Kevin Joseph Murder: കെവിന്‍ വധക്കേസിന്‍റെ വിധി വന്നപ്പോള്‍ കെവിന്‍റെ പിതാവ് ജോസഫ് പറഞ്ഞതു പോലെ, നീനുവിന്‍റെ പിതാവ് ചാക്കോ ജോണിനെ സംശയത്തിന്‍റെ ആനുകൂല്യം നല്‍കി വിട്ടയക്കരുതായിരുന്നു എന്ന അഭിപ്രായം പൊതുവില്‍ നിലനില്‍ക്കുന്നുണ്ടെന്ന് കാണാം. സാഹചര്യത്തെളിവുകളില്‍ നിന്ന് അയാളില്‍ നിന്ന് ആരംഭിക്കുന്ന ഗൂഡാലോചനയാണ് ഈ വധത്തിലേക്കെത്തിയതെന്നു വ്യക്തമാവുന്നുണ്ടെങ്കിലും ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്ന തരത്തിലുള്ള സംശയാതീത തെളിവുകളുടെ അഭാവത്തില്‍ ഗൂഡാലോചന തെളിഞ്ഞിട്ടില്ലെന്നാണ് കോടതി വിലയിരുത്തിയത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിന്‍റെ പരിമിതി കൂടിയാണ് ഇവിടെ പ്രകടമാവുന്നത്. ഗൂഡാലോചനകള്‍ സാധാരണഗതിയില്‍ തെളിയിക്കുക സാധ്യമല്ല, കാരണം അതില്‍ പങ്കെടുക്കുന്നവരല്ലാത്ത സാക്ഷികള്‍ സാധാരണയായി ഉണ്ടാകാറില്ല. പങ്കെടുത്തവര്‍ പ്രതികളാവുന്നതോടെ അവരുടെ മൊഴിക്ക് പ്രസക്തിയില്ലാതാകുന്നു. പ്രതികളാരെങ്കിലും മാപ്പുസാക്ഷിയായി മൊഴി നല്‍കിയാല്‍ പരിഗണിക്കും. ഇവിടെ സാഹചര്യത്തെളിവുകളാണ് നിര്‍ണായക പങ്കു വഹിച്ചത്.
ഈ കേസില്‍ പത്തു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിക്കുകയും എല്ലാവര്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷ നല്‍കുകയും ചെയ്തിരിക്കുന്നു. ശിക്ഷ എന്ത് എന്നുള്ളതല്ല ഇവിടെ വിഷയം. ഈ സംഭവത്തിലൂടെ അനാവരണം ചെയ്യപ്പെടുന്ന കേരളത്തിലെ സാമൂഹ്യ യാഥാര്‍ഥ്യങ്ങളാണ് ഇവിടെ പരിശോധിക്കാന്‍ ഉദ്ദേശിക്കുന്നത്. ഏറെ പുരോഗമനസ്വഭാവം അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന മലയാളി സമൂഹത്തിന്‍റെ യതാര്‍ത്ഥ അവസ്ഥ മനസ്സിലാക്കാന്‍ ഈ കേസിന് ആസ്പദമായ സാഹചര്യങ്ങള്‍ കാര്യമായി സഹായിക്കുമെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.
അഖിലേന്ത്യാതലത്തില്‍ തന്നെ, തെളിയിക്കപ്പെടുകയും ശിക്ഷിക്കപെടുകയും ചെയ്യുന്ന ആദ്യത്തെ ദുരഭിമാനക്കൊലയാണത്രേ ഇത്. ഇതുയര്‍ത്തുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ സങ്കീര്‍ണമാണ്. ജാതിവ്യവസ്ഥയുടെ നീരാളിപ്പിടുത്തം സമൂഹത്തെ എങ്ങിനെയൊക്കെ സ്വാധീനിക്കുന്നു എന്നതിന്‍റെ വ്യക്തമായ ഒരു ചിത്രമാണ് ഇവിടെ തെളിഞ്ഞു വരുന്നത്. കേരളത്തിന്‍റെ സവിശേഷമായ സാമൂഹ്യവും രാഷ്ട്രീയവുമായ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോഴാണ് വിഷയത്തിന്‍റെ ഗൗരവം ശരിക്കും ബോധ്യപ്പെടാനാവുക.
