Kerala Floods: കുട്ടനാട് ഇന്ന് നാടുവിട്ട നാടാണ്. ഏതാണ്ട് നൂറു ശതമാനം ആളുകളും ഒഴിഞ്ഞു പോയിരിക്കുന്നു. മൂന്നു ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാമ്പിൽ . അത്ര തന്നെ പേർ ബന്ധുവീടുകളിലും. തൊണ്ണൂറു ശതമാനം വീടുകളിലും വെള്ളം കയറി. മഹാഭൂരിപക്ഷത്തിനും വീട്ടുപകരണങ്ങളും പണി സാധനങ്ങളും കുട്ടികളുടെ പുസ്തകങ്ങളും രേഖകളും വസ്ത്രങ്ങളും ഉൾപ്പടെ എല്ലാം നഷ്ടമായി.
തൊട്ടുമുമ്പുണ്ടായ വെള്ളപ്പൊക്കത്തിൽ കുട്ടനാടിന് സവിശേഷ ശ്രദ്ധ കിട്ടി. കാരണം ഇവിടെ മാത്രമായിരുന്നു വെള്ളപ്പൊക്കം. എന്നാൽ ഇക്കുറി റാന്നി, ആറന്മുള, കോഴഞ്ചേരി , ചെങ്ങന്നൂർ വഴി തിരുവല്ല വരെയും എറണാകുളം, ആലുവ, പരവൂരും സർവോപരി പാലായിലും വെള്ളം കയറിയതോടെ കുട്ടനാട് മുങ്ങിപ്പോയി.
പമ്പ, മണിമല, അച്ചൻകോവിൽ, മീനച്ചിൽ എന്നീ നാല് പ്രധാന നദികളിലെ പ്രളയജലമെല്ലാം ഒടുക്കം വന്നണയുന്നത് കുട്ടനാടെന്ന കടൽ നിരപ്പിലും താഴെയുള്ള പ്രദേശത്തേയ്ക്കാണ്. വെള്ളം ആർത്തലച്ച് കയറുകയല്ല ഇവിടെ. ഒരിഞ്ച്, രണ്ടിഞ്ച്, അരയടി, ഒരടി എന്നിങ്ങനെ പതിയെ പൊങ്ങി വരും. ഇറങ്ങുന്നതും അതേ കണക്കിൽ തന്നെ. അതുകൊണ്ട് കുട്ടനാട്ടിലെ വെള്ളപ്പൊക്കം കൂടുതൽ ദിവസം നീണ്ടു നിൽക്കുന്ന ദുരിതമാണ് ഈ നാട്ടുകാർക്ക്.
ഇപ്പോൾ തന്നെ അയൽ പ്രദേശമെന്ന് പറയാവുന്ന ചെങ്ങന്നൂരിൽ കയറിയ വെള്ളം ഇറങ്ങി ആളുകൾ തിരിച്ച് വീട്ടിലെത്തിതുടങ്ങി. പക്ഷേ, കുട്ടനാട്ടുകാർ ദുരിതാശ്വാസ ക്യാമ്പുകളിൽതന്നെ. കഴിഞ്ഞ വലിയ വെള്ളപ്പൊക്കത്തിന്റെ ആ നിരപ്പിൽ വെള്ളം ഇപ്പോഴും ഇവിടെയുണ്ട്. റോഡുകളെല്ലാം മുങ്ങിത്തന്നെ. വീട്ടിലേയ്ക്കുള്ള വഴികളിൽ നെഞ്ചൊപ്പവും കഴുത്തൊപ്പവും വെള്ളം.
“കുട്ടനാട്ടുകാരല്ലേ. അവർക്ക് വെള്ളപ്പൊക്കെമാക്കെ ശീലമല്ലേ. അവരങ്ങ് രക്ഷപ്പെട്ടോളും,” എന്നൊക്കെയാണ് പറച്ചിലുകൾ. അവരുടെ അതിജീവന ശേഷിയെക്കുറിച്ച പാടിപ്പുകഴ്ത്തലുകളും വന്നു തുടങ്ങിയിട്ടുണ്ട്. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല.
