Latest News

അവർക്ക് വേണ്ടത്, സംവരണമല്ല, സാമ്പത്തിക സഹായമാണ്

സവര്‍ണരില്‍ ദരിദ്രരുണ്ട് എന്നത് ഒരു തര്‍ക്കപ്രശ്‌നമല്ല. അവരുടെ ദാരിദ്ര്യം പരിഹരിക്കുവാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെങ്കില്‍ ഇതര ജനവിഭാഗങ്ങളുടെ കാര്യത്തിലെന്ന പോലെ നിലവിലുള്ള ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയില്‍ അവരെ ഉള്‍പ്പെടുത്തി അവ ഫലപ്രദമായി നടപ്പിലാക്കുകയാണു വേണ്ടത്

sunny m. kapikkadu

ശാന്തമായ ഒരു സമയത്തും ഇന്ത്യ സംവരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാറില്ല. സംവരണവിരുദ്ധ കലാപം ശക്തിപ്പെടുന്ന സന്ദര്‍ഭങ്ങളിലാണ് രാഷ്ട്രവും പൗരസമൂഹവും സംവരണത്തെക്കുറിച്ച് ഉത്കണ്ഠാകുലരാകുന്നത്. ഇങ്ങനെ സംവരണവിരുദ്ധതയുടെ സമൂര്‍ത്ത സാഹചര്യത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ സംവരണീയരുടെ പ്രശ്‌നമോ സംവരണമെന്ന ഭരണഘടനാതത്ത്വമോ അല്ല. മറിച്ച്, സംവരണവിരുദ്ധരുടെ ആശയലോകത്തെയാണ് അത് അഭിസംബോധന ചെയ്യുന്നത്. ഇത്തരം അഭിസംബോധനകളില്‍ സംവരണം ഭരണഘടനാ സംവിധാനമെന്ന നിലയില്‍ പരിശോധിക്കപ്പെടാറില്ല എന്നതാണ് സംവരണചര്‍ച്ചകള്‍ നേരിടുന്ന പ്രധാനപ്പെട്ട പരിമിതി.

ഈ പരിമിതി മറികടക്കാന്‍ കഴിയണമെങ്കില്‍ സംവരണം ഭരണഘടനാസംവിധാനമെന്ന നിലയില്‍ രൂപപ്പെട്ടതിന്റെ സാമൂഹിക- രാഷ്ട്രീയ ബലതന്ത്രവും, ജനാധിപത്യസമൂഹത്തില്‍ അതിന്റെ പ്രാധാന്യവുമാണ് ചര്‍ച്ച ചെയ്യേണ്ടത്. ആധുനിക ഇന്ത്യയും അതിന്റെ ജനാധിപത്യമൂല്യങ്ങളും രൂപംകൊള്ളുന്നത് ബ്രിട്ടീഷ് വിരുദ്ധ ദേശീയതാ മുന്നേറ്റങ്ങളില്‍നിന്ന് മാത്രമല്ല. ഇന്ത്യന്‍ സമൂഹത്തിനുള്ളിലെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ നീതിക്കുവേണ്ടി നടത്തിയ മഹാപ്രക്ഷോഭങ്ങളാണ് ഇന്ത്യയില്‍ ജനാധിപത്യ തത്ത്വങ്ങളെ രൂപപ്പെടുത്തിയത്. ഇന്ത്യക്ക് അജ്ഞാതമായിരുന്നു ജനാധിപത്യമൂല്യങ്ങള്‍. അപരന്റെ അവകാശങ്ങള്‍ മാനിക്കപ്പെടേണ്ടതാണെന്ന് ഇന്ത്യക്കാര്‍ വിചാരിച്ചിട്ടേയില്ല. മറിച്ച്, അപരന്റെ അവകാശത്തെ ഹനിക്കേണ്ടത് എന്റെ ധാര്‍മികബാധ്യതയാണെന്നു വിചാരിക്കുകയും അത്തരം ധാര്‍മികബോധത്താല്‍ നിര്‍മിതമാകുന്ന ശരീരം അപരസാന്നിധ്യത്താല്‍ അസ്വസ്ഥമാകുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്ഥാന പ്രകൃതമായിരുന്നു.

മാനവികവിരുദ്ധമായ ഇത്തരമൊരു സ്ഥിതിവിശേഷം രൂപപ്പെടാന്‍ കാരണം ജാതിവ്യവസ്ഥയും അതിന്റെ ആചാരങ്ങളും മൂല്യവ്യവസ്ഥയുമായിരുന്നു. മുകളിലേക്കു പോകുന്തോറും ആഢ്യത്വവും താഴേക്കു വരുന്തോറും മ്ലേച്ഛത്വവും അടിച്ചേല്പിച്ചിരുന്ന ശ്രേണീവ്യവസ്ഥയാണ് ജാതിയെന്ന് ഡോ. അംബേദ്കര്‍ ശരിയായിത്തന്നെ നിരീക്ഷിക്കുന്നുണ്ട്. അതായത്, ലോകത്തെ എല്ലാ സമൂഹങ്ങളിലും നിലനില്ക്കുന്നതുപോലെയുള്ള അസമത്വമല്ല ഇന്ത്യയിലുള്ളത്, അത് ശ്രേണീകൃത അസമത്വമാണ്. വ്യക്തികള്‍ക്ക് ഭേദിക്കാന്‍ കഴിയാത്ത അറകളില്‍ അവരെ തളച്ചിടുന്നതിനെയാണ് ശ്രേണീകൃത അസമത്വം എന്നു പറയുന്നത്. ഇതിനകത്തു ജീവിക്കുന്ന മനുഷ്യരുടെ ധര്‍മബോധവും ശ്രേണീകൃതമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. സ്വാഭാവികനീതി മുഴുവന്‍ മനുഷ്യര്‍ക്കും ഇടയില്‍ വിതരണം ചെയ്യുന്നതിനെ ബഹുതല ബലതന്ത്രങ്ങളിലൂടെ പ്രതിരോധിക്കുന്ന ഒരു സമൂഹമായാണ് നൂറ്റാണ്ടുകളോളം ഇന്ത്യ നിലനിന്നത്. ഇത്തരം പ്രതിരോധങ്ങള്‍ക്ക് മതപരമായ അംഗീകാരമുണ്ടായിരുന്നതിനാല്‍ ധാര്‍മികമായി ന്യായീകരിക്കപ്പെട്ടിരുന്നു. ലോകത്തിലെ മറ്റൊരു സമൂഹത്തിലുമില്ലാത്ത അത്യപൂര്‍വമായ ഈ സന്ദര്‍ഭത്തെയാണ് ഞാന്‍ നേരത്തെ സൂചിപ്പിച്ച ആഭ്യന്തര ജനാധിപത്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനങ്ങള്‍ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചത്.

