scorecardresearch
Latest News

ഗുമസ്തന്മാരുടെ ‘ലളിതകല’

കേരള ലളിതകലാ അക്കാദമിയുടെ വാർഷിക ഫൊട്ടോഗ്രഫി പ്രദർശനത്തിന്റെ തിരഞ്ഞെടുപ്പിലും അവാർഡ് നിർണ്ണയത്തിലും തുടക്കം മുതൽ നടന്നുവരുന്ന പ്രവണതകളെ കുറിച്ചുളള​ നിരീക്ഷണങ്ങൾ

hariharan subramanian.photography,kerala lalithakala academy

കേരള ലളിതകലാ അക്കാദമിയുടെ 2015 – 2016 വര്‍ഷത്തെ അവാര്‍ഡുകള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഫൊട്ടോഗ്രാഫുകളില്‍ നിന്നും നിയോഗിക്കപ്പെട്ട ജൂറി തിരഞ്ഞെടുത്ത പ്രിന്‍റുകളുടെ പ്രദര്‍ശനം കോഴിക്കോടുള്ള ലളിതകലാ അക്കാദമിയുടെ ഗാലറിയില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക്‌ ശേഷം പുനരാരംഭിച്ചു. രണ്ടു ദിവസം മുന്‍പായിരുന്നു അതിന്‍റെ ഉദ്ഘാടനം.
വൈകാതെ തന്നെ 2016 – 2017 ലെയും 2017 – 2018 ലെയും സമര്‍പ്പിക്കപ്പെ ട്ടവയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രിന്‍റുകളുടെ പ്രദര്‍ശനവും അക്കാദമി നടത്താന്‍ പോകുന്നു.. ഏറെ ധൈര്യം വേണ്ടുന്ന ഈ നടപടിയെടുത്തതിന് കേരള ലളിതകലാ അക്കാദമിയെ ആദ്യമായി അഭിനന്ദിക്കേണ്ടതുണ്ട്. ഈ സ്ഥാപനം പൊതുമുതല്‍ വിനിയോഗിച്ച് നടത്തുന്ന വാര്‍ഷിക പ്രദര്‍ശനം തീര്‍ച്ചയായും കാണുക എന്നത് ഈ സംസ്ഥാനത്തെയെങ്കിലും ജനങ്ങളുടെ അവകാശമാണ്. മൂന്നുവര്‍ഷത്തിലേറെയായി മുടങ്ങിക്കിടന്ന ഈ അവകാശത്തെ പുനഃസ്ഥാപിച്ചതിന് അക്കാദമിയെ അഭിനന്ദിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം, അവിചാരിതമായി ഒരു സുഹൃത്തിന്‍റെ കൂടെ കോഴിക്കോട് പോയി ഈ പ്രദര്‍ശനം കാണുകയുണ്ടായി. ഈ പ്രദര്‍ശനത്തെക്കുറിച്ചും ഇതിലുള്‍പ്പെട്ടിരിക്കുന്ന പ്രിന്‍റുകളെക്കുറിച്ചും ഏറെ കാര്യങ്ങള്‍ പറയാനുണ്ട്. ആശങ്കയുണര്‍ത്തുന്ന ഒരു കാര്യം കേരളത്തിലെ ഫൊട്ടോഗ്രാഫി രംഗത്തെ പല പ്രഗല്‍ഭരുടെയും പേരുകള്‍ പങ്കെടുക്കുന്ന ഫൊട്ടോഗ്രാഫര്‍മാരുടെ പട്ടികയില്‍ കാണാനുണ്ടായിരുന്നില്ല എന്നതാണ്. ഒരു പക്ഷെ ഏറെ പേര്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അവാര്‍ഡുകളുടെ തിരഞ്ഞെടുപ്പിലേയ്ക്ക് പ്രിന്‍റുകള്‍ അയക്കാതിരുന്നതാകാം. അത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണ്. പക്ഷെ ആശങ്കയുയര്‍ത്തുന്നത് മറ്റൊരു സാധ്യതയുടെ സാന്നിധ്യമാണ്. ഇതാകട്ടെ ലളിതകലാ അക്കാദമി ഫൊട്ടോഗ്രാഫി അതിന്‍റെ പ്രദര്‍ശനങ്ങളുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയ വര്‍ഷം തുടങ്ങി അവാര്‍ഡ് തിരഞ്ഞെടുപ്പിനെ വിടാതെ പിന്തുടരുന്നുണ്ട്.

