scorecardresearch

Latest News

രാഷ്ട്രീയ മൂല്യത്തകർച്ചയും അസംബന്ധങ്ങളുടെ സാമൂഹ്യവ്യാപനവും

‘എൽ.ഡി.എഫ് ഭരണ സംവിധാനത്തിൽ ഉദ്യോഗസ്ഥരെ സുപ്രധാന സ്ഥാനങ്ങളിൽ വളരെ കരുതലോടെയാണ് ഉൾപ്പെടുത്താറുള്ളത്. എന്തു കൊണ്ട് ഒരു ഇടതു മുഖ്യമന്ത്രിയുടെ ആഫീസിലെ ഉദ്യോഗസ്ഥനെ ഇങ്ങനെ നീക്കം ചെയ്യേണ്ടി വന്നു? ഇത് കേരളത്തിൻ്റെ രാഷ്ടീയ ചരിത്രത്തിൽ പതിവില്ലാത്തതും കേട്ടുകേൾവിയില്ലാത്തതുമാണ്,’ എന്‍ ഇ സുധീര്‍ എഴുതുന്നു

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ്, സിപിഎം, പിണറായി വിജയന്‍, Thiruvananthapuram Gold smugglilng case, pinarayi vijayan, cpm, swapna suresh

കൊറോണയുടെ വാർത്തകൾ ഭീതിജനിപ്പിക്കുന്നവയായിരുന്നു. ആ വാർത്തകളുടെ ധാരാളിത്തം വായനക്കാരിലും കാഴ്ചക്കാരിലും മടുപ്പുളവാക്കി. ഈ മടുപ്പിൽ നിന്ന് രക്ഷ നേടാൻ പത്രങ്ങളും വാർത്താചാനലുകളും പുതിയ ഇരകളെത്തേടി നടക്കുകയായിരുന്നു. ഇങ്ങനെ പോയാൽ അന്നം മുടങ്ങുമോ എന്ന ചിന്ത എല്ലാവരുടെയും മനസ്സിലേക്ക് മെല്ലെ മെല്ലെ കടന്നു വന്നു തുടങ്ങി. ഒരു ഭാഗത്ത് രോഗഭീതി, മറ്റൊരു ഭാഗത്ത് ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടു പോകും എന്ന വലിയ ആശങ്ക.

ആശങ്കകൾ താരതമ്യേനെ കുറവായിരുന്നത് രാഷ്ടീയക്കാരിലായിരുന്നു. അവർ അധികാരം നിലനിർത്താനും കവർന്നെടുക്കാനുമായി പുതിയ ചേരുവകൾ കണ്ടെത്തുന്നതിൽ കണ്ണും നട്ടിരുന്നു. തിരഞ്ഞെടുപ്പിൻ്റെ പടിവാതിൽക്കലിൽ അവർക്ക് അലസമായിരിക്കാൻ പറ്റുമായിരുന്നില്ല. ഇങ്ങനെ കാത്തിരുന്നവരെ ഞെട്ടലോടെ സന്തോഷിപ്പിച്ച വാർത്തയായിരുന്നു തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് പുറത്തു വന്ന സ്വർണ്ണ കള്ളക്കടത്ത് കേസ്. പതിവു രീതികളിൽ നിന്നും വേറിട്ട ഒന്നായിരുന്നു ഈ കേസ്.

ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. ഈ ഡിപ്ലോമാറ്റിക് ബാഗേജ് ലഭിക്കുന്നതിൽ ഇടപെട്ടു എന്നാരോപിയ്ക്കപ്പെട്ട ഒരു സ്ത്രീയ്ക്ക് കേരള ഗവർൺമെൻ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തപ്പെടുന്നു. ചെറിയ ബന്ധമല്ല. കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് അവരെ ഇക്കാര്യത്തിൽ സഹായിച്ചത് എന്ന ആരോപണം പുറത്തു വന്നു. അദ്ദേഹത്തിന് ആരോപിതയായ സ്ത്രീയുമായി ഒദ്യോഗിക ബന്ധത്തിനപ്പുറം ചില അടുപ്പങ്ങൾ ഉണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. വളരെ ഗൗരവമായ പ്രശ്നങ്ങളും ആരോപണങ്ങളും പുറത്തു വന്നതോടെ രംഗം കുശാലായി. മാധ്യമങ്ങളും രാഷ്ടീയക്കാരും അവസരോചിതമായി സടകുടഞ്ഞെഴുന്നേറ്റു. ഈ പശ്ചാത്തലത്തിൽ നമുക്കു മുന്നിലേക്കു വരുന്ന കാഴ്ചകൾ നമ്മളെ ചിലതൊക്കെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു.

രാഷ്ട്രീയത്തിലെ കാഴ്ചക്കുറവ്

കോവിഡ് പ്രതിരോധത്തിൽ മുഴുകിയിരിക്കുന്ന ഭരണകൂടത്തെ രാഷ്ടീയമായി ഉലയ്ക്കുന്ന ആരോപണങ്ങൾ ഈ കള്ളക്കടത്തുമായി ബന്ധപ്പെട്ടു ഉയർന്നു വന്നിട്ടുണ്ട്. ഇതാണ് ഇതിലെ വലിയ പ്രശ്നം. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനാണ് ആരോപണ വിധേയനായിട്ടുള്ളത്. അതും ഒരു ഇടതുപക്ഷ മുഖ്യമന്ത്രിയുടെ വലംകയ്യായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥൻ. പ്രാഥമികമായ ബന്ധം തിട്ടപ്പെടുത്തിയതോടെ അദ്ദേഹത്തെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തു.

ഇതൊക്കെ നടക്കുമ്പോഴും നിലനിൽക്കുന്ന ചില ചോദ്യങ്ങളുണ്ട്. എന്തു കൊണ്ട് ഒരു ഇടതു മുഖ്യമന്ത്രിയുടെ ആഫീസിലെ ഉദ്യോഗസ്ഥനെ ഇങ്ങനെ നീക്കം ചെയ്യേണ്ടി വന്നു? ഇത് കേരളത്തിൻ്റെ രാഷ്ടീയ ചരിത്രത്തിൽ പതിവില്ലാത്തതും കേട്ടുകേൾവിയില്ലാത്തതുമാണ്. എൽഡിഎഫ് ഭരണ സംവിധാനത്തിൽ ഉദ്യോഗസ്ഥരെ സുപ്രധാന സ്ഥാനങ്ങളിൽ വളരെ കരുതലോടെയാണ് ഉൾപ്പെടുത്താറുള്ളത്. അവരുടെ പ്രവർത്തനങ്ങളും നീക്കങ്ങളും സസൂക്ഷമം നിരീക്ഷിക്കാനും വിലയിരുത്താനും പാർട്ടി തലത്തിലുള്ള സുശക്തമായ സംവിധാനങ്ങളുമുണ്ടായിരുന്നു. പഴുതുകളില്ലാതെ കാര്യങ്ങൾ നിയന്ത്രിച്ചു കൊണ്ടിരുന്ന ഒരു പാർട്ടി കരുതൽ എപ്പോഴും സർക്കാരിൻ്റെ മേലുണ്ടായിരുന്നു.