sunny m. kapikkadu, ambedkar, ayyankali

മഹാരാഷ്ട്രയിലെ ജ്യോതിറാവു ഫൂലെ, പഞ്ചാബിലെ മാംഗൂറാം, യു.പിയിലെ അച്യുദാനന്ദ്, ബംഗാളിലെ നാമദേവപ്രസ്ഥാനം, തമിഴ്‌നാട്ടിലെ പെരിയോര്‍, കേരളത്തിലെ ശ്രീനാരായണഗുരു, അയ്യന്‍കാളി, പൊയ്കയില്‍ അപ്പച്ചന്‍, പാമ്പാടി ജോണ്‍ ജോസഫ് തുടങ്ങി ഏറ്റവുമൊടുവില്‍ ഈ മുന്നേറ്റങ്ങളെ ചരിത്രപരമായും രാഷ്ട്രീയമായും സമാഹരിക്കാന്‍ ശ്രമിച്ച ഡോ. ബി.ആര്‍. അംബേദ്കര്‍ അടക്കം വിപുലവും ബഹുമുഖവുമായ മുന്നേറ്റമായിരുന്നു ആഭ്യന്തര ജനാധിപത്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനം. ഇവയുടെയെല്ലാം പൊതുലക്ഷ്യം ശ്രേണീകൃത വ്യവസ്ഥയില്‍ പുറംതള്ളപ്പെടുകയും വിവേചനം അനുഭവിക്കുന്നവരുടെയും നീതി എങ്ങനെ സാധ്യമാക്കാം എന്നതായിരുന്നു. അതിനായി അവര്‍ മുന്നോട്ടുവച്ച പരിഹാരം സാമൂഹികജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഈ വിഭാഗങ്ങളുടെയെല്ലാം പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നതായിരുന്നു. 19 ആം നൂറ്റാണ്ടു മുതല്‍ വ്യത്യസ്ത ജനവിഭാഗങ്ങള്‍ മുന്നോട്ടുവച്ച പ്രാതിനിധ്യത്തിനുവേണ്ടിയുള്ള അവകാശവാദങ്ങളാണ് സംവരണമെന്ന വ്യവസ്ഥയായി രൂപംകൊള്ളുന്നത്. അതായത്, സംവരണമെന്നത് അസമത്വത്തെയല്ല അഭിസംബോധന ചെയ്തത്; മറിച്ച്, ശ്രേണീകൃത അസമത്വത്തെയാണെന്നു സാരം. അതുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടനയില്‍ ‘സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ’ സംവരണത്തിന്റെ മാനദണ്ഡമാകുന്നതും, സാമ്പത്തികം മാനദണ്ഡമല്ലാത്തതും. സാമ്പത്തികമായ ഏറ്റക്കുറച്ചിലുകള്‍കൊണ്ടു മാത്രം മാറിമറിയുന്ന ഒന്നല്ല ശ്രേണീകൃത അസമത്വമെന്ന പ്രാഥമികപാഠമാണ് ഇതിലുള്ളത്. ശ്രേണീകൃത അസമത്വം നിലനില്‍ക്കുന്ന ഇന്ത്യയില്‍ നീതിയുടെ വിതരണം സ്വാഭാവികമായി സംഭവിക്കില്ലെന്ന ബോധ്യമാണ് ആധുനിക ജനാധിപത്യ ഭരണസംവിധാനത്തില്‍ സംവരണമെന്ന വ്യവസ്ഥയെ സാധ്യമാക്കിയത്.

ഈ പശ്ചാത്തലത്തിലാണ് സംവരണവ്യവസ്ഥയ്ക്ക് അടിസ്ഥാനമായിരിക്കുന്ന ഭരണഘടനയുടെ 15(4), 16(4) എന്നീ വകുപ്പുകള്‍ പരിശോധിക്കേണ്ടത്. 15(4)ല്‍ പറയുന്നതിപ്രകാരമാണ്: ”ഒരു സംസ്ഥാനത്തിന് അതിലെ ഏതെങ്കിലും ജനവിഭാഗം സാമൂഹികമായും, വിദ്യാഭ്യാസപരമായും പിന്നോക്കമാണെന്നു ബോധ്യപ്പെട്ടാല്‍ ആ വിഭാഗങ്ങള്‍ക്കായി പ്രത്യേക പരിഗണനാസംവിധാനങ്ങള്‍ ഒരുക്കാവുന്നതാണ്.” ഈ പ്രത്യേക പരിഗണനയാണ് സംവരണം. ഇവിടെ സാമ്പത്തികം മാനദണ്ഡമായി കടന്നുവരാത്തത് ഇന്ത്യയിലെ മുന്നോക്ക/പിന്നോക്ക വിഭജനത്തിന്റെ വേരുകള്‍ സ്ഥിതിചെയ്യുന്നത് ശ്രേണീകൃത അസമത്വമെന്നു വിളിക്കുന്ന ബ്രാഹ്മണിക് സാമൂഹികക്രമത്തിന്റെ മൂല്യമണ്ഡലത്തിലാണ് എന്നതുകൊണ്ടാണ്. ഭരണഘടനയുടെ 16(4)ല്‍ പറയുന്നത് ”ഏതെങ്കിലും മേഖലയില്‍ ഒരു ജനവിഭാഗത്തിന്റെ പ്രാതിനിധ്യം കുറവാണെങ്കിലോ, തീരെ ഇല്ലെങ്കിലോ ആ വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പാക്കാന്‍ സംവരണം ഏര്‍പ്പെടുത്താവുന്നതാണ്” എന്നാണ്. ഭരണാധികാരത്തിന്റെ വിവിധ മേഖലകളില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും പങ്കാളിത്തത്തിന് അവകാശമുണ്ടെന്ന ജനാധിപത്യതത്ത്വമാണ് ഇവിടെ വിളംബരം ചെയ്യുന്നത്. അതുകൊണ്ടാണ് സംവരണം ജനാധിപത്യ രാഷ്ട്രീയാവകാശവും ഭരണപങ്കാളിത്തവുമാണെന്നു പറയുന്നത്.

sunny m. kapikkadu

ഇന്ത്യന്‍ ഭരണഘടന സംവരണത്തിനായുള്ള അര്‍ഹതയ്ക്ക് രണ്ടു മാനദണ്ഡങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഒന്ന്, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ. രണ്ട്, മതിയായ പ്രാതിനിധ്യമില്ലായ്മ. ഈ മാനദണ്ഡങ്ങളനുസരിച്ചു പരിശോധിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന്റെ നിയമനങ്ങളില്‍ മുന്നോക്കവിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണമേര്‍പ്പെടുത്താന്‍ തീരുമാനിച്ച നടപടി ഭരണഘടനാവിരുദ്ധമാണെന്നു കാണാന്‍ കഴിയുന്നത്. ഇവിടെ ഉയര്‍ന്നുവരുന്ന ഒന്നാമത്തെ ചോദ്യം, മുന്നോക്കക്കാരിലെ ദരിദ്രര്‍ സാമൂഹിക ബഹിഷ്‌കരണത്തിനും വിവേചനങ്ങള്‍ക്കും വിധേയരാകുന്നുണ്ടോ എന്നതാണ്. ഈ ചോദ്യത്തിന് സ്ഥിരബുദ്ധിയുള്ളവരുടെ ഉത്തരം ഇല്ല എന്നുതന്നെയായിരിക്കും. രണ്ടാമത്തെ ചോദ്യം, ഈ വിഭാഗത്തിന് മതിയായ പ്രാതിനിധ്യമുണ്ടോ എന്നതാണ്. ഇവര്‍ക്ക് പ്രാതിനിധ്യമില്ല എന്നു തെളിയിക്കുന്ന ഒരു കണക്കും സര്‍ക്കാര്‍ നാളിതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, കേരളത്തിലെ സവര്‍ണവിഭാഗം സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ അധിക പ്രാതിനിധ്യമുള്ളവരാണെന്ന കണക്കുകള്‍ ലഭ്യമാണ്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള നാല് കോളജുകളിലെ അധ്യാപകരുടെ ജാതി തിരിച്ചുള്ള കണക്ക് 2010ല്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയിട്ടുണ്ട്.

ദേവസ്വം ബോര്‍ഡിന്റെ നാലു കോളജുകളില്‍ 182 അധ്യാപകരുണ്ട്. അതില്‍ 135 പേര്‍ നായന്മാരും എട്ട് പേര്‍ നമ്പൂതിരിമാരുമാണ്. അതായത്, ഈ മേഖലയില്‍ സവര്‍ണസമുദായങ്ങളുടെ പ്രാതിനിധ്യം 79% ആണ്. എസ്.സി/എസ്.ടി പ്രാതിനിധ്യമാകട്ടെ പൂജ്യവും. കേരളത്തിലെ ജനസംഖ്യയില്‍ 13% മാത്രം വരുന്ന സവര്‍ണ സമുദായങ്ങള്‍ ജോലിയുടെ 79% കൈവശം വച്ചിരിക്കുന്നു. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന്റെ പരിധിയില്‍ കോളജുകള്‍ വരുന്നില്ലെങ്കിലും ദേവസ്വം ബോര്‍ഡിന്റെ ഘടന സംബന്ധിച്ച വ്യക്തമായ ചിത്രമാണ് ഈ കണക്കുകള്‍ നല്‍കുന്നത്. ഇനി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള അമ്പലങ്ങളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും കണക്കെടുത്താല്‍ സവര്‍ണ സമുദായങ്ങളുടെ പ്രാതിനിധ്യം 90 ശതമാനത്തില്‍ അധികമായിരിക്കുമെന്ന് നിസംശയം പറയാനാകും. അവസരസമത്വത്തിനും സാമൂഹികനീതിക്കും ഭീഷണിയായ അപകടകരമായ അധിക പ്രാതിനിധ്യം നിലനില്‍ക്കുന്നിടത്താണ് ഇനിയൊരു 10% സംവരണംകൂടി സാമ്പത്തിക മാനദണ്ഡത്തിലേര്‍പ്പെടുത്താന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനവര്‍ പറയുന്നതാകട്ടെ സവര്‍ണരിലെ ദരിദ്രരെക്കുറിച്ചാണ്.

കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ സംവരണത്തെ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയായിട്ടാണ് മനസിലാക്കുന്നത്. ഇവിടെ വ്യക്തമാകുന്ന ബോധപൂര്‍വമായ ഭരണഘടനാ നിരക്ഷരത ചോദ്യംചെയ്യപ്പെടേണ്ടത് തന്നെയാണ്. സവര്‍ണരില്‍ ദരിദ്രരുണ്ട് എന്നത് ഒരു തര്‍ക്കപ്രശ്‌നമല്ല. അവരുടെ ദാരിദ്ര്യം പരിഹരിക്കുവാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെങ്കില്‍ നിലവിലുള്ള ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയില്‍ അവരെ ഉള്‍പ്പെടുത്തി അവ ഫലപ്രദമായി നടപ്പിലാക്കുകയാണു വേണ്ടത്. തൊഴിലുറപ്പു പദ്ധതി, സൗജന്യ റേഷന്‍, വീടിനും വിദ്യാഭ്യാസത്തിനും ധനസഹായം, സ്വയംതൊഴിലിനുള്ള വായ്പകള്‍ തുടങ്ങി നിരവധി പദ്ധതികളുണ്ടല്ലോ. കേരളത്തിലെ ഇതര വിഭാഗങ്ങളിലെ ദാരിദ്ര്യം പരിഹരിക്കാന്‍ മേല്‍സൂചിപ്പിച്ച പദ്ധതികള്‍ മുന്നോട്ടുവയ്ക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ സവര്‍ണരുടെ ദാരിദ്ര്യം പരിഹരിക്കാന്‍ സംവരണമാണ് വേണ്ടതെന്ന വിചിത്രയുക്തി രൂപപ്പെടുന്നത് ഇന്ത്യയുടെ എല്ലാക്കാലത്തെയും ശാപമായിരുന്ന സവര്‍ണവിധേയത്വത്തില്‍നിന്നാണെന്നത് നിസ്തര്‍ക്കമാണ്.

ആരാണീ മുന്നോക്കക്കാരിലെ പിന്നോക്കക്കാരന്‍. എന്തിന്റെ കാര്യത്തിലാണ് അയാള്‍ മുന്നോക്കമായിരിക്കുന്നത്? എന്തു കാര്യത്തിലാണ് പിന്നോക്കമായിരിക്കുന്നത്? സാമൂഹിക-സാംസ്‌കാരിക- പ്രതീകാത്മക മൂലധനത്തിന്റെ കാര്യത്തില്‍ അയാള്‍ മുന്നോക്കമാണെന്നു പറഞ്ഞാല്‍ സാമൂഹികപദവി അയാള്‍ക്ക് കരഗതമാണെന്നര്‍ഥം. അയാള്‍ക്കില്ലാത്തത് പണം മാത്രമാണ്. അയാള്‍ക്ക് സാമ്പത്തികസഹായമാണു വേണ്ടത്. അല്ലാതെ സവര്‍ണദാരിദ്ര്യത്തിന്റെ കദനകഥകള്‍ നിരത്തി സംവരണത്തിലേക്ക് സാമ്പത്തിക മാനദണ്ഡം ഒളിച്ചുകടത്താന്‍ ശ്രമിക്കരുത്.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Kerala move a dilution of reservation constitution and democracy

Next Story
മെട്രോയിലെ കളങ്കംthe indian express editorial metro,
The moderation of comments is automated and not cleared manually by malayalam.indianexpress.com