scorecardresearch
Latest News

സുരക്ഷാഭരണകൂടങ്ങളും ജനാധിപത്യവും

ജനക്ഷേമത്തിൽ ഒന്നാമതെന്ന പട്ടം പോയാലും സാരമില്ല, ജനവിരുദ്ധനിയമപാലകസംവിധാനങ്ങൾ ദരിദ്രരെയും അശക്തരെയും കൂടുതൽ വേട്ടയാടാതെ നോക്കുന്നതാണ് പ്രധാനം. ക്ഷേമഭരണകൂടത്തിൽ​നിന്നും സുരക്ഷാ ഭരണകൂടത്തിലേയ്ക്കുളള​ മാറ്റം സമൂഹത്തെ എങ്ങനെയാണ് ബാധിക്കുന്നത്?

j devika

അത്യപൂർവ്വമായ ജനക്ഷേമ നടപടികൾ വിഭാവനം ചെയ്യാനും നടപ്പാക്കാനും കഴിവുള്ള സർക്കാർ എന്ന ഖ്യാതി കേരള സർക്കാർ ഇന്ത്യയിലും പുറത്തും സമ്പാദിച്ചു തുടങ്ങിയിട്ട് ദശകങ്ങളായി. കേരളത്തിൽ ഫലപ്രദമായിക്കണ്ട ക്ഷേമ-വികസന പരിപാടികൾ പലതും ഇന്ത്യയിലൊട്ടാകെയും മറ്റു സംസ്ഥാനങ്ങൾ പലതിലും പരീക്ഷിക്കപ്പെട്ടിട്ടുമുണ്ട്.

എന്നാൽ ഇന്ത്യയിലൊട്ടാകെ സംഭവിക്കുന്ന ഭരണകൂടപരിണാമം–ക്ഷേമഭരണകൂടത്തിൽ നിന്ന് സുരക്ഷാഭരണകൂടത്തിലേക്കുള്ള മാറ്റം–തീർച്ചയായും കേരളത്തെയും ബാധിക്കുന്നുണ്ട്, ബാധിച്ചു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

ക്ഷേമപ്രവർത്തനങ്ങൾക്കുള്ള വിഭവങ്ങൾ കുറയുന്നുവെന്നു മാത്രമല്ല, അവ നവലിബറൽവത്ക്കരിക്കപ്പെടുന്നുവെന്നതാണ് ഇന്നത്തെ ജനക്ഷേമ വ്യവസ്ഥയുടെ പ്രത്യേകത. അപ്പോൾ അവ കൊണ്ടുള്ള ഗുണം വിപണിയിൽ നിന്ന് ഏതെങ്കിലും വിധത്തിൽ ലാഭമെടുക്കാനുള്ള അടിസ്ഥാന പ്രാപ്തികളുള്ളവർക്കാണ്– താണ-ഇടത്തരക്കാർക്ക്, പ്രത്യേകിച്ചും. വിപണി പ്രാന്തവത്ക്കരിക്കുന്നവർക്ക് ഇതു കൊണ്ട് പ്രയോജനമില്ലെന്ന് തന്നെയുമല്ല, അവരുടെ അപചയത്തിന്റെ വേഗം കൂടുകയേയുള്ളൂ. ജനക്ഷേമോനന്മുഖമായ ഭരണം, അങ്ങനെ നോക്കിയാൽ, വളരെ പരിമിതപ്പെട്ടിരിക്കുന്നുവെന്ന് കാണാം.

പക്ഷേ ജനക്ഷേമത്തിന് പേരുകേട്ട ഒരു സർക്കാരിന് ആ പേര് അത്ര പെട്ടെന്ന് ഉപേക്ഷിക്കാനാവില്ല. വളരെക്കാലം കൊണ്ട് സഞ്ചിതമാകുന്ന ആ പേരിനെ ആശ്രയിച്ചാണ് പലപ്പോഴും മാറിമാറി വരുന്ന ഭരണങ്ങൾ അവയുടെ പരിപാടികൾ നിർണയിക്കുന്നതും ജനപ്രീതി നിലനിർത്തുന്നതും. കേരളത്തിലാണെങ്കിൽ ജനക്ഷേമസർക്കാരിന്റെ വേരുകൾ സ്വാതന്ത്ര്യപൂർവകാലം മുതൽക്കേ വ്യാപിച്ചു തുടങ്ങിയതാണ്. ഇന്നാകട്ടെ അതു നിലനിർത്താനും വികസിപ്പിക്കാനും പണ്ടത്തെ അപേക്ഷിച്ച് പ്രയാസമാണ്. എന്നു മാത്രമല്ല, സുരക്ഷാഭരണകൂടം ഇവിടെയും വികസിതമായതോടെ ഭരണകൂടവികസനം ക്ഷേമത്തിന്റെ പേരിലാണെങ്കിൽ പോലും ജനാധിപത്യത്തിന് ഭീഷണിയാകാനുള്ള സാദ്ധ്യത ചെറുതുമല്ല. ക്ഷേമത്തിന്റെ പേരിൽ നടപ്പിലാക്കപ്പെടുന്ന നടപടികൾ സർക്കാരിന്റെ കണ്ണും കൈയും കൂടുതൽ ശക്തിപ്പെടുത്തുന്നത് ആധാർകാർഡ് നിർബന്ധമാക്കുന്നതിൽ മാത്രമല്ല.

അതു കൊണ്ട് ജനക്ഷേമത്തിന്റെ മുൻനിരയിൽ എന്ന് സ്വയം സ്ഥാപിക്കുനുള്ള ആവേശം നമ്മെ ഈ പടുകുഴിയിൽ വീഴ്ത്താതിരിക്കാൻ സർക്കാർതലത്തിൽ ജനക്ഷേമമെന്ന പേരിൽ ഇന്ന് അവതരിപ്പിക്കപ്പെടുന്നതും പ്രോത്സാഹിപ്പിക്കപ്പെടുന്നതുമായ എല്ലാത്തിനെയും പൊതുജനപക്ഷത്തു നിന്നും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.j devika ,

ലൈംഗിക കുറ്റവാളികളുടെ പ്രത്യേക റജിസ്റ്റർ തയ്യാറാക്കുന്നത് സംബന്ധിച്ച് നിയമനിർമ്മാണം നടത്താൻ കേരള സർക്കാർ കാണിക്കുന്ന താൽപ്പര്യം ഇത്തരത്തിലുള്ള സൂക്ഷ്മപരിശോധന ആവശ്യപ്പെടുന്ന ഒരു നീക്കമാണ്. ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുന്ന വ്യക്തികളെ സ്വന്തം വിവരങ്ങൾ പൊലീസിലേൽപ്പിക്കാൻ ബാദ്ധ്യസ്ഥരാക്കുന്നതിലൂടെ ഈ റജിസ്റ്ററിലേക്കുള്ള വിവരങ്ങൾ ശേഖരിക്കാമെന്ന് ഇതിന്റെ വക്താക്കൾ അവകാശപ്പെടുന്നു. ജില്ലാ തലത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ ഈ വിവരങ്ങൾ സൂക്ഷിക്കപ്പെടണമെന്നും, ഈ വിവരങ്ങൾ ആവശ്യപ്പെടുന്നവർ നൽകുന്ന അപേക്ഷകളിൽ തീർപ്പു കൽപ്പിക്കാൻ മജിസ്ട്രേറ്റ് തലത്തിൽ സംവിധാനമുണ്ടാക്കണമെന്നും ഇതു വഴി ശിക്ഷയനുഭവിച്ചവരുടെ സ്വകാര്യതയും സംരക്ഷിക്കപ്പെടുമെന്നും അവർ പറയുന്നു. ഇന്ത്യയിലാദ്യമായി എന്ന പെരുമ ഇതിലൂടെ കേരളത്തിന് ലഭിക്കുമെന്നും അഭിപ്രായമുണ്ട്–നേരത്തെ സൂചിപ്പിച്ചതു പോലെ, ഭരണകൂടത്തിന്റെ ക്ഷേമോന്മുഖത കുറയും തോറും ആ പൊള്ളത്തരം മറയ്ക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നത് അപ്രതീക്ഷിതമല്ല. ഇത് അത്തരത്തിലുള്ളതാണ്. കാരണം, പ്രത്യക്ഷത്തിൽ പ്രസക്തമെന്നു തോന്നിയാലും മാറി വരുന്ന ഭരണകൂടത്തിന്റെ സ്വഭാവം കണക്കിലെടുത്താൽ, അവസാനവിശകലനത്തിൽ ഈ നീക്കം അധികാരികളെയാവും ശക്തിപ്പെടുത്തുക.