കോട്ടയം മെഡിക്കൽ കോളജിന്റെ ഇടനാഴികളിൽ കൂടെ നടന്നു നോക്കണം. അവിടെ കാലുകുത്താൻ ഇടയില്ലാത്ത സമയത്തു പോലും കുത്തുകാലിൽ വട്ടം കൂടിയിരുന്ന് ചോറ്റുപാത്രം കൈയിൽ പിടിച്ച് ആഹാരം കഴിക്കുന്ന ആളുകളെ മിക്കവാറും ദിവസങ്ങളിൽ നിങ്ങൾക്ക് കാണാനാകും. ഉറപ്പിച്ചൊന്ന് ഇരിക്കുക പോലും ചെയ്യാതെ ഏറക്കുറെ വായുവിൽ ഇരിക്കുന്ന ഇവർ ആരെന്ന് ആളുകൾ തുറിച്ചു നോക്കി കടന്നു പോകും. സംശയിക്കേണ്ട. കുട്ടനാട്ടുകാരാണ് അവർ. ചെളിനിറഞ്ഞ പാടവരമ്പത്ത് കുത്തിയിരുന്ന് പണിക്കിടെ ചോറുവാരിത്തിന്ന് ശീലിച്ച അവർക്ക് ഇതൊരു പ്രശ്നമല്ല.
കുട്ടനാട്ടുകാരന്റെ ഓരോ ദിവസവും കുത്തുകാലിൽ ഇരുന്നുള്ള അതിജീവന അഭ്യാസമാണ്. അതുകൊണ്ടാണ് ഈ പ്രളയകാലത്ത് അതിജീവനത്തിന്റെ അസാധാരണ കഥകൾ കുട്ടനാട്ടിൽ നിന്ന് ലോകം അറിയുന്നത്. പക്ഷെ യാഥാർഥ്യം മറ്റൊന്നാണ്. വെള്ളപ്പൊക്കത്തിൽ ഇപ്പോൾ നാം കണ്ട പലായനം തുടങ്ങിയിട്ട് നാളേറെയായി.
ആളൊഴിയും നാട്
ചങ്ങനാശേരിയിൽ ഒരു പ്രമുഖ സംഘടനയുണ്ട്. ഫ്രണ്ട്സ് ഓഫ് കുട്ടനാട് . വിവിധ കാലങ്ങളിൽ കുട്ടനാടിനെ ഉപേക്ഷിച്ച് ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലും താമസമാക്കിയ കുട്ടനാട്ടുകാരുടെ കൂട്ടായ്മയാണത്. ഡോക്ടർമാർ, പ്രൊഫസർമാർ, വക്കീലന്മാർ, വിദേശ മലയാളികൾ, വലിയ കുടുംബക്കാർ എന്നിങ്ങനെ ശേഷിയും ശേമുഷിയും ഉള്ളവരാണ് എല്ലാവരും.
ഇതാണ് കുട്ടനാട്ടിലെ നടപ്പു രീതി. അൽപ്പം പച്ചപിടിച്ചാൽ വല്ല നിവൃത്തിയും ഉണ്ടെങ്കിൽ കുട്ടനാട് ഉപേക്ഷിച്ച് ചങ്ങനാശേരിയിലേക്ക് കുടിയേറും.പിന്നെ സ്വന്തം നാടിനെ കുറിച്ച് പരമ പുച്ഛമാണ്. വല്ല നിവർത്തിയും ഉണ്ടെങ്കിൽ ബന്ധുക്കളെയും നാട്ടുകാരെയും അടുപ്പിക്കുകയും ഇല്ലെന്ന ആക്ഷേപവുമുണ്ട് ഇവരെ കുറിച്ച്. ഇത് അവരുടെ കുഴപ്പമാണോ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ചിലപ്പോൾ ബുദ്ധിമുട്ടിയേക്കും. അതിന് കാരണങ്ങളുണ്ട്.
