എം ടി വരച്ചു വച്ച കാല്പനിക കേരളത്തിന്റെ, അസ്തിത്വ ചിന്തകളും ആയി നടന്ന ഒരു ജനതയുടെ വിങ്ങലുകളിൽ നിന്നും പ്രതീക്ഷയും പ്രതിരോധങ്ങളെ അവസരങ്ങളാക്കി മാറ്റാനുള്ള ഒരു ശ്രമവും വിശ്വാസവും അടിസ്ഥാനപ്രമാണമാക്കിയായിരുന്നു ഡോ തോമസ് ഐസക്ക് വെളളിയാഴ്ച അവതരിപ്പിച്ച ബജറ്റിൽ കേരളം കണ്ടത്.  സാമൂഹിക ക്ഷേമ പദ്ധതികൾ, വ്യവസായ-കൃഷി പുനരുദ്ധാരണം, ഡിജിറ്റലൈസേഷൻ/ ഇന്റർനെറ്റ് കണക്ഷൻ, ഐ ടി പാർക്കുകൾ, പ്രവാസി പുനരുദ്ധാരണം, സ്ത്രീ-കുട്ടികളുടെ ക്ഷേമം, വാർധക്യ സംരക്ഷണം, വിദ്യാഭ്യാസ- ആരോഗ്യ മേഖലയുടെ നവീകരണം, എന്നു വേണ്ട എല്ലാ മേഖലകളിലും ധനമന്ത്രി തന്റെ കൈവച്ചിട്ടുണ്ട്. ഇതിൽ എടുത്തു പറയേണ്ടത് ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പദ്ധതികളുടെ നീക്കിയിരുപ്പുകളാണ്.

കേരളത്തിന്റെ ഗതകാല പ്രശ്നങ്ങളും,  ആഗോള പൗരന്മാരുടെ വേരുകളിലൂന്നിയ പുതിയ കാലം തുറക്കുന്ന വെല്ലുവിളികളും നോട്ടുനിരോധനം കൊണ്ടുണ്ടായ, ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങളും ഒക്കെ മുന്നിൽ കണ്ടാണ് ധന മന്ത്രി ബജറ്റ് അവതരിപ്പിച്ചത്.

ചുരുക്കത്തിൽ പറഞ്ഞാൽ വൈവിധ്യം നിറഞ്ഞ കടമ്പകൾ അവയ്ക്കായി പലതലങ്ങളിലൂന്നിയ പാതകൾ ഒക്കെ ഒന്നിച്ചു കൊണ്ടുവരാൻ ശ്രമിച്ചാൽ എന്ത് സംഭവിക്കും ആ പ്രശ്നം ഈ ബജറ്റിൽ ഉണ്ട്. എങ്കിലും ധനമന്ത്രിയുടെ ഉദ്ദേശം ജനനന്മയിൽ ഊന്നിയതെന്നു വിളിച്ചോതുന്ന ശ്രമത്തെ അതിന്റെ ഗൗരവത്തിൽ എടുത്തു ഒന്ന് അവലോകനം ചെയ്യാം.

എന്നത്തേയും പോലെ ഐസക്കും സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് വളരെ പ്രാധാന്യം നൽകി. പക്ഷെ ഇതിൽ ഒരു പ്രശ്നം ഉണ്ട്. ഏതു സമൂഹത്തിന്റെയും തീർത്തും താഴെക്കിടയിൽ നിൽക്കുന്നവർക്കാണ് ശ്രദ്ധ കൊടുക്കുന്നത്. 10 ശതമാനത്തിൽ താഴെ ആണ് ദരിദ്രർ, അടുത്ത ഒരു 10 -15 ശതമാനം അവരിൽനിന്നും വലിയ വ്യത്യാസമില്ലാതെ എന്നാൽ മറ്റു അവസ്ഥകൾ പ്രകാരം മോശമില്ലാത്ത ജീവിക്കുന്നവരാണ്. ഐസക്കിന്റെ സാമൂഹ്യ ക്ഷേമ നീക്കിയിരുപ്പുകൾ ആദ്യത്തെ 10 ശതമാനത്തെ നേരിട്ടും മറ്റുള്ളവരെ കുറച്ചു പരോക്ഷമായും സഹായിക്കും, പക്ഷെ 50 – 60 ശതമാനം ജനത്തിനും ഈ ബജറ്റിൽ വലിയ സാന്നിധ്യം ഇല്ല. അവർ ചുരുക്കത്തിൽ പറഞ്ഞാൽ ബജറ്റ് നീക്കിയിരുപ്പുകളിൽ വെറും സാക്ഷികൾ മാത്രമാണ്.

