scorecardresearch
Latest News

Kerala Piravi: ‘ഭാസാവി’യുടെ കാലത്തെ മലയാളം

മലയാളത്തിന്റെ ഇ-കാലം സൃഷ്ടിക്കാൻ പ്രതിഫലേച്ഛയില്ലാതെ അഹോരാത്രം സന്നദ്ധസേവനം ചെയ്യുന്ന മലയാളം ഭാഷാസാങ്കേതികവിദ്യാരംഗത്തെ പ്രതിഭകളെയും അവരുടെ സേവനങ്ങളെയും അംഗീകരിക്കുകയും അതു ചരിത്രത്തിൽ രേഖപ്പെടുത്തുകയും വേണം.

kerala piravi 2019, കേരള പിറവി ആശംസകൾ, kerala, kerala piravi messages, malayalam day, കേരള പിറവി ദിനം, short note about kerala piravi in malayalam, kerala piravi greetings, കേരള പിറവി, kerala piravi messages in malayalam, november 1 kerala piravi quotes, കേരള പിറവി ലേഖനം, kerala piravi greetings malayalam, കേരളപ്പിറവി ആഘോഷം, kerala piravi wishes in malayalam, malayalam, malayalam day

Kerala Piravi: മലയാളം മരിക്കുന്നു എന്നൊരു മുറവിളി ഇടക്കാലത്തു സർവ്വത്ര മുഴങ്ങിയിരുന്നു. എന്നാൽ ഇന്നതു കേൾക്കുന്നില്ല. മരിച്ചേക്കും എന്ന ആശങ്ക ഇല്ലാതായതാണോ അതോ മരിച്ചാലും സാരമില്ല എന്ന ചിന്ത വന്നതാണോ കാരണം? ഞാനും എന്റെ തട്ടാനും മതി എന്ന പഴഞ്ചൊൽ നിലപാടുപോലെ ഞാനും എന്റെ ഇംഗ്ലിഷും മതി എന്നൊരു സമീപനം ഒരുവിഭാഗത്തിൽ വളർന്നിട്ടുണ്ട് എന്നതു നേരുതന്നെ. അതേസമയം ആഗോളതലത്തിൽ ഉണ്ടാകുന്ന പുതിയ അറിവുകളും ചിന്തകളും മനസിലാക്കുന്നവർ അദ്ധ്യയന മാദ്ധ്യമമടക്കം മലയാളം ആകേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. അതൊക്കെ പുതിയ തലമുറകളുടെ കാര്യം. മലയാളം മരിക്കുന്നു എന്നു മുറവിളി ഉയർത്തിയ തലമുറയിലെ മിക്കവരും വാർദ്ധക്യത്തിലായെങ്കിലും ഇന്നുമുണ്ട്. അവരാരും ഇന്ന് ഈ അകാലമൃത്യുഭയം പുലർത്തുന്നില്ല. തീർച്ചയായും അതിനർത്ഥം മലയാളം മരിക്കും എന്ന് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലാതായിരിക്കുന്നു എന്നതു തന്നെ.

ലോകമാകെത്തന്നെ ഭാഷകൾ ഒരു പ്രത്യേക പരിണാമഘട്ടത്തിലാണെന്നു തോന്നുന്നു. ഒരുതരം ജനകീയവത്ക്കരണം, ജനാധിപത്യവത്ക്കരണം. എഴുത്തിന്റെ രീതികൾ മൺപലകയിലും ഇലയിലും തോലിലും നിന്നു കടലാസിലേക്കു മാറിയപ്പോഴും കടലാസിൽത്തന്നെ അച്ചടി എന്ന വിദ്യ വന്നപ്പോഴും ഈ പ്രക്രിയയിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. സമ്പൂർണ്ണസാക്ഷരതയും സാർവ്വത്രികവിദ്യാഭ്യാസവുമൊക്കെ സാദ്ധ്യമാക്കിയത് കടലാസും അച്ചടിയുമാണ്. ഭാഷാചരിത്രത്തിലെ പിന്നത്തെ വലിയ വിപ്ലവമാണു ഡിജിറ്റൽലോകത്തേക്കുള്ള കുതിച്ചുചാട്ടം. ഭാഷാസാങ്കേതികവിദ്യ എന്നൊരു മേഖലയ്ക്കുതന്നെ അതു രൂപം‌നൽകി. ഭാസാവി എന്നു ചുരുക്കിപ്പറയാവുന്ന ആ വിദ്യയാണു മലയാളത്തിനടക്കം പുതുജീവനും പുതിയ ജനകീയതയും ജനാധിപത്യവുമൊക്കെ സമ്മാനിച്ചത്.

Read More: കേരളത്തിന്റെ ബൗദ്ധികതയും മലയാളിയുടെ ഭൗതികതയും

ലാൻഡ് ഫോണുകളുടെ പുഷ്ക്കലകാലത്തുപോലും നാട്ടിൽ ഫോണില്ലാത്ത വീടുകളായിരുന്നു ഭൂരിപക്ഷം. എന്നാൽ സെൽ ഫോണുകൾ സൃഷ്ടിച്ച വിപ്ലവം ഇന്നു കേരളത്തിലെ ജനസംഖ്യയെക്കാൾ കൂടുതൽ ഫോൺ കണക്ഷനുകൾ എന്ന നിലയിലേക്ക് എത്തിച്ചിരിക്കുന്നു. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഭാഷാപ്രയോഗങ്ങൾ ഇന്നു കമ്പ്യൂട്ടറുകളിൽ നടക്കുന്നതിന്റെ പലമടങ്ങു നടക്കുന്നത് സ്മാർട്ട് ഫോണുകളിലൂടെയാണ്. ലാൻഡ് ഫോണിന്റെ ഉദാഹരണം പോലെതന്നെയുള്ള പ്രതിഭാസമാണു കമ്പ്യൂട്ടർ ഉള്ള വീടുകളുടെയും സ്മാർട്ട് ഫോണുള്ള ആളുകളുടെയും അനുപാതത്തിലും കണ്ടത്. ലോകത്ത് എവിടെ നടക്കുന്ന കാര്യവും നൊടിയിടയിൽ നിങ്ങളുടെ കൈപ്പേച്ചിയുടെ കാഴ്ചത്തകിടിൽ വരുത്താനും നിങ്ങളുടെ സന്ദേശവും ആശയവും അതേവേഗത്തിൽ ലോകത്തെവിടെയുമുള്ള ഒരാളിലേക്കോ ഒരുകൂട്ടം ആളുകളിലേക്കോ എത്തിക്കാനും കഴിയുമാറ് ആശയവിനിമയവിദ്യയിൽ വന്ന വിപ്ലവവും ഭാസാവിയുടെ നേട്ടങ്ങളോടു കൈകോർത്തപ്പോഴാണു ലോകമാകെയുള്ള ഭാഷകൾക്കു പുതുജീവൻ കൈവന്നത്.
മലയാളത്തിലേക്കുള്ള ഭാഷാ സാങ്കേതിക വിദ്യ(ഭാസാവി)യുടെ വരവ്

kerala piravi ,smc.org.in, malayalam fonts, caligraphy , bhatathiri , dkf
Kerala Piravi: ഈ വിപ്ലവത്തിന്റെ ആദ്യവേളയിൽ മലയാളികളിൽ കമ്പ്യൂട്ടറും സ്മാർട്ട് ഫോണും ഉപയോഗിച്ചു കാര്യങ്ങൾ ചെയ്തിരുന്നവർക്ക് അവരുടെ ആവശ്യങ്ങൾ ഇംഗ്ലിഷിൽ നിർവ്വഹിക്കാൻ ബുദ്ധിമുട്ടില്ലാതിരുന്നതിനാൽ ഭാസാവി മലയാളത്തിനുവേണ്ടി വികസിപ്പിക്കേണ്ടതിനെപ്പറ്റി കാര്യമായ ഉത്ക്കണ്ഠ ഉണ്ടായില്ല. സർക്കാർതലത്തിലാകട്ടെ, ഭാഷയും വിവരസാങ്കേതികവിദ്യയും വെവ്വേറെ വകുപ്പുകൾ ആയതിന്റെയും പല പല സ്ഥാപനങ്ങൾ ആയതിന്റെയും മുറപോലെയുള്ള സർക്കാർരീതിയുടെയും ഒക്കെ പ്രശ്നങ്ങൾ ഈ രംഗം അവഗണിക്കപ്പെടാൻ ഇടയാക്കി. ഭാഷാരംഗത്തുള്ളവർക്കു സാങ്കേതികവിദ്യയിലും സാങ്കേതികവിദഗ്ദ്ധർക്കു ഭാഷാശാസ്ത്രത്തിലും അറിവും താല്പര്യവും ഇല്ലാതിരുന്നതും ആദ്യഘട്ടത്തിൽ വിനയായി. സാങ്കേതികവിദ്യയെയൊക്കെ മോശം കാര്യം എന്ന ആഢ്യത്വനിലപാടെടുത്ത ഭാഷാസാഹിത്യപ്രഭൃതികൾപോലും ഉണ്ടായിരുന്നു. മലയാളമൊക്കെ എന്തോന്ന് എന്നു കരുതിയ കമ്പ്യൂട്ടർ‌പടുക്കളും ഉണ്ടായിരുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ നാം ആദ്യദശകളിൽ പരിചയിച്ചതും ഉപയോഗിച്ചുതുടങ്ങിയതുമായ ഭാസാവി പ്രയോഗങ്ങൾ കമ്പ്യൂട്ടർ‌രംഗത്തെ ആഗോളക്കുത്തകഭീമന്മാർ വികസിപ്പിച്ചവയാണ്. ഇതരഭാഷകൾ കമ്പ്യൂട്ടറുകളിൽ സാദ്ധ്യമാക്കിക്കൊണ്ടേ അവർക്കു കമ്പ്യൂട്ടറുകളുടെയും സോഫ്റ്റ്‌വെയറുകളുടെയും വില്പന വളർത്താൻകഴിയൂ എന്നതാണ് പ്രാദേശികവത്ക്കരണം എന്ന പേരിൽ ലോകഭാഷകൾക്കെല്ലാം കമ്പ്യൂട്ടർപ്രയോഗങ്ങൾ വികസിപ്പിക്കാൻ അവരെ പ്രേരിപിച്ചത്. 2009-ഓടെ ഇ-മെയിയിലിൽ മങ്ക്ലിഷ് രീതിയിൽ മലയാളം ടൈപ്പ് ചെയ്യാൻ സംവിധാനം വന്ന വിപ്ലവകാലമൊക്കെ ഓർമ്മയില്ലേ? അതുവരെ മലയാളത്തിൽ വല്ലതും ടൈപ്പ് ചെയ്യണമെങ്കിൽ ഡിറ്റിപി സെന്ററുകളിൽ പോകണമായിരുന്നു. അച്ചടിയാവശ്യങ്ങൾക്കുംമറ്റുമായി വികസിപ്പിച്ച പേജ്‌മേക്കറും ഐ‌എസ്‌എമ്മും ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടറുകളിൽ മാത്രമേ മലയാളം ടൈപ്പ് ചെയ്യാൻ പറ്റുമാറ്റിരുന്നുള്ളൂ.

ഇ-ഭാഷാവിപ്ലവത്തിന്റെ ആധാരശിലകൾ

പഴയ 8-ബിറ്റ് പേഴ്സണൽ കമ്പ്യൂട്ടറുകൾക്കു പകരം 16-ബിറ്റ് പേഴ്സണൽ കമ്പ്യൂട്ടറുകൾ വന്നതോടെ കമ്പ്യൂട്ടറിന് ഉൾക്കൊള്ളാവുന്ന ലിപിസ്ഥാനങ്ങളുടെ (character codes) എണ്ണം അതുവരെ ഉണ്ടായിരുന്ന 256 എന്ന പരിമിതി മറികടന്നു. ഈ സാദ്ധ്യത ഉപയോഗപ്പെടുത്താനായി ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടർകമ്പനികളെല്ലാം ചേർന്ന് 1991-ൽ രൂപം നൽകിയ യൂണിക്കോഡ് കൺസോർഷ്യമാണ് ലോകത്തെ എല്ലാ ഭാഷകളെയും ഒരേസമയം ഉൾക്കൊള്ളാൻ കഴിയുന്ന ബൃഹദ്‌ലിപിസഞ്ചയം സാദ്ധ്യമാക്കിയത്.
ഇതു ഭാഷകൾ തമ്മിലുള്ള കമ്പ്യൂട്ടറധിഷ്ഠിതവിനിമയങ്ങൾ സാദ്ധ്യമാക്കി. പരിഭാഷ (translation), ഒരു ഭാഷയെ ആ ഉച്ചാരണത്തിൽത്തന്നെ വായിക്കാൻ മറ്റൊരു ഭാഷയുടെ ലിപിയിലേക്കു മാറ്റാവുന്ന ലിപ്യന്തരണം (transliteration), ഒരു ഭാഷ ടൈപ്പ് ചെയ്യുമ്പോൾത്തന്നെ മറ്റു ഭാഷകൾകൂടി ടൈപ്പ് ചെയ്യാനും ഫോണ്ടു മാറ്റിയാലും ഭാഷ മാറിപ്പോകാതിരിക്കാനും കഴിയുന്ന അവസ്ഥ, ലോകത്തെവിടെയുള്ള കമ്പ്യൂട്ടറിലും ഏതു ഭാഷയുടെ ലിപിയും കാണാനുള്ള സാഹചര്യം എന്നിവയൊക്കെ ഇതിലൂടെ നടപ്പായി. ഇതോടെ ഐഎസ്‌എം പോലുള്ള ഇടനിലസോഫ്റ്റ്‌വെയറില്ലാതെ ഏതുഭാഷയും എനേബിൾ ചെയ്യാവുന്ന, അവയുടെയൊക്കെ ഫോണ്ടുകൾ എം‌ബെഡ് ചെയ്ത ഓപ്പറേറ്റിങ് സിസ്റ്റങ്ങളും വന്നു. ഇന്റർനെറ്റ് എന്ന മഹാത്ഭുതവും അതിലൂടെ വികസിച്ച വിവരപരിപാലന-വിനിമയസങ്കേതങ്ങളും ഇതിനിടെ വ്യാപിച്ചതോടെ ലോകമാകെ ഭാഷാവിപ്ലവത്തിനു കളമൊരുങ്ങി.

kerala piravi ,smc.org.in, malayalam fonts, caligraphy , bhatathiri , dkf
സ്വന്തം ഭാഷയിൽ ടൈപ്പ് ചെയ്യൽ, ഇ-മെയിൽ, ബ്ലോഗ്, വെബ്‌സൈറ്റുകൾ, ഓർക്കുട്ട് പോലുള്ള സൗഹൃദശൃംഖലകൾ, ഫേസ്‌ബുക്കുപോലുള്ള സമൂഹമാദ്ധ്യമങ്ങൾ എന്നിവയിലൊക്കെ മലയാളം ഉപയോഗിക്കൽ, സെൽ ഫോണിൽ ആദ്യം മലയാളത്തിൽ എസ്‌എം‌എസ്, വാട്ട്‌സാപ് പോലുള്ള വിവരം പങ്കുവയ്ക്കൽ സങ്കേതങ്ങൾ, കമ്പ്യൂട്ടറിൽ സാദ്ധ്യമായ മേല്പറഞ്ഞ എല്ലാ പ്രവൃത്തികളും, എന്തിന്, പണം കൈമാറ്റവും ഷോപ്പിങ്ങും വരെ മലയാളത്തിൽ ഇന്ന് അനായാസമായിരിക്കുന്നു. മലയാളത്തിൽ തെരയലും അകാരാദിക്രമംപോലെ അടുക്കിയെടുക്കലുമൊക്കെ ഇന്നു യാഥാർത്ഥ്യമാണ്. കയ്യെഴുത്തുതാളിനെയും അച്ചടിത്താളിനെയും സ്കാൻ ചെയ്തു ഡിജിറ്റൽ ലിപിയിലാക്കുക, സ്ക്രീനിൽ എഴുതുന്നതും ഫോണിനോടു പറയുന്നതുമൊക്കെ അക്ഷരമായും മറിച്ചും മാറ്റുക എന്നിവയൊക്കെ സാദ്ധ്യമായിരിക്കുന്നു. ഇംഗ്ലിഷിലൊക്കെ ഉള്ളതുപോലെ ടൈപ്പ് ചെയ്യുമ്പോൾത്തന്നെ അക്ഷരത്തെറ്റും വ്യാകരണത്തെറ്റുമൊക്കെ ചൂണ്ടിക്കാട്ടിത്തരുന്ന സ്പെൽ ചെക്ക്, ഗ്രാമർ ചെക്ക് ഒക്കെ വൈകാതെ പൂർണ്ണരൂപത്തിൽ പ്രാവർത്തികമാകും.

മലയാളത്തിനുവേണ്ടി ഇതൊക്കെ ചെയ്തവരാര് എന്നത് ഇവ ഉപയോഗിക്കുന്ന ആർക്കുംതന്നെ അറിയില്ല. ആരും നാളിതുവരെ അന്വേഷിച്ചിട്ടും ഉണ്ടാവില്ല. പക്ഷേ, അത് അറിയാതെയും അവരെ അംഗീകരിക്കാതെയും ഇരിക്കുന്നതു കൃതഘ്നതയാണ് എന്നു പറയാതെവയ്യ. ഇതു പറയുന്ന ഞാൻപോലും ഇവരെയൊക്കെ അറിയാനിടയായത് തികച്ചും യാദൃച്ഛികമായാണ്.
മലയാളത്തിലെ ആദ്യ യൂണിക്കോഡ് ഫോണ്ടിന്റെ ആവിഷ്ക്കർത്താക്കളായ ‘രചന അക്ഷരവേദി’യെയും അവരുടെ രചന ഫോണ്ടിനെയും മലയാളീവായനക്കാർക്കു പരിചയപ്പെടുത്തിയ ലേഖനങ്ങളുടെയും ഇന്രർനെറ്റിനെ കുറിച്ചുളള മലയാളത്തിലെ ആദ്യത്തെ രണ്ട് ലേഖനങ്ങളിലൊന്ന് എഴുതുകയും ചെയ്തുവെന്നതിലൂടെയാണ് ഭാസാവിയുമായി എനിക്ക് ബന്ധം തുടങ്ങുന്നത്. ഈ ലേഖനങ്ങളിലൂടെ രൂപപ്പെട്ട ബന്ധം രചന അക്ഷരവേദിയുടെയും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെയും വിക്കി മലയാളം പ്രസ്ഥാനത്തിന്റെയും ഐസിഫോസിന്റെയും സിഡിറ്റിന്റെയും മോസിലയുടെയുമൊക്കെ പരിപാടികളിൽ ക്ഷണിക്കപ്പെടാനും പങ്കാളിയാകാനും അവസരമൊരുക്കി. അതാണ് ഭാഷാസാങ്കേതികവിദ്യാരംഗത്തെ ഒട്ടെല്ലാ മുൻനിരക്കാരെയും പരിചയക്കാരാക്കിയത്. ഇപ്പോൾ തയ്യാറായിവരുന്ന ഭാസാവി നയത്തിന്റെ ആവിഷ്ക്കരണത്തിൽ അതുവഴി പങ്കാളിയാകാനും ഇതെല്ലാം അവസരമൊരുക്കി.

Kerala Piravi: സന്നദ്ധസേവനത്തിന്റെ മഹത്വവഴി

മലയാളത്തിലെ ഭാഷാസാങ്കേതികവിദ്യയുടെ നാളിതുവരെയുള്ള കഥ നിസ്വാർത്ഥസേവനത്തിന്റെയും സമർപ്പണത്തിന്റേതുമാണ്. ഫോണ്ടുനിർമ്മാണത്തിലായിരുന്നു തുടക്കം എന്നാണു മനസിലാക്കുന്നത്. യൂണിക്കോഡ് ഫോണ്ടായിട്ടല്ലെങ്കിലും ആസ്കി (ASCII) സംവിധാനത്തിന്റെ പരിമിതിക്കുള്ളിൽനിന്നുകൊണ്ട് മലയാളത്തിലെ സമ്പൂർണ്ണലിപിസഞ്ചയം കമ്പ്യൂട്ടറിൽ സാദ്ധ്യമാക്കിയതു പരാമർശിക്കാതെ യൂണിക്കോഡ് ഫോണ്ടു ചരിത്രത്തിലേക്കു കടക്കുന്നതു ശരിയല്ല. രണ്ടുപതിറ്റാണ്ടുമുമ്പ് (1998-99) രചന അക്ഷരവേദിയാണ് അതു ചെയ്തത്. കെ.എച്ഛ്. ഹുസൈൻ, സുബാഷ് കുര്യാക്കോസ്, ആർ. ചിത്രജകുമാർ, എൻ. ഗംഗാധരൻ എന്നിവരായിരുന്നു രചന അക്ഷരവേദിയുടെ പ്രവർത്തകർ. ‘സമകാലികമലയാളം’ വാരികയിൽ പ്രൊഫ: എം. കൃഷ്ണൻ നായരുടെ സാഹിത്യവാരഫലവും നിത്യചൈതന്യയതിയുടെ പുസ്തകങ്ങളുമൊക്കെ ഇതിൽ അച്ചടിച്ചെങ്കിലും ഇന്റർനെറ്റിൽ ഇതിനു വിശേഷിച്ചു പ്രയോഗങ്ങൾ സാദ്ധ്യമായിരുന്നില്ല. അവരുമായുള്ള സഹകരണത്തിൽ 1999 മുതൽ ഞാനും തുടങ്ങി എന്റെ അനുയാത്ര.

 

kerala piravi ,smc.org.in, malayalam fonts, caligraphy , bhatathiri , dkf

ഇതേകാലയളവിലാണ്, മലയാളം കീബോർഡ് പ്രത്യേകമായി പഠിക്കാത്തവർക്ക് ട്രാൻസ്‌ലിറ്ററേഷൻ രീതി (ഫൊണറ്റിക് രീതി)യിൽ ടൈപ്പ് ചെയ്യാവുന്ന ഇൻപുട്ട് ടൂളായ ‘മംഗ്ലിഷ്‘ വരുന്നത്. അതുവരെ ഇൻസ്ക്രിപ്റ്റ് രീതിയിൽ മാത്രമാണ് ടൈപ്പിങ് സാദ്ധ്യമായിരുന്നത്. മംഗ്ലിഷ് എല്ലാവരെയും മലയാളം ടൈപ്പ് ചെയ്യാൻ പ്രാപ്തരാക്കി. ടി.എൻ. സലിമും ശോഭ മേനോനും നയിച്ച റീ-ഇൻഫോം എന്ന കമ്പനിയായിരുന്നു ആ സോഫ്റ്റ്‌വെയറിന്റെ പ്രണേതാക്കൾ. സിബുവിന്റെ വരമൊഴിയാണ് ഇക്കാലത്തെ എടുത്തുപറയേണ്ട മറ്റൊരു മുന്നേറ്റം. ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ മലയാളം ടൈപ്പ് ചെയ്യാവുന്ന ഏതാനും പ്രോഗ്രാമുകളുമായി മൊഴി എന്നപേരിലാണ് ഇതു വന്നത്. ഇവയെ സമഗ്രമായി കൂട്ടിയിണക്കിയാണ് 2002-ൽ സിബു വരമൊഴി എഡിറ്റർ നമുക്കു സമ്മാനിച്ചത്.

1999-ൽ ഹെലിങ്‌മാൻ (Jeroen Hellingman) നിർമ്മിച്ച് എൻ. വി ഷാജി മെച്ചപ്പെടുത്തിയെടുത്ത മലയാളം എന്ന ട്രൂ ടൈപ്പ് ഫോണ്ടും അജയ് ലാൽ (സൂപ്പർസോഫ്റ്റ്) പുറത്തിറക്കിയ തൂലിക യുണികോഡും ആയിരിക്കണം മലയാളത്തിലെ ആദ്യ യൂണിക്കോഡ് ഫോണ്ടുകൾ എന്ന് ഈ രംഗം സൂക്ഷ്മമായി നിരീക്ഷിക്കുന്ന വിശ്വപ്രഭ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കു പ്രായോഗികതലത്തിൽ ചില പരിമിതികൾ ഉണ്ടായിരുന്നു. അവകൂടി മറികടന്ന് കെവിൻ മേനോത്തും പത്നി സിജിയും ചേർന്നു 2004-ൽ വികസിപ്പിച്ച അഞ്ജലിയാണ് വേഗം സ്വീകാര്യത നേടിയ യൂണിക്കോഡ് ഫോണ്ട്. രചനയുടെ ആസ്കി ഫോണ്ടുകളായിരുന്നു ഇവർക്കു പ്രചോദനം. ഇതേവർഷംതന്നെ രചനയും യൂണിക്കോഡ് രൂപം പുറത്തിറക്കി. ഇവ അന്ന് ഭൂരിപക്ഷം ഉപഭോക്താക്കളും ഉപയോഗിച്ചിരുന്ന മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രയോഗത്തിലാക്കാൻ വേണ്ട ഇടപെടലുകൾ ഉണ്ടായില്ലെന്ന് വിലയിരുത്തലുണ്ട്. അതിനാൽ, പിന്നാലെ വന്ന ഏരിയൽ യുണികോഡ് (മൈക്രോസോഫ്റ്റ്), കാർത്തിക (മൈക്രോസോഫ്റ്റ്) തുടങ്ങിയവയാണ് ഭൂരിപക്ഷം കമ്പ്യൂട്ടറിലും ഉപയോഗിക്കപ്പെട്ടത്. ഇവയ്ക്കൊപ്പം Code2000, നിള, പാണിനി, സരണി, കറുമ്പി (കെവിൻ), സമ്യക് തുടങ്ങിയ ഫോണ്ടുകളും ഇന്റർനെറ്റിൽ സജീവമായി.

രചനപോലെതന്നെ മനോഹരമായ മീര എന്ന ഫോണ്ടാണ് പിന്നീടു വലിയ സ്വാധീനമായത്. ഇതു പൂർണ്ണമായും കെ.എച്ച്. ഹുസൈന്റെ സംഭാവനയാണ്. പിൽക്കാലത്തു മലയാളത്തിന് ഒരു വിവരവ്യവസ്ഥ കരുപ്പിടിപ്പിക്കുന്നതിലും സുപ്രധാനപങ്കു വഹിച്ചയാളാണ് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലും യൂണിവേഴ്സിറ്റി ലൈബ്രറിയിലും മഹാത്മാഗാന്ധി സർവ്വകലാശാലയിലുമൊക്കെ നടന്ന ഡിജിറ്റൈസേഷനുകൾക്കു സോഫ്റ്റ്‌വെയർ പിന്തുണയും ആശയവ്യക്തതയും നേതൃപരമായ സേവനവും നൽകിയ ഹുസൈൻ.

വരമൊഴി എഡിറ്ററിൽ ടൈപ്പു ചെയ്ത് യൂണിക്കോഡിലേക്ക് എക്സ്പോർട്ട് ചെയ്യുന്നതായിരുന്നു ആദ്യകാലത്തെ ഇൻപുട്ട് രീതി. ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ നേരിട്ട് ഒരു വിൻഡോയിൽ മലയാളം ടൈപ്പുചെയ്യാവുന്ന സമ്പ്രദായം കൊണ്ടുവന്നത് വർഗീസ് സാമുവലാണ്. ടാവുൽടെ സോഫ്റ്റിന്റെ കീമാൻ എന്ന പ്രോഗ്രാമിൽ ഉപയോഗിക്കാവുന്ന തരത്തിൽ, മൊഴി അടിസ്ഥാനമാക്കി വർഗീസ് സാമുവൽ 2005 മാർച്ചിൽ ‘മലയാളം അക്ഷരം പെറുക്കി’ എന്ന കീമാപ്പ് ഉണ്ടാക്കി. ഇതാണു പിന്നീട് ‘വാമൊഴി’ ആയത്. വിൻഡോസിനുമാത്രം ഉള്ളതായിരുന്നു. ലിനക്സിന് കൂടി പറ്റുന്ന ‘മൊഴി’ എന്ന കീമാപ്പ് പെരിങ്ങോടൻ എന്ന് അറിയുന്ന രാജ് നായർ 2005 ജൂണിൽ ആവിഷ്ക്കരിച്ചു. ജുനൈദിന്റെ കീമാജിക് ആണ് ഇന്നു പരക്കെ സ്വീകാര്യതയുള്ള മറ്റൊരു ഇൻപുട്ട് സങ്കേതം.

യുണികോഡ് മലയാളത്തിന് ഇന്ന് ബരാഹ, ഐ.എസ്.ഐ.എസ്., ഭാഷാ ഇന്ത്യയുടെ കീമാപ്പുകൾ, എസ്.ഐ.എൽ കൺവെർട്ടറുകൾ, രചനയും സുറുമയും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങും സിഡാക്കും മറ്റും വികസിപ്പിച്ച പ്രോഗ്രാമുകൾ ഒക്കെയുണ്ട്. ഇവയൊക്കെ പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച ബ്ലോഗർമാരും ഇവരെപ്പോലെതന്നെ ഓർമ്മിക്കേണ്ടവരാണ്.

Kerala Piravi: മറ്റു സാങ്കേതികപ്രയുക്തികൾ

ഫോണ്ടിനും ഇൻപുട്ട് രീതിക്കുമപ്പുറം സങ്കീർണ്ണമായ ഭാഷാശാസ്ത്രവുമായി ബന്ധപ്പെട്ടവയാണു പിന്നീടുവന്ന ഭാസാവി പ്രയോഗങ്ങൾ. അതിനു പിന്നിൽ പ്രവർത്തിച്ചുവരുന്ന ചിലരെ പരിചയപ്പെട്ടിരുന്നെങ്കിലും അവരെ കൂട്ടത്തോടെ കാണുന്നതും അവർ നിർവ്വഹിക്കുന്ന പ്രവൃത്തികളുടെ വൈപുല്യവും സങ്കീർണ്ണതയും മനസിലാക്കിയതും 2013-ൽ തൃശൂർ സാഹിത്യ അക്കാദമിയിൽ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് (എസ്.എം.സി.) സംഘടിപിച്ച സെമിനാറിലാണ്. അവർ എന്നെ ഞെട്ടിച്ചുകളഞ്ഞു. സന്ധിയും സമാസവും വിഭക്തിയും പദനിഷ്പത്തിശാസ്ത്രവും വാക്യനിർമ്മിതിയുടെ തത്വങ്ങളും ഒക്കെ മാലപ്പടക്കം പൊട്ടുന്നതുപോലെയുള്ള ഒന്നാന്തരം ഉപമകളിലൂടെ വിവരിച്ചും വിശകലനം ചെയ്തും അവർ കത്തിക്കയറിയപ്പോൾ, കാൽനൂറ്റാണ്ടുമുമ്പു ചുരുട്ടി പരണത്തുവച്ച എന്റെ വ്യാകരണപാഠങ്ങളിൽ ഞാൻ തപ്പിത്തടയുകയായിരുന്നു; ഒന്ന് അവർക്കൊപ്പം എത്താൻ!
അവരാരും ഭാഷയെന്ന നിലയിൽ മലയാളം പഠിച്ചവർ ആയിരുന്നില്ല എന്നതാണ് എന്നെ ഏറെ വിസ്മയിപ്പിച്ചത്. എല്ലാവരും ഒന്നാന്തരം ‘ടെക്കി’കൾ. സാക്ഷാൽ ‘ഐറ്റിക്കുഞ്ഞുങ്ങൾ’. പ്രായം 25, 30, ഏറിയാൽ 35. പത്തുനാല്പതുകൊല്ലം കോളെജുകളിൽ മലയാളവ്യാകരണം പഠിപ്പിച്ച ഭാഷാപണ്ഡിതരെ അതിശയിക്കുന്ന അവതരണം! വ്യാകരണക്ലാസിനുമപ്പുറം! ഒപ്പം ഐറ്റി രംഗത്തെ അതിസങ്കീർണ്ണമായ സാങ്കേതികവിദ്യകളും അവർ വിവരിക്കുന്നു. അതിന്റെ സമാപനസെഷനിൽ ‘ഭാഷാസാങ്കേതികവിദ്യയും മാദ്ധ്യമങ്ങളും’ എന്ന വിഷയം സംസാരിക്കാൻ ക്ഷണിക്കപ്പെട്ടതായിരുന്നു ഞാൻ. അവരുടെ കാര്യപരിപാടി കണ്ടപ്പോൾ പ്രഭാഷകനായല്ല, പഠിതാവായാണു പങ്കെടുക്കേണ്ടതെന്നു തോന്നി.
അങ്ങനെ രണ്ടു ദിവസവും ഉടനീളം ശ്രോതാവായി അവരുടെ ചർച്ചകളെല്ലാം കേട്ടുകഴിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ എനിക്ക് ആത്മജ്ഞാനം ഉണ്ടായി – എനിക്ക് ഒന്നും അറിയില്ല എന്ന തിരിച്ചറിവ്! എന്റെ ഊഴം വന്നപ്പോൾ ഞാൻ അതു തുറന്നു പറയുകയും ചെയ്തു. എനിക്കുവേണ്ടി മാത്രം ആയിരുന്നില്ല. മാദ്ധ്യമപ്രവർത്തക ഗോത്രത്തിന് ആകെ വേണ്ടി ആയിരുന്നു ആ കുമ്പസാരം. അങ്ങനെയാണ് ഭാഷാകമ്പ്യൂട്ടിങ്ങിന്റെ കാര്യത്തിലും പൊതുവിലുള്ള ഭാഷാസാങ്കേതികവിദ്യയുടെ കാര്യത്തിലും മാദ്ധ്യമപ്രവർത്തകരും പത്രമാദ്ധ്യമനടത്തിപ്പുകാരും (മഹാഭൂരിപക്ഷവും) വലിയയളവ് അജ്ഞരാണെന്ന സത്യം എല്ലാവരെയും ഓർമ്മിപ്പിക്കണമെന്ന തീരുമാനത്തിൽ കേരള മീഡിയ അക്കാദമിയുടെ മാസികയായ മീഡിയയിൽ ഇതേപ്പറ്റി സുദീർഘമായ ലേഖനം എഴുതുന്നത്. അതിൽ അവരെ ഞാൻ നമിച്ചു. അവരാണു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പ്രവർത്തകർ.

സ്വമക അഥവാ എസ്  എം സി

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചുരുക്കമാണു സ്വമക. smc.org എന്ന വെബ്‌സൈറ്റിൽ നമുക്ക് ഇവരുടെ കർമ്മരംഗത്തിന്റെ നഖചിത്രം കാണാം. വലിയൊരുനിര ചെറുപ്പക്കാരാണ് ഈ കൂട്ടായ്മക്കാർ. അവരുടെയെല്ലാം പേരുകൾ എഴുതണമെന്നുണ്ടെങ്കിലും വിട്ടുപോകൽ ഉണ്ടാകാം എന്നതിനാൽ മുതിരുന്നില്ല. സന്തോഷ് തോട്ടിങ്ങലിന്റെയൊക്കെ സേവനങ്ങൾ ലേഖനമായിത്തന്നെ എഴുതാനുണ്ട്. സന്തോഷിനൊപ്പം അനിവർ അരവിന്ദ്, സി.ഇ.റ്റി.യിലെ ദീപ പി. ഗോപിനാഥ്, ഹൃഷികേശ് ഭാസ്കരൻ, അനി പീറ്റർ (റെഡ് ഹാറ്റ്), മനോജ് കരിങ്ങാമഠത്തിൽ, സെബിൻ എ. ജേക്കബ്, ഹിരൺ വേണുഗോപാൽ, നവനീത് കെ.എൻ. എന്നിങ്ങനെ ഒരുപിടി പേരുകളാണ് ഓർമ്മയിൽ ഓടിയെത്തുന്നത്. ആ പ്രസ്ഥാനത്തിൽ ഉള്ളവരെല്ലാം‌തന്നെ ഭാസാവിയിലെ ഏതെങ്കിലുമൊക്കെ പ്രൊജക്റ്റുകൾ ചെയ്യുന്നവരാണ്. ഒന്നു തീരുമ്പോൾ മറ്റൊന്ന്. അവർ വിശ്രമിക്കുന്നില്ല.

kerala piravi ,smc.org.in, malayalam fonts, caligraphy , bhatathiri , dkf

എത്രയോ ഭാസാവി പ്രയുക്തികൾ അവരുടേതായി നാം ഉപയോഗിക്കുന്നു! ഇന്നുള്ള ഇരുപതോളം യൂണിക്കോഡ് ഫോണ്ടുകളിൽ ഒട്ടുമിക്കതും ഇവരുടെ സൃഷ്ടിയാണ്. അവയുടെ പരിപാലകരും ഇവർതന്നെ. ഗൂഗിളും മോസിലയുമടക്കം ആഗോളസ്ഥാപനങ്ങളുടെ വലിയ പ്രൊജക്റ്റുകൾക്കുള്ള സംഭാവനകൾമുതൽ സ്വന്തമായ ഗവേഷണ-വികസനപ്രവർത്തനങ്ങൾവരെ ചെയ്യുന്നവർ കൂട്ടത്തിലുണ്ട്. ഇവരുടെയെല്ലാം സംഭാവനകൾ എണ്ണിപ്പറയാനുള്ള പ്രാപ്തിയും വൈഭവവും എനിക്കില്ല. മണ്ണിലെഴുതുന്നതുപോലെ ചൂണ്ടുവിരൽകൊണ്ടു സ്മാർട്ട് ഫോണിന്റെ മുഖത്തു ചുമ്മാ കോറുന്നത് മനോഹരമായ അക്ഷരമായിമാറി സുഹൃത്തുക്കളിലേക്കു പറപറക്കുന്നതും ഫോണിനോടു നമ്മുടെ സ്വന്തം ഭാഷയിൽ സംസാരിക്കുന്നകാര്യങ്ങൾ അത് അക്ഷരവടിവിൽ ലിഖിതപാഠമാക്കി മാറുമ്പൊഴുമൊക്കെ നാം ഓർക്കേണ്ട എത്രയോ പേരുകളുണ്ട്. അഡോബും മൈക്രോസോഫ്റ്റും ഗൂഗിളുമെല്ലാം പുത്തൻ ഭാഷാഉല്പന്നങ്ങൾ വികസിപ്പിക്കുമ്പോൾ പലപ്പോഴും അവയ്ക്ക് ആധാരമാകുന്ന സോഴ്സ് കോഡുകൾ സ്വമകയിലെ അംഗങ്ങളടക്കമുള്ള ഈ സന്നദ്ധഭടർ കഷ്ടപ്പെട്ട് ഉണ്ടാക്കിയവ ആയിരിക്കുമെന്നും നാം അറിയണം.
യൂണിക്കോഡ് കൺസോർഷ്യവുമായി ഔദ്യോഗികമായി ബന്ധപ്പെടാനോ അതിൽ അംഗമാകാനോ ഒന്നും കേരളസർക്കാർ സന്നദ്ധമാകാതിരുന്ന ആദ്യകാലങ്ങളിൽ മലയാളത്തിനുവേണ്ടി ശുപാർശകൾ സമർപ്പിച്ചിരുന്നതും തർക്കവിതർക്കങ്ങളിൽ ഏർപ്പെട്ടിരുന്നതുമൊക്കെ ഇവരെപ്പോലുള്ളവരാണ്. ഫോണ്ട് എൻകോഡിങ്ങിൽ സിബു സി.ജെ.യെപ്പോലുള്ളവരൊക്കെ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ചില്ലുകൾ പ്രത്യേക ലിപിയായി ക്യാരക്റ്റർ കോഡ് പൊസിഷൻ നൽകേണ്ടതുണ്ടോ എന്നതുസംബന്ധിച്ചൊക്കെ അന്ന് ഓൺലൈനിലൂടെ നടന്ന സംവാദങ്ങൾ ആയിരക്കണക്കിനു പേജുവരും! സേർച്ച് എൻജിനിൽ ‘chillu‘ എന്നു ടൈപ്പ് ചെയ്താൽ വരുന്ന റിസൾട്ടുകണ്ടു ഞാൻ അമ്പരന്നുപോയിട്ടുണ്ട്. എന്നിട്ടും അതു തെറ്റായനിലയിൽ എൻകോഡ് ചെയ്യാനിടയായി. അതിന്റെ ദുരന്തം ഇപ്പോഴും നമ്മെ വേട്ടയാടുകയുമാണ്.

കാഴ്ചയില്ലാത്ത സത്യശീലൻ മാഷും മകൻ നളിനും പാഠത്തെ ശബ്ദമായും മറിച്ചും (ടെക്‌സ്റ്റ് റ്റു സ്പീച്ച്, സ്പീച്ച് റ്റു ടെക്‌സ്റ്റ്) പാഠത്തെ ബ്രെയിലായും ഒക്കെ മാറ്റുന്ന സാങ്കേതികവിദ്യയുടെരംഗത്തു നടത്തുന്ന ഇടപെടൽ വിസ്മയകരമാണ്. ഒരുലക്ഷത്തോളം പദങ്ങളും ഒന്നേമുക്കാൽ ലക്ഷമെങ്കിലും വിശദീകരണങ്ങളുമുള്ള ‘ഓളം ഓൺലൈൻ ഡിൿഷണറി‘മലേഷ്യയിൽ മെനക്കെട്ടിരുന്നുണ്ടാക്കിയ റത്തുക് കെ.ജെ. ജോസഫ് എന്ന വയോധികനായ പ്രവാസിമലയാളിയോടൊക്കെയുള്ള നമ്മുടെ കടപ്പാടു തീർത്താൽ തീരാവുന്നതാണോ! ഓപ്പൺ സോഴ്സിലും ആൻഡ്രോയിഡിലും അതുവഴി ഫോണിലുമെല്ലാം ഡിൿഷണറിയെ എത്തിച്ചുതന്നതു മലയാളത്തിന്റെ സമീപകാലവളർച്ചയിൽ ചെയ്ത സേവനം എത്രയോ വലുതാണ്. ഇങ്ങനെ സ്വന്തം‌നിലയിൽ ഒറ്റയാൾപ്പോരാട്ടങ്ങൾ നടത്തുന്ന വേറെയും പലരുമുണ്ട്.

ഡി.എ.കെ.എഫ്, വിക്കി, സായാഹ്ന

മറ്റൊരു പ്രധാന സന്നദ്ധസംഘടന ഡെമോക്രാറ്റിക് അലയൻസ് ഫോർ നോളജ് ഫ്രീഡം (ഡി.എ.കെ.എഫ്.) ആണ്. ഇവർ മലയാളം ഭാസാവി രംഗത്തു മാത്രമായി പ്രവർത്തനം കേന്ദ്രീകരിച്ചിട്ടുള്ള സംഘടനയല്ല. പേജുരൂപകല്പനയ്ക്കുള്ള സ്വതന്ത്രസോഫ്റ്റ്‌വെയറായ സ്ക്രൈബസ് ഇൻഡ്യൻ ഭാഷകൾക്കു യോജിക്കുമാറ് മാറ്റിയെടുക്കുന്നതിലടക്കം വലിയ സംഭാവന നൽകിയിട്ടുള്ള പ്രസ്ഥാനമാണത്. സിപിഐ‌എമ്മിന്റെ തെലുങ്കു പത്രമായ പ്രജാശക്തിക്കുവേണ്ടിയാണ് അന്നു സ്ക്രൈബസ് രൂപപ്പെടുത്തിയത്. ഈ പ്രൊജക്റ്റിൽ ഉണ്ടായിരുന്ന റ്റി. ഗോപകുമാറും ജോബിയും ഡി.എ.കെ.എഫിന്റെ സജീവപ്രവർത്തകരായ ജോസഫ് തോമസ്, എം. കൃഷ്ണദാസ്, കെ.വി. അനിൽ കുമാർ, നേരത്തേ പറഞ്ഞ റ്റി.കെ. സുജിത്ത്, ചെന്നൈ ഐഐറ്റിയിലെ ഡിറ്റി മാത്യു ഒക്കെ എടുത്തുപറയാവുന്നവരായി ഉണ്ട്. അരുണിന്റെയും മറ്റും നേതൃത്വത്തിൽ പ്രവർത്തിച്ചുവന്ന സ്പേസ്, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെയും ഡി.എ.കെ.എഫിന്റെയുമൊക്കെ പ്രവർത്തകരിൽ പലരും മലയാളം വിക്കി പ്രസ്ഥാനത്തിന്റെയും പ്രവർത്തകരാണ്. വിശ്വപ്രഭയെയും കരിങ്ങാമഠത്തിലിനെയും റ്റി.കെ. സുജിത്തിനെയും ഷിജു അലക്സിനെയും പോലെ വിക്കിയിൽ സജീവമായിനിന്ന് ഓൺലൈനിലെ മലയാളം ഉള്ളടക്കം പരിപോഷിപ്പിച്ചവർ നിരവധി. ഇവയിലൊക്കെ വലിയ സംഭാവന ചെയ്ത എത്രയോപേർ ഞാൻ അറിയാത്തവരായി ഉണ്ട്. അതുകൊണ്ട് പേരുകളൊക്കെ വ്യക്തിപരമായ പരിചയം അടിസ്ഥാനമാക്കി പറഞ്ഞുപോകുന്നവ മാത്രമാണ്.

സന്നദ്ധസേവനത്തിന്റെ കാര്യത്തിൽ അവിസ്മരണീയമായ പേരാണ് സി.വി.ആർ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സി.വി. രാധാകൃഷ്ണന്റേത്. അക്കാദമികപ്രസാധനരംഗത്ത് ഇപ്പോൾ അവസാനവാക്കായ ടെക് (TeX) എന്ന സോഫ്റ്റ്‌വെയറിന്റെ പ്രചാരകനും പ്രയോക്താവുമായ ഇദ്ദേഹമാണ് അതിനെ മലയാളത്തിന് ഉതകുമാറു പരിവർത്തിപ്പിച്ചത്. മലയാളത്തിൽ സ്വതന്ത്രലൈസൻസിങ്ങിലുള്ള ഓൺലൈൻ പ്രസാധനത്തിനു വലിയതോതിൽ തുടക്കംകുറിച്ചുകഴിഞ്ഞ ഇദ്ദേഹം സായഹ്ന എന്ന സന്നദ്ധപ്രസ്ഥാനവും ആ പേരിലുള്ള ബ്ലോഗും വഴി മലയാളത്തിന്റെ ഓൺലൈൻ സമ്പത്തു വിപുലമാക്കുകയാണ്. ഇലൿട്രോണിൿ ആർക്കൈവിങ്ങ് രംഗത്തെ ഇദ്ദേഹത്തിന്റെ പ്രാഗത്ഭ്യം നാം പ്രയോജനപ്പെടുത്തിന്നില്ല എന്നതാണു ദുഃഖകരമായ നേര്. സ്റ്റാൾ മാനോടൊപ്പം ഇൻഡ്യൻ ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷനുരൂപം‌കൊടുത്തയാളാണ് ഇദ്ദേഹം.
പിന്നെയുമുണ്ട് പ്രശോഭ് ജി. ശ്രീധർ (എ.റ്റി.പി.എസ്.), മലയാളം ഇൻപുട്ട് ടൂളായ കീ മാജിക്കിന്റെ ഉപജ്ഞാതാവ് ജുനൈദ് പിവി, ഫോണ്ട് കൺവേർഷനും ടൈപ്പിങ്ങിനും മിക്കവരും ഉപയോഗിക്കുന്ന ടൈപ്പിറ്റും കുറ്റിപ്പെൻസിലും അടക്കം നാല്പതോളം ഉപയുക്തികൾ വികസിപ്പിച്ച ബ്ലോഗർകൂടിയായ രാമൻ, അഖിൽ കൃഷ്ണൻ, ജിഷ്ണു മോഹൻ, രഞ്ജിത്ത് സിജി എന്നിങ്ങനെ ധാരാളം പേർ വേറെയുമുണ്ട്. ഇവിടെ പേരുപറഞ്ഞവരിൽ മിക്കവരും ഒന്നിലേറെ ഉപയുക്തികളുടെ ഉപജ്ഞാതാക്കളാണ്.

സംസ്ഥാനത്തെ ഏറ്റവും പ്രമുഖ കാലിഗ്രാഫറും ലേ-ഔട്ട് വിദഗ്ദ്ധനും ആയ ഭട്ടതിരിയുടെ സേവനം വ്യത്യസ്തമായ ഒന്നാണ്. മറ്റെല്ലാ ഡിസൈനർമാരും യൂണിക്കോഡിലേക്കു മാറാൻ മടിച്ചിനിൽക്കെ, ഭട്ടതിരി താൻ രൂപകല്പന ചെയ്യുന്ന ഇരുപതിൽപ്പരം ആനുകാലികങ്ങളും പുസ്തകങ്ങളും മറ്റു സാമഗ്രികളുമൊക്കെ നിർബ്ബന്ധബുദ്ധിയോടെതന്നെ യൂണിക്കോഡിൽ തയ്യാറാക്കാൻ തുടങ്ങിയിട്ട് കാലമെത്രയോ ആയി. ഇക്കാര്യത്തിൽ സംശയങ്ങളുമായി സമീപിക്കുന്നവർക്കെല്ലാം വേണ്ട സഹായങ്ങൾ ചെയ്ത് യൂണിക്കോഡിലേക്കു മാറാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരുന്നൂ ഇദ്ദേഹം. അതിമനോഹരമായ തലക്കെട്ടുകൾ പഴയ ‘കലാകൗമുദി’ക്കും ‘സമകാലികമലയാള’ത്തിനും നിരവധി പുസ്തകങ്ങൾക്കുമൊക്കെ സമ്മാനിച്ച ഭട്ടതിരിയുടെ കാലിഗ്രഫിവൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി ഏതാനും നല്ല അലങ്കാരഫോണ്ടുകൾ വികസിപ്പിക്കണമെന്ന ഞങ്ങളുടെയൊക്കെ സ്വപ്നം വിഭവദാരിദ്ര്യം കൊണ്ടും മറ്റുമായി ഇനിയും സഫലമാകാതെ നീളുകയാണ്.

kerala piravi ,smc.org.in, malayalam fonts, caligraphy , bhatathiri , dkf
ആര്‍ട്ടിസ്റ്റ് നാരായണ ഭട്ടതിരി

Kerala Piravi: നമ്മുടെ പത്രമാദ്ധ്യമങ്ങളും പ്രസാധകരും ഭാസാവി രംഗത്തിനു കാര്യമായ ഒരു സംഭാവനയും നൽകിയിട്ടില്ല എന്ന കാര്യം‌കൂടി പറയാതെപോകുന്നതു ശരിയല്ല. അവരുടെ ബിസിനസ് ആവശ്യത്തിനുവേണ്ടി വല്ലതും ചെയ്തതല്ലാതെ പൊതുവിൽ സമൂഹത്തിനു ഗുണകരമാകുന്ന ഒരു കാര്യവും ഉണ്ടായിട്ടില്ല. മൂന്നു വൻകിട പത്രങ്ങൾ യൂണിക്കോഡ് അച്ചടിയിലേക്കു മാറിയതുതന്നെ ഈ അടുത്തനാളുകളിലാണ്. മറ്റു പത്രങ്ങളും പ്രസാധകരും ഇപ്പോഴും കാലഹരണപ്പെട്ട ആസ്കി ഫോണ്ടുകളിൽ വിവരങ്ങൾ തളച്ചിടുകയാണ്! അതേസമയം, ഈ രംഗത്തെ സന്നദ്ധപ്രവർത്തകരും സംഘടനകളും സർക്കാരേജൻസികളും എല്ലാംകൂടി ഭാസാവിക്ക് ഇന്നത്തെ അംഗീകാരം നേടിയെടുക്കുകയും ഒരു ഭാസാവി നയത്തിലേക്കു സംസ്ഥാനത്തെ നയിക്കുകയും ചെയ്തു.

സർക്കാരിലെ പ്രസ്ഥാനങ്ങൾ

സർക്കാരിൽ സ്വതന്ത്രസോഫ്റ്റ്‌വെയർ രംഗത്തെ ഔദ്യോഗിക ചുമതലക്കാരായ ഐസിഫോസ് ഈ രംഗത്തെ അടിസ്ഥാനപരമായ പല പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നു. സന്നദ്ധസംഘടനകളെ ഉപയോഗപ്പെടുത്തിയും ഇവർ പലതും ചെയ്യുന്നുണ്ട്. കമ്പ്യൂട്ടർ, വെബ്, മൊബൈൽ ഫോൺ എന്നിവയിലെ പ്രയുക്തികൾക്ക് മലയാളപദാവലി സമാഹരിച്ച് സാങ്കേതികപ്രവൃത്തികളിലൂടെ അവയോരോന്നും സംസ്ക്കരിച്ച് സമഗ്രമായ പദസമുച്ചയം (കോർപ്പസ്) നിർമ്മിക്കുന്നതും ഉപഭോക്താക്കൾക്കു മലയാളത്തിൽ മേല്പറഞ്ഞ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സഹായകമാകുന്ന ഇന്റർഫേസ് സൂചകങ്ങൾ മലയാളമാക്കുന്നതും തൊട്ട് സാങ്കേതികമേഖലകളടക്കമുള്ള ഇവരുടെ പ്രവർത്തനങ്ങൾ വിപുലമാണ്. സതീഷ് ബാബു, ജയശങ്കർ പ്രസാദ് തുടങ്ങിയവരാണ് ഇതിനു നേതൃത്വം നൽകുന്നത്.

സിഡിറ്റ് ആണു മറ്റൊന്ന്. ഫോണ്ട് വികസനരംഗത്ത് ഇവരുടെ സംഭാവന ചെറുതല്ല. ഇപ്പോഴും അതു തുടരുന്നു. വേറെയും പല ഭാസാവി പ്രൊജക്റ്റുകളും സിഡിറ്റിന്റേതായുണ്ട്. അടുത്തിടെ പുറത്തിറക്കിയ ഇംഗ്ലിഷ്-മലയാളം, മലയാളം-ഇംഗ്ലിഷ് നിഘണ്ടുക്കളും മലയാളം നാനാർത്ഥനിഘണ്ടുവും അടങ്ങുന്ന ‘ഭാഷാമിത്ര‘ എന്ന മൊബൈൽ ആപ്പുവരെ എത്തിനിൽക്കുന്നു അത്. ഡിജിറ്റൈസേഷൻ രംഗത്തെ ആദ്യപിന്തുണക്കാരായതും ഇവരാണ്. ഡോ. ഗോവിന്ദരുവും എസ്.ബി. ബിജുവുമൊക്കെ നേതൃത്വം നൽകുന്ന ഒരു സംഘമാണ് അവിടെ പ്രവർത്തിക്കുന്നത്.

കേന്ദ്രസർക്കാർ സ്ഥാപനമായ സി‌ഡാക്കും മലയാളത്തിന്റെ സാങ്കേതികവികാസത്തിൽ വലിയ പങ്കു വഹിച്ചുവരുന്നുണ്ട്. യൂണിക്കോഡുപൂർവ്വകാലത്ത് ഫോണ്ടുനിർമ്മാണം പോലുള്ള രംഗങ്ങളിലൂടെ മലയാളത്തെ സഹായിച്ചുകൊണ്ടു തുടങ്ങിയ ഈ രംഗത്തെ പ്രവർത്തനം ഓപ്റ്റിക്കൽ ക്യാരക്റ്റർ റെക്കഗ്നിഷൻ (ഒസിആർ), യന്ത്രതർജ്ജമ, മലയാളത്തിന്റെ കോർപ്പസ് (ഡിജിറ്റൽ പദകോശം) നിർമ്മിതി തുടങ്ങി പലമേഖലകളിലും നടന്നുവരുന്നു. ഇവർ വികസിപ്പിച്ച ചില സങ്കേതങ്ങൾ പൂർണ്ണവിജയമല്ലെന്നും സർക്കാരിന്റെ ധനമുപയോഗിച്ചു വികസിപ്പിക്കുന്ന സങ്കേതങ്ങൾ പ്രൊപ്രൈറ്ററിയായി വിറ്റു പണമുണ്ടാക്കുന്നുഎന്നുമൊക്കെ ചില വിമർശനങ്ങൾ ഉണ്ടെങ്കിലും ആ മേഖലകളിലെയടക്കം നേട്ടങ്ങൾ വളരെ പ്രാധാന്യമുള്ളതുതന്നെയാണ്. വി. ഭദ്രനെപ്പോലുള്ള സമർത്ഥരുടെ നിരയുണ്ട് സിഡാക്കിൽ. കെൽട്രോണിലെ ഷാജിയെയും വൈദ്യുതി ബോർഡിലെ പി.വി. ലതീഷിനെയും പഞ്ചായത്തുവകുപ്പിലെ ജയ്‌സൺ നെടുമ്പാലയെയും എ.ഡി. ജയനെയും ലൈബ്രേറിയനായിരുന്ന ഡോ. രാമൻ നായരെയും വിമൽ ജോസഫിനെയും ട്രിപ്പിൾ‌ ഐ. റ്റി.എം.കെ.യിലെയും‌മറ്റും അദ്ധ്യാപകരെയുമൊക്കെപ്പോലെ വ്യത്യസ്തമേഖലകളിൽ സംഭാവനകൾ ചെയ്തവരുമുണ്ടു നിരവധി.

kerala piravi ,smc.org.in, malayalam fonts, caligraphy , bhatathiri , dkf

Read Here: Kerala Piravi: എന്റെ മൊഴി, വഴി

മലയാളം സർവ്വകലാശാല അടുത്തകാലത്തായി ഭാസാവി രംഗത്തു ശ്രദ്ധകേന്ദ്രീകരിച്ചുതുടങ്ങിയിട്ടുണ്ട്. മലയാളത്തിനായി സർവ്വകലാശാല തുടങ്ങിയിട്ടു വർഷങ്ങളായെങ്കിലും അവർ ഭാസാവിയെ കാര്യമായി എടുത്തിരുന്നില്ല. ചില സെമിനാറിലും‌ം മറ്റും ഒതുങ്ങി കാര്യങ്ങൾ. എന്നാൽ, അടുത്തകാലത്തായി മലയാളം കോർപ്പസ് വികസിപ്പിക്കാൻ സഹായകമായ ഒരുലക്ഷത്തോളം പദങ്ങൾ സമാഹരിച്ചു ഡിജിറ്റൈസ് ചെയ്യുന്നതിൽ അവർ വലിയ നേട്ടം കൈവരിച്ചിരിക്കുന്നു. ഇത് കോർപ്പസാക്കി മാറ്റാൻ ഐസിഫോസിനോ മറ്റേതെങ്കിലും ഏജൻസിക്കോ കൈമാറാൻ സന്നദ്ധതയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊജക്റ്റ് വർക്കിന്റെയും മറ്റും ഭാഗമായി വന്ന ചിലരുടെ സഹായത്തോടെ ചില മൊബൈൽ ആപ്പുകളും മറ്റും സർവ്വകലാശാല വികസിപ്പിച്ചതായും മനസിലാക്കുന്നു. അതേസമയം‌തന്നെ, മലയാളം സർവ്വകലാശാല ഈ വഴിയിലേക്കു തിരിയുന്നതും എത്രയോ മുമ്പേ പോണ്ടിച്ചേരിയിൽ മലയാളം ഭാസവിക്കു പ്രത്യേകവകുപ്പ് ഉണ്ടായിരുന്നു എന്നതും ഓർക്കണം.

ഐറ്റി അറ്റ് സ്കൂളാണ് എടുത്തുപറയേണ്ട മറ്റൊരു സ്ഥാപനം. പുതുതലമുറയെ ഭാഷാക്കമ്പ്യൂട്ടിങ്ങുമായി ബന്ധിപ്പിക്കാനും ആ രംഗത്തെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്താനും അവയിൽ പങ്കാളികളാക്കാനുമൊക്കെ ധാരാളം കാര്യങ്ങൾ ഈ സ്ഥാപനം ചെയ്തുവരുന്നു. വിക്കി മലയാളം ഗ്രന്ഥശാലയിൽ ഇന്നുള്ള ലക്ഷക്കണക്കിനു പേജുകൾ ടൈപ്പ് ചെയ്തുതന്ന അവിടത്തെ ആയിരക്കണക്കിനു കുരുന്നുകൈകളോടു മലയാളം എക്കാലത്തും കടപ്പെട്ടിരിക്കും. അൻവർ സാദത്ത് ഡയറക്ടറായിരിക്കെയാണ് ആ സ്ഥാപനം ഈ രംഗത്തു ഗണ്യമായ സംഭാവന ചെയ്തത്. അവിടത്തെ അദ്ധ്യാപകരായ സി.പി. അബ്ദുൾ ഹക്കിം, ഹസൈനാർ മങ്കട, വി.കെ. നിസാർ എന്നുതുടങ്ങി എത്രയോ പേരുടെ കൂട്ടായ്മയുടെ വിജയമായിരുന്നു അത്. പാഠപുസ്തകങ്ങൾ യൂണിക്കോഡിലും സ്വതന്ത്രലൈസൻസിങ്ങിലുമൊക്കെയാക്കാനുംമറ്റും നിലപാടെടുത്ത എസ്.സി.ഇ.ആർ.റ്റി.യിലെ പി.കെ. തിലക്,  കെ.ടി. ദിനേശ് തുടങ്ങി പലരുടെയും പിന്തുണയും ഇതിനൊക്കെ ഉണ്ടായിരുന്നു.

ഐറ്റി മിഷൻ, ഇഫർമേഷൻ കേരള മിഷൻ തുടങ്ങിയവയൊക്കെ ഭരണവുമായി ബന്ധപ്പെട്ടതടക്കമുള്ള ഒട്ടേറെ സേവനസോഫ്റ്റ്‌വെയറുകളും സേവനങ്ങളും മലയാളവഴിയിൽ നൽകിവരുന്നു. ഭരണം മലയാളത്തിലാക്കാനും ജനകീയവും സുതാര്യവും ചടുലവും ആക്കാനുമൊക്കെയുള്ള ധാരാളം സേവനോല്പന്നങ്ങൾ ഇവർ സംഭാവന ചെയ്തിട്ടുണ്ട്. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ഈ രംഗത്ത് ഇടപെടലുകൾ നടത്തിയിട്ടുള്ള സ്ഥാപനമാണ്. പഴയ ലിപിപരിഷ്ക്കരണങ്ങളുടെ പ്രേതം ഒഴിഞ്ഞുപോയില്ല എന്നതും അവിടത്തെ ഭാഷാവിദഗ്ദ്ധർക്കു സാങ്കേതികവിദ്യയെപ്പറ്റിയുള്ള അറിവിലുണ്ടായിരുന്ന പരിമിതികളും ആ ഇടപെടലുകളെ ചിലപ്പോഴെല്ലാം പ്രതിലോമകരമാക്കി എന്ന വിമർശനവും ഞാനടക്കം പലർക്കുമുണ്ട്. എന്നാൽ, ഇപ്പോഴത്തെ നേതൃത്വം ചുമതലയെടുത്തു മാസങ്ങൾക്കകം അവരുടെ മാസികയായ വിജ്ഞാനകൈരളി പൂർണ്ണമായും യൂണിക്കൊഡിലാക്കി. അണിയറയിൽ ഒരുങ്ങുന്ന ചില പ്രധാന റഫറൻസ് ഗ്രന്ഥങ്ങൾ യൂണിക്കോഡിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിലും തയ്യാറാക്കാനും ശരിയായ ഇ-പബ് ആയി പ്രസിദ്ധീകരിക്കാനുമൊക്കെ ആലോചിച്ചുവരികയാണ് കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.

എടുത്തുപറയാവുന്ന നിലയിൽ ഭാസാവിക്കു പിന്തുണനൽകിവരുന്ന മലയാളം സർവ്വകലാശാലയിലെ അദ്ധ്യാപകൻ എം. ശ്രീനാഥൻ, പോണ്ടിച്ചേരി സർവ്വകലാശാലയിലെ മഹേഷ് മംഗലാട്ട്, ഹൈദരബാദ് ഐ.ഐ.റ്റി.യിലെ ജവഹർ എന്നിവരുടെ സംഭാവനകളും വലുതാണ്. മദിരാശി സർവ്വകലാശാലയിലെ പി.എം. ഗിരീഷ്, ദ്രവീഡിയൻ സർവ്വകലാശാലയിലെ പി. ശ്രീകുമാർ, കോഴിക്കോട് സർവ്വകലാശാലയിലെ പി. സോമൻ, വേണുഗോപാലപ്പണിക്കർ തുടങ്ങിയ ഭാഷാവിദഗ്ദ്ധരായ പ്രൊഫസർമാരുടെ പിന്തുണയും സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനുണ്ട്. പ്ലാനിങ് ബോർഡിൽ ഐറ്റിയുടെ ചുമതലയുള്ള ഡോ. ബി. ഇൿബാലിനെപ്പോലെയുള്ള വേറെയും പ്രമുഖരുണ്ട് ഭാസാവി രംഗത്തെ പ്രവർത്തകർക്കു പ്രചോദനവും പ്രോത്സാഹനവുമായി.

അംഗീകരിക്കപ്പെടണം ഈ മഹാമനസുകൾ

ഇതൊക്കെ പറയുമ്പോഴും സർക്കാർ എന്നനിലയിൽ മലയാളം ഭാസാവിക്കുവേണ്ടി ഇക്കാലമത്രയും ഒന്നും ചെയ്തിട്ടില്ല എന്നതാണു സത്യം. ഇക്കഴിഞ്ഞ വർഷമാണു ഭാസാവി പ്രയോഗത്തിനായി ആദ്യമായി ബജറ്റ് വിഹിതമുണ്ടാകുന്നത്. 50 ലക്ഷം രൂപ മാത്രമാണ് അനുവദിക്കപ്പെട്ടതെങ്കിലും ആശാവഹമായ മാറ്റമായി അതിനെ കാണാം. മാത്രമല്ല, സർക്കാർ ഇതിനായി നയം ആവിഷ്ക്കരിക്കണമെന്നും ഗൗരവമാർന്ന പ്രവർത്തനം വേണമെന്നും തീരുമാനിച്ചതും പ്രതീക്ഷ പകരുന്നു.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനുമുമ്പ് എ.കെ.ജി. പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച രാജ്യാന്തര കേരള പഠനകോൺഗ്രസിൽ മലയാളം ഭാഷാക്കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഏറ്റവും പ്രധാന നിർദ്ദേശം അതിനായി നയം വേണം എന്നതായിരുന്നു. ആ നയത്തിൽ ഉൾച്ചേരേണ്ട കാര്യങ്ങൾ സമാഹരിച്ച് പഠനകോൺഗ്രസ് ആധാരരേഖ തയ്യാറാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ നയരൂപവത്ക്കരണത്തിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പഠനകോൺഗ്രസിനു മുന്നോടിയായി നടത്തിയ ഇരുപതോളം സെമിനാറുകളിൽ ഏറ്റവും കൂടുതൽ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ട സെമിനാർ മലയാളഭാഷാസാങ്കേതികവിദ്യ സംബന്ധിച്ച സെമിനാറിനായിരുന്നു. അറുപതോളം പ്രബന്ധങ്ങൾ. തൃശൂരിലായിരുന്നു അതു നടന്നത്. ആ സെമിനാറിൽനിന്നാണ് പഠനകോൺഗ്രസിലേക്കുള്ള അന്തിമരേഖ തയ്യാറാക്കിയത്. ആ രേഖയുടെ അടിസ്ഥാനത്തിൽ പഠനകോൺഗ്രസിൽ നടന്ന ചർച്ചകളുടെകൂടി അടിസ്ഥാനത്തിൽ വീണ്ടും കൂടി കരടുനയരേഖയും തയ്യാറാക്കി. അതിന്റെയടിസ്ഥാനത്തിൽ  മലയാളം ഭാസാവി നയം വൈകാതെ നിലവിൽവരും എന്നു പ്രത്യാശിക്കാം.

ഈ നിലയിലേക്കു കാര്യങ്ങൾ വികസിച്ചതിനു പിന്നിൽ മുകളിൽ പറഞ്ഞവരും പറയാത്തവരുമായ നിരവധി പേരുടെ നിസ്വാർത്ഥമായ സമർപ്പണമുണ്ട്. അവർ ചെയ്ത തിരിച്ചറിയപ്പെടാത്ത സേവനങ്ങളുണ്ട്. അവയിൽ എന്റെ അറിവിൽപ്പെട്ടവയും അതിൽത്തന്നെ ഓർമ്മയിൽ വന്നവയുമായ ഏതാനും കാര്യങ്ങളേ ഇവിടെ എഴുതാൻ കഴിഞ്ഞിട്ടുള്ളൂ.

ഈ ലേഖനത്തിൽ പറഞ്ഞവരെക്കാൾ പറയാത്തവരാണു കൂടുതൽ.  അവരെല്ലാം അംഗീകരിക്കപ്പെടണം; അവർ ചെയ്ത സേവനങ്ങളും. മലയാളം ഭാസാവി രംഗത്തിന്റെ തുടക്കവും വളർച്ചയുമെല്ലാം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടണം. തുടർന്നുള്ള വികസനപ്രവർത്തനങ്ങൾ അപ്പപ്പോൾ രേഖപ്പെടുത്തുകയും പങ്കുവയ്ക്കുകയും ചെയ്യാൻ സംവിധാനം വേണം. ഇത്രയും കാര്യങ്ങളെങ്കിലും ചെയ്തില്ലെങ്കിൽ കാലം നമ്മെ കൃതഘ്നർ എന്നു വിളിക്കും. അതുണ്ടാകാതിരിക്കട്ടെ!

മാധ്യമപ്രവർത്തകനായിരുന്ന ലേഖകൻ ഇപ്പോൾ ഇൻഫർമേഷൻ​ഓഫീസറാണ്, എ​കെജി പഠന ഗവേഷണ  കേന്ദ്രം  ഭാസാവി വിഷയത്തിൽ​ തൃശൂരിൽ സംഘടിപ്പിച്ച   സെമിനാറിന്റെയും    പഠനകോൺഗ്രസിലെ ഭാസാവി വിഷയത്തിലുള്ള സെഷന്റെയും കൺവീനറായിരുന്നു. ഈ രംഗത്തെ പ്രവർത്തനങ്ങളുടെ ആരംഭകാലം മുതൽ ഒപ്പം നടക്കുന്നു

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Kerala piravi technology is shaping future of malayalam