scorecardresearch
Latest News

വികസന അജണ്ട ഇല്ലാതെപോയ ബജറ്റ്

പത്ത് മാർക്കിന്റെ പരീക്ഷയിൽ കഷ്‌ടി നാലര-അഞ്ച് മാർക്ക് മാത്രമേ ഈ ബജറ്റിന് നൽകാൻ കഴിയു. കെ എൻ ബാലഗോപാൽ അവതരിപ്പിച്ച മൂന്നാം ബജറ്റിനെ കുറിച്ച് ഡെവലപ്മെന്റ് ഇക്കണോമിസ്റ്റും അനലിസ്റ്റുമായ രശ്മി ഭാസ്കരൻ എഴുതുന്നു

kerala budget 2023, opinion, reshmi bhaskaran, iemalayalam
ചിത്രീകരണം : വിഷ്ണു റാം

കേരളം വികസനത്തിന്റെ വേറൊരു നിലയിൽ നിന്നാണ് കാര്യങ്ങളെ കാണുന്നത്. കേരളത്തിന്റെ പ്രശ്നങ്ങൾ അടിസ്ഥാന സൗകര്യങ്ങളുടെ അടുത്ത തലത്തിലേക്ക് ഉയർത്തേണ്ടത് എങ്ങനെ എന്നതും, മൂന്നാം തലമുറ വിദ്യാസമ്പന്നരും രണ്ടാം തലമുറ സെക്കൻഡറി വിദ്യാഭ്യാസം നേടിയവരും ഉള്ള ഒരു പൊതു സമൂഹത്തിന്റെ ആവശ്യങ്ങളും പ്രതീക്ഷകൾക്ക് ചിറകുകൾ കൊടുക്കുക എന്ന ഉത്തരവാദിത്തമാണ് കേരള ധനമന്ത്രിക്ക് ഉള്ളത്. ഒപ്പം വരുമാനത്തിനായി മാനുഷിക വിഭവത്തേയും സേവനമേഖലയെയും അതിയായി ആശ്രയിക്കേണ്ടി വരുക. ഒപ്പം ഒരു ആശ്രിത സമ്പദ് വ്യവസ്ഥയിലേക്ക് കാലുറപ്പിച്ചു കഴിഞ്ഞതിനാൽ, ഉള്ള മാനവ വിഭവത്തെ ഏറ്റവും നന്നായി ഉപയോഗിക്കാനുള്ള പദ്ധതികളും നയങ്ങളും കൊണ്ട് വരിക. ഇതൊക്കെയാണ് പ്രധാനമായും കേരള സർക്കാരിന്റെ മുൻപിലുള്ള പ്രധാന പ്രതിസന്ധികൾ. ആ തലത്തിൽ2023-24 ലെ കേരള ബജറ്റ് എത്രമാത്രം വിജയിച്ചിട്ടുണ്ട് എന്ന് നോക്കാം.

2016 മുതൽ എന്തെങ്കിലും ഒരു കൃത്യമായ വികസന അജണ്ട ഇടത്പക്ഷ ബജറ്റുകൾ മുന്നോട്ട് വെയ്ക്കാറുണ്ട്. ഇത്തവണത്തെ ബജറ്റിൽ അത്തരം ഒരു അജണ്ട കാണ്മാനില്ല. കഴിഞ്ഞ ബജറ്റുകൾ വകയിരുത്തി തുടക്കം ഇട്ട പദ്ധതികൾ മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമമാണ് പ്രധാനമായും കാണുന്നത്. 2023-24 ൽ പല മേഖലകളിലും പ്രതീക്ഷിത വരുമാനം കഴിഞ്ഞ വർഷത്തിന് അടുത്തോ, അല്ലെങ്കിൽ 2021-22 കാലത്തേക്കാളും കുറവോ ആണ് പ്രതീക്ഷിക്കുന്നത്. അത് കൊണ്ടായിരിക്കാം പുതിയ വലിയ കാൽവെയ്പുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

