1990കളില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍, ആറ് മാസം കൂടുമ്പോഴാണ് എട്ടു രൂപ എഴുപത്തഞ്ചു പൈസയാണെന്നാണോര്‍മ്മ, ട്യൂഷന്‍ ഫീസായി കൊണ്ടുവരാന്‍ ക്ലാസ് ടീച്ചര്‍ പറഞ്ഞിരുന്നത്. പ്രീഡിഗ്രിക്കും ഡിഗ്രിക്കും എം.എ ക്കും ട്യൂഷന്‍ ഫീസ് എന്ന കണക്കില്‍ അടച്ച മുഴുവന്‍ തുകയുമെടുത്താലും നാലോ അഞ്ചോ ആയിരത്തിലധികം വരുമെന്നു തോന്നുന്നില്ല. എം.ഫിലും പി.എച്ച്.ഡി യും പഠിച്ചത് യു.ജി.സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് വാങ്ങിയാണ്. നാലു വര്‍ഷത്തെ ഫെലോഷിപ്പ് വാങ്ങിയ ആദ്യ മാസം 8000 രൂപ ആയിരുന്നു. എന്നു പറഞ്ഞാല്‍ എന്നെ പഠിപ്പിക്കാന്‍ ഉമ്മയും ബാപ്പയും പഠനഫീസായി നല്‍കിയ സംഖ്യയുടെ ഇരട്ടി എനിക്ക് സ്‌കോളര്‍ഷിപ്പായി ഒന്നാം മാസം തന്നെ തിരിച്ചു കിട്ടിയിട്ടുണ്ട്.
പഠനത്തിനും വളര്‍ച്ചയ്ക്കും ഭക്ഷണവും വിദ്യാഭ്യാസവും ഉപദേശവും തന്ന് പോറ്റി വളര്‍ത്തിയ മാതാപിതാക്കളോടുള്ളപോലെത്തന്നെ കടപ്പാട് എനിക്കു വേണ്ടി പണവും സൗകര്യങ്ങളും ചെലവാക്കിയ നമ്മുടെ ദരിദ്രമായ രാജ്യത്തിലെ ജനങ്ങളോട് എനിക്ക് ഉണ്ടാവേണ്ടതുണ്ട്.
കുടുംബപരമായ ഉത്തരവാദിത്വംപോലെത്തന്നെ സാമൂഹികമായ ഉത്തരവാദിത്വവും കൃതജ്ഞതയും എന്നെ സംബന്ധിച്ചിടത്തോളം ധാര്‍മ്മികമായ ഒരനിവാര്യത തന്നെ.
കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ നടത്തി വരുന്ന ദയാപുരത്തെ വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് എഴുതാമോ എന്ന് ആവശ്യപ്പെട്ടപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് ‘എന്തു കൊണ്ട് സന്നദ്ധ പ്രവര്‍ത്തനം?’ എന്ന ചോദ്യത്തിനു ഞാന്‍ എന്നോടുതന്നെ പറയുന്ന ഈ മറുപടി ആയിരുന്നു. ഇത് കാരുണ്യത്തിന്റേയോ ചെറിയ കഴിവുകളോ പരിശീലനമോ ഉപയോഗിച്ചുള്ള ദാന ധര്‍മ്മത്തിന്റേയോ സന്മനസ്സിന്റേയോ പ്രശ്‌നമല്ല; ഒരിക്കലും വീട്ടാന്‍ കഴിയാത്ത മനോഹരമായ ഒരു കടപ്പാടിന്‍റെ നിരന്തരമായ ഓര്‍മ്മപ്പെടുത്തല്‍ മാത്രം. അത്തരം ആലോചനകളുടെ പ്രകാശനത്തിന് ആത്മാര്‍ത്ഥവും ഫലപ്രദവുമായ ഒരു വേദി ആവശ്യമുണ്ട്. മറ്റു പലര്‍ക്കുമെന്നതുപോലെ എനിക്കും വേദിയായി ഭവിച്ചത് ദയാപുരമാണെന്നുമാത്രം. ദയാപുരത്തിനുവേണ്ടിയേ അല്ല, ദയാപുരത്തിലൂടെ സമൂഹത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.
കേരളത്തിലെ വിദ്യാഭ്യാസ ചിത്രം
സമകാലിക കേരളത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വെല്ലുവിളികളെ മൂന്നായി എണ്ണാം: സാമുദായികവല്‍ക്കരണം, വാണിജ്യവല്‍ക്കരണം, സര്‍ക്കാര്‍വല്‍ക്കരണം.
സാമുദായിക പരിഷ്‌ക്കര്‍ത്താക്കളോ പ്രാദേശിക പൊതുപ്രവര്‍ത്തകരോ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അധീശത്വ മത, ജാതി, സാമുദായിക സംഘടനകള്‍ ഏറ്റെടുത്ത് സംഘടനാ നേതൃത്വത്തിലുള്ളവരുടെ സ്വാധീന ബലം വര്‍ദ്ധിപ്പിക്കുന്നതിനും വിലപേശലിനും ഉപയോഗിക്കുന്ന സമകാലിക അനുഭവത്തെയാണ് ഞാന്‍ സാമുദായികവല്‍ക്കരണം എന്ന് ഇവിടെ വിളിക്കുന്നത്. വിവിധ സാമുദായിക വിഭാഗങ്ങള്‍ വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിനു ചുറ്റും ഒരുമിച്ചു വരികയും ഈ ഇടകലരിലൂടെ ഒരു സമൂഹം പരിചയിച്ചിട്ടേയില്ലാത്ത ബൗദ്ധികവും വൈകാരികവും സൗന്ദര്യശാസ്ത്രപരവുമായ സാമൂഹികോര്‍ജ്ജത്തിന്‍റെ കേന്ദ്രങ്ങളായി വര്‍ത്തിക്കുകയും ചെയ്യുക എന്നതാണല്ലോ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ഒരു ദൗത്യം. ഈ ലക്ഷ്യത്തെ അപ്പാടെ തള്ളിക്കളഞ്ഞ് നായർ, ഈഴവ, മുസ്‌ലിം, കൃസ്ത്യന്‍ നേതൃത്വത്തിന് ആളെക്കൂട്ടാനും രാഷ്ട്രീയ ശക്തി വര്‍ദ്ധിപ്പിക്കാനുമുള്ള ഒരു വഴി ആയി മാറിയിരിക്കുന്നു വിദ്യാഭ്യാസം. സമുദായത്തിനുള്ളിലെ വൈജാത്യങ്ങളെയും, സ്ത്രീകളും പാവപ്പെട്ടവരും കീഴ്ജാതിക്കാരുമടങ്ങിയ വിഭാഗങ്ങളെയും അടക്കി ഭരിക്കുന്ന ഈ സാമുദായികത ധാര്‍മ്മികവും അക്കാദമികവുമായ ചോദ്യങ്ങളെത്തന്നെ നമ്മുടെ ഓര്‍മ്മയില്‍നിന്ന് മായ്ച്ചു കളഞ്ഞിരിക്കുന്നു.
പൊതുസമൂഹത്തെ വേലികെട്ടി തിരിച്ച് സമുദായ പ്രമാണിമാര്‍ക്ക് കോട്ട പണിയാനുള്ള മേഖലയാക്കി വിദ്യാഭ്യാസത്തെ മാറ്റുകയാണ് സാമുദായികവല്‍ക്കരണം ചെയ്യുന്നതെങ്കില്‍ കച്ചവടവല്‍ക്കരണം പണമുണ്ടാക്കാനുള്ള മറ്റൊരു മേഖലയായി വിദ്യാഭ്യാസത്തെ മാറ്റുന്നു. ഇവിടെ രണ്ട് തരം അപകടങ്ങളുണ്ട്: ഒന്നാമതായി, ഏറ്റവും കൂടുതല്‍ ഫീസുള്ളവര്‍ പഠിക്കുന്ന സ്‌കൂള്‍ ഏറ്റവും നല്ല സ്‌കൂള്‍ ആവുന്ന അവസ്ഥയില്‍ പണമില്ലാത്തവര്‍ പഠിക്കുന്ന സ്‌കൂളുകള്‍ മോശം സ്‌കൂളുകളാവുന്ന സാമൂഹിക ഹിംസ കൂടി ഉള്ളടങ്ങിയിരിക്കുന്നു. പഠിച്ച് സാമൂഹികമായി മുന്നേറാം എന്ന സ്വപ്നം തന്നെ വലിച്ചെറിയലാണിവിടെ നടക്കുന്നത്.
ചൂഷണാത്മകവും അന്യവുമായ ഒരു സാമൂഹ്യ സംവിധാനത്തെ മാറ്റമില്ലാതെ നില നിര്‍ത്തുവാന്‍ സഹായിക്കുക എന്ന നിന്ദ്യമായ കര്‍മ്മം വിദ്യാഭ്യാസം നിര്‍വ്വഹിക്കുന്നു എന്നതാണ് കച്ചവടവല്‍ക്കരണത്തിന്‍റെ ഒന്നാമത്തെ അപകടം.
രണ്ടാമത്തേത്, ‘ഡൊണേഷന്‍’ എന്ന ഓമനപ്പേരില്‍ കേരളം സാമാന്യവല്‍ക്കരിച്ചു കഴിഞ്ഞിട്ടുള്ള അഡ്മിഷനിലും അപ്പോയ്‌മെന്റിലും നിര്‍ണ്ണായക സ്വാധീനമുള്ള കള്ളപ്പണ ഇടപാടുകളാണ്. ഒന്നോര്‍ത്താല്‍, വ്യാപം അഴിമതിപോലെ ഭയാനകമാണ് നമ്മുടെ വിദ്യാഭ്യാസരംഗത്തെ ഈ ദുസ്ഥിതി; ആ സംവിധാനം കേന്ദ്രീകൃതമല്ലെന്നേയുള്ളൂ. കൈക്കൂലി വാങ്ങിയും കൊടുത്തും ദുര്‍ബ്ബലരായിക്കഴിഞ്ഞ അധ്യാപക, വിദ്യാര്‍ത്ഥി, മാനേജ്‌മെന്റ് ആശയവിനിമയങ്ങളുടെ തകര്‍ച്ചയെ പണം കൊണ്ടും സാമുദായികത കൊണ്ടും മാധ്യമ മാനിപ്പുലേഷന്‍കൊണ്ടും മൂടിവെക്കുന്നതു കൊണ്ട് ഒരന്തിച്ചര്‍ച്ചക്കുപോലും ഇതൊന്നും വിഷയമേ ആവുന്നുമില്ല.
ഏറ്റവും മികച്ച അധ്യാപകര്‍ പി.എസ്.സി വഴി നിയമനം നേടിയിട്ടും ഏറ്റവും മോശം അധ്യയനം എന്ന വിചിത്രമായ അവസ്ഥയില്‍ കേരളത്തിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്തിയത് സര്‍ക്കാര്‍വല്‍ക്കരണമെന്നു പറയാവുന്ന ഉത്തരവാദിത്തമില്ലായ്മകൊണ്ടാണ് (ഇത് പൊതുവല്‍ക്കരണത്തില്‍നിന്നു വ്യത്യസ്തമാണ്). ഊതി വീര്‍പ്പിച്ച മാര്‍ക്ക് കൊടുക്കുക എന്ന എളുപ്പപ്രതിച്ഛായാ മെയ്ക്കപ്പുകള്‍കൊണ്ട്, ഉദ്യോഗസ്ഥ രാഷ്ട്രീയ ദുര്‍ഭരണത്തിന്റേയും മാനേജ്‌മെന്റ് അലസതയുടേയും അധ്യാപക നിസ്സഹായവസ്ഥയുടേയും ചിത്രത്തെ അദൃശ്യമാക്കാം എന്ന സൗകര്യത്തിലാണ് ഇന്നും സര്‍ക്കാര്‍ സംവിധാനം വിശ്വസിക്കുന്നതെന്ന് തോന്നുന്നു.
ഗുണപരമായ വളര്‍ച്ചയും പരിശീലനവും ചര്‍ച്ചയില്‍നിന്നുപോലും മാറ്റി നിര്‍ത്തപ്പെടുന്നു. പരീക്ഷാ നടത്തിപ്പിന്‍റെ കാര്യത്തില്‍ കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ അധ്യാപകരോടും രക്ഷിതാക്കളോടും കാണിക്കുന്ന ക്രൂരമായ അപമാനം ആര്‍ക്കും നിസ്സാര പ്രശ്‌നംപോലും ആവുന്നില്ല.
നമ്മുടെ വിദ്യാഭ്യാസരംഗത്തെ പല തരത്തിലും തകര്‍ത്തു കഴിഞ്ഞിരിക്കുന്ന ഈ മൂന്ന് പ്രവണതകള്‍ക്കുമെതിരെ എന്താണ് ചെയ്യാന്‍ കഴിയുക എന്ന അന്വേഷണമാണ് ഞാനടക്കമുള്ള ഒരുപറ്റം സന്നദ്ധസേവകരെ ദയാപുരത്തെത്തിക്കുന്നതും ഇവിടെ നിലനിര്‍ത്തുന്നതും. എന്താവാം പരിഹാരം?
