Kerala Floods: മനുഷ്യനിർമ്മിതമോ ഈ ദുരന്തം?

Kerala Floods: ഗാഡ്ഗില്‍ റിപ്പോർട്ട് നടപ്പിലാക്കിയിരുന്നങ്കില്‍ ഇപ്പോഴത്തെ പേമാരി കൊണ്ടുളള ദുരന്തം ഒഴിവാക്കാനാവുമായിരുന്നോ? ഭൂഗോളത്തില്‍ കേരളത്തിന്‍റെ സവിശേഷ സ്ഥാനം നിമിത്തം ഇത്തരം ദുരന്തസാധ്യതകള്‍ കൂടുതലാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള മുന്‍കരുതല്‍ നടപടികളെക്കുറിച്ച് നമ്മള്‍ ഇതുവരെ ചിന്തിച്ചിട്ടില്ല. ചിന്തിക്കേണ്ടതുണ്ട്. ‘ നിറഭേദങ്ങൾ’ പംക്തിയിൽ പേമാരിയുടെ ശാസ്ത്രീയവും സാമൂഹികവുമായ വശങ്ങളെ കുറിച്ച് കെ വേണു

kerala floods,k venu

Kerala Floods: അടുത്ത കാലത്തൊന്നും കേരളത്തിന് പരിചയമില്ലാത്ത അതിവര്‍ഷത്തെയാണ് നമ്മള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ അനുദിനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ മഴക്കെടുതിയുടെ ഭീഷണ സ്വഭാവം പ്രത്യക്ഷപ്പെട്ട് തുടങ്ങിയ സമയത്ത് തന്നെ ചില മാധ്യമങ്ങളില്‍ ഒരു ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പശ്ചിമഘട്ട സംരക്ഷണം ലക്ഷ്യമാക്കി തയ്യാറാക്കപ്പെട്ട ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാതെ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകരുടെ പേരില്‍ ചില നിക്ഷിപ്ത താല്പര്യങ്ങളും ചേര്‍ന്ന് തള്ളിക്കളഞ്ഞതാണ് ഇപ്പോഴത്തെ പ്രകൃതിദുരന്തത്തിന് കാരണമെന്നാണ് ഒരു വാദം. ആഗോള താപനവുമായി ബന്ധപ്പെട്ട് സംഭവിക്കുന്നു എന്നു വ്യാഖ്യാനിക്കപ്പെടുന്ന കാലാവസ്ഥാ വ്യതിയാനവും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

എന്‍റെ ചെറുപ്പകാലത്ത് ‘തൊണ്ണൂറ്റൊമ്പതിലെ’ വെള്ളപ്പൊക്കത്തെ കുറിച്ച് അമ്മ പറഞ്ഞു തന്നിരുന്ന ദുരന്ത കഥകളാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതിലും ഭീകരവും വ്യാപകവുമായ ദുരന്തങ്ങളാണ് മൂന്നാഴ്ചയോളം നീണ്ടു നിന്ന പേമാരിയും കൊടുങ്കാറ്റും കൊണ്ട് സംഭവിച്ചത്. പില്‍ക്കാല റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ മൂന്നാര്‍ സുഖവാസ കേന്ദ്രത്തിലേയ്ക്കുള്ള റോഡും റെയില്‍പാതയും പുനഃസൃഷ്ടിക്കാന്‍ കഴിയാത്ത വിധം തകര്‍ന്നു പോയത്രെ. ഒരു ആഗോളതാപനവും അന്നുണ്ടായിരുന്നില്ല. ബ്രിട്ടീഷുകാര്‍ അങ്ങിങ്ങ് ആരംഭിച്ചിരുന്ന തോട്ടവല്‍ക്കരണവും അപൂര്‍വ്വം റോഡ്‌, റെയില്‍ നിര്‍മാണവുമല്ലാതെ കാര്യമായ പരിസ്ഥിതി നാശങ്ങളൊന്നും അന്ന് സംഭവിച്ചിരുന്നില്ല. കര്‍ഷകര്‍ നടത്തിക്കൊണ്ടിരുന്ന കൃഷി തികച്ചും ജൈവികവും പ്രകൃതിക്കനുയോജ്യവുമായിരുന്നു.

എന്നിട്ടും അത് സംഭവിച്ചു. ശരിക്കും അതൊരു പ്രകൃതി ദുരന്തമായിരുന്നു. മനുഷ്യ നിര്‍മ്മിത ദുരന്തമായിരുന്നില്ല. പ്രകൃതി ദുരന്തങ്ങള്‍ ഇടയ്ക്കിടെ പ്രകൃതിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം. അത് പ്രകൃതിയുടെ സ്വഭാവമാണ്. ചിലരെങ്കിലും കരുതുന്നതുപോലെ പ്രകൃതി എല്ലായ്പ്പോഴും പക്വവും സുരക്ഷിതവുമൊന്നും അല്ല. ചിലപ്പോഴെല്ലാം അതങ്ങിനെ ദൃശ്യമാവാമെങ്കിലും അത് പ്രകൃതിയുടെ ഒരു വശം മാത്രമാണ്. മറുവശം പലപ്പോഴും ഭയാനകവും അപകടകരവും ആവും. ഈ രണ്ടു വശങ്ങളും ചേര്‍ന്നതാണ് പ്രകൃതി. പ്രകൃതിയുടെ നാനാമുഖങ്ങളെ പരസ്പരബന്ധിതമായി മനസ്സിലാക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് പ്രകൃതിയെ സമഗ്രമായി നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുക.

ഗാഡ്ഗില്‍ റിപ്പോർട്ടിലേയ്ക്ക് തന്നെ വരാം. അത് നടപ്പിലാക്കിയിരുന്നങ്കില്‍ ഇപ്പോഴത്തെ ദുരന്തം ഒഴിവാക്കാനാവുമായിരുന്നോ? ഇല്ലെന്ന് ഉറപ്പിച്ചു പറയാം. പരിസ്ഥിതി സംരക്ഷണത്തില്‍ ഊന്നിക്കൊണ്ടുള്ള പശ്ചിമഘട്ട സംരക്ഷണം ലക്ഷ്യമാക്കി അവതരിപ്പിക്കപ്പെട്ട ആ റിപ്പോര്‍ട്ടിലെ പല നിര്‍ദ്ദേശങ്ങളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാവുന്നതും നടപിലാക്കേണ്ടതുമാണ്.

Image result for gadgil committee report indian express
മാധവ് ഗാട്ഗില്‍

മൊത്തം പശ്ചിമഘട്ടമേഖലയെ മൂന്ന് പാരിസ്ഥിതിക മേഖലകളായി തിരിച്ച് ഓരോ മേഖലയിലും ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. പശ്ചിമഘട്ടത്തില്‍ ഇപ്പോഴുള്ള മനുഷ്യ അധിവാസങ്ങള്‍ക്ക് ദോഷമുണ്ടാവാത്ത വിധമുള്ള നിര്‍ദ്ദേശങ്ങളാണ് അധികവും. അനിയന്ത്രിതമായി, വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന കരിങ്കല്‍ക്വാറികള്‍, വന്‍തോതില്‍ മണ്ണിടിച്ചും മറ്റുമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഒരു മേഖലയില്‍പൂര്‍ണമായി നിരോധിച്ചു കൊണ്ടും മറ്റു രണ്ട് മേഖലകളിൽ വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അനുവദിച്ചു കൊണ്ടുമുള്ള നിര്‍ദ്ദേശങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടവ തന്നെ ആയിരുന്നു. വ്യത്യസ്ത മേഖലകളില്‍ കെട്ടിട നിര്‍മ്മാണങ്ങള്‍ക്കും വ്യത്യസ്ത നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. എകവിളതോട്ടങ്ങള്‍ ബഹുവിളകളാക്കുക, രാസവളങ്ങളും കീട നാശിനികളും പടിപടിയായി ഒഴിവാക്കുക, ജൈവകൃഷിയിലേയ്ക്ക്‌ മാറുക തുടങ്ങി മറ്റനവധി നിര്‍ദ്ദേശങ്ങളും ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പ്രായോഗികമായി കര്‍ഷകര്‍ക്കും മറ്റു വിഭാഗങ്ങള്‍ക്കും പല ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്ന ഈ നിര്‍ദ്ദേശങ്ങള്‍ പെട്ടെന്ന് സ്വീകാര്യമാവുമായിരുന്നില്ല. ആ സാഹചര്യം തല്‍പ്പരകക്ഷികള്‍ ശരിക്കും ഉപയോഗിക്കുകയും ചെയ്തു. അതു മറ്റൊരു വിഷയമായതുകൊണ്ട് കൂടുതല്‍ അതിലേക്ക് കടക്കുന്നില്ല.

നമ്മുടെ വിഷയം ഇപ്പോള്‍ നാം അഭിമുഖീകരിക്കുന്നത് പോലത്തെ ദുരന്തങ്ങളെ കൂടുതല്‍ വിശാലമായ പ്രകൃതി യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെടുത്തി കാണണമെന്നുള്ളതാണ്. ആഗോളതാപനത്തിന്‍റെ ഫലമായി ഉണ്ടാകുന്നതായി കണക്കാക്കപ്പെടുന്ന കാലാവസ്ഥാ വ്യതിയാനമായി ഇതിനെ കണക്കാക്കാനുമാവില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പറയുന്നതു പോലത്തെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്തത് കൊണ്ടുമല്ല ഈ സ്ഥിതിവിശേഷം സംജാതമായിട്ടുള്ളത്.

‘തൊണ്ണൂറ്റൊമ്പതിലെ’ അവസ്ഥയുമായി മാത്രമേ ഇതിനെ തുലനം ചെയ്യാനാവുകയുള്ളൂ. മനുഷ്യരുടെ ഇടപെടലുകള്‍ക്കൊന്നും വഴങ്ങാത്ത അതിനെല്ലാം എത്രയോ അതീതമായ അനവധി പ്രാകൃതിക പ്രതിഭാസങ്ങളുടെ അസാധാരണമായ ചേരുവകളിലൂടെയാണ് ഇത്തരം സംഭവവികാസങ്ങൾ പ്രത്യക്ഷപ്പെടാന്‍ ഇടയാവുന്നത്. അത്തരം ചേരുവകള്‍ രൂപം കൊള്ളാന്‍ അവസരമൊരുക്കുന്ന വിവിധ ഘടകങ്ങള്‍ ഏതെല്ലാം എന്നു കണ്ടെത്തുക ഇന്നത്തെ സാഹചര്യത്തില്‍ എളുപ്പമല്ല. മനുഷ്യര്‍ ഇതുവരെ വളര്‍ത്തിയെടുത്ത കാലാവസ്ഥാ ശാസ്ത്രം അതിനുള്ള കെല്‍പ്പ് നേടിയിട്ടില്ല. മനുഷ്യരുടെ അന്വേഷണ പരിധിക്ക് പുറത്തു നിന്നുള്ള ഇടപെടലുകളുടെ മുന്നില്‍ മനുഷ്യര്‍ പരാജയപ്പെടുന്നതില്‍ അതിശയിക്കാനൊന്നുമില്ല. കാലാവസ്ഥാ ശാസ്ത്രത്തിന്‍റെ പരിമിതികളെ കുറിച്ച് ബോധ്യമുണ്ടാവുകയാണ് ആവശ്യം.

ആ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് എന്തു ചെയ്യാന്‍ കഴിയും എന്നാണ് പിന്നെ ചിന്തിക്കാനുള്ളത്. ഇതെഴുതുന്ന സമയത്ത് ഈ ദുരന്തത്തിന്‍റെ വ്യാപ്തിയെയും ഇനിയുള്ള തുടര്‍ച്ചയെയും സംബന്ധിച്ചും വ്യക്തതയില്ല. ഇതുവരെയുള്ള പേമാരിയുടെ അളവ് നോക്കിയാല്‍ (ഓഗസ്റ്റ് 15 വരെ) ‘തൊണ്ണൂറ്റൊമ്പതിന്റെ’ തോതില്‍ എത്തിയിട്ടില്ല. പക്ഷെ ഈ രീതിയില്‍ തുടരുകയാണെങ്കില്‍ അത് കവിയുകയും ചെയ്യും. എന്നാല്‍ ഇതുവരെ സംഭവിച്ച ദുരന്തത്തിന്റെ തോത് മുന്നിലാണ് താനും. അതിനു കാരണം ജനസംഖ്യാ വര്‍ദ്ധനവും അതിനനുസരിച്ചുള്ള നിര്‍മ്മിതികളുടെ ആധിക്യവുമാണ്. എന്നിട്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, എല്ലാവിധ ഭരണസംവിധാനങ്ങള്‍, ശാസ്ത്ര, സാങ്കേതിക സംവിധാനങ്ങള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, സാമൂഹിക സംഘടനകള്‍, മൊത്തം ജനങ്ങള്‍ എന്നിവരുടെയെല്ലാം അസാധാരണമാംവിധം ഐക്യപ്പെട്ട പ്രവര്‍ത്തനത്തിലൂടെ മലയാളികള്‍ ഈ ദുരന്തത്തെ മാതൃകാപരമായി നേരിട്ടു കൊണ്ടിരിക്കുകയാണ്. മരണസംഖ്യയും ബന്ധപ്പെട്ട ദുരിതങ്ങളും നാശനഷ്ടങ്ങളും ഗണ്യമായി കുറക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. ദുരിതബാധിതര്‍ക്ക് നഷ്ടപ്പെട്ട വെള്ളം, വെളിച്ചം, ഭക്ഷണം, വസ്ത്രം, മരുന്നുകള്‍ തുടങ്ങിയവ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ വിജയകരമായി മുന്നേറുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. പ്രളയം സൃഷ്ടിച്ചിട്ടുള്ള അസാധാരണ ഭൗതിക സാഹചര്യങ്ങള്‍ നിമിത്തം ഉണ്ടാകാന്‍ ഇടയുള്ള രോഗങ്ങളും പകര്‍ച്ചവ്യാധികളും തടയുക എന്നത് മുന്നിലുള്ള വലിയ വെല്ലുവിളി തന്നെയാണ്.

ഈ ദുരന്താനുഭവങ്ങള്‍ ഭാവിയിലേയ്ക്കുള്ള പല പാഠങ്ങളും നല്‍കുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന കെടുതികള്‍ എത്രത്തോളം ഏതെല്ലാം രൂപത്തില്‍ തുടരുമെന്ന് പ്രവചിക്കാന്‍ നമുക്കാവുന്നില്ല. കാലാവസ്ഥാ ശാസ്ത്രത്തിന്റെ പരിമിതികള്‍ ഉള്ളപ്പോള്‍തന്നെ ലഭ്യമായ സാങ്കേതിക ജ്ഞാനം ഏകോപിതമായി ഉപയോഗിച്ചിരുന്നെങ്കില്‍ മെച്ചപ്പെട്ട ഫലം ഉണ്ടാകുമായിരുന്നു, ഇനിയും സാദ്ധ്യമാണ് എന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ഭൂഗോളത്തില്‍ കേരളത്തിന്‍റെ സവിശേഷ സ്ഥാനം നിമിത്തം ഇത്തരം ദുരന്തസാധ്യതകള്‍ കൂടുതലാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള മുന്‍കരുതല്‍ നടപടികളെക്കുറിച്ച് നമ്മള്‍ ഇതുവരെ ചിന്തിച്ചിട്ടില്ല. ചിന്തിക്കേണ്ടതുണ്ട്.

സൂര്യന്‍റെ പ്രകാശ പ്രസരണത്തില്‍ സവിശേഷ കാലയളവില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഭൂമധ്യരേഖയോട് ചേര്‍ന്ന് കിടക്കുന്ന കേരളം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സൃഷ്ടിക്കുന്ന അന്തരീക്ഷത്തിന്‍റെ ഫലമായി ആഫ്രിക്കന്‍ തീരങ്ങളില്‍ നിന്നു അറബിക്കടലിലൂടെ ആരംഭിക്കുന്ന ശക്തമായ കാറ്റ് പസഫിക് സമുദ്രത്തിലെ അടിയൊഴുക്കുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്‍നിനോ പ്രതിഭാസത്തിന്റെ പ്രഭാവത്തില്‍ മഴമേഘങ്ങളുമായി ബംഗാള്‍ ഉൾക്കടല്‍ ലക്ഷ്യം വച്ച് നീങ്ങുകയും പശ്ചിമഘട്ടത്തില്‍ തട്ടി മഴയായി പതിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയെ തീവ്രമാക്കുന്ന സാഹചര്യങ്ങളും ചില സന്ദര്‍ഭങ്ങളില്‍ സൃഷ്ടിക്കപ്പെടാറുണ്ട്. ഗാലക്സികള്‍ക്കിടയില്‍നിന്നു പ്രവഹിക്കുന്ന പ്രപഞ്ച രശ്മികള്‍ മഴമേഘങ്ങളിലെ കണികകളില്‍ സൃഷ്ടിക്കുന്ന ഊര്‍ജപ്രവാഹം മഴമേഘങ്ങളുടെ ശീതീകരണതോതിനെ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നത് വന്‍പേമാരികള്‍ക്ക് ഇടയാക്കുമത്രെ. ഇത്തരം സാഹചര്യങ്ങളെല്ലാം ഒത്തുചേരാനുള്ള സാദ്ധ്യത കേരള മേഖലയില്‍ കൂടുതലായതു കൊണ്ട് ഇത് ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്ന് ചുരുക്കം.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Kerala rains madhav gadgil report k venu

Next Story
ഹിന്ദുത്വവാദവും ഹിന്ദുയിസവും തമ്മിലുള്ള യുദ്ധം ആസന്നമാണ്
The moderation of comments is automated and not cleared manually by malayalam.indianexpress.com