കേരളീയസമൂഹത്തിന്റെ വികസനഗതിയെത്തന്നെ തകിടംമറിച്ച പ്രളയദുരിതത്തെ സംബന്ധിച്ച് ഉണ്ടായി വരുന്ന വ്യവഹാരത്തിൽ സ്ത്രീകൾ എങ്ങനെയെല്ലാമാണ് പ്രത്യക്ഷരായത്?
രക്ഷാദൗത്യ സമയത്ത് അങ്ങേയറ്റം അസൗകര്യപ്രദമായ വസ്ത്രങ്ങളും വലിച്ചുവാരി, അസാധാരണ സന്ദർഭങ്ങളെ നേരിടാനുള്ള കഴിവോ പരിചയമോ ഇല്ലാത്ത ഉടലുകളും പേറി രക്ഷാപ്രവർത്തകരുടെ സഹായത്തോടെ സ്ത്രീകൾ സുരക്ഷിതസ്ഥാനങ്ങളിലെത്തുന്ന കാഴ്ചകൾ മാദ്ധ്യമങ്ങളിൽ ധാരാളമായിരുന്നു. ഇത്രയേറെ ജലസാന്നിദ്ധ്യമുള്ള നാട്ടിൽ നീന്താനറിയുന്ന എത്ര സ്ത്രീകളുണ്ടെന്ന ചോദ്യം അറിയാതെ മനസ്സിൽ വന്നുപോയി. വികസനവും സാമൂഹ്യമാന്യതയും ഏറിവരുംതോറും നമ്മുടെ സ്ത്രീകൾക്ക് പ്രകൃതിയോടും ഒഴുകുന്ന ജലത്തോടും അകലം ഏറിവരുന്നുകൊണ്ടുള്ള അപകടം അവരുടെ നിസ്സഹായതയിൽ കാണാമായിരുന്നു.
എന്നാൽ, പ്രളയാനന്തര ചർചകളിൽ ഈ വിഷയം ആരും സൂചിപ്പിച്ചുപോലും കണ്ടില്ല. പ്രകൃതിയെപ്പറ്റിയുള്ള സൂചനകൾ പോലും അധികാരികളുടെ വാക്കുകളിൽ വിരളമാണെന്നതാകാം ഇതിന് ഒരു കാരണം, അത് അങ്ങേയറ്റം ആശങ്കാജനകവുമാണ്. ഈ ദുരന്തം പ്രകൃതിയിൽ നാം നടത്തിയ അനാരോഗ്യകരമായ ഇടപെടലുകളുടെ ഫലമല്ലെന്നും അപ്രതീക്ഷിതമായ പേമാരിയെ മാത്രം പഴിച്ചാൽ മതിയെന്നും, അതുകൊണ്ട് പണച്ചെലവ് വലുതാണെങ്കിലും നമ്മുടെ ജീവിതശൈലിയിലും മനോഭാവത്തിലും ചില ചില്ലറമാറ്റങ്ങൾ വരുത്തിയാൽ കാര്യങ്ങൾ ശരിയാകുമെന്ന ഭാവം അധികാരികൾ പലരും പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. എന്നാൽ ഈ കഴിഞ്ഞ ദിവസങ്ങൾ നമ്മെ പഠിപ്പിച്ച പാഠങ്ങൾ അധികാരികൾ മറന്നാലും ജനങ്ങളെങ്കിലും മറന്നുകൂട.
സ്ത്രീകളുടെ ആവശ്യങ്ങളെ വികസനവ്യവഹാരങ്ങളിൽ പ്രായോഗിക അവശ്യങ്ങൾ, തന്ത്രപരമായ താല്‍പര്യങ്ങള്‍ എന്നിങ്ങനെ വേർതിരിക്കാറുണ്ട്. ദൈനംദിന ജീവിതത്തിൽ കുടുംബാവശ്യങ്ങളടക്കമുള്ള കഴിച്ചിലിന് വേണ്ട വിഭവങ്ങളാണ് പ്രായോഗികാവശ്യങ്ങൾ. ഇതിൽ നിന്നും വ്യത്യസ്തമായി, സ്ത്രീകൾക്ക് പൂർണമായ സാമൂഹിക പങ്കാളിത്തവും രാഷ്ട്രീയപൗരത്വവും കിട്ടാനാവശ്യമായ സാഹചര്യങ്ങളും കഴിവുകളും ഉണ്ടാക്കിത്തീർക്കാൻ ആവശ്യമായ വിഭവങ്ങൾ, അവസരങ്ങൾ, സ്വാതന്ത്ര്യങ്ങൾ മുതലായവയെയാണ് തന്ത്രപരമായ താൽപര്യങ്ങൾ എന്നു പറയുന്നത്. ആദ്യം പറഞ്ഞവ സ്ത്രീകൾ കേരളത്തിൽ അനുഭവിക്കു ന്നത് കുടുംബശ്രീയിലൂടെയാണ്. അവ സ്ത്രീകൾക്ക് ലഭിച്ചിരിക്കണമെന്നതിനെപ്പറ്റി പൊതുസമ്മതം നിലനിൽക്കുന്നുണ്ട്, കാരണം കുടുംബത്തിന്റെ തന്നെ ക്ഷേമത്തിന് അത് അനിവാര്യമാണ്. തന്ത്രപരമായ താൽപര്യങ്ങളിലെത്തുമ്പോൾ പക്ഷേ, ഇത്തരമൊരു പൊതുസമ്മതം ഇനിയും ഉണ്ടായിട്ടില്ല, സ്ത്രീകൾക്കിടയിൽപ്പോലും.
പ്രായോഗികാവശ്യങ്ങളെയും തന്ത്രപരമായ താൽപര്യങ്ങളെയും ഇത്തരത്തിൽ കൃത്യമായി വിഭജിക്കുന്നത് ആശാസ്യമല്ലെന്ന് പല ഫെമിനിസ്റ്റ് വികസനഗവേഷകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കാരണം തന്ത്രപരമായ താൽപര്യങ്ങൾ നേടാതെ പ്രായോഗിക ആവശ്യങ്ങളിൽ സ്വയംപര്യാപ്തതയോ സുസ്ഥിരതയോ നേടാൻ സ്ത്രീകൾക്ക് കഴിയില്ലെന്നത് തന്നെ. നമ്മുടെ ഇന്നത്തെ സാഹചര്യം ഈ ഉൾക്കാഴ്ചയെ ബലപ്പെടുത്തുന്നുവെന്ന് വേണം കരുതാൻ. പരിസ്ഥിതി അതിലോലമായിത്തീർന്നിരിക്കുന്ന ഒരു വാസസ്ഥലമാണിന്ന് നമ്മുടേതെന്ന സത്യത്തിന് നേരെ അധികാരികൾ കണ്ണടച്ചാലും അത് മാറാൻ പോകുന്നില്ല. ഇതുപോലൊരു മഹാപ്രളയം അണക്കെട്ടുകളുടെ മാനേജ്മെൻറ് എത്രതന്നെ കാര്യക്ഷമമാക്കിയാലും ഇനിയും വരാനിടയുണ്ടെന്ന കാര്യത്തെ സാമാന്യജനത്തിന് അവഗണിക്കാനാവില്ല, കാരണം കഷ്ടനഷ്ടം ഇനിയും സഹിക്കുന്നത് അവർ തന്നെ. അങ്ങനെയെങ്കിൽ സ്ത്രീകളുടെ തന്ത്രപരമായ താൽപര്യങ്ങളുടെ കൂട്ടത്തിൽ പലപ്പോഴും ഉൾപ്പെടുത്തുന്ന പലതും ഇന്നത്തെ സാഹചര്യത്തിൽ പ്രായോഗികാവശ്യങ്ങളായിത്തന്നെ കരുതേണ്ടവയാണ്.
ഉദാഹരണത്തിന്, വസ്ത്രസ്വാതന്ത്ര്യം സ്ത്രീകൾക്ക് പ്രായോഗികാവശ്യമല്ലെന്ന് ഇവിടെ പലരും കരുതുന്നുണ്ട്. പ്രളയത്തിൽ നിന്ന് രക്ഷ തേടുന്നവർക്ക് അപായസാദ്ധ്യത കുറയ്ക്കുന്ന, സൗകര്യപ്രദമായ വസ്ത്രമാണ് വേണ്ടത്. എന്നാൽ കേരളത്തിൽ സ്ത്രീകളുടെ വസ്ത്രധാരണച്ചിട്ടകളെ അപ്പടി നിയന്ത്രിക്കുന്നത് സാമൂഹിക-സമുദായ മാന്യതയാണ് – അപായസാദ്ധ്യത കുറയ്ക്കുന്ന വസ്ത്രം സ്ത്രീകൾക്ക് അത്ര പ്രാപ്യമല്ലെന്നർത്ഥം. ചലനസ്വാതന്ത്ര്യം, കായികമായ കരുത്ത് തുടങ്ങിയവയും പരിസ്ഥിതി-അസ്ഥിര സ്ഥല-കാലങ്ങളിൽ സ്ത്രീകൾക്ക് തന്ത്രപരമായ താൽപര്യമല്ല, പ്രായോഗികാവശ്യം തന്നെയാണ്.
