Latest News

അക്കാദമി ക്യാമ്പ് എന്ന ചായക്കോപ്പയും അതിലുയർന്ന മന്ദമാരുതനും

കൽപ്പറ്റയില്‍ വച്ച് കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമ്പില്‍ പങ്കെടുത്തത്തിന്‍റെ അനുഭവത്തില്‍ ചില പരമാര്‍ത്ഥങ്ങള്‍

hariharan subramanian, photography ,artist

ഹൈസ്ക്കൂളില്‍ പഠിക്കുമ്പോള്‍ അവിടുത്തെ ചിത്രരചന മത്സരങ്ങളിലെല്ലാം പങ്കെടുത്ത് ദയനീയ പരാജയം മാത്രം നേടിയിട്ടുള്ള ചിത്രകാരനായിട്ടാണ് എന്‍റെ കലായാത്ര ആരംഭിക്കുന്നത്. അന്ന് സ്ഥിരമായി സമ്മാനങ്ങള്‍ നേടിയിരുന്നവരാരും തന്നെ പിന്നീട് “വര”യെ കാര്യമായ ഒരു കാര്യമായി എടുത്തതായി അറിവില്ല.

1980ല്‍ പത്താംതരം പാസ്സായ ഞാന്‍ പ്രീഡിഗ്രിയ്ക്ക് ഏറണാകുളത്തുള്ള മഹാരാജാസ് കോളേജില്‍ ചേരുകയും. താമസമേതുമില്ലാതെ കലാലയ രാഷ്ട്രീയത്തിലും സാംസ്ക്കാരിക പ്രവര്‍ത്തനത്തിലും വളരെ സജീവമായി പങ്കുകൊള്ളുവാനും തുടങ്ങി. ബി.എ.മലയാളത്തിനു പഠിച്ചിരുന്ന ഉദയകുമാര്‍ എന്ന വിദ്യാര്‍ഥിയാണ് ഞാന്‍ തെറ്റില്ലാതെ വരയ്ക്കുന്നുണ്ടെന്ന് ആദ്യമായി എന്നോട് പറയുന്നത്. അവനാകട്ടെ ആ വര്‍ഷത്തെ ലളിതകലാ അകാദമിയുടെ പ്രദര്‍ശനത്തില്‍ പങ്കെടുത്തത്തിന്‍റെ ഗ്ലാമറൊക്കെയുള്ള ചിത്രകാരനായിരുന്നു. ഇതിന്‍റെയൊക്കെ ധൈര്യത്തില്‍ എന്‍റെ വര അങ്ങനെ മുന്പോട്ട് പോയിക്കൊണ്ടിരുന്നു. ഒരു ദിവസം കയ്യില്‍ ചുരുട്ടിപ്പിടിച്ച കുറെ പൂര്‍ത്തീകരിക്കാത്ത രേഖാചിത്രങ്ങളുമായി ബസ്സിറങ്ങിയത് ഞാന്‍ പഠിച്ചിരുന്ന അമ്പലമേട് സ്ക്കൂളിലെ ഡ്രോയിംഗ് മാഷായ ജോസ് വരാപ്പുഴയുടെ മുന്പിലേയ്ക്കാണ്. കോളേജിലെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ മാഷ്‌ എന്‍റെ പരുങ്ങല്‍ കണ്ടിട്ടായിരിക്കണം ആ കടലാസ്ചുരുളുകളെക്കുറിച്ച് അന്വേഷിക്കുകയും അത് നിവര്‍ത്തിക്കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ചിത്രങ്ങള്‍ കണ്ട ശേഷം ചിരിച്ചുകൊണ്ട് ഏറെ സന്തോഷത്തോടെ അതൊക്കെ ഞാന്‍ വരച്ചതാണോ എന്ന് അന്വേഷിക്കുകയും, അതെ എന്ന് പറഞ്ഞപ്പോള്‍ ആശ്ചര്യം കൂറുകയും ചെയ്തു. സ്കൂളില്‍ ഒരു ചിത്രശില്പകലാ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ടെന്നും അതിലേതായാലും ക്ഷണിക്കപ്പെട്ട പൂര്‍വ്വവിദ്യാര്‍ഥികളുടെ കൂട്ടത്തില്‍ എന്നെയും ഉൾപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കലാക്യാമ്പിലേക്ക് ആദ്യമായി ഞാന്‍ ക്ഷണിക്കപ്പെടുകയായിരുന്നു എന്ന് തെല്ല് കഴിഞ്ഞാണ് ഏറെ വിസ്മയത്തോടെ ഞാന്‍ തിരിച്ചറിഞ്ഞത്.
ക്യാമ്പില്‍, എന്റെയൊപ്പം സ്ക്കൂളില്‍ പഠിച്ചിരുന്ന ചിത്രകാരന്മാരില്‍ ചിലരും പങ്കെടുക്കുന്നുണ്ടായിരുന്നു. അവരുടെയിടയില്‍ ഏറെ സങ്കോചത്തോടെയായിരുന്നു ഞാന്‍ നിന്നിരുന്നത്.
ക്യാമ്പിന്‍റെ രണ്ടാം ദിവസം രാവിലെ ശില്പകലയുടെ ഒരു പണിപ്പുരയുണ്ടായിരുന്നു. യുവശില്‍പ്പിയായ വത്സന്‍ കൊല്ലേരിയായിരുന്നു അത് നയിച്ചത്. കളിമണ്ണില്‍ ആനയുടെ ശില്പമാണ് വത്സന്‍ അന്ന് അവിടെ തീര്‍ത്തത്. ആനയ്ക്ക് ഒരു വശമേ ഉണ്ടായിരുന്നുള്ളൂ… അതിന്‍റെ അകം പൊള്ളയായിരുന്നു. പക്ഷെ അതിശയകരമായി ആനയുടെ വിവിധ ഭാവങ്ങള്‍, ആനയുടെ വിവിധ രീതിയിലുള്ള പെരുമാറ്റങ്ങള്‍.. ചലനങ്ങള്‍… ഇവയൊക്കെ എന്‍റെ മനസ്സില്‍ പൂര്‍ത്തീകരിക്കും വിധം ആ ചെറിയ ശില്‍പ്പം എന്നോട് സംവദിച്ചു. എന്തുകൊണ്ടാണ് ശില്‍പം പൂര്‍ത്തീകരിക്കാതെ വിട്ടതെന്ന് ഏറെ പേരാണ് അന്ന് വല്‍സനോട് ചോദിച്ചത്. വത്സന്‍ നല്‍കിയ മറുപടി അന്നവിടെ വന്നിരുന്ന എല്ലാവരെയും ചിന്തിപ്പിച്ചിട്ടുണ്ടാകും.
“ഒന്നാമതായി ഞാന്‍ ഒരാനയെ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇത് നിങ്ങള്‍ “ആനത്തം” ആയി കണ്ടുനോക്കൂ. ആനയൊക്കെ പിന്നീട് നിങ്ങളുടെ ഉള്ളില്‍ രൂപപ്പെടുത്തിക്കോളും അത്.”


