സിപിഎമ്മിന്റെ നവോത്ഥാന വാചകമടി ഉച്ചസ്ഥായിയിൽ എത്തിയിരിക്കുന്ന ഈ സമയത്ത് നവോത്ഥാനത്തെ കീറിമുറിച്ച് പരിശോധിക്കേണ്ടത് ഒരു കടമയായി മാറിയിരിക്കുന്നു. ഒരുമാതിരി സകല ബുദ്ധിജീവികളെയും തങ്ങളുടെ തുണക്കാരാക്കുന്നതിൽ തെറ്റില്ലാത്ത വിജയമാണ് ഈ പാർട്ടി നേടിയിരിക്കുന്നത്. വിമർശനം ഉണ്ടാകാനുള്ള ഘടനാപരമായ വ്യവസ്ഥകളെ മത ഭൂരിപക്ഷവലതുപക്ഷത്തെപ്പോലെ പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങൾക്ക് ഇന്നത്തെ സാഹചര്യത്തിൽ – ലോക സാഹചര്യങ്ങളിൽ, ദേശീയ സാഹചര്യ ങ്ങളിൽ -അനുവദിക്കാത്തത് കൊണ്ട് മാത്രം വിമർശക ശബ്ദങ്ങളെ തൂത്തുകളയാൻ കഴിയുന്നില്ല എന്നേയുളളൂ.
നവോത്ഥാനം എന്ന വാക്ക് തന്നെ ഈ സമൂഹത്തിനുള്ളിൽ, ഇന്ത്യൻ സമൂഹത്തിനുള്ളിൽ, നിന്നുള്ള സാംസ്കാരിക വിഭവങ്ങളുടെ പുനർവായന, നവീകരണം എന്ന അർത്ഥധ്വനിയാണ് ഉണ്ടാക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവിൽ മലയാളി സമൂഹത്തിലുണ്ടായ സാമൂഹിക ജനാധിപത്യവത്ക്കരണം, പക്ഷേ ഒട്ടനവധി വ്യത്യസ്തങ്ങളായ ധാരകൾ ചേർന്നുണ്ടായതാണ് – ഈ സമൂഹത്തിനകത്തും പുറത്തും ഉയിർകൊണ്ടവ. ‘നവോത്ഥാനം’ എന്ന ഈ കാലത്തെ വിശേഷിപ്പിക്കുന്നത് പ്രശ്നകരമാകുന്നത് ഇതുകൊണ്ടാണ്. ഹിന്ദുത്വവാദ ചരിത്ര രചനയുടെ തട്ടകത്തിൽ നിന്നുള്ള കളിയാണിത്. ഇതിൽ ഒടുവിൽ ജയിക്കുന്നത് അവർ തന്നെയാകാനാ ണിട. അതു പരിഹരിക്കാൻ സഹോദരൻ അയ്യപ്പന്റെയോ പൊയ്കയിൽ അപ്പച്ചന്റെയോ പേരു ചേർത്താൽപ്പോര. ഈ കാലത്തെ സാമൂഹിക മാറ്റത്തെ സാദ്ധ്യമാക്കിയത് വിശാലഹിന്ദു പാമ്പര്യത്തിന് പുറത്തു നിന്നും ഉയിർകൊണ്ട ശക്തികൾ കൂടിയാണെന്ന തുറന്ന സമ്മതം കൂടാതെ മുൻകാല പുരോഗമനധാരകളെ പിടിച്ചാണയിടാനുള്ള ഈ ശ്രമം പാഴാവുകയേ ഉള്ളൂ, പുരോഗമനം പ്രതീക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം. യുക്തിവാദത്തിന് പുറമേ സി കൃഷ്ണന്റെ ബുദ്ധമതപ്രചരണം, യൂറോപ്പിലെ സഫ്രജേറ്റ് പ്രസ്ഥാനത്തെയും മറ്റു സ്ത്രീപക്ഷ സമരങ്ങളെയും പറ്റി പരാമർശിച്ചുകൊണ്ടുള്ള ആദ്യകാല സ്ത്രീവാദികളുടെ സാമൂഹിക വിമർശനം, അമേരിക്കൻ അടിമത്തവിരുദ്ധ വ്യവഹാരത്തെ പിൻപറ്റിയ ആദ്യകാല മിഷണറിമാരുടെ ജാതിവിരുദ്ധ പ്രചരണം, യൂറോപ്പിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും പടർന്നു കിടന്ന എ പി പിള്ളയുടെ ജനന നിയന്ത്രണ പരിശ്രമങ്ങൾ, ഇസ്‌ലാമിക ലോകത്തിൽ പടർന്നുകൊണ്ടിരുന്ന സാമൂഹിക-മതവിശ്വാസ നവീകരണത്തിന്റെ മലയാള മാതൃകകൾ, ലോകവ്യാപകമായിരുന്ന കമ്മ്യൂണിസ്റ്റ് ചിന്ത, യൂറോപ്യൻ സാഹിത്യ ചിന്തയെ മലയാളി പരിസരത്തിൽ ഉറച്ചു നിന്നുകൊണ്ട് വായിച്ചെടുത്ത കേസരി ബാലകൃഷ്ണപിള്ളയുടെ സാംസ്കാരിക ഇടപെടലുകൾ — ഇവയുടെ കേരള ബാഹ്യമായ ഉത്ഭവത്തെ മറക്കാനാവില്ല. അല്ലാതെ, മലയാളി സമൂഹത്തിന്റെ ജനാധിപത്യവത്ക്കരണം ഇവിടെ രാമായണ-ഭാരത-പുരാണ പുനർ വായനയിലൂടെയാണ് മുഖ്യമായും ഉണ്ടായതെന്ന് പറയുന്നതിന്റെ സൂചന എന്തായിരിക്കാം?
‘നവോത്ഥാന’മെന്ന് വിശേഷണത്തിൽ തന്നെ പ്രശ്നം തുടങ്ങുന്നു. ക്രിസ്തുമതവും ഇസ്‌ലാമും നവോത്ഥാനത്തിന്റെ ഭാഗമാണോ എന്ന ചോദ്യം ഉയരുന്നതു പോലുമില്ല – അതു വേറെ കാര്യം. മാത്രമല്ല, മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ ഇക്കാലത്ത് സാമൂഹിക മാറ്റത്തിനായി നിലകൊണ്ട മിക്ക സംഘടനകളെയും പുരുഷന്മാരെയും പേരെടുത്തു പറയുന്നു. ഇവയ്ക്കെല്ലാം ഏതാണ്ട് തുല്യമായ കനം കൽപ്പിക്കുന്നു. എന്നാൽ ഈ കാലത്തുണ്ടായി വന്ന പുതിയ ജാതി സമുദായ രൂപീകരണങ്ങളെപ്പറ്റി സമീപകാലത്തുണ്ടായിരിക്കുന്ന ചരിത്ര പഠനങ്ങളെല്ലാം തന്നെ മറിച്ചാണ് സൂചിപ്പിക്കുന്നത്. അയ്യൻകാളിയെയും മന്നത്തു പത്മനാഭനെയും ഒരേ ശ്വാസം കൊണ്ട് വലിച്ചെടുക്കാനാവില്ല. എന്തിന്, മതേതരത്വത്തിന്റെ പേരിൽ പോലും അതു വസ്തുതാപരമായി സാദ്ധ്യമല്ല. കാരണം മുഖ്യമന്ത്രി വാഴ്ത്തിപ്പറഞ്ഞ വരിൽ പലരും മതേതരത്വത്തിലൂടെ സാമൂഹിക നീതിയെക്കാൾ മത നവീകരണത്തിലൂടെ യും മതത്തെ പുതുതായി ചെയ്യുന്നതിലൂടെയും സാമൂഹികനീതിയും തുല്യതയും നേടാൻ ആഹ്വാനം ചെയ്തവരാണ്. പുതിയ ആത്മീയതയുടെ വക്താക്കളായവർ ഹിന്ദു സംസ്കാരത്തിന്റെ കീഴാള ആത്മീയ പാരമ്പര്യങ്ങളിൽ നിന്നും ക്രൈസ്തവ ആത്മീയതയിൽ നിന്നും ഊർജ്ജമുൾക്കൊണ്ടു കൊണ്ടാണ് സാമൂഹിക നീതിയെയും തുല്യതയെയും നിർവചിച്ചത്. ഇതെല്ലാം അവഗണിക്കുന്ന ഹിംസയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
അതിൽ ഉപരിയായി ഈ പ്രസ്ഥാനങ്ങളും മഹാപുരുഷന്മാരും സ്ത്രീകളുടെ സാമൂഹ്യനില എന്തായിരിക്കണമെന്നതിനെപ്പറ്റി വച്ചുപുലർത്തിയ ധാരണകൾ പരിശോധിക്കേണ്ട ആവശ്യം പോലുമില്ല എന്ന സൂചനയാണ് ഈ നവോത്ഥാന പ്രഘോഷണം നൽകുന്നത്. ഇരുപതാം നൂറ്റാണ്ടിലുണ്ടായ സാമൂഹിക കടയലിൽ ഉരുത്തിരിഞ്ഞു വന്ന പുതിയ സ്ഥാപനങ്ങളിലെ ലിംഗപരമായ അസമത്വങ്ങളെ എതിർക്കുകയും തുറന്നു കാട്ടുകയും ചെയ്ത സ്ത്രീകൾ എന്നും മുഖ്യധാരയുടെ ഓരങ്ങളിലായിരുന്നു. അതുകൊണ്ടാണ് അവരുടെ ശബ്ദങ്ങൾ തീർത്തും കേൾക്കാതെയായത്. എന്നാലിന്ന് ഇടതുപക്ഷം സ്വീകരിക്കേണ്ടത് അവരെയായിരുന്നു. അതിനു പകരം സ്ത്രീകളെ ജീവശാസ്ത്ര പരിധികൾ എന്നു കരുതപ്പെട്ടിരുന്ന അതിരുകൾക്കു ള്ളിൽ തളച്ച, പിൽക്കാലത്ത് അതിൽ നിന്ന് ഇഞ്ചുപോലും മുന്നോട്ടു നീങ്ങാത്ത, പ്രസ്ഥാനങ്ങ ളെ വാഴ്ത്താനാണ് ഇന്നത്തെ ഇടതുപക്ഷ നേതൃത്വം ശ്രമിക്കുന്നത്. ഇവയിൽ നിന്നും വ്യത്യസ്തമായി 1990കളിൽ സമുദായ സംഘടനകളെ അപേക്ഷിച്ച് ലിംഗനീതികാര്യങ്ങളിൽ ഇടതുപക്ഷം മുന്നോട്ടു പോകുമെന്ന പ്രതീക്ഷ, അതെത്ര ദുർബലമായിരുന്നെങ്കിലും, യാഥാർത്ഥ്യമായിരുന്നു. എന്നാൽ ആ വ്യത്യാസം പോലും പരിഗണിക്കാതെയാണ് സി പി സുഗതനെപ്പോലുള്ള ആണധികാരികളുമായി ചേർന്ന് സമരപരിപാടി നടത്താൻ സിപിഎം തയ്യാറാവുന്നത്.
ഇരുപതാം നൂറ്റാണ്ടിൽ ഉരുത്തിരിഞ്ഞു വന്ന പുതിയ ലിംഗഭേദ വ്യവസ്ഥയിൽ സ്ത്രീകൾക്ക് ആധുനികതയാൽ മാറ്റിത്തീർക്കപ്പെട്ടതെങ്കിലും പരിമിതമായ പൊതുരംഗപ്രവേശം മാത്രം അനുവദിച്ചിരുന്ന ഗൃഹണീധർമ്മമാണ് കൽപ്പിക്കപ്പെട്ടത്. നാരായണഗുരുവിന്റെ ചിന്തയിൽ ഈ വ്യവസ്ഥയെ പ്രതിരോധിക്കുന്ന വായനാസാദ്ധ്യതകൾ ഉണ്ടെങ്കിലും സ്ത്രീയെ ഗൃഹധർമ്മം വഹിക്കേണ്ടവളായാണ് ഇക്കാലത്തെ ചിന്തകർ അധികവും കണ്ടത്.
സ്ത്രീശരീരത്തെ അങ്ങേയറ്റം പാർശ്വവത്ക്കരിച്ചുകൊണ്ടായിരിന്നു ഇത്. സ്ത്രീശരീരം പുതിയ കുടുംബത്തെ പ്രജനനത്തിലൂടെ സൃഷ്ടിക്കുന്നതും അദ്ധ്വാനത്തിലൂടെ അതിനെ നിലനിർത്തുന്നതുമായ ഉപകരണമായി മാത്രം കാണപ്പെട്ടു. അതിന്റെ ലൈംഗികതയെ പ്രജനനാവശ്യത്തിന് കീഴ്‌പ്പെടുത്തിയും ലൈംഗികാനന്ദ സാദ്ധ്യതയെ പരമാവധി കുറ്റകരമാക്കിയുമാണ് കേരളീയ സമുദായപരിഷ്ക്കരണങ്ങൾ മുന്നേറിയത്. കേരളത്തിലിന്നും ആർത്തവസംബന്ധമായ അന്ധവിശ്വാസം ശക്തിയായി തുടരുന്നത് ഇതിനാലാണ്.
ഈ പരിധികളുടെ മർദ്ദകസ്വഭാവം സംശയലേശമന്യേ തുറന്നു കാട്ടപ്പെട്ട കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ന് ലിംഗജനാധിപത്യ സാദ്ധ്യതകളെ വർദ്ധിപ്പിക്കുന്ന സമരങ്ങൾ സ്ത്രീശരീരങ്ങളുടെ സജീവതയെ ഊന്നിപ്പറയുന്നവയാണ്, അല്ലാതെ സ്ത്രീ ശരീരങ്ങളെ അനക്കമറ്റ മതിലാക്കി മാറ്റുന്നവയല്ല. സ്ത്രീശരീരത്തെ പാർശ്വവത്ക്കരിക്കുന്ന എല്ലാത്തരം പ്രയോഗങ്ങളെയും ആശയങ്ങളെയും പൊളിച്ചുകാട്ടുന്ന സമരങ്ങളാണിന്ന് വേണ്ടത്, അല്ലാതെ സ്ത്രീകളെ ഇഷ്ടമുള്ളപ്പോൾ അകത്തുനിർത്തിയും ഇഷ്ടമുള്ളപ്പോൾ മതിലാക്കി വെളിയിലെത്തിച്ചും നടത്തുന്ന കരുനീക്കങ്ങളല്ല. രണ്ടാമത് പറഞ്ഞവ ഒരുപക്ഷേ, സിപിഎമ്മിനെ അധികാരത്തിൽ നിലനിർത്താൻ ഉപകരിച്ചേക്കും. പക്ഷേ അതുകൊണ്ട് ലിംഗജനാധിപത്യം അൽപ്പം പോലും ഉണ്ടാകാൻ പോകുന്നില്ല. രഹ്ന ഫാത്തിമയെ ഇഷ്ടമില്ലായിരിക്കാം, പക്ഷേ അവരുടെ സമരങ്ങളാണ് നിലവിലുള്ള ലിംഗാധികാരത്തെ ചോദ്യംചെയ്യുന്നത്.
ഏറ്റവും കഷ്ടം തോന്നുന്നത് സിപിഎമ്മിനോട് ചേർന്ന് നിൽക്കുന്ന സ്ത്രീകളായ ബുദ്ധിജീവികളെക്കുറിച്ചോർക്കുമ്പോഴാണ്. ഫെമിനിസത്തിൽ നിന്ന് ഏറ്റവുമധികം ഗുണം നേരിട്ടും അല്ലാതെയും അനുഭവിച്ചത് അവരാണ്. എന്നിട്ട് സ്വന്തം നിശബ്ദതയിലൂടെയും വിധേയത്വത്തിലൂടെയും ഇരിക്കുന്ന മരച്ചില്ല വെട്ടിയിട്ടു കൊണ്ടിരിക്കുകയാണ് അവർ. വരുംതലമുറയിലെ സ്ത്രീകൾ, നമ്മുടെ പെൺകുട്ടികൾ, അവരോട് ഈ നട്ടെല്ലില്ലായ്മപ്പറ്റി ചോദിക്കുക തന്നെ ചെയ്യും.
Read More: ജെ. ദേവിക എഴുതിയ ലേഖനങ്ങൾ ഇവിടെ വായിക്കാം