ഒരു വ്യാഴവട്ടം മുന്‍പാണ് ലളിതകലാ അക്കാദമി ഫൊട്ടോഗ്രാഫിയെ ഒരു “ലളിത” മായ കലയായി അംഗീകരിക്കുന്നതും അതിന് എല്ലാ വര്‍ഷവും ചിത്രശില്പ കലകള്‍ക്ക് നല്‍കി വരാറുള്ള പോലെയുള്ള അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതും. ഇത് സംസ്ഥാനത്തെ ഫൊട്ടോഗ്രാഫര്‍മാരുടെയിടയില്‍ ഒരു ഉണര്‍വ്വുണ്ടാക്കുകയും ചെയ്തു. നിര്‍ദ്ദേശപ്രകാരം അനുവദിച്ചിട്ടുള്ള മൂന്നു ഫൊട്ടോഗ്രാഫുകളുടെ 8 X 12 ഇഞ്ച്‌ വലിപ്പത്തിലുള്ള പ്രിന്‍റുകളുമായി അവരില്‍ ഏറെ പേരും തൃശൂരിലുള്ള അക്കാദാമിയുടെ ഓഫീസില്‍ പോകുകയും ചെയ്തു.hariharan subramanian.photography,kerala lalithakala academy

ഇനി പറയുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി വായിക്കേണ്ടതുണ്ട്. അവ പ്രിന്റുകള്‍ സമര്‍പ്പിക്കാന്‍ പോയ അവസരത്തില്‍ എനിക്കുണ്ടായ ഒരു ദുരനുഭവത്തെ ആസ്പദമാക്കി എഴുതപ്പെട്ടതാണ്. എന്‍റെ മൂന്ന് പ്രിന്‍റുകളും വാങ്ങി നോക്കിയ അക്കാദമിയിലെ ഒരു ഗുമസ്തന്‍ അവയില്‍ ഒന്നിന്‍റെ തലക്കെട്ട്‌ തെറ്റാണെന്ന് പറയുന്നിടത്താണ് കാര്യങ്ങളുടെ തുടക്കം. “Enlightenment” എന്നായിരുന്നു തലക്കെട്ട്‌ നല്‍കിയിരുന്നത്. ആ തലക്കെട്ട്‌ തെറ്റാണെന്നും അത് “Enlightment” എന്നാക്കുവാനും എന്നോടയാള്‍ നിര്‍ദ്ദേശിച്ചു. ശരിയായിട്ടാണ് എഴുതിയിരിക്കുന്നതെന്നും മാറ്റേണ്ടകാര്യമില്ലെന്നും ഞാന്‍ മറുപടി നല്‍കിയെങ്കിലും, ഒരു തെറ്റായ തലക്കെട്ടോടുകൂടി ഒരു ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല എന്ന് അയാള്‍ പറഞ്ഞു. നാം തമ്മില്‍ തര്‍ക്കിക്കേണ്ടെന്നും ഇതിനൊക്കെയായി ജൂറിയുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോഴാണ് അയാള്‍ ആ ന്യൂട്രോണ്‍ ബോംബ്‌ അവിടെ പൊട്ടിച്ചത്.

“അതിന് എല്ലാ പടങ്ങളും ജൂറി കാണില്ല. ഇതില്‍ നിന്നും ഒരാദ്യതിരഞ്ഞെടുപ്പ് ഇവിടെയുള്ളവരൊക്കെ നടത്തും. ആ തിരഞ്ഞെടുക്കപ്പെടുന്നവ മാത്രമേ ജൂറി കാണുകയുള്ളൂ.”

അക്ഷരാര്‍ത്ഥത്തില്‍ തരിച്ചു പോയി ഞാന്‍. വിശ്വസിക്കാനാകാതെ പകച്ചുനിന്ന് പോയ എന്നോട് അയാള്‍ സത്യം തന്നെയാണ് പറഞ്ഞതെന്ന് ഉറപ്പിക്കുന്ന രീതിയില്‍ തലയാട്ടി.

ലളിതകലാ അക്കാദമിയുടെ ഫൊട്ടോഗ്രാഫിയ്ക്കുള്ള അവാര്‍ഡുകളുടെ തിരഞ്ഞെടുപ്പിനെ തുടക്കം മുതല്‍ പിടികൂടിയ ആ ബാധയെ ഒരു വ്യാഴവട്ടത്തിന് ശേഷവും അവര്‍ക്ക് ഇല്ലാതാക്കാന്‍ ആയിട്ടില്ല എന്ന ദുഃഖസത്യമാകുമോ പല ഫൊട്ടോഗ്രാഫര്‍മാരെയും അതില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്? അതോ അവരിലേറെപേരും അയച്ച പ്രിന്‍റുകള്‍ ഗുമസ്തന്മാരുടെ ഈ വെട്ടിചുരുക്കലില്‍ പരുക്കേറ്റ് വെളിയില്‍ പോയതാകുമോ?

തികഞ്ഞ തെറ്റും അനാശ്യകരവുമായ ഈ തിരഞ്ഞെടുപ്പ് രീതിയുടെ പരിണിതഫലം നേരിട്ട്കാണണമേന്നുള്ളവര്‍ ഇപ്പോള്‍ കോഴിക്കോട് നടക്കുന്ന പ്രദര്‍ശനം കണ്ടാല്‍ മതിയാകും. ഇത്രയും നിലവാരമില്ലാത്ത ഫൊട്ടോഗ്രാഫി പ്രദര്‍ശനം അടുത്തകാലത്ത് കേരളത്തില്‍ നടന്നിട്ടുണ്ടോ എന്ന് സംശയമാണ്. സംസ്ഥാനത്തെ പ്രമുഖസ്ഥാനം വഹിക്കുന്നതും സാംസ്ക്കാരികവകുപ്പിന്‍റെ നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്ന ഒരു അക്കാദമിയുടെ വാര്‍ഷികപ്രദര്‍ശനം ഈ രീതിയില്‍ നടത്തപ്പെടുമ്പോള്‍ അത് കാണാനെത്തുന്നയാളുകളുടെ ഇടയില്‍ ഇവിടെയുള്ള ഫോട്ടോഗ്രാഫര്‍മാരെക്കുറിച്ചുണ്ടാകുന്ന മതിപ്പ് നമുക്കെല്ലവരിലും ഏറെ ആശങ്കയുയര്‍ത്തേണ്ട ഒരു കാര്യമാണ്. നിസ്സംഗത ഇങ്ങനെയുള്ള കാര്യങ്ങളെ വളര്‍ത്തുകയേയുള്ളൂ.hariharan subramanian.photography,kerala lalithakala academy

സമര്‍പ്പിക്കപ്പെടുന്ന പ്രിന്റുകളെല്ലാം തന്നെ ജൂറിയിലുള്ളവര്‍ കണ്ടിരിക്കണമെന്നുള്ളത് സാമാന്യയുക്തിയ്ക്ക് ചേര്‍ന്നതാണെന്ന് പ്രത്യേകം പറയേണ്ട കാര്യമേയല്ല. ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും ഈ ലളിതവും എന്നാല്‍ അതിപ്രധാനപ്പെട്ടതുമായ വസ്തുത അക്കാദമിയുടെ മാറിമാറി വരുന്ന കമ്മറ്റികള്‍ക്ക് മനസ്സിലാകാതെ പോകുന്നത് എന്ത് കൊണ്ടാണാവോ? ഗുമസ്തര്‍ നടത്തുന്ന വിലയിരുത്തലിലൂടെ നിര്‍ണ്ണയിക്കപ്പെടുന്ന ഒരു അവാര്‍ഡിന്റെ മൂല്യം തന്നെ സംശയാസ്പദമാണെന്ന് പറയേണ്ടതുണ്ടോ?

ആദ്യമേ തന്നെ മാറ്റിവയ്ക്കപ്പെട്ട പ്രദര്‍ശനങ്ങള്‍ നടത്താന്‍ തീരുമാനിച്ച ഇപ്പോഴത്തെ അക്കാദമി ഭാരവാഹികളെ അഭിനന്ദിച്ചത് ഒരു കാര്യവും കൂടി മനസ്സിലോര്‍ത്താണ്. മുന്‍പ് നടന്ന തെറ്റുകള്‍ക്ക് പ്രതിവിധി കാണാനുള്ള ഒരു മനസ്സിന്‍റെ സാന്നിധ്യം ഈ നടപടിയില്‍ കാണാനാകും. ആ ഒരു മനസ്സിനോടാണ് ഈ ഒരു അഭ്യര്‍ത്ഥന .

ഇനിയുള്ള ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് നിര്‍ണ്ണയത്തിനായി സമര്‍പ്പിക്കപ്പെടുന്ന എല്ലാ പ്രിന്‍റുകളും നിര്‍ണ്ണയജൂറിയിലെ അംഗങ്ങള്‍ കാണുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. അതില്‍ നിന്നാവണം അവാര്‍ഡുകള്‍ക്കും പ്രദര്‍ശനത്തിനും പ്രിന്‍റുകള്‍ തിരഞ്ഞെടുക്കപ്പെടേണ്ടത്. അല്ലാതെ ആരോ ചിലര്‍ നടത്തുന്ന ഒരു പ്രാഥമിക തിരഞ്ഞെടുപ്പിന്‍റെ അരിപ്പയിലൂടെ ഊര്‍ന്നുവീണ ഏതാനും ചില പ്രിന്റുകളില്‍ നിന്ന് മാത്രമാകരുത് സംസ്ഥാനത്തിന്‍റെ ഔദ്യോഗികമായ അക്കാദമിയിലെ ശ്രേഷ്ഠമെന്ന് കരുതിപ്പോരുന്ന അവാര്‍ഡ് നിര്‍ണ്ണയിക്കപ്പെടുന്നത്. രണ്ടുവര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്, ജൂറിയംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് പ്രശസ്ത ഫൊട്ടോഗ്രാഫര്‍മാര്‍ (കെ.വി.വിൻസന്റും ഉണ്ണികൃഷ്ണന്‍ പുളിക്കലും) ഈ കാര്യം വളരെ ശക്തമായി അക്കാദമിയെ അറിയിച്ചിരുന്നു. ഇവരില്‍ ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ അടുത്തകാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യപ്രസ്താവനയും നടത്തിയതായി കാണുന്നുണ്ട്. ഇങ്ങനെയുള്ള തീരെ അഭികാമ്യമല്ലാത്ത നിര്‍ണ്ണയരീതികള്‍ സര്‍വ്വസാധാരണമായതിനാല്‍ താന്‍ ഇനി സംസ്ഥാനത്തുള്ള മത്സരങ്ങള്‍ക്ക് ജൂറിയംഗമായി തിരഞ്ഞെടുക്കപ്പെട്ടാലും അത് സ്വീകരിക്കുന്നതായിരിക്കുന്നതായിരിക്കില്ല എന്നായിരുന്നു അതിന്‍റെ കാതല്‍. ഇതൊക്കെ, ഈ വര്‍ഷം മുതല്‍ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡിനോടുള്ള സമീപനത്തില്‍ ഒരു മാറ്റം വരുത്തും എന്ന് പ്രതീക്ഷ ഉയർത്തുന്നുണ്ട്.hariharan subramanian.photography,kerala lalithakala academy

2015 – 2016 ലെ ജൂറിയംഗങ്ങള്‍ ആരായിരുന്നു എന്ന് എനിക്കറിയില്ല. എന്നാല്‍ ഒരു ജൂറിയ്ക്ക് ഒരിക്കലും സംഭവിച്ചുകൂടാത്ത ഒരു തെറ്റ് അവരുടെ വിധിനിര്‍ണ്ണയത്തില്‍ നടന്നതായി കാണാനാകുന്നു. ലോകത്ത്, ഫൊട്ടോഗ്രാഫിയെ ഗൗരവമായി സമീപിക്കുന്ന അക്കാദമികളും ഫോറങ്ങളും നടത്തുന്ന ഒരു മത്സരത്തിലും പക്ഷികളുടെ കൂടുകളും അവയില്‍ ഇരയ്ക്കായി കൊക്ക് പിളർത്തിയിരിക്കുന്ന കുഞ്ഞുങ്ങളുമുള്ള ഫൊട്ടോഗ്രാഫുകള്‍ (Nesting Pictures) സ്വീകരിക്കാറില്ല. എന്നാല്‍ ഈ പ്രദര്‍ശനത്തില്‍ അങ്ങനെയൊരെണ്ണം പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെടുക മാത്രമല്ല ചെയ്തിരിക്കുന്നത്. ആ ചിത്രത്തിന് പ്രശസ്തിപത്രം (Certificate of Honourable Mention) നല്‍കി ആദരിച്ചിട്ടുമുണ്ട്. ഏറെ പരിശ്രമത്തിനു ശേഷമാണ് കൂടിലുള്ള പക്ഷിക്കുഞ്ഞുങ്ങളുടെ ഫോട്ടോസ് എടുക്കുന്നതില്‍ നിന്നും ഫൊട്ടോഗ്രാഫര്‍മാരെ ലോകത്ത് പൊതുവെ പിന്തിരിപ്പിക്കാനായിട്ടുള്ളത്. ആ ജനുസ്സില്‍പ്പെട്ട ഒരു പ്രിന്റിന് ഒരു ഇരട്ട അംഗീകാരം നല്‍കുന്ന പ്രവണത വളരെ തെറ്റാണ്. യുവ ഫൊട്ടോഗ്രാഫര്‍മാരില്‍ ഇതുണ്ടാക്കുന്ന ആശയക്കുഴപ്പം കുറവായിരിക്കുകയില്ല. ഫൊട്ടോഗ്രാഫിയുടെ മേഖലയിലല്ലാത്തവരെ ജൂറിയംഗങ്ങളാക്കാതെയിരിക്കാന്‍ ശ്രദ്ധിച്ചാല്‍ ഈ വകകാര്യങ്ങളില്‍ ശ്രദ്ധനിര്‍ത്താന്‍ ഏറെ സഹായിക്കും.

