scorecardresearch
Latest News

നിയമസഭയ്ക്ക് മുകളിൽ കേന്ദ്രത്തിന്റെ പ്രതിഷ്ഠകൾ വേണമോ?

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണ പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടുന്ന നിയമസഭയുടെ തീരുമാനം അംഗീകരിക്കാൻ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നോമിനിയായ ഗവർണർ എന്ന തസ്തിക ജനാധിപത്യത്തിന് ഭൂഷണമാണോ?

നിയമസഭയ്ക്ക് മുകളിൽ കേന്ദ്രത്തിന്റെ പ്രതിഷ്ഠകൾ വേണമോ?

അധികാരത്തിലിരിക്കുന്നവർ അവരുടെ അധികാരത്തിന്റെ അതിർവരുമ്പുകൾ കടക്കുമ്പോൾ അത് ജനാധിപത്യത്തെയും അതിൽ വിശ്വസിച്ച് മുന്നോട്ടുപോകുന്ന സമൂഹത്തെയുമാണ് വെല്ലുവിളിക്കുന്നത്. ഭരണപരമായ സംവിധാനങ്ങളെന്നതു സമൂഹത്തിനു മുന്നോട്ടുപോകാനുള്ള മാർഗമാണ്. ജനാധിപത്യപരമായ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരോടുള്ള യോജിപ്പും വിയോജിപ്പും സുതാര്യമായും മാന്യമായും പ്രകടിപ്പിക്കുകയെന്നത് അടിസ്ഥാനപരമായ സാമൂഹിക മര്യാദയാണ്. അധികാരസ്ഥാനങ്ങളിലിരിക്കുന്നവർ മറ്റുള്ളവരോട് പെരുമാറുമ്പോഴും അത് പാലിക്കപ്പെടേണ്ടതുണ്ട്. ഇതൊന്നും ഭരണഘടനാപരമായ ബാധ്യതയല്ല, പക്ഷേ, സമൂഹത്തിന്റെ മുന്നോട്ടുപോക്കിൽ രൂപം കൊണ്ട സുജന മര്യാദകളാണ്.

അധികാരത്തിലിരിക്കുന്നവർ ആനപ്പുറത്ത് ഇരിക്കുന്നവരെ പോലെ മറ്റുള്ളവരെ എന്തും പറയുന്നതു മുതൽ തെറ്റായ വിവരങ്ങൾ പ്രസ്താവിക്കുന്നതു വരെ സമൂഹത്തെ അപകടത്തിലേക്കു നയിക്കുമെന്നതിനു രണ്ടുപക്ഷം ആവശ്യമില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ എല്ലായ്‌പ്പോഴും സംസ്ഥാന സർക്കാരുകൾ കേന്ദ്ര സർക്കാരിൽപ്പെട്ട പാർട്ടിയോ മുന്നണിയോ അല്ല ഭരിക്കുന്നതെങ്കിൽ കേന്ദ്ര-സംസ്ഥാന നിലപാടുകളിൽ അസ്വസ്ഥതകൾ  രൂപപ്പെടാറുണ്ടായിരുന്നു. പലപ്പോഴും അതിനു കേന്ദ്രത്തിനു വേണ്ടി സംസ്ഥാനത്തെ ചട്ടം പഠിപ്പിക്കുന്ന റോൾ റഫറിയാവേണ്ട ഗവർണർമാരായിരുന്നു സ്വീകരിക്കുക. എന്നാൽ, അതൊക്കെ ചില്ലറ “ഞൊടുക്കു വിദ്യകളിൽ” പരിഹരിക്കപ്പെടുമായിരുന്നു.

ആദ്യ ഗവർണറായ ബി. രാമകൃഷ്ണ റാവു മുതൽ ഇരുപത്തി മൂന്നാമത്തെ ഗവർണറായ പി. സദാശിവം വരെയുള്ളവരുടെ കാര്യമെടുത്താൽ പൊതുവിൽ സംസ്ഥാനവുമായുള്ള അസ്വാരസ്യം കേന്ദ്ര- സംസ്ഥാന ഭരണകക്ഷിക്കനുസരിച്ച് രൂപം കൊള്ളുമായിരുന്നുവെങ്കിൽ വലിയ വിവാദങ്ങളൊന്നും ഉണ്ടാകുന്ന സ്ഥിതി സംജാതകമാകില്ലായിരുന്നു. പരസ്പരം ചെളിവാരിയെറിയുന്ന ഏർപ്പാട് പൊതുവിൽ കേരളത്തിലുണ്ടായിട്ടില്ല. ഭരണവും സമരവും സിദ്ധാന്തം മുന്നോട്ടുവച്ച കാലങ്ങളിൽ പോലും സൃഷ്ടിപരമായ വിമർശനങ്ങളും സംവാദങ്ങളുമായി പൊതുവിൽ കാര്യങ്ങൾ മാറ്റിയെടുക്കാനുള്ള കെൽപ്പ് സംസ്ഥാനത്തെ ഭരണ പ്രതിപക്ഷങ്ങൾക്കും ഗവർണർമാർക്കും ഉണ്ടായിരുന്നതുകൊണ്ടാകാം അങ്ങനെ സംഭവിച്ചിരുന്നത്.  കേരളത്തെ സംബന്ധിച്ച്, സ്വരൂപ് സിങ്, എസ് എസ് കാങ്, ബി രാച്ചയ്യ, പി. സദാശിവം , ആർ എസ് ഗവായ് തുടങ്ങി ചുരുക്കം ചില ഗവർണർമാർ മാത്രമാണു സംസ്ഥാന സർക്കാരുകൾക്ക് അലോസരം ഉണ്ടാക്കാതെ കടന്നുപോയത്.

ആരിഫ് മുഹമ്മദ് ഖാൻ എന്ന വൈവിധ്യമാർന്ന കക്ഷിരാഷ്ട്രീയാനുഭവമുള്ള കേരളത്തിലെ 24-ാംഗവർണർ ഇതുവരെ ഉണ്ടായിരുന്ന ചരിത്രത്തിൽ നിന്നെല്ലാം വ്യത്യസ്തമായ സമീപനം തുറന്നിടുകയാണ്. കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ കേരളമൊഴികെ ഏതാണ്ട് എല്ലാ ബി ജെ പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഗവർണർമാരും സംസ്ഥാനസർക്കാരുകളും തമ്മിൽ പോര് അതിശക്തമാണ്. കേരളത്തിൽ ആദ്യ മോദി സർക്കാർ അധികാരത്തിൽ വന്ന കാലത്ത് ജസ്റ്റിസ് പി സദാശിവമാണ് ഗവർണറായി വന്നത്. അദ്ദേഹത്തിന്റ ഗവർണർ കാലയളഴിൽ ആദ്യ രണ്ടു വർഷം യു ഡി എഫും പിന്നീട് മൂന്ന് വർഷം എൽ ഡി എഫുമാണു സംസ്ഥാനത്ത് ഭരണത്തിലുണ്ടായിരുന്നത്. പൊതുവിൽ സമാധാനപരമായിരുന്നു ഗവർണർ- സർക്കാർ ബന്ധം.

എന്നാൽ രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ കേരളത്തിൽ പുതിയ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ എന്ന അനുഭവസമ്പത്തുള്ള രാഷ്ട്രീയക്കാരൻ എത്തി. വി പി സിങ് സർക്കാർ കാലത്തിനു തൊട്ടുമുമ്പു മുതൽ ഇടതുപക്ഷവുമായി അടുപ്പം  പുലർത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ കേരളത്തിൽ, അധികാരം ഇടതുപക്ഷത്തിനാണെങ്കിലും മറ്റു സംസ്ഥാനങ്ങളിലെ പോലെ പ്രശ്നം ഉണ്ടാകില്ലെന്നായിരുന്നു പൊതുധാരണ.

എന്നാൽ, കാര്യങ്ങളൊക്കെ തുടക്കം മുതൽ തന്നെ താളം തെറ്റി തുടങ്ങി. സി എ എ, കർഷക ബിൽ എന്നിവയിൽ സംഭവം കീഴ്മേൽ മറിഞ്ഞു. ഗവർണർ സർക്കാരിന്റെ നയപ്രഖ്യാപനം വായിക്കില്ലെന്ന സ്ഥിതിവരെ സംജാതമായി. എന്നാൽ, മുൻകാലങ്ങളിലെ ഭരണവും സമരവും എന്ന നിലപാട് കയ്യൊഴിഞ്ഞ സി പി എമ്മും എൽ ഡി എഫും ഒത്തുതീർപ്പുകളുടെയും സമവായത്തിന്റെയും പാതയിലായിരുന്നു അടുത്തിടെ വരെ. ഗവർണർ പറയുന്നതൊക്കെ ചെയ്തുകൊടുക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറി. അതിനുള്ള പഴി കേൾക്കുകയെന്നതു സർക്കാരിന്റെ തൊഴിലുമായി മാറി.

ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷമായ കോൺഗ്രസ് കൊണ്ടുവന്ന പ്രമേയം പോലും ഇടതുപക്ഷം അനുകൂലിച്ചില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതിന്റെ പേരിൽ സഭയുടെ അധികാര അവകാശങ്ങളെ ഹനിക്കുകയും സഭയുടെ അന്തസിനെ ഇടിച്ചു താഴ്ത്തുകയും ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയമാണു രണ്ടരവർഷം മുമ്പ് 20202ൽ കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷം കൊണ്ടുവന്നത്.

കേരള നിയമസഭയെ അവഹേളിച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് അഭ്യർത്ഥിക്കുന്ന പ്രമേയം നിയമസഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ചട്ടം 130 പ്രകാരം പ്രതിപക്ഷം നൽകിയ നോട്ടീസ് കാര്യോപദേശക സമിതിയിൽ സർക്കാർ എതിർത്തതു കാരണം നിരാകരിക്കപ്പെടുകയായിരുന്നു.

“സഭയുടെ നാഥനായ മുഖ്യമന്ത്രി കൊണ്ടുവരേണ്ടതായിരുന്നു ഈ പ്രമേയം. അദ്ദേഹം അതിന് തയാറാവാത്തതിനാലാണു പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് താൻ നോട്ടീസ് നൽകിയത്. അതിനെയാണു സർക്കാർ അട്ടിമറിച്ചത്.  ഈ പ്രമേയം ചർച്ച ചെയ്തിരുന്നെങ്കിൽ അത് രാജ്യത്തിനു കേരളം നൽകുന്ന വലിയ സന്ദേശമാകുമായിരുന്നു,” എന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല അന്ന് പറഞ്ഞിരുന്നു. 

ബംഗാൾ, തമിഴ്നാട്, തെലങ്കാന, ഡൽഹി തുടങ്ങി ബി ജെ പി ഇതരർ ഭരിക്കുന്നിടത്തെല്ലാം കേന്ദ്രസർക്കാർ പ്രതിപുരുഷരായ ഗവർണർമാരും സർക്കാരും തമ്മിൽ ശീതസമരം നേരിട്ടുള്ള യുദ്ധമുറകളും അരങ്ങേറുമ്പോഴും കേരളം ഗവർണർക്കൊപ്പം ഒത്തുതീർപ്പിന്റെ ചതുരപായങ്ങളും പയറ്റി നിലകൊണ്ടു. ഗവർണർക്ക് എന്തു വേണമെങ്കിലും നൽകുന്ന സർക്കാരെന്ന ചീത്തപ്പേര് കേരളത്തിലെ പിണറായി വിജയൻ സർക്കാർ സന്തോഷപൂർവം ഏറ്റുവാങ്ങി. എന്നാൽ, ഗവർണർ അധികാരത്തിലിരുന്നുകൊണ്ട് രാഷ്ട്രീയ താൽപ്പര്യങ്ങൾ സംസ്ഥാനത്തിനു മേൽ അടിച്ചേൽപ്പിക്കാൻ തുടങ്ങിയപ്പോൾ അതു കൈവിട്ട കളിയായി മാറി.

ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ രാഷ്ട്രീയനിയമനമായി വന്നുകയറിയ ഗവർണർ സ്വീകരിക്കുന്ന സമീപനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വ്യത്യസ്ത പാർട്ടികളിലായാൽ പൊതുവിൽ സംഘർഷഭരിതമായ അന്തരീക്ഷം സംജാതമാക്കുന്നുണ്ടായിരുന്നു. അതിലെ എല്ലാ അതിരുകളും വിട്ടാണ് മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി കേന്ദ്രം ഭരിക്കാൻ തുടങ്ങിയ ശേഷം ബി ജെ പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.

ഗവർണർ പറഞ്ഞ കാര്യങ്ങളൊക്കെ യാതൊരു എതിർപ്പും കൂടാതെ നിർവഹിച്ചുകൊടുക്കുന്ന സംവിധാനമാണ് ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പടെയുള്ള ഗവർണമാരോട് കേരളത്തിലെ  എല്ലാ സർക്കാരുകളും പൊതുവിൽ സ്വീകരിച്ചിട്ടുള്ള സമീപനം. മറ്റു പല സംസ്ഥാനങ്ങളിലും അതല്ലെന്ന വസ്തുത കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ പല തവണ കണ്ടുകഴിഞ്ഞു. ബി ജെ പി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർ- സർക്കാർ പോര് കേരളത്തിൽ സംഭവിക്കാതിരിക്കാൻ ഒത്തുതീർപ്പുകളുടെ എല്ലാ വഴികളും എപ്പോഴും പിന്തുടരുകയാണു സിപി എം സർക്കാർ ചെയ്തതെന്നത് ഒരുപക്ഷേ വലിയൊരു വൈരുധ്യമാകാം.  കേരളത്തിൽ കേന്ദ്രവുമായി സമവായം, ഒത്തുതീർപ്പ് തുടങ്ങി കേന്ദ്ര-സംസ്ഥാന ബന്ധം മെച്ചപ്പെടുത്താനാകുമെന്ന വിശ്വാസത്തിലോ കേന്ദ്രത്തെ  ഭയന്നിട്ടോയെന്നു തിരിച്ചറിയാൻ കഴിയാത്ത വികാരത്തിൽ സംഘർഷമൊഴിവാക്കാനാണ് പിണറായി വിജയൻ സർക്കാർ ശ്രദ്ധ പുലർത്തിപോന്നുവെന്നത് വാസ്തവമാണ്. .

എന്നാൽ, കരുതൽ കയ്യൊഴിയാൻ സർക്കാർ നിർബന്ധിതരായെഎന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ നിലപാട് വ്യക്തമാക്കുന്നത്. ഫെഡറൽ ജനാധിപത്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനു മേൽ രാഷ്ട്രീയനിയമനമായി കെട്ടിയിറക്കുന്ന കേന്ദ്രസർക്കാർ പ്രതിനിധിയായി ഗവർണർ വേണമോ എന്ന ചർച്ച വളരെ നേരത്തെ തന്നെ തുടങ്ങിയിരുന്നതാണ്. എന്നാൽ, ഗവർണർമാർ പൊതുവിൽ തങ്ങളുടെ അധികാരപരിധിയിൽ നിലകൊള്ളകയും മറ്റു ഭരണപരമായ കാര്യങ്ങളിൽ പൊതുവിൽ ഇടപെടാതിരിക്കുകയും ചെയ്യുന്ന പ്രവണതയാണുണ്ടായിരുന്നത്. എന്നാൽ, അതിനെയൊക്കെ അട്ടിമറിച്ചാണ് ആരിഫ് മുഹമ്മദ് ഖാൻ പുതിയ ആചാരങ്ങൾ സൃഷ്ടിക്കുന്നത്.

ഗവർണർ സർക്കാരിനെതിരെ പരസ്യമായി പ്രസ്താവന നടത്തുന്നു മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരുന്നു. അക്കാദമിക് ലോകം ബഹുമാനിക്കുന്ന രണ്ടു ചരിത്രകാരന്മാരെക്കുറിച്ച് ഗുണ്ടയെന്നും ക്രിമിനലെന്നും വിളിക്കുന്നു. ലോക പ്രശസ്തനായ ചരിത്രകാരൻ ഇർഫാൻ ഹബീബ് എന്തെങ്കിലും ഗുണ്ടാപരിപാടികാണിച്ചതായി ആർക്കും അറിയില്ല. കണ്ണൂർ സർവകലാശാല വി സി ഏതെങ്കിലും ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ടതായും രേഖയില്ല. എന്നാൽ, വായിൽ വരുന്നത് വിളിച്ചുപറയുന്ന നിലവാരത്തിലേക്കു ഗവണർ പദവി ആരിഫ് മുഹമ്മദ് ഖാനെ കൊണ്ട് എത്തിച്ചതാണോ എന്നറിയില്ല. എന്തായാലും പദവിക്കു നിരക്കാത്ത വാക്കും പ്രവൃത്തിയും ഗവർണറുടെ ഭാഗത്ത് നിന്നുണ്ടാകുന്നുവെന്നത് അപകടരമായ സൂചനയാണ്.

കേരളത്തെ എന്നല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെ സംബന്ധിച്ചും തിരഞ്ഞെടുക്കപ്പെട്ട ഭരണപ്രതിപക്ഷ എം എൽ എ മാർ ചർച്ച ചെയ്ത് പാസാക്കുന്ന ബിൽ നിയമമാകാനായി ഒപ്പുവയ്ക്കാൻ അതിന് മുകളിൽ ഒരു രാഷ്ട്രീയ നോമിനി എന്തിനാണ് എന്ന ചോദ്യമാണ് ഇപ്പോൾ യഥാർത്ഥത്തിൽ ഉയരേണ്ടത്. ഗവർണർ നിയമനമെന്നത് ഒരർത്ഥത്തിൽ രാഷ്ട്രീയക്കാർക്കു നൽകുന്ന ഒതുക്കൽ തസ്തികയാകാം, അല്ലെങ്കിൽ ഉയർത്തൽ തസ്തികയും ആകാം. രണ്ടായാലും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ മുകളിൽ,  ജനാധിപത്യത്തിൽ അങ്ങനെ ഒരു പിൻവാതിൽ അധികാര കേന്ദ്രം ആവശ്യമുണ്ടോ. ഇനി നിയമസഭയ്ക്കു മുകളിൽ ഒരു അധികാര കേന്ദ്രം വേണമെന്ന് ആവശ്യമുണ്ടെങ്കിൽ  ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികൾ തിരഞ്ഞെടുക്കുന്ന രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയേയും പോലെ ഗവർണറെയും തിരഞ്ഞെടുക്കാവുന്നതല്ലേ ഉള്ളൂ. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാനങ്ങളിൽ എന്തിനാണ് ഇങ്ങനെ ഒരു അധികാര കേന്ദ്രം എന്ന ചോദ്യം ഈ കാലഘട്ടത്തിൽ  ആലോചിക്കേണ്ടതുണ്ട്.

ഇതു ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരളത്തിലെ സർക്കാരും തമ്മിലുള്ള സൗന്ദര്യപ്പിണക്കത്തിനു പരിഹാരമായല്ല, മറിച്ച് ഡൽഹിയും ബംഗാളും ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പലവിധ കുഴമറിച്ചിലുകളുടെ കൂടെ പശ്ചാത്തിലത്തിലാണ് ആലോചിക്കേണ്ടത്. ഫെഡറൽ ജനാധിപത്യത്തെ പരിപോഷിപ്പിക്കാൻ ഉതകുന്ന ഒന്നല്ല, കേന്ദ്രീകൃതമായ സംവിധാനങ്ങളൊന്നും.
കക്ഷിരാഷ്ട്രീയ അധികാരത്തിന്മേലോ, രാഷ്ട്രീയക്കാരുടെ, ഗവർണറുടെ ഒക്കെ മൂപ്പിളമ തർക്കമോ സൗന്ദര്യപ്പിണക്കങ്ങളോ പോലുള്ള ചെറിയ വിഷയങ്ങൾക്കപ്പുറം ഗവർണർ പദവിയെന്നത് എത്രത്തോളം നമ്മുടെ ജനാധിപത്യ സംവിധാനത്തിന് ആവശ്യമാണെന്ന ആലോചനയാണ് ഉയരേണ്ടത്.

വികേന്ദ്രീകൃതമായി മാറുന്ന ജനാധിപത്യ സംവിധാനത്തിനു മേൽ കേന്ദ്രീകൃതമായ സംവിധാനമോ കേന്ദ്ര സർക്കാർ പ്രതിനിധികളോ ഒപ്പിടൽ കർമം നിർവഹിക്കാൻ ആവശ്യമുണ്ടോ? അനാവശ്യമായ ബാധ്യതയായി, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടാത്ത ഒരു അധികാര കേന്ദ്രം തിരഞ്ഞെടുക്കപ്പെട്ട നിയമസഭയ്ക്കു മുകളിൽ പ്രതിഷ്ഠിക്കേണ്ടതുണ്ടോ എന്നീ പ്രസക്തമായ ചോദ്യങ്ങളാണ് ആരിഫ് മുഹമ്മദ് ഖാൻ വിഷയം ഉയർത്തുന്നത്. 

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Kerala governor arif mohammed khan cm pinarayi vijayayan spat