സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് വിരമിച്ച് അച്യുതമേനോൻ തൃശ്ശൂരിൽ വിശ്രമജീവിതം നയിക്കുന്ന കാലം. മാതൃഭൂമി വാരികയുടെ അന്നത്തെ പത്രാധിപരായിരുന്ന എം.ടി.വാസുദേവൻ നായർ അദ്ദേഹത്തിന് ഒരു കത്തെഴുതി: ‘ആഴ്ചപ്പതിപ്പിലേക്ക് പതിവായി എന്തെങ്കിലും എഴുതണം’ . കത്തിന് പിന്നാലെ തൃശ്ശൂരിലെ ഒരു സുഹൃത്തിനെ പറഞ്ഞയച്ച് ഇക്കാര്യം ഒന്നുകൂടി മേനോനെ ഓർമ്മിപ്പിച്ചു. അങ്ങനെ അച്യുതമേനോൻ മാതൃഭൂമിയിൽ പുസ്തക നിരൂപണങ്ങൾ എഴുതിത്തുടങ്ങി.
മാസങ്ങൾ കഴിഞ്ഞ് എം.ടി യെത്തേടി മാതൃഭൂമി യിലേക്ക് അച്ചുതമേനോന്റെ ഒരു ഫോൺ വിളിയെത്തി. “കുറച്ചു മാസങ്ങളായി എഴുത്തിനുള്ള പ്രതിഫലം വരുന്നില്ല. ചില അത്യാവശ്യങ്ങ ളുണ്ടായിരുന്നു. മരുന്നിന്റെ ചിലവ് അതുകൊണ്ട് നടന്നിരുന്നു.” അച്യുതമേനോൻ പറഞ്ഞവസാനിപ്പിച്ചു. വേണ്ടതു ചെയ്യാമെന്ന് പറഞ്ഞ് എം.ടി. ഫോൺ വെച്ചു.
ഓഫീസിലെ എന്തോ ചില പ്രശ്നങ്ങൾ കൊണ്ട് ചെക്ക് അയക്കുന്നതിൽ വന്ന താമസമായിരുന്നു. എം.ടി. അന്നു തന്നെ പണമയക്കാനുള്ള ഏർപ്പാട് ചെയ്തു. എന്നാൽ ആ സംഭവം എം.ടി.യുടെ മനസ്സിൽ നിന്ന് മറവിയിലേക്ക് പോയതേയില്ല. ദീർഘകാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഒരാളാണ് ഇത്തരമൊരാവശ്യവുമായി പത്രാധിപരെ സമീപിച്ചത് . നേതാക്കളുമായുള്ള ബന്ധത്തെപ്പറ്റി ഒരിക്കൽ ചോദിച്ചപ്പോഴാണ് എം.ടി ഈ സംഭവം ഓർത്തു പറഞ്ഞത്. വർഷങ്ങൾക്കിപ്പുറം ഇതോർത്തു പറയുമ്പോൾ എം.ടി. വികാരഭരിതനായിരുന്നു.
രണ്ട് കാര്യങ്ങൾ ഇതിൽ നിന്നും നമ്മൾ വായിച്ചെടുക്കണം. എം.ടി.യെപ്പോലെ ഒരു പത്രാധിപർക്ക് പംക്തി ചെയ്യിക്കണം എന്നു തോന്നിയ ഒരു നേതാവുണ്ടായിരുന്നു കേരളത്തിന്. എഴുത്തിലെ തുച്ഛമായ വരുമാനം കിട്ടാതെ വരുമ്പോൾ മരുന്ന് വാങ്ങാൻ ബുദ്ധിമുട്ടിയ ഒരു മുൻ മുഖ്യമന്ത്രിയുണ്ടായിരുന്നു കേരളത്തിന് .
നമ്മുടെ നേതാക്കളെപ്പറ്റി ആലോചിക്കുമ്പോഴൊക്കെ എന്റെ മനസ്സിലേക്ക് എം.ടി.യുടെ ഈ അനുഭവം ഓടിയെത്തും. കുടയെടുക്കാത്തതിനാൽ മഴ നനയാതിരിക്കാൻ കയ്യിലെ സ്യൂട്ട്കേസ് തലയ്ക്ക് മേലെ പിടിച്ച് റെയിൽവേ സ്റ്റേഷനിൽ നിന്ന് നടന്നു പോകുന്ന അച്ചുതമേനോനെ ഞാൻ കണ്ടിട്ടുണ്ട്. ആ ചിത്രം ഇപ്പോഴും മനസ്സിലുണ്ട്. സി.പി.എം പ്ലീനവുമായി ബന്ധപ്പെട്ട ജാഥ കാണാനായി എം.ജി.റോഡിലെ ദേശാഭിമാനി ബുക്ക് ഹൗസിൽ വന്ന ഇ.എം.എസ് തനിക്ക് ഇരിക്കാനായി ഒരു സ്റ്റൂള് തേടി തൊട്ടടുത്ത കടക്കാരനായ എന്റടുത്ത് വന്ന സംഭവവും എന്റെ മനസ്സിൽ നിന്ന് മായുന്നില്ല.
ഒരിക്കൽ തമാശയ്ക്കായി കെ.വി.സുരേന്ദ്രനാഥിനോട് ഇപ്പോൾ എം.പിയൊക്കെ അല്ലേ, ചെറിയ അഴിമതിയൊക്കെ നടത്താമല്ലോ എന്ന് പറഞ്ഞു പോയി. അടുത്ത ദിവസം കണ്ടപ്പോൾ ആശാൻ ഒരു കവർ എന്നെ ഏൽപ്പിച്ച് വേഗത്തിൽ നടന്നു പോയി. ആ കവറിൽ തന്റെ സമ്പത്തിന്റെയും വരുമാനത്തിന്റെയും കണക്കുകളായിരുന്നു! കയ്യിൽ പണമായുള്ള ചില്ലറ പോലും അതിലുൾപ്പെടുത്തിയിരുന്നു. ആശാനോട് (ആശാനെന്നാണ് കെ.വി. സുരേന്ദ്രനാഥ് അറിയപ്പെട്ടത് ) അന്നങ്ങനെ പറഞ്ഞതിലുള്ള ദുഃഖം ഇപ്പോഴും എന്റെ മനസ്സിലെ വേദനയാണ്.
മറ്റൊരു സംഭവം കൂടിപ്പറയാം. അത്രയൊന്നും പ്രശസ്തനല്ലാത്ത ഒരു നോവലിസ്റ്റ് ഒരിക്കൽ ഞാൻ ജോലി ചെയ്തിരുന്ന പുസ്തകക്കടയിൽ വന്നു. എൻ. ഇ .ബാലറാം എം.പിക്ക് സമ്മാനിക്കാനായി ഒരു പുതിയ പുസ്തകം വേണമെന്നായിരുന്നു അയാളുടെ ആവശ്യം. അയാൾക്ക് ബാലറാമിനെ അറിയില്ല. ബാലറാമിന് അയാളെയും. പക്ഷേ ബാലറാമിന്റെ ഒരു പ്രവൃത്തി അയാളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. അയാളെഴുതിയ ഒരു നോവലിനെപ്പറ്റി ബാലറാം ഒരു വാരികയിൽ സാമാന്യം ദീർഘമായ ഒരു പഠനമെഴുതിയിരിക്കുന്നു. ഒരു റിവ്യു എഴുതിക്കിട്ടാനായി അദ്ദേഹം മുട്ടാത്ത വാതിലുകളില്ല . എന്നാൽ ആരും ഗൗനിച്ചില്ല. അങ്ങനെ നിരാശനായിരിയ്ക്കുമ്പോഴാണ് തീർത്തും അപരിചിതനായ ഒരാൾ ഒരു പഠനം തന്നെ എഴുതിയത് ശ്രദ്ധയിൽപ്പെട്ടത്. അതും പ്രശസ്തനായ ഒരു രാഷ്ട്രീയ നേതാവ്. ആ സ്നേഹത്തിന് പകരമായി ഒരു പുതിയ പുസ്തകമെങ്കിലും ബാലറാമിനെ കണ്ട് നേരിട്ട് കൊടുക്കണം. നോവലിസ്റ്റിന്റെ ആഗ്രഹം ഇതു മാത്രമായിരുന്നു. അറിയാത്ത, അറിയപ്പെടാത്ത ഒരെഴുത്തുകാരന്റെ പ്രശസ്തമല്ലാത്ത ഒരു നോവൽ വില കൊടുത്ത് വാങ്ങി വായിക്കാനും അതേപ്പറ്റി എഴുതാനും കാണിച്ച സഹൃദയത്വം. ബാലറാം കാണിച്ച ആ സഹൃദയത്വമാണ് നോവലിസ്റ്റിനെ ഞെട്ടിച്ചു കളഞ്ഞത്.
വ്യക്തിപരമായ അനുഭവങ്ങൾ എന്നനിലയിൽ ചിലതൊക്കെ സൂചിപ്പിച്ചു വെന്നേയുള്ളൂ. ഇങ്ങനെ പലരെക്കുറിച്ചും ഇത്തരം നിരവധി അനുഭവങ്ങൾ പലർക്കും ഉണ്ടായിരുന്നിരിക്കാം. ഓർക്കേണ്ടത് ഒന്നു മാത്രം. ഇവരൊക്കെ, ഇവരെപ്പോലുള്ളവരൊക്കെ ചേർന്നതായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ കേരളത്തിലെ രാഷ്ട്രീയം, കേരളത്തിലെ പൊതുമണ്ഡലം. വിവരവും വിവേകവും ജീവിത മൂല്യങ്ങളും ധാരാളം കൈമുതലുള്ള ജനാധിപത്യ വിശ്വാസികൾ. അവർ സൃഷ്ടിച്ച കേരളത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്. അതിന്റെ മുന്നോട്ടു പോക്കാണ് നമ്മുടെ ഉത്തരവാദിത്തം .
ഒരു സമൂഹം പ്രതിസന്ധിയെ നേരിടുമ്പോഴാണ് അവരുടെ നേതാക്കളുടെ വിലയറിയുക. നേതാക്കളെ വിലയിരുത്താനുള്ള ഏറ്റവും അനുയോജ്യമായ സമയവും പ്രതിസന്ധി ഘട്ടങ്ങളാണ്. അതുകൊണ്ടാണ് ഞാനിപ്പോൾ നേതാക്കളെപ്പറ്റി ചിന്തിച്ചത്. ചരിത്രത്തിലെ വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നമ്മളിന്ന് കടന്നു പോകുന്നത്. ഇക്കൊല്ലം ലോകം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തം നേരിട്ട സമൂഹമാണ് നമ്മുടേത്. അതിൽ നിന്ന് കരകയറുവാൻ വർഷങ്ങളെടുത്തേക്കാം. അപ്പോഴാണ് ഭരണഘടനാ മൂല്യങ്ങളുടെ പിൻബലത്തോടെ ഒരു ആരാധനാലയത്തിൽ നടപ്പാക്കപ്പെട്ട ലിംഗനീതി കേരളത്തെ പ്രതിസന്ധിയിലാക്കിയത്. നമ്മുടെ മതേതര സ്വഭാവത്തിന് വലിയ വെല്ലുവിളി നേരിടേണ്ടി വന്നിരിക്കുന്നു. നമ്മുടെ തെരുവുകൾ കലുഷപൂരിതമാണ്. രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് മൂല്യങ്ങളെ കാറ്റിൽപ്പറത്തി നേതൃത്വങ്ങൾ മുന്നേറുകയാണ്. നമുക്കു ചുറ്റും നേതാക്കളുണ്ട്; വിവിധ രാഷ്ടീയ പ്രസ്ഥാനങ്ങളെ പ്രതിനിധാ നം ചെയ്യുന്ന നേതാക്കൾ. അവരെയെല്ലാം നമ്മൾ സൂക്ഷ്മമായി വിലയിരു ത്തണം. അതിനുള്ള സുവർണ്ണാവസരമാണിത്. ഭാഗ്യവശാൽ ഒന്നും മറച്ചുവെക്കാൻ സാധിക്കാത്ത ഒരു കാലഘട്ടം കൂടിയാണിത്. ഇന്ന് നയിക്കുന്നവരെയും നാളെ നയിക്കാൻ അവസരം കാത്തിരിക്കുന്നവരെയും അടുത്തറിയാൻ കഴിയണം. കള്ള നാണയങ്ങളെ തിരിച്ചറിയണം. അവരുടെ സാമൂഹ്യബോധത്തെയും ജനാധിപത്യ ബോധത്തെയും വിമർശനാത്മകമായി വിലയിരുത്തണം. അവരുടെ വിവരവും വിവേകവും മൂല്യബോധവും പരിശോധനകൾണ്ട് വിധേയമാക്കണം. നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുകൂലമായിട്ടാവരുത് ഈ വിലയിരുത്തലുകൾ .
ടെലിവിഷൻ ചാനലുകളിൽ നടത്തപ്പെടുന്ന വേഷപ്പകർച്ചകൾ കണ്ട് നമ്മൾ വശീകരിക്കപ്പെട്ടു പോവരുത്. വാക്കിനും പ്രവൃത്തിക്കും തമ്മിൽ ബന്ധം വേണമെന്ന തോന്നൽ പോലും ഇവരിൽ മിക്കവർക്കുമില്ല. വിശ്വാസിവേഷം കെട്ടി നടക്കുന്നവർക്ക് ദൈവഭയമില്ല. സനാതന ധർമ്മം പാടി നടക്കുന്ന വരുടെ ജീവിതത്തിലെ നിലപാടുകൾ നമ്മളെ വേദനിപ്പിക്കും. നിയമം തൊഴിലായി കൊണ്ടു നടക്കുന്ന ചിലരുടെ നീതിബോധം നമ്മളെ നാണിപ്പി ച്ചേക്കും. മാർക്സിസത്തിന്റെ പേരിൽ ജീവിതം നയിക്കുന്ന ചിലരുടെ മനുഷ്യത്വരഹിത പ്രവർത്തികൾ കണ്ട് നമുക്ക് ഞെട്ടേണ്ടി വരും. നെഹ്രുവിന്റെ പിൻഗാമികളുടെ അന്ധവിശ്വാസ പ്രണയവും വർഗീയ നിലപാടു കളും അന്ധാളിപ്പിക്കും. ജാതി രാഷ്ട്രീയത്തിന്റെ പകിട കളിയിൽ ഇവരൊക്കെ നല്ല കളിക്കാരായി മാറുകയാണ്. തുച്ഛമായ തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കപ്പുറത്തേക്ക് ചിന്തിക്കാൻ കഴിയുന്നവർ നമ്മുടെ നേതാക്കൾക്കിടയിലുണ്ടോ? സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെപ്പറ്റിയും പ്രകൃതിയുടെ നിലനിൽപ്പിനെപ്പറ്റിയും ചിന്തിക്കുവാനുള്ള ശേഷി അവരിലെത്ര പേർക്കുണ്ട്? ഇത്തരം ചോദ്യങ്ങൾ നമ്മൾ നിരന്തരം ചോദിച്ചു കൊണ്ടിരിക്കണം. പലപ്പോഴും നിരാശപ്പെടേണ്ടി വന്നേക്കാം. നിരാശ മറ്റൊന്നുമല്ലെങ്കിലും ഒരു തിരിച്ചറിവാണ്.
സാധാരണ പൗരനെ നിസ്സഹായനാക്കുന്ന നേതാക്കൾ, പ്രകൃതിയെ കശാപ്പ് ചെയ്യാൻ മടിക്കാത്ത നേതാക്കൾ, സ്വന്തം ലാഭത്തിനായി എന്തും ചെയ്യുന്ന നേതാക്കൾ ഇവരെയൊക്കെ തിരിച്ചറിയണം. മൺമറഞ്ഞ് പോയ നല്ല മനുഷ്യരെക്കുറിച്ചുള്ള ഓർമ്മകൾ ഈ തിരിച്ചറിവിനുള്ള ശക്തി പകർന്നു തരും. ഇതൊരു വഴിത്തിരിവാണ്. എല്ലാറ്റിനെയും കുഴച്ചു മറിച്ച് ഒന്നിനും ഒരു തുമ്പില്ലാത്ത അവസ്ഥ ഉണ്ടാക്കുകയാണ് മുഖ്യധാരാ നേതാക്കൾ. രാഷ്ട്രീയ വേദികളിൽ നിന്ന് നേരിന്റെ ശബ്ദം കണ്ടെത്തണം അവരെ പിന്തുണക്കണം, അവർക്ക് ശക്തി പകരണം . ധാർമ്മികത ഒരു കളിവാക്കല്ല. അപാരമായ അതിന്റെ ശക്തി ചരിത്രത്തിൽ നിന്ന് കണ്ടെത്താ വുന്നതേയുള്ളൂ. അല്ലാതെ ഇവരെല്ലാം കൂടി തയ്യാറാക്കിയ ഒരസംബന്ധ നാടകത്തിലെ വിഡ്ഢികളായ സഹയാത്രികരാവാൻ കേരളത്തിലെ ജനത നിന്നു കൊടുക്കരുത്. അത് ഇന്നലെകളിലെ നല്ല മനുഷ്യരെ അവഹേളിക്കു ന്നതിന് തുല്യമാകും. നമ്മുടെ മുന്നിലെ അപകട സാധ്യതകളെ തിരിച്ചറിയ ണം. നയിക്കാൻ കെൽപ്പുള്ളവർ വേണ്ടത്രയില്ല എന്ന് ബോദ്ധ്യമുണ്ടാവണം. നയിക്കുന്നവരിൽ പലർക്കും അവകാശമേയുള്ളൂ. അർഹതയില്ല. മുമ്പ് അറിഞ്ഞിട്ടില്ലാത്ത എന്തൊക്കയോ ആണ് നമുക്ക് ചുറ്റും ചേർന്നു കൊണ്ടിരിക്കുന്നത്. ഭയപ്പെടാതെ ശ്രദ്ധയോടെയുള്ള കാൽവെപ്പുകൾ നടത്തേണ്ടിയിരിക്കുന്നു. ആ യാത്രയിൽ ഇരുട്ട് പരത്തുന്നവരെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തുക . അതാണ് ഈ പ്രതിസന്ധി ഘട്ടം മലയാളിയോട് ആവശ്യപ്പെടുന്നത്.