scorecardresearch

ഈ ബജറ്റിന് ആര് ‘സമാധാനം’ പറയും

കേരളത്തിലെ ചരിത്രം മാറ്റിയെഴുതിയ തുടർഭരണത്തിലെ ആദ്യ സമ്പൂർണ്ണ ബജറ്റ് ജനവിധിയോട് എത്രത്തോളം നീതി കാട്ടി? കേരളത്തെ മുന്നോട്ട് നയിക്കുന്നതിന് പര്യാപ്തമാണോ ഇതിലെ പ്രഖ്യാപനങ്ങൾ? ബജറ്റ് ഒറ്റനോട്ടത്തിലെ കാഴ്ചകൾ

ഈ ബജറ്റിന് ആര് ‘സമാധാനം’ പറയും

കേരളത്തിൽ ചരിത്രം മാറ്റിയെഴുതിയ തുടർഭരണത്തിനു കീഴിലെ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം ബജറ്റിൽ വർത്തമാനകാല കേരളത്തെയോ ഭാവി കേരളത്തെയോ എത്രത്തോളം അഭിമുഖീകരിക്കുന്നുണ്ടെന്നാണ് പരിശോധിക്കപ്പെടേണ്ടത്. മുൻകാലത്തെ പല ധനമന്ത്രിമാരുടെയും ഭാഷാ, ഭാവനാ ഗിമ്മിക്കുകൾ ഒഴിവാക്കി നിർത്തിയെന്ന ഗുണം ഇതിനുണ്ട്. പ്രകടനപരതയൊന്നുമില്ലാത്ത ബജറ്റ് എന്ന നിലയിൽ മാർക്ക് കൊടുക്കുമ്പോഴും ഭാവി കേരളത്തെക്കുറിച്ചോ നിലവിലെ കേരളത്തിലെ സ്ഥിതിയെക്കുറിച്ചോ ദിശാബോധമുള്ള ഒന്നുമില്ലാത്ത ബജറ്റ് എന്ന ലളിതമായി പറയാം. കാൽനൂറ്റാണ്ടായി കേരളത്തിലെ എല്ലാ ബജറ്റുകളുടെയും അതേ മൂശയിൽ തന്നെ വാർത്തെടുത്താണ് രണ്ടാം പിണറായി സർക്കാർ അവതരിപ്പിച്ച ആദ്യത്തെ സമ്പൂർണ ബജറ്റും. മുൻകാലങ്ങളിൽ തുടർഭരണം കിട്ടാത്തതാണ് എല്ലാവരും ബജറ്റിലെ ദീർഘവീക്ഷണമില്ലായ്മക്ക് അടിസ്ഥാനമായി ഉയർത്തിയിരുന്ന വാദമുഖം. എന്നാൽ, ഇത്തവണ അതുപോലും പറയാനാകില്ല.

നിലവിലത്തെ സാഹചര്യത്തിൽ ഇതിലെ പല നിർദേശങ്ങളും നിരാശാജനകും പരിഹാസ്യവുമായി തോന്നുന്നവയുമാണെന്ന് പറയാതെ വയ്യ. മാറുന്ന ദേശീയവും രാജ്യാന്തരവുമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ആ സാഹചര്യങ്ങളോട് മുഖാമുഖം നിൽക്കാൻ കേരളത്തെ എങ്ങനെ പ്രാപ്തമാക്കാമെന്നൊരു ആലോചന പ്രതീക്ഷിച്ചിരുന്നവരെ ഈ ബജറ്റ് നിരാശാരാക്കുമെന്ന് പറയാം.

ആഗോള തലത്തിലും ദേശീയ തലത്തിലും നടക്കുന്ന രാഷ്ട്രീയ സാമ്പത്തിക സംഭവവികാസങ്ങൾ സാമൂഹികമായി ഏറ്റവും കൂടുതൽ ബാധിക്കുന്ന ഭൂപ്രദേശമാണ് കേരളം. കോവിഡ് കാലവുമായി ബന്ധപ്പെട്ടും യുക്രൈൻ – റഷ്യ യുദ്ധവുമായി ബന്ധപ്പെട്ടും കേരളം കടന്നുപോകുന്ന പ്രതിസന്ധി വളരെയേറെ സങ്കീർണമാണ്. മടങ്ങി വന്ന പ്രവാസികൾ, വിദ്യാർത്ഥികൾ, കേരളത്തിൽ തന്നെ തൊഴിൽ നഷ്ടപ്പെട്ടവർ, കോവിഡാനന്തരം ഉയർന്നുവരുന്ന മാനസിക, ശാരീരിക ആരോഗ്യ പ്രതിസന്ധികൾ എന്നിവ പരിഹരിക്കാൻ കാര്യക്ഷമമായ നിർദേശങ്ങളൊന്നും ഒറ്റനോട്ടത്തിൽ ബജറ്റിലെവിടെയും കാണുന്നില്ല.

സ്മാരകങ്ങൾക്കും ലാറ്റിനമേരിക്കൻ ബന്ധത്തിനുമൊക്കെയായി കോടികൾ മാറ്റിവയ്ക്കുന്നു, ആഗോള സമാധാന സമ്മേളനം നടത്താൻ രണ്ട് കോടി രൂപ വകയിരുത്തുന്നു എന്നതല്ലാതെ കേരളത്തിലെ സാമൂഹിക സാമ്പത്തിക സ്ഥിതിയെ യഥാർത്ഥത്തിൽ വിലയിരുത്തുന്ന ദീർഘവീക്ഷണമുള്ള കാഴ്ചപ്പാട് പോയിട്ട് ധനകാര്യ കമ്മിഷൻ വിഹിതം കൂടെ കഴിഞ്ഞാൽ എങ്ങനെ മുന്നോട്ടുപോകുമെന്ന ആലോചന പോലും ഈ ബജറ്റിലെ ആദ്യ വായന നൽകുന്നില്ല.

ആഗോള സമാധാനത്തിനും ആണവ നിരായുധീകരണത്തിനുമായി സമ്മേളനം നടത്താൻ രണ്ട് കോടി രൂപ മാറ്റിവെക്കുന്ന ധനമന്ത്രിയുടെ വിശാലമനസ് കണ്ട് ഞെട്ടുകയേ ഈ ദുരന്തമുഖത്ത് നിന്നുകൊണ്ട് സാധിക്കുകയുള്ളൂ. ലാറ്റിൻ അമേരിക്കൻ കാർഷിക ബന്ധമൊക്കെ എടുത്തുവീശുന്നതും സമാധാന സമ്മേളന വാദവുമൊക്കെ സൈബർ പോരാളികൾക്ക് ആവേശം നൽകുമെങ്കിലും കേരളത്തിനു ഗുണം ചെയ്യുന്നതാകില്ല. ഇതറിയാൻ മൂലധനവും മാനിഫെസ്റ്റോയും ഒന്നും വായിക്കേണ്ടതില്ല. കേരളത്തെക്കുറിച്ച് വന്നിട്ടുള്ള പാർട്ടി പത്രത്തിലെ വാർത്തകളും സി പി എം പ്രസിദ്ധീകരിച്ച ലഘുലേഖകളും നേതാക്കളുടെ പ്രസ്താവനകളും വായിച്ചാൽ മതി.

പ്രതിസന്ധി മറികടക്കാൻ എന്നും സാധാരണക്കാരനെ പോക്കറ്റടിക്കുകയെന്നത് എല്ലാ ധനമന്ത്രിമാരുടെയും പൊതുതത്വമാണ്. അതിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല ഇത്തവണയും. കേരളത്തിൽ ഏറ്റവും കൂടുതൽ സാധാരണക്കാരെ ബാധിക്കുന്ന രണ്ട് മേഖലകളിലാണ് ഇത്തവണയും കൈവച്ചിട്ടുള്ളത്. ഒന്ന് ഭൂമി, രണ്ട് വാഹനം. സംസ്ഥാനത്തെ എല്ലാ സ്ലാബുകളിലും ഭൂനികുതി വർധിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഇത് മാത്രമല്ല, ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം വർധിപ്പിക്കുമെന്നും പറയുന്നു. ഇത് കേരളത്തിലെ ഭൂരഹിതരായ സാധാരണക്കാർക്ക് നിലവിലത്തെ സാഹചര്യത്തിൽ കടുത്ത തിരിച്ചടിയാകും. നോട്ട് നിരോധന കാലം മുതൽ കേരളത്തിലെ ഭൂമി വിൽപ്പനയിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കോവിഡ് കാലത്ത് ഭൂമി വിൽപ്പന വീണ്ടും കുറഞ്ഞു. ന്യായവില വർദ്ധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത് കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് എന്നതാണ് വൈരുദ്ധ്യം. നേരത്തെ തന്നെ ഭൂമിയുടെ വില കുറച്ച് കൂടുതൽ വിൽപ്പന സാധ്യമാക്കുകയും വിൽപ്പന സുതാര്യമാക്കുകയും ചെയ്ത് വരുമാനം വർധിപ്പിക്കാമെന്ന് ഇടതുപക്ഷ അനുകൂലികളായ സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, അതിനു കടകവിരുദ്ധമായ ഈ നീക്കം കേരളത്തിലെ നിർമ്മാണ മേഖലയ്ക്കു തിരിച്ചടിയാകുമെന്നാണ് ആദ്യ വിലയിരുത്തൽ.

കേരളത്തിലെ ഭൂമിയിൽ ഊഹക്കച്ചവടമായും അല്ലാതെയും ഏറെയും നിക്ഷേപം നടത്തുന്നവരുണ്ട്. കേരളത്തിലെ ഭൂമിയിലുള്ള നിക്ഷേപം കഴിഞ്ഞ രണ്ട് വർഷമായി കുത്തനെ കുറഞ്ഞുവെന്നാണ് സ്റ്റാമ്പ് ഡ്യൂട്ടി സംബന്ധിച്ച് ലഭ്യമായ കണക്കുകൾ കാണിക്കുന്നത്. ഇതിനു പ്രധാനകാരണം കോവിഡ് പ്രതിസന്ധിയാണ്. ഇതുമൂലം തൊഴിൽ നഷ്ടം രൂക്ഷമായ സാഹചര്യമാണ്. ഇനിയും നികുതി നിരക്ക് വർധിപ്പിച്ചാൽ ഭൂരഹിതർ, വീടില്ലാത്തവർ എന്നിവരാകും കൂടുതൽ പ്രതിസന്ധിയിലാവുക. കൈമാറ്റങ്ങൾ വർധിക്കാതിരിന്നാൽ ഈ ന്യായവില വർധന സർക്കാരിനു തിരിച്ചടിയാകുമെന്നാണ് കണക്കാക്കുന്നത്.

നിലവിൽ വീടില്ലാത്തവർക്കു വീട് വച്ചുകൊടുക്കുന്ന പദ്ധതി സർക്കാർ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും ഇതിന് ഭൂമി വാങ്ങുമ്പോൾ ഈ വില വർധനവ് അവർക്കും ദോഷകരമാകും. ഇതേസമയം വില കുറയ്ക്കുകയും കൂടുതൽ കൈമാറ്റങ്ങൾക്കു വഴിയൊരുക്കുകയുമായിരിക്കും സർക്കാരിനും നിർമാണമേഖലയ്ക്കും ഗുണം ചെയ്യുകയെന്ന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നവരുണ്ട്. തുക കുറയുന്നതോടെ വിലയുടെ കാര്യത്തിൽ വരുന്ന വ്യത്യാസം കൂടുതൽ ഭൂമി, വീട്, ഫ്ലാറ്റ് എന്നിവയുടെ വിൽപ്പനയ്ക്കു സാധ്യത തുറക്കും. ഇത് നിർമാണ മേഖലയെ സജീവമാക്കും. അങ്ങനെ കേരളത്തിൽ സാമ്പത്തിക ക്രയവിക്രയത്തിനുള്ള സാധ്യത ഉണ്ടാകുമെന്നാണ് കാഴ്ചപ്പാട്. എന്നാൽ വില വർധിക്കുന്നതോടെ ആളുകൾ താൽക്കാലികമായെങ്കിലും അതിൽ നിന്നും പിന്മാറുകയാകും ചെയ്യുക. ഇത് സാമ്പത്തികമായി സർക്കാരിന് ഗുണല്ല, ദോഷമാവും ചെയ്യുക.

