രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചപ്പോൾ അതിലേറ്റവും ശ്രദ്ധേയമായി കണ്ട കാര്യം യുവതലമുറയെ അഭിസംബോധന ചെയ്യുന്ന ഒരു പ്രഖ്യാപനമാണ്. യുവതലമുറയ്ക്ക് തൊഴിലവസരം ലഭ്യമാക്കി കേരളത്തിൽ തന്നെ നിലനിർത്താൻ നടപടികൾ സ്വീകരിക്കുമെന്നാണ് ആ പ്രഖ്യാപനം. ഇതോടൊപ്പം മെയ്ക് ഇൻ കേരളാ പദ്ധതി വികസിപ്പിക്കുമെന്നും ഇതിനായി ഈ വർഷം നൂറ് കോടി രൂപ വകയിരുത്തുന്നതായും മന്ത്രി വ്യക്തമാക്കി. ഇതിനൊപ്പം സംസ്ഥാനത്തെ ജനനനിരക്ക് കുറയുന്നതും തൊഴിൽ ശക്തി കുറയുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
“വലിയ നിക്ഷേപം നടത്തി സർക്കാർ പ്രാപ്തരാക്കുന്ന യൗവനങ്ങളെ പരമാവധി നമ്മുടെ നാട്ടിൽ തന്നെ നിലനിർത്താനും തൊഴിലൊരുക്കാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കണം. കൂടാതെ ആധുനിക തൊഴിലുകളിൽ ഏർപ്പെടുന്നവരെ കേരളത്തിനു പുറത്തുനിന്നും സംസ്ഥാനത്തേക്ക് ആകർഷിക്കാൻ കഴിയണം” എന്നും “മെച്ചപ്പെട്ട തൊഴിലവസരങ്ങളും ജീവിത സൗകര്യങ്ങളും ലഭ്യമാക്കിയാൽ മലയാളികൾ തിരഞ്ഞെടുക്കുക നമ്മുടെ നാട് തന്നെയാകും അവർക്ക് ആധുനികവും അനുയോജ്യവുമായ തൊഴിലവസരങ്ങൾ നൽകാനും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും വേണ്ട നടപടികൾ ത്വരിതപ്പെടുത്തേണ്ടതുണ്ട്. നവകേരളം ലക്ഷ്യംവയ്ക്കുന്നത് ഇത്തരം മുൻഗണനകളാണ്” എന്നും ഏറെ പ്രതീക്ഷാനിർഭരമായി അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ വിശദീകരിക്കുന്നുണ്ട്.
കേരളത്തെ സംബന്ധിച്ച് ബാലഗോപാൽ നടത്തിയ ഈ പ്രഖ്യാപനം സൈബർ ലോകത്തെ ഒരു കാൽപ്പനിക ആഘോഷത്തിലൊതുങ്ങാനാണ് സാധ്യത. സാമൂഹികമായി നിലനിൽക്കുന്ന സാഹചര്യത്തെ പൂർണമായും മാറ്റിനിർത്തിയുള്ള ചിന്തയിൽ മാത്രമേ, ഇത്തരമൊരു പ്രഖ്യാപനത്തിന് വലിയൊരു ആകർഷണീയത തോന്നുകയുള്ളൂ. വസ്തുതകളും യാഥാർത്ഥ്യങ്ങളും ബാലഗോപാൽ നടത്തിയിരിക്കുന്ന ഈ പ്രഖ്യാപനത്തിലെ സദ്ദുദ്ദേശത്തെ പിന്തുണയ്ക്കുന്നതാകില്ല. ബാലഗോപാൽ ഭാവി കേരളത്തെ സ്വപ്നം കണ്ട് നടത്തിയ ഈ പ്രഖ്യാപനം പക്ഷേ, വർത്തമാന കേരളത്തിലെ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നതല്ലെന്ന് പറയേണ്ടി വരും.