കേരളത്തിന്റെ ജനക്ഷേമചരിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നതാണ് മുഖ്യതാൽപ്പര്യമെങ്കിൽ അതിനു മറ്റു മാർഗങ്ങളില്ലേ?

ഉദാഹരണത്തിന് 377-ആം വകുപ്പ് ഇവിടെ റദ്ദാക്കാൻ പ്രയാസമില്ല. അതു തീർച്ചയായും നമ്മുടെ സാമൂഹിക ജനാധിപത്യത്തെ കാര്യമായി വികസിപ്പിക്കുന്ന നടപടിയാകും. സാമൂഹിക സ്വാതന്ത്ര്യങ്ങളെയും ജനാധിപത്യത്തെയും ഹിന്ദുത്വവാദികൾ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സാഹചര്യങ്ങളിൽ, പല തരം യാഥാസ്ഥിതികർ ജനാധിപത്യാവകാശങ്ങളെ ഞെക്കിക്കൊല്ലുന്ന ഇവിടുത്തെ പരിതഃസ്ഥിതിയിൽ, തീർച്ചയായും ഇത് കേരളത്തിന്റെ യശസ്സ് പതിന്മടങ്ങ് വർദ്ധിപ്പിക്കുക തന്നെ ചെയ്യും. ഇത് ഇവിടുത്തെ ക്വിയർ സംഘങ്ങൾ സർക്കാരിനോട് പരസ്യമായി ഉന്നയിച്ച ആവശ്യവുമാണ്. എന്നിട്ടും ഇതു പരിഗണിക്കാതെ ലൈംഗികകുറ്റവാളി റജിസ്റ്ററുണ്ടാക്കുന്ന കാര്യത്തെ നമ്മുടെ സർക്കാർ ആവേശത്തോടെ പരിഗണിക്കുന്നതെന്തുകൊണ്ട്? കാര്യമായ പൊതുചർച്ച ആവശ്യപ്പെടുന്ന വിഷയമാണിത്.

ലൈംഗികകുറ്റവാളി റജിസ്റ്റർ ലൈംഗികകുറ്റകൃത്യങ്ങളെ കുറയ്ക്കുന്നില്ലെന്നും ഒരിക്കൽ കുറ്റം ചെയ്തവർ അത് ആവർത്തിക്കുന്നതാണ് റജിസ്റ്റർ നിർമ്മാണത്തിലൂടെ കുറഞ്ഞിട്ടുള്ളതെന്നും റജിസ്റ്ററിന്റെ വക്താക്കൾ സമ്മതിക്കുന്നു. വിദ്യാലയങ്ങളടക്കം കുട്ടികളും സ്ത്രീകളും ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നിയമനങ്ങൾ നടത്തുമ്പോൾ കുറ്റവാളികളെ ഒഴിവാക്കാൻ ഇതു സഹായകമാകുമെന്നാണ് വാദമെങ്കിൽ, ലൈംഗികകുറ്റകൃത്യങ്ങളിൽ (പ്രത്യേകിച്ച് കുട്ടികൾക്കെതിരെയുള്ളവ) ബഹുഭൂരിപക്ഷവും വീട്ടിനുള്ളിൽ അടുത്ത ബന്ധുക്കളാൽ, ഉണ്ടാവുന്ന ഒരു രാജ്യത്തിൽ അതിൻറെ പ്രസക്തി പരിമിതമാണ്.വിദ്യാലയങ്ങളും കുട്ടികൾ അധികം ബന്ധപ്പെടുന്ന മറ്റു സ്ഥാപനങ്ങളും തങ്ങൾ ജോലിക്കെടുക്കുന്നവരുടെ പശ്ചാത്തലം നിർബന്ധമായും അന്വേഷിച്ചിരിക്കണമെന്ന് ആവശ്യപ്പെടാൻ പ്രത്യേക നിയമനിർമ്മാണം ആവശ്യവുമില്ല.j devika