Read More: Kevin Joseph Murder, Kerala Honour Killing
ഒരുപക്ഷേ ഇന്ത്യയില്‍ മറ്റൊരിടത്തും കാണാന്‍ കഴിയാത്ത വിധമുള്ള സാമൂഹ്യഘടനയാണ് ഇവിടെ നിലനില്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നു തന്നെ നമുക്ക് തുടങ്ങാം. കേരളത്തിന്‍റെ ജനസംഖ്യയില്‍ ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷങ്ങള്‍ ചേര്‍ന്നാല്‍ നാല്‍പ്പത്തഞ്ചു ശതമാനമായി. ബാക്കിയുള്ള അമ്പത്തഞ്ചു ശതമാനം ഹിന്ദുക്കള്‍ സവര്‍ണ, പിന്നോക്ക, ദളിത് ചേരികളാണ്. മൊത്തം ജനസംഖ്യ അഞ്ചു സാമൂഹ്യ വിഭാഗങ്ങളായി ചേരി തിരിഞ്ഞു നില്‍ക്കുന്നു എന്നു കാണാം. ഇവ തമ്മിലുള്ള താരതമ്യേന ആരോഗ്യകരമായ പ്രതിപ്രവര്‍ത്തനമാണ് കേരളീയ സമൂഹത്തിന്‍റെ ചലനാല്‍മകതയെ നിര്‍ണയിച്ചു പോന്നിട്ടുള്ളത്.
ഹിന്ദു സമൂഹത്തിലെ വര്‍ണജാതി വ്യവസ്ഥ ആ സമൂഹത്തിലെ അധസ്ഥിത വിഭാഗങ്ങളെ എന്നും പീഡിതാവസ്ഥയില്‍ നില നിര്‍ത്തുകയായിരുന്നു. അതേ സമയം ക്രിസ്ത്യന്‍, മുസ്ലിം സമൂഹങ്ങളില്‍ ഇത്തരം വിവേചനപരമായ അന്തരീക്ഷം അത്ര പ്രകടമായിരുന്നില്ല. സ്വാഭാവികമായും ഈ അന്തരീക്ഷം ഹിന്ദു സമൂഹത്തിലെ അധസ്ഥിത വിഭാഗങ്ങളെ മത പരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്തു പോന്നിട്ടുണ്ട്. പക്ഷേ അങ്ങിനെ മതം മാറിയവര്‍ക്ക് ജാതി വിവേചനത്തില്‍ നിന്ന് മോചനം കിട്ടിയില്ലെന്നതാണ് യാഥാര്‍ഥ്യം. ക്രിസ്തുമതത്തിലേക്ക് ഇങ്ങിനെ കടന്നു ചെന്നവര്‍ ഒരു പ്രത്യേക ദളിത് വിഭാഗം തന്നെ ആയി തീരുകയാണുണ്ടായത്. അവര്‍ അധസ്ഥിത (ദളിത്) ക്രിസ്ത്യാനികള്‍ ആയി. പഴയ ജാതി വിവേചനം അതേപടി തുടരുകയും ചെയ്തു.
കോടതി വിധി പറഞ്ഞ കേസിലെ കെവിന്‍ അധസ്ഥിത ക്രിസ്ത്യാനി ആയിരുന്നു. കെവിനെ പ്രേമിച്ച നീനുവാകട്ടെ ജനിച്ചത് സവര്‍ണ ക്രിസ്ത്യാനി സമ്പന്ന കുടുംബത്തിലും. നീനുവിന്‍റെ അമ്മ മുസ്ലീമായിരുന്നെങ്കിലും അവരെ ക്രിസ്ത്യാനിയായി പരിവര്‍ത്തിപ്പിക്കുകയായിരുന്നു. അത്തരം പരിഗണനകളൊന്നുമില്ലാതെയാണ് നീനു കെവിനെ പ്രേമിച്ചത്. കോട്ടയത്ത് ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന കെവിനും മാന്നാനത്തു കോളേജ് വിദ്യാര്‍ഥിനിയായിരുന്ന നീനുവും യാദൃശ്ചികമായി കണ്ടുമുട്ടാനും പരിചയപ്പെടാനും ഇടയായതിനെ തുടര്‍ന്ന് പ്രണയത്തിലാവുകയായിരുന്നു. രണ്ടു വര്‍ഷക്കാലം അവരാ ബന്ധം തുടര്‍ന്നു. അതിനിടക്ക് പണം സമ്പാദിക്കാനായി കെവിന്‍ ഗള്‍ഫില്‍ പോയി. അപ്പോഴേക്കും നീനുവിന്‍റെ വീട്ടുകാര്‍ നീനുവിന് വിവാഹം നടത്താനുള്ള തിടുക്കത്തിലായിരുന്നു. വിവരമറിഞ്ഞ കെവിന്‍ ഉടനെ നാട്ടിലെത്തുകയും അവരുടെ ബന്ധം രണ്ടു വീട്ടുകാരെയും അറിയിക്കുകയും മേയ് 24-നു വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. നീനു വീട്ടില്‍ നിന്നിറങ്ങി മറ്റൊരിടത്തു താമസിക്കുകയും ചെയ്തു.
പ്രകോപിതനായ നീനുവിന്‍റെ പിതാവ് പോലീസിനെക്കൊണ്ട് നീനുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും വീട്ടിലേക്കു ചെല്ലാന്‍ നിര്‍ബന്ധിക്കുകയും ചെയ്തപ്പോള്‍ പോലീസ് നിയമവിരുദ്ധമായി അതിനു കൂട്ടു നിന്നു. പിതാവ് ബലപ്രയോഗം നടത്തിയതിനെ തടഞ്ഞത് നാട്ടുകാരാണ്. കെവിന്‍ നീനുവിനെ ഒരു ഹോസ്റ്റലില്‍ താമസിപ്പിക്കുകയും ചെയ്തു. കെവിന്‍ ഒരു കസിന്‍റെ വീട്ടിലാണ് താമസിച്ചത്. അടുത്ത ദിവസം നീനുവിന്‍റെ പിതാവിന്‍റെ ആസൂത്രണപ്രകാരം സഹോദരനും സംഘവും ചേര്‍ന്ന് കെവിനെയും കസിനെയും തട്ടിക്കൊണ്ടു പോവുകയും പിന്നീട് കസിനെ വിട്ടയക്കുകയും ചെയ്തു.
കെവിനെ കാണാനില്ലെന്ന പരാതിയുമായി നീനു പോലീസ് സ്റ്റേഷന് മുന്നില്‍ പകല്‍ മുഴുവന്‍ കുത്തിയിരുന്നിട്ടും മുഖ്യമന്ത്രിക്ക് സംരക്ഷണമെന്ന പേരും പറഞ്ഞു ഒരു നടപടിയുമെടുത്തില്ല. അടുത്ത ദിവസം കെവിന്‍റെ മൃതദേഹം പുഴയില്‍ പൊന്തുകയും ചെയ്തു. പോലീസ് തക്കസമയത്തു ഇടപെട്ടിരുന്നുവെങ്കില്‍ ഒരുപക്ഷേ ഈ ദുരന്തം ഒഴിവാക്കാമായി രുന്നു എന്ന് ചുരുക്കം.
നേരത്തെ സൂചിപ്പിച്ചതു പോലെ തികച്ചും അസ്വാഭാവികം എന്നൊന്നും പറയാനാകാത്ത ഈ സംഭവവികാസങ്ങള്‍ വരച്ചു കാട്ടുന്നത് സമകാലീന കേരളാവസ്ഥയുടെ ഭീകരമുഖമാണ്. പുരോഗമനരാഷ്ട്രീയത്തിന്‍റെ തട്ടകം എന്നെല്ലാം പൊതുവില്‍ അംഗീകരിക്കപ്പെടുന്ന കേരളത്തിന്‍റെ സാമൂഹ്യ ഘടനയില്‍ വര്‍ണജാതിവ്യവസ്ഥ എത്രമാത്രം ആഴത്തില്‍ വേരൂന്നിയിരിക്കുന്നു എന്നാണു ഇതെല്ലാം കാണിക്കുന്നത്. പോലീസ് ഉള്‍പ്പെടെയുള്ള അധികാര സംവിധാനങ്ങളിലേക്കും ഈ സ്വാധീനം കടന്നുചെല്ലുന്നതെങ്ങിനെയെന്നും ഇവിടെ കാണാം.
