scorecardresearch
Latest News

സ്വാശ്രയ മെഡിക്കൽ ഫീസ് : കേരളം കർണ്ണാടകത്തിൽ നിന്നും പഠിക്കണം

കർണാടകത്തിന് മെഡിക്കൽ കോളേജിലെ വാർഷിക ഫീസ് ഈ നിരക്കിൽ നിശ്ചയിക്കാമെങ്കിൽ, കേരളത്തിൽ എന്തുകൊണ്ട് അത് പറ്റുന്നില്ല?

self finance mbbs fees, kerala, self finance college

ഉന്നത വിദ്യാഭ്യാസത്തിന്റെ മറവിൽ അരങ്ങേറുന്ന ഒരു വാർഷിക പകൽ കൊളള നാടകത്തിന്റെ അരങ്ങിലാണ് ഇന്ന് കേരളം. ഉന്നത വിദ്യാഭ്യാസത്തിന്റെ പേരിൽ നിന്നും പണം പുറത്തു പോകുന്നു എന്നും അത് സംസ്ഥാനത്ത് നിർത്തി വികസനത്തിന് വിനിയോഗിക്കണം എന്ന വാദമുയർത്തിയാണ് സ്വാശ്രയ കോളജുകൾ കേരളത്തിൽ ആരംഭിക്കുന്നത്. എന്നാൽ ഇന്ന് കേരളത്തിലെ ആ സ്വാശ്രയ ഉന്നത വിദ്യാഭ്യാസം എത്തിനിൽക്കുന്നത് എവിടെയാണ്?

കെ. കരുണാകരന്റെ കാലത്ത് തുടങ്ങി വെയ്ക്കുകയും എ കെ. ആന്റണിയുടെ കാലത്ത് അടിത്തറയിടുകയും പിന്നീട് മാറി മാറിവന്ന എൽ ഡി എഫ്, യു ഡി എഫ് സർക്കാരുകളടെ കാലത്ത് ഇരുകൂട്ടരും ചേർന്ന് “പനപോലെ” വളർത്തുകയും ചെയ്ത സ്വാശ്രയകോളജുകളിന്ന് ഷൈലോക്കിന്റെ പുതു രൂപമായി വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്കും ജീവിതത്തിനും വിലപേശുകയാണ്.

വിദ്യാഭ്യാസത്തിനായി കേരളത്തിൽ നിന്നുളള വിദ്യാർത്ഥികൾ മംഗളുരൂവിലും തമിഴ്‌നാട്ടിലും ബെംഗളുരുവിലും പോയിരുന്നത് തടയാനും ആ പണം കേരളത്തിൽ നിക്ഷേപിക്കപ്പെടാനുമെന്ന് പേരിലായിരുന്നു സ്വാശ്രയ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചപ്പോൾ അതിന്റെ വക്താക്കൾ പറഞ്ഞിരുന്നത്. രണ്ട് സ്വാശ്രയ കോളജ് സമം ഒരു സർക്കാർ കോളജ് എന്ന മുദ്രാവാക്യമായിരുന്നു സർക്കാരും അനുയായികളും ഉയർത്തിയത്. പിന്നീട് എല്ലാ വർഷവും സ്വാശ്രയ കോളജ് ഫീസ് തീരുമാനിക്കുന്നത് വിവാദങ്ങളുടെ വഴിയാണ് തുറന്നത്. സ്വാശ്രയ കോളജുകളുടെ വാദങ്ങൾ ജയിക്കുകയും വിദ്യാർത്ഥികളും രക്ഷിതാക്കളും കടക്കെണിയിൽപെടുകയും കേരളത്തിൽ സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസം എന്നത് സാധാരണക്കാരന് അപ്രാപ്യമാവുകയും ചെയ്യുന്ന അവസ്ഥയിൽ.

ഇതേ സമയം നമ്മുടെ അയൽ സംസ്ഥാനങ്ങൾ ഈ കാര്യത്തിൽ എന്തു ചെയ്യുന്നു എന്നത് മനസ്സിലാക്കുമ്പോഴാണ് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ പേരിൽ നടക്കുന്ന കൊളള തിരിച്ചറിയുന്നത്.

കടക്കെണിയിൽ ഒരു തലമുറയെ തളളിയിട്ടതാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വാശ്രയ സംവിധാനങ്ങൾ ചെയ്ത സേവനങ്ങളിലൊന്ന്. മെഡിക്കൽ, എൻജിനിയറിങ്, നഴ്‌സിങ് തുടങ്ങിയ മേഖലകളിലെ സ്വാശ്രയ കോളജുകളിൽ പഠിച്ചിറങ്ങിയവരിൽ നിന്നുമാണ് ആ കഥകൾ കേട്ടത്. വിദ്യാഭ്യാസ വായ്പ അടച്ചു തീർത്ത് കടന്നുപോയവരും അല്ലാത്തവരുമായവരുടെ കഥകൾ നഴ്‌സുമാരുടെ സമരകാലത്ത് കേരളം കണ്ടതും കേട്ടതുമാണ്. അതിനേക്കാൾ ദുരന്തം നിറഞ്ഞ സാഹചര്യത്തിലേയ്ക്ക് ഒരു തലമുറയെ തളളിവിടുകയാണ് മെഡിക്കൽ രംഗത്തെ ഈ കൊളള.

ഒരു കാലത്ത് പണം പോകുന്നു എന്ന് ആധി പൂണ്ട നമ്മൾ അയൽ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ കച്ചവടക്കാരാൽ കൊളളയടിക്കപ്പെടുന്നു എന്ന് വ്യാകുലപ്പെട്ടവർ ഇന്ന് അവിടത്തെ കണക്കുകൾ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. മാറി മാറി വന്ന സർക്കാരുകളും സ്വാശ്രയ മാനേജ് മെന്റുകളും എല്ലാം ചേർന്ന് സ്വന്തം നാട്ടുകാരെ കഴുത്തറുക്കയാണ് ഇവിടെ എന്ന് മനസ്സിലാകും.

കർണാടകയിലെ സ്വകാര്യ മെഡിക്കൽ കോളേജുകൾ സർക്കാരുമായി ഉണ്ടാക്കിയ ഉടമ്പടിപ്രകാരം താഴെ പറയുന്നതാണ് 2017 -18 ലെ കർണാടക മെഡിക്കൽ ഫീസ് (വാർഷിക നിരക്ക്) സർക്കാർ കോളേജ് – – Rs.16700 രൂപ, സ്വകാര്യ കോളേജിലെ സർക്കാർ ക്വാട്ട ഫീസ് – Rs. 77000രൂപ,  സ്വകാര്യ കോളേജ് സീറ്റ് ഫീസ് – Rs. 6.32 ലക്ഷംരൂപ, എൻ ആർ ഐ & മറ്റു ക്വാട്ട സീറ്റ് ഫീസ് – 22 – 41 ലക്ഷം രൂപഎന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്.

self finance medical college, mbbs fees, karnataka, kerala

കർണാടകയിലെ സ്വകാര്യ മെഡിക്കൽ കോളേജുകൾ സർക്കാരുമായി ഉണ്ടാക്കിയ ഉടമ്പടിപ്രകാരം 40 ശതമാനം സീറ്റുകൾ സർക്കാർ ക്വാട്ട സീറ്റും (മത ന്യൂനപക്ഷ കോളേജിൽ ഇത് 25%), 40 ശതമാനം സ്വകാര്യ കോളേജ് സീറ്റും (മത ന്യൂനപക്ഷ കോളേജിൽ ഇത് 55 ശതമാനം സ്വകാര്യ കോളേജ് സീറ്റാണെങ്കിലും അതിൽ 66 ശതമാനം ന്യൂനപക്ഷ സമുദായത്തിലുള്ളവർക്കു മാത്രമാണ്), 20 ശതമാനം എൻ ആർ ഐ / മറ്റു ക്വാട്ട സീറ്റുകളും ആണ്. എല്ലാ വർഷവും 10 ശതമാനം വർധനവും അംഗീകരിച്ചിട്ടുണ്ട്.