മാത്രമല്ല, ലൈംഗികകുറ്റം ആരോപിപ്പിക്കപ്പെട്ടവരിൽ കോടതി ശിക്ഷ ലഭിക്കുന്നവരുടെ എണ്ണം തുച്ഛമാണ്–കീഴ്ക്കോടതി ശിക്ഷിച്ചവർ അപ്പീൽ പോകുമെന്നതുകൊണ്ട് അവരുടെ പേരുകൾ പോലും റജിസ്റ്ററിൽ വരാനിടയില്ല. കൊടുംകുറ്റവാളികളുടെ പേരു മാത്രമുൾപ്പെടുത്തുന്നത് എത്ര ഫലം ചെയ്യുമെന്നും വ്യക്തമല്ല. കാരണം കൊടുംകുറ്റവാളികൾ പൊതുവേ പത്രമാദ്ധ്യമങ്ങളുടെയും മറ്റും നോട്ടപ്പുള്ളികളാകുന്നുണ്ട്, തന്നെയുമല്ല, അവരുടെ മാത്രം വിവരങ്ങൾ സൂക്ഷിക്കാൻ നിലനിവിലുള്ള നിയമങ്ങളിൽ മാറ്റം വരുത്തേണ്ട കാര്യമേ ഉള്ളൂ.

നാം നിസ്സാരമെന്ന് തള്ളിക്കളയുന്ന കുറ്റങ്ങൾ ചെയ്യുന്നവരാണ് സത്യത്തിൽ കുറ്റം ആവർത്തിക്കാൻ സാദ്ധ്യതയുള്ളവർ.

ഉദാഹരണത്തിന് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ലൈംഗികപീഡനവിരുദ്ധസംവിധാനങ്ങൾ മിക്കതും ദുർബലങ്ങളായതുകൊണ്ട് അവിടങ്ങളിൽ ഇരപിടിയന്മാർ പൊതുവെ തുടർക്കുറ്റവാളികളായി മാറുന്നു. അവർ നിയമത്തിന് മുന്നിലെത്തുന്നതു പോലും അപൂർവമാണ്, എത്തിയാലും വിരളമായി മാത്രമേ അവർ ശിക്ഷിക്കപ്പെടുന്നുള്ളൂ. സ്ത്രീകളുടെ അവകാശങ്ങളെ പരിരക്ഷിക്കുന്ന നിയമങ്ങളുടെ തുടർച്ചയായിട്ടാണ് ഇതിനെ വിഭാവനം ചെയ്തതെങ്കിൽ കേരളത്തിലെ സിവിൽ സമൂഹ ശക്തികളെ, പ്രത്യേകിച്ച് ഇവിടുത്തെ സ്ത്രീപ്രസ്ഥാനത്തിനെയും ലൈംഗിക ന്യൂനപക്ഷ സംഘങ്ങളെയും കുറേക്കൂടി ശക്തമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള ആലോചനയും പൊതുചർച്ചയും സംഘടിപ്പിക്കേണ്ടിയിരുന്നു.

എന്നാൽ കുടുതൽക്കൂടുതൽ ജനവിരുദ്ധമായിക്കൊണ്ടിരിക്കുന്ന കേരളത്തിലെ പോലീസിറെ കൈ ഇത് ഒന്നുകൂടി ശക്തിപ്പെടുത്തുമെന്ന് തീർച്ചതന്നെ. സമീപകാലത്ത് കേരളാ പോലീസിൻറെ ജനാധിപത്യവിരുദ്ധത പലവിധത്തിലും പ്രകടമാണ്–ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പെട്ട ഇന്നത്തെ കേരള സർക്കാർ അതിനു നേരെ വേണ്ടത്ര ശക്തമായി പ്രതികരിക്കുന്നില്ലെങ്കിലും. ശക്തമായ ജനകീയ പ്രസ്ഥാനങ്ങളുടെ ആഭാവത്തിൽ, മൂലധനശക്തികളുമായി ഔപചാരിക രാഷ്ട്രീയരംഗത്തെ എല്ലാ ശക്തികളും പലയളവുവരെ കൂട്ടുകെട്ട് സ്ഥാപിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, സർക്കാരിന്റെ ശക്തിയില്ലായ്മ പ്രതീക്ഷിതം മാത്രമായിരിക്കാം. ആ സ്ഥിതിക്ക് ജനക്ഷേമത്തിൽ ഒന്നാമതെന്ന പട്ടം പോയാലും സാരമില്ല, ജനവിരുദ്ധനിയമപാലകസംവിധാനങ്ങൾ ദരിദ്രരെയും അശക്തരെയും കൂടുതൽ വേട്ടയാടാതെ നോക്കുന്നതാണ് പ്രധാനം. ലൈംഗികകുറ്റം ചെയ്ത ഉന്നതർക്ക് എളുപ്പത്തിൽ ഊരിപ്പോരാനുള്ള സൗകര്യം ഇവിടെ നിലനിൽക്കുന്നിടത്തോളമെങ്കിലും.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Keralas transition from welfare to security state