കേരളീയസമൂഹം നേടിയതായി കരുതപ്പെടുന്ന പുരോഗമനസ്വഭാവത്തിന്‍റെ യഥാര്‍ത്ഥ പരിണാമചരിത്രത്തിലേക്ക് ഒന്നെത്തി നോക്കിയാല്‍ മാത്രമേ ഈ വൈപരീത്യത്തിന്‍റെ അടിയൊഴുക്കുകള്‍ കണ്ടെത്താന്‍ കഴിയൂ. അത്തരമൊരു പരിശോധന ഈ കോളത്തിന്‍റെ പരിധിയില്‍ ഒതുങ്ങുന്നത് അല്ലെന്നതു കൊണ്ട് ചില സൂചനകള്‍ മാത്രം ഇവിടെ ചൂണ്ടിക്കാട്ടാം.കേരളീയസമൂഹത്തിന് പുരോഗമനരാഷ്ട്രീയത്തിന്‍റെ മുഖം നല്‍കുന്നതില്‍ ഏറ്റവും പ്രധാന പങ്ക് വഹിച്ചത് കമ്മ്യൂണിസ്റ്റുകാരാണല്ലോ. നാല്‍പ്പതുകളിലും അമ്പതുകളിലും പ്രായോഗികതലത്തില്‍ അവര്‍ ജാതി വിവേചനത്തിനെതിരായി പല പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും വര്‍ഗസമര സിദ്ധാന്തത്തില്‍ മാത്രമായി കുടുങ്ങിപ്പോയ അവര്‍ക്കു ജാതിവ്യവസ്ഥ കൊക്കിലൊതുങ്ങാത്ത വിഷയമായിതീര്‍ന്നു.
ജാതിവ്യവസ്ഥയെ കുറിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടത്തി രാഷ്ട്രീയനിലപാടുകള്‍ അവതരിപ്പിച്ച ഡോ. അംബേദ്‌കറെയും ലോഹ്യയെയും കമ്മ്യൂണിസ്റ്റ്കാര്‍ അടുപ്പിച്ചില്ല. വര്‍ഗ സമര മാര്‍ഗങ്ങള്‍ ഉപയോഗിച്ചു കൊണ്ട് അധ്വാനിക്കുന്ന ജനവിഭാഗങ്ങളിലേക്കു കടന്നു ചെല്ലാനും അവരെ സംഘടിപ്പിക്കാനും കമ്മ്യൂണിസ്റ്റ്കാര്‍ക്ക് കഴിഞ്ഞുവെങ്കിലും സാമൂഹ്യ, സാംസ്കാരിക മേഖലകളില്‍ ആണ്ടിറങ്ങിയിരുന്ന ജാതിയെ സ്പര്‍ശിക്കാന്‍ പോലും അവര്‍ക്കായില്ല. വര്‍ഗസമരത്തിലൂടെ ചൂഷണവ്യവസ്ഥ നിര്‍മാര്‍ജനം ചെയ്യപ്പെടുന്നതോടെ ജാതിവ്യവസ്ഥ തനിയെ അപ്രത്യക്ഷമായിക്കൊള്ളും എന്ന സിദ്ധാന്തം കൂടി ആയപ്പോള്‍ ജാതിയെ നേരിടുന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റ്കാര്‍ തികച്ചും പ്രാപ്തരല്ലാത്തവര്‍ ആയിത്തീര്‍ന്നു. സമീപകാലത്ത് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ പ്രധാന മേഖലകളായ ഉത്തര്‍പ്രദേശിലും ബീഹാറിലുമെല്ലാം ജാതിരാഷ്ട്രീയം മുന്നോട്ടു വന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ നിസ്സഹായരായ കാഴ്ചക്കരായതും ഇതു കൊണ്ടാണ്.
