്.എ എന്ന രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാനിലൂടെ നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ 9, 10 ക്ലാസുകള്‍ മാത്രമാണ് സെക്കന്‍ററിതലത്തിലുള്ളത്. എന്നാല്‍ പ്ലസ് ടൂ കൂടി നില്‍ക്കുന്നതിനാല്‍ അതിനെ ലയിപ്പിച്ചെടുത്താല്‍ കാര്യങ്ങള്‍ എളുപ്പമാകുമല്ലോ. ഫണ്ട് ആര്‍.എം.എസ്.എയുടേത് ഉപയോഗിക്കുകയും ചെയ്യാം. അതിനാണ് ഏകീകരണം. പക്ഷേ, അതിലൂടെ കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന് ചരമക്കുറിപ്പ് ഒറ്റയടിക്ക് എഴുതേണ്ടി വരും.

എയ്ഡഡ് സ്ക്കൂളുകള്‍ മറ്റൊരു ഇര

വികേന്ദ്രീകൃത സെക്കന്‍ററി തല പ്രോജക്ട് ഹയര്‍സെക്കന്‍ററിയെക്കൂടി ചവിട്ടടിയില്‍ കൊണ്ടു വരുമ്പോള്‍ സംസ്ഥാനത്തെ എയ്ഡഡ് സ്ക്കൂളുകള്‍ക്ക് എന്തു സംഭവിക്കും? റവന്യൂ ജില്ലാ തല ചുമതലയില്‍ വരുമ്പോള്‍ സര്‍ക്കാര്‍ എയ്ഡ് കൊടുത്ത് പൊതുവിദ്യാലയം നടത്തുക എന്ന സങ്കല്‍പ്പം മിക്കവാറും അവസാനിക്കും. എയ്ഡ് അവസാനിപ്പിക്കാനാണല്ലോ യഥാര്‍ത്ഥത്തില്‍ വികേന്ദ്രീകരണം ലോകബാങ്ക് കൊണ്ടു വന്നത്. പൊതുവിദ്യാഭ്യാസത്തിന്‍റെ സാമ്പത്തിക ചുമതലയില്‍ നിന്നും സര്‍ക്കാര്‍ ഒഴിയണമെന്ന കൃത്യമായ അജണ്ടയാണ് ആഗോളീകരണത്തിന്‍റെ വിദ്യാഭ്യാസ പദ്ധതികളിലെല്ലാം വീണ്ടും വീണ്ടും തെളിയുന്നത്.

സര്‍ക്കാര്‍ എയ്ഡ് പിന്‍വലിച്ചാല്‍ എയ്ഡഡ് സ്ക്കൂളുകള്‍ എന്ന ഏര്‍പ്പാട് ക്രമേണ അപ്രസക്തമാകും. യോഗ്യരായ അധ്യാപകരെ നിയമിക്കണമെന്ന കാഴ്ചപ്പാടിനെയും ഖാദര്‍ കമ്മീഷന്‍ തള്ളിക്കളയുന്നത് അതു കൊണ്ടാണ്. നേരത്തെ ഹയര്‍ സെക്കന്‍ററിയില്‍ പഠിപ്പിക്കാന്‍ ഉയര്‍ന്ന യോഗ്യത വേണമായിരുന്നു. ‘സെറ്റ്’ നിര്‍ബന്ധമായിരുന്നു. എന്നാല്‍, പുതിയ നിര്‍ദ്ദേശമനുസരിച്ച് ബിരുദാനന്തരബിരുദവും അധ്യാപക ബിരുദവും മതി ഹൈസ്ക്കൂളിനും ഹയര്‍ സെക്കന്‍ററിയ്ക്കും ഒരേ യോഗ്യത മതി എന്ന സ്ഥിതി വന്നു ചേരുന്നു.

വികേന്ദ്രീകൃത വിദ്യാഭ്യാസത്തില്‍ സ്ഥിരം അധ്യാപകര്‍ എന്ന സങ്കല്‍പ്പമില്ല കരാറടിസ്ഥാനത്തില്‍ അധ്യാപകരെ ദിവസക്കൂലിയ്ക്ക് നിയമിക്കുമെന്ന വ്യവസ്ഥയാണ് വരാന്‍ പോകുന്നത്. അതോടെ, കേരളത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിയില്‍ സുപ്രധാന പങ്കു വഹിച്ച എയ്ഡഡ് സ്ക്കൂള്‍ സംവിധാനം അപ്രത്യക്ഷമാകും.

അങ്ങനെ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പരിഷ്കാരങ്ങളുടെ തുടര്‍ച്ചയാണ് ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതിന്‍റെ നടപ്പാക്കലും. പൊതു വിദ്യാഭ്യാസരംഗത്ത് ഇതിനകം ബാധിച്ച ലോക ബാങ്ക് വൈറസിന്‍റെ പകര്‍ച്ച പനിയാണ് ഹയര്‍ സെക്കന്‍ററിയെ പിടികൂടിയിരിക്കുന്നത്. രോഗ കാരണം, മാരകമായ വൈറസാണ്, തൊലിപ്പുറമേയുള്ള ചികിത്സ ഫലപ്രദമാകില്ല. അടിസ്ഥാനപരമായി പൊളിച്ചെഴുത്ത് പദ്ധതികള്‍ക്കെതിരെ തന്നെയാകണം പ്രതിഷേധങ്ങളുടെ കുന്തമുന. അതല്ലെങ്കില്‍, കേരളത്തിലെ പ്ലസ്ടു ഉള്‍പ്പെടെയുള്ള പൊതുവിദ്യാഭ്യാസ ഘടനയെ രക്ഷിക്കാനാവില്ല.

Read More Articles from Opinion Section Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook