കേരളം മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലമാണ് ഇപ്പോൾ. കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴുള്ള പിന്തുണ പോലും പലപ്പോഴും കഴിഞ്ഞ ഏഴ് വർഷത്തോളമായി കേരളത്തിന് കിട്ടുന്നില്ല എന്ന പരാതിയുണ്ട്. ആ പരാതിക്ക് അടിസ്ഥാനമായ നിരവധി കാരണങ്ങൾ ചൂണ്ടിക്കാണിക്കാനും കേരളത്തിന് കഴിയും.
കേരളത്തിൽ നിന്നും ഒരാളെ പോലും ജയിപ്പിക്കാനാകാത്ത വിഷമം അല്ലെങ്കിൽ തങ്ങൾ ഭരിക്കുന്ന സ്ഥലങ്ങളിലൊന്നും കേരളത്തിലെ നേട്ടങ്ങൾ ഇല്ലായ്മ, ഇതെല്ലാം കേരള വിരുദ്ധതയായി മാറിയിരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി എന്ന പാർട്ടിക്ക്. കേരളത്തിലെ ബി ജെ പിക്കാർക്കും കേരളത്തിനെതിരെ രോഷമുണ്ട്. അങ്ങ് യു പിയിലെ യോഗിക്കും രോഷമുണ്ട്. ഇതെല്ലാമാണെങ്കിലും കണക്കിലും കാര്യത്തിലും കേരളം പലയിടത്തും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ആറ് വർഷത്തോളമായി കേരളം തുടർച്ചയായി പ്രതിസന്ധികളിലൂടെ കടന്നുപോകുന്നത്. ഓഖി, പ്രളയം, ഉരുൾപൊട്ടലുകൾ, തുടങ്ങി തുടർച്ചയായ പ്രകൃതി ദുരന്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതിനൊപ്പം കോവിഡിലെ മൂന്ന് തരംഗങ്ങളും കേരളത്തിന് കനത്ത തിരിച്ചടി നൽകിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമുണ്ടായ ലോക്ക്ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ കേരളത്തിലെ ജനജീവിതത്തെ ബാധിച്ചു..
നോട്ട് നിരോധനം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും കരകയറുന്നതിന് മുമ്പ് തന്നെ വന്ന ജി എസ് ടി പരിഷ്‌ക്കാരം കേരളത്തിന് മുന്നിൽ കനത്ത വെല്ലുവിളി ഉയർത്താൻ പോകുന്നത് വരുന്ന വർഷങ്ങളിലാണ്. കഴിഞ്ഞ കാലങ്ങളിൽ ജി എസ് ടി വരുമാനത്തിൽ വരുന്ന കുറവ് നികത്താൻ കേന്ദ്രം ധനസഹായം നൽകുമായിരുന്നുവെങ്കിൽ അത് നിലയ്ക്കാൻ പോകുകയാണ്. അതോടെ കേരളത്തിലെ വരുമാനത്തിൽ വൻ ഇടിവ് വരും.
മുമ്പ് കേരളത്തിന് ലഭിച്ചിരുന്ന വരുമാനത്തിൽ കുറവാണ് ജി എസ് ടി വന്നതോടെ സംഭവച്ചിത്. ജി എസ് ടി ഫെഡറൽ സംവിധാനത്തിന് അനുഗുണല്ലെന്നും സംസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് കേരളത്തിന് ഗുണം ചെയ്യില്ലെന്നുമുള്ള വാദങ്ങളെയൊക്കെ സി പി എം നേതാവും ധനമന്ത്രിയുമായിരുന്ന ഡോ. തോമസ് ഐസക്ക് ഉൾപ്പടെ ആദ്യം അംഗീകരിച്ചിരിന്നില്ല. എന്ന് മാത്രമല്ല, കാലം മാറുന്നത് കാണാനാവാതെ കാൽപ്പനിക സ്വപ്നങ്ങളിൽ അഭിരമിച്ച് ജി എസ് ടിക്ക് വേണ്ടി വാദിക്കുകയും ചെയ്തു. യാഥാർത്ഥ്യം മനസ്സിലാക്കി വന്നതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന കാഴ്ചയാണ് കേരളം കണ്ടത്.
ഒന്നാം പിണറായി സർക്കാരിന് മുൻപുള്ള ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കേരളത്തിലെ ധനസ്ഥിതി ഒട്ടും മെച്ചമായിരുന്നില്ല. പുറത്തുകാണുന്നതായിരുന്നില്ല യഥാർത്ഥത്തിൽ കേരളത്തിലെ അവസ്ഥ. അന്നും അതിനു മുൻപും ഒക്കെ കടംവാങ്ങി കാലംകടന്നുപോക്കുകയായിരിന്നു നമ്മൾ. കടം വാങ്ങുന്നത് ഒരു സംസ്ഥാനത്തെ സംബന്ധിച്ച തെറ്റ് പറയാൻ പറ്റില്ല. കേരളം മാത്രമല്ല,കേരളത്തേക്കാൾ പൊതുകടം കൂടുതലുള്ളതും കുറവുള്ളതുമായ സംസ്ഥാനങ്ങളുണ്ട് പക്ഷേ, നിലവിൽ ബജറ്റിന് മുന്നിൽ കേരളം നേരിടന്ന പ്രതിസന്ധിയും ആശങ്കളും ഏറെ വ്യത്യസ്തമാണ്.
കേരളത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം തൊഴിലില്ലാ്യമയുടെ പരിധി വർദ്ധിച്ചിട്ടുണ്ടെന്ന് സൂചനകളാണ് ലഭിക്കുന്നത്. കോവിഡ് കാലം കേരളത്തിലെ തൊഴിലില്ലായ്മ വർദ്ധിപ്പിക്കുന്നിലും വരുമാനം കുറയ്ക്കുന്നതിലും വലിയ പങ്ക് വഹിച്ചു. നോട്ട് നിരോധനവും പിന്നാലെ ജി എസ് ടിയും സൃഷ്ടിച്ച പ്രതിസന്ധികളുടെ പിന്നാലെയാണ് കോവിഡ് വ്യാപനം കേരളത്തിന് തിരിച്ചടിയാകുന്നത്. കേരളത്തിലെ വരുമാനത്തിൽ വലിയ പങ്ക് വഹിച്ചിരുന്ന ഗൾഫ് മേഖലയിൽ നിന്നുള്ള തൊഴിൽ നഷ്ടമാണ് കേരളത്തിലെ തൊഴിലില്ലായ്മ വർദ്ധിപ്പിക്കുന്നതിലും കേരളത്തിലെ നിക്ഷേപം കുറയ്ക്കുന്നതിനും വലിയ പങ്ക് വഹിക്കുകയെന്നാണ് പ്രാഥമിക നിഗമനം.
പ്രവാസികളിൽ സംഭവിക്കന്ന തൊഴില്ലായ്മയ്ക്ക് സങ്കീർണമായ ഒന്നിലേറെ ഘടകങ്ങളുണ്ട് എന്ന് കൂടി ഓർക്കേണ്ടതുണ്ട്. ഒന്ന് തൊഴിൽ നഷ്ടപ്പെട്ട് മടങ്ങി വന്ന പ്രവാസികൾ പലരുടെയും പ്രായം അൻപതിനടുപ്പിച്ചാണ്. അമ്പത് വയസ് കഴിഞ്ഞവരാണ് അവരിൽ പലരും എന്നാണ് പ്രാഥമിക നിഗനം. അവർക്ക് ഇവിടെയോ തിരികെ പോയോ മറ്റെന്തെങ്കിലും തൊഴിൽ ലഭിക്കുക എന്നത് അത്ര എളുപ്പമാകില്ല എന്നതാണ് നിലവിലത്തെ സ്ഥിതി. മാത്രമല്ല. വിദേശത്ത് പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്ത അവരുടെ സാമൂഹിക നിലവാരം നിലനിർത്തുന്നതിന് സാധ്യമാകുന്ന വരുമാനം ലഭിക്കുന്ന ജോലിയുടെ അപര്യാപ്തത മറ്റൊരു ഘടകമാണ്. ജോലി ഇല്ലാതായി നാട്ടിലെത്തിയവരിൽ നല്ലൊരുപങ്കും കുടുംബമുള്ളവരും മക്കൾ പഠിക്കുകയോ തൊഴിലന്വേഷണം നടത്തുകയോ ചെയ്യുന്ന ഘട്ടത്തിൽ ഉള്ളവരാണ്. മാത്രമല്ല, ഈ പ്രായം എന്നത് മലയാളികളുടെ പൊതുസ്വഭാവ ഘടനയനുസരിച്ച് ആരോഗ്യ പ്രശ്നങ്ങൾ, പ്രത്യേകിച്ച് ജീവിത ശൈലി രോഗങ്ങളുടെ ആരംഭഘട്ടത്തിലേക്ക് പ്രവേശിക്കുന്ന നിരവധിയാളുകൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.
നിലവിലെ കണക്കുൾ അനുസരിച്ച് പതിനഞ്ച് ലക്ഷത്തോളം പ്രവാസികൾ നാട്ടിലേക്ക് മടങ്ങി വന്നിട്ടുണ്ട്. അതിൽ പത്ത് ലക്ഷത്തോളം പേർ തൊഴിൽ നഷ്ടമായാണ് എത്തിയിരിക്കുന്നത്. കോവിഡ് ആദ്യതരംഗം ആഞ്ഞു വീശിയ നാളുകളിൽ കേരളത്തിലേക്കുള്ള പ്രവാസി റെമിറ്റൻസ് ഉയർന്നു നിന്നിരുന്നുവെങ്കിൽ 2021 സെപ്തബറിൽ സമാപിച്ച രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം കേരളത്തിലെ പ്രവാസി നിക്ഷേപത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്. 2019 ലെ ചില കണക്കുകൾ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന മൊത്തം പ്രവാസി നിക്ഷേപത്തിലെ 19 ശതമാനവും കേരളത്തിന്റെ സംഭാവനയായിരുന്നു. ഇത് കേരളത്തിലെ ജി ഡി പിയുടെ 13.85 ശതമാനമാണെന്നാണ് കണക്കാക്കിയിരുന്നത്.
2018 സെപ്റ്റംബറില്‍ 1,81,623 കോടി രൂപയായിരുന്നു എന്‍ആര്‍ഐ നിക്ഷേപം. 2020-21 സാമ്പത്തിക വർഷത്തിലെ സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി നൽകിയ കണക്കുകൾ പ്രകാരം, കേരളത്തിലെ ബാങ്കുകളിലെ എൻആർഐ നിക്ഷേപം മാർച്ച് 31 വരെ 2,29,636 കോടി രൂപയായി. 2020മാർച്ച് 31 ൽ ഇത് 2,08,698 കോടി രൂപയായിരന്നു. ഇത് 2021 ജൂണ്‍ ആയപ്പോള്‍ 2,36,490 കോടിയായി ഉയര്‍ന്നു. ചെറിയ കാലയളവിനുള്ളിൽ 54,867 കോടി രൂപയുടെ വര്‍ധനാണ് ഉണ്ടായത്. അതായത് കോവിഡ് ആദ്യ തരംഗം കടന്നുപോകുമ്പോൾ കേരളത്തിലേക്കുള്ള എൻ ആർ ഐ നിക്ഷേപത്തിൽ വർദ്ധനവാണ് കാണിച്ചത്.
മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ ലക്ഷക്കണക്കിന് പ്രവാസികൾ തിരിച്ചെത്തിയെങ്കിലും, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിലെ ബാങ്കുകളിലെ എൻആർഐകളുടെ നിക്ഷേപത്തിൽ 10 ശതമാനം വളർച്ചയുണ്ടായി. ആഭ്യന്തര നിക്ഷേപങ്ങളിലും ഇതേ കാലയളവിൽ 12 ശതമാനം വളർച്ച രേഖപ്പെടുത്തി.ഇത് രൂപയുടെ മൂല്യശോഷണം മാത്രമായിരുന്നില്ലകാരണം. തൊഴിൽ നഷ്ടപ്പെട്ടവരും നാട്ടിലേക്ക് മടങ്ങിയവരും തങ്ങളുടെ മുഴുവൻ സമ്പാദ്യവും നാട്ടിലേക്ക് ചാനലൈസ് ചെയ്തതായിരിക്കാം എന്ന് അന്ന് തന്നെ പല പൊതുധനകാര്യ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിലെന്ന പോലെ ഗൾഫ് രാജ്യങ്ങളിലും തൊഴിൽ നഷ്ടപ്പെട്ട പലർക്കും നഷ്ടപരിഹാരമോ ജോലി ചെയ്ത കാലത്തെ ആനുകൂല്യങ്ങളോ ലഭിച്ചില്ലെന്ന പരാതി അന്നാട്ടിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ടവർ ഉന്നയിച്ചിരുന്ന സാഹചര്യത്തിൽ കൂടിയാണ് സംഭവിച്ചത്.
എന്നാൽ, ഇപ്പോൾ ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദം പിന്നിടുമ്പോൾ പ്രവാസി നിക്ഷേപത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഈ ഇടിവ് കൂടുതൽ ശക്തമായി തുടരുകയാവും ഈ സാമ്പത്തികവർഷം ചെയ്യുക എന്നാണ് കണക്കുകൾ സൂചിക്കുന്നത്.
സെപ്റ്റംബര്‍ പാദത്തില്‍ കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപത്തില്‍ 593 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. 2,35,897 കോടി രൂപയായാണ് നിക്ഷേപം കുറഞ്ഞു.ആദ്യപാദവുമായി താരതമ്യം ചെയ്തുള്ള കണക്കിലാണ് ഈ കുറവ്. പ്രവാസികൾ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയതാണ് കേരളത്തില ഈ നിക്ഷേപകുറവിലെ പ്രധാന കാരണം. രൂപയുടെ മൂല്യശോഷണമാണ് ഈ നിക്ഷേപത്തിനെ ഈ കുറവിലെങ്കിലും പിടിച്ചുനിർത്തിയതെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. രൂപ ഡോളറിനോട് ശക്തികാണിക്കുന്ന കാലമായിരുന്നുവെങ്കിൽ നിക്ഷേപം വീണ്ടും കുറയുമായിരുന്നുവെന്നും അവർ പറയുന്നു. വരുന്ന പാദങ്ങളിലും കുറവ് രേഖപ്പെടുത്താം. ഗൾഫ് രാജ്യങ്ങളിൽ നിന്നും കോവിഡ് കാലത്ത് മലയാളികൾക്കുണ്ടായ തൊഴിൽ നഷ്ടം ഇപ്പോഴും തുടരുന്നതും തൊഴിൽ നഷ്ടപ്പെട്ടതിൽ ബഹുഭൂരിപക്ഷത്തിനും തിരികെ തൊഴിൽ ലഭിക്കാത്തതും അവിടെയുള്ളവരുടെ വരുമാനത്തിൽ കുറവുണ്ടായതും വരുമാനക്കുറവ് മൂലം നിക്ഷേപത്തിൽ മാത്രമല്ല ചെലവിലും കുറവ് വരുത്തിയതും ഇതിന് കാരണമായതായാണ് സാമ്പത്തിക മേഖലയിലുള്ളവരുടെ നിഗമനം.
കേരളത്തിലെ റിയൽ എസ്റ്റേറ്റ് ഉൾപ്പടെയുള്ള മേഖലകളിൽ വന്ന ഇടിവ് ഇതിന് ഉദാഹരണമായി അവർ പറയുന്നു. സാധാരണ പ്രവാസി നിക്ഷേപം കാര്യമായി ഉണ്ടാകുന്ന ഒന്നായിരുന്നു കേരളത്തിലെ റിയൽ എസ്റ്റേറ്റ്. എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായി ഇതിലെ കുറവ് അവർ എടുത്തുപറയുന്നു.
ഇതിന് പുറമെയാണ് കേരളത്തിൽ ആഭ്യന്തരമായി ഉണ്ടായ തൊഴിൽ നഷ്ടം. കേരളത്തിലെ സമസ്ത മേഖലകളിലും അടച്ചിടിൽസൃഷ്ടിച്ച ആഘാതം ഇപ്പോഴും മാറിയിട്ടില്ല. തട്ടുകടകൾ മുതൽ വൻകിട ഹോട്ടലുകൾ വരെ പൂട്ടുകയോ തൊഴിലാളികളെ ഒഴിവാക്കുകയോ ചെയ്തു. ഇത് തൊഴിൽ നഷ്ടവും വരുമാന നഷ്ടവും സൃഷ്ടിച്ചു. കാർഷിക മേഖലയിൽ ഉൽപ്പാദനം വർദ്ധിച്ചുവെങ്കിലും വിദേശത്തേയ്ക്കുള്ള കയറ്റുമതിയിൽ വന്ന കുറവ് കേരളത്തെ ബാധിച്ചു.
ഇപ്പോൾ കൂനിന്മേൽ കുരു എന്ന പോലെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധന കേരളത്തിലെ ജനജീവിതം ദുസ്സഹമാക്കിയിരുന്നു ഗ്യാസ് ഉൾപ്പടെയുള്ളവയുടെ വിലവർധന പട്ടിണിയിലേക്കാണ് പലയിടുത്തും കാര്യങ്ങളെത്തിച്ചത്. കിറ്റുകൊണ്ട് മാത്രം അതിജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പായ നാളുകളാണ് കേരളത്തിന് മുന്നിലുള്ളത്.
യുക്രൈൻ- റഷ്യ യുദ്ധത്തോടെ കേരളത്തിലെ സ്ഥിതി കൂടുതൽ വിഷമത്തിലാകുമെന്നാണ് ആശങ്ക. യുക്രൈൻ, ബെലാറൂസ്, ജോർജിയ തുടങ്ങിയ പ്രദേശങ്ങളിലൊക്കെ നിരവധി മലയാളി കുട്ടികൾ പഠിക്കുന്നുണ്ട്. ഇവരുടെ മടങ്ങി വരവ് കേരളത്തിന് പലവിധത്തിലുള്ള പ്രതിസന്ധികൾ സൃഷ്ടിക്കും. ഇവരുടെ തുടർവിദ്യാഭ്യാസം ഇവർ പഠിക്കാനെടുത്ത വായ്പകളുടെ തിരിച്ചടവ് എന്നിവയൊക്കെ എങ്ങനെ പരിഹരിക്കും എന്നത് കുടുംബത്തിന് മുന്നിൽ മാത്രമല്ല, സമൂഹത്തിന് വലിയൊരു ചോദ്യ ചിഹ്നമാണ്.
മടങ്ങി വന്ന പ്രവാസികളുടെയും കേരളത്തിൽ പൊതുവിൽ വ്യാപകമായ പോസ്റ്റ് കോവിഡ് ആരോഗ്യപ്രശ്നങ്ങളുടെയും ഒക്കെ ചികിത്സയും കേരളത്തിന് മുന്നിൽ വലിയ തടസ്സങ്ങളാകും സൃഷ്ടിക്കുക. വയോജനങ്ങളുടെ സംരക്ഷണവും പരിചരണവും സാമൂഹിക ഇടപെടൽ ആവശ്യമായ, പ്രധാന വിഷയമാണ്. അതിൽ സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങളുടെ ഇടപെടൽ വളരെ നിർണായകമാണ്. ഇതിൽ ഏതെങ്കിലും വിധത്തിൽ കാലാനുസൃതമായ സമീപനം ബജറ്റിൽ ഉണ്ടാകുമോ? തൊഴിൽ നഷ്ടവും അടച്ചിടലും സാമ്പത്തിക പ്രതിസന്ധികളും സാമൂഹിക ആഘാതങ്ങളും സമൂഹത്തിലും വ്യക്തികളിലും സൃഷ്ടിച്ച ആഘാതം എങ്ങനെ പരിഹരിക്കും. ഇതിനായി വിദ്യാഭ്യാസ, ആരോഗ്യ, സംരഭക, കാർഷിക മേഖലകളെ സർക്കാർ എങ്ങനെ സമീപിക്കും എന്നതായിരിക്കും ബാലഗോപാൽ മുന്നോട്ട് വെക്കുന്ന ബജറ്റിൽ ഉണ്ടാകുമോ?
പ്രവാസികളിൽ നിന്നുണ്ടായ വരുമാനക്കുറവും ഭാവിയിൽ സംഭവിക്കാവുന്ന വരുമാനക്കുറവും കേരളാ മോഡലിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം. ജി എസ് ടി പോലുള്ള നയസമീപനവും കേന്ദ്രസർക്കാർ സ്വീകരിക്കുന്ന കേരളത്തിന് അനുകൂലമല്ലാത്ത നിലപാടുകളുമൊക്കെ മുൻകൂട്ടികാണാനും ഈ സാഹചര്യത്തിൽ ഇവയെല്ലാം മറികടക്കാനുള്ള എന്തെങ്കിലും കാമ്പുള്ള കാഴ്ചപ്പാടോ നടപടിയോ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുമോ? അതോ മുൻകാലങ്ങളിലെ ധനമന്ത്രിമാരെ പോലെ കവിതയും ചിത്രവുമൊക്കെ ഉൾപ്പെടുത്തി വാർത്ത അതിലേക്കാകർഷിച്ച് വഴിമാറുപോകുമോ?.
സ്വകാര്യമേഖലയ്ക്ക്, പി പി പി മോഡലുകൾക്ക് സമസ്ത മേഖലയിലും കൂടുതൽ പ്രാധാന്യം നൽകുന്നതാകും ബജറ്റ് എന്ന് ഊഹമാണ് പൊതുവിൽ. കെ റെയിൽ മാത്രമല്ല, വികസന സംരഭങ്ങൾ എന്ന കാഴ്ചപ്പാടിൽ നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക എന്നതാകും സർക്കാർ ലക്ഷ്യമിടുന്ന ഒന്ന്. അതിന് കിഫ്ബിയും കെ റെയിലും വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടും ഒക്കെ ഉൾപ്പെടും. കാർഷികമേഖലയിലും വ്യവസായ മേഖലയിലും കൂടുതൽ ആധുനീകരണവും സ്വകാര്യവൽക്കരണവും നടപ്പാക്കാനും തൊഴിൽ നിയമങ്ങളുൾപ്പടെയുള്ളവ ലഘൂകരിക്കുന്നതിലേക്കും ഒക്കെ വഴിതുറക്കാനുള്ള താക്കോലുകൾ ഈ ബജറ്റിൽ നിർമ്മിച്ചെടുത്തേക്കാം.എന്തായാലും ഭാവി കേരളത്തെ അടയാളപ്പെടുത്തുന്നതാകും ഈ ബജറ്റിലെ സമീപനങ്ങൾ. ഒരുപക്ഷേ, ഇതുവരെ വന്ന വഴിയിൽ നിന്നും മാറിയുള്ള ഒരു നടത്തമായേക്കും ഇത്.
തുടർ ഭരണത്തിലെ രണ്ടാം ബജറ്റ് ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ വെള്ളിയാഴ്ച അവതരിപ്പിക്കുന്നത്. കേരളം നേരിടുന്ന വൈവിധ്യമാർന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കാനും സുസ്ഥിരവും ദീർഘവീക്ഷണമുള്ളതുമായ എന്തെങ്കിലും വഴികളുണ്ടാകുമോ ബജറ്റിൽ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.