Kerala Piravi: കേരളം മുതിർന്ന പൗരനാകുന്നു. മലയാളമെന്നൊരു പ്രാദേശിക ബോധത്തിന് കീഴിൽ സാർവദേശീയമായി ചിന്തിക്കാനും ഇങ്ങനെ തലയുയർത്തിപ്പിടിക്കാനും തുടങ്ങിയതിന്റെ അറുപത്തിയൊന്നാം വാർഷികം. ഈ ആയുസ്സിനിടയിൽ നാട് പലതും നേടിയെടുത്തു. പൊതുവിദ്യാഭ്യാസത്തിലും ആരോഗ്യസംരക്ഷണത്തിലും ശുചിത്വബോധത്തിലും സാമൂഹ്യനീതിയിലും ഒന്നാമതായി. കേരള മോഡൽ എന്നൊരു വികസന പരിപ്രേക്ഷ്യത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു. രാഷ്ട്രീയ സാക്ഷരതയിലും പ്രബുദ്ധതയിലും പേര് സമ്പാദിച്ചു. ഭൂപടം മുഴുവൻ കാലുകുത്തി. തൊഴിൽ സാമർഥ്യത്തിലും നേതൃപാടവത്തിലും മറ്റാരേക്കാളും പിന്നിലല്ലെന്നു തെളിയിച്ചു. മറുനാട്ടിൽ ആയിരിക്കുമ്പോഴും സ്വന്തം നാടിനെ കുറിച്ചോർക്കുകയും അതിന്റെ മുന്നേറ്റങ്ങളെ നെഞ്ചേറ്റുകയും മണി ഓർഡറുകളാൽ അതിന്റെ സാക്ഷാത്‍കാരത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തുകൊണ്ട്, ഇക്കാലയളവിന്റെ രണ്ടാം പകുതിയിൽ പ്രവാസി നാടിനൊപ്പം നിലയുറപ്പിച്ചു.
ഭൂഖണ്ഡാന്തര നേത്രങ്ങൾ കൊണ്ടാണ് പ്രവാസി മലയാളി അവന്റെ നാടിനെ നോക്കികാണുന്നത്. കക്ഷി രാഷ്ട്രീയത്തിന്റെയോ ജാതി സമുദായങ്ങളുടെയോ അതിപ്രസരമില്ലാത്ത അതിവേഗം ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ദേശത്തിരുന്നു കൊണ്ടാണ് അവൻ നാടിനെ കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങൾ നെയ്യുന്നത്. ഭരണമാറ്റങ്ങൾ അടിസ്ഥാന സൗകര്യങ്ങളെയോ ദൈനംദിന ജീവിതത്തെയോ അത്രയധികമൊന്നും ബാധിക്കാത്ത ഒരു വികസിത ലോകത്തിരുന്നാണ് അവൻ പലപ്പോഴും സ്വന്തം നാടിനെ പിന്നെയും പിന്നെയും തിരിഞ്ഞു നോക്കുന്നത്. എന്നെങ്കിലും തിരിച്ചെത്താനുള്ള ഒരിടം എന്ന നിലയിൽ അവൻ ചില ചരടുകൾ പൊട്ടിപ്പോകാതെ എപ്പോഴും കരുതി വയ്ക്കുന്നു. ആരാലും ഉപയോഗിക്കപ്പെടാതെ പൂട്ടിയിട്ടിരിക്കുന്ന അസംഖ്യം ബഹുനിലമാളികകൾ അവന്റെ പൂർത്തീകരിക്കപ്പെട്ട വയോജന പദ്ധതികളെ പോലെ പ്രവർത്തനരഹിതമായി അടഞ്ഞുകിടക്കുന്നു. അങ്ങനെ മുറിച്ചുമാറ്റപ്പെട്ട മരങ്ങളുടെ പേരിൽ, നികത്തപ്പെട്ട ചെറുതും വലുതുമായ ജലമർമരങ്ങളുടെ പേരിൽ, പൊട്ടിച്ചെടുത്ത പാറക്കെട്ടുകളുടെ പേരിൽ, കൈയേറിയ കാടുകളുടെയും, കുടിയൊഴിക്കപ്പെട്ട ജീവജാലങ്ങളുടെ പേരിൽ, പടുത്തുയർത്തിയ കോൺക്രീറ്റ് മരക്കൂട്ടങ്ങളുടെ പേരിൽ പാപം ചെയ്തവനെ പോലെയാണ് അവന്റെ നിൽപ്പ്.
Read More: ‘ഭാസാവി’യുടെ കാലത്തെ മലയാളം
വൈദേശിക സമൂഹങ്ങളാൽ നിരന്തരം പരുവപ്പെടുത്തിയെടുക്കപ്പെട്ട ഒരു ജനതയാണ് കേരളത്തിലേത്. കേരളീയരുടെ ഭൗതികതയെ, ബൗദ്ധികതയെ സ്വാതന്ത്ര്യത്തെ രാഷ്ട്രീയത്തെ ഒക്കെയും അത് നിരന്തരം പുനർനിർമിച്ചിട്ടുണ്ട്. എങ്കിലും മലയാളി ഇനിയും സ്വാംശീകരിച്ചിട്ടില്ലാത്ത, ഇപ്പോഴും പൊളിച്ചെഴുതാൻ കൂട്ടാക്കാത്ത ചില പിന്തിരിപ്പൻ പിടിവാശികളുണ്ട്.. അതിൽ ഏറ്റവും പ്രധാനം തൊഴിൽ മനോഭാവങ്ങളാണ്. തൊഴിലിന്റെ പേരിൽ വച്ചുപുലർത്തുന്ന ഉച്ചനീചത്വങ്ങളാണ്. എല്ലാ തൊഴിലിനേയും ആത്മാഭിമാനത്തോടെ സമീപിക്കുവാനോ അത് വകവെച്ചു കൊടുക്കുവാനോ മലയാളി ഇനിയും, ഈ അറുപതാം വയസ്സിലും പഠിച്ചിട്ടില്ല. ലോകത്തിന്റെ പ്രവാസി കോണുകളിലൊന്നും കാണാൻ കഴിയില്ല സ്വന്തം തൊഴിലിൽ ആത്മാഭിമാനമില്ലാത്ത ഒരു ജനതയെ. സാമൂഹിക നീതിയിലും നവോത്ഥനമൂല്യങ്ങളിലും കേമത്തം കല്പിക്കുമ്പോഴും വലിപ്പ ചെറുപ്പമില്ലാതെ അന്യന്റെ തൊഴിലിനെ ബഹുമാനിക്കുന്ന ഒരു സമൂഹമായി പരുവപ്പെടാൻ മലയാളിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അന്യം നിന്നു പോകുന്ന പരന്പരാഗത തൊഴിലിടങ്ങൾക്കു അങ്ങനെയാണ് വിസ്താരം കൂടി കൂടി വരുന്നത്.
Kerala Piravi: മദ്യപിക്കാനറിയാത്ത മലയാളി, വണ്ടി ഓടിക്കാനറിയാത്ത മലയാളി, നിയമങ്ങളെ തെല്ലും ഭയമില്ലാത്ത മലയാളി, അന്യന്റെ മതിലിനപ്പുറം ശുചിത്വം സൂക്ഷിക്കാനറിയാത്ത മലയാളി, തെരുവുകൾ സംരക്ഷിക്കാനറിയാത്ത മലയാളി, ഇത്രയധികം മതിലുകൾ കെട്ടി ജീവിതങ്ങളെ അപ്പുറം ഇപ്പുറം അകറ്റി നിർത്തുന്ന മലയാളി, സ്ത്രീയെ ഇപ്പോഴും സമഭാവനയിൽ സമീപിക്കാൻ കഴിയാത്ത മലയാളി, സദാചാരത്തിന്റെ ചാരക്കണ്ണുകളുമായി അന്യന്റെ സ്വകാര്യതയിലേക്ക് തരം കിട്ടുമ്പോഴൊക്കെയും ഒളിഞ്ഞു നോക്കുന്ന മലയാളി, അതിന്റെ പേരിൽ വല്ലാതെ അസ്വസ്ഥനാവുകയും ചൂരലെടുക്കുകയും ചെയ്യുന്ന മലയാളി, ഞാനും ഞാനുമെന്റാളും എന്ന നിലയിലേക്ക് പരമാവധി അരാഷ്ട്രീയനായി തീർന്നുകൊണ്ടിരിക്കുന്ന മലയാളി, കൂടുതൽ ജാതിവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, സാമുദായിക സ്വത്വങ്ങളിലേക്കു പിൻവാങ്ങിക്കൊണ്ടിരിക്കുന്ന മലയാളി, രാഷ്ട്രീയഭിന്നതകൾക്കു കൊലക്കത്തി കൊണ്ടു തീർപ്പുകൽപ്പിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന മലയാളി, പരാധീനതകളുടെ പട്ടിക ഈ അറുപത്തിയൊന്നാം പക്കത്തിലും നീളുകയാണ്.
ഭൂതകാല മാഹാത്മ്യത്തിന്റെ വീരസ്മരണകളിൽ ആവേശഭരിതരാകുന്പോഴും, അപരിഷ്‌കൃതമായ ചില ബാലാരിഷ്ടതകൾ ഇനിയും കൈവിട്ടിട്ടില്ലാത്ത ഒരു ജനതകൂടിയാണ് നാമെന്ന തിരിച്ചറിവ്, കൂടുതൽ ബലിഷ്ഠമാകേണ്ടുന്ന ഒരു സന്ദർഭം കൂടിയാണിത്. ചില അവകാശവാദങ്ങളോടെങ്കിലും എളിയമട്ടിൽ വിയോജിക്കേണ്ടി വരുന്ന യാഥാർഥ്യ ബോധത്തിലുമാണ് നാം ഈ അറുപത്തിയൊന്നാം വാർഷികത്തിന് അഭിമുഖമാകേണ്ടത്.