മാത്രമല്ല, സിൽവർ ലൈൻ പദ്ധതി പ്രകാരം വീടും സ്ഥലവും നഷ്ടപ്പെടുന്നവർ പുതിയ വീടും സ്ഥലവും വാങ്ങുമ്പോൾ വർധിച്ച 10 ശതമാനം ന്യായവിലയ്ക്കു നികുകതി കൊടുക്കേണ്ടി വരും. ഇത് സർക്കാരിനു വരുമാനപരമായി നേട്ടമാകുമെങ്കിലും ജനങ്ങൾക്കു ബാധ്യതയാണ്. സർക്കാർ പദ്ധതിക്കു വേണ്ടി നഷ്ടപരിഹാരം വാങ്ങി സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് വീണ്ടും സ്ഥലം വാങ്ങമെങ്കിൽ ചെലവാകുന്ന തുകയിലെ വർധനവ് നിസാരമാകില്ലെന്ന് ചുരുക്കം. ഇത് ജനങ്ങളുടെ ഭാഗത്തുനിന്നു സിൽവർലൈനിനെതിരായ നിലപാട് കൈക്കൊള്ളാൻ ഒരു കാരണം കൂടിയായിത്തീർന്നേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ഇതുപോലെ സാധാരണക്കാരുടെ കഴുത്തിന് പിടിക്കുന്ന മറ്റൊന്നാണ് വാഹനങ്ങൾക്കു മേൽ ഏർപ്പെടുത്തിയ നികുതിക്കൂടുതൽ. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വർധിപ്പിക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരൊക്കെ പൊതുവിൽ വാഹനങ്ങൾ അടിക്കടി മാറ്റുന്നവരാണ്. പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവരിൽ ഭൂരിപക്ഷവും പുതിയ വാഹനം വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തവരാണ്. അതുകൊണ്ടാണ് 15 വർഷം കഴിഞ്ഞ റീ രജിസ്ട്രേഷൻ നടത്തി മുന്നോട്ട് പോകുന്നത്.

ഈ വാഹനങ്ങളൊക്കെ സ്ക്രാപ്പിന് നൽകണമെന്ന ശുപാർശ ദേശീയതലത്തിൽ ഉയർന്നു വരുന്നതിനെതിരെ രംഗത്തുവന്നത് ഇടതുപക്ഷവാദികളാണ്. അവർ തന്നെയാണ്, കേരളത്തിലെത്തുമ്പോൾ ഇതിന് ഹരിത നികുതി എന്ന പേരിൽ 50 ശതമാനം വർധിപ്പിക്കാമെന്ന് പറയുന്നത്. ഇതുപോലെ തന്നെ പുതിയ ഇരുചക്രവാഹനങ്ങളിൽ രണ്ട് ലക്ഷം രൂപവരെയുള്ളവയുടെ നികുതി വർധിപ്പിക്കാനുള്ള നീക്കവും. ഏറ്റവും ചെറിയ വിലയ്ക്കുള്ള ഇരുചക്ര വാഹനത്തിനു വരെ ഒരു ലക്ഷം രൂപ അടുപ്പിച്ച് വില വരുന്നുണ്ട്. സാധാരണക്കാർക്കു ഗതാഗതത്തിനായി ആശ്രയിക്കുന്നത് പൊതുവിൽ ഇരുചക്രവാഹനങ്ങളെയാണ്. ജോലിയും മറ്റ് ആവശ്യങ്ങൾക്കുമെല്ലാം ഓടിയെത്താൻ പലയിടത്തും പൊതുഗതാഗത സൗകര്യക്കുറവ് ഇതിന് ഒരു ഘടകവുമാണ്. ഇതൊന്നും പരിഗണിക്കാതെയാണ് ആ നികുതി വർധന. ഒരു ലക്ഷം രൂപ കൊടുക്കാതെ ഒരു ഇരുചക്രവാഹനം നിരത്തിലിറങ്ങില്ലെന്ന സ്ഥിതി നിലനിൽക്കുമ്പോഴാണ് ഈ നികുതി വർധന. ഇത് വാഹന വിൽപ്പനയെ ബാധിച്ചേക്കാമെന്നാണ് മോട്ടോർ വാഹന വിപണന രംഗത്തുള്ളവർ പറയുന്നത്.