ഇത്രയും ലളിതമായി കലയുടെ ഒരു കാതലായ അംശം ആരംഭ നാളുകളില്‍ത്തന്നെ പകര്‍ന്നുകിട്ടി എന്നത് ഭാഗ്യമായി തന്നെ ഞാന്‍ കരുതുന്നു. ഒരു തുടക്കക്കാരന് ദിശാബോധം ഇതിലും നന്നായി പകര്‍ന്നുകിട്ടുക പ്രയാസമായ ഒരു കാര്യമാണ്.
ഇത്രയും പറഞ്ഞത് ഒരു കലാകാരന്, അയാള്‍ തന്‍റെ കലായാത്രയുടെ ഏതു ഘട്ടത്തിലായാലും, ദിശാബോധത്തോടെ നടത്തപ്പെടുന്ന കൂട്ടായ്മകളില്‍ നിന്നും ചിലപ്പോള്‍ ലഭിച്ചേയ്ക്കാവുന്ന ഊര്‍ജ്ജത്തെക്കുറിച്ച് പ്രതിപാദിക്കാന്‍ വേണ്ടി മാത്രമാണ്.
കലാ ക്യാമ്പുകളും കൂട്ടായ്മകളാണല്ലോ. ഈ മാസം ആദ്യം, കല്‍പ്പറ്റയില്‍ വച്ച് കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ഫോട്ടോഗ്രാഫര്‍മാരുടെ ക്യാംപിലേയ്ക്കും (ഫോട്ടോഗ്രാഫി ക്യാമ്പ് എന്ന് ഉപയോഗിയ്ക്കാത്തത് ശ്രദ്ധിക്കുമല്ലോ?) അതുയര്‍ത്തിയ ഒരു ഇളംകാറ്റ് പോലെയുള്ള വിവാദത്തിലേയ്ക്കും കടക്കുകയാണ്.
ഇങ്ങനെയൊരു ക്യാമ്പ് സംഘടിപ്പിക്കപ്പെടുന്ന കാര്യമൊന്നും നവംബര്‍ മാസം അവസാനത്തില്‍ ഒരു ഫോണ്‍വിളി വരുന്നത് വരെയും ഞാനും അറിഞ്ഞിരുന്നില്ല. പാലക്കാടുള്ള റയില്‍വേ ഉദ്യോഗസ്ഥനും സുഹൃത്തുമായ എം. സുധാകരന്‍ എന്നെ ഫോണില്‍ വിളിക്കുകയും എന്‍റെ നമ്പര്‍ ചിത്രകാരനായ ബൈജുദേവിന് ലളിതകലാ അക്കാദമിയുടെ ഒരു ക്യാമ്പിന്‍റെ കാര്യം സംബന്ധിച്ച് കൈമാറുകയാണെന്നും പറഞ്ഞതോടെ പന്ത് ഉരുണ്ടുതുടങ്ങി. ബൈജുവിനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ്‌ ക്യാമ്പിന്‍റെ കാര്യം പറയുന്നതും അക്കാദമി ഔദ്യോഗികമായി എന്നെ ക്ഷണിക്കുമെന്നും അറിയുന്നത്‌. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അക്കാദമിയുടെ ഓഫീസില്‍ നിന്നും ഔദ്യോഗികമായി എന്നെ ഫോണിലൂടെ ക്ഷണിക്കുകയും, പിന്നീട് തപാലില്‍ ഔദ്യോഗികമായ ക്ഷണക്കത്ത് അയച്ചുതരികയുമാണുണ്ടായത്. ക്യാമ്പിനു തിരഞ്ഞെടുക്കപ്പെട്ട വിവരം എന്‍റെ സുഹൃത്തുക്കളും പരിചയക്കാരുമായ അനവധി ഫോട്ടോഗ്രാഫ്രാര്‍മാരെ ഞാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. അറിയിച്ചവരില്‍ ചില വളരെ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍മാര്‍ എന്നെ പോകുന്നതില്‍ നിന്നും വിലക്കുകയും അക്കാദമി ഈ കലാരൂപത്തിന് വേണ്ടി സംഭാവനകള്‍ എന്തെങ്കിലും നല്‍കിയിട്ടുണ്ടോ എന്ന് ആരായുകയും ചെയ്തു.
കേരള ലളിതകലാ അക്കാദമിയുമായി ഞാന്‍ ആദ്യം ബന്ധപ്പെടുന്നത് മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് 1982ലാണ്. മഷിയിലും പേസ്റ്റലിലും ഞാന്‍ വരച്ച ഒരു പോര്‍ട്രെയ്റ്റ് കണ്ട സുഹൃത്തും ചിത്രകാരനുമായ ഉദയകുമാര്‍ എന്നെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വമായി ആ വര്‍ഷത്തെ അക്കാദമിയുടെ വാര്‍ഷിക പ്രദര്‍ശനത്തിനു അത് അയപ്പിക്കുകയായിരുന്നു (തൃശ്ശൂരിലെ ലൂര്‍ദ്ദ് പള്ളിക്കടുത്തായിരുന്നു അന്ന് അക്കാദമിയുടെ ഓഫീസ്. കലാവസ്തുക്കള്‍ കലാകാരന്മാര്‍ അവിടെ എത്തിക്കണമായിരുന്നു). ആദ്യ അവസരത്തില്‍ത്തന്നെ ഒരു ചെറിയ ജാക്ക്പോട്ട് എനിക്കടിച്ചു. എന്‍റെ സൃഷ്ടി തിരഞ്ഞെടുക്കപ്പെട്ടു.
തുടര്‍ന്നുള്ള കുറെ വര്‍ഷങ്ങളിലേയ്ക്ക് ഞാന്‍ ചിത്രങ്ങള്‍ അയക്കുകയും അവ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ഈ വിവരം ഒരിക്കല്‍ ജോസ് മാഷിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികാരണം രസകരവും സത്യം കലര്‍ന്നതുമായിരുന്നു.
“സ്ക്കൂളില്‍ വച്ച് താനെന്താടോ പിന്നെ അത്രയൊന്നും നന്നായി വരയ്ക്കാതിരുന്നത്?”

അന്ന് ആ ക്യാമ്പിലെ വത്സന്റെ ക്ലാസ്സില്‍ നിന്നും ലഭിച്ച കലയെ സംബന്ധിക്കുന്ന കാതലായ ആ ഉണ്മ…. ആനയ്ക്ക് പകരം ആനത്തത്തെ പകര്‍ത്താന്‍ ശ്രമിക്കുക എന്ന കലാകാരന്‍റെ ആ വിശുദ്ധ കര്‍മ്മം…. അത് എന്‍റെ ജീവിതത്തിലെ ഒരു തിരിപ്പുമുനയാണെന്ന് ഇപ്പോഴും ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു. ക്യാമ്പുകള്‍ കലാകാരന്മാരെ സൃഷ്ടിക്കുകയൊന്നുമില്ല എന്ന് നാം ആണയിട്ടു പറയുമ്പോഴും, അവ ചിലപ്പോഴൊക്കെ നമുക്ക് നേരെ പടരുന്ന ഇരുളില്‍ ഒന്ന് കൂടി നന്നായി കാണാന്‍ സഹായിക്കുന്ന ഇത് പോലെയുള്ള കൈത്തിരിനാളങ്ങള്‍ വച്ചു നീട്ടിയെന്നിരിക്കും. അത് സാധ്യമാകാന്‍ പക്ഷെ ചില ഉപാധികള്‍ ഉണ്ടെന്ന് മാത്രം.
അവയില്‍ പ്രധാനപ്പെട്ടത് ക്യാമ്പിന്‍റെ ഉദ്ദേശവും അതില്‍ പങ്കെടുക്കുന്നവരുടെ മനോഭാവവുമാണ്‌. ഇതാകട്ടെ വളരെയേറെ ആ ക്യാമ്പ് നടത്തപ്പെടുന്ന രീതിയോട് ബന്ധപ്പെട്ടുമാണ് കിടക്കുന്നത്.
അക്കാദമിയുമായി 35 വര്‍ഷങ്ങള്‍ക്കുമുന്‍പ് ബന്ധപ്പെട്ടിരുന്ന വസ്തുത ഇത്രയും കാര്യമായി പറഞ്ഞത്, എനിക്ക് അക്കാദമിയെക്കുറിച്ച് ഒന്നുമറിയാത്തത്കൊണ്ടും അവിചാരിതമായി തിരഞ്ഞെടുക്കപ്പെട്ടത്തിന്‍റെ അന്ധാളിപ്പ്കൊണ്ടുമാണ് ക്യാമ്പില്‍ പങ്കെടുത്തതെന്ന് ധരിച്ചു പോയ ചിലയാളുകള്‍ വായിക്കാനും കൂടിയാണ്.
“മഞ്ഞ്” എന്ന് നാമകരണം ചെയ്യപ്പെട്ടിരുന്ന ഈ ക്യാമ്പിനു മുന്‍പ് ലളിതകലാ അക്കാദമി വന്യമൃഗഫോട്ടോഗ്രാഫര്‍മാര്‍ക്കായി ഒരു ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. പങ്കെടുക്കണമെങ്കില്‍, നിഷ്ക്കര്ഷിച്ചിരുന്ന ചില നിബന്ധനകള്‍ ഫോട്ടോഗ്രാഫര്‍മാര്‍ അനുസരിക്കേണ്ടിയിരുന്നു. അവയില്‍ പ്രധാനപ്പെട്ട ഒരെണ്ണം ഫുള്‍ ഫ്രെയിം ക്യാമറയും 300 എം എം നു മുകളിലുള്ള ടെലിലെന്‍സും കൈവശമുള്ളവര്‍ മാത്രം ക്യാമ്പില്‍ പങ്കെടുത്താല്‍ മതിയെന്നതായിരുന്നു. ഇവയ്ക്കും വന്യമൃഗ ഫോട്ടോഗ്രാഫിക്കും തമ്മില്‍ മാത്രമല്ല ബന്ധമുള്ളതെന്ന് അന്ന് ആരും അക്കാദമി ഭാരവാഹികളെ അറിയിച്ചിട്ടില്ല എന്ന് തോന്നുന്നു. കാരണം ഇപ്പോള്‍ കൽപ്പറ്റയില്‍ നടത്തപ്പെട്ട ക്യാമ്പും ആര്‍ക്കെങ്കിലും അതില്‍ പങ്കെടുത്തതിന് കിട്ടിയ പ്രതിഫലത്തിലല്ലാതെ മറ്റെന്തെങ്കിലും രീതിയില്‍ പ്രയോജനപ്പെട്ടു എന്ന് ഒരു രീതിയിലും കരുതുക വയ്യ എന്നത് കൊണ്ടാണ്.

ക്യാമ്പിന്‍റെ മൂന്നാം ദിവസമാണ് അതിലേയ്ക്ക് ഫോട്ടോഗ്രാഫര്‍മാരെ തിരഞ്ഞെടുത്ത രീതിയിലെ വിവേചനത്തെക്കുറിച്ച് ഗിരീഷ്‌ കുറുപ്പ് എന്ന ഫോട്ടോഗ്രാഫര്‍ തന്‍റെ ഫേസ്‌ ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ്‌ ഇട്ടതായും അതിനു ചില ഫോട്ടോഗ്രാഫര്‍മാരില്‍നിന്നും പിന്തുണ കിട്ടിയെന്നും അറിയുന്നത്. വായനക്കാരുടെ സൗകര്യത്തിനായി ആ പോസ്റ്റ്‌ ഞാന്‍ അതേപടി ഇവിടെ ചേര്‍ക്കുകയാണ്.
“കേരളാ ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ വയനാട് കൽപറ്റയിൽ ഇന്നുമുതൽ( ഡിസംബർ ഏഴു മുതൽ പത്തു വരെ ) നാലു ദിവസം നീണ്ടുനിൽക്കുന്ന ഒരു ഫോട്ടോഗ്രാഫി ക്യാമ്പ് കേരളത്തിലെ തിരഞ്ഞെടുത്ത പന്ത്രണ്ടോളം ഫോട്ടോഗ്രാഫേഴ്സിനെ പങ്കെടിപ്പിച്ചു കൊണ്ട് നടത്തുന്നുണ്ടെന്ന് അറിയുവാൻ കഴിഞ്ഞു.ഒരു ദിവസം മുൻപാണ് അക്കാദമി ഇത്തരത്തിൽ ഒരു ക്യാമ്പ് നടത്തുന്നുണ്ടെന്ന് അറിഞ്ഞത്.ഇതിനെ കുറിച്ച് എന്റെ ഫോട്ടോഗ്രാഫി സുഹൃത്തുക്കളോട് ചോദിച്ചപ്പോൾ ആരും തന്നെ ഇങ്ങനെയൊരു ക്യാമ്പിനെ കുറിച്ച് അറിഞ്ഞിട്ടില്ല എന്നാണ് അറിയുവാൻ കഴിഞ്ഞത്.അവരിൽ പലരും അക്കാദമിയുടെ ഫോട്ടോഗ്രാഫി അവാർഡ് ജേതാക്കളും അക്കാദമി എല്ലാവർഷവും നടത്തുന്ന ഫോട്ടോഗ്രാഫി എക്സിബിഷനിൽ പങ്കെടുക്കുന്നവരും ആണ്. ഇത്തരത്തിൽ ഫോട്ടോഗ്രാഫേഴ്സിനായി ഒരു ക്യാമ്പ് മൂന്നു വർഷങ്ങൾക്ക് മുൻപ് മൂന്നാറിൽ വച്ച് നടത്തപെടുകയുണ്ടായി അന്ന് ക്യാമ്പിന് പങ്കെടുക്കുവാനുള്ളവരെ തിരഞ്ഞെടുത്തത് അവരെടുത്ത ചിത്രങ്ങൾ വിലയിരുത്തിയിരുന്നു, അതിൽ തന്നെ ഒരുപാടു പിഴവുകളും പറ്റിയതായി വിമർശനങ്ങൾ അക്കാലത്തു തന്നെ ഒരുപാടു ഫോട്ടോഗ്രാഫേഴ്സ് ഉന്നയിച്ചിരുന്നു. എന്നാൽ ഇത്തവണ നടത്തുന്ന ക്യാമ്പിൽ ഇത്തരത്തിൽ ഒരു വിലയിരുത്തലോ മറ്റോ നടന്നതായി അറിയുവാൻ കഴിഞ്ഞില്ല, അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ തന്നെ അത് കേരളത്തിലെ ഫോട്ടോഗ്രാഫേഴ്സിനെ അറിയിക്കുവാൻ അക്കാദമി ശ്രമിച്ചിട്ടില്ല എന്ന് വേണം കരുതുവാൻ.അക്കാദമി നടത്തുന്ന ഈ ക്യാമ്പിൽ പങ്കെടുക്കുന്നവരെ ഏതു രീതിയിൽ ആണ് തിരഞ്ഞെടുത്തത്, മാനദണ്ഡമെന്താണ്, ഇതിന്റെ നിജസ്ഥിതി എല്ലാം അറിയുവാൻ താല്പര്യമുണ്ട്.ക്യാമ്പിൽ പങ്കെടുക്കുന്ന ഫോട്ടോഗ്രാഫി സുഹൃത്തുക്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.


ഏറെ സൗമ്യമായ ഭാഷയിലാണ് ഗിരീഷ്‌ കാര്യങ്ങള്‍ ഉണര്‍ത്തിയിട്ടുള്ളത്‌. ക്യാമ്പ് നടത്തപ്പെടുന്നത് അവസാന നിമിഷം വരെയോ അതിനു ശേഷമോ പോലും ഭൂരിഭാഗം ഫോട്ടോഗ്രാഫര്‍മാരും അറിഞ്ഞില്ല എന്നത് വാസ്തവപരവുമായ ഒരു കാര്യമാണ്. എന്നാല്‍ ഇത് ന്യായീകരിച്ചിരിക്കുന്ന കഴമ്പില്ലാത്ത ന്യായവാദങ്ങളാണ് ഈ പോസ്റ്റിന്റെ ഗൗരവത്തെ ഇല്ലായ്മ ചെയ്യുന്നത്.
“.അവരിൽ പലരും അക്കാഡമിയുടെ ഫോട്ടോഗ്രാഫി അവാർഡ് ജേതാക്കളും അക്കാഡമി എല്ലാവർഷവും നടത്തുന്ന ഫോട്ടോഗ്രാഫി എക്സിബിഷനിൽ പങ്കെടുക്കുന്നവരും
അക്കാദമിയുടെ ഫോട്ടോഗ്രാഫി അവാര്‍ഡ് ലഭിച്ചിട്ടുള്ളവര്‍ സ്വാഭാവികമായും മറ്റുള്ളവരേക്കാള്‍ മികച്ചവരായിരിക്കും എന്ന വിശ്വാസം ആകണമല്ലോ ഗിരീഷിനെ ഈ നിഗമനത്തിലെത്താന്‍ സഹായിച്ചിട്ടുണ്ടാവുക. അക്കാദമിയുടെ ഫോട്ടോഗ്രാഫി അവാര്‍ഡുകളെക്കുറിച്ച് പറഞ്ഞുകൊണ്ട് തന്നെ തുടരാം. എല്ലാ വര്‍ഷവും നടത്തപ്പെടുന്നു എന്ന് അവകാശപ്പെടുന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന് സംസ്ഥാനത്തുള്ള ഫോട്ടോഗ്രാഫര്‍മാര്‍ തിരഞ്ഞെടുക്കപ്പെടാനായി സമര്‍പ്പിക്കുന്ന ഫോട്ടോഗ്രാഫുകളില്‍ നിന്നുമാണ് മേല്‍പ്പറഞ്ഞിട്ടുള്ള അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഇതിനായി അക്കാദമി പ്രഗൽഭരെന്നു കരുതപ്പെടുന്ന ഫോട്ടോഗ്രാഫര്‍മാരുടെ ജൂറിയെ നിയമിക്കാറുമുണ്ട്. ആകെ സമര്‍പ്പിക്കപ്പെടുന്ന പ്രിന്റുകളുടെ അഞ്ചിലൊന്ന് മാത്രമേ ഈ അവാര്‍ഡ്ജേതാക്കളെ തിരഞ്ഞെടുക്കേണ്ട ജൂറി കാണുന്നുള്ളൂ എന്ന് ഏറെ ദുഃഖകരവും അസംബന്ധജടിലവുമായ സത്യം ഇവിടെയുള്ള എത്ര ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അറിവുള്ള കാര്യമാണ്?

രണ്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ് ജൂറി കോഴിക്കോട് വച്ച് ആ വര്‍ഷത്തെ അവാര്‍ഡുനിര്‍ണ്ണയത്തിന് കൂടിയപ്പോള്‍ അവര്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടത് വെറും അറുപതോളം പ്രിന്റുകളായിരുന്നു എന്ന് ജൂറിയിലെ ഒരു അംഗമായിരുന്ന കെ.വി.വിൻസെന്ര് എന്നോട്  പറഞ്ഞിട്ടുണ്ട്. ജൂറിയിലെ മറ്റൊരംഗമായിരുന്ന  ഡോ.ഉണ്ണികൃഷ്ണന്‍ പുളിക്കലും പ്രിന്റുകളുടെ കുറവിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ലഭിച്ചത്  ഞെട്ടിക്കുന്ന മറുപടിയായിരുന്നു  മോശമായവയൊക്കെ ആദ്യമേ മാറ്റിയെന്നും ജൂറിയുടെ സൗകര്യത്തിനായി നല്ലവ മാത്രമേ കോഴിക്കോട് എത്തിച്ചിട്ടുള്ളുവെന്നുമാണ് അക്കാദമി അധികൃതര്‍ അവരോടു പറഞ്ഞത്. വല്ലാത്ത ഒരു ഞെട്ടലായിരുന്നു ആ വെളിപെടുത്തലെന്നും, തികച്ചും തെറ്റായ ഈ പ്രവണത അവസാനിപ്പിക്കണമെന്ന്‍ ഇരുവരും അക്കാദമിയ്ക്ക് രേഖാമൂലം എഴുതിക്കൊടുത്തതായും വിൻസന്റ് മാഷ്‌ എന്നോട് പറഞ്ഞു.

ഈ രീതിയില്‍ നിര്‍ണ്ണയിക്കപ്പെടുന്ന ഒരവാര്‍ഡിന് എന്ത് മഹത്വം കല്‍പ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്താന്‍ ഏറെ ആലോചിക്കേണ്ടതുണ്ടോ? രണ്ടു വര്‍ഷമായി തിരഞ്ഞെടുക്കപ്പെട്ട (ആരാല്‍ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു) പ്രിന്റുകളുടെ പ്രദര്‍ശനം നടത്താത്തതിന്റെ കാരണം എന്താണെന്ന് ഇതൊക്കെ കൂട്ടി വായിക്കുമ്പോള്‍ വ്യക്തമല്ലേ?

എന്തായാലും അവാര്‍ഡ്നിര്‍ണ്ണയത്തിന് ശേഷം നടത്താറുള്ള തിരഞ്ഞെടുക്കപ്പെടുന്ന പ്രിന്റുകളുടെ പ്രദര്‍ശനം രണ്ടു വര്‍ഷമായി നടന്നിട്ട്. വീണ്ടും മറ്റൊരു ചോദ്യത്തിലേയ്ക്ക് ഇത് എത്തിക്കുന്നു. ജൂറി അഞ്ചിലൊന്ന് പ്രിന്റുകളെ കാണുന്നുള്ളൂവെങ്കില്‍, പ്രദര്‍ശനത്തിനു യോഗ്യമെന്ന് മറ്റ് പ്രിന്റുകളെ വിധിക്കുന്നതാരാണ്?

ചായക്കോപ്പയില്‍ കൊടുങ്കാറ്റ് ഉയര്‍ത്തുന്നവര്‍ അത് “ഓഖി”യുടെ നൂറിലൊന്ന് ശക്തിയിലെങ്കിലും ആഞ്ഞടിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. കൊടുങ്കാറ്റിന് ശക്തി ആര്‍ജ്ജിക്കാന്‍ കഴിയുന്നത്‌ സാംഗത്യമുള്ള കാര്യങ്ങള്‍ അത് ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമായിരിക്കും. ഇപ്പോള്‍ ഞാനുള്‍പ്പെടെ ഈ ക്യാമ്പില്‍ പങ്കെടുത്ത പന്ത്രണ്ട് പേര്‍ക്ക് പകരം വേറെയൊരു പന്ത്രണ്ട്പേരായിരുന്നു(പന്ത്രണ്ട് അകാദമി അവാര്‍ഡ്‌ ജേതാക്കള്‍ തന്നെയാണെങ്കിലും) തിരഞ്ഞെടുക്കപ്പെട്ടിരുന്നതെങ്കില്‍ ക്യാമ്പിനു ഗുണപരമായ എന്ത് മാറ്റമാണ് ലഭിച്ചിട്ടുണ്ടാവുക? മാത്രമല്ല, തങ്ങളെയാണ് തിരഞ്ഞെടുക്കെണ്ടാതെന്നും പറഞ്ഞു മറ്റൊരു പന്ത്രണ്ട്പേര്‍ അരങ്ങത്തേയ്ക്ക് വന്നാല്‍ കാര്യങ്ങള്‍ക്കു എന്ത് മാറ്റമുണ്ടായി എന്ന് കരുതും?

അക്കാദമി, ഫോട്ടോഗ്രാഫിയെ സംബന്ധിക്കുന്ന ഏതു വിഷയത്തിനും ഒരു തൊഴിലായി ഫോട്ടോഗ്രാഫിയെ സ്വീകരിച്ചിരിക്കുന്ന ഫോട്ടോഗ്രാഫര്‍മാരുടെ സംഘടനയായ എ.കെ.പി.എ യെയാണ് സമീപിച്ച് കാണുന്നത്. ഇത് എത്രത്തോളം ആശാസ്യമാണെന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു. ചലച്ചിത്രഅക്കാദമി അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധഅഭിപ്രായങ്ങള്‍ പറയുവാനായി സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനകളായ “അമ്മ”യെയും “മാക്‌ട”യെയും “ഫെഫ്ക”യെയും മാത്രം സ്വീകരിക്കുന്നത് പോലെയേ ഇത് വരൂ എന്ന് ഖേദത്തോടെ പറയട്ടെ. ഈ സംഘടനയുടെ അജണ്ട ഫോട്ടോഗ്രാഫിയെ ഒരു കലാരൂപമായി കാണുന്നതിനേക്കാള്‍ ചേര്‍ന്നിരിക്കുന്നത് അതിനെ ഒരു വ്യവസായമായി അംഗീകരിക്കുന്നതിലാണ് എന്ന വസ്തുത തന്നെയാണ് അതിന് കാരണവും. ലളിതകലാ അക്കാദമിയുടെ പരമലക്ഷ്യം കലാരൂപമെന്ന നിലയില്‍ ഫോട്ടോഗ്രാഫിയുടെ വളര്‍ച്ചയില്‍ കേരളത്തിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുകയും അവര്‍ക്ക് അതിനായിട്ടുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിലും നിക്ഷിപ്തമാണ്. ഈ യാത്രയില്‍ അക്കാദമിയെ സഹായിക്കാന്‍ എ.കെ.പി.എ. ഒരു രീതിയിലും പര്യാപ്തമല്ല. അതിനുള്ള കാരണങ്ങള്‍ പലതാണ്.

photography workshop

ഒന്നാമതായി ഫോട്ടോഗ്രാഫിയെക്കുറിച്ച് ഗൗരവമേറിയ പഠനങ്ങളോ ഒരു കലാരൂപമെന്ന നിലയില്‍ അത് ആഗോള അടിസ്ഥാനത്തിലെവിടെയെത്തി നില്‍ക്കുന്നു എന്നതിനെക്കുറിച്ചുള്ള വിശകലനമോ ഈ സംഘടനയുടെ ഭാരവാഹികള്‍ നടത്തുന്നില്ല എന്ന് അവരുടെ പേര് വെച്ചിറങ്ങുന്ന “ഫോട്ടോഗ്രാഫി” പ്രസിദ്ധീകരണങ്ങള്‍ ഏറെ സ്പഷ്ടമാക്കിത്തരുന്നുണ്ട്. അപൂര്‍വ്വമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കാമ്പുള്ള ചില ലേഖനങ്ങള്‍ ഈ സംഘടനയില്‍ സജീവമല്ലാത്ത ആളുകള്‍ എഴുതുന്നവയുമാണ്. അത് കൊണ്ടുതന്നെ അക്കാദമിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ഫോട്ടോഗ്രാഫിയെ കലാരൂപമെന്ന നിലയില്‍ സമീപിക്കുന്ന പ്രഗല്‍ഭരായ ഫോട്ടോഗ്രാഫര്‍മാരെയും കലാതാത്വികരെയും ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എന്തിനാണ് ഒരാള്‍ ഫോട്ടോഗ്രാഫിയില്‍ മുഴുകുന്നതെന്ന് തികഞ്ഞ ബോധ്യമുള്ളവനും ,അയാള്‍ക്ക്‌ ആ ലക്ഷ്യത്തിലെത്താനുള്ള സാങ്കേതികതയെക്കുറിച്ചുള്ള നല്ല ഗ്രാഹ്യമുള്ളവനും ആയിരിക്കണം അക്കാദമി കമ്മറ്റിയിലുള്ള ഫോട്ടോഗ്രാഫര്‍മാര്‍. ഇതൊന്നുമില്ലാതെ പേരിനൊരു ക്യാമ്പും അതില്‍ പങ്കെടുക്കാനായി കുറെ ഫോട്ടോഗ്രാഫര്‍മാരെയും തിരഞ്ഞെടുത്തത് കൊണ്ട് ഒരു കലാരൂപമെന്ന നിലയില്‍ ഈ ശാഖയ്ക്ക് എന്തെങ്കിലും നേട്ടമുണ്ടാകുമെന്ന് കരുതുക വ്യാമോഹം മാത്രമാകും.

എഡിറ്റിങ് സോഫ്റ്റ്‌വെയറിന്റെ ഉപയോഗം ഫോട്ടോയെടുത്തതിന്റെ ലക്ഷ്യത്തെ എങ്ങനെ ശക്തിമത്താക്കാമെന്ന് തെളിയിക്കുന്ന ഉദാഹരണങ്ങള്‍ കാണിച്ചുതരുന്ന ആധുനിക ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള പുസ്തകങ്ങളുടെ അഭാവം പല ഫോട്ടോഗ്രാഫര്‍മാരെയും നെറ്റില്‍ സുലഭമായി ആടിപ്പാടി നടക്കുന്ന, പലതരം ഗിമ്മിക്കുകള്‍ നമ്മളെ പഠിപ്പിക്കുന്ന, “ട്യൂട്ടോറിയല്‍” ലിങ്കുകളിലേയ്ക്കാണ് ആകര്‍ഷിക്കുന്നത്. അവയില്‍ ഏറെയും എങ്ങനെ ചില “എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍ ടൂളുകള്‍” ഉപയോഗിച്ച് നിലവിലുള്ള സൌന്ദര്യശാസ്ത്രസങ്കല്‍പ്പങ്ങള്‍ക്ക് അനുസൃതമായിട്ടുള്ള സറിയലിസ്റ്റ് ഫ്രെയ്മുകള്‍ മെനഞ്ഞെടുക്കാം എന്ന ലഘുവായ അധ്യാപനരീതിയാണ് തുടര്‍ന്ന് വരുന്നത്. തങ്ങള്‍ ചെയ്യുന്നത് ഒരു പകർത്തെഴുത്ത് മാത്രമാണെന്ന് പോലും ബോധ്യമില്ലാതെ, ധാരാളം ഫോട്ടോഗ്രാഫര്‍മാര്‍ ഇതിലൂടെ “അറിവ്” നേടുകയും, തങ്ങളുടെ അങ്ങനെ മെനഞ്ഞെടുത്ത രചനകള്‍ സാമൂഹ്യമാധ്യമങ്ങളിലെ ആര്‍ട്ട് ഫോറങ്ങളില്‍ പോസ്റ്റ്‌ ചെയ്ത് തൃപ്തിയടയുകയും ചെയ്യുന്നു . ലളിതകലാ അക്കാദമി കാര്യമായ ശ്രദ്ധ പതിപ്പിക്കേണ്ട ഒരു മേഖലയും കൂടിയാണിത്. യാത്രികന് നല്ല ഒരു യാത്ര ചെയ്യാനുള്ള പാതയൊരുക്കുകയെന്ന പ്രധാനപ്പെട്ട കര്‍ത്തവ്യം അക്കാദമിയില്‍ നിക്ഷിപ്തമാണ്. ഇവിടെയാണ്‌ ആധുനിക സൗകര്യങ്ങള്‍ നിറഞ്ഞ പ്രാദേശിക കേന്ദ്രങ്ങളുടെ പ്രസക്തി എറി വരുന്നത്. ഏതൊരു കലാകാരനെയും കലയെക്കുറിച്ചുള്ള ആധുനികമായ അറിവ് നേടാന്‍ പര്യാപ്തമാക്കുന്ന ലൈബ്രറികള്‍ക്കും, നേടുന്ന ജ്ഞാനം ഉപയോഗിക്കുവാന്‍ അവനെ പര്യാപ്തമാക്കുന്ന സാങ്കേതികത്തികവ് പുലര്‍ത്തുന്ന സ്റ്റൂഡിയോകള്‍ക്കും തീര്‍ച്ചയായും ആധുനികകാലത്ത് വലിയ പങ്കുവഹിക്കാനുണ്ട്. പ്രഗല്ഭരായ ഫോട്ടോ ആര്ടിസ്റ്റുകളുടെ വര്‍ക്ക്ഷോപ്പുകള്‍ ഇങ്ങനെയുള്ള ആധുനിക സജ്ജീകരണങ്ങളുള്ള സ്റ്റൂഡിയോകളില്‍ വച്ച് വേണം നടത്തപ്പെടാന്‍.

മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ചിത്രകലയുടെയും ഫോട്ടോഗ്രാഫിയുടെയും ഇണക്കങ്ങളെയും പിണക്കങ്ങളെയും തിരിച്ചറിയാന്‍ ആകുകഎന്നത്. കല്പറ്റയില്‍ നടന്ന ക്യാമ്പില്‍ എടുത്ത ഫോട്ടോകള്‍ പരസ്പരം കാണുന്നതിനോ അവയിലെ വൈവിദ്ധ്യങ്ങള്‍ മനസ്സിലാക്കാനോ അംഗങ്ങള്‍ക്കായി ഒരു സൗകര്യവും അക്കാദമി ഒരുക്കിയിരുന്നില്ല എന്നത് ഖേദകരമാണ്. ഒരു പ്രൊജക്ഷന്‍ സിസ്റ്റം ഇല്ലാതെ ദൃശ്യകലയുടെ ഒരു ക്യാമ്പ് ഇക്കാലത്ത് നടത്തുന്നത് നമ്മുടെ അക്കാദമി മാത്രമാവും. ഒരു സ്കൂളില്‍നിന്നും പോകുന്ന സ്റ്റുഡിടൂറിന്റെ ലാഘവത്തോടെ കുറച്ചു ഫോട്ടോഗ്രാഫര്‍മാരെ ഒരു സ്ഥലത്ത് ഒരുമിപ്പിച്ച്, അവരുടെ ഭക്ഷണത്തിന്റെയും താമസത്തിന്റെയും ചിലവും വഹിച്ച്, അവരെ “കാണാന്‍ കൊള്ളാവുന്ന”തും വിനോദസഞ്ചാരഭൂപടത്തില്‍ സ്ഥാനം പിടിചിട്ടുമുള്ള സ്ഥലങ്ങളില്‍ ഇറക്കി ഫോട്ടോ എടുക്കാന്‍ പ്രേരിപ്പിക്കുന്നത് കൊണ്ട് ഒരു ക്യാമ്പിന്‍റെ ലക്ഷ്യം നിറവേറുമെന്നു ഇക്കാലത്തും ആളുകള്‍ വിശ്വസിക്കുന്നുണ്ടല്ലോ…!!

കാര്‍ട്ടിയര്‍ ബ്രസ്സോങ്ങിന്റെ നിര്‍ണ്ണായക നിമിഷത്തില്‍ നിന്നും ചിത്രകലയുടെ നിയമാവലികളില്‍ നിന്നും ഫോട്ടോഗ്രാഫി ഇന്ന് ഏറെ അകലത്തിലും സഞ്ചരിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ഇവയെല്ലാം തന്നെയും കൂടിക്കലരാറുമുണ്ട് നല്ലതിനോ കെട്ടതിനോ എന്നൊക്കെയുള്ള ചര്‍ച്ചകളില്‍ അഭിരമിച്ചിരിക്കുമ്പോഴും, നൂതനമായ സങ്കേതങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിയില്‍ മുഴുകുന്ന കലാകാരന്മാരെ അക്കാദമിക്ക് സ്വീകരിച്ചേ മതിയാകൂ. അവരില്‍ ഏറെ പ്രാഗത്ഭ്യം പുലര്‍ത്തുന്നവരെ തേടിപ്പിടിച്ച്, തങ്ങളോടൊപ്പം നിര്‍ത്തേണ്ട കടമ തീര്‍ച്ചയായും അക്കാദമിക്ക് ഉണ്ട്. കലയുടെ മര്‍മ്മം അറിയാവുന്ന, ആധുനിക കലാതതത്വങ്ങളില്‍ ഏറെ പ്രാവീണ്യം നേടിയ മലയാളികളായ വിജയകുമാർ മേനോനെയും ജോണി എം.എല്ലിനെയും പോലെയുമുള്ളവരുടെ സേവനങ്ങള്‍ ഇതിനായി തീര്‍ച്ചയായും ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. സമകാലീന ഫോട്ടോഗ്രാഫിയില്‍ അന്താരാഷ്ട്രതലത്തില്‍ ഏറെ സുപരിചിതരായ വിവേക് വിലാസിനി, ഡോ.ഉണ്ണികൃഷ്ണന്‍ പുളിക്കല്‍, ബാലന്‍ മാധവന്‍ ,അബുള്‍ കലാം ആസാദ്, പ്രവീണ്‍ .പി.മോഹന്‍ദാസ്‌ തുടങ്ങിയ മലയാളികളായ കലാകാരന്മാരുടെ പേരുകളും ഇതേ കാര്യത്തിനായി അക്കാദമി പരിഗണിക്കേണ്ടതാണ് (സ്വന്തമായ പാത വെട്ടിത്തെളിച്ച ചില കലാകാരന്മാരുടെ പേരുകളാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇവരുടെ സേവനങ്ങള്‍ മാത്രമേ ഉപയോഗിക്കപ്പെടുത്താവൂ എന്നൊന്നും അര്‍ത്ഥമാക്കേണ്ടതില്ല എന്നും കൂടി പറഞ്ഞുകൊള്ളട്ടെ) . ഇവരുടെയൊക്കെ ഇന്ത്യയിലും വിദേശത്തുമുള്ള ബന്ധങ്ങള്‍ ഉപയോഗിച്ച് തികഞ്ഞ അന്താരാഷ്‌ട്ര കാഴ്ചപ്പാടുള്ള ഒരു അക്കാദമി വിഭാവന ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. ഈ കാര്യത്തില്‍ പന്ത് അക്കാദമിയുടെ കളത്തിലാണ്. പെലെയെപ്പോലെയോ റൊണാള്‍ഡീഞ്ഞയെപ്പോലെയോ തീര്‍ച്ചയായും വരാവുന്ന എതിര്‍പ്പുകളെ വെട്ടിച്ച്കടന്നു ഗോള്‍മുഖത്തേയ്ക്ക് പായാന്‍ ആകട്ടെ. ഗോളുകളൊക്കെ താനേ ഉണ്ടായിക്കൊള്ളും.

പുതുവര്‍ഷപ്പുലരിയില്‍ തിരുവനന്തപുരത്തെ കനകക്കുന്നുകൊട്ടാരത്തില്‍ “സര്‍ഗ്ഗയാനം” എന്ന് നാമകരണം ചെയ്തിട്ടുള്ള ഒരു ചിത്രശില്പ ക്യാമ്പ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ക്യാമ്പില്‍ സൃഷ്ടികള്‍ വിശകലനം ചെയ്യാനായി ജോണി .എം.എല്‍.ഉണ്ടാകും. ദിവസവും അഞ്ച് മണിക്ക് ശേഷം ചര്‍ച്ചകളും സ്ലൈഡ് ഷോയും ഉണ്ടാകും. ഈ “അത്യാവശ്യ” സൗകര്യങ്ങള്‍ എല്ലാ ഫോട്ടോഗ്രാഫി ക്യാമ്പുകളിലും നടപ്പാക്കിക്കിട്ടാനാണ് ഫോട്ടോഗ്രാഫര്‍മാര്‍ ഒരുമിക്കേണ്ടത് .
ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ചായക്കോപ്പയ്ക്കുള്ളില്‍ കൊടുങ്കാറ്റ് ഉയര്‍ത്തിയേ തീരൂ എന്നുണ്ടെങ്കില്‍ അത് ഇത്തരത്തിലുള്ള ഒന്നായിരിക്കാന്‍ ശ്രദ്ധിക്കണം. കോപ്പ വീണ്ടും വാര്‍ക്കപ്പെടണം. അല്ലാതെ ആനുകൂല്യങ്ങളുടെ പങ്ക് വയ്ക്കലിനെക്കുറിച്ചുള്ള ആകുലതകള്‍ ഉയര്‍ത്തുന്ന കൊടുങ്കാറ്റുകള്‍ അവ സൃഷ്ട്ടിക്കപ്പെട്ട നിമിഷത്തെപ്പോലും അതിജീവിക്കുകയില്ല. അതേൽക്കുന്നവര്‍ക്ക് അത് ഒരു പക്ഷെ ഒരു മന്ദമാരുതനായേ അനുഭവപ്പെടൂ.

തുടങ്ങിയത് മൂന്നു ദശകങ്ങള്‍ക്ക് മുന്‍പ് അവിചാരിതമായി പങ്കെടുത്ത ഒരു ക്യാമ്പിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. പടരുന്ന ഇരുളിന്‍റെ സൂചനകള്‍ നല്‍കുന്ന, അവിചാരിതമായിത്തന്നെ പങ്കെടുത്ത മറ്റൊരു ക്യാംപിനെക്കുറിച്ച് പറഞ്ഞുകൊണ്ട് അവസാനിപ്പിക്കേണ്ടി വന്നല്ലോ!

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Kerala lalithakala academy camp for photographers hariharan subramanian

Next Story
സ്ത്രീകൾക്കായി പൊതു അടിസ്ഥാന വരുമാന വിതരണ പരിപാടി സർക്കാർ അജണ്ടയിൽArun Jaitely, Budget
The moderation of comments is automated and not cleared manually by malayalam.indianexpress.com