സത്യത്തിൽ രണ്ടു തരം ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളെ നയിച്ചു പോന്നത്. സർക്കാരിലെ മിടുക്കരായ ഉദ്യോഗസ്ഥരും അതു പോലെ ശക്തരായ പാർട്ടി ഉദ്യോഗസ്ഥരും. ഈ കൂട്ടായ്മയാണ് സമീപകാല ഇടതുപക്ഷ സർക്കാരുകളെ മുന്നോട്ടു നയിച്ചിരുന്നത്. ഇങ്ങനെ മാത്രമെ ഒരു മുഖ്യമന്ത്രിക്ക് കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ കഴിയൂ. ഒരു മുഖ്യമന്ത്രി ഒരോ ദിവസവും കാണുന്ന ഫയലുകളുടെ എണ്ണം പ്രായോഗികമായി ഒരു വ്യക്തിക്ക് കൈകാര്യം ചെയ്യാവുന്നതിനേക്കാളും എത്രയോ മടങ്ങായിരിക്കും. അതായത് ഈ രണ്ടു തരം ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്താണ് ഫയലുകളിൽ അദ്ദേഹത്തിൻ്റെ കയ്യൊപ്പു പതിയുന്നത്. തീർച്ചയായും കോൺഗ്രസ്സ് മന്ത്രി സഭയ്ക്കും സമാനമായ ക്രമീകരണങ്ങളുണ്ടാവും. ഇടതുപക്ഷത്തിൻ്റേത് നാളിതുവരെ തികച്ചും പഴുതുകളടച്ച സംവിധാനങ്ങളായിരുന്നു എന്നു മാത്രം.

സ്വർണ്ണക്കള്ളക്കടത്ത് കേസിൻ്റെ വാർത്തകൾ ഉരുത്തിരിഞ്ഞു വരുന്നതു കാണുമ്പോൾ എൻ്റെ സന്ദേഹം ഈ വഴിക്കായിരുന്നു. പിണറായി വിജയൻ നയിക്കുന്ന ഇപ്പോഴത്തെ സർക്കാർ പാർട്ടിയുടെ ഇത്തരം പരിരക്ഷയില്ലാത്ത ഒന്നാണോ? ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ മേലുള്ള പാർട്ടിയുടെ രഹസ്യനോട്ടം ഇപ്പോഴില്ല എന്നാണോ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്? അതോ, അത്തരം നോട്ടങ്ങളിലുള്ള കഴിവ് സിപിഎം പോലുള്ള പാർട്ടിക്ക് നഷ്ടമായോ? പാർട്ടി മെഷിനറി ഇത്തരം കാര്യങ്ങളിൽ പരാജയപ്പെട്ടു തുടങ്ങിയോ? അതോ ഭരണത്തിൽ ക്രിയാത്മകമായി ഇടപെടാൻ ഇത്തവണ കഴിയുന്നില്ലെന്നാണോ? കമ്മ്യൂണിസ്റ്റു പാർട്ടി സെക്രട്ടറി എന്നത് ഏത് ഭരണാധികാരസ്ഥാനങ്ങളേക്കാളും മുകളിലാണ് എന്നാണ് കുറച്ചു കാലം മുൻപു വരെ പാർട്ടിക്കാർ വിശ്വസിച്ചിരുന്നത്. അങ്ങനെയാണ് പ്രവർത്തിച്ചു വന്നതും. അതേതായാലും ഇപ്പോൾ സാധ്യമല്ല എന്ന് എല്ലാവർക്കും അറിയാം. യാദൃശ്ചികമായി വന്നുപെട്ട ഈ അവസ്ഥയും ഗവർണമെൻ്റ് ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയുടെ കാരണങ്ങളിലൊന്നാണ്. ഇടതുപക്ഷം ഇത് കാണാതെ പോകരുത്.

ഭരണം ചതിക്കുഴിയാണ് എന്ന് ഓർമ്മിപ്പിച്ച സഖാവ് എകെജിയുടെ തിരിച്ചറിവ് ഇപ്പോളാർക്കുമില്ലെന്നാണോ? ചതിക്കുഴിയും ചളിക്കുഴിയും താണ്ടി വളർന്ന ഇടതുപക്ഷം ഇപ്പോൾ വീണ്ടും അത്തരമൊരു ഗർത്തത്തിൽ അറിയാതെ വീണിരിക്കുന്നു. ഉദ്യോഗസ്ഥന്മാരുടെ ‘നല്ലനടപ്പ്’ ഒരു മോശം കാര്യമല്ല. നവലിബറൽ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടി വരുന്ന ഉദ്യോഗസ്ഥരിൽ നിന്ന് അത്തരമൊരു പരമ്പരാഗത ‘നല്ലനടപ്പ്’ പ്രതീക്ഷിക്കുന്നതും ശരിയല്ല.

കേരളത്തിൻ്റെ മുന്നിൽ നിലനിൽക്കുന്ന ഈ വൈരുദ്ധ്യമാണ് ഇപ്പോഴത്തെ ഗവൺമെൻ്റിനെ വെട്ടിലാക്കിയിരിക്കുന്നത്. നമ്മുടെ മധ്യവർഗ്ഗ സമൂഹം നവലിബറൽ വികസനത്തെ കൊതിയോടെ ചേർത്തു നിർത്തും. എന്നാൽ അതിൻ്റെ ‘പാർശ്വഫലങ്ങളെ’ ഉൾക്കൊള്ളാൻ മാത്രമുള്ള വളർച്ച കേരളീയ സമൂഹം ഇനിയും നേടിയിട്ടുമില്ല. മാറ്റം എന്നത് ഭാഗികമായി ഉൾക്കൊള്ളണ്ട ഒന്നല്ല.

സമൂഹത്തിലെ ഇക്കിളിക്കാഴ്ച

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ/ഐ.ടി സെക്രട്ടറി ആദ്യം പ്രതിക്കൂട്ടിലായത് സ്പ്രിഗ്ളർ വിവാദത്തിലാണ്. ആ വിവാദം ഡാറ്റ പ്രൈവസിയുമായി ബന്ധപ്പെട്ട ഒന്നായിരുന്നു. കൊവിഡ് 19 നുമായി ബന്ധപ്പെട്ട സംസ്ഥാനത്തിൻ്റെ ആരോഗ്യഡാറ്റ ഒരു വിദേശ കമ്പനിക്ക് കൈമാറുന്നതോടെ സംഭവിക്കുന്ന വ്യക്തികളുടെ വിവരങ്ങളുടെ പ്രൈവസി അന്ന് വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. പ്രതിപക്ഷം ഈ പ്രശ്നത്തെ വലിയ വിവാദമാക്കി ഉയർത്തി. ആ വിവാദം ഒടുവിൽ നിലപാട് മാറ്റത്തിന് സർക്കാരിനെ പ്രേരിപ്പിച്ചു. അന്നും വില്ലനായത് ഇപ്പോൾ പ്രതിക്കൂട്ടിലായിരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി തന്നെയാണ്. രസകരമായ കാര്യം ഇപ്പോൾ പ്രൈവസിയെ എല്ലാവരും മറന്ന മട്ടാണ്. സ്വകാര്യത ഡാറ്റയുടേത് മാത്രമാണോ? വ്യക്തിക്ക് സ്വകാര്യതയ്ക്ക് അവകാശമുണ്ടോ?

ഡാറ്റ പ്രൈവസിയ്ക്കു വേണ്ടി ശബ്ദമുയർത്തിയവരാരും പുതിയ വിവാദത്തിൽ അകപ്പെട്ടിരിക്കുന്നവരുടെ സ്വകാര്യതയെപ്പറ്റി വാചാലരാവുന്നില്ല. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെയോ കേസിൽ പ്രതിയാക്കപ്പെട്ട സ്ത്രീയുടെയോ ബന്ധപ്പെട്ട മറ്റ് യുവാക്കളുടെയോ സ്വകാര്യതയ്ക്ക് ഒരു വിലയും കല്പിക്കുന്നില്ല എന്നതാണ് തമാശ. പുതിയ വിവാദവുമായി ബന്ധപ്പെട്ട ചർച്ചയിൽ പ്രൈവസി സുരക്ഷയെപ്പറ്റി വാദിച്ചവർ പങ്കെടുക്കുമ്പോഴും അവരുടെ പുറകിൽ ഈ ആരോപിതനായ ഉദ്യോഗസ്ഥൻ്റെ സ്വകാര്യ ജീവിത ചിത്രങ്ങൾ ടെലിവിഷനിൽ നിറയുന്നു. ആരുടെയൊക്കയോ സ്വകാര്യ ശേഖരത്തിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും ചാനലുകൾ വാങ്ങി പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹത്തിനെതിരേ പുതിയ ആരോപണങ്ങളുടെ കൂട്ടത്തിൽ പഴയ ഡാറ്റ പ്രൈവസിയും ചർച്ചയാക്കുന്നു. അപ്പോഴും അയാളുടെ സ്വകാര്യ ചിത്രങ്ങൾ സ്ക്രീനിൽ നിറയുന്നു. ഇതിലെ വൈരുദ്ധ്യം ആരും ഓർമ്മിക്കുന്നുമില്ല; സ്പർശിക്കുന്നുമില്ല. ഞാൻ ഇതെഴുതുന്നതുന്ന നിമിഷം വരെ അദ്ദേഹം കുറ്റാരോപിതൻ പോലുമായിട്ടില്ല. പ്രൈവസിക്കുള്ള അവകാശം കുറ്റവാളിക്കും കല്പിച്ചു കൊടുക്കേണം എന്നാണ് ഒരാധുനിക സമൂഹത്തിൻ്റെ കാഴ്ചപ്പാട്.

ഈ വൈരുദ്ധ്യവും എന്നെ അമ്പരപ്പിക്കുന്നു. നമ്മുടെ പ്രമുഖർ വെറും കാപട്യത്തിൽ അഭിരമിക്കുന്നു. ഒരാൾ പോലും നമ്മുടെ ചാനലുകളെ തിരുത്താനോ വിമർശിക്കാനോ തയ്യാറാവുന്നില്ല. പ്രൈവസിയുടെ അപ്പോസ്തലന്മാരായി നടിക്കുന്നവർക്കു പോലും അതൊരു അടിസ്ഥാന ബോദ്ധ്യമായി തീർന്നിട്ടില്ല. അധികാരികളെ മാത്രമല്ല തിരുത്തേണ്ടത്; സമൂഹത്തെക്കൂടിയാണ്. സാമൂഹിക വീക്ഷണത്തിൻ്റെ ഭാഗമായി പ്രൈവസി വളർന്നേ പറ്റൂ. പ്രത്യേകിച്ചും ഈ ടെക്നോ-ജിവിതകാലത്ത്.

ഡാറ്റ പ്രൈവസിയിൽ പോലും ഇടതുപക്ഷ നിലപാടിൽ ഉറച്ചു നിൽക്കാൻ ഈ സർക്കാരിന് സാധിച്ചില്ല. ഇടതുപക്ഷ കൂട്ടായ്മയിലെ ഘടകകക്ഷിയായ സിപിഐ ഇക്കാര്യത്തിൽ പുലർത്തിയ ശ്രദ്ധ സിപിഎമ്മിനും ഗവൺമെൻ്റിനും പുലർത്താനായില്ല. ഇതും ഒരു രാഷ്ട്രീയ വീഴ്ചയാണ്. ഇത്തരം വീഴ്ചകൾ ഒഴിവാക്കാൻ വലിയ കരുതൽ ആവശ്യമാണ്. ചിന്തയിൽ കാലത്തോടൊപ്പം സഞ്ചരിക്കാൻ വലിയ കാൽവെപ്പുകൾ വേണ്ടിയിരിക്കുന്നു.