ഈ ഉത്തരേന്ത്യന്‍ അവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് സാമൂഹ്യാടിത്തറ സൃഷ്ടിക്കാന്‍ കഴിഞ്ഞത് സവിശേഷ സാഹചര്യത്തിലാണ്. ഗുരുവായൂര്‍, വൈക്കം സത്യാഗ്രഹങ്ങളിലൂടെ കടന്നു വന്ന് കോണ്ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെത്തിയ ഒരു വിഭാഗം രാഷ്ട്രീയനേതാക്കള്‍ 1939-ല്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി രൂപീകരിച്ചിട്ട് ആദ്യമെടുക്കുന്ന തീരുമാനം എസ്.എന്‍.ഡി.പി.യിലും അയ്യങ്കാളിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന സാധുജന പരിപാലന സംഘത്തിലും കടന്നു കയറാനാണ്. നാല്‍പ്പതുകളില്‍ ഈ പ്രവര്‍ത്തനം ഫലപ്രദമായി മുന്നേറുകയും ചെയ്തു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ കേരളത്തിലെ പിന്നോക്ക, ദളിത് വിഭാഗങ്ങളിലെ ഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന വര്‍ഗങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുടക്കീഴിലെത്തി. ഈ സാമൂഹ്യവിഭാഗങ്ങള്‍ തന്നെയാണ് ഇപ്പോഴും കമ്മ്യൂണിസ്റ്റ്കാരുടെ സാമൂഹ്യാടിസ്ഥാനം.
ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗ്ഗവും ജാതിയും പരസ്പരം ആശ്രയിച്ചു നില്‍ക്കുന്ന സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളാണെന്ന് തിരിച്ചറിയുന്നതിനു പകരം ജാതിപരിഗണനകള്‍ വര്‍ഗസമരത്തെ തുരങ്കം വെക്കുമെന്ന ധാരണയില്‍ ജാതിയാഥാര്‍ഥ്യത്തെ ബോധപൂര്‍വം അവഗണിക്കുന്ന രീതിയാണ് കമ്മ്യൂണിസ്റ്റ്കാര്‍ സ്വീകരിച്ചത്. അംബേദ്കറുടെ പാഠങ്ങളെ ആധാരമാക്കി ശക്തമായ ഒരു ജാതിവിരുദ്ധ പ്രസ്ഥാനം വളര്‍ത്തിക്കൊണ്ടു വരാനുള്ള സാദ്ധ്യതയാണ് ഇങ്ങിനെ നഷ്ടമായത്. തന്മൂലം കമ്മ്യൂണിസ്റ്റ്കാര്‍ നേതൃത്വം നല്‍കിയ വര്‍ഗസമര മുന്നേറ്റങ്ങള്‍ക്കു പിന്നില്‍ ജാതിബോധവും ചേരിതിരിവുകളും പതുങ്ങി കിടന്നു.
സമീപകാലത്ത് വര്‍ഗസമരങ്ങള്‍ പിന്നോട്ടടിക്കുകയോ അപ്രത്യക്ഷമാവുക പോലുമോ ചെയ്തപ്പോള്‍ ആ ജാതി ബോധവും ചേരിതിരിവുകളും കൂടുതല്‍ പ്രകടമാവുന്നതാണ് നാമിപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പിന്നോക്ക സമുദായത്തില്‍ പെട്ട ആതിര എന്ന ഇരുപത്തൊന്നുകാരി, ദളിത് സമുദായത്തില്‍ പെട്ട ഒരു യുവാവിനെ വിവാഹം കഴിക്കുന്നതിന്‍റെ തലേന്ന് സ്വന്തം പിതാവിനാല്‍ നിഷ്ഠൂരമായി വധിക്കപ്പെട്ടതു പോലുള്ള പല സംഭവങ്ങളുടെയും തുടര്‍ച്ചയായിട്ടാണ് കെവിന്‍ വധത്തെയും കാണേണ്ടത്.