നോട്ടു നിരോധനവും ലോക സാമ്പത്തിക നീക്കുപോക്കുകളിലെ വ്യതിയാനങ്ങളും ഒക്കെ ഉണ്ടാക്കാൻ പോകുന്ന സാമ്പത്തിക ഞെരുക്കം കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരും പെൻഷനേഴ്സും അല്ലാത്ത എല്ലാവരെയും നന്നായി ബാധിക്കാൻ പോകുന്ന കാലമാണ് വരാൻ പോകുന്നത്. ഐസക് പ്രശ്‌നത്തിന്റെ വ്യാപ്തി അറിഞ്ഞിട്ടും അതിന്റെ ഒരരികിൽ മാത്രമാണ് പിടിച്ചിരിക്കുന്നത്. വരുമാനത്തിനനുസരിച്ചല്ലേ ധന മന്ത്രിക്കു പ്രവർത്തിക്കാൻ കഴിയു.

സാമാന്യം നല്ല വിദ്യാഭ്യാസവും. ഒരു കൂരയും സ്വന്തമായി ഉളളവരും ഇല്ലാത്തവരുമാകാം. പക്ഷേ, സ്വകാര്യ മേഖലയിലെ ജോലിയിൽ – ടെക്സ്റ്റൈൽ ഷോപ് പോലുള്ള സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളി കുടുംബങ്ങൾക്ക് കാര്യമായി ഒന്നും തന്നെ ഈ ബജറ്റിൽ ഇല്ല. അതുളവാക്കാവുന്ന സാമൂഹിക, രാഷ്ട്രീയ പ്രത്യാഘാതങ്ങൾ പരോക്ഷമാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഈ ഒരു വലിയ ജന വിഭാഗം അരാഷ്ട്രീയ വാദികളായി അറിയാതെ പല ഫാസിസ്റ്റു കൂടായ്‌മയുടെയും പങ്കാളികളാകും. ഇവിടെയാണ്‌ ഐസക്കിന്റെ പൊതു വിദ്യാഭ്യാസ- ആരോഗ്യ നിർദ്ദേശങ്ങൾ പ്രാധാന്യമർഹിക്കുന്നതു. പൊതു സ്കൂളുകളെ സൗകര്യങ്ങളുടെ കാര്യത്തിലും പഠനനിലവാരത്തിലും ദേശിയ അന്തർദേശിയ നിലയിൽ എത്തിക്കാനുള്ള ശ്രമം. ഒപ്പം സർക്കാർ ആശുപത്രികളെ അപ്‌ഗ്രേഡ് ചെയ്ത് മികച്ച ചികിത്സാ കേന്ദ്രങ്ങളാക്കാനുളള ശ്രമം. അത് കൈയടിച്ചു അംഗീകരിക്കുമ്പോൾ തന്നെ എങ്ങനെ ഇതു നടപ്പിലാക്കാം എന്നും ആലോചിക്കണം.

പലപ്പോഴും കേരളം ഇന്ത്യക്കു മാത്രമല്ല അവികസിത രാജ്യങ്ങക്കു മാതൃകയാകുന്ന തരത്തിലുള്ള വികസന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്, പക്ഷെ അതിന്റെ തുടർച്ച എന്നും വെല്ലുവിളി തന്നെയാണ്, അതിനു കാരണം ഭരണ തുടർച്ചയില്ലാത്തതും, മാറിവരുന്ന മുന്നണികളെ വെള്ളം കുടിപ്പിക്കുന്ന രീതിയിലെ ഉദ്യോഗസ്ഥപ്രമാണിത്തവും ആണ്. സർക്കാർ ജീവനക്കാർക്ക് ജനങ്ങളോടാണ് ഉത്തരവാദിത്തം, മാറിവരുന്ന മുന്നണികളോടല്ല. ഇതു മനസിലാക്കാത്ത ഒരു ഉദ്യോഗസ്ഥവൃന്ദത്തെ വച്ച് ധനമന്ത്രി എങ്ങനെ തന്റെ ലക്ഷ്യങ്ങൾ കാണും?

ഉദാഹരണം കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് പുനരുജ്ജീവിപ്പിച്ചു അവശ്യ മരുന്നുകൾ വിലകുറച്ചു വിൽക്കാനുള്ള ശ്രമം. എങ്ങനെയാണ് ഈ രാജ്യത്തെ പ്രധാനപ്പെട്ട പൊതു മരുന്നുല്പാദന കേന്ദ്രങ്ങൾ ഘട്ടം ഘട്ടം ആയി ഇല്ലാതായത് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ പിണിയാളുകളും കൂടി ഇല്ലാതാക്കിയതാണ്. സർക്കാർ ആശുപത്രികളിൽ മരുന്നും മറ്റു അടിസ്ഥാന ആവശ്യസാധനങ്ങളും ഇല്ലാതാവാൻ കാരണം സ്വകാര്യ മേഖലയെ സഹായിക്കാൻ വേണ്ടിയുള്ള തരം താണ കളികളാണ്. അത് ഇനിയും തുടരും. കാരണം ശമ്പളം മേടിക്കുന്നവന് അവന്റെ സ്ഥാപനം എങ്ങനെ മുന്നോട്ടുപോവണം എന്ന താല്പര്യമില്ലായ്മ, പകരം സ്വകാര്യ മേഖലയിലുള്ള തന്റെ താല്പര്യം നിലനിർത്താനുള്ള ശ്രമം.

ഈ പ്രശ്നം കണക്കിലെടുക്കാതെ ഐസക് എത്രനല്ല നിർദേശങ്ങളും നീക്കിയിരുപ്പും വിദ്യാഭ്യാസ-ആരോഗ്യ മേഖലക്ക് നൽകിയാലും അത് പ്രവർത്തികമാകാതിരിക്കാനുള്ള സാധ്യത കുറവ് ആണ്. അതിനു ഒരു വഴിയേയുള്ളു – പ്യുൺ മുതലുള്ളവർ സ്ഥാപനത്തിന്റെ നല്ല നടത്തിപ്പിനുത്തരവാദികളാകണം, അവർ അതിന്റെ ഉപഭോകതാക്കളും ആവണം. സർക്കാരിന്റെ ശമ്പളം മേടിക്കുന്നവരുടെ മക്കൾ സർക്കാർ വിദ്യാലയത്തിൽ തന്നെ പോകണം -അല്ല സ്വകാര്യ മേഖലയിലേക്ക് വിടണമെന്നാണ് ആഗ്രഹം എങ്കിൽ അതിനവർ സർക്കാരിന് പിഴ നൽകട്ടെ, സ്വകാര്യ മേഖലയിലുള്ള ഫീസിനൊപ്പമുള്ള പൈസ. അതുപോലെ, ആരോഗ്യപരിപാലനത്തിനായ ചെലവാക്കിയ പണം തിരികെ കൊടുക്കുന്നത് സർക്കാർ ആശുപത്രികളിൽ മാത്രം എന്നു വച്ചാൽ പകുതി സ്വകാര്യ പ്രണയം തീരും. മാത്രമല്ല സ്വന്തം ആവശ്യത്തിനായി ആശുപത്രികളുടെ വികസനവും വൃത്തിയും കൊണ്ടുവരേണ്ടിയും വരും. പൊതു വിദ്യാലയങ്ങളുള്ള രാജ്യങ്ങളിൽ സ്വകാര്യ മേഖലയെ തേടുന്നവർക്ക് പലയിടത്തും അധിക നികുതി കൊടുക്കേണ്ട വ്യവസ്ഥയുണ്ട്. അത് പിന്തുടരാവുന്നതാണ്. സർക്കാർ ഉദ്യോഗസ്ഥരെ സർക്കാർ സേവനങ്ങളുടെ ഉപയോക്താക്കൾ ആക്കാതെ സർക്കാർ സേവനങ്ങൾ നന്നാവില്ല എന്നു മാത്രമല്ല അവർ അതിന്റെ നാശത്തിനു മാറിമാറി വരുന്ന മുന്നണികളെ പഴിചാരി സുഖിച്ചു കഴിയും. ഐസക്കിന്റെ ബജറ്റ് സ്വപ്നങ്ങൾ യാഥാർഥ്യം ആവാൻ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥവൃന്ദമില്ലാതെ പറ്റില്ല.

ജനകീയ ആസൂത്രണവും കുടുംബശ്രീയും തന്നെയാണിതിന് നല്ല ഉദാഹരങ്ങൾ. തുടങ്ങിയ രീതിയിൽ ഒരു പത്തു വർഷം ഈ പ്രോഗ്രാമുകൾ മുന്നോട്ടു പോയിരുന്നെങ്കിൽ കേരളത്തിന്റെ വളർച്ച വേറെ തലത്തിൽ എത്തിയേനെ. അതിനു കഴിയാതിരുന്നത് ജനപക്ഷത്തുനിൽക്കുന്ന ഒരു ഉദ്യോഗസ്ഥവൃന്ദത്തിന്റെ അഭാവം ആണ്. കൃഷിയും വ്യവസായങ്ങളും കേരളത്തിൽ മുരടിക്കുന്നതിനും ഒരു വലിയ കാരണം ഇതു തന്നെയാണ്. അലസന്മാരായ ഉദ്യോഗസ്ഥവൃന്ദം.

ഈ ബജറ്റിന്റെ പോരായ്മായായിട്ടുള്ളത്, വിഭവ സമാഹരണ പദ്ധതികളാണ്. ജി എസ് ടി യിൽ ഊന്നിയാണത് നിൽക്കുന്നത്. ഏപ്രിൽ മുതൽ തുടങ്ങുമെന്ന് അരുൺ ജെയ്‌റ്റിലി പറയുന്നുവെങ്കിലും അതിപ്പോഴും കയ്യാലപ്പുറത്തു തന്നെയാണ്. വീഴാം വീഴാതിരിക്കാം. ശമ്പളവും പെൻഷനും കൊടുത്തതിനു ശേഷം ബാക്കിയുള്ളത് പലിശ അടയ്ക്കാൻ മാത്രമേയുള്ളു എന്ന് ധനമന്ത്രിക്കറിയാം. പിന്നെ സകല ക്ഷേമ പദ്ധതികൾക്കുള്ള വിഭവങ്ങൾ കീഫ്‌ബി വഴിയാണ് സമാഹരിക്കാൻ ഐസക് ഉദ്ദേശിക്കുന്നത്. ഒരു ചിട്ടി കൂടി, വിഭവ സമാഹരണം നടത്തി സ്വപ്ന പദ്ധതികൾ നടപ്പിലാക്കും എന്നു പറയുമ്പോൾ എന്തോ ഒരു അവിശ്വാസം.

സാമൂഹ്യ ശാസ്ത്രജ്ഞനായ രാഷ്ട്രീയക്കാരനാണ് ധനമന്ത്രി ഡോക്ടർ തോമസ് ഐസക്. അദ്ദേഹത്തിന്റെ , കേരളത്തിന്റെ വികസന സ്വപ്ങ്ങൾ യാഥാർഥ്യമാവട്ടെയെന്ന് ആശിക്കാം -കാരണം അദ്ദേഹം തന്റെ പ്രസംഗത്തിൽ കൊണ്ടുവന്ന ഓരോ ഉദാഹരണങ്ങളും അദ്ദേഹത്തിന് സ്വയം ബോധ്യപ്പെട്ടവ മാത്രമാണ്. ജനങ്ങളും അവരുടെ ആവശ്യങ്ങളും മൂന്നാമതൊരാളിന്റെ സഹായമില്ലാതെ മനസിലാക്കുന്ന അപൂർവ്വം രാഷ്ട്രീയക്കാരിൽ ഒരാളാണ് തോമസ് ഐസക്. അദ്ദേഹം തന്റെ ബജറ്റ് പ്രസംഗത്തിൽ കാല്പനികത നിറച്ചെങ്കിലും അസത്യങ്ങൾ വിളമ്പിയിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Opinion news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