ഏപ്രില്‍ ഒമ്പതിന് കേരളത്തില്‍ ദലിത് സംഘടനകള്‍ നടത്തിയ ഹര്ത്താ ല്‍ പലതുകൊണ്ടും സവിശേഷതയാര്‍ന്ന ഫലങ്ങള്‍ സൃഷ്ടിക്കുകയു ണ്ടായി. ഒരുവശത്തു അത് പുരോഗമന മുഖംമൂടി അണിഞ്ഞ കേരളീയ പൊതുസമൂഹത്തിന്റെ ജാതിമേധാവിത്ത പ്രവണതകള്‍ കൃത്യമായും അനാവരണം ചെയ്തു. മറുവശത്ത് അടുത്ത കാലത്തൊന്നും ഇവിടെ ദൃശ്യമാവാത്തവിധം ശ്രദ്ധേയമായ ഒരു ദലിത് മുന്നേറ്റത്തിന് അത് അവസരമൊരുക്കുകയും ചെയ്തു.
വ്യാപാരിവ്യവസായി സംഘടനകളും സ്വകാര്യബസ്സുടമകളും മറ്റും പൊതുവില്‍ ഹര്‍ത്താലിനെ വിമര്‍ശിക്കുകയും അതില്‍ സഹകരി ക്കുകയില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്യാറുണ്ട്. പക്ഷെ, പ്രയോഗത്തില്‍ ഇവരെല്ലാം ചെറുതും വലുതുമായ പാര്‍ട്ടികള്‍ നടത്തുന്ന ഹര്‍ത്താലുകളില്‍ സഹകരിക്കുന്നതാണ് കണ്ടുപോന്നിട്ടുള്ളത്. എന്നാല്‍ ഇത്തവണ ഇത്തരം വിവിധ വിഭാഗങ്ങള്‍ ദലിത് ഹര്ത്താ ലിനെ തങ്ങള്‍ പൊളിക്കുമെന്ന വാശിയോടെയാണ് ഇവർ ഇടപെട്ടത്. കേരളീയ പൊതുസമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഇത്തരക്കാരില്‍ ഗണ്യമായ വിഭാഗങ്ങളും പിന്നോക്കക്കാരും ന്യൂനപക്ഷക്കാരുമൊക്കെ ആണെന്നും കാണാവുന്നതുമാണ്. അവരൊന്നും സവര്ണരല്ലെങ്കിലും ജാതിമേധാവിത്ത മനോഭാവമാണ് അവരെയെല്ലാം നയിക്കുന്നത് എന്നാണ് ഇതില്‍ നിന്നു ഉരുത്തിരിയുന്നത്. ദലിതുകള്‍ ഹര്‍ത്താലുമായി മറുപക്ഷത്ത് വന്നപ്പോള്‍ ഇക്കൂട്ടരുടെ ഈ വികാരം മറനീക്കി പുറത്തു ചാടി എന്നു മാത്രം.
അത്യപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഉണ്ടാവുന്ന സംഭവങ്ങളോട് പ്രതികരിച്ചു കൊണ്ട് ബഹുജനങ്ങള്‍ മൊത്തത്തില്‍ സ്വമേധയാ ഹര്‍ത്താല്‍ ആചരിക്കാറുണ്ട്. ആര്‍ക്കും അതിനെ തടയാനും ആവില്ല. എന്നാല്‍ വലുതും ചെറുതുമായ രാഷ്ട്രീയപാര്‍ട്ടികളും സാമൂഹിക സംഘടനകളും മുന്‍കൂട്ടി പ്രഖ്യാപിച്ചു നടത്തുന്ന ഹര്‍ത്താലുകള്‍ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ സമരാഭാസങ്ങളാണെന്നു കരുതുന്ന കൂട്ടത്തിലാണ് ഈ ലേഖകന്‍. ചെറിയൊരു പ്രവര്‍ത്തനം പോലും ആവശ്യമില്ലാതെ വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്ന ഇത്തരമൊരു സമരപ്രഹസനം കയ്യൊഴിയാന്‍ ഈ പാർട്ടികളൊന്നും തയ്യാറാവുകയില്ല. ഹര്‍ത്താലുകള്‍ കൊണ്ട് പൊറുതിമുട്ടേണ്ടി വരുന്ന പൊതുജനം തന്നെയാണ് ഹര്‍ത്താലിനെതിരായി അണിനിരക്കേണ്ടത്. അതാകട്ടെ എല്ലാ ഹര്‍ത്താലുകള്‍ക്കും എതിരായി പൊതു വായി നടത്തേണ്ട സമരമാണ്. ദലിത് ഹര്‍ത്താലിന് എതിരെ മാത്രം നടത്തേണ്ടതല്ല.