ഈ കുടിയേറ്റത്തിൽ നിവർത്തികേടിന്റെ നിരവധി അംശങ്ങളുമുണ്ട്. ഇരുനില വീടില്ലാ നാട്. താഴത്തെ നിലയിൽ വെള്ളം കയറിയപ്പോൾ മുകൾ നിലയിൽ കയറി നിന്ന് രക്ഷപെട്ടതിന്റെയും വീട്ടുസാധനങ്ങൾ മുകൾ നിലയിൽ കയറ്റിവെച്ച് രക്ഷപെട്ടതിന്റെയും കഥകളാണ് ചെങ്ങന്നൂരിൽ നിന്നും ആലുവയിൽ നിന്നുമെല്ലാം വന്ന് നിറയുന്നത്. സൈന്യത്തിന്റെ ഹെലികോപ്ടർ ടെറസിന് മുകളിൽ നിന്നവരെ രക്ഷപെടുത്തുന്ന ദൃശ്യങ്ങളും നിരവധി. എന്നാൽ കുട്ടനാട്ടിൽ നിന്ന് അങ്ങനൊരു വാർത്തയില്ല. കാഴ്ചയും. കാരണം ഇവിടെ ഇരുനില വീടുകൾ തീരെ കുറവാണ്. ഒരു നില വീടുകളിലും ടെറസ് വീടുകൾ സമീപകാലത്ത് ഉയർന്നവ മാത്രം.
അതുകൊണ്ട് മിക്കവാറും വീടുകൾ മൊത്തമായി മുങ്ങി. പാത്രങ്ങളും കട്ടിലും കിടക്കയും ഫ്രിഡ്ജും എല്ലാം പോയി. ഈ പ്രളയത്തിൽ അതുകൊണ്ടുതന്നെ ഏറ്റവും നഷ്ടം കുട്ടനാട്ടുകൾക്കാണ്.
വഴിയില്ലാ നാട്
ഇനി പറയുന്നത് ഭൂപ്രദേശം കുട്ടനാടിന്റെ ഹൃദയഭാഗമായ കാവാലം, പുളിങ്കുന്ന്, മങ്കൊമ്പ് , രാമങ്കരി, മാമ്പുഴക്കരി, മുട്ടാർ , ചമ്പക്കുളം, കിടങ്ങറ, നെടുമുടി, വേഴപ്ര, മിത്രക്കരി, വെളിയനാട്, ചതുർഥ്യാകരി, മണലാടി തുടങ്ങിയ കരകളെ കുറിച്ചാണ്. കുട്ടനാട്ടിലെ ജനവാസം ഏറെയുള്ള, എന്നാൽ സവിശേഷ ഭൂപ്രകൃതി ഇന്നും നിലനിൽക്കുന്ന പ്രദേശങ്ങളാണിവ.
ആലപ്പുഴ-ചങ്ങനാശേരി റോഡ് (എ.സി റോഡ്), കിടങ്ങറ – വെളിയനാട്-മങ്കൊമ്പ് റോഡ്, ചങ്ങനാശേരി – കാവാലം റോഡ്, പൂപ്പള്ളി- ചമ്പക്കുളം റോഡ് തുടങ്ങിയവയൊക്കെയാണ് ഇവിടേക്കുള്ള കരമാർഗം. പമ്പയും മണിമലയാറും വേമ്പനാട് കായലും ഇവയുടെ നിരവധി കൈവഴികളും ഈ പ്രദേശത്തെ ചുറ്റി വളഞ്ഞു കിടക്കുന്നു. ചെറുതും വലുതുമായ അസംഖ്യം തോടുകൾ പുറമെയും.