നോട്ട് നിരോധനവും ജി എസ് ടിയും ഒക്കെ വാഹന വിൽപ്പനയെ ബാധിച്ച കണക്കുകളാണു കോവിഡിനു മുമ്പ് പുറത്തുവന്നതിരുന്നത്. കോവിഡ് കാലത്ത് വാഹന വിൽപ്പന ഏതാണ്ട് പൂർണമായി സ്തംഭിച്ചു. നിലവിൽ തന്നെ പല കമ്പനികളും വാഹനവായ്പാ ഗഡുക്കളുടെ തിരിച്ചടവ് മുടങ്ങിയ പ്രതിസന്ധി നേരിടുകയാണ്. കോവിഡ് കാരണം പൊതുഗതാഗതലഭ്യത കുറവ് അതികഠിനമായ സാഹചര്യത്തിൽ ജനങ്ങൾ സ്വന്തം വാഹനം വാങ്ങാൻ നിർബന്ധിതരാകുന്ന സാഹചര്യമുണ്ടായി. ആ സാഹചര്യത്തെ മുതലാക്കാനാണ് സർക്കാർ ഈ നികുതി വർധന നീക്കം നടത്തുന്നതെന്ന വിമർശനം. ഹരിതനികുതി വർധനവ് വരുന്നതോടെ പഴയവണ്ടികൾ സ്ക്രാപ്പിനു നൽകി പുതിയ വണ്ടികൾ എടുക്കാൻ ആളുകൾ നിർബന്ധിതരാകും. വളരെ സാധാരണക്കാരാണ് ഇരുചക്രവാഹനം വാങ്ങുന്നവരായുണ്ടാകുക. അവരുടെ മേലാണ് ഒരു ശതമാനം നികുതി എന്ന അധിക ബാധ്യത അടിച്ചേൽപ്പിക്കുന്നത്. ഒന്നരയോ രണ്ടോ ലക്ഷത്തിനു മുകളിലുള്ള ആഡംബര ബൈക്കുകളുടെ കാര്യത്തിലാണ് നികുതി വർധനയെങ്കിൽ അതിനൊരു ന്യായം മുന്നോട്ടുവയ്ക്കാമായിരുന്നു. രണ്ട് ലക്ഷം രൂപവരെയുള്ള മോട്ടോർ സൈക്കിളുകളുടെ എന്ന് പറയുന്നതോടെ ഒരു ലക്ഷത്തിൽ താഴെയുള്ളവയ്ക്കും ആ നികുതി വർധനവ് ബാധകമാകും എന്നതാണ്. ഒറ്റത്തവണ നികുതിൽ ഒരു ശതമാനം വർദ്ധനവ് എന്ന് പറയുന്നത് ചില്ലറ പൈസയല്ലെന്നും 15 വർഷത്തേയ്ക്കുള്ള നികുതിയുടെ ഒരു ശതമാനമാണ് ഈ വർധനവ് എന്നതുമാണ് ഇതിലെ പ്രധാന ഘടകം.

കേരളത്തിലെ ചരിത്രം മാറ്റിയെഴുതിയ തുടർ ഭരണത്തിലെ ആദ്യ സമ്പൂർണ ബജറ്റ് ജനവിധിയോട് എത്രത്തോളം നീതികാട്ടിയെന്ന് വിശദമായി പരിശോധിക്കപ്പെടണം. കേരളത്തെ മുന്നോട്ടു നയിക്കുന്നതിന് പര്യാപ്തമാണോ ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം ബജറ്റിലെ പ്രഖ്യാപനങ്ങൾ.

ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടിന്റെ അപര്യാപ്തതയും സമഗ്ര വീക്ഷണമില്ലായ്മയുടെ പരിമിതികളും കഴിഞ്ഞ കാലത്തെ ബജറ്റുകളെ പോലെ ഇതിലും മുഴച്ചുനിൽക്കുന്നു. ബജറ്റിലെ ഒറ്റനോട്ടത്തിലെ കാഴ്ചകളുടെ അടിസ്ഥാനത്തിൽ ചുരുക്കിപ്പറഞ്ഞാൽ പ്രതീക്ഷ പോയിട്ട് നിരാശ പോലും നൽകാത്തത് എന്നേ പറയാനാകൂ. സലിം കുമാറിന്റെ സംഭാഷണം കടമെടുത്താൽ ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ’.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Kerala budget 2022 quick analysis of kn balagaopals maiden full budget