ഒരു സമൂഹത്തിൻ്റെ ഇഷ്ടങ്ങളെ അറിയാൻ അവരുടെ പോപ്പുലർ ടെലിവിഷൻ ചാനലുകളെ വീക്ഷിച്ചാൽ മതി. കഴിഞ്ഞ മൂന്നു-നാലു ദിവസങ്ങളായി നമ്മുടെ ചാനലുകൾ എന്താണ് കാണിച്ചു കൊണ്ടിരിക്കുന്നത്? സ്വർണ്ണവും പെണ്ണും ചേർന്നു കിട്ടിയപ്പോൾ അവരതങ്ങാഘോഷിച്ചു. ഈ ഇക്കിളി സുഖത്തിൻ്റെ ആലസ്യത്തിൽ മലയാളി വീഴുമെന്ന് അവർക്കുറപ്പായിരുന്നു. ആരോപിതയായ സ്ത്രീയുടെ ചിത്രങ്ങൾക്ക് വേണ്ടി ചാനലുകൾ നടത്തുന്ന ഭഗീരഥ പ്രവർത്തനങ്ങൾ അമ്പരപ്പിക്കുന്നതാണ്. ആ സ്ത്രീയുടെ പരിചയവലയത്തിലെ എല്ലാ മനുഷ്യരുടെയും സ്വകാര്യ ഫോട്ടോ ആൽബങ്ങൾ അവർ തപ്പിക്കൊണ്ടു വന്നു. ചില കല്യാണ വീഡിയോകളിൽ നിന്നുള്ള ക്ലിപ്പിങ്ങുകൾ കണ്ടെത്തി അവർ ഇടതടവില്ലാതെ കാണിച്ചു കൊണ്ടിരുന്നു. ആ സ്ത്രീയെക്കുറിച്ച് എന്തും പറയാൻ ആർക്കും അവകാശുള്ളതു പോലെ ഒരു തോന്നൽ. കുറ്റത്തെ തെളിയിക്കപ്പെട്ടാൽ ശിക്ഷിക്കാം. അവരുടെ ജീവിതത്തെ ഇങ്ങനെ ശിക്ഷിക്കാൻ ആർക്കാണ് അധികാരം ?

ഈ വിവാദത്തിൽ ഒരു സ്ത്രീ ഇല്ലായിരുന്നെങ്കിൽ ഏതാനും മണിക്കൂറുകൾ പോലും ഈ വിഷയത്തിനായി ടി വി ചാനലുകൾ മാറ്റിവെക്കുമായിരുന്നോ? നേരത്തെയും ഇതേ തെറ്റുകൾ ഇവിടെ സംഭവിച്ചു. അവിടെയും സിപിഎമ്മിന് തെറ്റുപറ്റി. ആ ആഘോഷങ്ങളിൽ പങ്കാളിയായപ്പോഴും ഒരിടതുപക്ഷ നിലപാട് അവർക്കില്ലാതെ പോയി. അന്നും ഞങ്ങളൊക്കെ ഇത് ചൂണ്ടിക്കാട്ടിയതുമാണ്. സോളാർ വിവാദം സരിതയുടെ പേരിൽ കുപ്രശസ്തമായതു പോലെ ഈ സ്വർണ്ണക്കടത്ത് കേസ് സ്വപ്നയുടെ പേരിൽ അറിയപ്പെടാൻ വിധിക്കപ്പെടുകയാണോ എന്ന് ഞാൻ സംശയിക്കുന്നു.

ആരോപിതയായ സ്ത്രീയേയും കൂട്ടാളിയേയും ബാംഗളൂരിൽ നിന്ന് കേരളത്തിലേക്ക് റോഡ് മാർഗം കൊണ്ടുവരുന്നത് മുഴുവനായി ചാനലുകൾ ലൈവ് ടെലകാസ്റ്റ് ചെയ്യുന്നുന്നത് കേരളം കണ്ടു. അതിനകമ്പടിയായി കേട്ട കമൻ്ററികൾ നമ്മുടെ ചാനൽ സംസ്കാരത്തിൻ്റെ അധമാവസ്ഥയെ കാട്ടിത്തരുന്നു. അതൊരു രാഷ്ട്രീയ റോഡ് ഷോ ആക്കി മാറ്റാൻ ആരോ തീരുമാനിച്ചതു പോലെ. ആ യാത്രയുടെ സംപ്രേഷണത്തിൻ്റെ പുറകിലെ മ്ലേച്ഛ – രാഷ്ടീയത്തെയും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ കാഴ്ചയിലും വീക്ഷണത്തിലും നിറഞ്ഞു നിൽക്കുന്ന ലൈംഗികതൃഷ്ണ, സ്ത്രീവിരുദ്ധത, വർഗീയച്ചുവ എന്നിവയും ഇവയിലെല്ലാം പ്രകടമാണ്.

വരാൻ പോകുന്ന മറ്റൊരു പ്രശ്നം കൂടി സൂചിപ്പിക്കാം. അധികാരത്തിൻ്റെ ഉപയോഗവുമായി ബന്ധപ്പെട്ട ഒന്നാണത്. അധികാരമുള്ളയാൾ ഉടമയാണ് എന്ന ബോധ്യത്തിൽ ഇടതുപക്ഷ സർക്കാരുകളെങ്കിലും പ്രവർത്തിക്കരുത്. നടത്തിപ്പുകാരുടെ റോളിൽ അധികാരത്തെ പരിമിതപ്പെടുത്തിക്കാണാൻ പഠിക്കേണ്ടതുണ്ട്. പോലിസ് എന്നത് അധികാരം ഉപയോഗിക്കുന്നതിനുള്ള ഉപകരണമല്ല. അങ്ങനെ വന്നാൽ അത് ജനാധിപത്യവിരുദ്ധമാവും. പോലിസിനെ ഒരു അധികാര ഉപകരണമായി ഈ ഗവൺമെൻ്റ് ഉപയോഗിച്ചതിൻ്റെ പല തെളിവുകളും നമുക്ക് മുന്നിലുണ്ട്. കൊവിഡ് പ്രതിരോധവുമായുള്ള നിയന്ത്രണങ്ങളിൽപ്പോലും പോലീസിനെ ഉപയോഗിച്ചതിൽ, ഉപയോഗിച്ച രീതികളിൽ പരാതികളുയർന്നിട്ടുണ്ട്. ഇവിടെ തൽക്കാലം അത് വിശദീകരിക്കുന്നില്ലെന്നു മാത്രം. അതേ സമയം നേരത്തെ സൂചിപ്പിച്ച വിവാദങ്ങളുടെ പിന്നാമ്പുറങ്ങൾ മണത്തറിയുന്നതിൽ പോലീസിൻ്റെ സംവിധാനങ്ങൾ പരാജയപ്പെട്ടു. ഇൻ്റലിജൻ്റ്സ് അമ്പേ പരാജയപ്പെട്ടു. അല്ലെങ്കിൽ അവരുടെ കണ്ടെത്തലുകൾ ഗവൺമെൻ്റ് പാടേ അവഗണിച്ചു. ഇതും ഒരിടതുപക്ഷ സർക്കാരിൽ നിന്നും പ്രതിക്ഷിച്ചതല്ല. വീഴ്ചയുടെ ആഴം ഇവിടെ വളരെ വലുതാണ്.

ജനാധിപത്യ സംവിധാനത്തിൽ പോലീസ് എങ്ങനെ പ്രവർത്തിക്കണം എന്ന കാര്യത്തിൽ ഇടതുപക്ഷത്തിന് വ്യക്തമായ നിലപാടുണ്ടാകണം. സിപിഎം ഇക്കാര്യത്തിൽ അലംബാവം തുടരുകയാണ്. അവിടെ നമ്മൾ കൊളോണിയൽ ബാന്ധവത്തിൽ നിന്നുള്ള വിടുതൽ ആഗ്രഹിച്ചേ പറ്റൂ. ആഗ്രഹിക്കാത്തതു കൊണ്ടാണ് അത് നടക്കാത്തത്. ഇതൊക്കെ ഒരു സംസ്ഥാന പ്രശ്നമായി മാത്രം ഞാൻ കാണുന്നില്ല. എന്നാൽ ഇടതുപക്ഷത്തിന് ഇവിടെ മാതൃക കാട്ടാനും ആ വഴിയ്ക്ക് ചർച്ചകളെ കൊണ്ടു പോവാനും കഴിയേണ്ടതാണ്.