എന്നാൽ, ഇത്തരം വിഷയങ്ങളെപ്പറ്റിയുള്ള ചർച്ച ഇനിയും ആരംഭിക്കാനിരിക്കുന്നതേയുള്ളു. പരിസ്ഥിതി-അസ്ഥിര സ്ഥല-കാലങ്ങളാണ് നമ്മുടേതെന്ന തിരിച്ചറിവ് പ്രത്യക്ഷത്തിലുണ്ടാകാതെ അത് ഉണ്ടാകില്ലെന്നും തീർച്ചയാണ്. വെള്ളപ്പൊക്കദുരിതാശ്വാസത്തിന്റെ ഭാഗമായി കുടുംബശ്രീ വഴി സ്ത്രീകൾക്ക് നഷ്ടപ്പെട്ട ഗൃഹോപകരണങ്ങളും മറ്റും വാങ്ങാനായി പലിശരഹിതവായ്പകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ കുടുംബശ്രീ വനിതകൾ വഹിച്ച സ്തുത്യർഹമായ പങ്കിനെപ്പറ്റിയും വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. അവർ തങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് ഏഴുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയ്ക്ക് സംഭാവനയായി നൽകിയിരിക്കുന്നു. പ്രളയാനന്തര പുനരധിവാസത്തിൽ സ്ത്രീകളുടെ ഊർജ്ജവും ശ്രദ്ധയും കൂടുതലായി വിനിയോഗിക്കപ്പെടുമെന്ന് തീർച്ചയാണ്. പ്രളയാന്തരകാലത്തുണ്ടാകുന്ന രോഗബാധ സ്ത്രീകളെ പലപ്പോഴും അധികം ബാധിക്കാറുണ്ടെന്നത് ഒരു പ്രധാനപ്പെട്ട കാര്യം. കൂടാതെ, വലിയൊരു ശതമാനം സ്ത്രീകളെ സംബന്ധിച്ചിടത്തോളം വീടുകൾ തങ്ങളുടെ ഏറ്റവും സ്വകാര്യമായ സ്ഥലങ്ങളാണ്. അവയ്ക്കുണ്ടായ കേടുപാടുകൾ സൃഷ്ടിക്കുന്ന മാനസികാഘാതം ചില്ലറയാകാനിടയില്ല (കേരളത്തിലെ പരിസ്ഥിതിസമരങ്ങളുടെ മുൻനിരയിൽ പലപ്പോഴും സ്ത്രീകളുണ്ടാകാനുള്ള കാരണവും ഇതു തന്നെ). എന്നാൽ ആ മുറിവുകൾ അത്ര ദൃശ്യമാകണമെന്നുമില്ല. അവയും പേറിക്കൊണ്ടുതന്നെ തങ്ങളുടെ ജീവിതം പുനഃസ്ഥാപിക്കാൻ അമിതാദ്ധ്വാനം ചെയ്യാൻ സ്ത്രീകൾ പലരും മടിക്കില്ല. ചുരുക്കിപ്പറഞ്ഞാൽ പ്രളയാനന്തരകാലം സ്ത്രീകളിൽ നിന്ന് കൂടുതലും നിരന്തരവുമായ അദ്ധ്വാനം ആവശ്യപ്പെടുകയും, അവരുടെ രോഗാതുരതയെ വർദ്ധിപ്പിക്കുകയും ചെയ്യാറാണ് പതിവ്. അതുകൊണ്ട്, അവരുടെ പരിശ്രമങ്ങളെ വാഴ്ത്തിപ്പാടുന്നതിനപ്പുറം, സർക്കാരിന് അവരോട് യഥാർത്ഥമായ കരുതൽ ഉണ്ടായാലേ ഈ സമൂഹത്തിന് ആരോഗ്യകരമായ നിലനിൽപ്പുണ്ടാകൂ.

