ഏപ്രിൽ ഒമ്പത് കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായമായി മാറിയിരിക്കുന്നു. ദലിത് ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താൽ അഭൂതപൂർവ്വമായ വിജയമാണുണ്ടാക്കിയത്. കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ ഏറെ നാളുകൾക്ക് ശേഷം അധികാരത്തിന് പുറത്തു നിൽക്കുന്നവർ നടത്തിയ സമരത്തിന് ലഭിച്ച വിജയമാണിത്. അധികാരത്തിന്‍റെ ഇടനാഴികളിൽ നിന്നുളള മുഖ്യധാരയുടെ ഉപജാപങ്ങളെ അതിജീവിച്ച് ജനങ്ങളുടെ അനുഭാവവും രാഷ്ട്രീയ നിലപാടും നേടിയ വിജയമാണിത്.

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഹർത്താൽ വിജയിപ്പിക്കുന്നതിനു വേണ്ടി ദലിത് സംഘടനകളുടെ പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും തെരുവിലിറങ്ങി.

സ്ത്രീകളുടെ വലിയ സാന്നിധ്യം ഈ ഹർത്താലിന്‍റെ സവിശേഷതയായിരുന്നു. ഒരുപക്ഷേ, മറ്റൊരു രാഷ്ട്രീയ പാർട്ടിയും തങ്ങളുടെ ശക്തി തെളിയിക്കാൻ നടത്തുന്ന ഹർത്താലുകളിലൊന്നും പേരിന് പോലും കാണാത്ത സ്ത്രീശക്തിയുടെ സജീവ സാന്നിദ്ധ്യം ഈ ഹർത്താലിന്റെ രാഷ്ട്രീയത്തെ കൂടുതൽ ശക്തിമത്താക്കുന്നു.

അടിച്ചമർച്ചപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പായിരുന്നു അത്. 30ലേറെ ദലിത് ആദിവാസി സംഘടനകൾ ചേർന്നായിരുന്നു ഹർത്താലിന് ആഹ്വാനം ചെയ്തതെങ്കിലും കെപിഎംഎസിന്‍റെ പ്രബലമായ രണ്ട് വിഭാഗങ്ങളുടെയും പിന്തുണ ഇല്ലാതെയാണ് ഇത്രയും വിജയം നേടിയതെന്നത് ശ്രദ്ധേയമാണ്. അവസാന നിമിഷം യൂത്ത് കോൺഗ്രസ്സും മുസ്‌ലിം യൂത്ത് ലീഗും പിന്തുണച്ചതൊഴികെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെയോ ഇതര സമുദായ സംഘടനകളുടെയോ പിന്തുണയും ഉണ്ടായിരുന്നില്ല. എന്നിട്ടും കേരളം ഏറെക്കുറെ നിശ്ചലമാക്കാൻ ഹർത്താലിന് കഴിഞ്ഞു. അതിലുപരി ഹർത്താൽ ഉന്നയിക്കുന്ന ഗൗരവതരമായ ജനാധിപത്യാവകാശ പ്രശ്നത്തെയും ദലിത് എന്ന സ്വത്വത്തെ തന്നെയും ബഹുജന തലത്തിലെത്തിക്കാനും ചർച്ച ചെയ്യിക്കാനും കഴിഞ്ഞു എന്നതാണ് ഹർത്താലിനെ വിജയമായി രേഖപ്പെടുത്തുന്നത്.

പട്ടിക ജാതി – പട്ടികവർഗ പീഡന നിരോധന നിയമം അട്ടിമറിക്കുന്ന സുപ്രീം കോടതി ഉത്തരവിനും അതിനെതിരെ ഭാരത് ബന്ദ് നടത്തിയ 11 ദലിതരെ കൊലപ്പെടുത്തിയതിനും എതിരെ ആയിരുന്നു ഹർത്താൽ.

തൊട്ടുമുമ്പ് ദേശീയ തലത്തിൽ നടന്ന ഭാരത് ബന്ദ് കേരളത്തിൽ ഒരു ചലനവും സൃഷ്ടിച്ചിരുന്നില്ല. കേരളത്തിലെ ദലിത് സംഘടനകളുടെ ശ്രദ്ധയിലേക്ക് അത് എത്തിയിരുന്നില്ല എന്ന് പറയുന്നതാകും കൂടതൽ ശരി. എന്നാൽ, ഭാരത് ബന്ദിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെയാണ് കേരളത്തിലെ ദലിത് സംഘടനകൾ സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്തത്. എങ്കിലും താരതമ്യേന ദുർബലവും ചെറുതുമായ സംഘടനകൾക്ക് കേരളം പോലെ പ്രബല രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളും നിലനിൽക്കുന്ന സ്ഥലത്ത് സംസ്ഥാനതലത്തിൽ ഒരു ഹർത്താൽ വിജയിക്കുമോയെന്ന ആശങ്ക ദലിത് നേതാക്കൾക്ക് തന്നെയുണ്ടായിരുന്നു.

