കേരളമെന്ന രാഷ്ട്രീയ പ്രദേശം 63 വർഷം പിന്നിട്ട ചരിത്രം പരിശോധിക്കേണ്ടതു മലയാളം എന്ന രാഷ്ട്രീയ ബോധ്യത്തെ മുൻനിർത്തിയാണ്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നു ഭാഗമായി വേർപിരിഞ്ഞുകിടന്ന ഒരു ഭാഷാപ്രദേശം രാഷ്ട്രീയമായ ഇച്ഛാശക്തി കൊണ്ടാണ് 63 വർഷങ്ങൾക്കു മുൻപ് ഒരുമിച്ചു ചേർന്നതെന്ന് ഓർക്കണം. ഇങ്ങനെ ഒരുമിച്ചുചേരുന്നതിനും നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ മലയാളം എന്ന ഭാഷ ഈ രാഷ്ട്രീയ ഭൂപ്രദേശത്തെ ചേർത്തുപിടിച്ചിരുന്നു.

പതിനാലാം നൂറ്റാണ്ടോടുകൂടി മലയാളഭാഷ, ഈ പ്രദേശത്തിന്റെ അതിരുകളെ നിശ്ചയിക്കുകയും നിർണയിക്കുകയും ചെയ്തിരുന്നതായി കാണാനാവും. ‘ലീലാതിലകം’ പോലെ ഒരു ലക്ഷണഗ്രന്ഥം പതിനാലാം നൂറ്റാണ്ടിൽ രൂപപ്പെട്ടതിന്റെ ഭാഷാസാഹചര്യം ഇന്ന് പരിശോധിക്കുമ്പോൾ, ഈ ഭൂപ്രദേശത്തിന്റെ അതിരുകളെ നിർണയിച്ചത് പ്രാചീന – മധ്യകാല മലയാളഭാഷയുടെ വിന്യാസവും അത്യന്തസ്വാധീനതയും തന്നെയാണെന്ന് ഇന്നുറപ്പിച്ച് പറയാനാവും.

സാമൂഹിക ഭാഷാശാസ്ത്രത്തിന്റെ ഉപകരണങ്ങൾ കൃത്യമായും വികസിച്ചുവന്നിട്ടുള്ള ഈ കാലഘട്ടത്തിൽ കേരളത്തിന്റെ രാഷ്ട്രീയ അതിരുകൾ നിർണയിച്ചത് ഭാഷയുടെ സ്വാധീനതയും സാമൂഹ്യവ്യവഹാരങ്ങളിലുള്ള അതിന്റെ ഇടപെടൽ ശേഷിയുമായിരുന്നുവെന്നു മനസിലാക്കാൻ ഒരു പ്രയാസവുമില്ല. പക്ഷേ പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എഴുത്തച്ഛൻ മലയാളഭാഷയെ മണിപ്രവാളത്തിന്റെ വഴിയിലൂടെ വിരൽപിടിച്ച് നടത്തിയപ്പോൾ കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ള ഗോത്രവർഗജീവിതം അവരുടെ വിനിമയത്തിനും വ്യവഹാരത്തിനുമായി ഉപയോഗിച്ചുപോന്ന അത്യന്ത വിഭിന്നങ്ങളായ നൂറുകണക്കിനു ‘മലയാള’ങ്ങളെ തമസ്കരിക്കുകയോ തിരസ്കരിക്കുകയോ ചെയ്തിട്ടുണ്ട്.

മലനാടിനെയും ഇടനാടിനെയും അതിന്റെ അതിരുകൾക്കകത്ത് തളച്ചിട്ടതും നിശ്ചയിച്ചതും നിർണയിച്ചതും അനേകങ്ങളായ ഈ ഗോത്രഭാഷകളുടെ വിനിമയശക്തി ആയിരിക്കണം. അതുകൊണ്ടുതന്നെ ഓരോ ഗോത്രവും വിനിമയത്തിനും വ്യവഹാരത്തിനുമായി ഉപയോഗിച്ചുപോന്ന വ്യത്യസ്തങ്ങളായ ഗോത്രഭാഷകൾ ഇന്നു നിലവിലുള്ളതും എഴുത്തച്ഛൻ മാനകീകരിച്ചതുമായ മലയാളത്തിന്റെ ആദിമരൂപങ്ങളായിരുന്നിരിക്കണം. മണിപ്രവാളഭാഷ എഴുത്തച്ഛന്റെ കൃതികളിൽ നിയാമകശക്തിയായി പ്രവർത്തിച്ചതും അതു പിന്നീട് സാമൂഹ്യജീവിതത്തിൽ കൃത്യമായി ഇടപെട്ടതുമാണു പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ‘നമുക്ക് എഴുത്തച്ഛൻ എടുത്ത ഭാഷാക്രമകണക്കേ ശരണം’ എന്ന് തമ്പുരാനെക്കൊണ്ട് പറയിപ്പിച്ചത്.

viju v nayarangadi, iemalayalam, kerala piravi

എഴുത്തച്ഛന്റെ ശില്‍പ്പം

കേരളം മൂന്നു രാഷ്ട്രീയപ്രദേശമായി നിലനിന്നിരുന്നുവെങ്കിൽ കൂടിയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ തന്നെ പൂർണ സ്വത്വപ്രകാശനശേഷിയുള്ള ഭാഷയായി പരിവർത്തിക്കപ്പെട്ടിരുന്നു. കാവ്യഭാഷയും ഗദ്യഭാഷയും മലയാളഭാഷയെ ഒരേപോലെ പുഷ്ടിപ്പെടുത്തിയ കാലമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി. ഒരുപക്ഷേ മലയാളത്തിന്റെ സർഗശേഷി ഏറ്റവും കൃത്യമായി ഉപയോഗിക്കപ്പെട്ട കാലവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയുടെ അന്ത്യദശകങ്ങളാണ്. മലയാളം, ലോകത്തെ ഏതു ഭാഷയിലെ സാഹിത്യത്തോടും കിടപിടിക്കുന്ന രീതിയിൽ പെരുമാറിത്തുടങ്ങിയതും ഇരുപതാം നൂറ്റാണ്ടിന്റെ ഇക്കാലത്തോടുകൂടിയാണ്.

ഏകീകൃതമായ ഒരു രാഷ്ട്രീയ അതിരോടു കൂടി കേരളം രൂപപ്പെടുന്നതിനു മുൻപ് തന്നെ കേരളത്തിലെ മനുഷ്യർ മനസുകൊണ്ടും വിചാരം കൊണ്ടും വികാരം കൊണ്ടും ഭാഷാപ്രയോഗത്തിലെ ഐകഭാവം കൊണ്ടും സാംസ്കാരിക അന്തരീക്ഷം കൊണ്ടും ഒരുമിച്ചു ചേർന്നിരുന്നു. എന്നാൽ സ്വാതന്ത്ര്യപൂർവ ഭാരതത്തിൽ നിലനിന്നിരുന്ന രാജഭരണവും ഫ്യൂഡൽ വ്യവസ്ഥാസമ്പ്രദായത്തിന്റെ സാമ്പത്തികക്രമങ്ങളും കേരളമെന്ന രാഷ്ട്രീയപ്രദേശത്തെ വിഭജിച്ച് നിലനിർത്തി. എന്നാൽ ഇന്ത്യയിലെ മറ്റേതു ദേശത്തെയും അപേക്ഷിച്ച് രാഷ്ട്രീയവിദ്യാഭ്യാസവും ജനാധിപത്യബോധവും ആ കാലഘട്ടത്തിൽ തന്നെ കേരളീയർക്കുണ്ടായിരുന്നതിനു തെളിവാണ് ഐക്യകേരള പ്രസ്ഥാനം. ഫ്യൂഡൽ വ്യവസ്ഥയ്ക്കെതിരെ, രാജാധികാരത്തിന്റെ മനുഷ്യവിരുദ്ധതയ്ക്കെതിരെ, തിരുവിതാംകൂറിലും മലബാറിലും കൊച്ചിയിലുമുണ്ടായ നിരവധി പ്രക്ഷോഭങ്ങൾ ഒരുപക്ഷേ കേരളത്തിലെ നവോത്ഥാന കാലഘട്ടത്തിന്റെ പിന്തുടർച്ച തന്നെയായിരുന്നുവെന്ന് ഇന്നു പറയാനാവും. പിൽക്കാലത്ത് കേരളം ആർജിച്ച ഇടതുപക്ഷ ബോധം പോലും ഈ ഒരു പ്രവർത്തന കാലഘട്ടത്തിലെ രാഷ്ട്രീയം കൊണ്ട് ശക്തിപ്പെട്ടുവന്നതാണ്.

കേരളം എന്ന ഭാഷാ സംസ്ഥാനം രൂപപ്പെട്ടതിനുശേഷം ഇന്നുവരെ ഈ പ്രദേശത്തെ ചേർത്തു പിടിക്കുന്നത്, ഭാഷയുടെ അനുപമമായ ഇഴയടുപ്പവും ഭാഷ സൃഷ്ടിച്ച സാംസ്‌കാരികമായ അന്തരീക്ഷവുമാണ്. കാലാന്തരങ്ങൾക്കിപ്പുറത്തുനിന്ന് പിന്തിരിഞ്ഞുനോക്കുമ്പോൾ മലയാളിയുടെ സ്വത്വം പലതവണ രാഷ്ട്രീയമായും സാംസ്കാരികമായും പിളർന്നുമാറിയിട്ടുണ്ടെന്നും ഈ പിളർപ്പുകൾ ഓരോന്നും മലയാളിയുടെ കുതിപ്പിനെ തടയുകയോ തളർത്തുകയും ചിലപ്പോഴൊക്കെ വളർത്തുകയോ ചെയ്തിട്ടുണ്ടെന്നും കാണാം. അത്തരം എല്ലാ സന്ദർഭങ്ങളിലും മലയാളിയെ മലയാളം എന്ന ഭാഷ തന്നെയാണ് അത്യന്തികമായ പിന്തുണച്ചുപോന്നിട്ടുള്ളത്. ഭാഷയെക്കുറിച്ച് സംസാരിക്കുന്ന ഘട്ടങ്ങളിൽ മുഴുവൻ മലയാളം അസ്തമിച്ചുപോകുന്നു, മലയാളം കടലെടുത്തു പോകുന്നു, മലയാള ഭാഷ മരിച്ചുപോകുന്നു എന്ന് വിലാപങ്ങൾ പലയിടത്തുനിന്ന് ഉയർന്നുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്.

മലയാളിയുടെ ഔദ്യോഗിക ഭാഷ മലയാളം ആയിരിക്കെത്തന്നെ നിർണായക വ്യവഹാരങ്ങൾ മുഴുവൻ ഇംഗ്ലീഷ് ഭാഷയിലാണെന്ന പരാതി മുന്നിലുണ്ട്. അതോടൊപ്പം ഒന്നാം ഭാഷയായി ഇപ്പോഴും മലയാളത്തെ പ്രായോഗികതലത്തിൽ അംഗീകരിക്കാത്ത വിദ്യാഭ്യാസ സമ്പ്രദായവും ഭാഷയെക്കുറിച്ച് ഈ അർത്ഥത്തിൽ ചിന്തിക്കാൻ ഇടവരുത്തുന്നുണ്ട്. എന്നാൽ ഇതു ചിലപ്പോഴെങ്കിലും ഭാഷാ മൗലികവാദമായി മാറുന്നുണ്ടെന്ന് പറയാതെ തരമില്ല. സാങ്കേതിക വിദ്യ വളരുകയും പ്രവർത്തനക്ഷമാവുകയും സാമൂഹ്യജീവിതത്തിൽ ഇടപെട്ട് മുന്നോട്ടുപോകുകയും ചെയ്യുന്ന ഈ ഘട്ടത്തിൽ ഭാഷയുടെ യഥാർത്ഥ നില എന്തെന്ന് മലയാളി കൃത്യമായും പരിശോധിക്കേണ്ടതുണ്ടെന്നു തോന്നുന്നു.malayalam, viju nayarangadi, iemalayalam

ലോകത്ത് അസ്തമിച്ചുപോകുന്ന ഭാഷകൾ അഥവാ ഭാഷണസമൂഹങ്ങൾ ഉണ്ടെന്നിരിക്കെത്തന്നെ മലയാളവും മലയാളിയും ഒരു തരത്തിലും അസ്തമിച്ചു പോകുന്ന ഒരു ഭാഷാസമൂഹമോ ഭാഷയോ അല്ല . മലയാളത്തിൽ അച്ചടി വ്യാപകമായതിനുശേഷം ഒരുപക്ഷേ ഏറ്റവും കൂടുതൽ മലയാള പുസ്തകങ്ങൾ അച്ചടിച്ചു പുറത്തുവന്നുകൊണ്ടിരിക്കുന്നത് ഇക്കഴിഞ്ഞ പത്തു വർഷത്തിനിടയിലാണ്. സാങ്കേതികവിദ്യ സൃഷ്ടിച്ച വലിയതുറസിനെ ഒരു ഭാഷ എങ്ങനെയാണ് ഇത്രയും സമർത്ഥമായി ഉപയോഗിക്കുന്നതെന്ന് തിരിച്ചറിയാൻ മലയാളഭാഷയെയും മലയാളിയെയും കണ്ടുതന്നെ പഠിക്കണം. ആൻഡ്രോയ്ഡ് ഫോണുകൾ വ്യാപകമായതോടെ കൂടി, ഇന്റർനെറ്റ് ഡേറ്റ സമൃദ്ധമായി ഉപയോഗിക്കാമെന്നു വന്നതോടെ, ഗൂഗിൾ ഹാൻഡ്റൈറ്റിങ് ഇന്പുട്ട്  എന്ന ആപ്ലിക്കേഷൻ വ്യാപകമായതോടെ ലോകത്തിന്റെ ഏതു കോണിലിരുന്നും മലയാളി മലയാളം എഴുതുന്നുവെന്ന ഏറ്റവും കൗതുകകരമായ കാര്യം കഴിഞ്ഞ മൂന്നുവർഷമായി ഭാഷയിൽ സംഭവിച്ച വിപ്ലവമാണ്.

കമ്പ്യൂട്ടറിന്റെ ഘടനയുമായി മലയാളഭാഷ കൃത്യമായും ഇണങ്ങിച്ചേർന്ന ഇക്കാലത്ത് ഭാഷ മരിക്കുന്നുവെന്നും ഭാഷയുടെ വിനിമയശേഷി ഇല്ലാതാവുന്നുവെന്നുമുള്ള വിലാപങ്ങൾക്ക് യാതൊരു അർത്ഥവുമില്ലെന്നു മനസിലാക്കണം. ഭാഷണസമൂഹം നിലനിൽക്കുകയും ആ നിലനിൽക്കുന്ന ഭാഷണസമൂഹം വ്യത്യസ്തങ്ങളായ ഭൂപ്രദേശങ്ങളിൽ അധിവസിക്കുകയും അത്തരം ഭൂപ്രദേശങ്ങളിൽ ഭാഷ വിനിമയോപാധിയാവുകയും ചെയ്യുന്നുണ്ടെങ്കിൽ ആ ഭാഷ മരിച്ചുപോയെന്ന് പറയുന്നതിനേക്കാൾ വലിയ അസംബന്ധം വേറെയില്ല. ആ നിലയിൽ ഭാഷാ മൗലികവാദത്തോളം അപകടകരമായ മറ്റൊന്നില്ലെന്നും പറയേണ്ടിവരും.

ഒരു സാംസ്കാരിക ഭാഷ എന്ന നിലയിൽ മലയാളം ഇന്ന് ആർജിച്ചിട്ടുള്ള അതിന്റെ മുഴുവൻ കഴിവുകളും സാങ്കേതികവിദ്യയോട് ചേർന്നുപ്രവർത്തിപ്പിക്കാൻ ഇന്നു സജ്ജമാണ്. ഈയൊരു സന്ദർഭത്തിൽ മലയാളത്തിന്റെ പഴയ ഈടുവയ്പുകൾ മുഴുവൻ  ഡിജിടൈസ്‌ ചെയ്ത് സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കുകയാണ് ഭാഷയെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഇന്നത്തെ പ്രധാന ദൗത്യം.

ഭാഷയ്ക്കുവേണ്ടി ഒരു ജനത ഒരാഴ്ച അവരുടെ പ്രവർത്തന മേഖലകളിൽ സമയം ചെലവിടുന്നു വെന്നത് ഒരുപക്ഷേ മലയാളി മാത്രം പാലിക്കുന്ന ഒരു ചടങ്ങാണ്. പറച്ചിൽ കൂടുതലാവുകയും പ്രവൃത്തി കുറയുകയും ചെയ്യുകയെന്നത് ഉത്തരാധുനിക കാലത്തിന്റെ ഒരു സവിശേഷതയുമാണ്. യഥാർത്ഥത്തിൽ ഭാഷ അതിന്റെ പൂർണ സൗന്ദര്യത്തിൽ പ്രവർത്തിക്കുന്നതു മൗനത്തിൽ വർത്തിക്കുമ്പോഴാണ്. മൗനം ആർജിക്കുന്ന നേരത്ത് ഭാഷ അതിനകത്ത് അനവധി പ്രവർത്തന മേഖലകൾ സ്വയമേവ പടുത്തുയർത്തും. നിർഭാഗ്യവശാൽ മലയാളഭാഷ ഇത്തരത്തിൽ മൗനം കൂടി ആർജിച്ചവരുടെ ലോകത്തല്ല ഇന്ന് നിലനിൽക്കുന്നത്. ആയതിനാൽ വളരെ നിശ്ശബ്ദമായി ഭാഷയ്ക്കൊപ്പം പ്രവർത്തിക്കുന്നവരെ ഇവിടെ ഓർക്കാതിരിക്കുക വയ്യ. അതു പലപ്പോഴും മലയാള ഭാഷയും സാഹിത്യവും ഐശ്ചികമായി എടുത്ത് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരല്ല മറിച്ച് സാങ്കേതികരംഗത്ത് പ്രവർത്തിക്കുന്ന പ്രഗത്ഭരായ എൻജിനീയർമാരും അത്തരത്തിലുള്ളവരുമാണ്. കഴിഞ്ഞ പത്തു വർഷമായി ഭാഷയുടെ നിലനിൽപ്പിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്നവർ ,ഭാഷയുടെ സർഗാത്മകരംഗത്ത് സംഭാവനകൾ നൽകുന്നവരും സാങ്കേതികരംഗത്ത് പ്രവർത്തിക്കുന്നവരുമാണ്.  ഈ രണ്ടു കൂട്ടരും ഒരുപക്ഷേ കഴിഞ്ഞ രണ്ടു ദശകങ്ങളിൽ മലയാളത്തിൽ സൃഷ്ടിച്ച അത്ഭുതത്തെ തുറന്ന കണ്ണുകളോടെ നാം കാണേണ്ടതുണ്ട്. ഈ ഭാഷാദേശം അതിന്റെ സാംസ്കാരികലോകത്തെ മറച്ചുപിടിക്കാതെ മുന്നോട്ടുപോകാൻ കാരണം മലയാളം എന്ന ഭാഷയുടെ സജീവതയാണ്.

ഏറ്റവും പുതിയ കാലത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നാം എപ്പോഴും ഉച്ചരിക്കുന്ന ഒരു പദം ഇതു കെട്ടകാലമാണ് എന്നതാണ്. എന്നാൽ മലയാള ഭാഷയുടെ സർഗാത്മക രാഷ്ട്രീയം സൃഷ്ടിക്കുന്ന പ്രതിരോധമാണ് ഈ കെട്ടകാലത്തെയും സഹനീയമാക്കിത്തീർക്കുന്നത്.

അതിനാൽ മലയാളം സ്വയമേവ ഒരു രാഷ്ട്രീയമാണ്!

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook