ബജറ്റ് നിയമസഭയിലെത്തും മുമ്പ് തന്നെ ,പുറത്താവുന്നത് പുത്തരിയല്ല കേരളത്തിന്.

60 വര്ഷം മുമ്പ് ആദ്യബജറ്റ് (അതും ഒരു ഇടതുസർക്കാർ ബജറ്റ് ) കൗമുദി പത്രത്തിൽ അച്ചടിച്ച് വന്നത് മലയാളത്തിൽ മാദ്ധ്യമങ്ങളുടെ സ്‌കൂപ് ചരിത്രത്തിലെ ഒന്നാം വെന്നിക്കൊടിയായിരുന്നു എന്ന് ഓർക്കുക.

2017 ൽ സംസ്ഥാനബജറ്റ് ചോർന്നെന്ന ആരോപണം നിയമസഭയിൽ, തെല്ലൊരു പ്രകമ്പനമുണ്ടാക്കി തീർച്ച.  സ്വതവെ പാറ പോലെയിരിക്കുന്ന ഭരണകക്ഷിനേതാവിനെയും ചാടിയെഴുന്നേറ്റ് ഒരു പ്രതിരോധപ്രസ്താവന യിലേക്ക് നയിച്ചുവന്നത് അത്ഭുതം തന്നെ.
ഇത്തവണ ഏതായാലും സ്‌കൂപ് സ്വഭാവമൊന്നുമില്ല സംഭവത്തിന് . ശരിയ്ക്കും ചോർന്നതാണോ , ആത്മാർഥത മൂത്ത മന്ത്രിയാപ്പീസ് അനുചരർ നിഷ്ക്കളങ്കമായി മുൻ‌കൂർപ്രചരണ ത്തി നിറങ്ങിയത് വിനയായതാണോ എന്ന് ഇപ്പോഴും തീർപ്പായിട്ടില്ല .

ഇനി അഥവാ ബജറ്റ് ചോർന്നെന്നിരിക്കട്ടെ, എന്താണ് കേട് ?

നിയമസഭാകീഴ്വഴക്കമനുസരിച്ച്, ഇത് അബദ്ധം തന്നെയാണ് . പുതിയ നികുതിനിരക്ക് , ചുങ്കനിരക്ക്, കരക്കണക്ക് എന്നിവ ബജറ്റിന്റെ നാൾ ഔദ്യോഗികമായി പുറത്ത് വരും മുമ്പ് , തലേ നാൾ അറിഞ്ഞാൽ വ്യാപാരികൾക്ക് വില കൂടാൻ പോവുന്നവ മുൻ‌കൂർ വാങ്ങി സ്റ്റോക്ക് ചെയ്യാനാവും , കുറയാൻ പോവുന്നവ പെട്ടെന്ന് കച്ചവടമാക്കാം . ഇത്തരം സാമ്പത്തികമൂല്യമുള്ള പ്രഖാപനങ്ങളുള്ള കൊണ്ടാണ് ബജറ്റ് രഹസ്യം ആരെങ്കിലും തലേന്ന് അറിയുന്നത് സർക്കാരുകളെ പരിഭ്രമിപ്പിയ്ക്കുന്നത് .

എന്നാൽ , 2017 ൽ , ബജറ്റിന്റെ “വിശുദ്ധി നഷ്ടപ്പെട്ടു” എന്ന് പ്രതിപക്ഷം മുറവിളി കൂട്ടുമ്പോൾ , ഭരണപക്ഷം ബേജാറാവേണ്ടതുണ്ടോ?

ഒന്നാമത് , ലോകമെങ്ങും പുരോഗമനപക്ഷക്കാരായ സർക്കാരുകൾ ജനങ്ങളുമായി പരമാവധി സുതാര്യസമ്പർക്കമുണ്ടാവുന്നതിനെ ക്കുറിച്ച് വാദിയ്ക്കുന്നവരാണ്. മിക്ക സ്കാന്ഡിനേവിയൻ രാഷ്ട്രങ്ങളിലും ബജറ്റ്നിർദ്ദേശങ്ങൾ പലവട്ടം നാട്ടുകൂട്ടങ്ങളിലും സെമിനാറുകളിലും ചെറു സദസ്സുകളിലും ചർച്ച ചെയ്തു സ്പുടം ചെയ്തിട്ടേ നിയമസഭയിൽ തന്നെ അവതരിപ്പിയ്ക്കുന്നുള്ളു . ജനമൈത്രിപോലീസ്, സിറ്റിസൺസ് ചാർട്ടർ തുടങ്ങി പല ആശയങ്ങളിലും കേരളവും ആ പാതയിലാണ് താനും .

കാലം ഇപ്പോഴും 1956 അല്ല . പൊതുകാര്യങ്ങളിൽ , സുതാര്യതയുടെ കാലം വന്നു . ജനം നേരത്തെ ബജറ്റ് വിവരങ്ങൾ മനസ്സിലാക്കി അവയെക്കുറിച്ചുള്ള ചർച്ചയ്ക്കു സജ്ജമായാൽ എന്താണ് കേട് ? കാലാനുസൃതമായി കീഴ്വഴക്കങ്ങൾ മാറ്റുക എന്നത് കൂടി നിയമസഭയുടെ വിശുദ്ധകർത്തവ്യമല്ലേ?

രണ്ടാമത്, ഇത്തവണ നികുതിനിർദ്ദേശങ്ങളില്ല എന്നതും പ്രസക്തമാണ് . സാമ്പത്തികമൂല്യമുള്ള നിർദ്ദേശങ്ങൾ മുൻ‌കൂർ വായിച്ച് ഒരു കച്ചവടക്കാരനും സ്റ്റോക്ക് കൊണ്ട് തരികിട കളിയ്ക്കാനുള്ള വകയില്ല 2017 ലെ സംസ്ഥാന ബജറ്റിൽ . ഇനി, ഉണ്ടെങ്കിൽ തന്നെ ഡിജിറ്റൽവിനിമയത്തിലൂടെ ഇവ പെട്ടെന്ന് ക്രമബദ്ധമാക്കുക തീരെ എളുപ്പമല്ല . “ബജറ്റ് -രഹസ്യം ” “വിശുദ്ധി പോയി ” തുടങ്ങിയ ചാത്തനേറിൽ ഭരണപക്ഷം പതറിയത് എന്തിനാണ് ?

സാമൂഹ്യാദ്രതയും വിഭവസമാഹരണകൗശലവും കയ്യടക്കത്തോടെ ഒന്നിയ്ക്കുന്ന ഒരു വ്യത്യസ്തബജറ്റിൽ നിന്ന് ശ്രദ്ധ മാറ്റുന്നതിൽ പ്രതിപക്ഷം നന്നെ വിജയിക്കുക തന്നെ ചെയ്തു. 20 ലക്ഷം പാവപ്പെട്ട വീടുകളിലേയ്ക്കാണ് ഒന്നര വർഷത്തിനുള്ളിൽ സൗജന്യഇന്റർനെറ്റ് എത്തിയ്ക്കാം എന്ന് ബജറ്റ് വാക്കു നല്കുന്നത് . സിംഗപ്പൂറും ഫ്രാൻസും ശ്രമിച്ചിട്ട് ഇതേ വൈപുല്യത്തിൽ , സൗജന്യമായി ഇന്റർനെറ്റ് നൽ കുന്നത് നടന്നില്ല . തമിഴ്നാടിനും തെലുങ്കാനയ്ക്കും കഴിഞ്ഞില്ല . കേരളത്തിൽ , വൈദ്യുത ബോർഡിന്റെ പോസ്റ്റുകൾ ഉപയോഗിയ്ക്കുന്ന ആശയവുമായി സർഗ്ഗാത്മകമായി സന്നിവേശിച്ചത് കൊണ്ടാണ് , ഇത് 18 മാസത്തിനകം നടപ്പിലാക്കാം എന്നൊരു വഴി പെട്ടെന്ന് ഉരുത്തിരിഞ്ഞത് . ബജറ്റ് ചോർന്നെന്ന വിവാദത്തിൽ ഒലിച്ച്‌ പോയത് ഈ തിളക്കമുള്ള തലകെട്ടാണ് .

എം ടി , ഐ ടി എന്നീ രണ്ടു മാന്ത്രികപദങ്ങൾ തുരുതുരെ ചുഴറ്റി, നൊസ്റ്റാൾജിയയിൽ മുങ്ങിയ മുതിര്ന്ന പൗരന്മാരെയും ഭാവി സാങ്കേതികവിദ്യയുടെ മാനത്ത് മാത്രം കാണുന്ന യുവ തലമുറയേയും ഒന്നിച്ച് വശത്താക്കുന്ന യത്നത്തിലായിരുന്നു ധനമന്ത്രി. പ്രതിപക്ഷാരവത്തിൽ അദ്ദേഹത്തിന്റെ വാക്കുകളുടെ രസച്ചരട് മുറിയുന്നത് ദൃശ്യമായിരുന്നു .

ധനകമ്മി , റവന്യുകമ്മി എന്നിവ ഭീമമായി പെരുകുന്നതിനെ പറ്റിയായിരുന്നു ആ പുകില്‌ എങ്കിൽ മനസ്സിലാക്കാമായിരുന്നു, തീർച്ച . അവിടെയാണല്ലോ ഈ ബജറ്റിന്റെ തമോഗർത്തം .
എല്ലായിടത്തുമുള്ളതു എല്ലാവർക്കും ഇൻസ്റ്റന്റായി അറിയിക്കുന്ന ഇന്റർനെറ്റിന്റെ കാലത്ത് , എല്ലാവര്ക്കും ഇന്റർനെറ്റ് വിളമ്പുന്ന ബജറ്റ് “ചോർന്നു ” എന്ന് മുറവിളിയിൽ എന്തിനു വെറുതെ പതറുന്നു, ധനമന്ത്രീ. സുതാര്യതയുടെ കാലത്ത് , ഒരു ദേശത്തിന്റെ ബജറ്റ് , ദേശത്തിന് എന്തിനു മഹാരഹസ്യമാവണം എന്നൊരു പുതിയ ചർച്ച വരട്ടെ.

ഫിനാൻഷ്യൽ എക്സ്പ്രസ്‌ അസിസ്റ്റന്റ് എഡിറ്ററാണ് സരിത വർമ്മ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