ഒരു കേന്ദ്രത്തിന്‍റെ സന്ദേശം
കച്ചവടവല്‍ക്കരണത്തിന്റേയും സാമുദായികവല്‍ക്കരണത്തിന്റേയും സര്‍ക്കാര്‍വല്‍ക്കരണത്തിന്റേയും ഏറ്റവും അടിസ്ഥാനപരമായ കാര്യം ധാര്‍മ്മികമായ ഒരു പ്രതിസന്ധിയാണ്. തനിക്കോ കുടുംബത്തിനോ സമുദായത്തിനോ വേണ്ടി വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ ഉപയോഗിക്കാം എന്ന സ്വാര്‍ത്ഥതയാണ്, കോഴ വാങ്ങുന്ന കച്ചവടമാനേജ്‌മെന്റിന്റേയും തങ്ങളുടെ സ്ഥാപനത്തില്‍ സ്വന്തം സമുദായത്തില്‍പെട്ട കുട്ടികളെ ചേര്‍ത്ത് അവരെ കാണിച്ച് രാഷ്ട്രീയ വിലപേശല്‍ നടത്തുന്ന സാമുദായികമേലാളന്മാരുടേയും സ്വന്തം സാമ്പത്തികസ്ഥിതിക്കനുസരിച്ചുള്ള പണം കൊടുത്ത് വാങ്ങിക്കുന്ന സ്‌കില്‍ മാത്രമാണ് വിദ്യാഭ്യാസം എന്ന ഉപഭോക്താവിന്‍റെ യുക്തി പങ്കു വെയ്ക്കുന്ന രക്ഷിതാക്കളുടേയും ക്വാളിറ്റിയെ തീര്‍ത്തും തള്ളിക്കളഞ്ഞാലും പൊതുവിദ്യാഭ്യാസത്തെ ആദര്‍ശവല്‍ക്കരിച്ച്, കാല്‍പനികവല്‍ക്കരിച്ച് ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക ഉത്തരവാദത്തില്‍നിന്ന് രക്ഷപ്പെടാമെന്നു വിചാരിക്കുന്ന സര്‍ക്കാറിന്‍റെയും അടിസ്ഥാനപരമായ മനോഭാവവും പ്രേരണയും.
ഇവിടെയാണ് സന്നദ്ധ സേവനത്തിനാവശ്യമായ നിസ്വാര്‍ത്ഥത ഒരു ധാര്‍മ്മിക സാധ്യതയാവുന്നത്. ‘ഭക്ഷണമോ മരുന്നോ വിദ്യാഭ്യാസമോ കിട്ടാതെ കഷ്ടപ്പെടുന്ന ആര്‍ക്കും അഭയസ്ഥാനമായി ദയാപുരം മാറണം. അവരുടെ മതമോ പ്രദേശമോ ഏതുമായിക്കൊള്ളട്ടെ’ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മനുഷ്യ സ്‌നേഹിയുമായിരുന്ന ശൈഖ് അന്‍സാരിയുടെ ഈ ഉദ്ഘാടന വാക്യത്തോടെയാണ് ദയാപുരം തുടങ്ങുന്നത്.
അറിയാത്ത അപരനെ മാത്രമല്ല, കഷ്ടപ്പെടുന്ന എല്ലാവരെയും അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നതിലൂടെ കഷ്ടപ്പാട് എന്ന സാമൂഹികാവസ്ഥയെത്തന്നെ മാറ്റാനുള്ള ആഹ്വാനമാണിവിടെ ഉള്ളത്.
ഒരു രാഷ്ട്രീയ പ്രശ്‌നം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ‘ഞാന്‍ സ്വതന്ത്രനാണ്. നിങ്ങളെ ഞാന്‍ മോചിപ്പിക്കാം’ എന്നതാണതിന്‍റെ മനോഭാവമെങ്കില്‍ ദീനാനുകമ്പയെന്ന ദുര്‍ബ്ബല വികാരമാണ് ഇത്തരം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. അത് നിഷ്ഫലവും കപടവും മാത്രമല്ല, മേല്‍പ്പറഞ്ഞ സ്വാര്‍ത്ഥതയില്‍ നിന്നുതന്നെ ഉണ്ടാവുന്നതുമാണ്. അത് സൗകര്യമുള്ളവര്‍ക്ക് സൗകര്യമുള്ളപ്പോള്‍ മാത്രം ചെയ്യേണ്ടുന്ന, പണമോ വിദ്യാഭ്യാസമോ ഉള്ളവന് ഇല്ലാത്തവന്‍റെ മേല്‍ കാല്‍കയറ്റിവെക്കാനുള്ള ഒരവസരംകൂടി കൊടുക്കുന്ന പരിപാടിയാണ്. അതാണ് അനാഥകുട്ടികള്‍ക്ക് വ്യത്യസ്തമായ കുപ്പായവും തുണിയും താമസ സൗകര്യവും കൊടുത്ത് പണക്കാരുടെ വീട്ടിലേക്ക് വരിവരിയായി നടത്തിക്കൊണ്ടു പോയി അവരുടെ വീട്ടുകാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിപ്പിച്ച് നടന്നിരുന്ന ഒരു കാലത്തെ അനാഥശാലകളുടെ രാഷ്ട്രീയമായ പരിമിതി. (ഇത് ഒരു ഫ്യൂഡല്‍ കാലത്തിന്‍റെ കൂടി പരിമിതിയാണ്. സമ്പത്ത് കുത്തകാവകാശമാണെന്ന ബോധത്തെ സാധാരണവല്‍ക്കരിച്ചിരുന്ന ഒരു സമൂഹത്തിന് അങ്ങനെയേ ചിന്തിക്കാനാവൂ).
ജനാധിപത്യ സമൂഹത്തില്‍ സന്നദ്ധ സേവനം തനിക്കുണ്ടാവുന്നതും മറ്റുള്ളവര്‍ക്കില്ലാത്തതും സാമൂഹികവും ചരിത്രപരവുമായ അസമത്വങ്ങള്‍ മൂലമാണെന്നും അതിനെ ഉടമസ്ഥാവകാശമോ ഔദ്ധത്യമോ ഇല്ലാതെ മറ്റുള്ളവരുമായി പങ്കുവെയ്ക്കേണ്ടത് സാമൂഹികമായ കടമയാണെന്നുമുള്ള ബോധമാണ് ഒരാളെ നയിക്കേണ്ടത്.
ഗുണപരമായ വിദ്യാഭ്യാസം, നിന്ദ്യമല്ലാത്ത പരിഗണന, വ്യക്തിപരമായ കടപ്പാടുകളുണ്ടാക്കാത്ത പുനര്‍വിതരണ സമ്പ്രദായം, ജാതീയമോ മതപരമോ ആയ നിരാസം നേരിടേണ്ടി വരാതിരിക്കല്‍ എന്നിവ ഇന്ത്യക്കാരനായ ഓരോ കുട്ടിയുടേയും ജന്മാവകാശം തന്നെയാണ്.
അദൃശ്യവും വിവിധ മതക്കാര്‍ക്ക് എല്ലാ തരത്തിലും തുല്യത നല്‍കുന്നതുമായ ഒരനാഥശാല 1984 ല്‍ തന്നെ സ്ഥാപിക്കുകയും ഏതെങ്കിലും അനാഥക്കുട്ടികളെ സാമ്പത്തികമായി സ്‌പോണ്‍സര്‍ ചെയ്യുന്ന ആളുകളോട് ‘ഒരു കാരണവശാലും നിങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ പഠിക്കുന്ന കുട്ടികളുടെ റിസല്‍ട്ട് അയച്ചു തരികയല്ലാതെ അവരെ വേര്‍തിരിച്ചു കാണിച്ചു തരില്ല, കാരണം, അത് ആ കുട്ടികളുടെ അവകാശ ബോധം കളയും’ എന്ന് പറയുകയും ചെയ്ത ദയാപുരം ഈ സന്ദേശം ആളുകളില്‍ എത്തിക്കുന്നതാണ് എന്നെ ആദ്യം ആകര്‍ഷിച്ചത്.
പണക്കാരും പാവപ്പെട്ടവരുമായ രക്ഷിതാക്കളോട് സംസാരിക്കുമ്പോള്‍ ദയാപുരത്തിന്‍റെ മുഖ്യശില്‍പി സി.ടി. അബ്ദുറഹിം പറയുന്ന ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്: ഫീസ് കൊടുക്കുന്ന 90 ശതമാനം കുട്ടികള്‍ക്ക് അവര്‍ തരുന്ന ഫീസിന് ഇപ്പോള്‍ ലഭിക്കുന്ന സൗകര്യങ്ങളും വിദ്യാഭ്യാസവും കിട്ടുന്നത് ആദ്യ കാലത്ത് കുറേ വ്യക്തികള്‍ പാവപ്പെട്ട കുട്ടികള്‍ക്കുവേണ്ടി അധ്വാനമായും സൗകര്യമായും വൈദഗ്ധ്യമായും പണമായും സൗജന്യ സേവനം ചെയ്തതു കൊണ്ടാണ്. അങ്ങനെയാണ് ഈ 40 ഏക്കർ ഭൂമിയും കെട്ടിടങ്ങളുടെ ആദ്യഭാഗങ്ങളും ഉണ്ടായത്. ഈ സേവനംകൊണ്ടും സാമ്പത്തിക സംഭാവനകള്‍ കൊണ്ടും സ്ഥാപനങ്ങള്‍ നന്നായി നടത്തുമ്പോള്‍ മിച്ചം വരുന്ന തുക ഉപയോഗിച്ചാണ് കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്നത് (ഈ വര്‍ഷം 300 കുട്ടികളെ ഇങ്ങനെ പഠിപ്പിക്കുന്നുണ്ട്). എന്നു പറഞ്ഞാല്‍ കുട്ടികള്‍ക്ക് കടപ്പാടോ നന്ദിയോ ഉണ്ടാവേണ്ടത് ഒരു വ്യക്തിയോടുമല്ല; സമൂഹത്തോട് മാത്രം. നടത്തിപ്പുകാര്‍ ഉടമകളല്ല, സമൂഹത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസസാംസ്‌കാരിക കേന്ദ്രത്തിന്‍റെ സൂക്ഷിപ്പുകാര്‍ മാത്രമാണ്.
സമ്പദ്പുനര്‍വിതരണത്തിന്‍റെ ഈ സോഷ്യലിസ്റ്റ് മാതൃക സര്‍ക്കാറിനും സര്‍ക്കാറുകളെ ഉണ്ടാക്കുക എന്ന പ്രക്രിയയിലേക്ക് സമുദായങ്ങളെയും പാര്‍ട്ടികളെയും പൊതുജന ബോധത്തെയും തയാറാക്കുന്ന ജോലിയിലേയ്ക്ക് സ്വയം ചുരുങ്ങിക്കഴിഞ്ഞ പ്രക്രിയാജനാധിപത്യ (Procedural democracy )ത്തിനും പുറത്തുള്ള ഒരിടമാണ്. പ്രവാസ മൂലധനംകൊണ്ട് സര്‍ക്കാര്‍ മേഖലകള്‍ക്ക് പുറത്ത് സാമ്പത്തിക വളര്‍ച്ച നേടിയ സംസ്ഥാനത്തിന് പരീക്ഷിക്കാവുന്ന മാതൃകയാണിത്.
സി.ടി അബ്ദുറഹീമിന്‍റെ 34 വര്‍ഷത്തെ ദൈനംദിന ശ്രദ്ധയും അധ്വാനവും സംശുദ്ധവും സൂക്ഷ്മവുമായ പ്രവര്‍ത്തനശൈലിയും വിശ്വാസ്യതയും കേന്ദ്രത്തിന് ലഭിച്ചിട്ടുമുണ്ട്.
ദാനധര്‍മ്മങ്ങളിലൂടെയും വൈജ്ഞാനിക സാംസ്‌കാരിക രംഗത്തെ സന്നദ്ധപ്രവര്‍ത്തനത്തിലൂടെയും ‘സോഷ്യലിസ്റ്റ് സെക്കുലര്‍’ എന്നു വിളിക്കാവുന്ന ഒരു സ്ഥാപന മാതൃക സ്വകാര്യ രംഗത്ത് ഉണ്ടാക്കാം. എന്നാല്‍ ആ മാതൃകക്ക് ആത്മാര്‍ത്ഥമായും സാമൂഹ്യമാറ്റത്തിന്റേതായ ഒരിടമായി നിലനില്‍ക്കാന്‍ കഴിയണമെങ്കില്‍ സുഗമമെന്ന് തോന്നുന്ന ഈ പ്രവര്‍ത്തനങ്ങള്‍ വാസ്തവത്തില്‍ എത്രത്തോളം ദുര്‍ഗ്രഹമായ അന്തരീക്ഷത്തിലാണ് നടക്കേണ്ടതെന്ന് തിരിച്ചറിയേണ്ടതുണ്ട്. ചുറ്റുപാടുമുള്ള സാമൂഹ്യ രാഷ്ട്രീയ സംവിധാനങ്ങളോട് സംവദിക്കാനുള്ള സാഹചര്യമില്ലായ്മയെ ആണ് ‘ദയാപുരത്തിന്‍റെ ഏകാന്തത’ എന്നു വിളിക്കുന്നത്.
സാമൂഹിക ശൂന്യതയില്‍ ദയാപുരം ഒറ്റക്കൊരു സ്ഥാപനമാണ്. സാമൂഹിക നീതിയുടെയും കൂട്ടുജീവിതത്തിന്‍റെയും ആശയത്തില്‍ വിശ്വസിച്ചു ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതിന് സന്നദ്ധരായ, വിവിധ പാര്‍ട്ടികളിലും സംഘടനകളിലുംപെട്ട പലരും ദയാപുരത്തുകാരായുണ്ടെങ്കിലും ദയാപുരം ആരുടേതുമല്ല. (ഹിന്ദു,മുസ്‌ലിം മതരാഷ്ട്രവാദികള്‍ എന്നും ദയാപുരത്തിനെതിരായിരുന്നു താനും). ഒറ്റക്കുള്ള ഈ നില്‍പ്പ് ചേന്ദമംഗല്ലൂരിലും ചാത്തമംഗലത്തും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജനങ്ങള്‍ പൊതുവില്‍ ഇതിനൊപ്പം നില്‍ക്കാന്‍ സഹായകമായിട്ടുണ്ടെങ്കിലും സാമൂഹികമായ പല പ്രശ്‌നങ്ങളും സ്ഥാപനത്തെ അലട്ടിക്കൊണ്ടിരിക്കുന്നുണ്ട്.
പണമോ സ്വാധീനമോ വര്‍ദ്ധിപ്പിക്കാന്‍ അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും കഴിയും വിധം ചൂഷണം ചെയ്ത് നടത്തുന്നവയാണ് സ്വാശ്രയസ്ഥാപനങ്ങള്‍ എന്നൊരു ധാരണ നാട്ടിലുണ്ട്. മിക്കവാറും സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഈ ആരോപണം ശരിയാവാം. സ്വാശ്രയ രംഗത്ത് സര്‍ക്കാര്‍ ചെയ്യേണ്ട പണി ചെയ്യുക എന്നുവെച്ചാല്‍ ‘No man’s land’ ല്‍ ജീവിക്കലാണ്. കേള്‍ക്കേണ്ട വിമര്‍ശനങ്ങളൊക്കെ കേള്‍ക്കാം. പൊതുസ്ഥാപനത്തിനുള്ള ഒരു പരിരക്ഷയും ഉണ്ടാവുകയുമില്ല.
സാമുദായികതയുടെ അധാര്‍മ്മികമായ മുതലെടുപ്പുകളെ വിമര്‍ശിക്കുമ്പോള്‍ ദാരിദ്ര്യത്തിനും വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥക്കും സാംസ്‌കാരിക നിന്ദക്കും നമ്മുടെ സാമൂഹിക ചരിത്ര സാഹചര്യത്തില്‍ ജാതിയും മതവും ലിംഗവും തുണയായുണ്ട് എന്നത് മറക്കുന്നത് സിദ്ധാന്ത ശാഠ്യമാണ്.
ഗള്‍ഫ് കുടിയേറ്റത്തിലൂടെ കേരളീയ മുസ്‌ലിങ്ങള്‍ കൈവരിച്ച സാമ്പത്തിക പുരോഗതിയെ സമുദായത്തിന്‍റെ അടിത്തട്ടുകളിലേയ്ക്കെത്തിക്കുക, അതേ സമയം സാമ്പത്തിക വളര്‍ച്ചയെ സാമൂഹിക സാംസ്‌കാരിക മൂലധനമാക്കാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലൂടെ ശ്രമിക്കുക എന്നതായിരുന്നു തുടക്കത്തില്‍ ദയാപുരത്തിന്‍റെ അജണ്ടയെങ്കില്‍ ഇന്ന് ദളിത്, ആദിവാസി, സ്ത്രീ ശാക്തീകരണത്തിലേയ്ക്കാണ് ശ്രദ്ധ പോവേണ്ടത്. സംവരണം സാമൂഹികമാണോ സാമ്പത്തികമാണോ എന്ന സൈദ്ധാന്തിക സംവാദങ്ങള്‍ അനാഥരെന്ന വിഭാഗത്തെ സര്‍ക്കാര്‍ തലത്തില്‍പോലും നാം തിരിച്ചറിയുന്നില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്. (ജാതി ഏതായാലും അനാഥത്വമുണ്ടാക്കുന്ന വിഷമതകളെ സാമുദായിക നേതൃത്വത്തിനെ ഏല്‍പിച്ചു കൊടുക്കുന്ന കാഴ്ചപ്പാട് ശരിയാണോ?). പ്രശ്‌നങ്ങളുടെ പല അടരുകളെയും ഉള്‍ക്കൊള്ളുന്നതില്‍ ചര്‍ച്ചകള്‍ക്കുള്ള കഴിവില്ലായ്മ ദയാപുരത്തെ മാറ്റിവെക്കുന്നു.
ഓരോ സമുദായവും അതതു സമുദായത്തിലെ ജീര്‍ണ്ണാവസ്ഥകളെ അഭിമുഖീകരിച്ച് തിരുത്തി മുന്നോട്ട് പോവുക എന്ന ആദ്യകാല കേരളീയനവോത്ഥാന മാതൃക തന്നെയാണ് സാമുദായികവല്‍ക്കരണത്തിലൂടെ കേരളീയ സമൂഹത്തിന്‍റെ തകര്‍ച്ചയിലേയ്ക്കും വഴി വെച്ചത്. ഇതാണ് മതവിശ്വാസവും മതേതരത്വവുമായുണ്ടെന്ന് പറയപ്പെടുന്ന സൈദ്ധാന്തികമായ വൈരുധ്യത്തിന് പ്രായോഗിക കാരണം. ധാര്‍മ്മികതയും കാഴ്ചപ്പാടും നഷ്ടപ്പെട്ട പുത്തന്‍ മാനേജ്‌മെന്റുകള്‍ സമുദായത്തിന്‍റെ പേരില്‍ രാഷ്ട്രീയ സാമ്പത്തിക മേലാളന്മാര്‍ക്ക് സ്ഥാപനങ്ങളെ എഴുതിക്കൊടുക്കുന്നു. മതപരമായ ആത്മീയധാര്‍മ്മിക സത്ത ഉപയോഗിച്ച് ലോക വളര്‍ച്ചയെ അളക്കുകയും ശാസ്ത്രീയ സാങ്കേതിക പുരോഗതിയോട് സംഭാഷണം നടത്തി വളരുകയും ചെയ്യുന്ന അര്‍ത്ഥത്തില്‍ മതമെന്ന കാറ്റഗറി തന്നെ ഇല്ലാതായി. അവശേഷിച്ചത് സംഘടനകളുടെയും സമ്പത്തിന്‍റെയും ആക്രോശങ്ങള്‍. അത് ‘ദയാപുരം’ പോലുള്ള കൊച്ചുകൂട്ടായ്മകളെ മനസ്സിലാക്കാന്‍പോലും ശ്രമിക്കാതെ ഒറ്റപ്പെടുത്തുന്നു.
അധ്യാപക, അനധ്യാപക ജീവനക്കാരുടെ തിരഞ്ഞെടുപ്പില്‍ കൃത്യമായ നീതിബോധം പുലര്‍ത്താന്‍ ശ്രമിക്കുക, ജാതീയത, പുരുഷമേധാവിത്വം, മതരാഷ്ട്രവാദചിന്ത, സമൂഹത്തിന്‍റെ പട്ടാളവല്‍ക്കരണം തുടങ്ങി സമൂഹത്തില്‍ ആഭ്യന്തര ശത്രുത വളര്‍ത്തുന്ന കാര്യങ്ങളെ എതിര്‍ക്കാനുള്ള സാമൂഹികവും സാംസ്‌കാരികവുമായ പരിപാടികള്‍ നടത്തുക, വിശ്വാസ സംഹിതകളില്‍ പാരസ്പര്യത്തിന്‍റെ ചരിത്രവും സത്തയും മനസ്സിലാക്കാനായി ഗവേഷണ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുക എന്നീ പ്രവര്‍ത്തനങ്ങളിലൂടെ കൂട്ടുജീവിതത്തിന്‍റെ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കാനുള്ള ദയാപുരത്തുകാരുടെ ശ്രമം, സംശയത്തിന്റേയും ഭീതിയുടേയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷത്തെ മുതലാക്കി വളരുന്ന രാഷ്ട്രീയാധികാരത്തിന്‍റെ കാലത്ത് എന്ത് ഇംപാക്ട് ഉണ്ടാക്കാനാണ്? ഒരു സാമൂഹ്യശൂന്യതയില്‍ ഏതെങ്കിലും കേന്ദ്രത്തിന് നിലനില്‍ക്കാനാവുമോ?
സമ്പത്തിന്റേയും സാമുദായികതയുടേയും നിഷ്ഫലമായ സര്‍ക്കാര്‍ സംവിധാനങ്ങളുടേയും കെട്ടുകാഴ്ചകളുടെ കാലത്ത് സാമൂഹികപ്രവര്‍ത്തനമനുഭവിക്കുന്ന ഏകാന്തതയുടെ കൂടി കേന്ദ്രമാണ് ദയാപുരം.
സാമൂഹിക വികസന ചിന്തയുടേയും പ്രയോഗത്തിന്റേയും കേന്ദ്രമായി സമൂഹത്തിന് ഊര്‍ജ്ജം നല്‍കാന്‍ ദയാപുരത്തിനാവുമോ? അതോ അധാര്‍മ്മികവും അശ്രദ്ധവും അലസവുമായ ഒരു വിദ്യാഭ്യാസ സംസ്‌കാരത്തില്‍ സ്വന്തം നിഷ്ഫലത രേഖപ്പെടുത്തി അവസാനിപ്പിച്ചു പോവാനായിരിക്കുമോ ഇതിന്‍റെ വിധി?
ദയാപുരത്തുകാരുടെ ഈ ആശങ്കകള്‍ കേരളത്തിന്റെ പൊതുസമൂഹത്തിന്റേതു കൂടിയാകുമോ?
ഡല്‍ഹി സര്‍വ്വകലാശാല സെന്റ് സ്റ്റീഫന്‍സ് അധ്യാപകനാണ് ലേഖകന്‍