Latest News

ധാർമ്മികസഹജാവബോധത്തെ മാനിക്കുന്ന രാഷ്ട്രീയത്തിലേക്ക് ഇടതുപക്ഷം മടങ്ങേണ്ടതുണ്ട്

സ്ഥിരമായ മൂല്യബോധത്തിലുള്ള വിശ്വാസമെന്ന ധാർമ്മികസഹജാവബോധത്തെ മാനിക്കുന്ന രാഷ്ട്രീയത്തിലേക്ക് ഇടതുപക്ഷം മടങ്ങേണ്ടതുണ്ട് – കന്യാസ്ത്രീകളുടെ സമരം ഒരു ഇടതുസമരമാണ്, അതിനെ പിൻതുണയ്ക്കാനുള്ള ബാദ്ധ്യത ഇടതുപക്ഷത്തു നിൽക്കുന്ന എല്ലാവർക്കുമുണ്ട്

j devika

കേരളത്തിൽ സ്വതവേ ശക്തമായ സാമൂഹ്യയാഥാസ്ഥിതികത്വം സമീപകാലത്ത് കുറേക്കൂടി കഠിനവും സർവ്വവ്യാപകവുമായി അനുഭവപ്പെടുന്നു. ഇടതു-വലതുഭേദമന്യേ രാഷ്ട്രീയ കക്ഷികൾ സാമൂഹികമാറ്റം ആവശ്യപ്പെടുന്നവരോട് ഒന്നുകിൽ കടുത്ത പുച്ഛത്തോടെ, അല്ലെങ്കിൽ തികഞ്ഞ ഉപേക്ഷയോടെ, പ്രതികരിച്ചു കാണുന്നു. പള്ളിക്കുള്ളിലെ ലൈംഗിക ഇരപിടിയന്മാർക്കെതിരെ പൊരുതുന്ന കന്യാസ്ത്രീകളോട് രാഷ്ട്രീയകക്ഷികൾ കാണിക്കുന്ന അവഗണന ഇതിനു തെളിവാണ്.

കേരളത്തിൽ തെരെഞ്ഞെടുപ്പുചൂട് അനുഭവപ്പെട്ടു തുടങ്ങിയതോടെ എല്ലാ രാഷ്ട്രീയകക്ഷികളും സാമൂഹ്യപ്രശ്നങ്ങളിൽ തെരെഞ്ഞെടുപ്പിനെ മാത്രം മനസ്സിൽ കണ്ടുകൊണ്ട് നിലപാടുകൾ കൈക്കൊള്ളാൻ തുടങ്ങിയതാണ് ഇതിനു കാരണം. സമൂഹഭൂരിപക്ഷം മാറ്റം ആഗ്രഹിക്കുന്നവരല്ല എന്നതാണ് രാഷ്ട്രീയക്കാരുടെ സ്ഥിരധാരണ. ആ ധാരണയുടെ അടിസ്ഥാനം എന്താണെന്നു ചോദിച്ചാൽ മിക്കവാറും രാഷ്ട്രീയക്കാർക്ക് സുവ്യക്തമായ ഉത്തരം കാണില്ല. ഭരണഘടനാമൂല്യങ്ങളെ മാനിക്കുന്നവരല്ല ഭൂരിപക്ഷം ജനങ്ങളെന്നും അതുകൊണ്ട് തെരഞ്ഞെടുപ്പടക്കുന്ന സമയങ്ങളിൽ അവയോടുള്ള കൂറ് കഴിവതും കുറച്ചു മാത്രം കാട്ടിയാൽ മതിയെന്നാണ് പലപ്പോഴും രാഷ്ട്രീയക്കാർ കണക്കുകൂട്ടുന്നത്.

ഇങ്ങനെയുള്ള രാഷ്ട്രീയകാലാവസ്ഥയിലാണ് കേരളത്തിലെ ഏറ്റവും ശക്തമായ സാമൂഹ്യസ്ഥാപനങ്ങളിലൊന്നായ കത്തോലിക്കാസഭയെ നേരിടാൻ ഏതാനും കന്യാസ്ത്രികൾ തയ്യാറാകുന്നത്. ഒറ്റ രാഷ്ട്രീയകക്ഷിയോ ഭരിക്കുന്ന സർക്കാരോ ഇതുവരെ ഇവരോട് പ്രതികരിച്ചിരിക്കുന്നത് നീതിപൂർവമായല്ല. ലൈംഗികകുറ്റകൃത്യം ആരോപിക്കപ്പെട്ട ബിഷപ്പിനെതിരെ കാര്യമായി പ്രതികരിച്ചാൽ, വരുന്ന തെരെഞ്ഞെടുപ്പിൽ കാര്യമായ നഷ്ടമുണ്ടാകുമെന്ന കണക്കുകൂട്ടൽ തന്നെയാണ് ഇതിനു പിന്നിൽ.

തെരെഞ്ഞെടുപ്പിൽ ജയിക്കാൻ സാദ്ധ്യത മുന്നിൽക്കാണുന്ന ബിജെപി നിയന്ത്രിക്കുന്ന ദേശീയവനിതാക്കമ്മിഷൻ പോലുള്ള സ്ഥാപനങ്ങളും ചില ബിജെപി നേതാക്കളും ശ്രമിക്കുന്നതിൽ നീതിബോധമല്ല, മറ്റുള്ളവരെപ്പോലെ കണക്കുകൂട്ടൽ മാത്രമാണുള്ളത്. അത് നഷ്ടപ്പെടാനൊന്നുമില്ലാത്ത ഒരാൾ പയറ്റുന്ന യുക്തിസഹമായ തന്ത്രമാണ്. ഇവിടെ നാം നേരിടുന്നത് യുക്തിയും ധാർമ്മികസഹജാവബോധവും തമ്മിലുള്ള ഏറ്റുമുട്ടലിനെയാണ്. നാട്ടിലെ വോട്ടർമാർ ബഹുഭൂരിപക്ഷവും യാഥാസ്ഥിതികരാണെന്ന ധാരണ ശരിയാണെങ്കിൽ യാഥാസ്ഥിതികവേഷമണിയുന്നതാണ് തെരെഞ്ഞെടുപ്പിലെ വിജയത്തെ ഉന്നംവയ്ക്കുന്നവരെ സംബന്ധിച്ചിടത്തോളം യുക്തിസഹമായ നീക്കം. കണക്കുകൂട്ടലിന് അതീതമായി ശരിയുടെ കൂടെ നിൽക്കണമെന്ന ധാർമ്മികസഹജാവബോധമാണ് കന്യാസ്ത്രീകളുടെ കൂടെ നിൽക്കുന്നവരെ പ്രേരിപ്പിക്കുന്നത് – അല്ലാതെ അവർ സിപിഎം വിരുദ്ധരോ ബിജേപിഭക്തരോ ആയിട്ടല്ല.

ഇതിൽ രണ്ടാമത്തെ കൂട്ടർ സഹിക്കുന്ന അവഹേളനം പക്ഷേ, അവരുടെ പരാജയത്തിൻറെ ലക്ഷണമല്ല. Moral Reasoning Studies എന്ന മേഖലയിൽ നടന്നുവരുന്ന ഗവേഷണങ്ങൾ ഇതാണ് സൂചിപ്പിക്കുന്നത്: വഴക്കമുള്ള മൂല്യങ്ങൾക്ക് ജീവിതത്തിൽ പലപ്പോഴും പ്രായോഗികമായ പ്രസക്തിയുണ്ട്. പക്ഷേ ആ മനഃസ്ഥിതിക്ക് മറ്റുള്ളവരുടെ അംഗീകാരവും അതിലുപരി അവരുടെ വിശ്വാസവും ലഭിക്കില്ല. അവസരവാദപരമായ – സാഹചര്യമനുസരിച്ചു മാറുന്ന- ധാർമ്മികമൂല്യങ്ങളുള്ളവരെക്കാൾ സ്ഥിരമായ മൂല്യങ്ങളുള്ള മനുഷ്യരെയാണ് മറ്റുള്ളവർ വിശ്വസിക്കുന്നത്. എന്തിന്, അസ്ഥിരമൂല്യങ്ങൾ സ്വയം സ്വീകരിക്കാത്തവർ പോലും വിശ്വസിക്കുന്നത് സ്ഥിരമൂല്യങ്ങൾ കൈക്കൊള്ളുന്നവരെയാണത്രെ. അതായത്, ദീർഘകാലത്തിൽ രണ്ടാമത്തെ കൂട്ടർ കേൾക്കപ്പെടുമെന്നർത്ഥം.

രാഷ്ട്രീയകക്ഷികളുടെ ദീർഘകാലതാത്പര്യങ്ങളിൽ സ്ഥിരതയാർന്ന മൂല്യങ്ങളെ വിശ്വസിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന സഹജാവബോധത്തിന് ഒറ്റനോട്ടത്തിൽ തോന്നുന്നതിലധികം പ്രാധാന്യവുമുണ്ട്. നീതിയ്ക്കു വേണ്ടി ഔപചാരികരാഷ്ട്രീയബാഹ്യങ്ങളായ സാമൂഹ്യപോരാട്ടങ്ങൾ നടത്തിയവർ ഔപചാരികരാഷ്ട്രീയത്തിലേക്കു കടക്കാൻ ശ്രമിച്ച പല അവസരങ്ങളിലും ജനം അവരെ തള്ളിക്കളഞ്ഞിട്ടുണ്ട്. നീതിയിലധിഷ്ഠിതമായ സ്ഥിരമായ ധാർമ്മികമൂല്യങ്ങളെ കൈവെടിഞ്ഞ് ഔപചാരികരാഷ്ട്രീയത്തിൻറെ ചഞ്ചലമായ മൂല്യവ്യവസ്ഥയ്ക്ക് അവർ അടിപെട്ടു എന്ന അർദ്ധബോധത്തിലെ തോന്നലായിരിക്കാം ഇതിനു കാരണം. മറിച്ച്, ഔപചാരികരാഷ്ട്രീയത്തിൽ നിൽക്കുന്നവർ സ്ഥിരസ്വഭാവമുള്ള ധാർമ്മികമൂല്യങ്ങളോട് വിശ്വാസത്തെ ചേർക്കുന്ന സഹജാവബോധത്തിൻറെ ഗുണഭോക്താക്കളായിട്ടുണ്ട്, ഇന്ത്യയിലും കേരളത്തിലും, പലപ്പോഴും. കേരള രാഷ്ട്രീയത്തിൽ പ്രതിപക്ഷനേതാവായിരുന്ന കാലത്ത് വീഎസ് അച്യുതാനന്ദൻ സ്വയം സൃഷ്ടിച്ചെടുത്ത വലിയ ജനസമ്മതിയുടെ അടിസ്ഥാനം മറ്റൊന്നുമായിരുന്നില്ല. അക്കാലത്ത് കേരളത്തിൽ ഔപചാരികരാഷ്ട്രീയത്തിനു പുറത്ത് നീതിക്കു വേണ്ടി നടന്ന സമരങ്ങളോടു ചേർന്നുനിന്നുകൊണ്ടാണ് അദ്ദേഹം സ്വന്തം പ്രതിച്ഛായ പുതുക്കിയത്.

സമരം ചെയ്യുന്ന കന്യാസ്ത്രീസഹോദരിമാർക്കെതിരെ നിന്ദ്യമായ ആക്രമണമാണ് കത്തോലിക്കാ അധികാരികൾ അഴിച്ചുവിട്ടിരിക്കുന്നത്. മതസ്ഥാപനത്തിന് ആന്തരികമായ അധികാരങ്ങളുപയോഗിച്ച് പൌരജനങ്ങൾ എന്ന നിലയിൽ അവർ അനുഭവിക്കുന്ന അവകാശങ്ങളെ നിഷേധിക്കാനുള്ള കുത്സിതശ്രമങ്ങളാണ് ചുരുളഴിഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ മത-അധികാരികളെ കൂടുതൽ ചേർത്തുപിടിക്കാനും അങ്ങേയറ്റം അവ്യക്തമായ നവോത്ഥാന വ്യവഹാരത്തിലൂടെ അവരെ വെള്ളപൂശാനുമാണ് ഇവിടുത്തെ മുഖ്യധാരാ ഇടതുപക്ഷനേതൃത്വം നോക്കുന്നത്. തങ്ങളുടെ ഹ്രസ്വകാലലാഭമാണ് അവരതിൽ കാണുന്നത്. പക്ഷേ ദീർഘകാലത്തിൽ ഇത് ഇടതുപക്ഷത്തിന് വിനയായിത്തന്നെ മാറുമെന്ന് പറയുന്നതെന്തുകൊണ്ട്?nun protest
വലതുപക്ഷത്തിൽ നിന്ന് സ്ഥരിതയാർന്ന മൂല്യബോധം ആരും പ്രതീക്ഷിക്കുന്നില്ല. രണ്ടു വിഭിന്ന താത്പര്യങ്ങൾ– മുതലാളിത്തവും യാഥാസ്ഥിതിക മേലാളസംഘങ്ങളും – ചേർന്നുണ്ടാകുന്ന വലതുപക്ഷ ധാർമ്മികത ആന്തരികപൊരുത്തമില്ലാത്തതും അവസരമനുസരിച്ച് മാറുന്നതും ആണ്. എന്നാൽ ജനങ്ങളോടു മാത്രം പ്രതിബദ്ധതയുള്ള ഇടതുപക്ഷത്തിൻറെ ധാർമ്മികത അപ്രകാരമല്ല. ശിങ്കിടിമുതലാളിത്തത്തോട് ചേർന്നു നിൽക്കുന്ന കേരളത്തിലെ മുഖ്യധാരാ ഇടതുനേതൃത്വത്തിൻറെ ധാർമ്മികതയിലും കാര്യമായ ആന്തരികപൊരുത്തക്കേടുണ്ട്. കേരള സാഹചര്യങ്ങളിൽ സവിശേഷമായ മൂലധനശക്തി കൂടിയായ മത-സമുദായസംഘടനകളെയും ഇതുപോലെ ചേർത്തുപിടിക്കുന്നതോടെ അതിൻറെ ഇടതുസ്വഭാവം തന്നെ ഇല്ലാതാവുന്നു.

പി സി ജോർജിനെപ്പോലുള്ളവർ തെരെഞ്ഞെടുപ്പു ജയിക്കുന്ന കാലത്ത് അയാളെക്കാൾ വിരുതു കാട്ടി നാം മുന്നേറുകയല്ലേ വേണ്ടത് എന്ന് ഇടതുപക്ഷത്തിരുന്നു ചോദിക്കുന്നത് അസംബന്ധമാണ്. കാരണം പി സിയെപ്പോലെയുള്ള ധാർമ്മിക സർക്കസുകളിക്കാരുടെ തന്ത്രങ്ങൾ സ്വീകരിക്കുന്ന ഇടതുപക്ഷം ഇടതുപക്ഷമല്ലാതായിക്കഴിഞ്ഞിട്ടുണ്ടാവും. കേരളരാഷ്ട്രീയം പിസി ജോർജുമാരെക്കൊണ്ടു നിറഞ്ഞാൽപ്പിന്നെ ജനാധിപത്യം അവസാനിച്ചുവെന്നു കരുതാം. വലതുപക്ഷത്തിന് ദീർഘകാലമെന്നൊന്നില്ല – ഇന്നു തന്നെയാണ് അതിന് എന്നും. നാളെ എന്ന പ്രതീക്ഷയും, ജനാധിപത്യപൂർണമായ നാളെ എന്ന സ്വപ്നവും ഇടതിനു മാത്രമേയുള്ളൂ. അതുകൊണ്ട് സ്ഥിരമായ മൂല്യബോധത്തിലുള്ള വിശ്വാസമെന്ന ധാർമ്മിക സഹജാവബോധത്തെ മാനിക്കുന്ന രാഷ്ട്രീയത്തിലേക്ക് ഇടതുപക്ഷം മടങ്ങേണ്ടതുണ്ട് – കന്യാസ്ത്രീകളുടെ സമരം ഒരു ഇടതുസമരമാണ്, അതിനെ പിൻതുണയ്ക്കാനുള്ള ബാദ്ധ്യത ഇടതുപക്ഷത്തു നിൽക്കുന്ന എല്ലാവർക്കുമുണ്ട്.

അങ്ങനെയെങ്കിൽ സാഹചര്യങ്ങൾക്കതീതമായി നീതിപുലരണം, തെരെഞ്ഞെടുപ്പുസാഹചര്യത്തിനതീതമായി കന്യാസ്ത്രീകൾക്കൊപ്പം നിൽക്കണം എന്നു വാദിക്കുന്നവരെ വിശ്വസിക്കാൻ ജനം തയ്യാറാകുമെന്നാണ് വിവക്ഷ. അതിനാവശ്യമായ മുന്നൊരുക്കം – അതായത്, കന്യാസ്ത്രികൾ നടത്തുന്ന ഈ സമരം വിശ്വാസത്തിലും നീതിയിലും ഒരു പോലെ ഉറച്ചുനിൽക്കുന്നതാണെന്ന സത്യത്തെ വ്യാപകമാക്കാനാണ് ‘സേവ് അവർ സിസ്റ്റേസ്’ എന്ന കൂട്ടായ്മ ശ്രമിക്കുന്നത്. അവർ രാഷ്ട്രീയത്തിലേത്തു കടക്കാനല്ല, മറിച്ച് ഭരണഘടന പൌരജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന നീതിയിലുറച്ച, സ്ഥിരമായ ധാർമ്മികമൂല്യങ്ങളിലേക്കു വിരൽചൂണ്ടാനാണ് ശ്രമിക്കുന്നത്.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Kerala nun rape case bishop franco mulakkal nuns protest cpm

Next Story
വ്യാജദേശീയത നിർമ്മിച്ചെടുക്കുന്നതിന് പിന്നിൽindian science congress 2019, ethiran kathiravan, ethiran kathiravan books, ethiran kathiravan profile, ethiran kathiravan blog, ethiran kathiravan wikipedia, ethiran kathiravan wiki, എതിരന്‍ കതിരവന്‍, indian science congress 2019 nature magazine, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com