scorecardresearch

പ്രബുദ്ധകേരളത്തിന് ചരമഗീതമെഴുതുന്ന ഹർത്താലുകൾ

“മലയാളി കണ്ണു തുറന്ന് യാഥാർത്ഥ്യങ്ങളെ നേരിടാൻ പഠിക്കണം. നമ്മളെ നമ്മളല്ലാതാക്കാൻ ശ്രമിക്കുന്ന മൂന്നാംകിട നേതൃത്യങ്ങളെ, അവരേത് പാർട്ടിയിലേതായാലും മുളയിലേ പിഴുതുകളയണം. കേരളത്തിന്റെ മുന്നോട്ടു പോക്കിൽ ഇവരെയൊന്നും വഴിമുടക്കികളായി നിൽക്കാനനുവദിക്കരുത്. വിവേകശൂന്യരായ കുറെ നേതാക്കൾക്ക് മുന്നിൽ തളർന്നു പോകേണ്ടതല്ല ഈ നാട്. കേവലമൊരു ആത്മഹത്യയ്ക്ക് മുന്നിൽ താഴിട്ടുപൂട്ടേണ്ട ഒന്നല്ല ഈ കേരളം” ‘ചിന്താജാലക’ത്തിൽ എൻ​ ഇ സുധീർ എഴുതുന്നു

പ്രബുദ്ധകേരളത്തിന് ചരമഗീതമെഴുതുന്ന ഹർത്താലുകൾ

2018 ഡിസംബർ 14 കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ ഒരു ദിനമായി വേണം രേഖപ്പെടുത്താൻ . തിരുവനന്തപുരം മുട്ടട സ്വദേശിയായ വേണുഗോപാലൻ നായർ എന്നൊരാളിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ആ ദിവസം കേരളത്തിൽ ഹർത്താലാചരിച്ചു. വേണുഗോപാലൻ നായർക്ക് അയാളുടെ ജീവിതം മടുത്തതു കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹത്തിന്റെ മരണ മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യയ്ക്ക് അയാൾ തിരഞ്ഞെടുത്ത സ്ഥലമാണ് കാര്യങ്ങളെ കുഴച്ചു മറിച്ചത്. സെക്രട്ടറിയേറ്റിന്റെ മുന്നിലെ സമരപ്പന്തലിന്റെ എതിർ വശത്ത് നിന്നാണ് അയാൾ തന്റെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയെന്നാണ് വാർത്ത. അതും രാത്രി അസമയത്ത്. സമരപ്പന്തലിൽ ഉണ്ടായിരുന്ന 70 ഓളം ബി ജെ പി പ്രവർത്തകരും അവരെ നിരീക്ഷിച്ചിരുന്ന ഏതാനും പൊലീസുകാരും മാത്രമാണ് ആ പ്രദേശത്ത് അപ്പോൾ ഉണ്ടായിരുന്നത്. കത്തുന്ന ശരീരവുമായി ആ മനുഷ്യൻ മരണവെപ്രാളത്തോടെ സമരപ്പന്തലിന്റ ഭാഗത്തു വന്നുപെട്ടു. പൊലീസ് അയാളെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. സമരപ്പന്തലിലെ ആരും അയാളെ രക്ഷിക്കാൻ ശ്രമിച്ചതായി വർത്തയിൽ കണ്ടില്ല. അവർക്കാർക്കും അയാളെ അറിയാവുന്ന തായും വാർത്തകളില്ല. ഏതായാലും അയാളുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ വെച്ച് അയാൾ മരിച്ചു. ആ കഥ അവിടെ അവസാനിക്കേണ്ടതാ യിരുന്നു.

സംഭവിച്ചത് മറിച്ചാണ്. പുതിയൊരു തലം ആ ആത്മഹത്യയിൽ വന്നു പെട്ടു. മരിച്ചതോടെ അയാൾക്ക് രാഷ്ടീയം വന്നു. അയാൾ ശബരിമല ഭക്തനായി ചിത്രീകരിക്കപ്പെട്ടു. ശബരിമല യിലെ യുവതി പ്രവേശന വിഷയത്തിൽ മനംനൊന്താണ് അയാൾ ജീവനൊടുക്കിയതെന്ന് ബി ജെ പിക്കാർ വ്യാഖ്യാനിച്ചു. പിന്നെ വൈകിയില്ല. വേണുഗോപാലൻ നായരുടെ മരണത്തിൽ പ്രതിഷേധിച്ച് കേരളമെങ്ങും ഹർത്താലാചരിക്കാൻ ബി.ജെ.പിയുടെ ആഹ്വാനം വന്നു. ഹർത്താൽ പതിവുപോലെ വിജയം കണ്ടു. അലസതയിലടിയുറച്ചു പോയ മലയാളി മനോഭാവവും ബി ജെ പി എന്ന പാർട്ടിയോടുള്ള ഭയവും ഹർത്താലിനെ വിജയിപ്പിച്ചു എന്നതാണ് സത്യം. വേണുഗോപാലൻ നായരെ നമുക്ക് വെുതെ വിടാം. ആത്മഹത്യ യ്ക്കായി സ്ഥലം തിരഞ്ഞെടുത്തതിൽ അയാൾ ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാനേ നമുക്ക് സാധിക്കൂ. ഈ സംഭവത്തിന് ഇനി പുതിയ ഭാഷ്യങ്ങൾ ചമച്ചെടുത്താലും ഈ വിശകലനത്തിന്റെ അന്തഃസത്ത മാറേണ്ടതില്ല. ബാക്കിയാവുന്നത് വലിയ ചില സത്യങ്ങൾ മാത്രം. ആ ദിവസത്തെ ഹർത്താൽ മൂലം കേരളത്തിനുണ്ടായ നഷ്ടം ഏകദേശം 200 കോടി രൂപയോളം വരുമെന്നാണ് എന്നാണ് സാമ്പത്തിക വിദഗദ്ധർ കണക്കാക്കുന്നത്. അതും വ്യാപാര രംഗത്തെയും ഗതാഗതരംഗത്തേയും കണക്കുകൾ മാത്രം പരിഗണിക്കുമ്പോൾ. ആഭ്യന്തര വരുമാനത്തിന്റെ വാർഷിക തുകയെ ദിവസക്കണക്കായി മാറ്റി അതിന്റെ നാൽപ്പത് ശതമാനം ഹർത്താൽ മൂലം നമുക്ക് നഷ്ടമാവുന്നു എന്നതാണ് അനുമാനം. അങ്ങനെ കണക്കാക്കിയ തുകയാണ് 200 കോടി. അതായത് ഓരോ ഹർത്താലിലും കേരളത്തിന് വന്നു ചേരുന്ന നഷ്ടം ഏകദേശം 200 കോടിയാണ്. മറ്റ് സാധ്യതാ നഷ്ടങ്ങൾ, ജനങ്ങൾക്കുണ്ടാകുന്ന ദുരിതങ്ങൾ വ്യക്തിപരമായ നഷ്ടങ്ങൾ എന്നിവ വേറെയും. എത്രയെത്ര ഹർത്താലുകളാണ് ഈ കേരളത്തിൽ ഒരോ വർഷവും നടക്കുന്നത് എന്നുകൂടി കണക്കെടുക്കുക. അതേ സമയം ഹർത്താൽ മൂലമുള്ള നഷ്ടങ്ങൾ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടാവുന്നുമില്ല. ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ അന്തസ്സിന് ഇത് വലിയ കളങ്കമുണ്ടാക്കുന്നു.