യുവതലമുറയെ നിലനിർത്താൻ കേരളത്തിൽ തൊഴിൽ സാധ്യതകൾ തുറക്കുമെന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ, മറുവശത്ത് കേരളത്തിൽനിന്നു വിദേശത്തേക്കു തൊഴിലവസരം തുറക്കുന്ന സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും സജീവമായി പ്രവർത്തിക്കുന്നുണ്ട്. അത് വേണ്ടതുമാണ്. കേരളത്തിലേറ്റവും കൂടുതൽ മികവുറ്റതും ഇനിയും ആവശ്യമുള്ളതുമായ ഒന്നാണ് ആരോഗ്യമേഖലയിലെ ജീവനക്കാർ. ഡോക്ടർമാർ മാത്രമല്ല, അവിടെ വേണ്ടിവരുന്നത് നഴ്സുമാർ, ലാബ് ഉൾപ്പടെ നിരവധി ടെക്നീഷ്യൻ ജോലികൾ ചെയ്യുന്നവർ, പാലിയേറ്റീവ് മേഖലയിൽ ആവശ്യമുള്ളവർ എന്നിവരാണ്. ഈ മേഖലയിൽ തൊഴിൽ തേടുന്നവർ കൂടുതലും വിദേശത്തേക്കാണു ശ്രമിക്കുന്നത്. നോർക്കയും ഒഡേപെക്കും ഉൾപ്പടെയുള്ള സർക്കാർ സ്ഥാപനങ്ങൾ ഈ മേഖലയിലുള്ളവർ അടക്കം കേരളത്തിലെ തൊഴിൽ ശക്തിയെ വിദേശത്തേക്കു തൊഴിലവസരങ്ങൾ തേടിപ്പിടിച്ച് കൊടുക്കുന്നുണ്ട്.
പണ്ട് ഗൾഫായിരുന്നു മലയാളിയുടെ സ്വപ്നലോകമെങ്കിൽ അതു കാലത്തിനനുസരിച്ച് മാറി. അമേരിക്കയും ഓസ്ട്രേലിയയും യൂറോപ്പുമൊക്കെയാണു രണ്ടു ദശകത്തിലേറെയയുള്ള മലയാളിയുടെ സ്വർഗരാജ്യം. ആ മേഖലകളിലേക്കുള്ള മലയാളികളുടെ തൊഴിൽ കുടിയേറ്റവും പഠനകുടിയേറ്റവും എണ്ണക്കണക്കിൽ കൂടിയിട്ടേയുള്ളൂ. എന്തിന്, കേരളം വിട്ടാൽ മതിയെന്ന ചിന്തയില്ലാത്ത പുതുതലമുറക്കാരുടെ എണ്ണം വിരലിലെണ്ണാവുന്നതാണ് എന്നതാണ് ഓരോ വർഷവും വിദ്യഭ്യാസത്തിനായി മാത്രം പുറത്തുപോകുന്ന കുട്ടികളുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
ഇതിനു കാരണം കേരളത്തിലെ നമ്പർ വൺ അല്ലാത്ത ഘടകങ്ങളാണ്. കേരളം പല കാര്യങ്ങളിലും മറ്റു സംസ്ഥാനങ്ങൾക്കും ലോകത്തിനും മാതൃകയാണെന്ന് അഭിമാനിക്കാം. എന്നാൽ, കേരളത്തിലെ രൂഢമൂലമായ സാമൂഹിക അനാചാരങ്ങൾ, സാമൂഹത്തിലെ തുറന്ന തടവറകൾ, അടഞ്ഞ സമൂഹ മനസ് എന്നിവ പുതുതലമുറയെ ഈ സാമൂഹിക ഭൂമിശാസ്ത്രത്തെ ഉപേക്ഷിച്ച് പോകാൻ പ്രേരിപ്പിക്കുന്നത്. അവരുടെ സ്വാതന്ത്ര്യവും സ്വപ്നവും പലവിധ സാമൂഹിക സമ്മർദ്ദങ്ങൾക്കു മുമ്പിൽ ബലിയർപ്പിക്കേണ്ടി വരുന്നത് ഇഷ്ടപ്പെടാത്തതിനാലാണു കേരളം വിട്ടുപോകുന്നതിനു പ്രധാന കാരണങ്ങളിലൊന്ന്. ആ വിഷയത്തെ അഭിമുഖീകരിക്കാനോ പ്രശ്നത്തിനു പരിഹാരം കണ്ടെത്താനോ തൊലിപ്പുറത്തെ നവോത്ഥാന