ധനമന്ത്രി, പുതിയ നികുതികളിലൂടെ വരുമാന വർദ്ധന പ്രതീക്ഷിക്കുമ്പോൾ, അത് വഴി ഉണ്ടാവുന്ന പ്രതിഷേധങ്ങളെ കുറയ്ക്കാനുള്ള ആശ്വാസ പ്രഖ്യാപനങ്ങൾ ഒന്നും നടത്തിയിട്ടില്ല എന്നത് ഒരു ഇടത് പക്ഷ നയമായി തോന്നുന്നില്ല. കേന്ദ്രതിലേതു പോലെ, ഇവിടെയും ധനമന്ത്രിയുടെ പ്രസംഗത്തിലെ നിസംഗത സാധരണ പൗരന്റെ പ്രതീക്ഷകളുടെ അവസാന തുരുത്തും ഇല്ലാതാക്കും എന്ന് പറയാതെ വയ്യ. കാരണം പെട്രോളിയം ഉത്‌പന്നങ്ങളുടെ മേലുള്ള രണ്ട് രൂപ സാമൂഹിക സുരക്ഷാ സെസും, വസ്തുവിന്റെ ന്യായ വില (ഫെയർ വാല്യൂ) ഉയർത്തിയതും വാഹന, മദ്യ, സ്റ്റാമ്പ് നികുതികൾ വർദ്ധിപ്പിച്ചതും ജനത്തിന് വലിയ ഭാരമായിത്തീരും.

ജി എസ് ടി വന്നതിന് ശേഷം സംസ്ഥാനങ്ങൾക്ക് നികുതി വർദ്ധിപ്പിക്കാനുള്ള വകുപ്പുകൾ വളരെ കുറവാണ്. കേരള ധനമന്ത്രി ഒറ്റയടിക്ക് എവിടെയൊക്കെ നികുതി വർദ്ധിപ്പിക്കാമോ അതൊക്കെ ചെയ്തു എന്ന് കാണാം. സത്യത്തിൽ ഇത്തരം ഒരു നിലപാട് 2020ൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന് എടുക്കാമായിരുന്നു, ശമ്പളവർദ്ധന കോവിഡിന്റെ മറവിൽ മരവിപ്പിക്കുകയോ, അല്ലെങ്കിൽ നാമമാത്രമായി നൽകുകയോ ചെയ്യാമായിരുന്നു. കാരണം ശമ്പള പരിഷ്‌കരണ കമ്മീഷൻ പോലും ‘വേണ്ടണം’ എന്ന രീതിയിൽ ആണ് ശമ്പള വർദ്ധന ശുപാർശ ചെയ്തത്. രാഷ്ട്രീയ നേതൃത്വത്തിന് കൃത്യമായ തീരുമാനം എടുക്കാമായിരുന്നു. ഏകദേശം 11 ലക്ഷം വരുന്നവർക്കായി (നിലവിൽ സർവീസിൽ ഉള്ളവരും സർവീസ് പെൻഷൻകാരും) സംസ്ഥാനത്തിന്റെ തനത് വരുമാനത്തിന്റെ 76 ശതമാനം ആണ് നീക്കിവെച്ചിരിക്കുന്നത്. 2021-22 കാലത്ത് സംസ്ഥാനത്തിന്റെ തനത് വരുമാനത്തിന്റെ 103 ശതമാനമാണ് ശമ്പളത്തിനും സർവീസ് പെൻഷനും മാത്രമായി കേരളം ചെലവാക്കിയത്. 2023-24 ൽ ഇത് 70 ശതമാനം ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സർക്കാർ പ്രവർത്തിക്കണ്ടേ എന്ന് ചോദിക്കുമ്പോൾ ഒരു പ്രശ്‌നം വിപണി അധിഷ്ഠിത ശമ്പളം കൊടുക്കുമ്പോൾ അതനുസരിച്ചുള്ള സേവന വ്യവസ്ഥകളും കൊണ്ടുവരണം. അവധികളുടെ എണ്ണം നിയന്ത്രിക്കണം, പ്രൊമോഷനും ഇൻക്രിമെന്റുകളും പണിയെടുത്ത് നേടേണ്ടതാണ്, അല്ലാതെ സ്വാഭാവികമായ പ്രക്രിയ അല്ല. മുൻനിര ഉദ്യോഗസ്ഥരുടെ പ്രവർത്തന അവലോകനത്തിന് പൊതുജനങ്ങളുടെ റേറ്റിങ് അടക്കമുള്ള നടപടികൾ കൊണ്ട് വരാമായിരുന്നു. ഇതൊന്നും ഇല്ലാതെ ഒരു പ്രതിസന്ധി ഘട്ടത്തിൽ ശമ്പള വർദ്ധന നടത്തിയത് ഉണ്ടാക്കിയ ബാധ്യത തുടരുകയാണ്. അന്ന് ഒരു ഉറപ്പുള്ള തീരുമാനം എടുത്തിരുന്നെങ്കിൽ, ഇന്ന് കാടടച്ചുള്ള നികുതി വർദ്ധനവിന് ധനമന്ത്രിക്ക് മുതിരേണ്ടി വരില്ലായിരുന്നു. കാരണം ആ തീരുമാനം മൊത്തം കേരള കുടുംബങ്ങളുടെ വെറും 10 ശതമാനത്തെ മാത്രം ബാധിക്കുന്നതായിരുന്നു, ഇന്ന് മൊത്തം ജനത്തിന്റെ നടുവ് നികുതി ഭാരത്തിൽ ഒടിയുന്ന അവസ്ഥ വന്നു. 2000 കോടി രൂപ പണപ്പെരുപ്പം തടയാൻ നീക്കിവച്ചാലും ഈ നികുതി വർദ്ധനവ് ഉണ്ടാക്കാവുന്ന പണപ്പെരുപ്പം എത്രയെന്ന് പറയാൻ വയ്യ. ഈ തീരുമാനത്തിൽ ഇടത് പക്ഷക്കാർ പോലും സർക്കാരിന്റെ ഒപ്പം നിൽക്കണമെന്നില്ല. ജനപക്ഷ ഭരണകൂടം എന്ന പേര് ഇല്ലാതാകുന്ന പ്രഖ്യാപനങ്ങൾ ആയിപ്പോയി.

ഒരു കാര്യം വ്യക്തമാണ് സമ്പദ് വ്യവസ്ഥയിൽ ഉണ്ടായ ഉത്തേജനത്തെ വേണ്ടരീതിയിൽ പൊലിപ്പിച്ചു മുന്നോട്ട് കൊണ്ട് പോകാനുള്ള ഒരു ദിശാബോധം കൊടുക്കാൻ കഴിഞ്ഞോ എന്ന ചോദ്യം ഈ ബജറ്റിനെ സംബന്ധിച്ച പ്രസക്തമാണ്. കേരളത്തിലെ യുവ ജനതയെ ആകർഷിക്കാൻ എന്തുണ്ട്, സ്ത്രീ ശക്തിയെ കുടുംബശ്രീയുടെ വലയത്തിൽ നിന്ന് അടുത്ത നിലയിൽ എത്തിക്കാൻ എന്തുണ്ട് എന്നൊക്കെ ചോദിച്ചാൽ നീക്കിയിരുപ്പ് കാണിച്ച് അതൊക്കെ തൊട്ട് കൂട്ടിയിട്ടുണ്ട് എന്നെ പറയാൻ പറ്റു. അതിനപ്പുറം ഉള്ള ആശയങ്ങളോ നിർദ്ദേശങ്ങളോ പ്രഖ്യാപനങ്ങളോ ഉണ്ടായിട്ടില്ല. ചുരുക്കത്തിൽ പത്ത് മാർക്കിന്റെ പരീക്ഷയിൽ കഷ്‌ടി നാലര-അഞ്ച് മാർക്ക് മാത്രമേ ഈ ബജറ്റിന് നൽകാൻ കഴിയു.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Kerala budget 2023 k n balagopal third budget lacks development agenda resmi bhaskaran