എന്തായിരിക്കും സ്ത്രീകളോടുള്ള യഥാർത്ഥകരുതലിന്റെ മൂർത്തരൂപം? പലിശയില്ലാക്കടം ഗുണപ്രദമാണെങ്കിലും കരുതലോളം പോകുന്നില്ല. കാരണം പരിസ്ഥിതിനാശവും മോശമായ പരിസ്ഥിതി ആസൂത്രണവും കൊണ്ടുണ്ടായ കെടുതിയുടെ വിലയാണ് സ്ത്രീകൾ നൽകിയത് – ആദ്യം പറഞ്ഞവയെ പ്രത്യക്ഷത്തിൽ എതിർത്ത ആദിവാസിസമൂഹങ്ങളിലെ സ്ത്രീകൾ പോലും ആ വില കൊടുക്കേണ്ടി വന്നു. പലിശയില്ലെങ്കിലും രാഷ്ട്രീയത്തിലും വികസന-ആസൂത്രണത്തിലും അധീശത്വമുള്ള പിതൃമേധാവിത്വശക്തികളുണ്ടാക്കിയ കെടുതിയിൽ നിന്ന് കരകയറാൻ സ്ത്രീകൾ കടമടച്ചുതീർക്കേണ്ടി വരുന്നത് സങ്കടകരം തന്നെ. സ്ത്രീകൾക്കിടയിലുള്ള അസമത്വങ്ങൾ കണക്കിലെടുത്തുകൊണ്ട് സൗജന്യങ്ങളും പലിശരഹിതവായ്പകളും അടങ്ങുന്ന ഒരു പാക്കേജ് തന്നെ ആവശ്യമാണ് – പല സാമ്പത്തിക സാഹചര്യങ്ങളിൽ കഴിയുന്ന സ്ത്രീകൾക്ക് അനുയോജ്യമായ നിർദ്ദേശങ്ങളോടുകൂടിയത്. ഏറ്റവും ദരിദ്രരായ സ്ത്രീകൾക്ക് വീടും ഗൃഹോപകരണങ്ങളും അവയ്ക്കുള്ള ഇൻഷുറഷസ് പരിരക്ഷയും വൈദ്യസഹായവും സൗജന്യമായി നൽകുക, താണ-ഇടത്തരക്കാരികൾക്ക് പലിശരഹിതവായ്പയ്ക്ക് പുറമേ ഗൃഹോപകരണങ്ങളും അവശ്യമരുന്നുകളും മറ്റും വാങ്ങുമ്പോൾ നികുതി ആനുകൂല്യവും (കൊടുക്കാവുന്ന മറ്റു സൗജന്യങ്ങളും) ഉറപ്പാക്കുക, ഒറ്റയ്ക്ക് കുടുംബം പുലർത്തുന്ന സ്ത്രീകൾക്ക് പാർപ്പിട സുരക്ഷ ഉറപ്പാക്കുംവിധം പ്രത്യേകസഹായം നൽകുക, മുതലായവയാകാം നിർദ്ദേശങ്ങൾ. ഇവയൊന്നും മുകളിൽ നിന്നല്ല നിശ്ചയിക്കേണ്ടത്. അടിസ്ഥാനനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനോടൊപ്പം പഞ്ചായത്ത് തലത്തിൽ സ്ത്രീകളുടേതായ പൊതുയോഗങ്ങളിലൂടെ അവയുടെ സൂക്ഷ്മപരിശോധനയും ഭേദപ്പെടുത്തലും ഉണ്ടാകണം.

മാത്രമല്ല, ഭാവിയിലെങ്കിലും അടിയന്തരപ്രാധാന്യമുള്ള പാരിസ്ഥിതിക ഇടപെടലുകളെ സംബന്ധിച്ച തീരുമാനങ്ങളുടെയും പ്രകൃതിദുരന്തനിവാരണപ്രവർത്തനങ്ങളുടെയും ചുക്കാൻ കേരളീയ ജനാധിപത്യത്തിന്റെ നാഡീപടലമായ തദ്ദേശസ്വയംഭരണ സ്ഥാപന ശൃംഖലയ്ക്ക് സർക്കാർ വിട്ടുകൊടുത്തേ മതിയാകൂ. സ്ത്രീകൾ ഏറ്റവും ശക്തമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത് ഈ തലത്തിലാണ്. പ്രകൃതി പരിപാലനവും പുനർനിർമ്മാണവും സംബന്ധിച്ച തീരുമാനങ്ങളിലും ആ മേഖലകളിലുണ്ടാകാനിരിക്കുന്ന തൊഴിൽസാദ്ധ്യതകളുടെ വിതരണത്തിലും സ്ത്രീകൾക്ക് അർഹിക്കുന്ന പങ്ക് ഉറപ്പാകണമെങ്കിൽ പ്രളയാനന്തര ആസൂത്രണം – ഹ്രസ്വകാലപുനരധിവാസത്തിലും ദീർഘകാലപുനർനിർമ്മാണത്തിലും ഒരുപോലെ — ഗ്രാമസഭാതലത്തിൽ നിന്ന് ആരംഭിക്കണം. തദ്ദേശഭരണത്തിൽ കേരളം നേടിയ പരിചയത്തെക്കുറിച്ച് ആത്മപ്രശംസയിൽ മുങ്ങിയിരുന്നവർ തന്നെ അതിനെ അവഗണിച്ചുകൊണ്ട് വിദേശ ഏജൻസികളെ ഉപദേഷ്ടാക്കളായി നിയമിക്കാൻ ശ്രമിക്കുന്നത് എത്രയും അപലപനീയമാണ്. കെപിഎംജി എന്ന വൻ സ്രാവിനെ ഇവിടെ ക്ഷണിച്ചുവരുത്തുന്നത് അപകടകരമാണെന്നു മാത്രമല്ല, ഇടതുപക്ഷം കേരളത്തിൽ വിജയകരമായി നടപ്പാക്കിയ ബദലുകളെ അപമാനിക്കൽ കൂടിയാണ്.
Read More: ദേവിക എഴുതിയ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക