കേരളം വീണ്ടും രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ ആവേശത്തിലും അഭിമാനത്തിലും കൊടിയേറ്റം നടത്തുമ്പോൾ, കഴിഞ്ഞ വർഷത്തെ ഒരു അനുഭവം പങ്കിടേണ്ടത് പ്രധാനമെന്ന് കരുതുന്നു. പ്രത്യേകിച്ച് മലയാളത്തിലെ സിനിമാ രംഗവും ഫെസ്റ്റിവൽ രംഗവും  ‘അവൾക്കൊപ്പം’ എന്ന് പ്രഖ്യാപിച്ച് ആഘോഷമുഖരിതമാക്കുമ്പോൾ.

2016 IFFK കാലം. ഫെസ്റ്റിവൽ പരിസരത്ത് സുഹൃത്തുക്കളുമായി ചർച്ചകൾ ഭക്ഷണവും ബിയറും ഒക്കെയായി സമീപത്തെ ബാറിലേയ്ക്ക് നീണ്ട ഒരു സാധാരണ വൈകുന്നേരം. ടോയ്‌ലെറ്റിൽ പോയി മടങ്ങി വരുന്ന വഴി എന്നെ തടഞ്ഞു നിർത്തിയ ഫെസ്റ്റിവൽ ഡെലഗേറ്റായ ഒരാളുടെ ആവശ്യം അയാൾക്ക് വേണ്ടി നൃത്തം ചെയ്യണം എന്നതായിരുന്നു. ഒപ്പം കാലിലെ കൊലുസിന്റെ ഒച്ചയും നടപ്പിന്റെ താളവും ഒക്കെ നന്നായിട്ടുണ്ട് എന്ന് അശ്ലീലച്ചിരിയോടെ അഭിനന്ദനവും! അയാൾ എന്നെക്കൊണ്ട് നൃത്തം വയ്പ്പിച്ചേ അടങ്ങൂ എന്ന മട്ടിലായിരുന്നു. ഇടയ്ക്ക് കയറിയ മറ്റൊരു ഡെലഗേറ്റ് തടസം നിന്ന് എന്നെ ‘സംരക്ഷിച്ചു’ പറഞ്ഞയച്ചു. കൂടെ ഉണ്ടായിരുന്ന പെൺകുട്ടിക്കും സമാനമായ ദുരനുഭവം ഉണ്ടായി. അവളുടെ അനിഷ്ടം മുഖത്ത് പ്രകടമായത് സഹിക്കാതെ അയാളുടെ കൂട്ടത്തിലെ പുരുഷന്മാർ കൂട്ടമായി വന്നു തോളത്ത് കൈവച്ച്, ഇതെല്ലാം ഒരു ‘ഫെസ്റ്റിവൽ​മൂഡ്’ ആണെന്നും അതിനെയൊക്കെ അങ്ങനെ ‘ലൈറ്റ് ആയി കാണണം’ എന്നും ഞങ്ങളെ ഗുണദോഷിക്കാൻ ശ്രമിച്ചു. അപരിചിതരായ പുരുഷന്മാർ സ്ത്രീകളുടെ തോളിൽ​ കൈയ്യിടുന്നതോ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിക്കുന്നതോ ആഭാസച്ചിരിയോടെ കമന്റടിക്കുന്നതോ ഒക്കെയാണ് ‘ഫെസ്റ്റിവൽ മൂഡ്’ എന്ന തിരിച്ചറിവ് അന്നാണ് ഉണ്ടായത്. ‘തോളിൽ കൈയ്യിടാൻ മാത്രം പരിചയം നമ്മൾ തമ്മിലില്ല’ എന്ന് സൗമ്യമായും കർശനമായും പറഞ്ഞതിന് ഞങ്ങളുടെ ‘പുരോഗമനം’ എന്തോ പോരാ എന്ന മട്ടിൽ മറുപടിയും കിട്ടി.

മേളയിലെ വനിതാ ഡെലിഗേറ്റുകള്‍

എന്തോ മന്ത്രവാദം കൊണ്ട് ഒരാഴ്ചക്കാലം തിരുവനന്തപുരത്തെ ഫെസ്റ്റിവൽ പരിസരങ്ങൾ ലിംഗനീതിയുടെ ഒരു ചെറിയ കഷണം മരുപ്പച്ചയായി മാറും എന്നത് ഒരു കെട്ടുകഥയാണ് എന്ന് ഉറപ്പാക്കാനായി സമാന അനുഭവങ്ങൾ മറ്റു സ്ത്രീകൾക്ക് ഉണ്ടായോ എന്ന് പരിചയക്കാരോടും മറ്റും അന്വേഷിച്ചു. സ്ത്രീകളായതു കൊണ്ട് മാത്രം പലപ്പോഴായി പലരിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന ദുരനുഭവങ്ങൾ പറയാൻ ധാരാളം സ്ത്രീകൾ ഉണ്ടായിരുന്നു. ഇരിക്കുന്ന ഇടത്തെയും, ധരിക്കുന്ന വസ്ത്രത്തെയും, കാണുന്ന സിനിമകളെയും വരെ ഈ ഫെസ്റ്റിവലിന്റെ ആൺ സ്വഭാവം ഭയന്ന് തിരഞ്ഞെടുക്കേണ്ടി വരുന്ന സ്ത്രീ ഡെലഗേറ്റ്സ് ചെറിയ കൂട്ടമല്ല. അവരുടെ ‘ഫെസ്റ്റിവൽ മൂഡ്’ ഈ ഭയം മാത്രമായിരുന്നു.

ഈ പ്രശ്നം എന്റെയോ കൂട്ടുകാരിയുടെയോ മാത്രം ദുരനുഭവങ്ങളിൽ ഒതുങ്ങി നിൽക്കുന്നില്ല എന്ന് മനസിലായപ്പോഴാണ് ഇതിനെ നേരിടാൻ എന്ത് ചെയ്യാൻ കഴിയും എന്നന്വേഷിച്ചത്. IFFKയിലെ സെക്ഷ്വൽ ഹരാസ്മെന്റിനെതിരെ പരാതി പറയാന് ഒരു സംവിധാനവും ഇല്ല എന്ന വിവരം അപ്പോഴാണ് അറിയുന്നത്. അതെന്തൊരു വലിയ വീഴ്ചയാണ് എന്ന് നോക്കണം! ഒരാഴ്ചക്കാലം രാവും പകലും സിനിമ കണ്ടും ചർച്ച ചെയ്തും പാട്ട് പാടിയും മറ്റും ആഘോഷിക്കാനായി ആൺ- പെൺ വ്യത്യാസമില്ലാതെ പതിനായിരത്തോളം പേർ വർഷാവർഷം വന്നു ചേരുന്ന ഒരിടം. അവിടെ ഒരു ലൈംഗിക ആക്രമണം ഉണ്ടായാൽ അതിനെ ഫലപ്രദമായി നേരിടാൻ ഒരു സംവിധാനവുമില്ല! പിന്നെയാണ് ആ ഇടം ആണിടം മാത്രം ആയിപ്പോവുന്നതിനെപ്പറ്റി ആവലാതി പറയുന്നത്!

വനിതാ കളക്ട്ടിവ് അംഗങ്ങള്‍ സജിതാ മഠത്തില്‍, വിധു വിന്‍സന്റ് എന്നിവര്‍ മേളയില്‍

പൊതു ഇടങ്ങളെല്ലാം ‘ആണിട’ങ്ങൾ ആയിപ്പോകുന്നത് ഇന്നാട്ടിലെ ഒരു ശരാശരി സ്ത്രീയുടെ യാഥാർത്ഥ്യമാണ്. അതിൽ നിന്നും IFFK-യെങ്കിലും വ്യത്യസ്തമാകേണ്ടതുണ്ട്. കാരണം ലോകത്തിന്റെ പലഭാഗത്ത് നിന്നും പല സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സവിശേഷ സാഹചര്യങ്ങളിൽ നിന്നുമുള്ള മനുഷ്യർ ഒത്തുചേരുന്ന ഈ ഇടത്തിനെ നയിക്കുന്നത് ‘സിനിമ’ എന്ന പൊതുവികാരമാണ്. ആ ഇടത്ത് നിന്നും ഒരു സ്ത്രീയ്ക്കും ആൺ പോരിമ കാരണം മടുത്ത് മടങ്ങേണ്ടി വരരുത്. മംഗലശ്ശേരി നീലകണ്ഠനെ ഉള്ളിൽ ചുമന്നുകൊണ്ട് കുറസോവയ്ക്ക് കൈയടിച്ചിട്ട് കിംഫലം?

അതുകൊണ്ട് IFFK സംഘാടകർ വിശാഖാ ഗൈഡ്‌ലൈൻസ് മാനദണ്ഡമാക്കി Gender Sensitive Committee Against Sexual Harassment രൂപികരിച്ചേ മതിയാവൂ. സെക്‌ഷ്വൽ ഹരാസ്‌മെന്രിനെ കൃത്യമായി നിർവചിക്കേണ്ട കാര്യമുണ്ട്. അതിനെ ലൈംഗിക ആക്രമണങ്ങൾ മാത്രമായി ചുരുക്കുന്നത് പ്രശ്നമാണ്. കാരണം ലിംഗപദവിയുടെ പ്രശ്നങ്ങളുടെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് ലൈംഗിക ആക്രമണങ്ങൾ. ഒപ്പം കമ്മിറ്റിക്ക് കൃത്യമായി ഒരു ട്രാൻസ് പോളിസിയും ഉണ്ടാവേണ്ടത് നിർബന്ധമാണ്. സ്ത്രീകളെ മാത്രം ഇരകളായി ഗണിക്കുന്നത് വിഷയത്തെ ന്യൂനീകരിക്കലാവും.

Vaikhari Aryat

കഴിഞ്ഞ മേളയില്‍ വൈഖരി സുഹൃത്തുക്കളോടൊപ്പം

ഈ വിഷയം ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഫെസ്റ്റിവൽ സംഘാടകരുമായി നേരിൽ സംസാരിക്കാൻ ശ്രമിച്ചപ്പോൾ നല്ല സ്വീകരണമാണ് ലഭിച്ചത്. അക്കാദമി ചെയർമാൻ കമൽ, ബീന പോൾ എന്നിവരുമായി സംസാരിച്ചപ്പോൾ​ ഇതൊരു ഗൗരവമുള്ള വിഷയമാണ് എന്ന് അവർക്കും ബോധ്യപ്പെട്ടിരുന്നു. തീര്ച്ചയായും അടുത്ത ഫെസ്റ്റിവലിൽ അതിനു വേണ്ട നടപടികൾ സ്വീകരിക്കാം എന്ന ഉറപ്പും കിട്ടി. ഇത്രകാലമായും ഇങ്ങനെ ഒരു കമ്മിറ്റി രൂപീകരിക്കപ്പെട്ടില്ല എന്നത് വലിയ വീഴ്ച തന്നെയാണെങ്കിലും ഇത് ‘വുമൺ ഇൻ സിനിമ കളക്റ്റീവിന് ‘ ശേഷമുള്ള സിനിമാക്കാലമാണ് എന്നത് കൊണ്ട് ഇത്തവണ പ്രതീക്ഷയോടെ തന്നെ കാത്തിരിക്കുന്നു. IFFK പരിസരം വെറും ആണിടമായി ചുരുങ്ങിപ്പോകാതെ തിരികെ പിടിക്കാൻ സാധിക്കട്ടെ. ലിംഗനീതിയുടെ മാനിഫെസ്റ്റോ ഫെസ്റ്റിവൽ പരിസരത്ത് നിന്നും എഴുതപ്പെടട്ടെ. നമ്മളുടെ ആഘോഷങ്ങളോട് നമുക്ക് തന്നെ ഉത്തരവാദിത്തം ഉണ്ടാകേണ്ടതുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Opinion news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