കേരള രാഷ്ട്രീയത്തില്‍ എക്കാലവും വേറിട്ടു നില്‍ക്കുന്ന ഒരിടമാണ് കണ്ണൂര്‍. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അന്വേഷണത്തില്‍, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുളളിൽ ആര്‍എസ്എസ്-സിപിഐ(എം) സ്പര്‍ദ്ധയില്‍ നൂറോളം മനുഷ്യർ ഇവിടെ കൊല്ലപ്പെട്ടതായാണ് കണ്ടെത്തിയത്. അക്രമരാഷ്ട്രീയത്തെക്കാള്‍ ആശയ രാഷ്ട്രീയത്തിന് പ്രാധാന്യമുള്ള കേരളത്തിന് ഈ സംഖ്യ അസാധാരണമാണ്.

1930 മുതല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പിറവിയോടെയാണ് കണ്ണൂരില്‍ രാഷ്ട്രീയം മാറിമറിഞ്ഞത്. 1939ല്‍ പിണറായിയിലാണ് സിപിഐയുടെ കേരള ഘടകത്തിന് പ്രാരംഭമായത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്. എ.കെ ഗോപാലനെ പോലുള്ള നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നാടാണ് കണ്ണൂര്‍.

ഇടതുപക്ഷ ആശയ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന സിപിഎമ്മിന്, സഹകരണ സ്ഥാപനങ്ങളും അതുമായി ബന്ധപ്പെട്ട് അമ്യൂസ്‌മെന്റ് പാര്‍ക്കും ഉള്‍പ്പെടെയുള്ള അനവധിയായ ആസ്തിയുടെ സ്വാധീനിത്താൽ ജനജീവിതത്തില്‍ നിയന്ത്രണം ചെലുത്തുന്നു. ഈ മേധാവിത്വത്തെ വെല്ലുവിളിക്കാനും, പതിറ്റാണ്ടുകളായി ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച സെക്യൂലര്‍ ബോധത്തെ തകര്‍ക്കാനും ആര്‍എസ്എസ് വിഭാഗം അവരുടെ ശാഖാ ശൃംഖല ഊര്‍ജിതമായി വ്യാപിപ്പിക്കുകയാണ്.

സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ, മറ്റുള്ള സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായൊരു രീതിയിലാണ്  കണ്ണൂരിലെ രാഷ്ട്രീയ സഞ്ചാരപഥം. സ്വാതന്ത്ര്യത്തിനു മുമ്പ് നിരവധി കര്‍ഷ സമരങ്ങള്‍ക്ക് സാക്ഷിയായ കണ്ണൂര്‍ മുമ്പ് ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായിരുന്നു. കൊച്ചി, തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളിലെയും കേരളത്തെ രൂപീകരിക്കുന്ന മറ്റ് രണ്ട് പ്രാദേശിക മണ്ഡലങ്ങളിലെയും രാഷ്ട്രീയം കര്‍ഷക സമരങ്ങളില്‍ നിന്നെന്നതിനെക്കാള്‍ നവീകരണ പ്രസ്ഥാനങ്ങളില്‍ നിന്ന് രൂപപ്പെട്ടതാണ്.

എന്നാല്‍ സ്വാതന്ത്ര്യാനന്തരം കൊച്ചിയിലെയും തിരുവിതാംകൂറിലെയും ഇടതുപക്ഷ രാഷ്ട്രീയം ജനങ്ങളുമായി ഇടപഴകി അതിന്റെ സാമൂഹിക അടിത്തറ വ്യാപിപ്പിക്കുന്നതിലും താരതമ്യേന ശാന്തമായ നടപടികളുമായിരുന്നു.എന്നാൽ സമരോത്സുകമായ കാർഷിക പാരമ്പര്യം മലബാർ രാഷ്ട്രീയത്തെ, പ്രത്യേകിച്ച് കണ്ണൂർ രാഷ്ട്രീയത്തെ നിർവചിക്കുന്നതിൽ തുടർന്നുപോന്നു. ഇത് കേരളത്തിലെ ആദ്യ രാഷ്ട്രീയ കൊലപാതകം എന്ന വാദിക്കാവുന്ന സംഭവത്തിന് വഴിവച്ചു. 1948ല്‍ ഗാന്ധിയനും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ചേരുകയും ചെയ്ത മൊയ്യാരത്ത് ശങ്കരന്റെ കൊലപാതകമായിരുന്നു ഇത്.