ഈ ആശങ്കകളെ അസ്ഥാനത്താക്കിയത് ഹർത്താൽ ആഹ്വാനത്തെ സ്വയം പ്രചോദിതരായി ഏറ്റെടുത്ത ദലിത് ജനവിഭാഗമായിരുന്നു. ദലിത് സംഘടനകള്‍ സജീവമല്ലാത്ത മലബാർ പോലെയുള്ള  പ്രദേശങ്ങളിൽ പോലും ഹർത്താൽ വിജയിപ്പിക്കുന്നതിന് ദലിതർ സ്വയം രംഗത്തുവന്നു. ദലിത് സമുദായ രാഷ്ട്രീയ പ്രവർത്തനത്തെ സംബന്ധിച്ച് ഒരു കുതിപ്പ് തന്നെയായിരുന്നു ഏപ്രിൽ ഒമ്പതിന്‍റെ ഹർത്താൽ. ​അതിനപ്പുറം കേരളത്തിലെ ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ച് കേരളം കുരുങ്ങിക്കിടക്കുന്ന മുഖ്യധാര മുന്നണി രാഷ്ട്രീയത്തിനപ്പുറമുളള രാഷ്ട്രീയമായ വിശകലനസാധ്യത കൂടെയാണ് ഇത് തുറന്ന് നൽകിയത്.

dalit harthal,sunilkumar

ഫോട്ടോ കടപ്പാട്: ബിന്ദു തങ്കം കല്യാണി/ഫേസ്ബുക്ക്

കേരളത്തിൽ ഒരു ഹർത്താലും നേരിടാത്ത എതിർപ്പുകളെയാണ് ദലിത് സംഘടനകൾക്ക് നേരിടേണ്ടി വന്നത്. ഹർത്താലുമായി സഹകരിക്കില്ലെന്ന പ്രഖ്യാപനവുമായി ബസ് ഉടമകളുടെ സംഘടന രംഗത്ത് വന്നു. പിന്നാലെ വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹോട്ടലുടമകളുടെ സംഘടനയും നിസ്സഹകരണ പ്രഖ്യാപനം നടത്തി. ചെറുകിട രാഷ്ട്രീയ പാർട്ടികളുടെ ഹർത്താലുകളോട് പോലും പുലർത്താത്ത നിസ്സഹകരണമാണ് അവർ പ്രകടിപ്പിച്ചത്.

പൊതു സമൂഹം ദലിത്- ആദിവാസി വിഭാഗങ്ങളോട് പുലർത്തുന്ന ദലിത് വിരുദ്ധതയുടെയും ജാതീയതയുടെയും മറ്റൊരു രൂപമായിരുന്നു വ്യാപാരി സമൂഹത്തിന്‍റെ ത്.
അതിലുപരി കച്ചവടവും വാഹന ഗതാഗതവും ഉൾപ്പടെയുള്ള മൂലധന ഇടപാടുകളില്‍ ദലിതരെപ്പോലുള്ള പാർശ്വവൽക്കൃത ജനവിഭാഗങ്ങൾക്ക് പ്രാതിനിധ്യമില്ലെന്ന വസ്തുതക്ക് കൂടി ഈ തീരുമാനം അടിവരയിടുന്നുണ്ട്. അഥവാ നാമമാത്രമായ പ്രാതിനിധ്യമുണ്ടെങ്കിൽ പോലും ഈ സംഘടനകളിൽ ഇവരുടെ പ്രാതിനിധ്യം തീർത്തുമില്ലെന്ന് വ്യക്തമാണ്. മറ്റൊരു സമുദായത്തിന്‍റെയും സമരങ്ങളോട് ഇത്രയും ധാർഷ്ട്ര്യത്തോടെ പെരുമാറാൻ ഈ സംഘടനകൾക്ക് കഴിയില്ല എന്ന് ഉറപ്പാണ്.

സാമൂഹിക നീതിയെക്കുറിച്ച് കേരളം പുലർത്തുന്ന അന്ധവിശ്വാസങ്ങളെ തള്ളിക്കളയുന്നതാണ് ഈ വസ്തുത. ഭൂപരിഷ്കരണത്തിലൂടെ കേരളത്തിലെ ദലിത്, ആദിവാസികൾ കോളനികളിലേയ്ക്കും പുറമ്പോക്കുകളിലേയ്ക്കും തള്ളപ്പെടുകയായിരുന്നു എന്ന് നേരത്തെ തന്നെ വ്യക്തമായ കാര്യമാണ്.

കില മുതൽ ശാസ്ത്ര സാഹിത്യ പരിഷത്ത് വരെയുള്ള സംഘടനകൾ നടത്തിയ പഠനങ്ങളിൽ അസമമായ വിഭവ വിതരണത്തെക്കുറിച്ചുള്ള കണക്കുകൾ വെളിച്ചത്തു വന്നിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും കേരളീയ സമൂഹത്തിൽ നിന്നും ജാതി മൂലധനത്തിന്‍റെയും സ്ഥാപിത താൽപര്യങ്ങളുടെയും വ്യാപാരങ്ങളെ തളളിക്കളയുകളാണ് കേരള ജനാധിപത്യ സമൂഹം ചെയ്തത്.

ജനാധിപത്യ സമരത്തെ പിന്തുണയ്ക്കുകയും ജാത്യാധിഷ്ഠിതമായ സവർണ മൂലധന താൽപര്യങ്ങളെ മാറ്റി നിർത്താനും ദലിത്, ആദിവാസി അവകാശങ്ങൾക്കൊപ്പം നിൽക്കാനും ജനാധിപത്യ സമൂഹം തയ്യാറായി. കേരളത്തിലെ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പടെയുളളവർ മുഖം തിരിച്ചുവെങ്കിലും അവരുടെ അണികളും അനുഭാവികളും ഉൾപ്പടെ നിരവധി ജനാധപത്യ വിശ്വാസികൾ ഈ സമരത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ മാത്രല്ല, സമൂഹത്തിലും രംഗത്തു വന്നു. ഇത് ഇതുവരെ കെട്ടിപ്പൊക്കിയ കെട്ടുകഥകൾക്കപ്പുറം യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ കേരളീയ സമൂഹം പ്രാപ്തമായി വരുന്നുവെന്ന സൂചന കൂടിയാണ്.

ഭൂമിക്ക് വേണ്ടിയുള്ള ദലിതരുടെയും ആദിവാസികളുടെയും സമരങ്ങൾ കേരളത്തിൽ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി നടക്കുന്നുണ്ട്. ഈ സമരങ്ങളുടെ തുടർച്ച തന്നെയാണ് കേരള ഹർത്താൽ. 1970കൾ മുതൽ പരമ്പരാഗത ജാതി സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പുറത്ത് ദലിത് സംഘടന പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ ബഹുജന രാഷ്ട്രീയമായി അത് വികസിച്ചിരുന്നില്ല. കല്ലറ സുകുമാരനും പോൾ ചിറക്കരോടും നേതൃത്വം നല്കിയ ഐഡിഎഫ് എന്ന ഇന്ത്യൻ ദലിത് ഫെഡറേഷനായിരുന്നു ദലിതർക്കിടയിൽ കുറച്ചെങ്കിലും സ്വാധീനമുണ്ടായിരുന്ന സംഘടന. എഴുത്തുകാരും ബുദ്ധീജീവികളും അടങ്ങിയ മറ്റൊരു തലമുറയും ദലിത് ജ്ഞാനാന്വേഷണവുമായും പ്രായോഗിക പ്രവർത്തനങ്ങളുമായി 1980കൾ മുതൽ സജീവമാണ്. എങ്കിലും ദലിത് എന്ന പദം പോലും സമീപകാലം വരെ ദലിത് ജനവിഭാഗങ്ങൾക്കിടയിൽ പരിചിതമായിരുന്നില്ല.
2000 ന് ശേഷം മുത്തങ്ങയും ചെങ്ങറയും അരിപ്പയും അടക്കമുള്ള ഭൂസമരങ്ങളിലൂടെയും ജാതീയതക്കെതിരായ സമരങ്ങളിലൂടെയും ദലിത് രാഷ്ട്രീയം കേരളത്തിലും സജീവമായി. സർക്കാർ കണക്കിൽ തന്നെ 26000ലധികം കോളനികളിലാണ് ഭൂപരിഷ്കരണാനന്തര ദലിത് ജീവിതത്തിന്‍റെ വലിയ ശതമാനവും കഴിയുന്നതെന്ന് ഈ സമരങ്ങൾ ലോകത്തെ ബോധ്യപ്പെടുത്തി. ഈ ബോധ്യപ്പെടുത്തലിലൂടെ കേരളത്തെ കുറിച്ചുളള സമത്വ, വികസന, പെരുക്കപ്പട്ടികയാണ് ലോകത്തിന് മുന്നിൽ യാഥാർത്ഥ്യത്താൽ ഹരണം ചെയ്യപ്പെട്ടത്. ഈ യാഥാർത്ഥ്യം തുറന്നുകാട്ടിയ വിഭവ വിതരണത്തിലെ ജാതി അസമത്വം കേരളത്തിലെ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ അടിത്തറ തന്നെ പിടിച്ചുലച്ചതായിരുന്നു.

dalit harthal ,sunilkumar

ഹൈദരാബാദ് സർവകലാശാലയിലെ രോഹിത് വെമുലയുടെ മരണത്തെ തുടർന്ന് ദേശവ്യാപകമായി നടന്ന വിദ്യാർത്ഥി ബഹുജന പ്രക്ഷോഭങ്ങളോടെ കേരളത്തിലെ ദലിതരുടെ പുതു തലമുറ സജീവമായി രംഗത്തേക്ക് വന്നു, ജിഷയുടെ കൊലപാതകത്തെ തുടർന്നുണ്ടായ സമരങ്ങൾ കേരളത്തിലെ ദലിതരുടെ പുറമ്പോക്ക് ജീവിതത്തെ തുറന്നുകാട്ടി. വടയമ്പാടി ജാതി മതിൽ വിരുദ്ധ പ്രക്ഷോഭം കേരളത്തിലെ സവർണബോധത്തിന്‍റെ ദലിത് വിരുദ്ധ ആക്രമണോത്സുകത വെളിപ്പെടുത്തുന്നതായിരുന്നു.

നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം ശക്തി പ്രാപിച്ച സവർണ ഹിന്ദുത്വ അധികാരം ദലിതരെയും മുസ്‌ലിംങ്ങളെയും വേട്ടയാടിയപ്പോഴും കേരളത്തിൽ അതിനെതിരായ പ്രതികരണങ്ങളുണ്ടായി. ഗുജറാത്തിലെ ഉനയിൽ ചത്ത പശുവിന്‍റെ തോലുരിച്ചതിന്‍റെ പേരിൽ നാല് ദലിതരെ മർദ്ദിച്ചതിനെതിരായ പ്രതിഷേധവും കേരളത്തിലുണ്ടായി.

മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ നടന്ന ദലിത് മുന്നേറ്റത്തിന്‍റെ കാറ്റ് കേരളത്തിലേക്കും കടന്നുവന്നു. ഔദ്യോഗിക കേന്ദ്രങ്ങളിലടക്കം മൂടി വെച്ച ജാതീയതയ്ക്കും അയിത്തത്തിനും എതിരായ നിരവധി സമരങ്ങൾ വേറെയും നടന്നു. ഇത്തരത്തിൽ വിഭവ പങ്കാളിത്തത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള നിരവധിയായ സമരങ്ങളിലൂടെ വിവിധങ്ങളായ സംഘടനകളിലൂടെ കേരളത്തിലും ദലിത് രാഷ്ട്രീയം വികസിച്ചുവരുന്നുണ്ട്. ആശയപരമായി അംബേദ്‌കർ ചിന്തകളും വലിയ പ്രാമുഖ്യമാണ് സമീപകാലത്ത് ദലിതർക്കിടയിലും ജനാധിപത്യവാദികൾക്കിടയിലും നേടിക്കൊണ്ടിരിക്കുന്നത്. കെപിഎംഎസിനെ പോലുള്ള വ്യവസ്ഥാപിത സംഘടനകൾക്ക് പോലും ദലിത് വിഷയങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്ത ഒരു സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ഇതിന്‍റെയെല്ലാം തുടർച്ചയിലാണ് ഏപ്രില് ഒമ്പതിന് നടന്ന കേരള ഹർത്താലിനെ കാണേണ്ടത്.

dalit harthal,sunilkumar

ഫോട്ടോ കടപ്പാട്: സന്തോഷ്‌ കുമാര്‍ പി.കെ/ ഫേസ്ബുക്ക്

കേവലമായ സമുദായ സമരത്തിനപ്പുറം ഒരു രാഷ്ട്രീയ സമരം കൂടിയാണ് ദലിതർ വലിയ തോതിൽ അണിനിരന്ന ഹർത്താൽ മുന്നോട്ട് വെയ്ക്കുന്നത്. പൊതു രാഷ്ട്രീയ മണ്ഡലത്തിലും സാമൂഹിക ഭൂമികയിലും അവഗണിതരായ ഒരു ജനസമൂഹത്തിന്‍റെ സാമൂഹിക രാഷ്ട്രീയ മുന്നേറ്റമായി ഇതിനെ കാണേണ്ടി വരും. സിപിഎമ്മും കോൺഗ്രസും നേതൃത്വം നല്കുന്ന ഇടത്- വലത് മുന്നണി രാഷ്ട്രീയത്തോട് ദലിത് ആദിവാസി വിഭാഗങ്ങൾ പ്രകടമായി തന്നെ അകന്നു തുടങ്ങിയിരുന്നു. ഇത് മുതലെടുത്ത് ദലിത്- പിന്നാക്ക വിഭാഗങ്ങളെ സ്വാധീനിച്ച് കേരളത്തിലും അധികാര രാഷ്ട്രീയത്തിലേക്ക് കടന്നുവരാനുള്ള സംഘ പരിവാർ ശ്രമങ്ങൾക്കും പുതിയ മുന്നേറ്റം തടസങ്ങളുണ്ടാക്കും. രോഹിത് വെമുല മുതൽ ഉന വരെയുള്ള സംഭവങ്ങളും ഗുജറാത്തിലും ഉത്തർ പ്രദേശിലുമടക്കം ദേശീയ തലത്തിൽ തന്നെ ശക്തിപ്പെടുന്ന ദലിത് മുന്നേറ്റങ്ങൾ മുഖ്യമായി ബിജെപിക്കും സംഘപരിവാറിനും എതിരാണ്.

ദലിതർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന കാലത്ത് അതിനെതിരായ പ്രതിരോധമായ പട്ടിക ജാതി- വർഗ പീഡന നിരോധന നിയമം ദുർബലപ്പെടുത്തുന്ന സുപ്രീം കോടതി ഉത്തരവ് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ദലിതർ തിരിച്ചറിയുന്നു. സംഘപരിവാർ രാഷ്ട്രീയത്തിന്‍റെ ദലിത് -ന്യൂനപക്ഷ വിരുദ്ധത എല്ലാ ഔദ്യോഗിക സ്ഥാപനങ്ങളെയും സ്വാധീനിക്കുന്നുണ്ടെന്നാണ് ഈ ഉത്തരവ് തെളിയിക്കുന്നത്. സ്വാഭാവികമായും ഇതിനെതിരായ ദലിതരുടെയും ആദിവാസികളുടെയും പ്രതിരോധങ്ങൾ ബിജെപി സർക്കാരിന് കൂടി എതിരായി മാറും. കേന്ദ്ര സർക്കാരിന്‍റെ ജാഗ്രതയില്ലായ്മയും അലംഭാവവുമാണ് സുപ്രീം കോടതി ഉത്തരവിനിടയാക്കിയതെന്ന വിമർശനം ദലിത് സംഘടനകൾ ഉന്നയിക്കുന്നുണ്ട്. കെപിഎംഎസിലെ ഒരു വിഭാഗത്തെയും സി കെ ജാനുവിനെയും പോലുള്ളവരെ എൻ ഡി എയിലെത്തിച്ച് ദലിത്- ആദിവാസി വിഭാഗങ്ങളെ ആകർഷിക്കാനുള്ള ബിജെപി നീക്കം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ലക്ഷ്യം കാണാതെ പോയിരുന്നു.

ഇപ്പോഴത്തെ ദലിത് പ്രക്ഷോഭങ്ങൾ ശക്തിപ്പെടുന്നതോടെ സംഘപരിവാറിന്‍റെ ദലിത് അജണ്ടക്ക് വലിയ ആഘാതം നേരിടേണ്ടിവരും. മൂന്ന് മുന്നണികളോടും പോരടിച്ചുകൊണ്ടാണ് കേരളത്തിലെ ദലിത് രാഷ്ട്രീയം മുന്നോട്ടുപോകുന്നത്.

അതുകൊണ്ടുതന്നെ അതിന് മറ്റൊരു രാഷ്ട്രീയം തേടേണ്ടിവരും. നിലനില്ക്കുന്ന രാഷ്ട്രീയ അധികാര സംവിധാനങ്ങളില്‍  ദലിതരുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയർന്നു വരും. ഇത് രാഷ്ട്രീയ അന്വേഷണങ്ങളിലേയ്ക്കും സംഘടിത രൂപത്തിലേക്കും പ്രവേശിച്ചാൽ പുതിയൊരു രാഷ്ട്രീയം സാധ്യമായേക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook