scorecardresearch
Latest News

പ്രളയവും പുനര്‍നിര്‍മ്മാണവും: പ്രതീക്ഷകളും ആശങ്കകളും

“പ്രളയകാലത്ത് കേരളീയ സമൂഹം അബോധമായി ഉല്‍പ്പാദിപ്പിച്ച ശക്തമായ കൂട്ടായ്മാബോധത്തിന് സാമൂഹികവും പ്രായോഗികവുമായ പുതിയ രൂപങ്ങള്‍ നല്‍കി സമൂര്‍ത്തവല്‍ക്കരിക്കാന്‍ ആകുമോ?അപ്രതീക്ഷിതമായുണ്ടാ പ്രളയം അപ്രതീക്ഷിതമായ നേട്ടങ്ങള്‍ക്കും വഴിവെച്ചു കൂടായ്കയില്ല “നിറഭേദങ്ങൾ” പംക്തിയിൽ കെ വേണു എഴുതുന്നു.

അപ്രതീക്ഷിതമായ വന്‍ പ്രളയം മലയാളികളുടെ ബോധതലത്തില്‍ ഉണ്ടാ ക്കിയ ആഘാതം ചെറുതല്ല. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ‘ദൈവത്തിന്റെ സ്വന്തം നാടാ’ണിതെന്ന ആശയം ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ മാത്രമായി ഉണ്ടാക്കിയതല്ല. ഒരു സമൂഹത്തിന്‍റെ ആത്മാര്‍ത്ഥമായ വിശ്വാസമാണത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ മലയാളികള്‍ മടിയന്മാരാണെന്നും അതിന് കാരണം ഇവിടത്തെ പ്രകൃതിയാണെന്നും ബ്രിട്ടീഷുകാര്‍ വിലയിരുത്തി യിരുന്നുവത്രേ. ഇപ്പോള്‍ കണ്ട പ്രകൃതിയുടെ ഭീകരമുഖം മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. തൊണ്ണൂറ്റൊമ്പതില്‍ (1924 ൽ ഉണ്ടായ പ്രളയം) നിര്‍മ്മിതികള്‍ താരതമ്യേന കുറവായിരുന്നത് കൊണ്ട് ആഘാതം രൂക്ഷമായിരിക്കാനിടയില്ല. പെട്ടെന്നു തന്നെ അത് വിസ്മൃതിയിലേക്ക് പോയതും അതുകൊണ്ടായിരിക്കണം.

ഈ ദുരന്തത്തെ നേരിടുന്നതില്‍ മലയാളികള്‍ കാണിച്ച കൂട്ടായ്മാ ബോധ വും പരസ്പര സഹകരണവും അഖിലേന്ത്യാ തലത്തില്‍ മാത്രമല്ല അതിന പ്പുറവും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. വ്യക്തി തലത്തിലേക്ക് ചുരുങ്ങിക്കൂടിയി രിക്കുന്നു എന്നു സ്വയം വിലയിരുത്തിയിരുന്ന മലയാളികള്‍ തന്നെ ഇത് കണ്ട് അത്ഭുതപ്പെട്ടിരിക്കുന്നു. മത്സരാധിഷ്ടിത വിപണിയിലും വ്യക്തിതല ജനാധിപത്യത്തിലും നിലയുറപ്പിച്ചിട്ടുള്ള മലയാളിസമൂഹത്തില്‍ വ്യക്തി കള്‍ ഉയര്‍ന്നുനില്‍ക്കുന്നത് സ്വാഭാവികം മാത്രം. എന്നാല്‍ മനുഷ്യ സമൂഹ ത്തിന്‍റെ അടിസ്ഥാനം തന്നെയായ അന്തര്‍ലീനമായ സാമൂഹികബോധം പ്രതിസന്ധി ഘട്ടങ്ങളില്‍ ഉയര്‍ന്നു വരുന്നതാണ് ഇപ്പോള്‍ നാമിവിടെ കണ്ടത്. മലയാളി സമൂഹത്തിന്‍റെ സാമൂഹിക രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ഭാവഹാവാദികള്‍ പ്രകടമായേക്കാമെന്നു മാത്രം.

ഇനി മുന്നിലുള്ളത് കൂടുതല്‍ ഗൗരവമേറിയ ഉത്തരവാദിത്വങ്ങളാണ്. ഉണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കല്‍ മാത്രമല്ല, കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണം തന്നെയാണ് ലക്ഷ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി ശരിയായ രീതിയില്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പുനര്‍ നിര്‍മ്മാണം എന്ന ആശയത്തിന് വ്യാപകമായ പിന്തുണ ലഭിച്ചിട്ടുമുണ്ട്. ഗണ്യമായ ഒരു വിഭാഗം ജനങ്ങള്‍ക്ക്‌ സംഭവിച്ച നാശനഷ്ടങ്ങള്‍ പരിഹരിക്കുക എന്നത് അടിയന്തിര പ്രാധാന്യമുള്ള വിഷയം തന്നെയാണ്. തകര്‍ന്ന റോഡുകളും പാലങ്ങളും പഴയപടി ആക്കുക എന്നതും അടിയന്തിരാവശ്യമാണ്. പക്ഷെ, ഈ പണികളിലും പുനർനിര്‍മ്മിതിയുടെ ഘടകങ്ങള്‍ ഉള്‍പ്പെടുത്താവു ന്നതാണ്. എങ്കിലും അത് എളുപ്പമല്ലെന്നും കാണാവുന്നതാണ്. ഈ മേഖലകളിലെ പണികള്‍ അടിയന്തിര സ്വഭാവമുള്ളതുകൊണ്ടാണ് പുനര്‍ നിര്മ്മിതി എളുപ്പമല്ലാതാവുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ ചെയ്യാതിരി ക്കാനും പറ്റില്ല. പശ്ചിമഘട്ട മേഖലകളിലെ തകര്‍ന്ന നിര്‍മ്മിതികള്‍ പുനഃസൃഷ്ടിക്കുന്നത് പഴയപടി മാത്രമായി സാധ്യമല്ല. പശ്ചിമഘട്ട മേഖല യിലെ സമഗ്രമായ പുനര്‍ നിര്‍മ്മിതി ഏറെ സമയമെടുത്ത് വിശദമായ പഠനങ്ങളുടെയും ആശയവിനിമയങ്ങളുടെയും അടിസ്ഥാനത്തില്‍ ചെയ്യേണ്ടതാണ്. ഒരുവശത്ത് അത്തരം സമഗ്ര പദ്ധതി തയ്യാറാക്കുമ്പോള്‍ തന്നെ അടിയന്തിരാവശ്യമായിട്ടുള്ള നിര്‍മ്മിതികള്‍ താല്‍ക്കാലിക സ്വഭാവത്തില്‍ ചെയ്യാവുന്നതാണ്.

സമഗ്രമായ പുനര്‍ നിര്‍മ്മിതിയെ കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് അത് നടപ്പിലാക്കാനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. പ്രള യത്തെ നേരിട്ടത്‌ പോലത്തെ സ്വയംഭൂവായി ഉയര്‍ന്നുവന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഇനി പറ്റില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടു കളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയും എല്ലാം ഉപയോഗിച്ചുള്ള പുനർ നിര്‍മ്മിതി സര്‍ക്കാര്‍ സംവിധാനത്തിലൂടെ മാത്രമേ പറ്റൂ. പക്ഷെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ മേഖലയില്‍ ദോഷം മാത്രമേ ഉണ്ടാക്കൂ എന്ന് ആവര്‍ത്തിച്ച് തെളിയിച്ചു കഴിഞ്ഞിട്ടുള്ളതാണ്. സുനാമി ഫണ്ട് ഭൂരിഭാഗവും അര്‍ഹരിലേയ്ക്ക് എത്തിയില്ല. ഉത്തരവാദിത്ത്വമില്ലായ്മയും കെടുകാര്യസ്ഥതയും അഴിമതിയും അവിടെ കൊടികുത്തി വാണു. ഓഖി ദുരന്ത പുനരധിവാസ കഥയും വ്യത്യസ്തമല്ല. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളിലായി വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ അനുവദിച്ച പണം ചിലവാക്കിയതുമായി ബന്ധപ്പെട്ട കണക്കുകള്‍ വിവരവാകാശത്തിലൂടെ ശേഖരിച്ചതിന്‍റെ റിപ്പോര്‍ട്ട് കണ്ടു. 2015-16-ല്‍ വെള്ളപ്പൊക്കത്തില്‍ മാറ്റി പാര്‍പ്പിച്ചവര്‍ക്ക് അനുവദിച്ച തുക 1.12 കോടി. നല്‍കിയത് വെറും 15,675 രൂപ. 2015-16-ല്‍ വെള്ളപ്പൊക്കത്തില്‍ പരുക്കേറ്റവര്‍ക്ക് അനുവദിച്ചത് 1.91 കോടി. ചിലവഴിച്ചത് 91,310 രൂപ. 2016-17-ല്‍ ഇത് 1.2 കോടി അനുവദിച്ചതില്‍ ചിലവഴിച്ചത് 9.2 ലക്ഷ മായിരുന്നു.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ അവസ്ഥ ഇതായിരിക്കെ പുനര്‍ നിര്‍മ്മിതി യെകുറിച്ച് വലിയ പ്രതീക്ഷകള്‍ വേണ്ടെന്ന് ചുരുക്കം. ചെയ്യാവുന്നത് പുനര്‍ നിര്‍മ്മിതിക്ക് വേണ്ടി തയ്യാറാക്കുന്ന സമഗ്ര പദ്ധതി നടപ്പിലാക്കാ നായി സ്വയംഭരണാസ്ഥിത്വവും അധികാരവും ഉള്ള ഒരു ബദല്‍ സംവി ധാനം ഉണ്ടാക്കുക എന്നതാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി വിദ ഗ്ദ്ധര്‍ക്ക് മുൻകൈ നൽകുന്ന സംവിധാനം ആയിരിക്കണം അത്. വ്യക്തമായ രാഷ്ട്രീയ ഇച്ഛാശക്തി ഉള്ള ഭരണനേതൃത്വത്തിന് മാത്രമേ ഇത്തരമൊരു സംവിധാനം ഉണ്ടാക്കാന്‍ കഴിയൂ.

ഗാഡ്‌ഗിൽ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാതെ അവഗണി ക്കുകയും നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഗുരുതരമായ രീതിയല്‍ വെള്ളം ചേര്‍ത്ത് ഭേദഗതി വരുത്തുകയും ചെയ്ത ഒരു ഭരണനേതൃത്വമാണ് ഇപ്പോഴുള്ളത്. ഇത്തരം നിലപാടുകള്‍ അടിസ്ഥാനപരമായി തിരുത്തിക്കൊണ്ട്‌ മാത്രമേ ഈ നേതൃത്വത്തിന് പുനര്‍നിര്‍മ്മിതിയുടെ ചുമതല ഏറ്റെടുക്കാനാവൂ. ഇപ്പോഴത്തെ ഭരണ നേതൃത്വത്തിനു ഇങ്ങി നെയൊരു രാഷ്ട്രീയ ഉത്തരവാദിത്വം നിര്‍വഹിക്കാനാവുമെന്ന് തോന്നു ന്നില്ല.

പുനര്‍നിര്‍മ്മിതി പദ്ധതിക്കുള്ള ആരംഭ ബിന്ദു ആയിട്ടെടുക്കാവുന്നത് ഗാഡ്‌ഗിൽ റിപ്പോര്‍ട്ട് തന്നെയാണ്. പാരിസ്ഥിതിക പരിഗണനകളില്‍ ഊന്നുന്ന ഗാഡ്‌ഗിൽ റിപ്പോര്‍ട്ട് സമഗ്ര സമീപനത്തിന്റെ മാതൃകയാവുന്നില്ല. ഈ പ്രളയത്തിന്റെ കാര്യം തന്നെ നോക്കുക. അതില്‍ പാരിസ്ഥിതിക ഘടകത്തിന്‍റെ പങ്ക് തുലോം ചെറുതാണ്. സൗരയൂഥവും ഗാലക്സികള്‍ വരെയും അതില്‍ പങ്ക് വഹിക്കുകയും ചെയ്യുന്നു. പ്രളയം സഹ്യപര്‍വത ത്തില്‍ ചെലുത്തിയ സ്വാധീനവും വ്യത്യസ്തമായിരുന്നു. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പാരിസ്ഥിതിക ഘടകങ്ങള്‍ പങ്ക് വഹിച്ചിട്ടുള്ളപ്പോള്‍ ഭൂ വിജ്ഞാനീയ ഘടകങ്ങളും അതില്‍ പങ്ക് വഹിച്ചിട്ടുണ്ടെന്ന് കാണാം. പശ്ചിമഘട്ടത്തെ പരിസ്ഥിതികാടിസ്ഥാനത്തില്‍ മൂന്ന് മേഖലകളായി ഗാഡ്‌ഗിൽ തിരിച്ചിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്ത നങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. ഭൂവിജ്ഞാനപരമായും പശ്ചിമഘട്ടത്തെ മേഖലകളായി തിരിച്ച് സംരക്ഷണ പദ്ധതികള്‍ ആവിഷ്ക്ക രിക്കേണ്ടതുണ്ട്. മറ്റ് ശാസ്ത്രമേഖലകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകും. ഇവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള സമഗ്രപദ്ധതിയാണ് പശ്ചിമഘട്ട സംരക്ഷണത്തിനായി രൂപപ്പെടുത്തേണ്ടത്.

ഇന്ത്യയിലെ ഭൂരിപക്ഷം മേഖലകളിലും കാണാത്ത ഭൂഘടനയാണ് കേരള തിലുള്ളത്. ഇവിടെ സമതലം ഇല്ലെന്ന് തന്നെ പറയാം. മലമ്പ്രദേശത്തിന്‍റെ യും കടൽത്തീരത്തിന്റെയും ഇടയിലുള്ള ഇടനാട്‌ തന്നെ കൊച്ചുകൊച്ചു കുന്നുകളും അവക്കിടയിലെ വയലുകളും താഴ്‌വരകളും നിറഞ്ഞതാണ്‌. ഓരോ കുന്നിലെയും താഴ്‌വരയിലെയും മണ്ണിന്‍റെ ഘടന അങ്ങേയറ്റം വൈവിധ്യമാര്‍ന്നതാണ്. ചുമന്നമണ്ണും ചരല്‍മണ്ണും മണല്‍മണ്ണും ചെങ്കല്ലും കരിങ്കല്ലുമെല്ലാം ഒരു ചിട്ടയും ക്രമവുമില്ലാതെ കൂടിക്കലര്‍ന്നാണ്‌ കുന്നുക ളും താഴ്‌വരകളുമെല്ലാം രൂപപ്പെട്ടിട്ടുള്ളത്. മണ്ണിന്‍റെ കാഠിന്യവും ഉറപ്പു കുറവുമെല്ലാം ഇടകലര്‍ന്നു കിടക്കുന്നത് കണ്ടെത്തുക എളുപ്പമല്ല. അതു കൊണ്ടാണ് പൊതുവായ വിലയിരുത്തലുകളോ പരിഹാരനിര്‍ദ്ദേശങ്ങളോ വെച്ച് കേരളത്തിലെ ഭൂസംരക്ഷണം അസാദ്ധ്യമായി തീരുന്നത്.

Kerala Floods: മനുഷ്യനിർമ്മിതമോ ഈ ദുരന്തം?

അഖിലേന്ത്യാതലത്തിലുള്ള ജനസാന്ദ്രതയുടെ മൂന്നിരട്ടിയിലധികം ജനങ്ങളുള്ള കേരളത്തില്‍ കുന്നിൻ ചരിവുകളും മലയോരങ്ങളും നദിക്കരകളും കായൽ തീരങ്ങളുമെല്ലാം കൈയേറ്റത്തിന് വിധേയമാകുന്നത് വലിയൊരു പരിധി വരെ സ്വാഭാവികമാണ്. അത്തരം മേഖലകളില്‍ നിയന്ത്രണങ്ങള്‍ ജനങ്ങളുടെ സഹകരണത്തോട് കൂടി നടപ്പിലാക്കാന്‍ ഏറെ അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളെ സംഘടിപ്പിക്കാന്‍ കഴിഞ്ഞേക്കുമെങ്കിലും മുൻകൈയെടുക്കുന്നവരുടെ കക്ഷിരാഷ്ട്രീയം വീണ്ടും തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ആണ് സാദ്ധ്യത. പ്രാദേശിക തലത്തില്‍ മുഴുവന്‍ ജനങ്ങളേയും അണിനിരത്തുകയും പ്രാദേശികമായി നിലവിലുള്ള ഭൂഘടനയിലെ സവിശേഷതകള്‍ തിരിച്ചറിഞ്ഞുകൊണ്ട് സര്‍വസമ്മതമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുക എന്നതാണ് പുനര്‍നിര്‍മ്മിതിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

പുനര്‍ നിര്‍മ്മിതിയുടെ വിശദാംശങ്ങളിലേക്ക് പോകുന്നതിന് മുമ്പ് ഈ വിഷയത്തില്‍ ഒരു നയസമീപനം തീരുമാനിക്കുകയാണ് ആദ്യം വേണ്ടത്. കേരളത്തിലെ ഭരണമുന്നണി ഉള്‍പ്പെടെ എല്ലാ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി കളും സമീപകാലത്ത് സ്വീകരിച്ച നയപരമായ രണ്ട് തീരുമാനങ്ങളില്‍ തിരുത്തലുകള്‍ വരുത്തിക്കൊണ്ടാണ്‌ ഈ പുതിയ സമീപനത്തിന് തുടക്കം കുറിക്കാനാവുക. 2008-ലെ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന്‍റെ അന്തസ്സത്ത ചോര്‍ത്തിക്കളഞ്ഞു കൊണ്ട് ഇപ്പോള്‍ നിയമസഭ പാസാക്കിയ ബില്ല് പിന്‍വലിക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്. അത് ചെയ്യാത്തിടത്തോളം കാലം പുനര്‍നിര്‍മ്മാണത്തിന് അടിസ്ഥാനമുണ്ടാ വില്ല. രണ്ടാമതായി, ഗാഡ്‌ഗിൽ റിപ്പോര്‍ട്ടിനെ പൂര്‍ണമായി അവഗണിച്ചുകൊണ്ട് എല്ലാ പാർട്ടികളും ചില മതസംഘടനകളും കസ്തൂരിരംഗൻ റിപ്പോര്‍ട്ടിനെ ആശ്രയിച്ചതാണ് തിരുത്തപ്പെടെണ്ടത്. തീര്‍ച്ചയായും, പ്രായോഗികതലത്തില്‍ കസ്തൂരിരംഗൻ റിപ്പോർട്ടില്‍ മെച്ചപ്പെട്ട പല നിര്‍ദേശങ്ങളും ഉണ്ട്. പക്ഷെ പശ്ചിമഘട്ടസംരക്ഷണം എന്ന ഗാഡ്‌ഗിൽ റിപ്പോര്‍ട്ടിലെ സമീപനമാണ് പ്രധാനം. നേരത്തെ ചൂണ്ടിക്കാ ണിച്ചതുപോലെ പാരിസ്ഥിതിക വിഷയങ്ങളിലുള്ള ഏകപക്ഷീയമായ ഊന്നല്‍ ഗാഡ്‌ഗിൽ റിപ്പോര്‍ട്ടിന്‍റെ പരിമിതി തന്നെയാണ്. ഭൂശാസ്ത്രത്തിലും മറ്റു പല ഗവേഷണ രംഗങ്ങളിലും ഉണ്ടായിട്ടുള്ള കണ്ടെത്തലുകളും പരിഹാരനിര്‍ദേശങ്ങളും തിരുത്തലുകളും ഉള്‍പ്പെടുത്തിക്കൊണ്ട് അതിനെ സമ്പന്നവും സമഗ്രവുമാക്കുകയാണ് വേണ്ടത്.

Kerala Floods:കുട്ടനാട് ഇന്ന് നാടുവിട്ട നാടാണ്

കൂടാതെ നദീതീരങ്ങളും കായലോരങ്ങളും ഇനിയും കയ്യേറാതെ സംരക്ഷി ക്കാന്‍ പര്യാപ്തമായ നിയമ നിര്‍മ്മാണത്തെകുറിച്ചു എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഗൗരവപൂര്‍വ്വം ആലോചിക്കേണ്ടിയിരിക്കുന്നു. നിയമങ്ങള്‍ കൊണ്ട് മാത്രം പരിഹാരങ്ങള്‍ സാധ്യമല്ലെങ്കിലും അവിടെ നിന്നും തുടങ്ങേണ്ടിയിരി ക്കുന്നു. എല്ലാത്തിലുമുപരി പ്രളയകാലത്ത് കേരളീയ സമൂഹം അബോധമായി ഉല്‍പ്പാദിപ്പിച്ച ശക്തമായ കൂട്ടായ്മാബോധത്തിന് സാമൂഹികവും പ്രായോഗികവുമായ പുതിയ രൂപങ്ങള്‍ നല്‍കി സമൂര്‍ത്ത വല്‍ക്കരിക്കാന്‍ ആകുമോ എന്നത് കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്നവരെങ്കിലും ശ്രമിക്കേണ്ടതുണ്ട്‌. ചിലപ്പോള്‍ അപ്രതീക്ഷിത മായുണ്ടായ പ്രളയം അപ്രതീക്ഷിതമായ നേട്ടങ്ങള്‍ക്കും വഴിവെച്ചു കൂടായ്കയില്ല.

 

Read More: കെ വേണു വിവിധ വിഷയങ്ങളിലെഴുതിയ ലേഖനങ്ങൾ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Kerala rain floods hopes and anxiety k venu