തങ്ങളുടെ അടിത്തറ ഉറപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ബലപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസും സോഷ്യലിസ്റ്റ് പാര്‍ട്ടിയും വരെ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇവര്‍ പിന്‍വാങ്ങിയതോടെ ഇവിടെ സിപിഎമ്മിന്റെ എതിരാളികളായി ആര്‍എസ്എസ് വളരാനാരംഭിച്ചു.

1960കളുടെ അവസാനത്തോടെ ബീഡി ഫാക്ടറിയിലെ തൊഴിലാളികള്‍ പണിമുടക്കിയതോടെയാണ് കണ്ണൂരില്‍ സിപിഎം-ആര്‍എസ്എസ് അക്രമത്തിന് തുടക്കം കുറിച്ചത്.

ബീഡിത്തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്ന് പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മുന്നണിപ്പടയൊരുക്കിയപ്പോള്‍ ഫാക്ടറി ഉടമകള്‍ മംഗലാപുരത്തിന് സമീപത്തായി പ്രവര്‍ത്തിച്ചിരുന്ന ആര്‍എസ്എസുകാരെയും ജന സംഘം കാരെയും കൂട്ടുപിടിച്ചു. സമരത്തെ തകര്‍ക്കാനുള്ള യുദ്ധം പെട്ടെന്നുതന്നെ ഹിന്ദു-മുസ്ലീം സംഘര്‍ഷത്തിലേക്ക് തിരിഞ്ഞു. 1971ലെ തലശ്ശേരി കലാപം എന്നാണിത് അറിയപ്പെടുന്നത്. പിന്നീട് അടിയന്തരാവസ്ഥക്കാലത്തൊഴികെ സിപിഎമ്മും ആര്‍എസ്എസും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവിടെ പതിവായി.

1971ലൊഴികെ ഉണ്ടായിട്ടുള്ള ഒരു ആര്‍എസ്എസ്-സിപിഎം സംഘര്‍ഷങ്ങളും വര്‍ഗീയ ധ്രുവീകരണത്തിന് പ്രേരകമായിട്ടില്ലെന്നത് അതിശയമാണ്. സത്യത്തില്‍, ഭൂരിഭാഗം ഇരകളും കുറ്റാരോപിതരും തീയ്യ സമുദായത്തില്‍ പെട്ടവരായിരുന്നു. ഇതൊരു രാഷ്ട്രീയ പോരാട്ടമാണെന്നത് വ്യക്തമാണ്. ആര്‍എസ്എസിനെ വെറുമൊരു രാഷ്ട്രീയ എതിരാളി എന്നതിലുപരി മതസൗഹാര്‍ദ്ദത്തിനു നേര്‍ക്കുള്ള വെല്ലുവിളിയായാണ് സിപിഎം കണക്കാക്കുന്നത്.

ഒരു വേള, പാരമ്പര്യം ഉത്തരവാദിത്വം ഉളവാക്കുന്നതാണെങ്കിലും, രാഷ്ട്രീയം ഇന്ന് സംവാദാത്മകമായ ഒന്നായി ചിന്തിക്കാന്‍ പോലും സാധിക്കുന്നതല്ലായിരിക്കുന്നു. എതിരാളികളോട് ഭൗതികമായും ശാരീരികമായും ഏറ്റുമുട്ടാന്‍ സാധിക്കുന്ന തരത്തില്‍ വിഭവശേഷിയുളള സംഘങ്ങളുമായി വ്യക്തികള്‍ താദാത്മ്യപ്പെടുന്ന സ്വഭാവമാണ് രൂപപ്പെട്ടിരിക്കുന്നത്. നേതാവും പാര്‍ട്ടിയും പ്രത്യയശാസ്ത്രവും ചോദ്യം ചെയ്യപ്പെടാത്ത, സമ്പൂർണ്ണ വിധേയത്വമാണ് ആവശ്യപ്പെടുന്നത്. ഈ രാഷ്ട്രീയ ഭൂമിക കേഡര്‍മാരായ അണികള്‍ എന്തുവില കൊടുത്തും സംരക്ഷിക്കും. വിധേയത്വത്തിലുണ്ടാകുന്ന മാറ്റം വഞ്ചനയായി വ്യാഖ്യാനിക്കുകയും അത് ശിക്ഷയ്ക്ക് വിധേയമാക്കപ്പെടുകയും ചെയ്യും. കേരളത്തിലെ മറ്റൊരു പ്രദേശത്തും കേട്ടുകേള്‍വിയില്ലാത്തവിധം എല്ലാ കുടുംബങ്ങളും ഒരൊറ്റ പാര്‍ട്ടിയുടെ അണികളാകുന്ന കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളുടെ നിലനില്‍പ്പ് ഇതാണ് വെളിപ്പെടുത്തുന്നത്.

സംഘർഷം പൊട്ടിപ്പുറപ്പെടുമ്പോൾ അതിൽ നിഷ്പക്ഷ മധ്യസ്ഥം വഹിച്ച് സമാധാനം സ്ഥാപിക്കാൻ സാധിക്കാത്തവിധം രാഷ്ട്രീയത്തിന്റെ ‘പാർട്ടിവത്ക്കരണം’ സിവില്‍ സൊസൈറ്റി സ്വാധീനം കുറച്ചു, ചെറിയ തര്‍ക്കങ്ങള്‍ പോലും കൊലപാതകങ്ങളില്‍ അവസാനിച്ചു. സിപിഐ (എം) കേഡര്‍മാരുടെ പിന്തുണയോടെയുള്ള മതപരമായ സ്ഥലങ്ങള്‍, പ്രത്യേകിച്ച് കീഴാളരുടെ ദേവതകളെയും ദേവതകളെയും പിടിച്ചെടുക്കാന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആര്‍.എസ്.എസ് ശ്രമിച്ചു. അക്രമ പരമ്പരകളെ, പാര്‍ട്ടിപ്രവര്‍ത്തകര്‍ വളരെയധികം ആന്തരികവല്‍ക്കരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു അക്രമത്തിന് ഉടനടി പ്രത്യാക്രമണം ഉണ്ടാകും. ഇത് ചിലപ്പോൾ നേതൃത്വത്തിന്റെ അറിവോ അംഗീകാരമോ ഇല്ലാതെയാകും സംഭവിക്കുക. പരമ്പരാഗത വ്യവസായങ്ങളുടെയും കരകൗശല തൊഴിലാളികളുടെയും തകര്‍ച്ചയെ തുടര്‍ന്നുണ്ടായ സാമ്പത്തിക സ്തംഭനവും ഇതരമാര്‍ഗമില്ലാത്ത അവസ്ഥയും രാഷ്ട്രീയ സ്തംഭനത്തിന് കാരണമായിട്ടുണ്ട്. അസംഘടിത മേഖലയില്‍ നിന്നും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന ഒരു വലിയ കൂട്ടം പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട പാര്‍ട്ടിക്കുവേണ്ടി എന്തും ചെയ്യാന്‍ സന്നദ്ധരായി മുന്നോട്ടുവരുന്നു. രക്തസാക്ഷി സ്മാരകങ്ങളും സ്തൂപങ്ങളും ബസ് ഷെൽട്ടറുകളും വായനശാലകളും ഒക്കെയായി ഒരു ഭൂ ദൃശ്യം അടയാളപ്പെടുത്തുന്നു. ഇത് രാഷ്ട്രീയ അധീശത്വത്തിനായുളള പോരാട്ടത്തിന്റെ ഓർമ്മപ്പെടുത്തലിന്റെ സ്വഭാവമാണ് അടയാളപ്പെടുത്തുന്നത്.

ഇന്ന് കണ്ണൂരില്‍ സി.പി.ഐ (എം) – ആര്‍.എസ്.എസ്. വൈരാഗ്യം ഏതാണ്ട് ഒരു രക്തച്ചൊരിച്ചിലിലാണ്. രാഷ്ട്രീയ പകപോക്കലില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ അതിജീവനത്തിനായി രാഷ്ട്രീയ രക്ഷാകർതൃത്വത്തിനെ ആശ്രയിക്കുമ്പോള്‍ അത് ശത്രുതയ്ക്ക് മൂര്‍ച്ചകൂട്ടുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതോടെ, ദേശീയ തലത്തില്‍ ഇത് വീക്ഷണങ്ങളുടെ യുദ്ധമായി മാറുന്നു. ദേശീയതലത്തില്‍ സിപിഐ(എം) അവകാശപ്പെടുന്ന പുരോഗമന ജനാധിപത്യ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബിജെപി ലക്ഷ്യമിടുന്നു. അവർ വിവരണാത്മകമായ ആഖ്യാനങ്ങളിലൂടെ സി പി ഐ (എം) എന്ന പാർട്ടിയുടെ അധികാരത്തിലിരിക്കാനുളള യോഗത്യയെ ക്ഷയിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്.

എന്നാല്‍, സി.പി.ഐ (എം) യുമായി ആര്‍എസ്എസ്-ബി.ജെ.പിയുടെ പോരാട്ടം കമ്യൂണിസത്തിനു നേരെ വെറുമൊരു പ്രത്യയശാസ്ത്ര സമരമല്ല, അത് ഹിന്ദു വോട്ടുകള്‍ക്കു വേണ്ടിയുള്ള ഒരു യുദ്ധംകൂടിയാണ്. കേരളത്തിലെ ബി.ജെ.പിയുടെ സ്വന്തം വളര്‍ച്ചയ്ക്ക് സിപിഎമ്മിന്റെ തകര്‍ച്ച അനിവാര്യമാണ്. കേരളത്തിലെ മധ്യ, താഴ്‌ന്ന മധ്യവർഗ ഹിന്ദു വോട്ടുകൾ ജാതിപരമായ വിഭാഗീയതകൾക്കപ്പുറം സി പി ഐ (എം) നാണ് ലഭിക്കുന്നത്. വർഷങ്ങളായി ആർ എസ് എസ് പ്രവർത്തനം ഉണ്ടായിട്ടും കണ്ണൂരിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബി ജെ പി പ്രബല ശക്തിയായി മാറിയിട്ടില്ല.

സിപിഐ(എം)-ആര്‍എസ്എസ് സംഘര്‍ഷം വഴി കണ്ണൂരിലെ ജനജീവിതംപൂര്‍ണമായും തകര്‍പ്പെടുകയാണെന്ന് അനുമാനിക്കുന്നതും തെറ്റാണ്. സാമൂഹിക ഉദ്ധാരണത്തിനും സാമ്പത്തിക ശാക്തീകരണത്തിനും കരുത്തേകുന്ന തരത്തില്‍ സഹകരണ പ്രസ്ഥാനങ്ങളും തൊഴിലാളി യൂണിയനുകളും കണ്ണൂരില്‍ പങ്കുവഹിച്ചിട്ടുണ്ട്. ജനങ്ങളുടെ സാമ്പത്തികമായ അഭിവൃദ്ധിയില്‍ പങ്കവഹിച്ചു എന്നതാണ് കണ്ണൂരില്‍ സിപിഎമ്മിന് ആധിപത്യം നേടിക്കൊടുത്തത്. ആണവ വിരുദ്ധ മുന്നേറ്റങ്ങള്‍, കണ്ടല്‍ സംരക്ഷണമടക്കമുള്ള പാരിസ്ഥിതിക പ്രചാരണങ്ങളും, ജൈവ കാര്‍ഷികവൃത്തിയും ദളിത്-ആദിവാസി ജനവിഭാഗങ്ങളുടെ ഉയിർത്തെഴുന്നേൽപ്പുമെല്ലാം സംസ്ഥാനത്തെ മറ്റിടങ്ങളിലെന്നപോലെ തന്നെയാണ് കണ്ണൂരിലും


ഇന്ത്യൻ എക്‌സ്‌പ്രസ് അസോഷിയേറ്റ് എഡിറ്റർ അമൃത് ലാൽ ഇന്ത്യൻ എക്‌സ്‌പ്രസ് .കോമിൽ  എഴുതിയ ലേഖനത്തിന്റെ മൊഴിമാറ്റം 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