നേരത്തെ സൂചിപ്പിച്ച വൈരുദ്ധ്യങ്ങളെ ഇവിടെയെല്ലാം നമുക്ക് കാണാം. പുതിയ കാലത്തിൻ്റെ ധാർമ്മികതയോട്, ജീവിതവീക്ഷണത്തോട് അടുക്കാൻ നമ്മുടെ രാഷ്ട്രീയ രംഗമോ, മാധ്യമ ലോകമോ, സാമൂഹ്യവീക്ഷകരോ ഇപ്പോഴും പ്രാപ്തരായിട്ടില്ല. ടെക്നോ- സമൂഹം കാര്യങ്ങളിൽ പിടിമുറുക്കുമ്പോഴും ചീഞ്ഞളിഞ്ഞ ഒരു മൂല്യബോധത്തോടെ അവയെ ഉൾക്കൊള്ളാൻ ശ്രമിക്കുന്ന ഒരു ജനതയായി നമ്മൾ ചളിക്കുണ്ടിലിരിക്കുന്നു. സ്റ്റേറ്റിൻ്റെ നടത്തിപ്പ്, അധികാരത്തിൻ്റെ അതിർവരമ്പുകൾ, രാഷ്ട്രീയത്തിൻ്റെ കാഴ്ചപ്പാട്, മാധ്യമ സംസ്ക്കാരം, വ്യക്തി എന്ന നിലയിൽ പൗരരോടുള്ള പരിഗണന, ലൈംഗിക സ്വാതന്ത്ര്യം, കുറ്റവാളിയുടെ അവകാശങ്ങൾ ഒക്കെ പുനർനിർണ്ണയം ആവശ്യമായ അവസ്ഥയിലാണ് നവോത്ഥാനത്തിൻ്റെ അവശിഷ്ടങ്ങളെ കെട്ടിപ്പിടിച്ചു നിരങ്ങുന്ന എൻ്റെ കേരളം.

കോറോണയുടെ പകർച്ച അവസാനിപ്പിക്കാനും പുതിയ സമൂഹ്യബോധ്യങ്ങളിലേക്ക് മെല്ലെയെങ്കിലും നടന്നടുക്കാനും നമുക്ക് – നമ്മുടെ പുതിയ തലമുറയ്ക്കെങ്കിലും കഴിയട്ടെ. സമൂഹത്തെ പുതുക്കുവാനും നിലനിൽക്കുന്ന കെട്ടുകാഴ്ചകളെ അവഗണിക്കുവാനും ജനങ്ങളെ പ്രാപ്തരാക്കേണ്ടതുണ്ട്. അതിൻ്റെ പേരാവാണം ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനം. വീഴ്ചകളിൽ നിന്ന് വീഴ്ചകളിലേക്കല്ല, വീഴ്ചകളിൽ നിന്ന് തിരുത്തലുകളിലേക്ക് മുന്നേറുന്ന ഒരു രാഷ്ട്രീയ സംസ്ക്കാരം അവർ വളർത്തിയെടുക്കണം. കേരളത്തിലെ സിപിഎം ഈ സംസ്കാരത്തിലേക്ക് കടക്കുന്നില്ല എന്ന് വന്നാൽ അവരുടെ അവസാന താവളമായ കേരളവും കൈവിട്ടു പോകും. അത് സിപിഎമ്മിനേക്കാൾ നഷ്ടമുണ്ടാക്കുക കേരളത്തിനാണ്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Kerala thiruvananthapuram gold smuggling case political ramifications pinarayi vijayan cpm