ചിത്രശില്പകലകളുടെ കാര്യത്തില്‍ വിധിനിര്‍ണ്ണയം ഈ രീതിയിലല്ല എന്ന് കരുതട്ടെ. മറിച്ചുള്ള ഒരഭിപ്രായം ഈ കാലത്തിനിടയില്‍ ആരും ഉയര്‍ത്തിക്കണ്ടിട്ടില്ല. 1989 ന് ശേഷം ഇവയുമായി ബന്ധപ്പെട്ട് അക്കാദമിയെ സമീപിച്ചിട്ടില്ലാത്തത് കൊണ്ട് ഈ കാര്യത്തില്‍ ഒരു വിദഗ്ദ്ധ അഭിപ്രായം പറയാന്‍ ഞാന്‍ യോഗ്യനുമല്ല. കാര്‍ട്ടൂണുകളുടെ തിരഞ്ഞെടുപ്പ് രീതിയും എനിക്ക് നേരിട്ട് പരിചയമുള്ള ഒരു വിഷയമല്ല.

വ്യക്തിപരമായി ആരെയും പുകഴ്ത്താനോ അധിക്ഷേപിക്കാനോ ആയി എഴുതിയ ഒരു ലേഖനമല്ലാത്തതിനാല്‍ നടന്നുവരുന്ന പ്രദര്‍ശനത്തിലെ ചുരുക്കമായി കണ്ട നല്ല ഫൊട്ടോസ് എടുത്തവരുടെയും തീര്‍ത്തും മോശമായവ എടുത്തവരുടെയും പേരുകള്‍ പ്രതിപാദിക്കുന്നില്ല.
എന്തൊക്കെയായാലും, ഈ പ്രദര്‍ശനം നടത്താനുള്ള ആര്‍ജ്ജവം പ്രതീക്ഷ നല്‍കുന്നു. ഈ ആര്‍ജ്ജവം അവാര്‍ഡ് നിര്‍ണ്ണയരീതിയെ സുതാര്യമാക്കും എന്ന ശുഭപ്രതീക്ഷയും നൽകുന്നു.

(ഈ ലേഖനത്തിന്‍റെ കൂടെ ചേര്‍ത്തിട്ടുള്ള മൂന്ന് പ്രിന്റുകളാണ് ലളിതകലാ അക്കാദമിയുടെ പ്രദര്‍ശനത്തിന് ഞാന്‍ തൃശൂരിലെ ഓഫീസില്‍ സമര്‍പ്പിക്കാന്‍ കൊണ്ടുപോയത്. അന്നാണ് മുന്‍പ് വിവരിച്ച ദുരനുഭവം എനിക്കുണ്ടായത്. തിരഞ്ഞെടുപ്പിന്റെ രീതിയെക്കുറിച്ച് അറിഞ്ഞതും അന്നാണ്. അതിനു ശേഷം അക്കാദമിയുടെ വാര്‍ഷിക പ്രദര്‍ശനത്തിനോ അവാര്‍ഡ് നിര്‍ണ്ണയത്തിനോ പ്രിന്‍റുകള്‍ സമര്‍പ്പിച്ചിട്ടില്ല).

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Kerala lalithakala akademi state photography and cartoon exhibition

Best of Express