എന്നാൽ പുളിങ്കുന്നിലേയ്ക്ക് വെളിയനാട് വഴി ചുറ്റി വളഞ്ഞൊരു റോഡ് മാത്രമേയുള്ളു. കാവാലത്തും പുളിങ്കുന്നിലും പാലങ്ങളില്ല. മങ്കൊമ്പ് പാലം പണി പാതിവഴി കിടക്കുന്നു. കാവാലത്തും പുളിങ്കുന്നിലും ജങ്കാറും മങ്കൊമ്പിൽ കടത്തുവള്ളവുമാണ് ജനത്തിന് ആശ്രയം.
ചമ്പക്കുളം പാലവും യാത്രാ യോഗ്യമായിട്ടില്ല. പലവിധ പദ്ധതികളിലായി പണിത ചെറു പാലങ്ങളും കലുങ്കുകളും വെള്ളപ്പൊക്കത്തിൽ വിപരീത ഫലമാണ് ചെയ്തത്. ആളുകളെ രക്ഷിക്കാൻ വളളങ്ങൾ ചെറുതോടുകളിൽ കടക്കുന്നതിന് ഇവ തടസ്സമായി.
മുണ്ടക്കയം മേഖലയിൽ മഴപെയ്ത് മണിമലയാർ നിറഞ്ഞാലും പമ്പയിൽ വെള്ളമുയർന്ന് മണിയാർ, കൊച്ചു പമ്പ, കക്കി, ആനത്തോട് ഡാമുകളിൽ ഏതെങ്കിലുമൊന്ന് തുറന്നാലും മേൽപറഞ്ഞ റോഡുകളിൽ പലയിടത്തും വെളളം കയറും. ചെറുവാഹനങ്ങൾ ആദ്യം തന്നെ കുടുങ്ങും. നല്ല രീതിയിൽ വെള്ളം ഉയരുന്നതോടെ കെ.എസ്.ആർ.ടി.സിയും ഓട്ടം നിർത്തും. പിന്നെ ബോട്ടുകളും വള്ളങ്ങളും മാത്രമാണ് കരപിടിക്കാൻ ആശ്രയം. പ്രായമായവരും രോഗികളും ഗർഭിണികളുമുള്ള വീട്ടുകാർ വല്ലാതെ വിഷമിക്കും.
വള്ളമില്ലാ നാട്
റോഡ് വന്നതോടെ ജലഗതാഗതത്തെ പാടെ തഴഞ്ഞതിനാൽ ബോട്ടുകളുടെയും വള്ളങ്ങളുടെയും എണ്ണം തീരെ കുറവാണിന്ന് കുട്ടനാട്ടിൽ. പണ്ട് മിക്ക വീട്ടിലും ചെറുവള്ളങ്ങളും സാമ്പത്തിക സ്ഥിതിയനുസരിച്ച് വലിയ വള്ളങ്ങളും ബോട്ടുകളും ഉണ്ടായിരുന്നു. സർവീസ് ബോട്ടുകൾ നിർത്താതെ ഓടിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ഇന്ന് ജലഗതാഗത വകുപ്പിനും പേരിന് മാത്രമേ സർവീസുള്ളൂ. അതും പഴക്കംചെന്ന ബോട്ടുകൾ ഉപയോഗിച്ച്.
വെള്ളപ്പൊക്ക കാലത്ത് ഇവിടെയുള്ളവർക്ക് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനം ചങ്ങനാശേരിയാണ്. ആലപ്പുഴ ഉണ്ടെങ്കിലും വൻ പ്രളയം വന്നാൽ അവിടം സുരക്ഷിതമല്ലെന്ന് ഇത്തവണ തെളിഞ്ഞു. ആലപ്പുഴ എത്തിച്ച കുട്ടനാട്ടുകാരെ ചേർത്തല പ്രദേശത്തേക്ക് മാറ്റേണ്ടി വന്നത് ശ്രദ്ധിക്കുക.