ഏതായാലും ദലിത് ഹര്‍ത്താലിന് എതിരെ സര്‍ക്കാരും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടികളും വിവിധ സാമൂഹ്യസംഘടനകളുമെല്ലാം നിലപാടെടുത്തത് ദലിത് സമൂഹത്തില്‍ ചെറുത്തുനില്‍പ്പിന്റെ ഊര്‍ജം സൃഷ്ടിച്ചു എന്നു കാണാം. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഘടനകള്‍ പോലും ചിന്തിക്കാത്ത വിധം വിപുലമായ ഉശിരന്‍ പ്രതികരണമാണ് ദലിത് സമൂഹത്തിന്റെ ഭാഗത്തുനിന്നു ഉണ്ടായത്. ദലിത് സമൂഹത്തിനു മാത്രമല്ല കേരളീയ സമൂഹത്തിന് മൊത്തത്തില്‍ തന്നെ ഗുണകരമായി ഭവിക്കാന്‍ സാധ്യതയുള്ള ഈ സംഭവവികാസത്തിന്റെ പശ്ചാത്തലവും ഭാവിസാധ്യതകളും എന്തെല്ലാമാണെന്ന് നോക്കാം.
സാധാരണ ഹര്‍ത്താലുകള്‍ നടക്കുമ്പോള്‍ വാഹനങ്ങള്‍ തടയുന്നതും കടകള്‍ അടപ്പിക്കുന്നതും സ്വാഭാവികമെന്ന മട്ടില്‍ പൊലീസൊന്നും ഇടപെടാറില്ല. എന്നാല്‍ ഒമ്പതിന് നടന്നത് മറ്റൊന്നാണ്. ഗീതാനന്ദനെയും സ്ത്രീകള്‍ ഉള്‍പ്പെടെ അനവധി നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റു ചെയ്യുകയും വൈകുന്നേരം വരെ കരുതല്‍തടങ്കലില്‍ വെക്കുകയും കുറെ പേരുടെ പേരില്‍ കേസേടുക്കുകയുമാണ് പൊലീസ് ചെയ്തത്. ഇടതുപക്ഷ സര്‍ക്കാര്‍ ഒരു ദലിത് മുന്നേറ്റ ത്തെ എത്രമാത്രം ഭയപ്പെടുന്നു എന്നാണു ഇതിലൂടെ തെളിയിക്കപ്പെ ട്ടത്. അധികാരികളുടെയും വ്യാപരിവ്യവസായികളുടെയും മറ്റും ഇത്തരം ദലിത് വിരുദ്ധ സമീപനം തന്നെയാണ് ശക്തമായ ഒരു ദലിത് മുന്നേറ്റത്തിനു കളമൊരുക്കിയത്.
നേതാക്കളും പ്രധാന പ്രവര്‍ത്തകരുമെല്ലാം അറസ്റ്റു ചെയ്യപ്പെട്ടിട്ടും കേരളത്തിലെ എല്ലാ മേഖലകളിലും ദലിത് കൂട്ടായ്മകള്‍ വന്‍തോതില്‍ സജീവമായി മുന്നോട്ടു വരികയും ഹര്‍ത്താല്‍ വിജയിപ്പിക്കു കയും ചെയ്തു. ചാനലുകള്‍ നല്കിയ ദൃശ്യ റിപ്പോർട്ടുകളിൽ നിന്നു തന്നെ ഹര്‍ത്താല്‍ വിജയിപ്പിക്കാനായി നടന്ന ജനകീയ പ്രകടനങ്ങളില്‍ അധികവും സമാധാനപരമായും അച്ചടക്കത്തോടെയും നയിചത് മുഖ്യമായും സ്ത്രീകള്‍, പ്രത്യേകിച്ചും യുവതികള്‍ ആയിരുന്നു എന്നു കാണാം. അതൊരു ചെറിയ കാര്യമല്ല. കേരളത്തിലെ ദലിത് സമൂഹത്തില്‍ ആന്തരികമായി തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിവര്‍ത്തനത്തിന്റെ പ്രതിഫലനമാണത്. കേരളത്തിലെ ദലിത് സാമൂഹിക മുന്നേറ്റത്തിന് നേരെ ഇടതുപക്ഷം നടത്തിയ പ്രതിലോമപരമായ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോ ഴാണ് ഇപ്പോഴത്തെ ദലിത് മുന്നേറ്റത്തിന്റെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിയാനാവുക.