വാചകമടി കൊണ്ട് മതിയാകില്ല. അതു പരിഹരിക്കപ്പെടാതെ കേരളത്തിലെ തൊഴിൽ സാധ്യതകൾ ഉയർത്തിക്കാട്ടിയാൽ പുതിയ മലയാളി തലമുറ ഇവിടെ നിൽക്കില്ല. സ്വാതന്ത്ര്യം തേടിയുള്ള അവരുടെ യാത്രയിൽ അസ്വാതന്ത്ര്യവും അനാചാരവും കെട്ടിക്കിടക്കുന്ന പൊട്ടക്കിണറാണ് കേരളം. അതുകൊണ്ടു തന്നെ അവർ കേരളം വിട്ട് ചിറകുവിരിച്ച് പുതിയ വിഹായസ്സിലേക്കു പറക്കാനായിരിക്കും ആഗ്രഹിക്കുക. അവരെ പിടിച്ചുനിർത്താനുള്ള പാങ്ങ് നിലവിൽ കേരളത്തിലെ രോഗഗ്രസ്തമായ സമൂഹിക സാഹചര്യങ്ങൾക്കില്ല.
അതുകൊണ്ടാണ് സ്വതന്ത്രലോകം തേടിയുള്ള യാത്രയ്ക്കു മലയാളിയെ ഇന്നും പ്രേരിപ്പിക്കുന്നത്. അത് തൊഴിൽ തേടിയുള്ള യാത്ര മാത്രമല്ല, പഠിക്കാനും അവർ കേരളം വിടുന്നു. കേരളത്തിലെ അധ്യാപകരോ കോഴ്സുകളോ മോശമാണെന്നു പറഞ്ഞല്ല, ആ ‘നാടുവിടൽ.’ പണ്ടും കേരളത്തിന് പുറത്തുപോയി പഠിക്കാനും ജോലി ചെയ്യാനും ആളുകൾ ശ്രമിച്ചതിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അവരുടെ സ്വാതന്ത്ര്യദാഹമായിരുന്നു. കേരളത്തിലെ ജാതിയും സമൂഹ വ്യവസ്ഥകളും അന്ന് അതിനൊരു കാരണമായിരുന്നു. ആ അനാചാരങ്ങൾ മറ്റൊരു തരത്തിൽ ഇന്നും നിലനിൽക്കുന്നു. കോവിഡിനുശേഷം പ്രൈമറി സ്കൂള്‍ കുട്ടികളുടെ പോലും പഠനോപകരണമായി മാറിയതാണു മൊബൈൽ ഫോൺ. എന്നാൽ പ്രൊഫഷണൽ കോളജിൽ ഉൾപ്പടെ ഫോൺ ഉപയോഗത്തിനു നിയന്ത്രണവും നിരോധനവുമുള്ള സ്ഥലമാണിന്ന് കേരളം. അതിൽ ചില ഹോസ്റ്റലുകളിൽ പെൺകുട്ടികൾക്കു വൈകുന്നേരം ആറു മണി വരെയും ആൺ കുട്ടികൾക്ക് എട്ടു മണിവരെയും മൊബൈൽ ഫോൺ ഉപയോഗിക്കാമെന്ന നിയമവുമുണ്ട്. കോളജ് ഹോസ്റ്റലും ലൈബ്രറിയും ഉപയോഗിക്കുന്നതിനു പോലും പെൺകുട്ടികൾക്കു മാത്രം സമയക്രമം നിശ്ചിക്കുന്ന പ്രൊഫഷണൽ കോളജുകളും സർവകലാശാലകളുമുള്ള അത്ഭുതദ്വീപായ കേരളത്തിൽനിന്ന് ഓടി രക്ഷപ്പെടാൻ ആഗ്രഹിച്ചില്ലെങ്കിലേ അവരെ കുറ്റം പറയാൻ സാധിക്കൂ. സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രം അസമയം നിശ്ചിയിട്ടുള്ള ഒരു പ്രദേശത്ത് സർഗാത്മകമായി എന്ത് ചെയ്യാനാണ് കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ ശക്തിയായ സ്ത്രീകൾക്കു സാധിക്കുക? എന്ന് ചോദ്യത്തിന് ഉത്തരം തേടിയാൽ മാത്രം മതി നമ്മുടെ നാട്ടിൽനിന്ന് ആളുകൾ പുറത്തേക്കു പോകാൻ വഴി തേടുന്നതിനു കാരണം.
തൊഴിലലില്ലാത്തുകൊണ്ട് മാത്രമല്ല, കേരളത്തിൽനിന്നു തൊഴിൽ തേടി ഗൾഫിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും പറന്നത്. നിരവധി സർക്കാർ ജീവനക്കാരും അധ്യാപകരുമടക്കം 1980 കളിൽ അവധിയെടുത്തും ജോലി രാജിവെച്ചും ഗൾഫ് രാജ്യങ്ങളിൽ ജോലിക്കു പോയിട്ടുണ്ട്. അതിനു പ്രധാന കാരണം അവിടെനിന്നു ലഭിക്കുന്ന മികച്ച വരുമാനവും വിദേശ ജോലി നൽകുന്ന സാമൂഹിക അംഗീകരവുമായിരുന്നു. അതിന് പുറമെ പഠിക്കാനും ജോലിക്കുമായി പോകുന്ന ഓരോ വ്യക്തിക്കും ലഭിക്കുന്ന വ്യക്തിപരമായ എക്സ്പോഷർ കേരളത്തിൽനിന്നു ലഭിക്കുന്നതിനേക്കാൾ വളരെ വ്യത്യസ്തവുമാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതു നല്ല കാര്യമാണ്. എന്നാൽ അത് കേരളത്തിലെ യുവതലമുറയെ ജോലി തേടിയുള്ള യാത്ര തടയുന്നതിനു സഹായകമാകില്ല.
അങ്ങനെയാകണമെങ്കിൽ അതിനുള്ള ഘടകങ്ങളിൽ പ്രധാനം കേരളത്തിലെ സാമൂഹിക അന്തരീക്ഷം മെച്ചപ്പെടുകയെന്നതാണ്. അതിനായി ബജറ്റ് പ്രസംഗത്തിലെ സ്വപ്നം കൊണ്ടോ നവോത്ഥാന വാക്പയറ്റുകൊണ്ടോ സാധ്യമാകില്ല. അതിനായി കേരളത്തിലെ സാമൂഹിക അന്തീരക്ഷത്തെ അടിമുടി ഉടച്ചുവാർക്കാൻ സാധ്യമാകണം. നിലവിൽ വോട്ട് ബാങ്ക് രാഷ്ട്രീയവും ഭീതിജനകമായ സദാചാരവാദവും അതിരുകടന്ന ആൺ അധികാര പ്രയോഗങ്ങളും ജനാധിപത്യനിഷേധവുമൊക്കെ ഒന്നിച്ച് കുടിപാർത്തിരിക്കുന്ന കേരളത്തിൽ ബജറ്റിലെ സ്വപ്നം എത്രത്തോളം സാധ്യമാകുമെന്നതാണ് അടിസ്ഥാന ചോദ്യം.
സമസ്ത തൊഴിൽ മേഖലകളിലും മലയാളിയുടെ ജീവിത നിലവാരത്തിന് അനുസരിച്ച് ലഭിക്കാത്ത തുച്ഛമായ സേവന വേതന വ്യവസ്ഥകളാണു തൊഴിൽ കുടിയേറ്റത്തിന് അടിസ്ഥാനമാകുന്ന മറ്റൊരു പ്രധാന കാരണം. ബജറ്റിൽ മന്ത്രി ബാലഗോപാൽ പ്രഖ്യാപിച്ച് ഗസ്റ്റ് അധ്യാപകരുടെ വേതനം വർധിപ്പിക്കുമെന്നത്. കേരളത്തിൽ ഗസ്റ്റ് അധ്യാപകരുടെ ദയനീയമായ വേതനനിരക്ക് മനസ്സിലാക്കിയാൽ മാത്രം മതി കേരളം വിട്ട് പുറംലോകത്ത് ജോലി തേടി പോകുന്നവരുടെ മനഃശാസ്ത്രം മനസ്സിലാക്കാൻ.
കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിക്കു കിട്ടുന്ന കൂലി പോലും കിട്ടാത്തതാണ് പല പ്രൊഫഷണൽ ജോലി ചെയ്യുന്നവരുടെയും സ്ഥിതി. പലവിധ കൂലിപ്പണിക്ക് എത്തിയിട്ടുള്ളവർക്കു ലഭിക്കുന്ന ദിവസക്കൂലി പോലും ലഭിക്കാത്ത പ്രൊഫഷണലുകൾ ഇവിടെയുണ്ട് എന്ന യാഥാർത്ഥ്യമാണ് പുറത്തേക്കുള്ള തൊഴിൽ തേടിയുള്ള ഒഴുക്കിന് പ്രധാന കാരണം. നഴ്സുമാർ വിദേശത്ത് ജോലി തേടി പോകുന്നതിനു പ്രധാന കാരണം ഇവിടുത്തെ തൊഴിൽ ചൂഷണമാണ്. നഴ്സുമാർക്കു വിദ്യാഭ്യാസ വായ്പ തിരിച്ചടവിനായി പോലും വേതനം ലഭിക്കാത്ത കഥ കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വേതനത്തിനായി അവർ സമരം നടത്തിയതും കേരളത്തിലായിരുന്നു.
സ്ഥിരവരുമാനമില്ലാത്തവരോ മാന്യമായ വേതനം ലഭിക്കാതെ ജോലി ചെയ്യേണ്ടി വരുന്നതോ ആയ ഡോക്ടർമാരും എൻജിനീയർമാരും അധ്യാപകരും ഉൾപ്പടെയുള്ള പ്രൊഫഷണലുകളുടെ എണ്ണം കേരളത്തിൽ കൂടുതലാണ്. അവരും പഠിച്ച മേഖല ഉപേക്ഷിച്ച് പോലും മറ്റു മേഖലകളിൽ പോലും ജോലി തേടി കേരളം വിട്ടുപോകുന്നുണ്ട്. അവരെ കേരളത്തിൽ പിടിച്ചുനിർത്താനുള്ള മന്ത്രിയുടെ ആഗ്രഹത്തെ ആർക്കും കുറ്റംപറയാനുമാകില്ല. അങ്ങനെ ഒരാലോചനയ്ക്കു മുതിർന്നത് തന്നെ കേരളത്തിലെ അന്തരീക്ഷത്തിൽ വലിയൊരു കാര്യവുമാണ്. എന്നാലും അതിനുതകുന്ന സാഹചര്യം ഇവിടെ ഉണ്ടോയെന്നതു പരിശോധിക്കപ്പെടേണ്ടതാണ്. അതു പരിഹരിക്കുന്ന രീതിയിൽ മാന്യമായ വേതനം നൽകുന്ന സാഹചര്യം കേരളത്തിൽ ഏറ്റവും ആവശ്യമുള്ള ആരോഗ്യ വിദ്യാഭ്യസ മേഖലകളിൽ പോലും ഉറപ്പാക്കാൻ സാധിക്കുന്നില്ല. അപ്പോൾ മറ്റു മേഖലകളുടെ കാര്യം പറയുകയും വേണ്ട.
ഇങ്ങനെയുള്ള അടിസ്ഥാനപരമായ സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങളെ പരിഹരിക്കാനുള്ള നടപടികൾ ഇല്ലാതെയുള്ള ഈ പ്രഖ്യാപനം മനോഹരമായ നടക്കാത്തൊരു സ്വപ്നമായി അവശേഷിക്കാൻ മാത്രമേ സാധ്യതയുള്ളൂ.