എന്നാൽ, വെള്ളമുയർന്നാൽ പുളിങ്കുന്നുകാർക്ക് ജലമാർഗം നേരിട്ട് ചങ്ങനാശേരിയിൽ എത്താനാവില്ല. അവരെ തടയുന്ന ഒരു വില്ലനുണ്ട്. സാക്ഷാൽ കെ.സി പാലം. കിടങ്ങറ – ചങ്ങനാശേരി പാലം എന്നതിന്റെ ചുരുക്കമാണെങ്കിലും കുട്ടനാട് മുൻ എം.എൽ.എ കെ.സി ജോസഫിന്റെ പേരുമായി ചേർത്താണ് നാട്ടുകാർ പറയുന്നത്. പാലത്തിന്റെ അടിയിൽ കൂടി സ്വാഭാവിക അവസ്ഥയിൽ പോലും വലിയ യാത്രാബോട്ടുകൾ കടന്നു പോകില്ല. വെള്ളമുയർന്ന ഇക്കുറി ചെറുവള്ളങ്ങൾ പോലും വന്നില്ല. ആളുകൾ പാലത്തിന് അപ്പുറം ഇറങ്ങി ഓടി കെ.സി പാലത്തിൽ കയറി ഇപ്പുറം വന്ന് വേറെ ബോട്ടിൽ കയറി വേണം രക്ഷപെടാൻ .
ചങ്ങനാശേരി ചന്തയെ തകർക്കാൻ കെ.സി ജോസഫ് മനഃപുർവം പാലം താഴ്ത്തി പണിയിച്ചുവെന്ന് ആക്ഷേപമാണ് അനേരത്തെ ഉയർന്നിരുന്നത്. എന്തായാലും പ്രളയകാലത്ത് കുട്ടനാടിന്റെ രക്ഷാകവാടമാണ് ഇതോടെ ഇല്ലാതായത്.
എസ് ബി, എന്‍. എസ് എസ്, അസംപ്ഷൻ കോളജുകൾ, അസംഖ്യം സ്കൂളുകൾ എന്നിവിടങ്ങളിലായി പതിനായിരങ്ങളെ ഉൾക്കൊള്ളാനുള്ള സ്ഥല സൗകര്യം, കത്തോലിക്കാ സഭയുടെയും എൻ.എസ്.എസിന്റെയും ആസ്ഥാനം, ഈ സംഘടനകളുടെ സാമ്പത്തിക ശേഷി, ബന്ധുവീടുകൾ, വെളളം കയറാൻ സാധ്യതയില്ലാത്ത ഉയർന്ന പ്രദേശം എന്നിങ്ങനെ പലവിധ കാരണങ്ങളാൽ ചങ്ങനാശേരിയാണ് ദുരന്ത സമയത്ത് കുട്ടനാടിന്റെ അനായാസ രക്ഷാമാർഗം. പക്ഷെ ഒരൊറ്റ പാലം ഇത് അടച്ചു കളഞ്ഞു.
ഇത്തവണയും ചങ്ങനാശേരിക്ക് വരേണ്ടവരെ ബാർജിൽ ആലപ്പുഴ എത്തിക്കാനേ അധികൃതർക്ക് സാധിച്ചുള്ളു. അവർ കൈപ്പുഴ വഴി കോട്ടയത്ത് എത്തിയാണ് ചങ്ങനാശേരി പിടിച്ചത്. കെ.സി പാലത്തിൽ അഭയം തേടിയ ആയിരങ്ങളെ രക്ഷിക്കാൻ സർക്കാരിന് ഉണ്ടായിരുന്നത് മൂന്ന് ബോട്ടുകൾ മാത്രവും.
കുടിവെള്ളമില്ലാ നാട്
കിഴക്കൻ പ്രദേശത്തു നിന്നുള്ള ഒരു പെങ്കൊച്ചുമായി കല്യാണം ഉറപ്പിക്കുമ്പോൾ കുട്ടനാട്ടിലെ ചെറുക്കൻ-പെൺ വീട്ടുകാർക്ക് നെഞ്ചത്ത് ആധി കേറും. നല്ല വെള്ളം കുടിച്ചു കിടക്കുന്ന പെണ്ണാണ്. ഇവിടെ വന്നാപ്പിന്നെ അതെന്തോ ചെയ്യും. കുട്ടനാട്ടിൽ ജനിച്ചു വളർന്നവർ മഴക്കാലത്ത് ആറ്റുവെള്ളം തിളപ്പിച്ചു കുടിച്ചു ശീലമുള്ളവരാണ്. മീൻവെട്ടി കഴുകുന്ന, പാത്രവും തുണിയും കഴുകുന്ന അതേ കടവിൽ തന്നെ മുങ്ങിക്കളിക്കുന്നവരുമാണ്. പക്ഷേ, പുളിങ്കുന്നിലും കാവാലത്തും കല്യാണത്തിന് പോകുന്ന പുറംനാട്ടുകാരും പഴയ കുട്ടനാട്ടുകാരും കൈ മാത്രം കഴുകി വാ കഴുകാതെ തിരിച്ചുപോരുകയാണ് പതിവ്. ആറ്റുവെള്ളമാകും മിക്കവാറും കിട്ടുക എന്നതാണ് കാര്യം. അങ്ങനെയുള്ള ഇടത്തേയ്ക്ക് വരുന്ന നവവധുക്കൾക്ക് കുടിക്കാനും കുളിക്കാനുമുള്ള വെളളം വിലയ്ക്ക് വാങ്ങുകയാണ് വെള്ളത്തിന് നടുവിൽ താമസിക്കുന്ന നാട്ടുകാർ ചെയ്യുന്നത്.
ചങ്ങനാശേരിയുടെ സമീപ പ്രദേശങ്ങളിൽനിന്ന് പല തരം വാഹനങ്ങളിൽ ലോഡ് കണക്ക് വെള്ളമാണ് ദിവസവും കുട്ടനാട് വിലയ്ക്കു വാങ്ങുന്നത്. മിക്കതും കിണർ, കുളം എന്നിവയിൽ നിന്ന് നേരിട്ട് ടാങ്കിലേയ്ക്ക് നിറയ്ക്കുന്നതാണ്.
ഒരൊറ്റ ശുദ്ധജല പദ്ധതി പോലും ഇല്ലാത്ത താലൂക്കാണ് കുട്ടനാട്. പൈപ്പു വെള്ളമുണ്ട്. ആറ്റു കണക്ഷൻ എന്നാണതിന്റെ പേര്. ആറ്റിൽ നിന്ന് നേരിട്ട് ടാങ്കിലേക്ക് പമ്പു ചെയ്താണ് വിതരണം. ശുദ്ധീകരണമൊന്നുമില്ല. പഞ്ചായത്തുകളാണ് ഉടമസ്ഥർ . വെള്ളം ഉയർന്നാലുടൻ ഈ പമ്പ് ഹൗസുകളിൽ വെള്ളം കയറും. മോട്ടർ മുങ്ങും. അതോടെ അതുമില്ല.
കുട്ടനാട് മൊത്തം വലിയ കുടിവെള്ള പൈപ്പ് കുഴിച്ചിട്ടിട്ടുണ്ട്. അതിൽ കൂടി വെള്ളം എവിടെനിന്ന് വരുമെന്ന് ചോദിക്കരുത്. കാരണം വരില്ല. അത്ര തന്നെ.
കല്ലിശേരി പദ്ധതിയിൽനിന്ന് വരുമെന്ന് ആദ്യം പറഞ്ഞു. അവിടെ വെള്ളമില്ലെന്ന് ജല അതോറിറ്റി പറഞ്ഞു. തകഴി പദ്ധതി ആലപ്പുഴ നഗരസഭ കൊണ്ടുപോയി. നീലംപേരൂരിൽ നിന്ന് വരുമെന്ന് പറഞ്ഞു. അവിടെ ആ പഞ്ചായത്തിലേക്കു തന്നെ വെള്ളമില്ല. ഇപ്പോൾ നീരേറ്റു പുറത്തു നിന്ന് കൊണ്ടു വരുമെന്ന് പറയുന്നു. അവിടെ പ്ലാൻറുമില്ല ഒന്നുമില്ല. അങ്ങനെ കുടിവെള്ളമില്ലാ നാടുമാണ് കുട്ടനാട്.
