തിരുവനന്തപുരം: ഐക്യ കേരളത്തിന് അറുപത് വർഷം തികയുന്പോൾ ആദ്യ സർക്കാരിന്റെ കാലത്തെ ഓർമ്മിപ്പിച്ച് ഒരിക്കൽ കൂടി ബജറ്റ് ചോർച്ചാ വിവാദം. ആദ്യ കമ്യൂണിസ്റ്റ് സർക്കാരിന്റെ ബജറ്റ് രേഖകൾ ബജറ്റ് അവതരണത്തിന്റെയന്ന് ചോർന്നത് അന്ന് വിവാദമായിരുന്നു. അറുപതാം വർഷം ആഘോഷിക്കുന്പോഴാണ് വീണ്ടും ബജറ്റ് ചോർച്ചാ വിവാദമുണ്ടാകുന്നത്. ധനമന്ത്രി ഐസക് ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കെ ബജറ്റിന്റെ ഒരു ഭാഗം, പ്രധാന പോയിന്റുകൾ മാത്രമടങ്ങിയ ചില പേജുകൾ സോഷ്യൽ മീഡിയായിൽ പ്രചരിച്ചതാണ് ഇത്തവണത്തെ വിവാദത്തിന് കാരണം.
സംസ്ഥാനത്തെ ആദ്യ സർക്കാരിന്റെ കാലത്ത്, കെ. ബാലകൃഷ്ണൻ പത്രാധിപരായിരുന്ന കൗമുദി പത്രത്തിലാണ് ധനമന്ത്രി സി. അച്യുതമേനോൻ അവതരിപ്പിക്കാനിരുന്ന ബജറ്റിലെ ചില ഭാഗങ്ങൾ ബജറ്റ് അവതരണ ദിവസം പ്രസിദ്ധീകരിച്ചു വന്നത്. അന്നും പ്രതിപക്ഷത്തായിരുന്ന ആർ എസ് പി പിന്തുണയുളള പത്രമായിരുന്ന കൗമുദിയിലാണ് ബജറ്റ് ചോർത്തി പ്രധാന വാർത്തയായി പ്രസിദ്ധീകരിച്ചത്. എന്നാലത് ബജറ്റ് ചോർച്ചയല്ലെന്ന നിലപാടിലായിരുന്നു സർക്കാർ. അതേ സമയം കൗമുദി പത്രത്തിന്റെ തിരുവനന്തപുരം ലേഖകനായിരുന്ന ജി. വേണുഗോപാലിന്റെ അക്രഡിറ്റേഷൻ സസ്പെൻഡ് ചെയ്യുന്നത് വരെ സംഭവങ്ങൾ എത്തിയെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്ന കെ. ജി പരമേശ്വരൻ നായർ എന്നാൽ പിന്നീട് വേണുഗോപാലിനെതിരായ നടപടി സർക്കാർ പിൻവലിച്ചു. ഗവൺമെന്റ് പ്രസിൽ ജോലിയുണ്ടായിരുന്ന ആർ എസ് പി യൂണിയൻ നേതാവായിരുന്ന ഒരാളാണ് അന്ന് പ്രൂഫിനെടുത്ത ബജറ്റിലെ നികുതി നിരക്കുകൾ സംബന്ധിച്ച ചില ഭാഗങ്ങൾ കൗമുദിക്ക് കൈമാറിയത്. അത് ബജറ്റ് എന്നത് അത്രവലിയ രഹസ്യമുളള കാര്യമല്ലെന്ന് തെളിയിക്കുകയെന്നതു കൂടെയായിരുന്നു കൗമുദിയുടെ ലക്ഷ്യമെന്ന് പരമേശ്വരൻ നായർ പറയുന്നു.
അറുപതാം വാർഷികമാഘോഷിക്കുന്ന കേരളത്തിൽ വീണ്ടുമൊരു ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഈ വിവാദമെത്തുന്നുവെന്നതാണ് ഏറെ ശ്രദ്ധേയമാകുന്നത്. എന്നാൽ അറുപത് വർഷം മുന്പ് ബജറ്റ് വളരെ രഹസ്യവും സുതാര്യതയേക്കാൾ രഹസ്യാത്മകതയ്ക്ക് പ്രാധാന്യം നൽകുകയും ചെയ്തിരുന്നകാലമായിരുന്നു അത്. അന്ന് സംസ്ഥാന സർക്കാരിന് തനത് നികുതി ഉൾപ്പടെയുളള കാര്യങ്ങൾ നിശ്ചയിക്കാൻ നിർണായക നിയന്ത്രണവും ഉണ്ടായിരുന്ന കാലത്ത് ആ വിവാദം ഒന്നുമല്ലാതെ കെട്ടടങ്ങി.

ഇന്ന് ചരക്ക് , സേവന നികുതി വന്ന ശേഷം വരുന്ന ആദ്യ സംസ്ഥാന ബജറ്റാണ് ചോർച്ചാ വിവാദത്തിൽ പെട്ടിരിക്കുന്നത്. ഇപ്പോൾ തനത് നികുതി വരുമാനത്തിലെ സിംഹഭാഗത്തിന്റെയും നിരക്ക് നിശ്ചയിക്കാനുളള അവകാശം സംസ്ഥാനത്തിന് നഷ്ടമായ ശേഷമുളള ബജറ്റാണിത്. അതുകൊണ്ട് തന്നെ നികുതി നിർദേശങ്ങളെ പോലെ നേരത്തെ പുറത്ത് അറിഞ്ഞാൽ സംഭവിക്കുമെന്ന് ഭയപ്പെടുന്ന കാര്യങ്ങളൊന്നും ഇപ്പോഴില്ല. അതിനാൽ തന്നെ ബജറ്റ് ചോർന്നുവെന്ന് പറയുന്നതിൽ അർത്ഥമില്ലെന്ന വാദം ഉയർത്തുന്നവരുണ്ട്. എന്നാൽ ബജറ്റ് അതിന്റെ രഹസ്യ സ്വഭാവം കാണിക്കേണ്ടതുണ്ടെന്നും അംഗങ്ങൾക്ക് ആദ്യം ലഭിക്കാനുളള അവകാശമാണ് നഷ്ടപ്പെട്ടതെന്നുമാണ് മറുവാദം.

എന്നാൽ നിയമസഭയിലെ രേഖകളൊന്നും ചോർന്നിട്ടില്ലെന്നും പുറത്തുപോയി എന്നു പറയുന്നത് മാധ്യമങ്ങൾക്ക് നൽകാനുളള ഹൈലൈറ്റുകൾ മാത്രമാണെന്നും ധനമന്ത്രിയെ പിന്തുണയ്ക്കുന്നവർ പറയുന്നു. ബജറ്റ് ചോർച്ച എന്നു പറയുന്നതിന് പ്രസക്തിയില്ലെന്ന് വാദിക്കുന്നവരുമുണ്ട്. ഗവേണൻസിനെ കുറിച്ച് പുതിയ സങ്കൽപ്പം സുതാര്യത എന്നതാണ്. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ മറയിൽ നിന്നും ഇതെല്ലാം പുറത്തുകടക്കുന്ന കാലത്ത് എന്തിനാണ് ഈ മറ ബജറ്റിന് മാത്രമായി അവകാശപ്പെടുന്നത്. നികുതി നിർദേശം മുൻകൂട്ടി അറിഞ്ഞാൽ ആർക്കെങ്കിലും സഹായകമാകുന്ന തരത്തിലുളള ബജറ്റാണെങ്കിൽ അതിന് സാധ്യതയുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ ബജറ്റിൽ അതിനുളള സാധ്യതയില്ലെന്നും ഇതിൽ അവകാശലംഘനത്തിന്റെ പ്രശ്നമില്ലെന്നും ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. മാത്രമല്ല, 1957-58 ലെ ബജറ്റ് ചോർച്ചയിൽ ധനമന്ത്രിക്ക് അല്ല ശിക്ഷ ലഭിച്ചത് അത് പ്രസിദ്ധീകരിച്ചവർക്കെതിരായണ് നടപടിയുണ്ടായയതെന്നും അവർ പറയുന്നു.

ബജറ്റ് ചോർച്ചയിൽ പ്രതിപക്ഷത്തിൽ നിന്ന് എന്നതിനേക്കാൾ  ധനമന്ത്രിക്ക് പ്രഹരമേൽക്കുക സ്വന്തം പാർട്ടിയിൽ നിന്നായിരിക്കും എന്നതാണ് ഈ വിഷയത്തിൽ ഉയരുന്ന മറ്റൊരു ചർച്ച. പാർട്ടിക്കുള്ളിൽ ഐസക്കിനെതിരായ നീക്കം നടത്തുന്നവർക്ക് അദ്ദേഹത്തെ ആക്രമിക്കാൻ കിട്ടുന്ന അവസരമായിട്ടായിരിക്കും ഇതുപയോഗിക്കുക. എന്നാൽ ആദ്യ കമ്യൂണിസ്റ്റ് ധനമന്ത്രിയായിരുന്ന അച്യുതമേനോനൊപ്പമാണ് പാർട്ടി നിന്നത് എന്നത് ഐസക്കിന് പിടിവള്ളിയായേക്കും. അതേസമയം അദ്ദേഹം തനിക്കൊപ്പം നിൽക്കുന്നവരെ കൈയൊഴിയാൻ നിർബന്ധിതനായേക്കും. അതിന്റെ തുടക്കമെന്ന നിലയിൽ മന്ത്രിയുടെ പഴ്‌സണൽ​സ്റ്റാഫിലുണ്ടായിരുന്ന പി ആർ ഡി ഉദ്യോഗസ്ഥനെ പഴ്‌സണൽ സ്റ്റാഫിൽ നിന്നൊഴിവാക്കി. തലയുരുളൽ ഇതോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കാം. അതേ സമയം മാധ്യമ  പ്രവർത്തകരുടെ വിശ്വാസലംഘനമാണ് ചോർച്ചയായി മാറിയതെന്ന ആരോപണവുമായി ഇടതുപക്ഷ ബന്ധമില്ലാത്ത  തലസ്ഥാനത്തെ ഒരു വിഭാഗം മാധ്യമപ്രവർത്തകർ തന്നെ സോഷ്യൽ മീഡിയിൽ പരസ്യമായി രംഗത്തുവന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