കോളേജ് നടത്തിപ്പിന് വരുന്ന ചെലവ് കേരളത്തിലായാലും കർണാടകത്തിലായാലും ഒന്ന് തന്നെയല്ലേ? 11 ലക്ഷം രൂപ സർക്കാർ ക്വാട്ട ഫീസ് ആയി മേടിക്കാൻ എന്ത് ലോജിക്കാനുള്ളത്? എന്തിനാണ് സർക്കാർ എൻ ആർ ഐ/ മാനേജ്‌മന്റ് സീറ്റിന്റെ ഫീസ് 20 ലക്ഷം ആയി റെഗുലേറ്റ് ചെയ്യാൻ നടക്കുന്നത്? അത് അവർ വിൽക്കുകയോ ലേലം വിളിക്കുകയോ ചെയ്യട്ടെ, ബാക്കി 85 ശതമാനം സീറ്റ് അർഹതയുള്ളവർക്കു കുറഞ്ഞ ചെലവിൽ പഠിക്കാൻ തക്ക വിധത്തിൽ കർണാടക സർക്കാർ ചെയ്ത പോലത്തെ ഒരു ഉടമ്പടി ഉണ്ടാക്കാൻ എന്തെ കേരളത്തിലെ മാറി മാറി വരുന്ന സർക്കാരുകൾക്ക് കഴിയാതെ പോകുന്നു?

കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ മേഖല വളർന്നു വന്നത് കർണാടകത്തിലെയും തമിഴ് നാടിനെയും കണ്ടിട്ടാണല്ലോ, ഇനിയും അവരിൽ നിന്നും നമുക്ക് പഠിക്കാം എന്നതാണ് ഈ കർണാടക മോഡൽ കാണിക്കുന്നത്.

മെഡിക്കൽ ഫീസായ  11 ലക്ഷം രൂപയിൽ, അഞ്ച് ലക്ഷം രൂപ മാനേജ്മെന്റിന്  ആദ്യം  കൊടുക്കണം, ബാക്കി ബാങ്ക് ഗ്യാരന്റിയോ പണമോ (currency) ആയി കൊടുക്കാമെന്നു സുപ്രിം വിധിയിൽ കാണാം. സുപ്രിം കോടതി  വിധി ഈ രാജ്യത്തെ നിയമത്തെ തന്നെ നിഷേധിക്കുന്നതിന് തുല്യമാകില്ലേ?  രണ്ട് ലക്ഷം രൂപയിൽ കൂടുതലുളള എന്ത് ക്രയവിക്രയവും ക്യാഷ്‌ലെസ്സ്  ആയിരിക്കണം എന്നല്ലേ പുതിയ നിയമം. അല്ലാത്തപക്ഷം അത്തരം ക്രയവിക്രയങ്ങൾ ക്രിമിനൽ കുറ്റമാണ് ഈ രാജ്യത്ത്.  അപ്പോൾ എങ്ങനെയാണ് ബാങ്ക് ഗ്യാരന്റിയല്ലെങ്കിലുളള ബാക്കിതുക പണമായി (ക്യാഷ് ആയി) മാനേജ്മെന്റിന് കൊടുക്കാൻ കോടതിക്ക്  നിർദേശിക്കാൻ കഴിയുക എന്നത്  അത്ഭുതകരമാണ്.

കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസം, രാജ്യത്തെ നിയമ വ്യവസ്ഥയെയും സാമാന്യ നീതിയെയും വെല്ലുവിളിക്കാൻ പരമോന്നത കോടതിയെയും സർക്കാരുകളെയും ഒരുപോലെ ഉപയോഗിക്കുന്ന വെറും കച്ചവടം മാത്രമാകുന്നു. അതിനായി അവരൊരുക്കുന്ന തെളിവുകളും വാദങ്ങളും തന്ത്രങ്ങളുമൊക്കെ വിജയിക്കുന്നു. ഉന്നത വിദ്യാഭ്യാസം എന്നത് പണമുളളവരുടെ കുത്തക മാത്രമാകുന്നു.

സാമൂഹിക അസമത്വങ്ങളെ കുറച്ചു കൊണ്ടുവരാനുള്ള ഏറ്റവും പ്രധാന പടിയാണ് ഉന്നത വിദ്യാഭ്യാസം. താഴ്ന്ന സാമ്പത്തിക സ്ഥിതി കാരണം അത് നിഷേധിക്കപെടുക എന്ന് വെച്ചാൽ സാമൂഹിക അസമത്വങ്ങളെ അംഗീകരിക്കുന്നു വന്നു മാത്രമല്ല അതിനെ വീണ്ടും വലുതാക്കാൻ ശ്രമിക്കുന്നു എന്നതാണ് പരമോന്നത കോടതിയുടെ വിധിയിലൂടെ സംജാതമാക്കിയത്. കോടതിയിൽ പറയേണ്ടത് പറയാതെ മാനേജ്മെന്റിന്റെ നിലപാടുകളെ  സർക്കാർ മൗനം പാലിച്ചത് എന്തുകൊണ്ട്?

നിയമ നിർമാണ സഭയുടെ അധികാരം ഉപയോഗിച്ച് മെഡിക്കൽ ഫീസിനെ റെഗുലേറ്റ് ചെയ്യാൻ സർക്കാർ തയ്യാറാവണം. കുറച്ചു സ്വകാര്യ മാനേജ്മെന്റുകളുടെ ലാഭമല്ല സർക്കാരിന്റെ ലക്‌ഷ്യം, പഠിക്കാൻ കഴിവും താല്പര്യവുമുള്ള കുട്ടികളുടെ ഭാവി തന്നെയാണ്.

ഒപ്പം ആരോഗ്യ മേഖലയുടെ ഉയർന്ന ചെലവ് കുറയ്ക്കാനുള്ള ഒരു വഴി റെഗുലേറ്റഡ് ഫീസ് ആണ്. കുട്ടികളുടെ ഭാവിക്കൊപ്പം, ഒരു ജനതയുടെ ആരോഗ്യ സുരക്ഷാ തന്നെയാണ്, ഈ പകൽ കൊള്ളക്ക് കൂട്ടുനിൽക്കുന്നതിലൂടെ നീതി ന്യായ വ്യവസ്ഥയും, നിയമ ഭരണ വ്യവസ്ഥയും ആശങ്കയിലാഴ്ത്തുന്നത് . ഇത് മനസിലാക്കാനുള്ള സാമാന്യ ബോധം എന്തുകൊണ്ടാണ് സർക്കാരിനില്ലാതെ പോകുന്നത്? സമയം അതിക്രമിക്കുന്നു, നിയമസഭ അതിന്റെ അധികാരം ഉടൻ തന്നെ ഉപയോഗിക്കണം. ഒപ്പം അഡ്മിഷൻ സമയത്തെ ഈ സ്വകാര്യ കോളേജുകളുടെ വാർഷിക നാടകവും അവസാനിപ്പിക്കാനുള്ള ഇച്ഛാശക്തി കാണിക്കാനാണ് സർക്കാർ തയ്യാറാകേണ്ടത്. അല്ലാതെ അവരുടെ താളത്തിന് തുളളലല്ല.

 

ഡെവലപ്‌മെന്ര് ഇക്കണോമിസ്റ്റും പോളിസി അനലിസ്റ്റുമാണ് ലേഖിക

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Kerala should learn from karnataka self financing medical seat fee structure resmi bhaskaran