/indian-express-malayalam/media/media_files/uploads/2017/03/budget-leak-2.jpg)
ബജറ്റ് നിയമസഭയിലെത്തും മുമ്പ് തന്നെ ,പുറത്താവുന്നത് പുത്തരിയല്ല കേരളത്തിന്.
60 വര്ഷം മുമ്പ് ആദ്യബജറ്റ് (അതും ഒരു ഇടതുസർക്കാർ ബജറ്റ് ) കൗമുദി പത്രത്തിൽ അച്ചടിച്ച് വന്നത് മലയാളത്തിൽ മാദ്ധ്യമങ്ങളുടെ സ്‌കൂപ് ചരിത്രത്തിലെ ഒന്നാം വെന്നിക്കൊടിയായിരുന്നു എന്ന് ഓർക്കുക.
2017 ൽ സംസ്ഥാനബജറ്റ് ചോർന്നെന്ന ആരോപണം നിയമസഭയിൽ, തെല്ലൊരു പ്രകമ്പനമുണ്ടാക്കി തീർച്ച. സ്വതവെ പാറ പോലെയിരിക്കുന്ന ഭരണകക്ഷിനേതാവിനെയും ചാടിയെഴുന്നേറ്റ് ഒരു പ്രതിരോധപ്രസ്താവന യിലേക്ക് നയിച്ചുവന്നത് അത്ഭുതം തന്നെ.
ഇത്തവണ ഏതായാലും സ്‌കൂപ് സ്വഭാവമൊന്നുമില്ല സംഭവത്തിന് . ശരിയ്ക്കും ചോർന്നതാണോ , ആത്മാർഥത മൂത്ത മന്ത്രിയാപ്പീസ് അനുചരർ നിഷ്ക്കളങ്കമായി മുൻകൂർപ്രചരണ ത്തി നിറങ്ങിയത് വിനയായതാണോ എന്ന് ഇപ്പോഴും തീർപ്പായിട്ടില്ല .
ഇനി അഥവാ ബജറ്റ് ചോർന്നെന്നിരിക്കട്ടെ, എന്താണ് കേട് ?
നിയമസഭാകീഴ്വഴക്കമനുസരിച്ച്, ഇത് അബദ്ധം തന്നെയാണ് . പുതിയ നികുതിനിരക്ക് , ചുങ്കനിരക്ക്, കരക്കണക്ക് എന്നിവ ബജറ്റിന്റെ നാൾ ഔദ്യോഗികമായി പുറത്ത് വരും മുമ്പ് , തലേ നാൾ അറിഞ്ഞാൽ വ്യാപാരികൾക്ക് വില കൂടാൻ പോവുന്നവ മുൻകൂർ വാങ്ങി സ്റ്റോക്ക് ചെയ്യാനാവും , കുറയാൻ പോവുന്നവ പെട്ടെന്ന് കച്ചവടമാക്കാം . ഇത്തരം സാമ്പത്തികമൂല്യമുള്ള പ്രഖാപനങ്ങളുള്ള കൊണ്ടാണ് ബജറ്റ് രഹസ്യം ആരെങ്കിലും തലേന്ന് അറിയുന്നത് സർക്കാരുകളെ പരിഭ്രമിപ്പിയ്ക്കുന്നത് .
എന്നാൽ , 2017 ൽ , ബജറ്റിന്റെ "വിശുദ്ധി നഷ്ടപ്പെട്ടു" എന്ന് പ്രതിപക്ഷം മുറവിളി കൂട്ടുമ്പോൾ , ഭരണപക്ഷം ബേജാറാവേണ്ടതുണ്ടോ?
ഒന്നാമത് , ലോകമെങ്ങും പുരോഗമനപക്ഷക്കാരായ സർക്കാരുകൾ ജനങ്ങളുമായി പരമാവധി സുതാര്യസമ്പർക്കമുണ്ടാവുന്നതിനെ ക്കുറിച്ച് വാദിയ്ക്കുന്നവരാണ്. മിക്ക സ്കാന്ഡിനേവിയൻ രാഷ്ട്രങ്ങളിലും ബജറ്റ്നിർദ്ദേശങ്ങൾ പലവട്ടം നാട്ടുകൂട്ടങ്ങളിലും സെമിനാറുകളിലും ചെറു സദസ്സുകളിലും ചർച്ച ചെയ്തു സ്പുടം ചെയ്തിട്ടേ നിയമസഭയിൽ തന്നെ അവതരിപ്പിയ്ക്കുന്നുള്ളു . ജനമൈത്രിപോലീസ്, സിറ്റിസൺസ് ചാർട്ടർ തുടങ്ങി പല ആശയങ്ങളിലും കേരളവും ആ പാതയിലാണ് താനും .
കാലം ഇപ്പോഴും 1956 അല്ല . പൊതുകാര്യങ്ങളിൽ , സുതാര്യതയുടെ കാലം വന്നു . ജനം നേരത്തെ ബജറ്റ് വിവരങ്ങൾ മനസ്സിലാക്കി അവയെക്കുറിച്ചുള്ള ചർച്ചയ്ക്കു സജ്ജമായാൽ എന്താണ് കേട് ? കാലാനുസൃതമായി കീഴ്വഴക്കങ്ങൾ മാറ്റുക എന്നത് കൂടി നിയമസഭയുടെ വിശുദ്ധകർത്തവ്യമല്ലേ?
രണ്ടാമത്, ഇത്തവണ നികുതിനിർദ്ദേശങ്ങളില്ല എന്നതും പ്രസക്തമാണ് . സാമ്പത്തികമൂല്യമുള്ള നിർദ്ദേശങ്ങൾ മുൻകൂർ വായിച്ച് ഒരു കച്ചവടക്കാരനും സ്റ്റോക്ക് കൊണ്ട് തരികിട കളിയ്ക്കാനുള്ള വകയില്ല 2017 ലെ സംസ്ഥാന ബജറ്റിൽ . ഇനി, ഉണ്ടെങ്കിൽ തന്നെ ഡിജിറ്റൽവിനിമയത്തിലൂടെ ഇവ പെട്ടെന്ന് ക്രമബദ്ധമാക്കുക തീരെ എളുപ്പമല്ല . "ബജറ്റ് -രഹസ്യം " "വിശുദ്ധി പോയി " തുടങ്ങിയ ചാത്തനേറിൽ ഭരണപക്ഷം പതറിയത് എന്തിനാണ് ?
സാമൂഹ്യാദ്രതയും വിഭവസമാഹരണകൗശലവും കയ്യടക്കത്തോടെ ഒന്നിയ്ക്കുന്ന ഒരു വ്യത്യസ്തബജറ്റിൽ നിന്ന് ശ്രദ്ധ മാറ്റുന്നതിൽ പ്രതിപക്ഷം നന്നെ വിജയിക്കുക തന്നെ ചെയ്തു. 20 ലക്ഷം പാവപ്പെട്ട വീടുകളിലേയ്ക്കാണ് ഒന്നര വർഷത്തിനുള്ളിൽ സൗജന്യഇന്റർനെറ്റ് എത്തിയ്ക്കാം എന്ന് ബജറ്റ് വാക്കു നല്കുന്നത് . സിംഗപ്പൂറും ഫ്രാൻസും ശ്രമിച്ചിട്ട് ഇതേ വൈപുല്യത്തിൽ , സൗജന്യമായി ഇന്റർനെറ്റ് നൽ കുന്നത് നടന്നില്ല . തമിഴ്നാടിനും തെലുങ്കാനയ്ക്കും കഴിഞ്ഞില്ല . കേരളത്തിൽ , വൈദ്യുത ബോർഡിന്റെ പോസ്റ്റുകൾ ഉപയോഗിയ്ക്കുന്ന ആശയവുമായി സർഗ്ഗാത്മകമായി സന്നിവേശിച്ചത് കൊണ്ടാണ് , ഇത് 18 മാസത്തിനകം നടപ്പിലാക്കാം എന്നൊരു വഴി പെട്ടെന്ന് ഉരുത്തിരിഞ്ഞത് . ബജറ്റ് ചോർന്നെന്ന വിവാദത്തിൽ ഒലിച്ച് പോയത് ഈ തിളക്കമുള്ള തലകെട്ടാണ് .
എം ടി , ഐ ടി എന്നീ രണ്ടു മാന്ത്രികപദങ്ങൾ തുരുതുരെ ചുഴറ്റി, നൊസ്റ്റാൾജിയയിൽ മുങ്ങിയ മുതിര്ന്ന പൗരന്മാരെയും ഭാവി സാങ്കേതികവിദ്യയുടെ മാനത്ത് മാത്രം കാണുന്ന യുവ തലമുറയേയും ഒന്നിച്ച് വശത്താക്കുന്ന യത്നത്തിലായിരുന്നു ധനമന്ത്രി. പ്രതിപക്ഷാരവത്തിൽ അദ്ദേഹത്തിന്റെ വാക്കുകളുടെ രസച്ചരട് മുറിയുന്നത് ദൃശ്യമായിരുന്നു .
ധനകമ്മി , റവന്യുകമ്മി എന്നിവ ഭീമമായി പെരുകുന്നതിനെ പറ്റിയായിരുന്നു ആ പുകില് എങ്കിൽ മനസ്സിലാക്കാമായിരുന്നു, തീർച്ച . അവിടെയാണല്ലോ ഈ ബജറ്റിന്റെ തമോഗർത്തം .
എല്ലായിടത്തുമുള്ളതു എല്ലാവർക്കും ഇൻസ്റ്റന്റായി അറിയിക്കുന്ന ഇന്റർനെറ്റിന്റെ കാലത്ത് , എല്ലാവര്ക്കും ഇന്റർനെറ്റ് വിളമ്പുന്ന ബജറ്റ് "ചോർന്നു " എന്ന് മുറവിളിയിൽ എന്തിനു വെറുതെ പതറുന്നു, ധനമന്ത്രീ. സുതാര്യതയുടെ കാലത്ത് , ഒരു ദേശത്തിന്റെ ബജറ്റ് , ദേശത്തിന് എന്തിനു മഹാരഹസ്യമാവണം എന്നൊരു പുതിയ ചർച്ച വരട്ടെ.
ഫിനാൻഷ്യൽ എക്സ്പ്രസ് അസിസ്റ്റന്റ് എഡിറ്ററാണ് സരിത വർമ്മ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.