തൊഴിലില്ലാ നാട്
കുട്ടനാട്ടിലെ പുഞ്ചപ്പാടങ്ങളുടെ ചാരുത എല്ലാവർക്കും അറിയാം. പക്ഷെ കൃഷി നടക്കുന്നുണ്ടെങ്കിലും കൃഷിപ്പണി കറവാണ്. വിതയും ഞാറുനടലും കൊയ്ത്തും വരെ യന്ത്രസഹായത്താലാണ് മിക്കയിടത്തും. കർഷക, കർഷകത്തൊഴിലാളി മേഖല എന്നത് രാഷ്ട്രീയ പാർട്ടികൾക്ക് പ്രസംഗിക്കാൻ കൊള്ളാം. ടൂറിസം മേഖലയിൽ കുറച്ചു പേർക്ക് ജോലി കിട്ടിയിട്ടുണ്ട്. അതു പക്ഷെ സീസണിൽ മാത്രം. കടുത്ത തൊഴിലില്ലായ്മയാണ് യുവാക്കളും സ്ത്രീകളും നേരിടുന്നത്.
സമ്പന്നരും പ്രബലരും ഉപേക്ഷിച്ചുകഴിഞ്ഞ സ്ഥലമാണിത്. പുതിയ തലമുറയുടെ താൽപര്യവും അതുതന്നെ. പിടിവാശിക്കാരായ മുതിർന്നവർ തടസപ്പെടുത്തിയവരും സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്നവരുമാണ് കുട്ടനാട്ടിൽ ഇന്നും തുടരുന്നത്. കച്ചവട തൊഴിൽപരമായ കാരണങ്ങൾ ഉളളവരും.
ഇങ്ങനെ പിടിവിട്ട് നിൽക്കുന്ന നാട്ടിലേക്കാണ് തുടരെത്തുടരെ രണ്ട് വൻ വെള്ളപ്പൊക്കങ്ങൾ എത്തിയത്. ആദ്യതവണ കുട്ടനാട്ടിൽ തന്നെ, ക്യാമ്പുകളിലാണെങ്കിലും തുടരാൻ ആളുകൾക്ക് കഴിഞ്ഞു. ഇത്തവണ വീടും നാടും വിട്ട് പലായനം ചെയ്യേണ്ടി വന്നു. കുത്തൊഴുകുന്ന ആറിനു മീതെയുള്ള ദുർബല പാലങ്ങളിൽ പെരുമഴയത്ത് രാത്രികൾ കഴിച്ചുകൂട്ടേണ്ടി വന്നു. വീടും വഴിയും എല്ലാം നശിച്ചു. ഈ ദിവസവും സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാനായിട്ടില്ല. ബഹുഭൂരിപക്ഷത്തിനും പോകാൻ ആഗ്രഹവുമില്ല.
കുട്ടനാട്ടിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം അടച്ചു പൂട്ടണമെന്ന ആവശ്യം ഉയരുന്നതുവരെ എത്തി നിൽക്കുന്നു കാര്യങ്ങൾ. കാരണം, ഇത് മണിമാളികകൾ പണിയാനാകാത്ത നാടാണ്. കാറിൽ ചീറിപ്പായാ നാകാത്ത നാടാണ്. കുഴൽവെള്ളത്തിന്റെ ധാരാളിത്തത്തിൽ ആറാടാനാകാത്ത നാടാണ്. സുഭിക്ഷ ജോലികൾ നൽകാനാകാത്ത നാടാണ്. ഈ നാട് ഈ രൂപത്തിൽ തുടരേണ്ടതുണ്ടോ എന്ന ചർച്ച ഉടൻ നടക്കണം. ഇല്ലെങ്കിൽ കുട്ടനാട് എന്നൊരു നാട് ചരിത്രമാകും.