തീർത്തും അകാരണമായി, ഒട്ടും വീണ്ടും വിചാരമില്ലാതെ ബി.ജെ.പി നടത്തിയ ഈ സമരാഭാസം നാളിതുവരെ കേരളത്തിൽ സംഭവിക്കാത്ത ഒന്നായിരുന്നു. കാരണം കണ്ടെത്തി ഹർത്താൽ നടത്തുന്ന തലത്തിലേക്ക് അധഃപതിച്ചിരിക്കുന്നു നമ്മുടെ രാഷ്ട്രീയം. ഏതൊരു പാർട്ടിക്കും, എന്തിന് ഒരു സാമൂഹ്യ വിരുദ്ധ കൂട്ടായ്മയ്ക്ക് പോലും കേരളത്തിന്റെ മേൽ അടിച്ചേൽപ്പിക്കാവുന്ന ഒന്നായി ഈ സമരാഭാസം മാറിയിരിക്കുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് ബി ജെ പിക്കൊപ്പമുളള സംഘപരിവാർ സംഘടനായ ഹിന്ദു ഐക്യവേദി ഹർത്താൽ പ്രഖ്യാപിച്ചതു പോലും പാതിരാത്രികഴിഞ്ഞ് നേരം പുലരുന്നതിന് മുമ്പാണ്. കേരളം അടുത്ത ദിവസം ഉണർന്നപ്പോൾ മാത്രമാണ് അന്ന് ഹർത്താലാണെന്ന് അറിഞ്ഞത്!

വളരെ ചുരുങ്ങിയ കാലയളവിനുളളിൽ, വെറും നാൽപ്പത് ദിവസത്തിനു ളളിൽ നാല് ഹർത്താലാണ് ബി ജെപിയും സംഘപരിവാരവും കൂടി കേരളത്തിൽ നടത്തിയത്. അങ്ങനെ നടത്തിയ നാല് ഹർത്താലിൽ ആദ്യത്തേത് കൂടി ഇവിടെ പരിശോധിക്കേണ്ടതുണ്ട്. ബി ജെ പി നടത്തിയ ആദ്യ ഹർത്താലിന് പിന്നിൽ ഒരു മരണം തന്നെയായിരുന്നു കാരണം. ബി ജെ പിയുമായി യാതൊരു ബന്ധവുമില്ലാ ത്ത മറ്റൊരാളിന്റെ മരണം. പന്തളം മുളമ്പുഴ സ്വദേശിയായ ശിവദാസൻ എന്നയാ ളെ ളാഹയക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തി. ഇതേ തുടർന്നായിരുന്നു ആദ്യ ഹർത്താൽ . ബി ജെ പിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളെ ‘ബലിദാനി’ യാക്കി ബി ജെപി ഹർത്താലുമായി രംഗത്തെത്തി. ശബരിമലയിലുണ്ടായ പൊലീസ് നടപടിയിലാണ് മരിച്ചതെന്ന വ്യാജ വാർത്ത ബി ജെപി നേതാക്കളുൾ പ്പെടയുള്ളവർ പ്രചരിപ്പിച്ചു. സുപ്രീംകോടതി വിധിക്കെതിരെ ബി ജെപി യുടെ നേതൃത്വത്തിൽ നടന്ന അക്രമങ്ങളെ പൊലീസ് നേരിട്ട ദിവസമാണ് ഇയാളെ കാണാതായതെന്നും പൊലീസ് നടപടിയിലാണ് മരണമെന്നുമായിരുന്നു ബി ജെപിയുടെ വ്യാജപ്രചാരണം. എന്നാൽ ബി ജെ പി ഉൾപ്പടെ സുപ്രീം കോടതി ഭരണഘടനബെഞ്ചിന്റെ വിധിയെ എതിർക്കുന്നവർ നടത്തിയ അക്രമങ്ങളുടെയും അതിനെതിരായ പൊലീസ് നടപടിയുടെയും സംഭവ വികാസങ്ങൾ കഴിഞ്ഞശേഷ മുളള ദിവസമാണ് ശിവദാസൻ വീട്ടിൽ നിന്നും പോയതെന്നും അതിനടുത്ത ദിവസം വീട്ടിലേക്ക് ശിവദാസൻ വിളിച്ചതായും ശിവദാസന്റെ ഭാര്യയും മകനുമൊക്കെ വ്യക്തമാക്കി . എന്നിട്ടും ബി ജെ പി നുണപ്രചാരണവുമായി മുന്നോട്ടു പോയി ഹർത്താൽ നടത്തി. (തൊട്ടുപിന്നാലെയായിരുന്നു വൃശ്ചികം ഒന്നിന് പുലർച്ചെ മൂന്ന് മണിയോടെ ഹർത്താൽ പ്രഖ്യാപനം നടത്തി അയ്യപ്പഭക്തന്മാരെയും നാട്ടുകാരെയും ബുദ്ധിമുട്ടിച്ചുകൊണ്ടുളള വിശ്വാസ സംരക്ഷണം.)

ബിജെ പി എന്നത് രാജ്യം ഭരിക്കുന്ന പാർട്ടിയാണ്. അവർ മുന്നോട്ടു വെക്കുന്ന രാഷ്ടീയം കേരളത്തിനു പരിചയമുള്ളതല്ല. അധികാരത്തിലേറാൻ എന്തിനും മടിക്കാത്തവരാണ് ഇവരെന്ന് കേരളം തിരിച്ചറിയുകയാണ്. അവരുടെ സംസ്കാരം നമുക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു. മരിച്ച മനുഷ്യരോട് പോലും അനാദരവ് കാണിക്കാൻ മടിയില്ലാത്ത ഒരു കൂട്ടർ. രാഷ്ടീയ ലാഭത്തിനായി ബലിദാനികളെ കണ്ടെത്തുന്നവർ. ഇവരുടെ കൈകളിലേക്ക് കേരളത്തെ വിട്ടുകൊടുക്കരുത് എന്നാണ് ഈ സംഭവങ്ങൾ പറഞ്ഞുവെക്കുന്നത്.

ഇനിയെങ്കിലും ഹർത്താലെന്ന ഈ ജനവിരുദ്ധ കലാപരിപാടിയെ നമ്മൾ തിരിച്ചറിഞ്ഞ് ചെറുത്ത് തോൽപ്പിക്കണം. ഇത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. പൗരന്റെ സ്വതന്ത്ര ജീവിതത്തിൻ മേലുള്ള കടന്നുകയറ്റമായി ഇതിനെ കണക്കാക്കണം. മുകളിൽ സൂചിപ്പിച്ച സാമ്പത്തികനഷ്ടത്തിനപ്പുറം മറ്റ് പല നഷ്ടങ്ങളും ഹർത്താലിൽ സംഭവിക്കു ന്നുണ്ട് എന്ന് നമ്മൾ തിരിച്ചറിയണം. മുൻകാലങ്ങളിൽ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾ ബന്ദുകളും ഹർത്താലുകളും നടത്തിയിട്ടുണ്ട്. പൊതുവിൽ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളുടെ പേരിലാണ് അന്നൊക്കെ അവ നടത്തപ്പെട്ടത്. പിന്നീടത് എന്തിനു വേണ്ടിയും ആർക്കും ഏറ്റെടുക്കാവുന്ന ഒന്നായി അധഃപതിച്ചു. കേരളത്തെ ഭരിക്കാൻ ജനാധിപത്യ പ്രക്രിയയിലൂടെ ഭൂരിപക്ഷം നേടിയ രാഷ്ടീയ പാർട്ടിക്കേ സാധിക്കൂ. എന്നാൽ, കേരളത്തെ നശിപ്പിക്കാൻ യാതൊരുവിധ ജനഹിത മോ ജനപിന്തുണയോ ആവശ്യമില്ല എന്നുവന്നിരിക്കുന്നു. കേവലം ഒരു ജനപ്രതിനിധി മാത്രമുള്ള ബി ജെ പിയാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഹർത്താൽ നടത്തിയത്. ഹർത്താൽ നടത്തി 26 ദിവസങ്ങളാണ് അവർ നഷ്ടപ്പെടുത്തിയത് എന്ന് പത്രങ്ങൾ പറയുന്നു. ഇക്കാര്യത്തിൽ പത്രങ്ങളെ വിശ്വസിക്കുകയേ നിർവ്വാഹമുള്ളൂ. കാരണം കൃത്യമായ കണക്കുകൾ നടത്തിപ്പുകാരുടെ പക്കൽ പോലും ഉണ്ടാവാനിടയില്ല. ഭരണപക്ഷമായ സി പി എം പോലും 15 ഹർത്താൽ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. പൊതുവെ മെയ്യനങ്ങാതെ കാര്യം നേടാൻ ശ്രമിക്കുന്ന കോൺഗ്രസും 19 ദിവസം കേരളത്തെ അടച്ചിട്ടു! ( ചെറിയ പ്രാദേശിക ഹർത്താലുകളും ഉൾപ്പടെയാണ് ഈ കണക്കുകൾ).

സ്വാഭാവികമായ ജനരോഷം എന്ന നിലയിലാണ് ഇത്തരം പ്രതിഷേധ രീതികൾ ഉടലെടുത്തിരിക്കുക. സമൂഹം ഒറ്റക്കെട്ടായി ഒരു പ്രശ്നത്തിനെ തിരെ നിലപാടെടുക്കുമ്പോൾ സംഭവിക്കേണ്ടതാണ് ഇത്തരം പ്രതിഷേധ ങ്ങൾ. അങ്ങനെ മറ്റു മാർഗ്ഗങ്ങളില്ലാതെ ജനം സ്വയം കണ്ടെത്തിയ സമര രീതിയെയാണ് ഇത്രയേറെ അപഹാസ്യമാക്കി രാഷ്ടീയക്കാർ അവരുടെ കയ്യിലെ ചട്ടുകമാക്കി മാറ്റിയിരിക്കുന്നത്. അടിസ്ഥാനപരമായി ഇതിനൊരു ജനാധിപത്യ മുഖ മുണ്ടായിരുന്നു. ഇന്നത് പ്രയോഗിക്കുന്നത് തികച്ചും ജനാധിപത്യ വിരുദ്ധമായ തലത്തിലാ ണെന്ന് മാത്രം. നീറുന്ന സാമൂഹികാവസ്ഥയിൽ നിന്ന് ഉരുത്തിരിഞ്ഞു വരിക എന്നതിൽ നിന്ന് ആർക്കും അടിച്ചേൽപ്പിക്കുവാൻ കഴിയുന്ന ഒന്നായി തരം താണുപോയിരിക്കുന്നു ഈ പ്രതിഷേധരീതി. അടിസ്ഥാനപരമായി അതൊരു നിസ്സഹകരണ രീതിയാണ്.ഇന്നത് മറ്റെന്തെല്ലാമോ ആയി മാറി. അക്രമം ഹർത്താലിന്റെ ചേരുവയായി. ജനങ്ങളെ ഉൾപ്പെടുത്താതെ നടത്താൻ കഴിയുന്ന ഏക സമരവും ഇതായി മാറി. വെറുമൊരു പത്രക്കുറിപ്പു കൊണ്ട് അടുത്ത ദിവസം കേരളത്തെ നിശ്ചലമാക്കാൻ കഴിയുന്നു എന്ന തലത്തിലേക്ക് ഇതിനെ രാഷ്ട്രീയക്കാർ മാറ്റിയെടുത്തു. ഒരു ചെറുത്തു നിൽപ്പുമില്ലാതെ മലയാളി അവർക്ക് നിരന്തരം വഴങ്ങിക്കൊടുത്തു. നമ്മുടെ ജനാധിപത്യ സംസ്കാരത്തെ വെല്ലുവിളിക്കുകയാ യിരുന്നു അവർ ചെയ്തത്. നമ്മുടെ നിലപാടുകൾ അവർക്കു മുന്നിൽ കുരുതി കൊടുത്തു. അവരത് ആഘോ ഷിച്ചു. അതിന്റെ ഏറ്റവും ബീഭത്സ മുഖമാണ് ബി ജെ പിയിലൂടെ ഇപ്പോൾ കേരളത്തിൽ നടമാടുന്നത്. ഇത് രാഷ്ടീയ പ്രവർത്തനമല്ലെന്ന് അവരോട് കേരളം ഇപ്പോൾ പറഞ്ഞില്ലെങ്കിൽ മറ്റ് പാർട്ടികളും അധികം വൈകാതെ ഇതേ പാത പിന്തുടരും. എന്തിനെയും പർവ്വതീകരിച്ച് നേട്ടം കൊയ്യാൻ, അതിനായി നുണകൾ പ്രചരിപ്പിക്കാൻ ആരെയും അനുവദിച്ചുകൂട. നാണംകെട്ട രാഷ്ട്രീയ പ്രവർത്തനത്തിന്റെ കളിയരങ്ങാവാൻ നമ്മുടെ നാടിനെ വിട്ടു കൊടുത്തു കൂടാ.

നവോത്ഥാനത്തെപ്പറ്റിയൊക്കെ വീമ്പിളക്കുന്നതിന് മുൻപ്, ഭാരതീയ സംസ്കാരത്തെപ്പറ്റി യൊക്കെ ഊറ്റം കൊള്ളുന്നതിനു മുൻപ് സ്വന്തം പ്രവർത്തന രീതികളെപ്പറ്റി, ജനാധിപത്യ ബോദ്ധ്യങ്ങളെപ്പറ്റി ആന്തരിക പരിശോധന നടത്തേണ്ടതുണ്ട്, നമ്മുടെ രാഷ്ടീയ നേതൃത്വങ്ങൾ. ഇല്ലെങ്കിൽ പുതിയ തലമുറ പുറംകാലുകൊണ്ട് നിങ്ങളെ ചവിട്ടി മാറ്റും. അവർ ലോകം കാണുന്നുണ്ട്. പുതിയൊരു ലോകത്തെപ്പറ്റി അവർക്ക് വലിയ സ്വപ്നങ്ങളുണ്ട്. സ്വാതന്ത്ര്യവും സമത്വവും സാധ്യമാവുന്ന ഒരു ലോകം. അടിച്ചേൽപ്പിക്കപ്പെടുന്ന ഹർത്താലുകളും ജനാധിപത്യവിരുദ്ധമായ സമരാഭാസങ്ങളും അനുവദിക്കപ്പെടാത്ത ഒരു കേരളം. കെട്ടിച്ചമച്ച നുണകൾക്കും കേട്ടുകേൾവികൾക്കും സ്വാധീനപ്പെടാത്ത കേരളം. ജനങ്ങളെ ബന്ദിയാക്കാൻ ശ്രമിക്കാത്ത ഒരു രാഷ്ടീയ സംസ്കാരം ഇവിടെ വളർന്നു വരേണ്ടതുണ്ട്. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രവർത്തനം സാധ്യമാക്കേണ്ടതുണ്ട്‌. അതിലേക്കുള്ള ആദ്യ ചവിട്ടുപടിയായി നാം ഈ അവസരത്തെ കാണുക. ഹർത്താലുകളിൽ നിന്നുള്ള മോചനം വർത്തമാന കേരളത്തി ന്റെ സ്വപ്നമായാൽ പോരാ, അതൊരു യാഥാർത്ഥ്യമാവണം. അതിന് തടസ്സം നിൽക്കുന്നവരെ ചെറുത്തു തോൽപ്പിക്കുക തന്നെ വേണം. മലയാളി കണ്ണു തുറന്ന് യാഥാർത്ഥ്യങ്ങളെ നേരിടാൻ പഠിക്കണം. നമ്മളെ നമ്മളല്ലാതാക്കാൻ ശ്രമിക്കുന്ന മൂന്നാംകിട നേതൃത്വങ്ങളെ, അവരേത് പാർട്ടിയിലേതായാലും മുളയിലേ പിഴുതുകളയണം. കേരളത്തിന്റെ മുന്നോട്ടു പോക്കിൽ ഇവരെയൊന്നും വഴിമുടക്കികളായി നിൽക്കാനനുവദിക്കരുത്. വിവേകശൂന്യരായ കുറെ നേതാക്കൾക്ക് മുന്നിൽ തളർന്നു പോകേണ്ടതല്ല ഈ നാട്. കേവലമൊരു ആത്മഹത്യയ്ക്ക് മുന്നിൽ താഴിട്ടുപൂട്ടേണ്ട ഒന്നല്ല ഈ കേരളം.

Read More: എൻ ഇ സുധീറിന്റെ മറ്റ് രചനകൾ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Kerala frequent hartal economic impact bjp cpm congress