കേരളത്തിലെ ദലിത്, പിന്നോക്ക വിഭാഗങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലം മുതല്ക്കു തന്നെ സാമൂഹിക നവോത്ഥാന പാതയില്‍ മുന്നേറിയവരാണ്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതി യില്‍ പിന്നോക്ക, ദലിത് വിഭാഗങ്ങളുടെ അടിത്തട്ടില്‍നിന്നുള്ള മുന്നേ റ്റത്തിന്റെ മാതൃകകളാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ 1940കളില്‍ കേരളത്തില്‍ വളര്‍ന്നുവന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ദലിത്, പിന്നോക്ക സമൂഹങ്ങളിലെ അധ്വാനിക്കുന്ന വര്‍ഗങ്ങളെ മുഴുവന്‍ ട്രേഡ് യൂണിയനുകളില്‍ സംഘടിപ്പിച്ചതോടെ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ വഴിതിരിച്ചുവിടപ്പെടുകയായിരുന്നു. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ സംഘടിപ്പിക്കപ്പെടുകയും കൂലിയും തൊഴിലവകാ ശങ്ങളും കണക്കുപറഞ്ഞു വാങ്ങാന്‍ കഴിവുള്ളവരാകുകയും ചെയ്തപ്പോള്‍ സംഭവിച്ച സാമൂഹ്യ പുരോഗതി വിപ്ലവപരം എന്ന് വിലയിരുത്തപ്പെടുകയും ചെയ്തു. പക്ഷെ, സാമൂഹിക നവോത്ഥാന പ്രക്രിയക്ക് സംഭവിച്ച വിപര്യയം ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തു.
1930കളില്‍ സാമുദായികാടിസ്ഥാനത്തില്‍ രാഷ്ട്രീയാധികാരത്തിനു വേണ്ടി നിവര്‍ത്തനപ്രക്ഷോഭത്തിന് നേതൃത്വം നല്കിയ എസ്.എന്‍. ഡി.പി. 1950കളില്‍ വിവാഹ, മരണാനന്തര ചടങ്ങുകള്‍ നടത്തുന്ന ഒരു ധര്മ്മസംഘമായി മാറി. ദലിത് നവോത്ഥാനത്തിനു ശക്തമായ അടിത്തറ പാകിയ അയ്യങ്കാളിയുടെ സാധുജനപരിപാലനസംഘത്തി ന്റെ സ്ഥാനത്ത് ഒരു കര്‍ഷകത്തൊഴിലാളി യൂണിയന് ഉയര്‍ന്നുവന്നു. കേരളത്തിലെ ദലിത്, പിന്നോക്ക വിഭാഗങ്ങള്‍ ശക്തമായ രീതിയില്‍ തുടക്കമിട്ട സാമൂഹ്യനവോത്ഥാന പ്രക്രിയ മുരടിച്ചുപോയി; അല്ല, അപ്രത്യക്ഷമായി.
80കളിലും, 90കളിലും യു.പി.യിലും ബീഹാറിലും ദലിത്,പിന്നോക്ക വിഭാഗങ്ങള്‍ സാമുദായികാടിസ്ഥാനത്തില്‍ രാഷ്ട്രീയാധികാരം പിടിച്ചു പറ്റുകയും അധികാരിവര്‍ഗ പദവി നേടുകയും ചെയ്തത് കണ്ടപ്പോ ള്‍ ഇവിടത്തെ ആ വിഭാഗങ്ങളിലെ കുറച്ച് പേരെങ്കിലും ഇവിടെ എന്താണ് സംഭവിച്ചത് എന്നതിനെപറ്റി ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. പക്ഷെ അംബേദ്കര്‍ രാഷ്ട്രീയത്തെ കുറിച്ച് ഒന്നുമറിയാതിരുന്ന അത്തരക്കാര്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
80കളുടെ രണ്ടാംപകുതിയില്‍ ഈ ലേഖകന്‍ നക്സലൈറ്റ് പ്രസ്ഥാനത്തില്‍ സജീവമായിരുന്ന കാലത്ത് മഹാരാഷ്ട്രയിലെ സഖാക്കള്‍ വഴി അംബദ്കറെ കുറിച്ച് പഠിക്കാന്‍ ഇടയായി. ദലിതുകള്‍ ഉള്‍പ്പെടെ യുള്ള ഇന്ത്യയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്ക്കിടക്ക് അംബേദ്കര്‍ രാഷ്ട്രീയം സ്വാധീനം ചെലുത്താതിരിക്കാനായി കമ്മുണിസ്റ്റുകാര്‍ നടത്തിയ വഞ്ചനാപരമായ ഇടപെടലുകളെകുറിച്ചു മനസ്സിലാക്കുന്നത് അപ്പോഴാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന് ശരിയായ ദിശ നല്കുന്നതില് അംബേദ്കര്‍ വഹിച്ച പങ്ക് ഉയര്‍ത്തിപ്പിടിച്ചു കൊണ്ടും അദ്ദേഹത്തെ ബ്രിട്ടീഷ് എജന്റ്റ് ആയി മുദ്രകുത്തി തകര്‍ക്കാന്‍ ശ്രമിച്ചതിനു ഇന്ത്യയിലെ മുഴുവന്‍ കമ്മുണിസ്റ്റു പ്രസ്ഥാനത്തിനും വേണ്ടി സ്വയംവിമര്‍ശനം നടത്തിക്കൊണ്ടും ഞങ്ങള്‍ ഒരു രേഖ അഖിലേന്ത്യാതലത്തില്‍ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു. അത് മലയാളത്തില്‍ വ്യാപകമായി പ്രത്യേകിച്ചും കുട്ടനാട് ഉള്‍പ്പെടെയു ള്ള ദലിത് മേഖലകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ മുന്‍കയ്യില്‍ ഒരു ദലിത് സംഘടന രൂപീകരിച്ചു അംബേദ്കര്‍ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. അംബേദ്കര്‍ നിലപാട് മനസ്സിലാക്കി ചിലര്‍ ചെറിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിചിരുന്നുവെങ്കിലും ഇതോടെ അന്തരീക്ഷം സജീവമായി. പക്ഷെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഇപ്പോഴും മാര്‍ക്സിസ്റ്റ്, നക്സലലൈറ്റ് സ്വാധീനങ്ങളില്‍ നിന്നു വിടുതി നേടാത്തവര്‍ ആയതുകൊണ്ട് ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ പിളർപ്പിന് ശേഷം സി.പി.ഐ. മുന്‍കൈയെടുത്തു സാധുജനപരിപാലന സംഘത്തിന്റെ തുടര്‍ച്ചയെന്നോണം രൂപീകരിച്ച കെ.പി.എം.എസ്. ഇപ്പോള്‍ പല സംഘടനകളായി പിരിഞ്ഞിരിക്കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്ന തിരിച്ചറിവ് ഒരു കാരണമാവുകയുണ്ടായി. സി.പി. എം. തങ്ങളുടെ കര്‍ഷകത്തൊഴിലാളി യൂണിയന് ദലിത് പേര് നൽകാന് വരെ നിര്‍ബന്ധിതരായി. വോട്ടബാങ്ക് രാഷ്ട്രീയം കൊണ്ട് കലുഷിതമായ കേരള സാഹചര്യത്തില്‍ ദലിത് സമൂഹം കൂടുതല്‍ ശിഥിലീകരിക്കപ്പെടുന്ന കാഴ്ചയാണ് ദൃശ്യമായിരുന്നത്.

Express photo by Renuka Puri
അഖിലേന്ത്യാതലത്തില്‍ പല മേഖലകളിലും ദലിത് മുന്നേറ്റങ്ങള്‍ പ്രത്യക്ഷമാവുകയും ജിഗ്നേഷ് മേവാനിയും ചന്ദ്രശേഖര്‍ ആസാദും പോലുള്ള യുവ നേതൃത്വങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തപ്പോള്‍ കേരളം അതില്‍നിന്നു വിട്ടുനില്‍ക്കുകയാണോ എന്ന ആശങ്ക പലരും പങ്കുവെക്കുകയുണ്ടായി. സംഘപരിവാര്‍ ഭീഷണി നേരിട്ട് ബാധിക്കുന്ന ഒരു പ്രധാന സാമൂഹിക വിഭാഗം എന്ന നിലയ്ക്ക് കേരളത്തിലായാലും ദലിതുകള്‍ കൂടുതല്‍ സജീവമായെ പറ്റൂ എന്ന യാഥാര്‍ത്ഥ്യമാണ് ഈ ഹര്‍ത്താലില്‍ കണ്ടത്. കേരളത്തിന്റെ പൊതുവായ ജനാധിപത്യവല്‍ക്കര ണത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഒരു വഴിത്തിരിവായി ഇത് മാറിക്കൂടയ്കയില്ല. കേരളത്തിലെ ദലിത് സമൂഹത്തില്‍നിന്നു പുതിയ നേതൃത്വങ്ങളും പുതിയ മുദ്രാവാക്യങ്ങളും പുതിയ പ്രതികരണ രീതികളും ഉയർന്നുവരാമെന്ന പ്രതീക്ഷയ്ക്ക് ഇടമുണ്ട്.