Latest News

ബ്രാഹ്മണവാദവും രംഗത്ത്

ഭരണ ഘടനാപരമായ ഉത്തരവാദിത്വത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടെന്നു പറഞ്ഞതിനു ശേഷവും ഭരണഘടനക്ക് വിരുദ്ധമായ അഭിപ്രായ പ്രകടനത്തിന് ജസ്റ്റിസ് ചിതംബരേഷ് തയ്യാറായത് സ്വന്തം സമുദായക്കാരുടെ മുന്നില്‍ ആളാവാന്‍ വേണ്ടിയാണെന്ന് വ്യക്തമാണ്

justice chidambaresh , k venu , iemalayalam

ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കാന്‍ സാധാരണക്കാരേക്കാള്‍ ഏറെ ഉത്തര വാദിത്വമുള്ള കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ചിതംബരേഷ് കൊച്ചിയില്‍ നടന്ന തമിഴ് ബ്രാഹ്മണരുടെ ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വലിയ വിവാദമായിരിക്കുന്നു.

സാമാന്യ ജനാധിപത്യബോധമുള്ള ആരെയും പ്രകോപിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഒരാളായതു കൊണ്ട് വ്യക്തിപരമായ അഭിപ്രായങ്ങളൊന്നും അവതരിപ്പിക്കുന്നില്ലെന്നും ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് കടുത്ത ഭരണഘടനാ ലംഘനങ്ങളെന്നു ആരോപിക്കാവുന്ന കാര്യങ്ങള്‍ തന്നെയാണ്. മാത്രമല്ല, പ്രത്യക്ഷത്തില്‍ പ്രകടമാകാത്ത ചില സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ കൂടിയാണ് ആ പ്രസംഗത്തില്‍ കേട്ടത്.

ജസ്റ്റിസ് ചിതംബരേഷ് പറഞ്ഞ കാര്യങ്ങളുടെ രത്നച്ചുരുക്കം ഇതാണ്: പൂര്‍വാര്‍ജിതജന്മം കൊണ്ട് ഇരട്ടജന്മങ്ങളായ ബ്രാഹ്മണരില്‍ എല്ലാ സദ് ഗുണങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നു. അതുകൊണ്ടു എല്ലായിടത്തും മുന്‍നിര സ്ഥാനം അവര്‍ക്ക് അര്‍ഹതപ്പെട്ടതാണ്. ഭരണഘടന വിഭാവന ചെയ്യുന്ന സാമൂഹ്യ സംവരണത്തിനു പകരം സാമ്പത്തിക സംവരണത്തിനു വേണ്ടി സമരം ചെയ്യാനും അദ്ദേഹം ബ്രാഹ്മണരെ ഉപദേശിക്കുകയുണ്ടായി. ഭരണ ഘടനാപരമായ ഉത്തരവാദിത്വത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടെന്നു പറ ഞ്ഞതിനു ശേഷവും ഇങ്ങിനെ ഭരണഘടനക്ക് വിരുദ്ധമായ അഭിപ്രായ പ്രകടനത്തിന് അദ്ദേഹം തയ്യാറായത് സ്വന്തം സമുദായക്കാരുടെ മുന്നില്‍ ആളാവാന്‍ വേണ്ടിയാണെന്ന് വ്യക്തമാണ്.

ലോകനിലവാരത്തില്‍ തന്നെ അംഗീകാരമുള്ള, മതേതര ജനാധിപത്യത്തെ കണിശമായും പ്രതിഫലിപ്പിക്കുന്ന ശക്തമായ ഒരു ഭരണഘടനക്ക് കീഴില്‍ എഴുപതില്‍പരം വര്‍ഷം പിന്നിട്ടിട്ടും നമ്മുടെ സമൂഹത്തില്‍ സവര്‍ണ മേധാവിത്തം എത്ര ശക്തമായി പിടി മുറുക്കിയിരിക്കുന്നു എന്നതിന്‍റെ നിദര്‍ശനമാണിത്.

അഖിലേന്ത്യാതലത്തില്‍ സവര്‍ണ വിഭാഗങ്ങള്‍ ഇരുപതു ശതമാനത്തില്‍ താഴെയേ വരുകയുള്ളുവെങ്കിലും സമൂഹത്തിന്‍റെ മര്‍മ്മ സ്ഥാനങ്ങളിലെല്ലാം അവരുണ്ടാകും. അങ്ങിനെയാണ് തങ്ങളുടെ മേധാവിത്തം അവര്‍ ഉറപ്പിക്കുന്നത്. വ്ര്‍ണജാതി വ്യവസ്ഥയില്‍ നൂറ്റാണ്ടുകളല്ല സഹസ്രാബ്ധങ്ങള്‍ തന്നെ വേരുറച്ചു നിന്ന ഇന്ത്യന്‍ സമൂഹത്തില്‍ ജനാധിപത്യവല്‍ക്കരണ പ്രക്രിയ ബാഹ്യരൂപങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുള്ളൂ എന്നാണു് ഇത് സൂചിപ്പിക്കുന്നത്.justice chidambaresh , k venu , iemalayalam

ലോകത്ത് മറ്റൊരു രാജ്യത്തിലും നിലനില്‍ക്കാത്ത തരത്തിലുള്ള ഒരു സാമൂഹ്യ സംഘടനാരൂപമാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രമായി പൗരാണിക കാലം മുതല്‍ക്കേ നിലനിന്നു പോന്നിട്ടുള്ള വര്‍ണജാതി വ്യവസ്ഥ. സമൂഹത്തെ വെള്ളം ചോരാത്ത അനവധി അറകളിലായി തിരിച്ച് ഉച്ചനീചത്വഘടനയായി ശ്രേണീബദ്ധമായി ക്രമീകരിച്ച ഒരു സംവിധാനമായിരുന്നു അത്.

ഈ ഘടനയില്‍ സമൂഹത്തിലെ ഗണ്യമായ ഒരു വിഭാഗത്തെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമാക്കി അങ്ങേയറ്റം നീചവും ക്രൂരവുമായ അവസ്ഥയില്‍ തളച്ചിടുകയും എല്ലാവിധ കഠിനാദ്ധ്വാനങ്ങളും അവരെക്കൊണ്ട് ചെയ്യിക്കുകയുമാണുണ്ടായത്. ഇതിനു തൊട്ടു മുകളില്‍ മറ്റൊരു വലിയ വിഭാഗത്തെയും തൊട്ടുകൂടാത്തവര്‍ തന്നെയാക്കി മറ്റെല്ലാ കായികാധ്വാനങ്ങളും ചെയ്യിക്കുകയുമാണുണ്ടായത്.

അവശേഷിക്കുന്ന ന്യുനപക്ഷം കായികാധ്വാനമൊന്നും ചെയ്യേണ്ടതില്ലാത്ത, ബുദ്ധിപരവും ഭരണപരവും മറ്റുമായ ജോലികള്‍ മാത്രം ചെയ്യുന്ന സവര്‍ണരുമായി. ഈ സവര്‍ണരില്‍ തന്നെ, നീചവും ക്രൂരവുമായ ഈ സംവിധാനത്തിന് ബുദ്ധിപരമായ നേതൃത്വം നല്‍കുന്ന നന്നേ ചെറിയൊരു ന്യൂനപക്ഷമാണ് ബ്രാഹ്മണര്‍. ജനനം കൊണ്ട് ഈ വര്‍ണ ജാതി ഘടന പരിവര്‍ത്തന വിധേയമല്ലതാനും. ജനാധിപത്യവല്‍ക്കരണത്തിനു ഒരവസരവും നല്‍കാത്ത ഘടനയെന്നു ചുരുക്കം.

മനുഷ്യ ചരിത്രത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ പല രാജ്യങ്ങളിലും നില നിന്നു പോന്നിട്ടുള്ള അടിമത്ത വ്യവസ്ഥയില്‍ പ്രകടമായിരുന്ന ക്രൂരമായ അടിച്ചമര്‍ത്തല്‍ സംവിധാനങ്ങള്‍ ഇവിടത്തെ വര്‍ണ ജാതി വ്യവസ്ഥയില്‍ ഉണ്ടായിരുന്നില്ല. ഈ വ്യവസ്ഥയുടെ ഉച്ചനീചത്വ ഘടനയെ നിലനിര്‍ത്തു കയും സംരക്ഷിക്കുകയും ചെയ്തത് വിശ്വാസങ്ങളും ആചാരങ്ങളും ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടാണ്.

ഈ വ്യവസ്ഥയുടെ അടിത്തട്ടില്‍ ജനിക്കുകയും വളരുകയും ചെയ്ത ഡോ.അംബേദ്കര്‍ സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വര്‍ണജാതി ഘടനയുടെ ഭീകരരൂപങ്ങളെ സൂക്ഷ്മമായ വിശകലനത്തിനു വിധേയമാക്കിയിട്ടുണ്ട്. അദ്ദേഹം നടത്തിയ ശാസ്ത്രീയ പഠനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഭരണഘടനാ നിര്‍മ്മിതിയില്‍ സാമൂഹ്യ സംവരണം ഒരു പ്രധാന ഘടകമായി അദ്ദേഹം അവതരിപ്പിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ജനാധിപത്യ സംവിധാനം നിലവില്‍ വന്നപ്പോള്‍ അതിനെ ഉപയോഗിച്ചുകൊണ്ട് വര്‍ണജാതി വ്യവസ്ഥ സൃഷ്ടിച്ച സാമൂഹ്യ വിവേചനങ്ങളെ ചെറിയ തോതിലെങ്കിലും പരിഹരിക്കാന്‍ ശ്രമിക്കുന്ന നടപടി എന്ന നിലക്കാണ് സാമൂഹ്യസംവരണം ഭരണഘടനയില്‍ ഉള്ചേര്‍ന്നത്. സാമ്പത്തികസംവരണം പരാമര്‍ശിക്ക പ്പെടാതിരൂന്നതും ബോധപൂര്‍വമാണ്. സാമൂഹ്യവിവേചനത്തിനു സാമ്പത്തിക സംവരണം ഒരു പരിഹാരമല്ല. സാമ്പത്തിക അനീതികള്‍ക്കു സംവരണവും ഒരു പരിഹാരമല്ല. സാമ്പത്തിക നയങ്ങളാണ് ആവശ്യം. ഇക്കാര്യത്തില്‍ ഭരണഘടന വഴി കാട്ടുന്നത് ശരിയായ ദിശയില്‍ തന്നെയാണ്.

justice chidambaresh , k venu , iemalayalam
ഇവിടെയാണ്‌ ജസ്റ്റിസ് ചിദംബരേഷിന്‍റെ നിലപാട് ഭരണഘടനാ വിരുദ്ധ മാവുന്നത്. വളരെ പ്രകടമായും സവർണാധിപത്യ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ജനാധിപത്യബോധം അല്പം പോലും ഉള്‍ക്കൊള്ളാത്ത രീതിയിലാണ് അദ്ദേഹം വിഷയത്തെ സമീപിച്ചിട്ടുള്ളത്. സാമൂഹ്യസംവര ണത്തെ അദ്ദേഹം എതിര്‍ക്കുന്നത് സമൂഹത്തെ മുഴുവന്‍ നയിക്കാന്‍ അര്‍ഹതയുള്ളത് തങ്ങളുടെ ഉല്‍കൃഷ്ട വംശത്തിനാണെന്ന ഫാസിസ്റ്റ് നില പാടില്‍ നിന്നുകൊണ്ടാണ്.

ജനാധിപത്യവ്യവസ്ഥയുടെ അവിഭാജ്യഭാഗമായ നീതിന്യായവ്യവസ്ഥയില്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്ന ജസ്റ്റിസ് ചിതംബരേഷിനെപ്പോലൊരാള്‍ ഇത്തരം നിലപാടെടുക്കുന്നത് ജനാധിപത്യ വിശ്വാസികളെ അമ്പരപ്പിക്കുന്നത് സ്വാഭാവികം മാത്രമാണ്. നമ്മുടെ മതേതര ജനാധിപത്യ രാഷ്ട്രീയഘടന ശക്തമെന്നു തോന്നിക്കുന്ന പുറംചട്ടയായി നില്‍ക്കുമ്പോഴും വര്‍ണജാതി ഘടന എത്ര ആഴത്തില്‍ വേരൂന്നിയിരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്.

സവര്‍ണവിഭാഗങ്ങളില്‍ ദരിദ്രര്‍ ഉണ്ടെന്നത് ഒരു വസ്തുതയാണ്. സമീപ കാലത്ത് നടന്ന ഭൂപരിഷ്ക്കരണങ്ങളുടെ ഫലമായി പല ജന്മിമാരും ദരിദ്രരും കിടപ്പാടം പോലുമില്ലാത്തവരുമായെന്നു പറയാറുണ്ട്‌. അതി ശയോക്തിപരമാണ് ഇത്തരം വ്യാഖ്യാനങ്ങള്‍. മിച്ചഭൂമി നഷ്ടപ്പെടുന്ന ജന്മിമാരില്‍ അധികവും മെച്ചപ്പെട്ട ഭൂവുടമകളായി തന്നെയാണ് അവ ശേഷിച്ചിട്ടുള്ളത്. പ്രത്യേകസാഹചര്യങ്ങളില്‍ അപൂര്‍വ്വം ചിലര്‍ ശോചനീയ അവസ്ഥയിലെത്തിയിട്ടുണ്ട് താനും.

കോടിയേരി ബാലകൃഷ്ണന്‍ പറയുന്നതുപോലെ അഗ്രഹാരങ്ങളിലെ ബ്രാഹ്മണരുടെ ദാരിദ്ര്യവും ഒരു യാഥാര്‍ത്ഥ്യമാണ്. സാമൂഹ്യസംവരണം വര്‍ഗസമരസിദ്ധാന്തത്തിനു ചേര്‍ന്ന് പോകില്ല എന്നതുകൊണ്ടാണ് സാമ്പത്തികസംവരണ സിദ്ധാന്തം ഇ.എം. എസ്. അവതരിപ്പിച്ചത്. ജാതി, മത പരിഗണനകളില്ലാതെ ദാരിദ്രമനുഭവിക്കുന്നവര്‍ക്ക് സംവരണം എന്നാണു ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആ നിലപാട് തന്നെയാണ് ഇപ്പോള്‍ കോടിയേരിയും അവതരിപ്പിക്കുന്നത്‌.

വര്‍ണജാതി വ്യവസ്ഥ ദീര്‍ഘകാലമായി അടിച്ചമര്‍ത്തി അധസ്ഥിതാവസ്ഥ യില്‍ നിലനിര്‍ത്തിപ്പോന്ന ഭൂരിപക്ഷം വരുന്ന ദലിത്, പിന്നോക്ക വിഭാഗ ങ്ങളെ മെച്ചപ്പെട്ട സാമൂഹ്യ പദവിയിലേക്ക് ഉയര്‍ത്തുകയാണ് സമൂഹ്യ സംവരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്ന ഉന്നതവിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലികള്‍ തുടങ്ങിയ മേഖലകളില്‍ സംവര ണത്തിലൂടെ അവര്‍ക്ക് അവസരം നല്‍കുക എന്നാണു ഉദ്ദേശിച്ചിട്ടുള്ളത്. അത് സാമ്പത്തിക സംവരണം കൊണ്ട് സാധ്യവുമല്ല.

സാമ്പത്തികപദവി മച്ചപ്പെട്ടതുകൊണ്ട് സാമൂഹ്യ പദവി ഉയരുകയില്ല. ദരിദ്രരായ ബ്രാഹ്മണര്‍ സാമൂഹ്യമായി ഉയര്‍ന്ന പദവിയില്‍ തന്നെ ആണെന്ന കാര്യം വിസ്മരിക്കാനും പാടില്ല. സാമ്പത്തിക സംവരണം താത്വാധിഷ്ടിതമായി നല്‍കുകയാണെങ്കില്‍ സാമ്പത്തികമായി ഒരേ നിലവാരത്തിലുള്ള എല്ലാ സാമൂഹ്യവിഭാഗങ്ങളിലും പെട്ടവര്‍ക്ക് ഒരേ തോതില്‍ തന്നെ നല്‍കുകയും വേണം. അങ്ങിനെ വരുമ്പോള്‍ ദലിത്, പിന്നോക്ക വിഭാഗങ്ങളില്‍ നിന്നു ള്ളവരായിരിക്കും സാമ്പത്തിക സംവരണത്തിനു അര്‍ഹാരായിട്ടുള്ളവര്‍ ഏറ്റവുമധികം. ഇങ്ങിനെ സാമ്പത്തികസംവരണം നടപ്പിലാക്കുക പ്രായോഗികമായി സാധ്യവുമല്ല. സാമൂഹ്യസംവരണവും സാമ്പത്തികസംവരണവും തമ്മിലുള്ള അടിസ്ഥാനപരമായ അന്തരം തിരിച്ചറിയാതെയുള്ള ചര്‍ച്ചകള്‍ കൊണ്ട് ഒരു പ്രയോജനവുമില്ല.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Kerala high court judge speech praising brahmins economic reservation kodiyeri balakrishnan

The moderation of comments is automated and not cleared manually by malayalam.indianexpress.com